എല്ലാ വർഷവും ഒക്ടോബറിലെ രണ്ടാം വ്യാഴാഴ്ച ലോക കാഴ്ചദിനമായി ആചരിക്കുന്നു. പൂർണമായി കാഴ്ച നഷ്‌ടപ്പെട്ടവരുടെയും കാഴ്ചസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരുടെയും പുരോഗതിക്കുവേണ്ടിയാണ് ഈ ദിനം തെരഞ്ഞെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം 246 കോടി പേർ കാഴ്ച കുറവുള്ളവരും 39 കോടി പേർ അന്ധരുമാണ്. 2030 ആകുമ്പോഴേയ്‌ക്കും ഇന്ത്യയിൽ 30 കോടി പേർ അന്ധരായി മാറുമെന്ന ഭയാനകമായ റിപ്പോർട്ട് പുറത്തു വന്നിട്ടുണ്ട് . ഇന്ത്യയിൽ 20 സെക്കൻഡിൽ ഒരാൾ അന്ധനാകുന്നു എന്നാണ് കണക്ക്.
രാജ്യത്ത് വർഷം ഒരു ലക്ഷം നേത്രം ദാനമായി ലഭിക്കേണ്ടിടത്ത് 2200 മാത്രമേ ലഭിക്കുന്നുള്ളൂ. നേത്രപടലം ലഭ്യമല്ലാത്തതിനാൽ 97,800 പേർക്ക് ഈ ലോകം കാണാൻ കഴിയുന്നില്ല എന്നതാണ് ഇതിന്റെ മറുവശം. മതപരമായ വിലക്കുകളും ബന്ധുക്കളുടെ വൈകാരികമായ എതിർപ്പും നേത്രദാനമെന്നാൽ കണ്ണുകളാകെ പറിച്ചെടുത്തു ദാനം ചെയ്യുന്നതാണെന്ന തെറ്റിധാരണയുമൊക്കെയാണ് കൂടുതൽ പേരെ പിന്തിരിപ്പിക്കുന്നത്. ഈ രംഗത്ത് ബോധവൽക്കരണമാണ് പ്രധാനം. നമ്മൾ നമ്മുടെ നേത്രപടലം മാത്രമാണ് ദാനം ചെയ്യുന്നത്. ഇതുവഴി കാഴ്ചയില്ലാത്ത രണ്ടുപേർക്ക് കണ്ണുകളിൽക്കൂടി ഈ ലോകം കാണാനാകുന്നുവെന്ന യാഥാർഥ്യം തിരിച്ചറിയണം.
ഓരോ ദിവസവും മരിക്കുന്ന മുഴുവൻ ആളുകളുടെയും കണ്ണുകൾ ദാനം ചെയ്താൽ 15 ദിവസത്തിനകം രാജ്യത്തുനിന്ന് അന്ധത പൂർണമായും തുടച്ചുനീക്കാൻ കഴിയും. 2030 ആകുമ്പോഴേയ്‌ക്കും അന്ധത പൂർണമായും തുടച്ചു നീക്കുന്നതിന് ‘വിഷൻ 2030 ദ റൈറ്റ് ടു സൈറ്റ്’ എന്ന സംരംഭം ആരംഭിച്ചിട്ടുണ്ട്. ഇതിൽ എല്ലാ രാജ്യത്തെയും സർക്കാരുകൾ, വിവിധ ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.
2005 ഫെബ്രുവരിയിൽ രൂപീകൃതമായ ‘കാഴ്‌ച’ നേത്രദാന സേനയിൽ കണ്ണുകൾ ദാനമായി നൽകാൻ തയ്യാറായി 8768 അംഗങ്ങൾ പ്രവർത്തിക്കുന്നു. അംഗങ്ങൾ മരിക്കുമ്പോൾ എല്ലാ ജില്ലകളിലും പ്രവർത്തിക്കുന്ന അന്ധതാ നിവാരണ സമിതിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘം മൂന്നു മണിക്കൂറിനകം വീട്ടിലോ ആശുപത്രിയിലോ എത്തി നേത്രപടലം ശേഖരിച്ച് സർക്കാർ മെഡിക്കൽ കോളേജുകൾക്ക് നൽകും. ഏതൊരു വ്യക്തിക്കും സൗജന്യമായി ‘കാഴ്‌ച’യിൽ അംഗമാകാം. സംവിധായകൻ ബ്ലസി ചെയർമാനായ കമ്മിറ്റിയാണ് നേതൃത്വം നൽകുന്നത്. www.kazhcha.org വഴി നേത്രദാന സമ്മതപത്രം നൽകാം.
(‘കാഴ്‌ച’ നേത്രദാന സേന
ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..