25 September Wednesday

ചിന്തിക്കുന്ന യന്ത്രം സമൂഹത്തിലേക്കിറങ്ങുമ്പോൾ...കെ എസ് രഞ്ജിത്ത് എഴുതുന്നു

കെ എസ് രഞ്ജിത്ത്Updated: Sunday Jun 18, 2023

കെ എസ് രഞ്ജിത്ത്

കെ എസ് രഞ്ജിത്ത്

നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  സംബന്ധിച്ച ഈ ആലോചനയിൽ രണ്ടു കാര്യങ്ങളാണ് ഹ്രസ്വമായി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നത്

ഒന്ന്,
കമ്പ്യൂട്ടിങ് ടെക്നോളജി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്നാണ് പൊതുവെയുള്ള നിഗമനം. ഈ നവ സോഫ്റ്റ്‌വെയർ സാങ്കേതികവിദ്യ  മാനവരാശിയെ അടിമുടി മാറ്റിത്തീർക്കും എന്ന് വിചാരിക്കുന്ന വലിയൊരു വിഭാഗമുണ്ട് .ഇതിൽ  എത്രത്തോളം വസ്തുതയുണ്ട് എന്ന പരിശോധനയാണ് ഒന്നാമത്തേത് .

രണ്ട് ,
യന്ത്രവൽക്കരണം നമ്മുടെ സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് , പ്രത്യേകിച്ച് തൊഴിൽ മേഖലയിൽ ,സവിസ്തരമായ പഠനങ്ങൾ വ്യവസായിക യുഗത്തിന്റെ തുടക്കം മുതൽ തന്നെ നടന്നിട്ടുണ്ട് . ചിന്താശേഷിയുള്ള , കാര്യങ്ങൾ സ്വയം പഠിച്ച് മനസിലാക്കി പ്രതികരിക്കാൻ  ശേഷിയുള്ള  യന്ത്രങ്ങൾ നാളിതുവരെ മനുഷ്യർ ചെയ്തുപോന്നിരുന്ന പല പണികളും ഏറ്റെടുത്ത് ചെയ്യുവാൻ തുടങ്ങിയാൽ ഇത് നമ്മുടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ , പ്രത്യേകിച്ച് നിലവിൽ തൊഴിലെടുക്കുന്നവരെ എങ്ങിനെ  ബാധിക്കും എന്നതാണ് രണ്ടാമത്തെത് .

ഈ രണ്ടു ചോദ്യങ്ങളുടെയും പരിശോധനയിലേക്ക് കടക്കുന്നതിനു മുൻപ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംബന്ധിച്ച നമ്മുടെ സങ്കല്പനകളും ധാരണകളും  ഒന്നുകൂടി ഉറപ്പിക്കാൻ  ശ്രമിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

Artificial Intelligence എന്ന ഇംഗ്ലീഷ് വാക്കിനോട് പൂർണമായും നീതി പുലർത്തുന്ന ഒന്നല്ല  നിർമിത ബുദ്ധി എന്ന മലയാള പ്രയോഗം.Artificial Intelligence എന്ന ഇംഗ്ലീഷ് പ്രയോഗത്തിന്റെ അർത്ഥതലത്തിലുള്ള  മലയാള തർജ്ജുമ  കൃത്രിമ ബുദ്ധിയാണ് , നിർമിത ബുദ്ധിയല്ല .  ഒരു പക്ഷെ നാം ശ്രദ്ധിക്കാതെ പോകുന്ന ഏറെ  അർത്ഥവിവക്ഷകൾ ഈ പ്രയോഗങ്ങളിലും പ്രയോഗവ്യത്യാസങ്ങളിലുമുണ്ട് . നമ്മുടെ തുടർന്നുള്ള ചിന്തകളെ പലവഴിക്ക്  വഴി തിരിച്ചു വിടാൻ തന്നെ ഇതിടയാക്കിയേക്കും  .

കൃത്രിമ ബുദ്ധി ,നിർമിത ബുദ്ധി എന്നീ  പ്രയോഗങ്ങൾ presuppose ചെയുന്നത് ബുദ്ധി എന്നത് വളരെ ഒറിജിനൽ ആയി മനുഷ്യനിൽ മാത്രം ഉള്ള ഒന്നാണ്  എന്നതാണ്.  ഒരു യന്ത്രത്തിൽ അതിനെ കൃത്രിമമായി ഉൾച്ചേർത്തിയെടുക്കലാണ് Artificial Intelligence അഥവാ AI ചെയുന്നത്  . ഒന്നുകൂടി ലളിതമായി പറഞ്ഞാൽ മനുഷ്യന് മാത്രം സഹജവുമായിട്ടുള്ളത് എന്ന് നാം വിചാരിക്കുന്ന , ചിന്തിച്ച് കാര്യങ്ങൾ ചെയ്യാനുള്ള    ശേഷിയെ  ഒരു യന്ത്രത്തിലേക്ക് ആവാഹിച്ചെടുക്കലാണ്  Artificial Intelligence. ചിന്തിക്കൽ എന്ന പ്രക്രിയയും  അതിനുള്ള ശേഷിയും  കൃത്രിമമായി നിർമിച്ചെടുക്കൽ , ഒരു യന്ത്രത്തിനുള്ളിൽ സാധ്യമാണ് എന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മോട് പറയുന്നത് .

ബുദ്ധി ,ചിന്ത എന്നീ പ്രതിഭാസങ്ങൾ യഥാർത്ഥത്തിൽ എന്താണ് എന്നൊരു ചോദ്യം ഇവിടെ ഉയരുന്നുണ്ട് . ചിന്തിക്കുക എന്നാൽ എന്താണ് ? അല്ലെങ്കിൽ ഒരു കാര്യം ആലോചിച്ച് ചെയുക എന്നാൽ എന്താണ് ? അതല്ലെങ്കിൽ ബുദ്ധിപൂർവം ഒരു കാര്യം ചെയ്യുക എന്ന് പറഞ്ഞാൽ  എന്താണ് ? cognitive science എന്ന ശാസ്ത്ര ശാഖ കൈകാര്യം ചെയുന്ന,  തത്വചിന്തയും സയൻസുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളാണിത് .

നമ്മൾ വ്യക്തികൾ ഓരോരുത്തരും , അല്ലെങ്കിൽ മനുഷ്യരുടെ പല രൂപത്തിലുള്ള കൂട്ടായ്മകൾ , അവർ സൃഷ്ടിച്ച  സാമൂഹികസ്ഥാപനങ്ങൾ ,പ്രസ്ഥാനങ്ങൾ എല്ലാം വിവിധ  പ്രവൃത്തികൾ ഏറ്റെടുത്ത് ചെയാറുണ്ട്. ഇങ്ങിനെ ചെയുന്നത്  ആലോചിച്ചും ബുദ്ധിപരമായുമാണോ ? അങ്ങിനെയൊരു ശേഷി  വ്യക്തികൾക്കും അവരുടെ കൂട്ടായ്മകൾക്കും സ്വാഭാവികമായി കൈമുതലായിട്ടുണ്ടോ ?

അവനത് ബുദ്ധിപൂർവം കൈകാര്യം ചെയ്തു , അല്ലെങ്കിൽ അവളത് ഒട്ടും ആലോചിക്കാതെ ചെയ്തു, അവരത് യാന്ത്രികമായിട്ടാണ് ചെയ്തത്, ആ പ്രവൃത്തി വളരെ യാന്ത്രികമായിപ്പോയി എന്നൊക്കെയുള്ള പ്രയോഗങ്ങൾ നാം സാധാരണ നടത്താറുണ്ടല്ലോ .ഇത്തരത്തിൽ മനുഷ്യരും അവരുടെ  കൂട്ടായ്മകളും  ചെയുന്ന പ്രവൃത്തികളെ ബുദ്ധിപൂർവം ഉള്ളതെന്നും അല്ലാത്തതെന്നും നാം വേർതിരിക്കാറുണ്ട് . നാം ചെയ്യുന്ന പ്രവർത്തനങ്ങളെ ബുദ്ധിപരമെന്നും അല്ലാത്തതെന്നും തിരിക്കാം എന്നും ഇതിൽ നിന്നും വ്യക്തമാണ്  .കാര്യങ്ങൾ ആലോചിച്ചും ആലോചിക്കാതെയും ചെയ്യാമെന്നും ഇത് വ്യക്തമാക്കുന്നു . ആലോചിച്ച് ,ബുദ്ധിപൂർവം ചെയ്യാനുള്ള ശേഷി നാളിതുവരെ മനുഷ്യർക്ക് മാത്രമാണുള്ളത് എന്നായിരുന്നു നമ്മുടെ ധാരണ. (ഇവിടെ എന്താണ് ബുദ്ധി എന്നും ബുദ്ധിയുടെയും ബുദ്ധിയില്ലായ്മയുടെയും അതിർവരമ്പുകൾ ഏത് എന്നും നിർണയിക്കേണ്ടതുണ്ട്. അത് മറ്റൊരു വലിയ വിഷയമാണ്) . ആ ഉറച്ച ധാരണയാണ് നിർമിത ബുദ്ധിയെ ആസ്പദമാക്കിയ യന്ത്രങ്ങളുടെ വക്താക്കൾ  ചോദ്യം ചെയ്യുന്നത് .

