27 December Friday
ഇന്ന്‌ ലോക ഫാർമസിസ്റ്റ് ദിനം

ആരോഗ്യപരിരക്ഷ ജാഗ്രതയോടെ

ഒ സി നവീൻ ചന്ദ്Updated: Wednesday Sep 25, 2024

 

"ഫാർമസിസ്റ്റുകൾ: ആഗോള ആരോഗ്യ ആവശ്യങ്ങൾ നിറവേറ്റുന്നു’ എന്നതാണ് ഈ വർഷത്തെ ലോക ഫാർമസിസ്റ്റ് ദിനത്തിന്റെ പ്രമേയമായി ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ (എഫ്ഐപി) പ്രഖ്യാപിച്ചിട്ടുള്ളത്. ഈ പ്രമേയം തീർത്തും അർഥവത്തും കാലോചിതവുമാണ്‌.  സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഫാർമസിസ്റ്റുകൾ സുപ്രധാന പങ്ക് വഹിക്കുന്നു. അവശ്യ മരുന്നുകളുടെ ലഭ്യതയും കൃത്യതയാർന്ന ഉപയോഗവും അവർ ഉറപ്പാക്കുന്നു. കൂടാതെ, ഫാർമസിസ്റ്റുകൾ രോഗീപരിചരണത്തിനും പൊതുജനാരോഗ്യത്തിനും ഗണ്യമായ സംഭാവന നൽകുന്നതിന് അവരുടെ വൈദഗ്ധ്യം ഉപയോഗിക്കുന്നു.

മരുന്നുകൾ യഥാവിധി രോഗിയുടെ കൈയിൽ എത്തണമെങ്കിൽ ഫാർമസിസ്റ്റിന്റെ സേവനം അത്യാവശ്യമാണ്. പക്ഷേ, യോഗ്യത ഇല്ലാത്തവർ മരുന്ന് കൈകാര്യം ചെയ്യുന്നത് കാരണം രോഗികൾ നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്ന പ്രശ്നം നേരിടുന്നുണ്ട്. പല രാജ്യങ്ങളിലും പൊതുജന ആരോഗ്യവുമായി ബന്ധപ്പെട്ട  ഉപദേശത്തിനും പ്രാഥമിക ആരോഗ്യപരിപാലനത്തിനുമായി ഫാർമസിസ്റ്റുകളെയാണ് പ്രാരംഭമായി ബന്ധപ്പെടുന്നത്. വികസിതരാജ്യങ്ങളിൽ ഫാർമസിസ്റ്റുകൾ രോഗപ്രതിരോധ പ്രചാരണ പരിപാടികളിൽ ഏർപ്പെടുകയും (ഉദാഹരണം: വാക്സിനേഷൻ) ആരോഗ്യ സാക്ഷരത മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. പുതിയ മരുന്നുകളുടെ ഗവേഷണത്തിലും വികസനത്തിലും ഫാർമസിസ്റ്റുകൾ അവിഭാജ്യ കണ്ണിയാണ്. ഇതുകൂടാതെ ഫാർമക്കോവിജിലൻസ് മുതൽ ആന്റിബയോട്ടിക്‌സ് പ്രതിരോധം അടക്കമുള്ള ആരോഗ്യസുരക്ഷാ പദ്ധതികളുടെ കടിഞ്ഞാൺ ഫാർമസിസ്റ്റുകളുടെ കൈയിലാണ്‌. അത് ഈ തൊഴിൽമേഖലയുടെ പ്രാധാന്യം സൂചിപ്പിക്കുന്നു.  കാലാവസ്ഥാ വ്യതിയാനം ആരോഗ്യത്തിൽ ചെലുത്തുന്ന ആഘാതം പരിഹരിക്കുന്നതിനുള്ള പഠനങ്ങളിൽ ഫാർമസിസ്റ്റുകളുടെ സ്ഥാനം വളരെ വലുതാണെന്ന് റിപ്പോർട്ട് ചെയ്‌തിരുന്നു. കോവിഡ്‌ സമയത്തേതുപോലെ ആഗോള ആരോഗ്യപ്രതിസന്ധികൾ നേരിടുന്നതിൽ ഫാർമസിസ്റ്റുകൾ എന്നും മുമ്പന്തിയിലാണ്.

സമൂഹത്തിന്റെ ആരോഗ്യസംരക്ഷണം മികച്ച രീതിയിൽ ഉറപ്പാക്കുന്ന ഫാർമസിസ്റ്റുകൾ നേരിടുന്ന കാലങ്ങളായുള്ള അവഗണനയോ ഈ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ചോ പൊതുസമൂഹമോ മാധ്യമങ്ങളോ ചർച്ച ചെയ്യാറില്ല. കുറച്ചു വർഷങ്ങളായി ഈ മേഖല നേരിടുന്ന പ്രതിസന്ധി വലുതാണ്. അത് വ്യത്യസ്ത തലങ്ങളിലേക്ക് വ്യാപിക്കുകയാണ്. അതിലെ പ്രധാനപ്പെട്ടത് കുത്തക മുതലാളിമാരുടെയും കുത്തക മരുന്ന് നിർമാണ വിതരണ കമ്പനികളുടെയും ചെറുകിട വിപണിയിലേക്കുള്ള കടന്നുകയറ്റമാണ്. ഇതിലൂടെ മരുന്ന് വിപണി വെറുമൊരു കച്ചവട താൽപ്പര്യം മാത്രമുള്ള മേഖലയായി മാറി.  പ്രൈസ് കൺട്രോൾ ബോർഡ് നിർണയിച്ച വിലയേക്കാൾ കുറച്ചു കൊടുക്കുന്ന രീതി വ്യാപകമായതോടെ ഉപഭോക്താക്കളിൽ ആശങ്കയും സംശയങ്ങളും ഉടലെടുത്തിരിക്കുകയാണ്. കാലം പുരോഗമിച്ചെങ്കിലും ഇന്നും മരുന്ന് കുറിപ്പടിയിലെ പല കാരണങ്ങളാലുള്ള അവ്യക്തത ഫാർമസിസ്റ്റിനെയും രോഗിയെയും ഒരുപോലെ കുഴപ്പത്തിലാക്കുന്നുണ്ട്. ഇതിന്റെ ദൂരവ്യാപക പ്രത്യാഘാതം അനുഭവിക്കേണ്ടതും അതിനെ ചെറുക്കേണ്ടതും ഫാർമസിസ്റ്റ്‌ സമൂഹം ആയിരിക്കും എന്നോർമിപ്പിക്കട്ടെ. ആരോഗ്യമേഖലയിൽ കേരളം മികച്ച മുന്നേറ്റത്തിൽ കുതിക്കുമ്പോഴും സ്വകാര്യ മേഖലയിലെ മരുന്ന് വിപണനത്തിലുള്ള മത്സരം കല്ലുകടിയായി മാറുന്നു.

(കേരള സംസ്ഥാന ഫാർമസി കൗൺസിൽ പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top