19 December Thursday

ശ്രീലങ്ക ചുവക്കുമ്പോൾ...

ടി ഡി രാമകൃഷ്ണൻUpdated: Friday Oct 11, 2024

അനുരാ കുമാര ദിസ്സനായകെ


ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കൂടുതൽ ശക്തമായി മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസം ശ്രീലങ്കയിലെ തെരഞ്ഞെടുപ്പ് വിജയം നൽകുന്നുണ്ട്. അതേസമയം, ശ്രീലങ്ക പോലെയുള്ളൊരു കൊച്ചുരാജ്യത്തിൽ, ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ നേട്ടത്തിൽ അമിതമായി ആഹ്ലാദിക്കേണ്ടതുണ്ടോയെന്ന ചോദ്യവും നമ്മുടെ മുന്നിലുണ്ട്. പ്രശസ്ത സാഹിത്യകാരൻ ടി ഡി രാമകൃഷ്ണൻ എഴുതുന്നു.
 

ടി ഡി രാമകൃഷ്ണൻ

ടി ഡി രാമകൃഷ്ണൻ

ശ്രീലങ്കയുടെ ഒമ്പതാമത്തെ എക്സിക്യൂട്ടീവ് പ്രസിഡന്റായി ജനതാ വിമുക്തി പെരാമുന (ജെവിപി) യുടെ നേതാവ് അനുരാ കുമാര ദിസ്സനായകെ (എകെഡി) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റുകാരെയും ഇടതുപക്ഷ വിശ്വാസികളെയും ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഒരു പ്രത്യയശാസ്ത്രമെന്ന നിലയിലും ഭരണക്രമമെന്ന നിലയിലും ആഗോളതലത്തിൽ കമ്യൂണിസത്തിന്റെ പ്രസക്തി ശക്തമാക്കുന്നതിന് എകെഡിയുടെ വിജയം വലിയ സഹായമാണ് നൽകിയിരിക്കുന്നത്.

അതോടൊപ്പം ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കൂടുതൽ ശക്തമായി മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസവും ഈ തെരഞ്ഞെടുപ്പ് വിജയം നൽകുന്നുണ്ട്. അതേസമയം, ശ്രീലങ്ക പോലെയുള്ളൊരു കൊച്ചുരാജ്യത്തിൽ, ചില പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ നേട്ടത്തിൽ അമിതമായി ആഹ്ലാദിക്കേണ്ടതുണ്ടോയെന്ന ചോദ്യവും നമ്മുടെ മുന്നിലുണ്ട്.

രോഹന വിജിവീരയുടെയും ലെനിന്റെയും ചിത്രമേന്തി  ജെവിപിയുടെ ഒരു പ്രകടനം  -  കടപ്പാട്‌: gettyimages

രോഹന വിജിവീരയുടെയും ലെനിന്റെയും ചിത്രമേന്തി ജെവിപിയുടെ ഒരു പ്രകടനം - കടപ്പാട്‌: gettyimages

ഈ പശ്ചാത്തലത്തിൽ സഖാവ്‌ എകെഡിയുടെ വിജയത്തിലേക്ക് നയിച്ച ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും അദ്ദേഹത്തിന്റെ ഭരണകൂടം നേരിടേണ്ടിവരുന്ന വെല്ലുവിളികളെയും കുറിച്ച് പരിശോധിക്കേണ്ടതുണ്ട്.

മോസ്‌കോയിലെ ലുമുംബ യൂണിവേഴ്സിറ്റിയിൽ നിന്ന്‌ വിദ്യാഭ്യാസം നേടിയ സഖാവ്‌ രോഹന വിജിവീരയുടെ നേതൃത്വത്തിൽ 1965ൽ സിലോൺ കമ്യൂണിസ്റ്റ് പാർടിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ഒരു വിഭാഗം ചെറുപ്പക്കാരാണ് ജനതാ വിമുക്തി പെരാമുന രൂപീകരിക്കുന്നത്.