Artificial Intelligence പറയുന്നത്  നാളിതുവരെയുള്ള ചരിത്രം തിരുത്തിക്കൊണ്ട്, ചിന്തിച്ച്, കാര്യങ്ങൾ ബുദ്ധിപൂർവം ആലോചിച്ച്, അതോടൊപ്പം വസ്തുതകൾ  നിരീക്ഷിച്ച് പഠിച്ച്  പ്രവൃത്തി  ചെയ്യുന്ന യന്ത്രങ്ങൾ സൃഷ്ടിക്കാൻ കഴിയും  എന്നാണ്  . Learn ചെയ്യുന്ന Machine അല്ലെങ്കിൽ Machine Learning തീർത്തും പുതിയ ഒരു പ്രതിഭാസമാണ്. നാളിതുവരെയുള്ള യന്ത്രങ്ങളുടെ സ്വഭാവത്തിൽ നിന്നും ഗുണപരമായ ഒരു വിച്ഛേദനം ആണിത് .മാർക്സിയൻ ദർശനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ഇതൊരു അളവുപരമായ മാറ്റമല്ല , ഗുണപരമായ മാറ്റമാണ് . തീർത്തും വ്യത്യസ്തമായ പുതിയൊരു യന്ത്രം രൂപപ്പെട്ടിരിക്കുന്നു - ചിന്തിക്കുന്ന യന്ത്രം , ആലോചനശേഷിയുള്ള യന്ത്രം .ഇതുവരെയുള്ള യന്ത്രങ്ങളൊക്കെ മുൻകൂട്ടി പ്രോഗ്രാം ചെയ്തു വെച്ചിരുന്ന കാര്യങ്ങൾ ചെയുക മാത്രമാണ് ചെയ്തിരുന്നത് . അതിൽ നിന്നും പൂർണമായും മാറികൊണ്ട് ,നാളിതുവരെ സയൻസ് ഫിക്‌ഷൻ നോവലുകളിലും സിനിമയിലും  മാത്രം നാം പരിചയപ്പെട്ടിരുന്ന ഒരു സങ്കല്പ ജീവി ഇതാ യാഥാർഥ്യമായിക്കഴിഞ്ഞിരിക്കുന്നു. ഇതാണ്  Artificial Intelligence പ്രൊജക്റ്റ് നമ്മോട് പറയുന്നത് .

എന്നാൽ ഇതിനോട് ശക്തമായി  വിയോജിക്കുന്ന ചിന്തകരും ശാസ്ത്രജ്ഞരും ഈ പ്രോജക്ടിന്റെ തുടക്കക്കാലം മുതൽക്കേ ഉണ്ട് . Artificial Intelligence സംബന്ധമായ അന്വേഷണങ്ങൾക്ക് തുടക്കമിടുകയും ആ ശാസ്ത്ര ശാഖയ്ക്ക് ഏറെ സംഭാവനകൾ നൽകുകയും ചെയ്ത MIT യിൽ നിന്ന് തന്നെ ഇതിനോടുള്ള വിയോജനങ്ങൾ ആദ്യകാലം മുതൽക്കേ ഉണ്ടായിട്ടുണ്ട് .Human Intuition എന്നത് തികച്ചും വ്യത്യസ്തമായ രീതിയിൽ രൂപപ്പെടുന്ന ഒന്നാണെന്നും അതിനെ കൃത്രിമമായി നിർമിച്ചെടുക്കുക അസാധ്യമാണെന്നുമാണ് MITയിൽ AI സംബന്ധിച്ച ഗവേഷണ പദ്ധതികൾക്ക് നേതൃത്വം നൽകിയ   കമ്പ്യൂട്ടർ സയന്റിസ്റ് ആയ സ്റ്റുവർട് ഡ്രെഫ്യുസും തത്വചിന്തകനായ അദ്ദേഹത്തിന്റെ സഹോദരൻ ഹുബെർട് ഡ്രെഫ്യൂസും ആദ്യകാലം മുതൽക്കേ അഭിപ്രയപ്പെട്ടത് .

രസകരമായ ഉപമകൾ ഇത് സംബന്ധിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട് . ഒരു വലിയ മരത്തിൽ കൂടി പിടിച്ചു കയറി മുകളിലേക്ക് പോകുന്നത് ചന്ദ്രനിലേക്കുള്ള ആദ്യ ചുവടു വെയ്പുകളാണ് എന്ന് വിചാരിക്കുന്നത് പോലെ മൗഢ്യമാണ് മനുഷ്യന്റെ ചിന്താശേഷിയെ എത്തിപ്പിടിക്കാൻ Artificial Intelligence ശ്രമിക്കുന്നു എന്്‌ കരുതുന്നത് എന്നാണ് ഡ്രെഫ്യൂസ്  തീർത്തും പരിഹാസരൂപേണ ഇതിനെ വിമർശിച്ചത്.

മറ്റൊരു  ഉദാഹരണം ഇത് സംബന്ധിച്ച് അദ്ദേഹം  മുന്നോട്ടു വെക്കുന്നുണ്ട്.
സൈക്കിൾ ഓടിക്കാൻ പഠിക്കുക എന്ന പ്രവൃത്തി വളരെ ലളിതമായ ഒന്നാണല്ലോ മനുഷ്യർക്ക് . ഈ പ്രക്രിയ  എത്ര അനായാസമായാണ് ഒരു കുട്ടി പഠിച്ചെടുക്കുന്നത് ? എന്നാൽ ഒരു യന്ത്ര മനുഷ്യനെ ഇങ്ങനെ സൈക്കിൾ ഓടിക്കാൻ  ശേഷിയുള്ള ഒന്നാക്കി  മാറ്റുക എന്നത് അങ്ങേയറ്റം സങ്കീർണവും  ഏതാണ്ട് അസാധ്യവുമായ കാര്യമാണ് . എന്തുകൊണ്ട് ? മനുഷ്യൻ അറിവ് ആർജിക്കുന്നതിന്റെയും അതിനെ അടിസ്ഥാനമാക്കി ചിന്തിക്കുന്നതിന്റെയും പിന്നിലുള്ളത് social and cultural context ആണ് എന്നാണ് ഡ്രെഫ്യൂസ് വാദിക്കുന്നത് .  അതുകൊണ്ടുതന്നെ ഈ രീതിയിൽ നാം കൈവരിക്കുന്ന ശേഷികൾ ഒരു യന്ത്രത്തിന് അപ്രാപ്യമാണ് .

Human Intuition വളരെ unique ആയ ഒന്നാണ് എന്നും ഒരു യന്ത്രത്തിനെ സമാനശേഷിയുള്ള ഒന്നാക്കി മാറ്റുക അസാധ്യമാണ് എന്നുമാണ് അദ്ദേഹത്തിന്റെ വാദം.

