22 December Sunday

പെൺജീവിതം തേങ്ങുന്ന വംഗനാട് - മറിയം ധാവ്‌ളെ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

 

മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്‌ ഭരിക്കുന്ന പശ്‌ചിമബംഗാളിൽ തികഞ്ഞ അരാജകത്വമാണ്‌ നടമാടുന്നത്‌. കൊൽക്കത്തയിലെ ആർ ജി കർ മെഡിക്കൽ കോളേജ്  ആശുപത്രി വളപ്പിൽ സഹപ്രവർത്തകർ അഭയ എന്ന പേരിട്ട യുവ വനിതാഡോക്ടറെ ഡ്യൂട്ടിയിലിരിക്കെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദാരുണമായ സംഭവം രാജ്യത്തെ എല്ലാവരെയും ഞെട്ടിപ്പിച്ചു. സംസ്ഥാന സർക്കാർ ഈ ക്രൂരമായ കുറ്റകൃത്യത്തെ നിസ്സാരമാക്കി ഒതുക്കാൻ നടത്തിയ ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. ആഗസ്‌ത്‌ ഒമ്പതിന്‌ പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ സംഭവം. മകൾ ആത്മഹത്യ ചെയ്തതാണെന്ന്  അച്ഛനമ്മമാരെ തെറ്റിദ്ധരിപ്പിച്ചു. ഏകമകളുടെ മൃതദേഹം കാണുന്നതിന് മൂന്ന് മണിക്കൂറിലധികം അവർക്ക്‌ കാത്തിരിക്കേണ്ടി വന്നു. സംഭവമറിഞ്ഞ്‌ മണിക്കൂറുകൾ കഴിഞ്ഞിട്ടും എഫ്‌ഐആർ ഫയൽ ചെയ്യാൻ പ്രിൻസിപ്പൽ തയ്യാറായില്ല. രക്ഷിതാക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ്‌ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്‌. അതിനിടെ പൊലീസ് ബാരക്കിൽ കണ്ടെത്തിയ സിവിൽ വളന്റിയറായ സഞ്ജയ് റോയിയെ സംശയത്തിന്റെ അടിസ്ഥാനത്തിൽ ഏകപ്രതിയായി അറസ്റ്റ് ചെയ്‌തു. പൊലീസിന്റെ കാര്യക്ഷമതയില്ലായ്‌മയും കേസ്‌ അന്വേഷണത്തിൽ പുരോഗതിയുണ്ടാകാത്തതും ഗുരുതരമായ സംശയങ്ങൾക്കിടയാക്കിയിരുന്നു. കൊലപാതകത്തിനുമുമ്പ് കൂട്ടബലാത്സംഗം നടന്നതായി വ്യക്തമായ പോസ്‌റ്റുമോർട്ടം റിപ്പോർട്ടുമായി അച്ഛനമ്മമാർ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ഇരയുടെ ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ ഒന്നിലധികം മാരകമായ മുറിവുകളുടെ തെളിവുകളും ഉണ്ടായിരുന്നു. ആഗസ്ത് 14ന് ഹൈക്കോടതി സിബിഐ അന്വേഷണത്തിന്‌  ഉത്തരവിട്ടു.

ആർ ജി കർ എംസിഎച്ച് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിന്റെ പെരുമാറ്റം അങ്ങേയറ്റം സംശയാസ്പദമാണ്. സംഭവം യഥാസമയം പൊലീസിനെ അറിയിച്ചില്ലെന്നുമാത്രമല്ല, ബലാത്സംഗത്തിനും കൊലപാതകത്തിനും മരണപ്പെട്ട ഡോക്ടറെ കുറ്റപ്പെടുത്തി.  "അവൾ രാത്രിയിൽ സെമിനാർ ഹാളിൽ ഒറ്റയ്ക്ക് പോയത് നിരുത്തരവാദപരമാണെന്ന്’ പറഞ്ഞ്‌  "മാനസികരോഗി’ യെന്ന്‌ അധിക്ഷേപിക്കുകയും ചെയ്തു. ഇത് പ്രിൻസിപ്പലിന്റെ തികഞ്ഞ ധാർഷ്‌ട്യമാണ്‌ വെളിവാക്കുന്നത്. 36 മണിക്കൂറും ഡ്യൂട്ടിയിലായിരുന്നിട്ടും ഡോക്ടർക്ക്‌ ആശുപത്രിയിൽ വിശ്രമിക്കാൻ സൗകര്യമില്ലായിരുന്നു. ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ശരിയായ വിശ്രമമുറി ഒരുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് അവർ കരുതിയില്ല. സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ഇര വീണ്ടും ഇരയാകുകയും അവൾ അനുഭവിച്ച അക്രമത്തിന് കുറ്റപ്പെടുത്തുകയും ചെയ്യുന്നത് എങ്ങനെയെന്നതിന്റെ വ്യക്തമായ ഓർമപ്പെടുത്തലാണ് ഇത്. അത് ഡൽഹിയിലെ നിർഭയയോ മുംബൈയിലെ ശക്തി മിൽസ് മാധ്യമപ്രവർത്തകയോ ആകട്ടെ.  ജോലിയുടെ ഭാഗമായി രാത്രിയിൽ പുറത്തിറങ്ങിയതിന്റെ പേരിൽ അവരെയും കുറ്റപ്പെടുത്തി. ഇരകളെ ലക്ഷ്യം വച്ചുള്ള ഈ നടപടിയിൽ ശക്തമായി പ്രതിഷേധിക്കണം. ഇനി അത് വച്ചുപൊറുപ്പിക്കരുത്.