പക്ഷേ അവർ പ്രവർത്തിച്ചത് ചൈനീസ് കമ്യൂണിസ്റ്റ് പാർടിയുടെ പിന്തുണയോടെയാണ്. സായുധവിപ്ലവത്തിലൂടെ ശ്രീലങ്കയിൽ സോഷ്യലിസ്റ്റ് ഭരണകൂടം സ്ഥാപിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനായി ഉത്തര

രോഹന  വിജിവീര

രോഹന വിജിവീര

കൊറിയയിലേതുൾപ്പെടെ ചൈനീസ് ചേരിയിലുള്ള ഇടതുപക്ഷ വിമോചന പ്രസ്ഥാനങ്ങളുടെ സഹായം ജെവിപി സ്വീകരിച്ചിരുന്നു.

രോഹന വിജിവീര ശ്രീലങ്കൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഒരു പ്രവർത്തന പദ്ധതി തന്നെ വികസിപ്പിച്ചെടുത്താണ് പാർടിയെ മുന്നോട്ടുകൊണ്ടുപോയത്. തീവ്ര സിംഹള ദേശീയതയിലൂന്നിയ, തമിഴ് വിരുദ്ധവും ഇന്ത്യാ വിരുദ്ധവുമായ നിലപാടുകൾ അതിന്റെ ഭാഗമായിരുന്നു. ശ്രീലങ്കയിലെ തമിഴ് വിമോചനപ്പോരാട്ടങ്ങളെ ജെവിപി ഒരു ഘട്ടത്തിലും അംഗീകരിച്ചിരുന്നില്ല. എൽടിടിഇ അവരുടെ പ്രഖ്യാപിത ശത്രുവായിരുന്നുവെന്ന് തന്നെ പറയാം.

1987ൽ ഇന്ത്യൻ സമാധാനസേനയുടെ ഇടപെടലിനേയും അവർ ശക്തമായി എതിർത്തിരുന്നു. അക്കാലത്ത് ശ്രീലങ്കയിലെ ഇന്ത്യൻ വംശജർക്കും കച്ചവടസ്ഥാപനങ്ങൾക്കും നേരെ ജെവിപിയുടെ കനത്ത ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.     

സിരിമാവോ ഭണ്ഡാരനായകെ

സിരിമാവോ ഭണ്ഡാരനായകെ

1971ൽ സിരിമാവോ ഭണ്ഡാരനായകെയുടെ ഭരണകാലത്താണ് ജെവിപിയുടെ ആദ്യത്തെ സായുധപ്പോരാട്ടം നടക്കുന്നത്.

ഗവൺമെന്റിന്റെ ക്രൂരമായ അടിച്ചമർത്തലിനെത്തുടർന്ന് പരാജയപ്പെട്ട ആ വിപ്ലവശ്രമത്തിനു ശേഷം ജെവിപി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവർത്തിച്ചുനോക്കി. പക്ഷേ, 1982ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിച്ച രോഹനയ്‌ക്ക് വെറും നാല്  ശതമാനം വോട്ടോടെ മൂന്നാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. ഈ പരാജയമായിരിക്കണം അവരെ വീണ്ടും സായുധവിപ്ലവത്തിന്റെ പാതയിലേക്ക് നയിച്ചത്.

1987 ൽ ഇന്ത്യൻ സമാധാനസേനയുടെ ഇടപെടലിനെതിരെ ജെവിപി തുടങ്ങിയ പ്രതിഷേധങ്ങൾ 1989 വരെ നീണ്ട സായുധപ്രക്ഷോഭമായി മാറുകയായിരുന്നു. വളരെ ക്രൂരമായി പ്രസിഡന്റ്  ജയവർധനെയുടെ ഗവൺമെന്റ്  ആ സായുധമുന്നേറ്റം അടിച്ചമർത്തി.  രോഹന വിജിവീരയുൾപ്പെടെ പതിനായിരക്കണക്കിന് ജെവിപി പ്രവർത്തകർക്ക് ജീവൻ നഷ്ടമായി. അതിലേറെ നിരപരാധികളായ സാധാരണക്കാരും ആ പോരാട്ടത്തിൽ കൊല ചെയ്യപ്പെട്ടു.

1987‐89 കാലത്തെ കനത്ത തിരിച്ചടികൾക്ക് ശേഷമാണ് ജെവിപി സായുധവിപ്ലവത്തിന്റെ പാതയിൽനിന്ന് പിന്മാറി സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും വഴിയിലേക്ക് വരുന്നത്. എന്നിട്ടും ശ്രീലങ്കയിലെ ജനങ്ങൾക്കിടയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.