കാൽ നൂറ്റാണ്ട് മുൻപ് ഡ്രെഫ്യൂസ് ഇത് പറയുന്നതിൽ നിന്നും കമ്പ്യൂട്ടിങ് ടെക്നോളോജിയുടെയും Artificial Intelligenceന്റെയും ലോകം പ്രത്യക്ഷത്തിലെങ്കിലും ഏറെ മാറിയിരിക്കുന്നു . സൈക്കിൾ ഓടിക്കുന്ന യന്ത്രമനുഷ്യൻ ഇനിയും  ഉണ്ടായിട്ടില്ലെങ്കിലും തിരക്കേറിയ വഴിയിലൂടെ സ്വയം ഓടി ലക്ഷ്യസ്ഥാനത്തെത്തുന്ന വാഹനങ്ങൾ  ഉണ്ടായിക്കഴിഞ്ഞു . കവിതയെഴുതുന്ന, പ്രണയലേഖനങ്ങൾ പോലും എഴുതുന്ന , ചിത്രം വരയ്ക്കുന്ന , നമ്മുടെയൊക്കെ സംശയങ്ങൾക്ക് നമ്മുടെതന്നെ ഭാഷയിൽ മറുപടി പറയുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉണ്ടായിക്കഴിഞ്ഞു .

ഡീപ് ബ്ലൂ എന്ന കമ്പ്യൂട്ടർ ലോക ചെസ്സ് ചാമ്പ്യൻ കാസ്പറോവിനെ ചെസ്സുകളിയിൽ പരാജയപ്പെടുത്തിയത് 25 വര്ഷം മുൻപ് വലിയ വർത്തയായിരുന്നുവെങ്കിൽ ഇന്ന് നമ്മുടെയൊക്കെ മൊബൈൽ ഫോണിലുള്ള ചെസ്സ് പ്രോഗ്രാമ്മിനോട് ജയിക്കാൻ ഒരു ഗ്രാൻഡ് മാസ്റ്റർക്ക് പോലും കഴിയാതായിരിക്കുന്നു….ഇതിൻ്റെയൊക്കെ അർത്ഥം മനുഷ്യന് ചെയ്യാൻ കഴിയുന്ന എന്തും ചെയ്യാനുള്ള ശേഷി യന്ത്രങ്ങൾ നേടിക്കഴിഞ്ഞിരിക്കുന്നു എന്നാണോ ? അങ്ങിനെയെങ്കിൽ അതിൻ്റെ സാമൂഹിക പ്രത്യാഘാതങ്ങൾ എന്തൊക്കെയായിരിക്കും ?

1
ഇനി ആദ്യത്തെ പ്രശ്നത്തിലേക്ക് മടങ്ങിവരാം

ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചായി അടുത്തയിടെ ബിബിസിയ്ക്ക് നൽകിയ ഒരിന്റർവ്യൂവിൽ പറഞ്ഞത്  തീയുടെ കണ്ടുപിടുത്തം പോലെ , വൈദ്യുതിയുടെ കണ്ടുപിടുത്തം പോലെ, മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ മറ്റൊരു  ചുവടുവെയ്പാണ് Artificial Intelligence എന്നാണ് .

“I view it as a very profound enabling technology,”. “If you think about fire or
electricity or the internet, it is like that but I think even more profound. And
It can make humans more productive than we have ever imagined,” said
Pichai

ഈ പ്രസ്താവനയുടെ ആദ്യഭാഗം ഒന്ന്  പരിശോധിക്കാം .

മനുഷ്യനെ മനുഷ്യനാക്കി തീർത്ത സാങ്കേതികവിദ്യ എന്താണ് എന്ന ചോദ്യത്തിന് നിസംശയമായി പറയാവുന്ന ഉത്തരം തീയുണ്ടാക്കുന്ന സാങ്കേതിക വിദ്യ  എന്നതാണ്. തീയുണ്ടാക്കുക എന്നതിനേക്കാൾ impact ഉള്ള ഒരു സാങ്കേതികവിദ്യ മനുഷ്യൻ കണ്ടുപിടിച്ചിട്ടില്ല . മനുഷ്യ ചരിത്രത്തിൽ  അതിനേക്കാൾ ആഴത്തിലുള്ള impact ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉണ്ടാക്കുമെന്നാണ് ലോകത്തിലെ ഏറ്റവും വലിയ ഐ ടി കമ്പനിയുടെ സിഇഒ പറയുന്നത് .ഏതെങ്കിലുമൊരു  ടെക്നോളോജിസ്റ്റിന്റെ വെറുമൊരു വീൺവാക്കാണോ ഇത് ? തീർച്ചയായും ഇതൊരു ഒറ്റപ്പെട്ട സ്വരമല്ല. ഈ മേഖലയിൽ പ്രവൃത്തിയെടുക്കുന്ന നിരവധി സാങ്കേതിക വിദഗ്ദർ , ഇത് സംബന്ധിച്ച് പഠനം നടത്തിയ നിരവധി ഏജൻസികൾ ഇവരെല്ലാം തന്നെ മനുഷ്യചരിത്രത്തെ മാറ്റിമറിക്കാൻ പോകുന്ന ഒരു വിപ്ലവകരമായ സാങ്കേതിക വിദ്യയുടെ ആവിർഭാവമായി നിർമിത ബുദ്ധിയുടെ പ്രയോഗങ്ങളെ കാണുന്നുണ്ട്.

ChatGPT യുടെ കടന്നുവരവോടെയാണ് AI സംബന്ധിച്ച ചർച്ചകൾ പൊതുജനത്തിനിടയിൽ വ്യാപകമാകുന്നത് . മനുഷ്യന്റെ ഭാഷയിൽ അവനോടു സംവദിക്കുന്ന ,നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ഒരു സോഫ്‌റ്റ്‌വെയർ പ്രോഗ്രാം ആണ് ChatGPT . ഇന്ന് മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലാണിത് .ChatGPT നിർമിച്ച കമ്പനിയായ OpenAI യുടെ സിഇഒ സാം ആൾട് മാൻ ഇത് സംബന്ധിച്ച് നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. മാനവചരിത്രത്തിൽ ഇതുവരെയുണ്ടായ ഏറ്റവും വലിയ സാങ്കേതിക വിപ്ലവങ്ങൾ - കാർഷിക വിപ്ലവം , വ്യവസായിക വിപ്ലവം , കംപ്യൂട്ടേഷണൽ വിപ്ലവം - അതുപോലെ ഒന്നാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നുവരവ്  എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം . സാമ്പത്തിക രംഗത്ത് ഇതുണ്ടാക്കാൻ  പോകുന്ന അവിശ്വനീയമായ കുതിച്ചു ചാട്ടം  മനുഷ്യസമൂഹത്തിൽ വരുത്താൻ പോകുന്ന മാറ്റങ്ങളെ മുൻനിർത്തിയാണ് ആൾട്മാൻ ഇത്തരമൊരു പ്രസ്താവന ചെയുന്നത്. അടുത്ത 100 വർഷത്തിനിടയിൽ മനുഷ്യ സമൂഹം കൈവരിക്കാൻ പോകുന്ന സാങ്കേതിക മുന്നേറ്റം തീയും ചക്രങ്ങളും നാം കണ്ടുപിടിച്ചത് മുതൽ ഇന്നുവരെയുള്ളതിനേക്കാൾ വലുതായിരിക്കും എന്നാണ് ആൾട്മാൻ ആവേശത്തോടു കൂടി പറയുന്നത് .

ഇത്തരത്തിലുള്ള പ്രസ്താവനകൾക്ക് വസ്തുതാപരമായ എന്തെങ്കിലും അടിത്തറയുണ്ടോ എന്ന് പരിശോധിക്കാം . കമ്പ്യൂട്ടർ സാങ്കേതിക വിദ്യാവളർച്ചയെ സംബന്ധിച്ച ഏറെ പ്രസിദ്ധമായ ഒരു നിയമമുണ്ട് - മൂർസ് ലോ.കമ്പ്യൂട്ടിങ് പവർ 18 മുതൽ 24 മാസകാലയളവിൽ ഇരട്ടിയാകും എന്നാണ് മൂർസ് ലോ പറയുന്നത് . ഇതിന്റെ impact എന്താണ് ?  പെട്ടെന്ന് മനസിലാക്കാൻ ബുദ്ധിമുട്ടാണിത്  എന്നതിനാൽ ഒരുദാഹരണത്തിലൂടെ കൂടുതൽ  വ്യക്തമാക്കാൻ ശ്രമിക്കാം .

