18 September Wednesday
സമകാലികം - വി ബി പരമേശ്വരൻ

അസമിൽ അശാന്തി പടർത്തുമ്പോൾ

വി ബി പരമേശ്വരൻUpdated: Friday Sep 13, 2024

അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ നേതൃത്വത്തിൽ കൊൽക്കത്തയിൽ നടന്ന റാലി - കടപ്പാട്‌: Reuters

മോദിക്ക് ശേഷം അമിത് ഷാ - ഹിമന്ത ദ്വന്ദ്വമായിരിക്കുമോ അതോ യോഗി‐ഫദ്നാവിസ് ദ്വന്ദ്വമായിരിക്കുമോ ബിജെപിയെ നയിക്കുക എന്ന ചർച്ച സജീവമാണ്‌. (നേരത്തേ ദീനദയാൽ ഉപാധ്യായ‐ ശ്യാമപ്രസാദ് മുഖർജി ദ്വന്ദ്വവും പിന്നീട് വാജ്പേയി‐അദ്വാനി ദ്വന്ദ്വവുമാണ് സംഘപരിവാർ രാഷ്ട്രീയത്തെ നിയന്ത്രിച്ചത്). ഈയൊരു പശ്ചാത്തലത്തിലാണ് അസം മുഖ്യമന്ത്രിയുടെ തീവ്രഹിന്ദുത്വ നീക്കങ്ങളെ വിലയിരുത്തേണ്ടത്.


വി ബി പരമേശ്വരൻ

വി ബി പരമേശ്വരൻ

ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി അറിയപ്പെടുന്ന സംസ്ഥാനങ്ങളാണ് ഉത്തർപ്രദേശും ഗുജറാത്തും. അയോധ്യയിൽ ബാബ്റി മസ്‌ജിദ് തകർത്ത് ശ്രീരാമക്ഷേത്രം നിർമിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഉത്തർപ്രദേശിൽ ഹിന്ദുത്വരാഷ്ട്രീയം വേരൂന്നിയതെങ്കിൽ ഗോധ്ര സംഭവവും തുടർന്നുണ്ടായ മുസ്ലിം വംശഹത്യയുമാണ് ഗുജറാത്തിനെ ഹിന്ദുത്വരാഷ്‌ട്രീയത്തിന്റെ പരീക്ഷണശാലയാക്കിയത്.

ഈ രണ്ടു സംസ്ഥാനങ്ങളും ആ പാതയിലൂടെ ഇന്നും സഞ്ചരിക്കുന്നുണ്ടെങ്കിലും വടക്കു കിഴക്കൻ സംസ്ഥാനമായ അസമാണ് ഇപ്പോൾ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൊടി പ്രധാനമായും ഉയർത്തുന്നത്.

ഗുജറാത്തിനെ തീവ്രഹിന്ദുത്വത്തിലേക്ക് നയിച്ച നരേന്ദ്ര മോദിയാണിപ്പോൾ പ്രധാനമന്ത്രി. മോദിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ബിജെപിയിലും ആർ എസ് എസിലും പോര് മുറുകവെയാണ് ഹിന്ദുത്വരാഷ്ട്രീയം തീവ്രമാക്കി നിർത്തി യോഗി ആദിത്യനാഥ് ഉത്തർപ്രദേശിലും (ബുൾഡോസർ ബാബ) അസമിൽ ഹിമന്ത ബിശ്വ സർമയും മത്സരിക്കുന്നത്.

യോഗി ആദിത്യനാഥ് മോദി‐ ഷാ വിരുദ്ധ പക്ഷക്കാരനാണെങ്കിൽ ഹിമന്ത ബിശ്വ സർമ അമിത് ഷായുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്. മോദിക്ക് ശേഷം അമിത് ഷാ‐ഹിമന്ത ദ്വന്ദ്വമായിരിക്കുമോ അതോ യോഗി‐ഫദ്നാവിസ്

യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

ദ്വന്ദ്വമായിരിക്കുമോ ബിജെപിയെ നയിക്കുക എന്ന ചർച്ച സജീവമാണുതാനും.