2019ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ദിസ്സനായകെക്ക് 3.16 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ശ്രീലങ്കൻ പാർലമെന്റിൽ ജെവിപിക്ക് മൂന്ന് അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ അവസ്ഥയിൽനിന്നാണ് 2024 സെപ്തംബർ 21ന് നടന്ന തെരഞ്ഞെടുപ്പിൽ അനുരാ കുമാര ദിസ്സനായകെ 42.31 ശതമാനം വോട്ടുകൾ നേടി പ്രസിഡന്റ് സ്ഥാനത്തേക്ക്  തെരഞ്ഞെടുക്കപ്പെടുന്നത്.

2019ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ദിസ്സനായകെക്ക് 3.16 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ശ്രീലങ്കൻ പാർലമെന്റിൽ ജെവിപിക്ക് മൂന്ന് അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ അവസ്ഥയിൽ നിന്നാണ് 2024 സെപ്തംബർ 21ന് നടന്ന തെരഞ്ഞെടുപ്പിൽ അനുരാ കുമാര ദിസ്സനായകെ 42.31 ശതമാനം വോട്ടുകൾ നേടി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

എങ്ങനെയാണിത് സാധ്യമായത്? ശ്രീലങ്കക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഭരിച്ച ഗവൺമെന്റുകളെല്ലാം അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും നിറഞ്ഞവയായിരുന്നു. 1948ൽ ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടുന്ന സമയത്ത് ഏഷ്യയിലെ ഏറ്റവും മികച്ച മാനവ വികസന സൂചികകളുള്ള രാജ്യങ്ങളിലൊന്നായിരുന്നു ശ്രീലങ്ക.

പല മേഖലകളിലും ജപ്പാനേക്കാൾ മുകളിലായിരുന്നു ശ്രീലങ്കയുടെ സ്ഥാനം. എന്നാൽ ക്രമേണ അവിടെനിന്ന് പിറകോട്ട് പോവുകയാണ് ചെയ്തത്.

മഹീന്ദ  രാജപക്‌സെ

മഹീന്ദ രാജപക്‌സെ

ശ്രീലങ്ക മാറിമാറി ഭരിച്ച യാഥാസ്ഥിതിക വലതുപക്ഷക്കാരായ യുനൈറ്റഡ്‌ നാഷണൽ പാർടിയും പുരോഗമന ഇടതുപക്ഷക്കാരായ ശ്രീലങ്ക ഫ്രീഡം പാർടിയും അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കാര്യത്തിൽ പരസ്പരം മത്സരിക്കുകയായിരുന്നു. അതോടൊപ്പം എൽടിടിഇയുടെ നേതൃത്വത്തിലുള്ള തമിഴ് ഈഴപ്പോരും ജെവിപിയുടെ സായുധ കലാപവും കൂടിയായപ്പോൾ സ്ഥിതിഗതികൾ കൂടുതൽ മോശമായി.

2005 മുതൽ 2015 വരെയുള്ള മഹീന്ദ രാജപക്‌സെയുടെ ഭരണകാലത്ത് അഴിമതിയും സ്വജനപക്ഷപാതവും ഉച്ചസ്ഥായിയിലെത്തി. വേലുപ്പിള്ളൈ പ്രഭാകരനടക്കമുള്ള എൽടിടിഇ നേതൃത്വത്തെ ഉന്മൂലനം ചെയ്ത ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതിനെ തുടർന്ന് മഹീന്ദ രാജപക്‌സെ അധികാരത്തിന്റെ ഉന്മാദത്തിലായി.

ഗോതബായ, ബേസിൽ എന്നീ സഹോദരന്മാരെ മന്ത്രിമാരാക്കിയതുൾപ്പെടെ തന്റെ കുടുംബത്തിൽപ്പെട്ട 39 പേർക്ക് ഭരണത്തിൽ വിവിധ സ്ഥാനങ്ങൾ നൽകി. ശ്രീലങ്കയുടെ ബജറ്റിന്റെ 70 ശതമാനവും രാജപക്‌സെ കുടുംബം കൈകാര്യം ചെയ്യുന്ന അവസ്ഥയിലെത്തി. അതിനെ തുടർന്നാണ് മഹീന്ദ രാജപക്‌സെ 2015ലെതെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്.