മണിക്കൂറിൽ 5 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു കാറിലാണ് നിങ്ങൾ എന്ന് സങ്കല്പിക്കുക. ഒരു മിനിറ്റ് ഓടിച്ചതിനുശേഷം സ്പീഡ് നേരെ ഇരട്ടിയാക്കുന്നു -10 mph . അടുത്ത ഓരോ മിനിട്ടിലും ഇങ്ങനെ സ്പീഡ് ഇരട്ടിക്കുന്നു എന്നുവിചാരിക്കുക അങ്ങിനെയെങ്കിൽ നാം ഓടിയെത്തുന്ന ദൂരം  ആദ്യ മിനിറ്റിൽ 440 അടി , മൂന്നാമത്തെ മിനിറ്റിൽ 1760 അടി , അഞ്ചാമത്തെ മിനിറ്റിൽ ,കാർ അപ്പോൾ മണിക്കൂറിൽ 80  മൈൽ വേഗത്തിൽ എത്തും ,ഒരു മൈൽ ആയിരിക്കും . ഇതേ രീതിയിൽ വേഗത കൂടിക്കൊണ്ടിരുന്നാൽ ആറാമത്തെ മിനിറ്റിൽ ഓടാൻ സാധാരണ റോഡ് മതിയാകില്ല ,ഒരു റെയിസിങ്  ട്രാക്ക് തന്നെ വേണ്ടി വരും. ഇങ്ങിനെ 27 തവണ സ്പീഡ് ഇരട്ടിപ്പിച്ചാൽ  - ഐ സി കണ്ടുപിടിച്ച  1958 നു ശേഷം ഇന്നുവരെ കമ്പ്യൂട്ടിങ് പവർ അത്രയ്ക്ക് വർധിച്ചിട്ടുണ്ട് - കാർ ഓടുന്ന വേഗം മണിക്കൂറിൽ  671 മൈൽ ആയിരിക്കും . ഈ സമയത്തിനകം  11 ദശലക്ഷം മൈലുകൾ ആ വാഹനം താണ്ടി കഴിഞ്ഞിരിക്കും . ഇതേ രീതിയിലാണ്  കംപ്യൂട്ടറുകളുടെ ശേഷി 1950 കളിലെ ആദ്യകാല ഐ സി ചിപ്പുകളുടെ കാലത്തുനിന്നും ഇന്ന് വർധിച്ചിരിക്കുന്നത് ….അല്ലെങ്കിൽ വർധിച്ചു കൊണ്ടിരിക്കുന്നത് . ഇന്ന് നാം ഈ മേഖലയുമായി ബന്ധപ്പെട്ട് കാണുന്ന പല മാറ്റങ്ങളുടെയും അടിത്തറയായി വർത്തിക്കുന്നത് കമ്പ്യൂട്ടിങ് പവറിൽ ഉണ്ടായിരിക്കുന്ന ഈ കുതിച്ചു ചാട്ടമാണ് .നിർമിത ബുദ്ധിയെയും  സാധ്യമാക്കിയ ഏറ്റവും പ്രധാന ഘടകം കമ്പ്യൂട്ടിങ് പവർ ൽ ഉള്ള ഈ വർധനയാണ് .

സാങ്കേതിക വിദ്യയുടെ വളർച്ച exponential ആണ് . നമ്മുടെ ചിന്താശേഷിയാകട്ടെ  arithmetick ഉം   . സാങ്കേതിക വിദ്യകളുടെ വികാസവും വിന്യാസവും നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്  നമുക്ക് വിഭാവന ചെയ്യാൻ കഴിയാതിരിക്കുന്നത് ഈയൊരു കാരണത്താലാണ് .

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന കമ്പ്യൂട്ടിങ് ടെക്നോളജി സാങ്കേതികമായി മാനവരാശിയെ അടിമുടി മാറ്റിത്തീർക്കാൻ പ്രാപ്തമാണ്  എന്ന നമ്മുടെ ഒന്നാമത്തെ proposition ശരിവെക്കുന്നതാണ് ഈ നിരീക്ഷണങ്ങൾ . ഇനി ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ എന്തായിരിക്കും എന്ന പരിശോധനയിലേക്ക് കടക്കാം

2
ഉല്പാദന പ്രവർത്തനങ്ങളിലും തൊഴിൽ മേഖലയിലും നിർമിത ബുദ്ധിയുടെ പ്രയോഗങ്ങൾ വ്യാപിക്കുന്നത് ഏതുതരത്തിലുള്ള ചലനങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത് എന്നതാണ് എല്ലാവരും സാകൂതം നോക്കികൊണ്ടിരിക്കുന്നത്. ഉല്പാദനക്ഷമതയിലും സമ്പത്തുല്പാദനത്തിലും ഇത് വൻകുതിച്ചുകയറ്റത്തിന് വഴിതെളിക്കുമെന്നാണ് നിരീക്ഷണം. അമേരിക്കയിലെ വളർച്ചാനിരക്ക് 2035 ൽ ഇരട്ടിയാക്കാൻനിർമിത ബുദ്ധിയുടെ പ്രയോഗങ്ങൾ വഴിവെക്കും എന്നാണ് പഠനങ്ങൾ പറയുന്നത്  . തൊഴിലാളികളുടെ ഉല്പാദനക്ഷമത 35 ശതമാനം വരെ കൂടുമെന്നും ഇത്തരം പഠനങ്ങൾ പറയുന്നു . അഭൂതപൂർവമായ  സമ്പത്തുല്പാദനത്തിലേക്ക് ഇത് ലോകത്തെ നയിക്കും. ചൈനയുടെ ജിഡിപി വളർച്ച 26 ശതമാനവും ആഗോള ജിഡിപിയി വളർച്ച  14 ശതമാനവും  2030 ൽ  നിർമിതിബുദ്ധിയുടെ പ്രയോഗങ്ങൾ മൂലം ഉണ്ടാകുമെന്നാണ് ജണഇ യുടെ റിപ്പോർട്ട് .

അതേസമയം തൊഴിൽ മേഖലയിലേക്കുള്ള നിർമിത ബുദ്ധിയുടെ കടന്നുവരവ് വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത് . വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഒരു റിപ്പോർട്ട് പ്രകാരം 2025 ആകുമ്പോഴേക്കും വിവിധ തൊഴിൽ മേഖലകളിലെ 50  ശതമാനം ടാസ്കുകളും ഓട്ടോമേറ്റ്  ചെയ്യപ്പെടും .നിലവിലുള്ളതിനേക്കാൾ  30 ശതമാനം അധികം വരുമിത് . ലോകത്തെമ്പാടുമുള്ള  വിവിധ കമ്പനികളിലെ  50 ശതമാനം തൊഴിലാളികൾക്കും പണി നഷ്ടപ്പെടാൻ ഇതിടയാക്കും   . ഓട്ടോമേഷനും റോബോട്ടിക്സും നിർമിത ബുദ്ധിയുടെ വ്യാപനവും മൂലം അമേരിക്കയിൽ തൊഴിലില്ലായ്മ വൻതോതിൽ പെരുകുമെന്ന് പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധനും ഐ ടി വ്യവസായിയുമായ ഒരാൺ ഏറ്റീസോണി പറയുന്നു . 2000 ത്തിനു ശേഷം 17 ലക്ഷം തൊഴിലുകൾ ഓട്ടോമേഷൻ മൂലം ഇല്ലാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

