22 December Sunday

കേൾക്കൂ ലോകമേ ; കുഞ്ഞുവിലാപങ്ങൾ

റെനി ആന്റണിUpdated: Wednesday Nov 20, 2024

 

സാർവദേശീയ ശിശുദിനമാണ്‌ നവംബർ 20. ഭാവിയെ കേൾക്കൂ... ( Listen to the Future), എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രതിപാദ്യ വിഷയം. കുട്ടികളുടെ ശബ്ദം ശ്രദ്ധിച്ച് കേൾക്കുന്നതിനും അവരുടെ ആവശ്യങ്ങൾ, ആകാംക്ഷകൾ, ആശങ്കകൾ എന്നിവ മനസ്സിലാക്കുന്നതിനുമാണ് ഈ ദിനം മനുഷ്യരാശിയോട് ആഹ്വാനം ചെയ്യുന്നത്. പലസ്തീനിലെ നിലയ്ക്കാത്ത വെടിയൊച്ചയിലേക്ക്‌ ഒരാർത്തനാദംപോലെയാണ് ഈ വർഷത്തെ ദിനാചരണം കടന്നുവരുന്നത്.

ഇസ്രയേലിന്റെ കൂട്ടക്കുരുതിയിൽ ഗാസയിൽമാത്രം കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം പതിനേഴായിരത്തിലധികമാണ്. ആശുപത്രികളും സ്കൂളുകളും ബോംബിട്ടു തകർത്തു. ഗാസയിലെ കുട്ടികൾ ദാരുണമായ അവസ്ഥയിൽ തുടരുന്നതിന്റെ കരളലിയിപ്പിക്കുന്ന വാർത്തകളാണ് നിത്യേന വരുന്നത്. അച്ഛനമ്മമാർ നഷ്ടപ്പെട്ടവർ, മാരകമായി പരിക്കേറ്റവർ, ഭക്ഷണത്തിനും കുടിവെള്ളത്തിനുമായി യാചിക്കുന്ന ദൈന്യമുഖങ്ങൾ. ജനസംഖ്യയുടെ 10ൽ ഒമ്പതു പേർ- ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു. പകുതിയും കുട്ടികൾ. വേണ്ടത്ര വെള്ളം, ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവ ലഭ്യമല്ല. വീടുകൾ നശിപ്പിക്കപ്പെട്ടു; കുടുംബങ്ങൾ തകർന്നു. പലതവണ പലായനം ചെയ്യപ്പെട്ടു. അതേ, വിവരണാതീതമായ ദുരന്തഭൂമികയാണ് ഗാസ. ഒരു യുദ്ധത്തിലും ആത്യന്തികമായി ആരും ജയിക്കുന്നില്ല. പക്ഷേ തകർന്നുപോകുന്നത്, പരാജയപ്പെടുന്നത് കുട്ടികളാണ്. അവരുടെ ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്.

പലസ്‌തീനിൽ വീടുകൾ മാത്രമല്ല, അഭയകേന്ദ്രങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ എല്ലാം നശിപ്പിക്കപ്പെട്ടു. ഗാസയിലെ നിരവധി കുടുംബങ്ങൾ പട്ടിണിമൂലം മരിക്കുമെന്ന ഭീഷണി യഥാർഥമാണ്. 2024 ജൂൺ അവസാനത്തിൽ, സംയോജിത ഭക്ഷ്യസുരക്ഷാ ഘട്ട ക്ലാസിഫിക്കേഷൻ (ഐപിസി) റിപ്പോർട്ടിൽ പലസ്തീനിലെ ജനസംഖ്യയുടെ 96 ശതമാനവും രൂക്ഷമായ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഏകദേശം അഞ്ചുലക്ഷം ആളുകൾ വിനാശകരമായ അവസ്ഥയിലാണ്. പതിനായിരത്തിലേറെ കുട്ടികൾ ഒറ്റപ്പെട്ട് പോയി. അവരുടെ കുടുംബത്തെ കണ്ടെത്താനും മാനസികപിന്തുണ നടത്തുന്നതിനും അടിയന്തര ഇടപെടലുകൾ അനിവാര്യമാണെന്ന് ഐക്യരാഷ്ട്ര സംഘടനതന്നെ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഒന്നാം ലോകയുദ്ധത്തിനുശേഷം 1924-ൽ വിജയിച്ച ലോകരാഷ്ട്രങ്ങൾ പുറപ്പെടുവിച്ച ജനീവാ പ്രഖ്യാപനത്തിൽ യുദ്ധത്തെതുടർന്ന് ദുരിതമനുഭവിക്കുന്ന ജനസമൂഹങ്ങൾ, അഭയാർഥികൾ, തടവുകാർ, കുട്ടികൾ തുടങ്ങിയവരുടെ പരിരക്ഷയ്ക്കായി ഉൾപ്പെടുത്തിയ അഞ്ചു ഖണ്ഡികയാണ് കുട്ടികളുടെ അവകാശങ്ങൾക്ക് അടിത്തറയായി പരിണമിച്ചത്. 1924ലെ ജനീവാ പ്രഖ്യാപനത്തെ ‘കുട്ടികളുടെ അവകാശങ്ങളുടെ സാർവദേശീയ ഉറവ’ എന്ന് വിശേഷിപ്പിക്കാവുന്നതാണ്. കുട്ടികളുടെ ഒത്തൊരുമ, ബോധവൽക്കരണം, ക്ഷേമ സങ്കൽപ്പങ്ങൾ എന്നിവയ്ക്ക് അടിത്തറ പാകിയത് ജനീവ കൺവൻഷനാണ്.

1949ലെ ജനീവ കൺവൻഷനിൽ സായുധപോരാട്ടങ്ങളെസംബന്ധിച്ച് അന്താരാഷ്ട്രതലത്തിൽ നിയമങ്ങൾ രൂപപ്പെട്ടിരുന്നു. ആ നിയമത്തിൽ യുദ്ധങ്ങളിൽ കുട്ടികളോട് മാനുഷികമായി പെരുമാറണമെന്നും അവരെ സംരക്ഷിക്കണമെന്നും അതിശക്തമായി നിഷ്‌കർഷിക്കുന്നുണ്ട്. എന്നാൽ, ഹമാസിനെ നശിപ്പിക്കാനുള്ള നിയമാനുസൃതമായ മാർഗമായാണ് ഗാസയിലെ സൈനിക കടന്നാക്രമണത്തെ ഇസ്രയേൽ കണക്കാക്കുന്നത്. അതിനാൽ കുട്ടികളടക്കമുള്ളവരുടെ മരണം യുദ്ധക്കുറ്റമായി കണക്കാക്കാനാകില്ലെന്നാണ് ഇസ്രയേലിന്റെ വാദം. ഐക്യരാഷ്ട്ര സംഘടനയും വത്തിക്കാനും ലോക മനഃസാക്ഷിയും കേണപേക്ഷിച്ചിട്ടും ഇസ്രയേലിന്റെ രക്തദാഹം തീരുന്നില്ലല്ലോ.

ബാലാവകാശ കമീഷൻ മുൻ അംഗമാണ്‌ ലേഖകൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top