ഗോതബായ  രാജപക്‌സെ

ഗോതബായ രാജപക്‌സെ

ബേസിൽ  രാജപക്‌സെ

ബേസിൽ രാജപക്‌സെ

എന്നിട്ടും ശ്രീലങ്കൻ രാഷ്ട്രീയത്തിൽ രാജപക്‌സെ കുടുംബത്തിന്റെ സ്വാധീനത്തിന് വലിയ കുറവൊന്നും സംഭവിച്ചില്ല. 2019ൽ ഗോതബായ രാജപക്‌സെ വമ്പിച്ച ഭൂരിപക്ഷത്തോടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതിനുശേഷം നടന്ന സംഭവങ്ങളാണ് ജെവിപിക്ക് അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ സൃഷ്ടിച്ചത്.

ഒരു മിലിട്ടറി ഓഫീസറായിരുന്ന ഗോതബായ രാജപക്‌സെ, മഹീന്ദ രാജപക്‌സെയെപ്പോലെ തന്ത്രശാലിയായ ഭരണാധികാരിയായിരുന്നില്ല. ആഭ്യന്തരയുദ്ധത്തെത്തുടർന്ന് തകർന്ന സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. വേണ്ടത്ര ദീർഘവീക്ഷണമില്ലാതെ നടത്തിയ പല ഭരണപരിഷ്‌കാരങ്ങളും രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി.

രാസവളങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് രാജ്യത്ത് ജൈവകൃഷി മാത്രം നടപ്പാക്കാനുള്ള തീരുമാനം വലിയ പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. ഭക്ഷ്യധാന്യങ്ങളുടെ ഉൽപ്പാദനം പകുതിയായി കുറഞ്ഞു. പ്രധാന കയറ്റുമതിയുൽപ്പന്നമായ തേയിലയുടെ ഉൽപ്പാദനത്തിലും വലിയ ഇടിവ് സംഭവിച്ചു. ഏതാണ്ട് ഇതിനു സമാനമായ പരിഷ്‌കാരങ്ങളാണ് ഓരോ മേഖലയിലും ഗോതബായ നടപ്പാക്കിയത്. ധനമന്ത്രിയായ സഹോദരൻ ബേസിൽ രാജപക്‌സെ അതിനെല്ലാം കൂട്ടുനിന്നു.

കോവിഡ് മഹാമാരിയെ തുടർന്ന് ടൂറിസത്തിൽനിന്നുള്ള വിദേശനാണ്യത്തിന്റെ വരവും നിലച്ചതോടെ ശ്രീലങ്കയുടെ വിദേശനാണ്യശേഖരം കുത്തനെയിടിഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങളും മറ്റ് അവശ്യവസ്തുക്കളും ഇറക്കുമതി ചെയ്യാൻ പണമില്ലാതെയായി. ശ്രീലങ്കൻ രൂപയുടെ മൂല്യം തകർന്നടിഞ്ഞു. ശ്രീലങ്കയിൽ ഭക്ഷ്യധാന്യങ്ങളുൾപ്പെടെ എല്ലാ വസ്തുക്കൾക്കും കടുത്ത ക്ഷാമം അനുഭവപ്പെട്ടു. പണപ്പെരുപ്പം 57 ശതമാനം വരെയെത്തി.

സാമ്പത്തിക മാന്ദ്യ കാലത്ത്‌ ഗ്യാസ്‌ നിറയ്‌ക്കാൻ സിലിണ്ടറുകളുമായി  വരി നിൽക്കുന്ന ജനങ്ങൾ. കൊളംബോയിൽ നിന്നുള്ള കാഴ്‌ച - കടപ്പാട്‌: AFP

സാമ്പത്തിക മാന്ദ്യ കാലത്ത്‌ ഗ്യാസ്‌ നിറയ്‌ക്കാൻ സിലിണ്ടറുകളുമായി വരി നിൽക്കുന്ന ജനങ്ങൾ. കൊളംബോയിൽ നിന്നുള്ള കാഴ്‌ച - കടപ്പാട്‌: AFP