(നേരത്തേ ദീനദയാൽ ഉപാധ്യായ‐ശ്യാമപ്രസാദ് മുഖർജി ദ്വന്ദ്വവും പിന്നീട് വാജ്പേയി‐അദ്വാനി ദ്വന്ദ്വവുമാണ് സംഘപരിവാർ രാഷ്ട്രീയത്തെ നിയന്ത്രിച്ചത്). ഈയൊരു പശ്ചാത്തലത്തിലാണ് അസം മുഖ്യമന്ത്രിയുടെ തീവ്രഹിന്ദുത്വ നീക്കങ്ങളെ വിലയിരുത്തേണ്ടത്.

ഗുവാഹത്തിയിലെ പ്രസിദ്ധമായ കോട്ടൺ കോളേജിൽ പഠിക്കവെ ഓൾ അസം സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ നേതാവായ ഹിമന്ത ബിശ്വ സർമ പിന്നീട് കോൺഗ്രസിലെത്തുകയും ദീർഘകാലം അസം മുഖ്യമന്ത്രിയായ തരുൺ ഗൊഗോയിയുടെ അരുമശിഷ്യനായി അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ അംഗമാകുകയും ചെയ്തു.

ഗൊഗോയിക്കു ശേഷം മുഖ്യമന്ത്രി പദത്തിൽ കണ്ണുനട്ടാണ് ഹിമന്ത തന്റെ രാഷ്ട്രീയ കരുക്കൾ നീക്കിയിരുന്നത്. എന്നാൽ തരുൺ ഗൊഗോയ് മകൻ ഗൗരവ് ഗൊഗോയിയെ തന്റെ പിൻഗാമിയായി വാഴിക്കാൻ ശ്രമം ആരംഭിച്ചതോടെ

ഗൗരവ്‌ ഗോഗോയ്‌

ഗൗരവ്‌ ഗോഗോയ്‌

തരുൺ ഗൊഗോയ്

തരുൺ ഗൊഗോയ്

മുഖ്യമന്ത്രിയാകുക എന്ന മോഹം കോൺഗ്രസിൽ നിന്നാൽ പൂവണിയില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ഹിമന്ത ബിശ്വ സർമ പാർടി വിട്ട് ബിജെപിയിൽ എത്തുന്നത്.

ഒരു കോൺഗ്രസുകാരന് എത്ര പെട്ടെന്ന് ഒരു തീവ്രഹിന്ദുത്വ രാഷ്ട്രീയക്കാരനാകാൻ കഴിയുമെന്നതിന്റെ ക്ലാസിക്കൽ ഉദാഹരണമാണ് ഹിമന്തയുടേത്.

മിതവാദിയ കോൺഗ്രസ് നേതാവിൽ നിന്ന് തീവ്രഹിന്ദുത്വത്തിന്റെ പോസ്റ്റർ ബോയിയായി ഹിമന്ത പെട്ടെന്നു തന്നെ മാറിയെന്നു മാത്രമല്ല ദേശീയമായിത്തന്നെ ബി ജെ പിയുടെ താരപ്രചാകരിൽ ഒരാളായി മാറുകയും ചെയ്തു. വർഗീയ വിദ്വേഷ പ്രസംഗത്തിലൂടെയാണ് ഹിമന്ത കുപ്രസിദ്ധി നേടിയത്. അസമിൽ നിന്ന് ദേശീയമായി ഒരു രാഷ്ട്രീയ കക്ഷിയുടെ പ്രചാരണത്തിന് ഇറങ്ങുന്ന അപൂർവം നേതാക്കളിൽ ഒരാളും ഹിമന്ത തന്നെയായിരിക്കും.

 ഹിമന്ത  ബിശ്വ സർമ

ഹിമന്ത ബിശ്വ സർമ

വിഷം തൂവുന്ന വർഗീയ വിദ്വേഷവാക്കുകളാണ് ഹിമന്തയെ ബിജെപിയുടെ താരപ്രചാരകരിലൊരാളാക്കിയതെന്നതിൽ സംശയമില്ല. 2021ൽ സർബാനന്ദ സൊനവാളിനു ശേഷം മുഖ്യമന്ത്രിയായ ഹിമന്ത അതിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വ്യാപകമായി ബിജെപി പ്രചാരണത്തിന് ഇറങ്ങുകയുണ്ടായി. അദ്ദേഹത്തിന്റെ വിദ്വേഷ വിഷത്തിന് ഒരുദാഹരണം മാത്രം ഇവിടെ കുറിക്കാം.