ഇതിനു ചില മറു വാദങ്ങളുമുണ്ട്  . സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം ചില തൊഴിൽ മേഖലകളുടെ നാശവും, ചില തൊഴിലുകളുടെ ഉന്മൂലനവും അനിവാര്യമാണ് എന്ന് വാദിക്കുന്നവരുണ്ട് . creative destruction  അഥവാ സൃഷ്ടിപരമായ ഉന്മൂലനം എന്നാണ് ജോസഫ് ഷുംപ്ടർ   ഇതിനെ വിളിക്കുന്നത് .    ഒരു ഭാഗത്ത് തൊഴിലുകൾ നഷ്ടപ്പെടുമ്പോഴും അതിൽ പെട്ട തൊഴിലാളികൾ പട്ടിണിയിലാകുമ്പോഴും വേറൊരു മേഖലയിൽ പുതിയ സാധ്യതകൾ ഉയർന്നു വരുമെന്നാണ് വാദം  . പക്ഷെ  പഴയ  തൊഴിൽ നഷപ്പെടുന്നവർക്ക് പുതിയ തൊഴിൽ കണ്ടെത്താനും അതിനു ആവശ്യമായ  സാങ്കേതിക വൈദഗ്ദ്യങ്ങൾ  പുതുതായി ആർജ്ജിച്ചെടുക്കാനും എത്രകണ്ട് സാധിക്കും . നിലവിലുള്ള  ഉപജീവന മാർഗങ്ങൾ നഷ്ടപ്പെടുന്നവർ  നമ്മുടെ നാട്ടിലെ അനുഭവം വെച്ചാണെങ്കിൽ കടുത്ത ദുരിതത്തിലേക്ക് അധപതിക്കുന്നതാണ് നാം കണ്ടിട്ടുള്ളത്‌. Job mobility ഏറെയുള്ള ഐ ടി പോലുള്ള മേഖലകളിൽ , ടെക്നിക്കൽ മേഖലയിൽ പണിയെടുക്കുന്നവർ , ഒരു കമ്പനിയിലെ പണി പോകുമ്പോൾ  മറ്റു തൊഴിലുകൾ തേടിപ്പിടിക്കുന്നതിൽ വിജയിക്കുന്നത് നാം കണ്ടിട്ടുണ്ട്. അവിടെപ്പോലും തൊഴിലാളിയുടെ പ്രായം ഒരു വലിയ ഘടകമായി മാറാറുണ്ട് .

തൊഴിൽ മേഖലയിലേക്കുള്ള സാങ്കേതികവിദ്യയുടെ കടന്നു വരവ് ഒരു സ്വാഭാവിക പ്രക്രിയയായി ഇന്നത്തെ ലോകം  ഏതാണ്ട് അംഗീകരിച്ചു കഴിഞ്ഞു . ലുഡ്വിറ്റുകളുടെ പുതിയ തലമുറയ്ക്ക് ഇന്നത്തെ ലോകത്ത് സാധ്യതയില്ല . പക്ഷെ സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയുടെയും വ്യാപകമായ വിന്യാസത്തിന്റെയും  ഗുണഫലങ്ങൾ യഥാർത്ഥത്തിൽ ആർക്കാണ് ലഭിക്കുന്നത് എന്നതാണ് ഏറ്റവും സുപ്രധാന  ചോദ്യം .

സാങ്കേതികവിദ്യാവളർച്ചയുടെ അവസാനവാക്കായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ സംവിധാനങ്ങൾ നമ്മുടെ നാട്ടിലും പ്രയോഗത്തിൽ വന്നു കഴിഞ്ഞല്ലോ . കേരളത്തിൽ അടുത്തയിടെ കമ്മീഷൻ ചെയ്യപ്പെട്ട എ ഐ ക്യാമെറകൾ ഏറ്റവും ഒടുവിലത്തെ ഉദാഹരണം . ട്രാഫിക് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ഒരു വ്യക്തിയെ കണ്ടെത്തി ,അയാൾ ചെയ്ത നിയമലംഘനത്തിന്റെ ഗൗരവം കണക്കിലാക്കി ,വേണമെങ്കിൽ അയാളുടെ ഡ്രൈവിംഗ് ലംഘനങ്ങളുടെ ചരിത്രം കൂടി കണക്കിലെടുത്ത് പിഴ അടക്കാൻ അയാൾക്ക് മെമ്മോ അയക്കാൻ , വേണമെങ്കിൽ അയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് തുക ഈടാക്കാൻ തന്നെ പറ്റുന്ന ഒരു സംവിധാനത്തിന് ലാഭിക്കാൻ കഴിയുന്ന  നേരിട്ടുള്ള മനുഷ്യാധ്വാനം വളരെ വലുതാണ് .

മനുഷ്യാധ്വാനത്തെ യന്ത്രങ്ങൾകൊണ്ട് പകരം വെയ്ക്കുന്ന ഇത്തരത്തിലുള്ള പല സംവിധാനങ്ങളും പല രൂപത്തിൽ  വന്നുകൊണ്ടിരിക്കുകയാണ് . ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ കടന്നുവരവ് ഈ പ്രക്രിയയെ വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട് . കേരളത്തിലെ ഒരു കോടിയിലധികം വരുന്ന വൈദ്യുതി ഉപഭോക്താക്കളുടെ  വീടുകളിൽ പോയി മാസം തോറും മീറ്റർ റീഡിങ് നടത്തി മാനുവലായി ബില്ലുകൾ കൊടുക്കുന്ന സംവിധാനത്തിന് പകരം ഒരു വീട്ടിലെ വൈദ്യുതി ഉപഭോഗത്തിന്റെ തോത്   ഓട്ടോമാറ്റിക് ആയി കെഎസ്‌ഇബി ഓഫിസിൽ അറിയിക്കാൻ കഴിയുന്ന  സ്മാർട്ട് മീറ്ററുകൾ നടപ്പിലാക്കാൻ ബോർഡ് തീരുമാനം കൈക്കൊണ്ടു കഴിഞ്ഞു . ഇതിൽ നിലവിൽ എ ഐ component ഒന്നുമില്ല . പക്ഷെ അത്തരം സാധ്യതകൾ ഉറപ്പായും അടുത്ത ഘട്ടങ്ങളിൽ കടന്നുവരും . രണ്ടായിരത്തിലധികം കരാർ ജീവനക്കാരാണ്  നിലവിൽ  ഈ പണി ചെയ്തുകൊണ്ടിരുന്നത്  .  സ്മാർട്ട് മീറ്ററുകൾ നിലവിൽ   വന്നാൽ ഈ തൊഴിലാളികളുടെ ആവശ്യം ഉണ്ടാകില്ല . ഒന്നുകിൽ അവരെ പുനർ വിന്യസിക്കണം അല്ലെങ്കിൽ പറഞ്ഞു വിടണം  .

ഒരു അവികസിത, വികസ്വര സമൂഹം labour intensive ആയ ഉല്പാദന പ്രവർത്തനങ്ങൾക്കാണോ ഊന്നൽ കൊടുക്കേണ്ടത് അതോ capital ഇന്റെൻസീവ് ആയ സംബ്രദായങ്ങൾക്കാണോ എന്ന ചോദ്യം  മാക്രോ എക്കണോമിക്സിലെ ഇനിയും തീരാത്ത ഒരു ഡിബേറ്റ് ആണ് . ഏറെ രാഷ്ട്രീയ വിവക്ഷകളുള്ള ഒരു ചോദ്യമാണിത് . ചൈനയടക്കമുള്ള പല രാജ്യങ്ങളുടെയും സാമ്പത്തിക വികസന ചരിത്രം വെച്ച് സൂക്ഷ്മമായി പഠിക്കേണ്ട സംഗതിയാണിത് . സാമ്പത്തികപരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യ ദശകങ്ങളിൽ രാജ്യത്ത് സുലഭമായ വിദ്യാസമ്പന്നരായ മനുഷ്യർക്ക് തൊഴിലുകൾ ഉറപ്പു നൽകുന്ന ഉല്പാദന പ്രക്രിയയാണ് - labour intensive production strategy - ചൈന സ്വീകരിച്ചത് . ഒരു വികസ്വര സമൂഹം ഇത്തരമൊരു സമീപനം കൈകൊള്ളുന്നതിന്റെ ദീർഘകാല ഗുണഫലങ്ങൾ ഏറെയാണ് . ഇത് വേറൊരു വിഷയമായതിനാൽ അതിലേക്ക് കടക്കുന്നില്ല .

വ്യാവസായികയുഗത്തിന്റെ  തുടക്കം,  മൂലധനവും തൊഴിലാളിയും തമ്മിലുള്ള സംഘർഷത്തിന്റെ തുടക്കം കൂടിയാണ് . നാളിതുവരെയുള്ള മനുഷ്യചരിത്രം വർഗസമരത്തിന്റെ ചിത്രമാണെന്ന കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ തുടക്കവാചകം ഓർക്കുക . കൂലിവർദ്ധനവിനു വേണ്ടിയുള്ള സമരങ്ങൾ , മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ , തൊഴിൽ നഷ്ടമാകുന്നതിനെതിരെയുള്ള സമരങ്ങൾ ഇതെല്ലാം ഇതിന്റെ ഭാഗമാണ് .  തൊഴിലാളിയെ displace ചെയ്യുന്ന യന്ത്രവൽക്കരണം ആധുനിക ചരിത്രത്തിലുടനീളം  ഈ സംഘർഷ കാരണങ്ങളിലൊന്നാണ്  .