ഗ്യാസിനും പെട്രോളിനും ഭക്ഷ്യവസ്തുക്കൾക്കും നീണ്ട ക്യൂ നിന്ന് സാധാരണ ജനങ്ങൾ വലഞ്ഞു. ഗതികെട്ട ജനങ്ങൾ മതത്തിന്റെയും ഭാഷയുടെയും വേർതിരിവുകളെല്ലാം മറന്ന് ഗവൺമെന്റിനെതിരെ തെരുവിലിറങ്ങി. അഴിമതിക്കാരായ ഭരണാധികാരികളാണ് ഇതിനെല്ലാം കാരണമെന്ന് അവർ തിരിച്ചറിഞ്ഞു. ആ പ്രക്ഷോഭത്തിന് നേതൃത്വം നൽകിക്കൊണ്ടാണ്  അനുരാ കുമാര ദിസ്സനായകെ ശ്രീലങ്കൻ രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറുന്നത്.

പ്രക്ഷോഭകർ കൊട്ടാരം വളഞ്ഞപ്പോൾ ഗോതബായ രാജപക്‌സെക്ക് രാജിവച്ച് രാജ്യം വിട്ടുപോകേണ്ടി വന്നു. ജെവിപിയുടെ നേതൃത്വത്തിലുള്ള എൻപിപി  (National Peoples Power)  അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ കർശന നിലപാടുകളെടുത്തുകൊണ്ടാണ് ഈതെരഞ്ഞെടുപ്പിൽ ജനങ്ങളെ സമീപിച്ചത്. 1971ലും 1987‐89 കാലത്തും സായുധപ്പോരാട്ടം നടത്തിയ ജെവിപിയല്ല ഇന്നത്തെ ജെവിപി.

തങ്ങളുടെ മുൻഗാമികൾ നടത്തിയ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ശ്രീലങ്കയിലെ ജനങ്ങളോട് മാപ്പുചോദിച്ചുകൊണ്ടാണ് അനുരാ കുമാര ദിസ്സനായകെ 2014ൽ ജെവിപിയുടെ നേതൃത്വമേറ്റെടുത്തത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് സമാധാനപരമായ മാർഗങ്ങളിലൂടെ അവയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന ജനാധിപത്യ പാർടിയാണ് ഇന്ന് ജെവിപി.

ആ വിശ്വാസത്തിലാണ് ജനങ്ങൾ അനുരാ കുമാര ദിസ്സനായകെക്ക് വോട്ട് ചെയ്തിരിക്കുന്നത്. മാർക്‌സിസത്തെ ഡോഗ്‌മാറ്റിക്കായി സമീപിക്കാതെ കാലോചിതമായും പുരോഗമനപരമായും നവീകരിച്ചുകൊണ്ടല്ലാതെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഇന്ന് മുന്നോട്ടുേപാകാൻ കഴിയില്ലല്ലോ.

സ്വാതന്ത്ര്യം നേടിയതിനുശേഷം ശ്രീലങ്കയിലാദ്യമായി സമൂഹത്തിലെ ഉപരിവർഗത്തിൽപ്പെടാത്തൊരു സാധാരണക്കാരൻ രാജ്യത്തിന്റെ പരമാധികാരിയാവുന്നു എന്നതാണ് അനുരാ കുമാര ദിസ്സനായകെയുടെ വിജയത്തിന്റെ ചരിത്രപരമായ പ്രാധാന്യം. സിംഹളരെന്നോ തമിഴരെന്നോ മുസ്ലീങ്ങളെന്നോ വ്യത്യാസമില്ലാതെ, മൊഴിയുടെയും മതത്തിന്റെയും വേർതിരിവുകൾ അപ്രസക്തമാക്കിക്കൊണ്ട് ശ്രീലങ്കയിലെ സാധാരണ ജനങ്ങൾ അതിൽ വളരെയധികം സന്തോഷിക്കുന്നുണ്ട്.