2023 നവംബറിൽ മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ നർമദാപുരത്ത് മദ്രസകൾ അടപ്പിക്കുമെന്ന ധ്വനിയോടെ നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നു. 'മുല്ലമാരെ സൃഷ്ടിക്കുന്നത് സർക്കാരിന്റെ ചുമതലയായിരിക്കുന്നു. അതിനാൽ മുല്ലമാരെ നിർമിക്കുന്ന മദ്രസകളുടെ  കച്ചവടം പൂട്ടാൻ ഞാൻ ഉടൻതന്നെ ഉത്തരവ് നൽകി. ഒരുദ്യോഗസ്ഥൻ ഇത് വലിയ വിഷയമാകുമെന്ന് മുന്നറിയിപ്പ് നൽകി. ഞാനയാളോടു പറഞ്ഞു. അത്തരം സംഭവങ്ങൾ ഉണ്ടായാൽ ഞാൻ കൈകാര്യം ചെയ്തോളാമെന്ന്.

കടപ്പാട്‌: Reuters

കടപ്പാട്‌: Reuters

പക്ഷേ ഈ മദ്രസകൾ ഉടൻ തന്നെ അടച്ചിടണമെന്ന് ഞാൻ പറഞ്ഞു. അസമിൽ ഞാൻ ഇതിനകം 700 മദ്രസകൾ അടപ്പിച്ചു. ഒരാൾക്കുപോലും ശബ്ദമുയർത്താൻ കഴിഞ്ഞില്ല’. ഹിമന്ത ബിശ്വ സർമയുടെ പ്രസംഗത്തിന്റെ ഒരുദാഹരണമാണിത്.

ഈ രീതിയിൽ മുസ്ലിം വിരുദ്ധതയാണ് ഹിമന്തയുടെ പ്രസംഗങ്ങളുടെ ഡിഎൻഎ. ഗുവാഹത്തി നഗരത്തിൽ നിന്ന് മിയാ (ബംഗാളി മുസ്ലിങ്ങൾ) കച്ചവടക്കാരെ പൂർണമായും ഒഴിപ്പിക്കുമെന്നതടക്കമുള്ള നിരവധി പ്രസ്താവനകൾ ഹിമന്തയുടേതായിട്ടുണ്ട്.

സംസാരം മാത്രമല്ല മുസ്ലിം ന്യൂനപക്ഷത്തെ അരികുവൽക്കരിക്കാനും മുഖ്യധാരയിൽ നിന്നു മാറ്റി നിർത്താനും ആവശ്യമായ നിയമനിർമാണം ഉൾപ്പെടെയുള്ള നടപടികൾ ഹിമന്ത  ഒന്നിനു പിറകെ ഒന്നായി കൈക്കൊണ്ടു  വരികയുമാണ്. ആ പട്ടിക വളരെ നീണ്ടതാണ്. ഈ വർഷം കൈ ക്കൊണ്ട ചില നടപടികൾ മാത്രം പരിശോധിക്കാം.

വെള്ളിയാഴ്ച ദിവസം മുസ്ലിം നിയമസഭാംഗങ്ങൾക്ക് നിസ്‌കാരം  നടത്താൻ വേണ്ടി ഉച്ചയ്‌ക്ക് രണ്ട് മണിക്കൂർ ഇടവേള അവസാനിപ്പിച്ചുകൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത് കഴിഞ്ഞ ആഗസ്ത് 30നാണ്. ബ്രിട്ടീഷ് ഭരണകാലം മുതൽ കൃത്യമായി പറഞ്ഞാൽ 1936 മുതൽ നിലവിലുള്ള ഒരു സമ്പ്രദായത്തിനാണ് ഹിമന്ത ബിശ്വ സർമ സർക്കാർ അന്ത്യമിട്ടത്.