ആർ ജി കർ എംസിഎച്ചിനുള്ളിലെ വിവിധ ക്രമക്കേടുകൾ മാധ്യമങ്ങളിലുടെ പുറത്തുവന്നിട്ടുണ്ട്. ഈ സ്ഥാപനത്തിൽ രാജി നൽകിയ ഉടൻതന്നെ ഡോ. സന്ദീപ് ഘോഷിനെ കൊൽക്കത്ത നാഷണൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രിൻസിപ്പലാക്കി. ജനകീയ പ്രതിഷേധത്തെ തുടർന്ന് ഉത്തരവ് പിൻവലിക്കേണ്ടിവന്നു. പിരിച്ചുവിടേണ്ടിയിരുന്ന പ്രിൻസിപ്പലിനെ എന്തിനാണ് സർക്കാർ സ്ഥലം മാറ്റിയത്. ഒരു മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിലും  പ്രിൻസിപ്പലായിരിക്കാൻ  അദ്ദേഹത്തിന്‌ അർഹതയും യോഗ്യതയും ഇല്ല.   എന്തുകൊണ്ടാണ്  അധികാരത്തിലിരിക്കുന്നവർക്ക് അദ്ദേഹം ഇത്ര പ്രിയപ്പെട്ടവനായത്‌.  അവരുമായുള്ള ബന്ധം എന്താണ്. ആർ ജി കർ ആശുപത്രിയിലെ 43  ഡോക്ടർമാരെയും പ്രൊഫസർമാരെയും പെട്ടെന്ന്‌ സ്ഥലം മാറ്റിയ ഉത്തരവ്‌ 24 മണിക്കൂറിനുള്ളിൽ  പിൻവലിച്ചു. ഇത്രയും ക്രൂരമായ ഒരു കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷണം നടക്കുമ്പോൾ എന്തിനാണ് ഇത്ര തിടുക്കത്തിൽ  43 പേരെ സ്ഥലം മാറ്റിയത്‌.


 