കൊളംബോ നഗരത്തിലെ ചന്തകളിൽ മുതൽ ഉൾനാടൻ ഗ്രാമങ്ങളിൽ വരെയുള്ള അടിത്തട്ടിലുള്ള ജനങ്ങൾ അത് തുറന്നുപറയുന്നുമുണ്ട്. ശ്രീലങ്കയിലെ എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരെയും ഒരുമിച്ചു നിർത്തി രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ ദിസ്സനായകെയ്‌ക്ക് കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് ആ പ്രതീക്ഷകൾക്കൊത്തുയരാൻ കഴിയുമെന്ന സൂചനകളാണ് കൊളംബോയിൽനിന്ന് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  

അനുരാ കുമാര ദിസ്സനായകെ ജെവിപിയുടെ ഒരു പ്രകടനം നയിക്കുന്നു

അനുരാ കുമാര ദിസ്സനായകെ ജെവിപിയുടെ ഒരു പ്രകടനം നയിക്കുന്നു

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ എതിർസ്ഥാനാർഥികൾക്കോ പാർടികൾക്കോ എതിരെ യാതൊരു അക്രമ പ്രവർത്തനങ്ങളും ഉണ്ടാകരുതെന്ന്  ദിസ്സനായകെ തന്റെ അണികൾക്ക് മുൻകൂട്ടി നിർദേശം നൽകിയിരുന്നു.

അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിച്ചപ്പോൾ തികച്ചും സമാധാനപര മായ ആഘോഷങ്ങൾ മാത്രമേ ജെവിപിയുടെ ഭാഗത്തുനിന്ന് ഉണ്ടായുള്ളൂ. ഒരു പടക്കംപോലും പൊട്ടിക്കരുതെന്ന നിർദേശം അവർ കർശനമായി പാലിച്ചു.

ശ്രീലങ്കൻ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ അതൊരു അത്ഭുമായിരുന്നു. അതുപോലെ തന്നെ ദിസ്സനായകെ തന്റെ പ്രതികരണങ്ങളിലെല്ലാം തികഞ്ഞ പക്വതയും മാന്യതയുമാണ് പ്രകടിപ്പിച്ചത്.

അധികാരമേറ്റശേഷം രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തപ്പോൾ വളരെ സൗമ്യനായി, തനിക്ക് വോട്ട് ചെയ്തവരോടും ചെയ്യാത്തവരോടും നന്ദി രേഖപ്പെടുത്തിയ ദിസ്സനായകെ രാജ്യത്തിന്റെ ഐക്യവും ജനാധിപത്യവും സമാധാനവും ഉറപ്പുവരുത്താൻ ജാഗ്രത പുലർത്തുമെന്നാണ് ഊന്നിപ്പറഞ്ഞത്.

തുടർന്നുള്ള ഓരോ നടപടിയും അത്തരമൊരു ഭരണാധികാരിക്ക് യോജിച്ച വിധത്തിൽത്തന്നെയായിരുന്നു. തന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിനു പകരം തനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്നാണ് അദ്ദേഹം പറയാൻ ശ്രമിക്കുന്നത്.

ബുദ്ധ, ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരെല്ലാം പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം  ദിസ്സനായകെ ബുദ്ധസന്യാസിമാരിൽനിന്ന് അനുഗ്രഹം വാങ്ങുകയും പിന്നീട് പ്രധാന ബുദ്ധക്ഷേത്രങ്ങൾ സന്ദർശിക്കുകയും ചെയ്തു. എല്ലാ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ ഒരുമിച്ചു നിർത്തി രാജ്യത്തെ മുന്നോട്ടു കൊണ്ടുപോവുകയെന്നതാണ് തന്റെ നയമെന്ന് വ്യക്തമാക്കുന്ന ഇത്തരം നടപടികളിലൂടെ അദ്ദേഹം തനിക്കെതിരെ വോട്ട് ചെയ്തവരുടെ പിന്തുണകൂടി നേടാനാണ് ശ്രമിക്കുന്നത്.