വെള്ളിയാഴ്ച ദിവസം മുസ്ലിം നിയമസഭാംഗങ്ങൾക്ക് നിസ്‌കാരം  നടത്താൻ വേണ്ടി ഉച്ചയ്‌ക്ക് രണ്ട് മണിക്കൂർ ഇടവേള അവസാനിപ്പിച്ചുകൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത് കഴിഞ്ഞ ആഗസ്ത് 30നാണ്. ബ്രിട്ടീഷ് ഭരണകാലം മുതൽ കൃത്യമായി പറഞ്ഞാൽ 1936 മുതൽ നിലവിലുള്ള ഒരു സമ്പ്രദായത്തിനാണ് ഹിമന്ത ബിശ്വ സർമ സർക്കാർ അന്ത്യമിട്ടത്.

സാധാരണ ദിവസങ്ങളിൽ അസം നിയമസഭ തുടങ്ങുന്നത് രാവിലെ ഒമ്പതരക്കാണ്. എന്നാൽ വെള്ളിയാഴ്ച ദിവസങ്ങളിൽ ഒമ്പത് മണിക്ക് തുടങ്ങി 12 മണിക്ക് നിർത്തിവെക്കും. പിന്നീട് രണ്ട് മണിക്കേ ചേരൂ. പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ഈ രീതിക്ക് അന്ത്യമിട്ടിരിക്കുകയാണ്. 'ചരിത്രപരമായ തീരുമാനം’ എന്നാണ് ഇതിനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. തീരുമാനം എടുക്കാൻ സഹകരിച്ച സ്പീക്കർ ബിശ്വജിത്ത് ദായ്‌മാരിയെ അഭിനന്ദിക്കാനും ഹിമന്ത ബിശ്വ സർമ മറന്നില്ല.

ഭാരതത്തിന്റെ ഭരണഘടന മതനിരപേക്ഷമാണന്നും അതിനാലാണ് ഒരു പ്രത്യേക മതവിഭാഗത്തിനു മാത്രമായുള്ള ആനുകൂല്യം വേണ്ടെന്നുവെക്കുന്നതെന്നുമാണ് ഹിമന്തയുടെ വാദം. പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്ഘാടനം ഹിന്ദുമതച്ചടങ്ങായി മാറ്റിയ പാർടിയിൽപ്പെട്ടയാളാണ് ഹിമന്ത എന്നു മനസ്സിലാക്കുമ്പോഴാണ് ഈ വാദത്തിലെ പൊരുത്തക്കേട്  മനസ്സിലാവുക.

പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ  ഉദ്‌ഘാടനച്ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി

ലവ് ജിഹാദ് പോലെ സംഘപരിവാർ സംഘടനകൾ മുന്നോട്ടു വെക്കുന്ന വർഗീയ ധ്രുവീകരണ ഉപകരണമാണ് ‘ലാൻഡ് ജിഹാദ്’. മുസ്ലിങ്ങൾ ഭൂമി മുഴുവൻ കയ്യടക്കാൻ ശ്രമിക്കുന്നുവെന്ന വ്യാജ പ്രതീതി സൃഷ്ടിക്കാനാണ് ഈ ആരോപണവുമായി സംഘപരിവാർ സംഘടനകൾ രംഗത്തുവരുന്നത്.

ഈ പ്രചാരണത്തിന് വിശ്വാസ്യത നൽകുന്ന രീതിയിലുള്ള ഒരു നിയമനിർമാണത്തിനുള്ള നീക്കവും അസമിൽ ആരംഭിച്ചിട്ടുണ്ട്.

മുസ്ലിങ്ങൾക്ക് സ്വത്ത് കൈമാറുന്നത് തടയുന്ന നിയമം കൊണ്ടുവരുമെന്നാണ് ഹിമന്ത സൂചിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള അനുമതിയുണ്ടെങ്കിലേ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സ്വത്ത്‌ വിൽപ്പന സാധ്യമാകൂ എന്നും നിയമത്തിലുണ്ടാകുമത്രെ. ഇന്ത്യയിൽ ജീവിതം തുടരണമെങ്കിൽ രണ്ടാംകിട പൗരന്മാരായി മാത്രമേ സാധ്യമാകൂ എന്ന സന്ദേശമാണ് ഹിമന്ത ബിശ്വ സർമ ഇതുവഴി മുസ്ലിങ്ങൾക്ക് നൽകുന്നത്.