19 ആം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ നെയ്ത്തുശാലകളിൽ സ്പിന്നിങ് വീലുകളും യന്ത്രങ്ങളും നെയ്തു തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തിയ കാലത്ത് വൻതോതിലുള്ള പ്രക്ഷോഭമാണ് ഉണ്ടായത്  .ലുഡ്വിറ്റുകൾ എന്നറിയപ്പെടുന്ന പ്രക്ഷോഭകാരികൾ നെയ്ത്തുയന്ത്രങ്ങൾ അടിച്ചു തകർത്തു . ഇക്കണോമിക് ഹിസ്റ്ററിയിലെ തന്നെ സുപ്രധാന സംഭവമായിട്ടാണിതിനെ കരുതുന്നത് .

സമീപദശകങ്ങളിൽ , കൊയ്ത്തു യന്ത്രങ്ങളും ട്രാക്ടറുകളും കാർഷികമേഖലയിൽ വന്നപ്പോൾ , കംപ്യൂട്ടറുകൾ ബാങ്കിങ് രംഗത്ത് വൻതോതിൽ തൊഴിൽ നഷ്ടപ്പെടുത്തും എന്ന ആശങ്ക വ്യാപകമായപ്പോൾ മാത്രം തുടങ്ങിയ ഒന്നല്ല ഇത് .

തൊഴിലാളികളെ കടുത്ത ആശങ്കയിലേക്കും അരക്ഷിതാവസ്ഥയിലേക്കും എറിഞ്ഞുകൊടുത്തുകൊണ്ട് നടപ്പിലാക്കേണ്ട ഒന്നല്ല തീർച്ചയായും യന്ത്രവൽക്കരണം .മൂലധനം മേൽകൈ പുലർത്തുന്ന ഒരു സമൂഹത്തിലാണ് വളരെ സ്വാഭാവികമെന്നോണം ഈ സമീപനം നടപ്പിലാക്കുന്നത് .

സാമൂഹിക പുരോഗതിയിൽ വിശ്വസിക്കുന്ന ഒരാൾക്കും യന്ത്രവക്കരണത്തെ എതിർക്കാനാവില്ല എന്നതിൽ തർക്കമില്ല . സാങ്കേതികവിദ്യയുടെ ഗുണഭോക്താക്കൾ തൊഴിൽ സ്ഥാപനങ്ങളുടെ ഉടമകൾ മാത്രമാവരുത് , അതിന്റെ മെച്ചം തൊഴിലാളികൾക്കും ലഭിക്കണം . വൻതോതിലുള്ള ഉല്പാദനക്ഷമതയ്ക്കും ലാഭത്തിനും വഴിതെളിക്കാനിടയുള്ള നിർമിതബുദ്ധിയുടെ ഈ കാലത്ത് ഈ പ്രശ്നം വളരെ ഗൗരവത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് . ഇതിനാവശ്യമായ നിയമ ഭരണ സംവിധാനങ്ങൾ ഭാവി സമൂഹത്തിന് അനിവാര്യമാണ് എന്ന് ഏർപ്പെടുത്തണം സാം ആൾട് മാനെപ്പോലുള്ള എ ഐ ഉപജ്ഞാതാക്കൾ തന്നെ ആവശ്യപ്പെടുന്നുണ്ട് . വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ല എങ്കിൽ സാമൂഹികമായി വലിയ വിനാശം വിതയ്ക്കാൻ നിർമിത ബുദ്ധി വഴിവെക്കുമെന്ന് ഈ സാങ്കേതികവിദ്യക്ക് ഇന്ന് നേതൃത്വം കൊടുക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ അധിപന്മാർ  തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട് .

Unskilled ആൾക്കാരുടെ മേഖലയിൽ മാത്രമല്ല highly skilled ആയ തൊഴിലാളികൾ പണിയെടുക്കുന്ന മേഖലകളിലും നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ സംവിധാനങ്ങൾ വൻതോതിൽ തൊഴിലാളികളെ displace ചെയ്യും . നമ്മുടെ നാട്ടിലെ ഐ ടി മേഖലയിലെ തൊഴിൽ രംഗത്തെ,  നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ഓട്ടോമേഷൻ എങ്ങിനെ ബാധിക്കുന്നുവെന്ന്  നോക്കാം . 75000 ത്തിലധികം ജീവനക്കാർ നേരിട്ട് ജോലിയെടുക്കുന്ന ഒരു തൊഴിൽ കേന്ദ്രമാണ് തിരുവനന്തപുരം ടെക്നോപാർക്ക് . വികസിത രാജ്യങ്ങളിൽ നിന്നും ഔട്സോഴ്സ്  ചെയ്യപ്പെട്ടു വരുന്ന ജോലികളെയാണ്  ഇവിടെയുള്ള ചെറുതും വലുതുമായ  കമ്പനികൾ ഏതാണ്ട് മുഴുവനും ആശ്രയിക്കുന്നത് . വികസിത രാജ്യങ്ങളിലെ വേതന നിരക്കുമായി തട്ടിച്ച് നോക്കുമ്പോൾ അതിന്റെ പത്തിലൊന്ന് വേതനത്തിൽ പണിയെടുക്കാൻ ഇന്ത്യയെപ്പോലുള്ള വികസ്വര പിന്നോക്ക രാജ്യങ്ങളിൽ  ആളെക്കിട്ടും എന്നതാണ് ഐ ടി ജോലികൾ ഇവിടേക്ക് ഔട്സോഴ്സ് ചെയ്യപെടുന്നതിന് അടിസ്ഥാനം . ഇന്ത്യയിലെ ഒരു തൊഴിലാളി  50000 രൂപ പ്രതിമാസ ശമ്പളത്തിൽ സന്തോഷത്തോടു കൂടി ജോലി ചെയ്യാൻ തയാറാണെന്നിരിക്കെ ഇംഗ്ലണ്ടിലെയോ അമേരിക്കയിലെയോ സമാന സ്കില്ലുകൾ ഉള്ള ഒരാൾക്ക്  അതിന്റെ പത്തിരട്ടിയെങ്കിലും ശമ്പളം നൽകേണ്ടി വരും . ഇങ്ങിനെ പതിനായിരക്കണക്കിന് ആൾക്കാർ ജോലി ചെയ്താൽ ഉണ്ടാകുന്ന സാമ്പത്തിക ലാഭം എത്രയോ വലുതാണ്. പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ഈ രാജ്യങ്ങൾ തമ്മിലുള്ള അന്തരമാണ് ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നതിന്റെ  പ്രധാന കാരണം . ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2700 യു എസ ഡോളറായിരിക്കെ യു കെയിൽ 47000 വും അമേരിക്കയിൽ 65000 വും ആണ് . ഈ അന്തരമാണ്  ഇതിനു വഴി തെളിക്കുന്നത് .