ജെവിപിയുടെ മെയ്‌ദിന റാലി

ജെവിപിയുടെ മെയ്‌ദിന റാലി

സ്വാഭാവികമായും ഇതെല്ലാം കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽനിന്ന് അകന്നുപോകുന്ന പ്രവർത്തനങ്ങളല്ലേയെന്ന് നമുക്ക് സംശയം തോന്നാം. തേർവാദ ബുദ്ധിസത്തിന് വലിയ വേരുകളുള്ള ശ്രീലങ്കയിൽ ഭരണം സുഗമമായി മുന്നോട്ടു കൊണ്ടുപോകണമെങ്കിൽ വേറെ വഴിയില്ലെന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് ശ്രീലങ്കയിൽ ഒരു കമ്യൂണിസ്റ്റ് ഭരണം വന്നുവെന്ന് പറഞ്ഞ് അമിതമായി ആഹ്ലാദിക്കേണ്ടതില്ലെന്ന് നേരത്തെ സൂചിപ്പിച്ചത്.

തകർന്നുപോയ ശ്രീലങ്കൻ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയെന്നതാണ് ദിസ്സനായകെയുടെ മുന്നിലെ പ്രധാന വെല്ലുവിളി. അതിന് തന്റെ കയ്യിൽ മാജിക്കൊന്നുമില്ലെന്ന് അദ്ദേഹം തുടക്കത്തിലേ പറഞ്ഞിരിക്കുന്നു. ഐഎംഎഫിൽ നിന്നെടുത്ത വായ്‌പയെ തുടർന്നുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്ന ഉറപ്പ് എൻപിപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യവുമാണ്.

എങ്കിലും വളരെ ശ്രദ്ധയോടെ ചെലവുകൾ നിയന്ത്രിച്ച് മുന്നോട്ട് പോയില്ലെങ്കിൽ രാജ്യം വീണ്ടും വലിയ പ്രതിസന്ധി നേരിടേണ്ടിവരും. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കൊടുത്തുതീർക്കേണ്ട വലിയ ബാധ്യതകളുമുണ്ട്. ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ചും ഇറക്കുമതി കുറച്ചുമല്ലാതെ ഈ വെല്ലുവിളികൾ നേരിടാനാവില്ല.

സാമ്പത്തികരംഗം പോലെത്തന്നെ വെല്ലുവിളി നിറഞ്ഞതാണ് വിദേശനയവും. ജെവിപിയുടെ രാഷ്ട്രീയമനുസരിച്ച് ചൈനയോട് ചായ്‌വുള്ള ശ്രീലങ്കയുടെ മുൻ ഭരണാധികാരികളുടെ നയം തുടരുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇന്ത്യയോടോ ചൈനയോടോ കൂടുതൽ അടുപ്പമോ അകലമോ ഇല്ലാത്ത നയമായിരിക്കുമെന്ന് ദിസ്സനായകെ തുടക്കത്തിലേ വ്യക്തമാക്കിയിരിക്കുന്നു.

ദിസ്സനായകെ ശ്രീലങ്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ  ചെയ്‌ത ശേഷം  പാർലമെന്റിനെ അഭിസംബോധന െചയ്യുന്നു - കടപ്പാട്‌: REUTERS

ദിസ്സനായകെ ശ്രീലങ്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം പാർലമെന്റിനെ അഭിസംബോധന െചയ്യുന്നു - കടപ്പാട്‌: REUTERS

ഇതുപക്ഷേ, ഗോതബായ രാജപക്‌സെയെ പിന്തുണയ്‌ക്കുന്നവരുടെ ആരോപണങ്ങൾക്ക് കരുത്തേകുന്നതാണ്. യുഎസ്സിന്റെ പിന്തുണയോടെ ശ്രീലങ്കയിലെ ചൈനയുടെ സ്വാധീനം അവസാനിപ്പിക്കാനാണ് ഗോതബായ സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭം നടന്നതെന്നാണ് അവരുടെ വാദം. യുഎസ് അംബാസിഡർ ജൂലി ജെ യങ്‌ ശ്രീലങ്കയുടെ ആഭ്യന്തരകാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നുവെന്ന ആരോപണവും അവർ ഉയർത്തുന്നുണ്ട്.

തമിഴ് വിമോചനവാദികളും ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. അത് അവരുടെ ഭാവനാസൃഷ്ടി മാത്രമാകാനേ സാധ്യതയുള്ളൂ. 