ഇതോടൊപ്പം 2041ഓടെ മുസ്ലിങ്ങളുടെ ജനസംഖ്യ ഹിന്ദുക്കളേക്കാൾ വർധിക്കുമെന്ന, വസ്തുതകളുമായി ഒരു ബന്ധവും ഇല്ലാത്ത പ്രചാരണവും ഹിമന്ത ആവർത്തിക്കുന്നുണ്ട്. മുസ്ലിം ഭയം വളർത്തി ഹിന്ദുവോട്ടുകൾ ബിജെപിക്ക് പിന്നിൽ അണിനിരത്തുകയാണ് ഇതുകൊണ്ട് ഹിമന്ത ലക്ഷ്യമാക്കുന്നത്.

മുസ്ലിം നിയമസഭാ സാമാജികർക്ക് പ്രാർഥനാ സമയം നിഷേധിച്ച തീരുമാനമെടുത്തതിന് തൊട്ടു തലേദിവസമാണ് മുസ്ലിം വിവാഹവും വിവാഹമോചനവും  രജിസ്ട്രേഷൻ നിർബന്ധമാക്കിക്കൊണ്ടുള്ള ബില്ലും അസം നിയമസഭ പാസ്സാക്കിയത്. ഒരു പ്രത്യേക മതവിഭാഗത്തിന്റെ മതപരമായ കാര്യങ്ങളിലേക്കുള്ള ഈ നുഴഞ്ഞുകയറ്റം പരക്കെ വിമർശിക്കപ്പെടുകയുണ്ടായി.

എന്നാൽ ശൈശവ വിവാഹം തടിയാൻ വേണ്ടിയാണ് ഈ നിയമം എന്നുപറഞ്ഞ് അതിനെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. തന്റെ വാദത്തിന് ബലം നൽകാനായി ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിനു ശേഷം 4000 കേസുകൾ സർക്കാർ രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. 1935ലെ അസം മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷൻ നിയമം റദ്ദാക്കിയാണ് പുതിയ നിയമനിർമാണം നടത്തിയിരിക്കുന്നത്.

പഴയ നിയമമനുസരിച്ച് വിവാഹവും വിവാഹമോചനവും രജിസ്റ്റർ ചെയ്യണമായിരുന്നു. എന്നാൽ നിർദിഷ്ട ഖാദിമാർ മുഖേനയായിരുന്നു രജിസ്ട്രേഷൻ എന്നു മാത്രം. അതിൽ ഭേദഗതി വരുത്താമെന്നിരിക്കേ ആ നിയമം തന്നെ പിൻവലിച്ച് പുതിയ നിയമം കൊണ്ടുവരുന്നതിനു പിന്നിൽ ചില ഗൂഢലക്ഷ്യങ്ങളുണ്ട്. അതിൽ പ്രധാനം മുസ്ലിങ്ങളുടെ മതപരമായ കാര്യങ്ങളിലും  സർക്കാർ ഇടപെടുമെന്ന വ്യക്തമായ സന്ദേശമാണ് ഈ നിയമനിർമാണം വഴി ഹിമന്ത നൽകിയിട്ടുള്ളത്.

രണ്ടാമതായി ഏക സിവിൽ കോഡിലേക്കുള്ള ചവിട്ടുപടിയാണ് ഈ നിയമം. കഴിഞ്ഞ ആഗസ്ത് 15ന് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലും ഏക സിവിൽ കോഡ് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാൽ അത് നടപ്പിലാക്കുക അത്ര എളുപ്പമായിരിക്കില്ല.

വഖഫ് ഭേദഗതി നിയമവും മറ്റും പാസ്സാക്കാനാവാതെ ജെപിസിക്ക് വിടേണ്ടിവന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഈ സാഹചര്യത്തിലാണ് ഭൂരിപക്ഷമുള്ള സംസ്ഥാന സർക്കാരുകളെക്കൊണ്ട് ഏക സിവിൽ കോഡിന്റെ ചെറുപതിപ്പുകൾ നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമാണ് അസമിലെ നിയമവും.