അതിനിടെ, കുറ്റകൃത്യം നടന്ന സെമിനാർ റൂമിന് സമീപത്തെ ഹാളിന്റെ ഭിത്തികൾ നവീകരണത്തിനെന്ന പേരിൽ തകർത്തു. കുറ്റകൃത്യവുമായി ബന്ധപ്പെട്ടവരെ സംരക്ഷിക്കാനുള്ള  അധികൃതരുടെ വ്യഗ്രതയുടെ ഭാഗമായാണ്‌ തെളിവുകൾ നശിപ്പിക്കാനുള്ള ധാർഷ്ട്യം കാണിച്ചത്‌. പ്രതിഷേധിച്ച ഡോക്ടർമാരെയും വിദ്യാർഥികളെയും ഭയപ്പെടുത്താൻ  ഗുണ്ടാസംഘങ്ങൾ നടത്തിയ  ആക്രമണവും ആശുപത്രി പരിസരം തകർത്തതും  പൊലീസ് നോക്കി നിൽക്കുന്നതും മാധ്യമങ്ങളിലൂടെ  കണ്ട എല്ലാവരെയും അസ്വസ്ഥരാക്കി. സ്വാതന്ത്ര്യദിനത്തിന്റെ തലേന്ന്   ‘റീക്ലെയിം ദ നൈറ്റ്’ എന്ന ബാനറിൽ രാജ്യമാകെ പ്രതിഷേധിക്കുമ്പോഴാണ് ഇത് സംഭവിച്ചത്. തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം. കുറ്റവാളികൾ ഭരണം നടത്തുമ്പോൾ, എല്ലാ നിയമങ്ങളെയും ജനാധിപത്യ പ്രക്രിയകളെയും കാറ്റിൽപ്പറത്തി ഏതറ്റംവരെയും പോകാൻ അവർക്ക് കഴിയും.  ഡോക്ടറുടെ മരണവുമായി ബന്ധപ്പെട്ട്‌ ഉത്തരം കിട്ടാത്ത ചോദ്യങ്ങളുണ്ട്‌. ആരാണ് ആത്മഹത്യാസിദ്ധാന്തം കൊണ്ടുവന്നത്. എന്തുകൊണ്ടാണ് അത് ചെയ്തത്. ഹാളിന്റെ ചുവരുകൾ പൊളിക്കാൻ ആശുപത്രി അധികൃതർ അനുമതി നൽകിയത് എന്തിന്‌. എന്തുകൊണ്ടാണ് സ്നിഫർ നായ്ക്കളെ മൂന്ന് ദിവസത്തിന് ശേഷം കൊണ്ടുവന്നത്‌. സർക്കാരിന്റെയും പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും പങ്ക് സംശയാസ്പദമാണ്. ഇവരിൽനിന്ന് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളുടെ പരമ്പര തന്നെ ഉണ്ടായി. സർക്കാരും ആശുപത്രി അധികൃതരും കുറ്റകൃത്യം മറച്ചുവയ്‌ക്കാൻ ശ്രമിക്കുന്നത്‌  മാധ്യമങ്ങളിൽ റിപ്പോർട്ടുകളായി വന്നിട്ടുണ്ട്‌. ആശുപത്രി വളപ്പിനുള്ളിൽ മയക്കുമരുന്ന് വിൽപ്പന, സെക്‌സ് റാക്കറ്റുകൾ, അശ്ലീലവീഡിയോ റാക്കറ്റുകൾ, മരുന്നുകളും ഉപകരണങ്ങളും വിറ്റ് ലാഭം കൊയ്യുന്നവർ, ദരിദ്രകുടുംബങ്ങൾക്ക്‌ സർക്കാർ ആശുപത്രികളിൽ അഡ്മിഷൻ, ചികിത്സ എന്നിവ ലഭിക്കാൻ പണം ഈടാക്കുന്ന സംഘങ്ങൾ തുടങ്ങിയ നിരവധി സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ് പോലെ തൃണമൂൽ ഭരിക്കുന്ന പശ്ചിമ ബംഗാളിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതർക്കൊപ്പം നിൽക്കുന്ന സംസ്ഥാന സർക്കാരിന്റെ നിന്ദ്യമായ നിലപാടിന്‌ നിരവധി തെളിവുകളുണ്ട്‌.  2012 ഫെബ്രുവരി ആറിന്‌  ഓടുന്ന കാറിൽ ഒരു സ്‌ത്രീയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു.  പാർക്ക് സ്ട്രീറ്റ് കേസ് എന്ന നിലയിൽ കുപ്രസിദ്ധമാണിത്‌. കുറ്റകൃത്യം റിപ്പോർട്ട് ചെയ്തപ്പോൾ സർക്കാരിനെ നാണംകെടുത്താൻ കള്ളം പറയുകയാണെന്ന്‌ മമത ബാനർജി തന്നെ ആരോപിച്ചു. കേസിൽ ഉറച്ചുനിന്ന ഇര 2015 ൽ മരിച്ചു.


 

നോർത്ത് 24 പർഗാനാസ് ജില്ലയിലെ കംദുനി ഗ്രാമത്തിൽ നിന്നുള്ള 21 വയസ്സുള്ള പെൺകുട്ടിയെ 2013-ൽ  എട്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തി. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെൺകുട്ടി. ക്രൂരമായി കൊലപ്പെടുത്തിയശേഷം മൃതദേഹം വികൃതമാക്കി പറമ്പിൽ തള്ളി. നീതി ലഭിക്കുന്നതിനായി ശബ്ദം ഉയർത്തിയ ഇരയുടെ സുഹൃത്ത് തുമ്പയെ തുടർച്ചയായി ഭീഷണിപ്പെടുത്തി. അവരുടെ വീടിന് നേരെ ബോംബെറിഞ്ഞു. പ്രതികളെ രക്ഷിക്കുന്ന സമീപനമാണ്‌ സർക്കാർ കൈക്കൊണ്ടത്‌.  ഇത്തരം നിരവധി സംഭവങ്ങൾ പശ്‌ചിമബംഗാളിൽ ആവർത്തിക്കുകയാണ്‌.

ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ കൃത്യമായ അന്വേഷണം നടത്തി എല്ലാ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണം. പ്രാഥമിക അന്വേഷണത്തിലെ കൃത്യവിലോപത്തിനും ക്രമക്കേടുകൾക്കും കൊൽക്കത്ത പൊലീസിനെതിരെ അന്വേഷണം ആരംഭിക്കണം. ആശുപത്രി തകർക്കാൻ ശ്രമിച്ച മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം. തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച്  അന്വേഷിച്ച്‌ ഉത്തരവാദികളെ ശിക്ഷിക്കണം. ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയലും നിരോധനവും പരിഹാരവും) നിയമം നടപ്പിലാക്കാൻ ആർ ജി കർ മെഡിക്കൽ കോളേജ് ആശുപത്രി നടപടിയെടുക്കണം. ശുചിമുറികൾ, കിടക്കകൾ തുടങ്ങിയ സൗകര്യങ്ങളുള്ള വിശ്രമമുറികൾ സജ്ജീകരിക്കണം. 

(അഖിലേന്ത്യ ജനാധിപത്യ 
മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top