ശ്രീലങ്കൻ തമിഴരിൽ ബഹുഭൂരിപക്ഷവും ദിസ്സനായകെയുടെ വിജയത്തിൽ ഭയാശങ്കകളുള്ളവരാണ്.  ജെവിപിയുടെ മുൻകാല ചരിത്രവും തമിഴ് സ്വയംഭരണത്തിനോടുള്ള നിഷേധാത്മകമായ നിലപാടും തന്നെയാണ് അതിന് കാരണം. വടക്കു കിഴക്കൻ പ്രവിശ്യകളിൽ ദിസ്സനായകെയ്‌ക്ക് ലഭിച്ച വോട്ടുകളുടെ കണക്കിൽ നിന്നു തന്നെ അത് വ്യക്തമാണ്.

 ശ്രീലങ്കൻ തമിഴരിൽ ബഹുഭൂരിപക്ഷവും ദിസ്സനായകെയുടെ വിജയത്തിൽ ഭയാശങ്കകളുള്ളവരാണ്.  ജെവിപിയുടെ മുൻകാല ചരിത്രവും തമിഴ് സ്വയംഭരണത്തിനോടുള്ള നിഷേധാത്മകമായ നിലപാടും തന്നെയാണ് അതിന് കാരണം. വടക്കു കിഴക്കൻ പ്രവിശ്യകളിൽ ദിസ്സനായകെയ്‌ക്ക് ലഭിച്ച വോട്ടുകളുടെ കണക്കിൽ നിന്നു തന്നെ അത് വ്യക്തമാണ്. ജാഫ്‌നയിൽനിന്ന് 7.29 ശതമാനവും വന്നിയിൽ നിന്ന് 9.86 ശതമാനവും ബാറ്റിലിക്കോളയിൽ നിന്ന് 12.19 ശതമാനവും വോട്ടുകൾ  മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.

2015 ലെ തെരഞ്ഞെടുപ്പിൽ മഹീന്ദ രാജപക്‌സെക്ക് ലഭിച്ചതിലും കുറവാണിത്. തമിഴ് ന്യൂനപക്ഷത്തിന്റെ വിശ്വാസമാർജിക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ ദിസ്സനായകെയുടെ ഭരണം കുഴപ്പമില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂ.

നവംബറിൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പാണ് പ്രസിഡന്റ് അനുരാ കുമാര ദിസ്സനായകെയുടെ മുന്നിലുള്ള അടുത്ത വെല്ലുവിളി. 225 അംഗങ്ങളുള്ള പാർലമെന്റിൽ എൻപിപിക്ക് നിലവിൽ മൂന്ന് അംഗങ്ങൾ മാത്രമാണുള്ളത്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിയുക അത്ര എളുപ്പമാവില്ല.

ചന്ദ്രിക കുമാരതുംഗെ

ചന്ദ്രിക കുമാരതുംഗെ

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ ഭിന്നിച്ചുനിന്ന സജിത് പ്രേമദാസയുടെയും റനിൽ വിക്രമതുംഗെയുടെയും പാർടികൾ മുൻ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗെയുടെ കാർമികത്വത്തിൽ ഒരുമിച്ചു നിൽക്കാൻ ശ്രമിക്കുന്നുണ്ട്. മഹീന്ദ രാജപക്‌സെയുടെ പാർടിയും അവരോടൊപ്പം കൂടിയാൽ അത്ഭുതപ്പെടാനില്ല.

അധികാരം സാധാരണക്കാരനിലേയ്ക്ക് എത്താതെ തടയുക എന്നതാണ് അവരുടെ ലക്ഷ്യം. ഭാഗ്യത്തിന് ശ്രീലങ്കയിലെ സാധാരണ ജനങ്ങളുടെ പ്രതികരണങ്ങൾ ഈ കൂട്ടുകെട്ടിനെ പിന്തുണയ്‌ക്കുന്നില്ല. ഇതുവരെ രാജ്യം ഭരിച്ച് മുടിച്ച പാർടികളെ ഇനിയൊരിക്കലും അധികാരത്തിലേറാൻ അനുവദിക്കില്ലെന്ന തീരുമാനത്തിൽ അവർ ഉറച്ചുനിൽക്കുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും ഇനി വരാൻ പോകുന്നത് ശ്രീലങ്കൻ രാഷ്ട്രീയത്തിലെ ആകാംക്ഷാനിർഭരമായ ദിനങ്ങളായിരിക്കും.


ദേശാഭിമാനി വാരികയിൽ നിന്ന്

   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top