ഒരു മുസ്ലിം വിവാഹച്ചടങ്ങ്‌ -കടപ്പാട്‌: ഇന്ത്യ ടുഡേ

ഒരു മുസ്ലിം വിവാഹച്ചടങ്ങ്‌ -കടപ്പാട്‌: ഇന്ത്യ ടുഡേ

ശൈശവ വിവാഹം, ബഹുഭാര്യത്വം എന്നീ  സാമൂഹ്യ തിന്മകൾ അവസാനിപ്പിക്കേണ്ടതാണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. അതിനാവശ്യമായ പ്രായോഗികവും ആത്മാർഥവുമായ നടപടികൾ കൈക്കൊള്ളുകയുമാകാം. ഇതിനാദ്യം വേണ്ടത് ഈ വിഷയങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ്. അത് ചെയ്യാതെ പെട്ടെന്ന് ഒരു ദിവസം തീർത്തും മനുഷ്യത്വരഹിതമായി അവസാനിപ്പിക്കാൻ ശ്രമിക്കലല്ല.

അസമിലെ മൂന്ന് ഇടതുപക്ഷ പാർടികൾ (സിപിഐ എം, സി പിഐ, സിപിഐ എംഎൽ) സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ പറയുന്നതുപോലെ സ്വേച്ഛാധിപത്യപരമായ രീതിയിൽ, മനുഷ്യത്വം തൊട്ടു തീണ്ടാതെ ഈ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഗുണത്തേക്കാളേറേ ദോഷമാണ് ഉണ്ടാക്കുക.

ദാരിദ്ര്യവും സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും അന്ധവിശ്വാസങ്ങളും ആരോഗ്യ രംഗത്തുള്ള പിന്നാക്കാവസ്ഥയും ലിംഗപരമായ വിവേചനവും നിയമപരമായ അറിവില്ലായ്മയുടെയും ഫലമാണ് ശൈശവ വിവാഹം പോലുള്ള സാമൂഹ്യതിന്മകൾ ഇന്നും നിലനിൽക്കാൻ കാരണം. 

ഈ വിഷയങ്ങൾ പരിഹരിക്കുന്നതിൽ ഒരു ശ്രദ്ധയും കാട്ടാതെ ശൈശവ വിവാഹം തടയാനെന്ന പേരിൽ ഒരു പ്രത്യേക മതവിഭാഗത്തെ ശത്രുപക്ഷത്ത് നിർത്തി തീർത്തും ഏകപക്ഷീയമായ രീതിയിൽ നടപടി സ്വീകരിക്കുന്നതിനെ എങ്ങനെ അംഗീകരിക്കാനാകും എന്ന ചോദ്യമാണ് അസമിൽ നിന്ന് ഉയരുന്നത്. കഴിഞ്ഞ വർഷം നിയമസഭയിൽ ബിൽ അവതരിപ്പിച്ച് മൂന്നു ദിവസത്തിനകം തന്നെ  ശൈശവവിവാഹവുമായി ബന്ധപ്പെട്ട് 4000 കേസുകളാണ് രജിസ്റ്റർ ചെയ്തത്.

രണ്ടായിരത്തിലധികം 'നിയമവിരുദ്ധ ഭർത്താക്കന്മാരെ’  അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതിനെതിരെ സ്ത്രീകൾ വൻ പ്രതിഷേധം ഉയർത്തുന്ന സ്ഥിതി വരെയുണ്ടായി. പലരും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചിലർ ആത്മഹത്യ ചെയ്യുകയുമുണ്ടായി. ദുബ്രിയിലെ തമർഹാട്ടിൽ പ്രതിഷേധിച്ച ജനങ്ങളെ പിരിച്ചുവിടാൻ പൊലീസിന് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തേണ്ടി വന്നു. 

ഏഴ് വർഷത്തിലധികമായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രം ശൈശവ വിവാഹത്തെക്കുറിച്ച് ഓർമവന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഹിമന്ത സർക്കാരിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നില്ല. എന്തായാലും ഈ പ്രചാരണം കൊണ്ടൊന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ല. മുൻ തെരഞ്ഞെടുപ്പിലെ സീറ്റ് നിലനിർത്താനായെങ്കിലും വോട്ടിൽ ഇടിവുണ്ടായി.

ലാത്തിച്ചാർജ് നടന്ന ദുബ്രിയിൽ കോൺഗ്രസ് സ്ഥാനാർഥി റഖിബുൽ ഹുസൈൻ 10 ലക്ഷത്തിലധികം വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ ഭൂരിപക്ഷം രേഖപ്പെടുത്തിയത് ഈ മണ്ഡലത്തിലാണ്.