സോഫ്റ്റ്‌വെയർ നിർമാണ മേഖലയിലെ വിവിധ ‘ജോലികളിൽ - പ്രോഗ്രാമിങ് , ടെസ്റ്റിംഗ് , ഡോക്യൂമെന്റേഷൻ തുടങ്ങി - നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ഓട്ടോമേഷൻ പ്രയോഗത്തിൽ  വന്നാൽ ഇവിടേയ്ക്ക് ജോലികൾ ഔട്സോഴ്സ് ചെയ്യപ്പെടുന്നതിന്റെ ആവശ്യകത ഗണ്യമായി കുറയും . പല തൊഴിലുകളും നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ സോഫ്ട്‌വെ‌യറുകൾ നേരിട്ട് ചെയ്യും. മുൻപ് 10 പേർ ചെയ്തിരുന്ന തൊഴിലെടുക്കാൻ ഒരാൾ മാത്രം മതിയെന്ന സാഹചര്യം സംജാതമാകും . വളരെ കൃത്യമായി നിർവചിക്കാനും യാന്ത്രികമായി ആവർത്തിച്ചു ചെയ്യാനും പറ്റിയ കോഡിങ് പോലുള്ള പണികൾ പലതും മനുഷ്യൻ ചെയ്യുന്നതിനേക്കാൾ കൃത്യമായി നിർവഹിക്കാൻ നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ആപ്ലികേഷനുകൾക്ക് സാധിക്കും . ഇതിനകം തന്നെ പല  കമ്പനികളും  ഇതുപയോഗപ്പെടുത്തുന്നുണ്ട് . സോഫ്ട്‌‌വെയർ ടെസ്റ്റിംഗ് പോലുള്ള പണികൾ മുൻപേ തന്നെ ഓട്ടോമേറ്റ് ചെയ്യപ്പെട്ടതാണ് .മനുഷ്യഭാഷ കൈകാര്യം ചെയ്യാൻ വൈദഗ്ദ്യം നേടിയ ചാറ്റ് ജി പി ടി പോലെയുള്ള ആപ്പ്ലിക്കേഷനുകൾ  ടെക്സ്റ്റ് അടിസ്ഥാനമാക്കിയ പണികൾ അനായാസം ചെയ്യുന്ന  ഈ കാലത്ത് ഡോക്യൂമെന്റേഷൻ പോലുള്ള പണികൾ ചെയ്യാൻ ഒരു തൊഴിലാളിയുടെ നേരിട്ടിടപെടൽ ആവശ്യമില്ല .

100 പേർ ജോലി ചെയ്യുന്ന ഒരു സോഫ്ട്‌വെയർ കമ്പനിയിൽ ശരാശരി 60  പേരും ഏതെങ്കിലും പ്രോഗ്രാമിങ് ഭാഷ ഉപയോഗിച്ച് കോഡിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവരായിരിക്കും . ടെസ്റ്റിംഗും  ഡോക്യൂമെന്റേഷനും ചെയ്യുന്നവർ 10 - 15 പേർ വരും, ബാക്കിയുള്ളവർ  മാനേജേരിയൽ അഡ്മിനിസ്ട്രേറ്റീവ് മാർക്കറ്റിംഗ് പണികൾ ചെയ്യുന്നവരും . ഏതെങ്കിലും ഒരു പ്രോഗ്രാമിങ് ഭാഷയിൽ ഒരു പ്രത്യേക കാര്യം നടത്താനാവശ്യമായ ഒരു  കോഡ്  എഴുതാൻ പറഞ്ഞാൽ നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ഏതൊരു ആപ്പ്ലികേഷനും അത് നിസ്സാരമായി ചെയ്തു തരും . ഇന്ത്യയിലേക്ക് ഔട്സോഴ്സ് ചെയ്യപ്പെടുന്ന സോഫ്ട്‌വെയർ പണികളിൽ നല്ലൊരു പങ്ക്  താഴ്ന്ന നിലവാരത്തിലുള്ള , ബുദ്ധിപൂർവം ആലോചിച്ച് കോഡെഴുതേണ്ട ആവശ്യമില്ലാത്ത പണികളാണ് എന്നുകൂടി ഓർക്കുമ്പോഴാണ് ഇതുണ്ടാക്കാനിടയുള്ള പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന് കാണാനാകുന്നത് . സോഫ്ട്വെയർ ഡെവലൊപ്മെന്റ് പ്രോസസ്സിലെ ഡിസൈൻ , ആർക്കിടെക്ടിങ് തുടങ്ങിയ  സങ്കീർണ പ്രശ്നങ്ങൾ ,creative thinking ആവശ്യമായ കാര്യങ്ങൾ , ഏതാണ്ട് മുഴുവനും ആദ്യഘട്ടത്തിൽ  തന്നെ പരിഹരിക്കപ്പെട്ടിട്ടുണ്ടാകും . അങ്ങിനെ തയ്യാറാക്കപ്പെട്ട ഡോക്യൂമെന്റേഷൻ നോക്കി സോഫ്ട്‌വെയർ ഡവലപ്മെന്റ്റ് നടത്തുന്നവരാണ്  മഹാഭൂരിപക്ഷം ഐ ടി തൊഴിലാളികളും. നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ യന്തിരന്മാർ പരമ്പരാഗത ഐ ടി തൊഴിലാളികൾക്ക് ഭീഷണിയാകാൻ അധികകാലം വേണ്ടി വരില്ല . സൃഷ്ടി സൃഷ്ടാവിനെ വിഴുങ്ങുന്നതിലേക്കാണ് ഐ ടി രംഗത്തെ നിർമിത ബുദ്ധിയുടെ വിന്യാസം വഴിതെളിക്കുന്നത് .

സമാനമായ കാര്യങ്ങൾ പല തൊഴിൽ മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് .ലഭ്യമായ ഡാറ്റ നോക്കി ഫിനാൻഷ്യൽ വിശകലനങ്ങൾ നടത്തുക , ലാബ് റിപോർട്ടുകൾ അനലൈസ് ചെയുക , തൊഴിലാളികളുടെ പെർഫോമൻസ് നോക്കി കൂലി തിട്ടപ്പെടുത്തുക , ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തിൽ തൊഴിലാളികളെ വിവിധ വിഭാഗങ്ങളാക്കുക ഇതൊക്കെ ഇതിനകം തന്നെ മനുഷ്യൻ നിർമിച്ച യന്ത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു . അതീവ വിദഗ്ദനായ , ദീർഘകാല അനുഭവപരിചയമുള്ള റേഡിയോളോജിസ്റ്റുകൾ ചെയ്തുപോന്നിരുന്ന പണികൾ അതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ ഒരു കംപ്യൂട്ടറിനു ചെയ്യാനാകുമെങ്കിൽ റേഡിയോളോജിസ്റ് എന്ന തസ്തിക നിലനിർത്തേണ്ട ആവശ്യമെന്ത് ? കണക്കെഴുതുന്നതും , ആ ഡാറ്റ ഉപയോഗിച്ച് ഫിനാൻഷ്യൽ സ്റ്റെമെന്റ്സ് തയാറാക്കുന്നതുമൊക്കെ സമീപകാലം വരെ ചാർട്ടേർഡ് അക്കൗണ്ടന്റ്മാരായിരുന്നു. ഈ പണികൾ വളരെ നിസ്സാരമായി കൈകാര്യം ചെയ്യാൻ ഇന്ന് സോഫ്റ്റ്വെയർ പ്രോഗ്രാമുകൾക്ക് കഴിയുന്നുവെങ്കിൽ സമീപഭാവിയിൽ തുടച്ചുനീക്കാനിടയുള്ള തൊഴിൽ തസ്തികയിലേക്ക് സി എ ക്കാരും വരും . അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്ന തസ്തികകളാണ് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരും പ്രൂഫ് റീഡർമാരും . സമീപകാലത്ത് കേരളത്തിലെ ഒരു മാധ്യമ സ്ഥാപനത്തിൽ നിന്ന് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരായി ജോലി ചെയ്തിരുന്ന ഇരുപതിലധികം പേരെ പറഞ്ഞുവിട്ടത് വലിയ വാർത്തയായിരുന്നു . അതേസമയം കൈരളി ടി വി ഈ തസ്തികയിലുള്ളവരെ പുനർവിന്യസിച്ച വാർത്തയും പുറത്തു വന്നു . ഇത് രണ്ടു സമീപനമാണ് . പക്ഷെ എന്തുതന്നെയായാലും ഈ തസ്തികയും ആ തൊഴിലും ഇനി ഭാവിയിലുണ്ടാവില്ല എന്നുറപ്പാണ് .അതുപോലെ തന്നെയാണ് പ്രൂഫ് റീഡർമാരുടെ കാര്യം . ഇംഗ്ലീഷ് പ്രൂഫ് റീഡിങ് തസ്തികയിൽ നിന്ന് തൊഴിലാളികളെ പൂർണമായും ഒഴിവാക്കാൻ നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഗ്രാമ്മർലി പോലുള്ള സോഫ്റ്റ്വെയർ സംവിധാനങ്ങൾ തന്നെ ധാരാളം .യൂണികോഡ് സാങ്കേതികതയിലേക്ക് പൂർണമായും മാറുന്നതോടെ മലയാളത്തിലും അത് സാധ്യമാകും .

തൊഴിലെടുക്കുന്ന മനുഷ്യകരങ്ങളെ ഒഴിവാക്കി അതിനെ യന്ത്രങ്ങളാൽ റീപ്ലേസ് ചെയുന്നത്  സംബന്ധിച്ച ഗവേഷണങ്ങൾ തീവ്രഗതിയിൽ നടക്കുകയാണ് . ഏതാനും വർഷം മുൻപ് തൊഴിലാളികളെ ഒഴിവാക്കുക അസംഭവ്യമെന്ന് നമുക്ക് തോന്നിയിരുന്ന പല മേഖലകളിലും ഇത് സംബന്ധിച്ച അന്വേഷങ്ങൾ തീവ്രഗതിയിൽ നടക്കുകയാണ് . Driverless car അഥവാ സ്വയം ഓടുന്ന വാഹനങ്ങൾ നിർമിച്ചെടുക്കാൻ ഇന്ന് വൻകിട കമ്പനികൾ ചിലവഴിക്കപ്പെടുന്ന ഗവേഷണ മൂലധനതിന്റെ അളവ് ഭീമമാണ്. ഇത് ഫലപ്രദമായാൽ ഡ്രൈവിംഗ് പണികൾ തന്നെ ഇല്ലാതായേക്കാം . ഭാവിയിലെ റോഡുകൾ പോലും ഇതനുസരിച്ചാവും ഡിസൈൻ ചെയ്യപ്പെടുക . ഒരു സയൻസ് ഫിക്ഷൻ ലോകത്തെ ഭാവന അല്ല ഇതിന്ന് .

ഓട്ടോമേഷൻ വ്യാപകമായതോടെ ,മനുഷ്യൻ നേരിട്ട് ചെയുന്ന മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ , ബി പി ഓ പണികൾ  ഗണ്യമായി  ചുരുങ്ങിയിട്ടുണ്ട് . വലിയൊരു വിഭാഗം തൊഴിലാളികൾ നമ്മുടെ ഐ ടി പാർക്കുകളിൽ ഈ മേഖലയിൽ വൻതോതിൽ ജോലികളിൽ എന്നും തൊഴിലെടുക്കുന്നുണ്ട് .

മൂന്നാം ലോക രാഷ്ട്രങ്ങളിലെ സ്വെറ്റ് ഷോപ്പുകളിൽ  തുച്ഛമായ വേതനത്തിന്  എല്ലുമുറിയെ പണിയെടുക്കാൻ മടിയില്ലാത്തവരുടെ തൊഴിൽ സേനയാണ് വികസിത രാജ്യങ്ങളിലെ അഭിവൃദ്ധിയെ ഇന്ന് നിലനിർത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന് . ഫ്യൂഡൽ അർദ്ധ ഫ്യൂഡൽ സാഹചര്യങ്ങളിലെ കൊടിയ ചൂഷണത്തിൽ നിന്നും രക്ഷപെടാൻ, വൻതോതിൽ വളർന്നു വരുന്ന മഹാനഗരങ്ങൾക്കാവശ്യമായ തൊഴിൽ ശക്തി പ്രദാനം ചെയ്ത, അവിടങ്ങളിലേക്കു കുടിയേറിയ  ദരിദ്ര നാരായണന്മാർക്കും അത് ഒരു പരിധി വരെയെങ്കിലും ഗുണകരമായിരുന്നു . എന്നാൽ ആ സാഹചര്യത്തെ മാറ്റിമറിച്ച്,അവികസിത രാജ്യങ്ങളിലെ വില  കുറഞ്ഞ  തൊഴിൽ ശക്തിയെ ആശ്രയിക്കാതെ തന്നെ ആഗോള മൂലധനത്തിന് മുൻപോട്ടു പോകാനുള്ള വാതായനങ്ങളാണ് ഇന്ന് തുറക്കപ്പെടുന്നത് .
 
ഉപസംഹാരം
ഒരു വഴിക്ക് വൻതോതിൽ സമ്പത്ത് വർധനയ്ക്കുള്ള സാഹചര്യമുണ്ടാവുക . അതെ സമയം തന്നെ വൻതോതിൽ തൊഴിലുകൾ ഇല്ലാതാവുക  . ഇത്തരമൊരു സവിശേഷ സാഹചര്യമാണ് നിർമിത ബുദ്ധിയിലെത്തിനിൽകുന്ന കമ്പ്യൂട്ടിങ് സാങ്കേതിക വിദ്യയുടെ ഈ കാലത്ത് രൂപപ്പെട്ടിരിക്കുന്നത്. Jobless growth എന്ന ഈ പ്രതിഭാസം 2000 ത്തിൽ തന്നെ  ആരംഭിച്ചതാണ് . വൻതോതിൽ പെരുകുന്ന അസമത്വത്തിന്റെ ഒരു പ്രധാനകാരണമായി സാങ്കേതികവിദ്യയുടെ വളർച്ചതന്നെ മാറുകയാണ് .

എങ്ങിനെയാണ് മനുഷ്യസമൂഹം ഈ പ്രതിസന്ധിയെ നേരിടാൻ പോകുന്നത്? ഒരു സാമൂഹിക ഘടനയുടെ സ്വഭാവത്തെയും അധികാര ബന്ധങ്ങളെയും  നിർണയിക്കുന്നത് ആ സമൂഹത്തിലെ ഉല്പാദനശക്തികളുടെ വികാസമാണ് എന്നതാണ് മാർക്സിയൻ സാമൂഹിക ശാസ്ത്രം ലോകത്തെ  പഠിപ്പിച്ചത് . ഫ്യൂഡൽ കാർഷിക ബന്ധങ്ങൾ തകർന്നതും അതിനെ ആസ്പദമാക്കി നിലകൊണ്ടിരുന്ന അധികാര സ്ഥാപനങ്ങൾ കാലഹരണപ്പെട്ടതും  ജനധിപത്യത്തിലധിഷ്ഠിതമായ വ്യവസായിക സമൂഹം വളർന്നുവന്നതുമെല്ലാം നമ്മുടെ ചരിത്രത്തിലുണ്ട് . ആ ഒരു കാഴ്ചപ്പാടിൽ നോക്കിയാൽ ഈ പുതിയ കമ്പ്യൂട്ടിങ് സാങ്കേതിക വിദ്യകൾ , അഭൂതപൂർവമായ സമ്പത്തുല്പാദന ശേഷിയുള്ളത് , അതെ സമയം വൻതോതിൽ തൊഴിലുകൾ വെട്ടിക്കുറയ്ക്കാൻ പര്യാപതമായത്, രൂപപ്പെടുത്തിയെടുക്കാൻ പോകുന്നത് ഏതു സ്വഭാവത്തിലുള്ള സമൂഹത്തെ ആയിരിക്കും .……ഇവ തമ്മിലുള്ള വൈരുധ്യങ്ങൾ നിലവിലുള്ള സാമൂഹിക ബന്ധങ്ങളെ മാറ്റിത്തീർക്കുമോ .

അവരവർക്ക് ആവശ്യമുള്ളത് എടുത്തുപയോഗിക്കാൻ പറ്റുന്ന ഒരു സമൂഹത്തെയാണ് കമ്മ്യൂണിസ്റ്റ് സമൂഹമായി മാർക്സ് വിഭാവന ചെയ്തത്. അളവറ്റ സമ്പത്ത് ഉല്പാദിപ്പിക്കാൻ പര്യാപ്തമായ ഒന്നായിരിക്കും നിർമിതബുദ്ധിയുടെ കാലം എന്നിരിക്കെ ആ സമ്പത്തിന്റെ നീതിപൂർവമായ വിതരണത്തിന് എന്തൊക്കെ കൂടി ആവശ്യമായിട്ടുണ്ട് ? അത് പ്രയോഗത്തിലെത്തിക്കാൻ എന്ത് രാഷ്ട്രീയ സംവിധാനങ്ങളാണ് ആവശ്യം ?  ഈ ചോദ്യമാണ് നിർമിതബുദ്ധിയുടെ കാലത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്ന നമ്മുടെ മുന്നിൽ ഇന്നുള്ളത് . സാങ്കേതികതയിൽ മാത്രം അഭിരമിക്കാതെ ഈ സമസ്യകൾക്കു കൂടി നാം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

(മലപ്പുറത്ത്‌ ജൂൺ 14 ന്‌ ഇഎംഎസ് സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധം)
 




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top