മണ്ഡല പുനർനിർണയത്തിലൂടെ ബിജെപിയുടെ സുരക്ഷിത മണ്ഡലമായി മാറ്റപ്പെട്ട ജോർഹട്ടിൽ ഹിമന്ത ബിശ്വ സർമയുടെ രാഷ്ട്രീയ എതിരാളി ഗൗരവ് ഗൊഗോയ്‌ വിജയിച്ചതും ബിജെപിയെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്. അതിനാൽ പുതിയ ബില്ലുകളുടെ പശ്ചാത്തലത്തിൽ വർഗീയ ലഹളകൾ കുത്തിപ്പൊക്കാൻ ബിജെപി അണിയറയിൽ ശ്രമിക്കുകയാണെന്ന ആരോപണം ശക്തമാണ്.

ശിവ് സാഗറിൽ മാർവാഡി സമുദായത്തിനെതിരെയുണ്ടായ ആക്രമണം ഇതിന്റെ സൂചനയാണ്. ബിജെപിയും സംഘപരിവാർ സംഘടനകളും ബംഗാളി മുസ്ലിങ്ങൾക്കെതിരെ വൻതോതിലുള്ള വിദ്വേഷ പ്രചാരണമാണ് അഴിച്ചു വിടുന്നത്. ഇത് നിയന്ത്രിക്കാൻ ബാധ്യസ്ഥതയുള്ള പൊലീസാകട്ടെ മൗനത്തിലുമാണ്.

മുപ്പത് ശതമാനത്തോളം മുസ്ലിങ്ങളുള്ള സംസ്ഥാനമാണ് അസം. അയൽരാജ്യങ്ങളിൽ നിന്നുള്ള, പ്രത്യേകിച്ചും ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റമാണ് മുസ്ലിം ജനസംഖ്യ കൂടാൻ കാരണമെന്ന പ്രചാരണം സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഉയർന്നു കേൾക്കുന്ന സംസ്ഥാനമാണ് അസം. അതിന് എരിവും പുളിവും നൽകി കൂടുതൽ മൂർച്ചയോടെ പ്രചരിപ്പിക്കുകയാണ് ഹിമന്തയും ബിജെപിയും.

അസമിലെ ജനങ്ങളെ ഹിന്ദു‐മുസ്ലിം ആയി വിഭജിച്ചു നിർത്തി ഭൂരിപക്ഷം ഹിന്ദു വോട്ടുകൾ താമരയ്ക്ക് പോൾ ചെയ്താലേ ബിജെപിക്ക് അധികാരത്തിൽ തുടരാൻ കഴിയൂ. 2026ലാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്. ലോക്‌ സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ആശങ്കകൾ സമ്മാനിക്കുന്നതാണ്. അസമിൽ മാത്രമല്ല വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ഇക്കുറി ബിജെപിക്ക് തിരിച്ചടിയുണ്ടായി.

കഴിഞ്ഞ തവണത്തേക്കാൾ മൂന്ന് സീറ്റ്  എൻഡിഎ യ്ക്ക്‌ കുറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി മുഖമായ ഹിമന്തയ്ക്കാണ് ഇത് ക്ഷീണമുണ്ടാക്കുന്നത്. ഈ പരാജയം മറച്ചു പിടിക്കാനും ഭൂരിപക്ഷത്തിന്റെ പിന്തുണ ആർജിക്കാനുമാണ് ഹിമന്ത വർഗീയ ധ്രുവീകരണ ശ്രമങ്ങൾക്ക് ആക്കം കൂട്ടിയിട്ടുള്ളത്.

ജനങ്ങളുടെ പിന്തുണ നേടാൻ മറ്റു മാർഗങ്ങളൊന്നും ബിജെപിയുടെയോ ഹിമന്ത ബിശ്വ സർമയുടെയോ ആവനാഴിയിൽ ഇല്ലല്ലോ. അതിനാൽ വർഗീയ ധ്രുവീകരണത്തിന് പുതിയ പുതിയ വിഷയങ്ങൾ അവർ തേടിക്കൊണ്ടിരിക്കും. അതിന്റെ ഫലമോ, അസം വീണ്ടും അശാന്തമാകും.
 

ദേശാഭിമാനി വാരികയിൽ നിന്ന്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top