22 December Sunday
യാസർ അറഫാത്ത്‌ 
അന്തരിച്ചിട്ട്‌ 20 വർഷം

അറഫാത്തിനെ ഓർക്കുമ്പോൾ

എ ശ്യാംUpdated: Monday Nov 11, 2024

 

പലസ്‌തീൻ പ്രസിഡന്റും പലസ്‌തീൻ വിമോചന പോരാട്ടത്തിന്റെ അനശ്വര നായകനുമായിരുന്ന യാസർ അറഫാത്ത്‌ അന്തരിച്ചിട്ട്‌ ഇന്ന്‌ 20 വർഷം തികയുന്നു. പലസ്‌തീൻ സ്വാതന്ത്ര്യത്തിനുവേണ്ടി അതിന്റെ തുടക്കത്തിലാരംഭിച്ച സായുധപോരാട്ടംമുതൽ അതിൽ പങ്കാളിയായിരുന്ന അറഫാത്ത്‌ പിൽക്കാലത്ത്‌ തന്റെ ജനതയുടെ വിമോചനത്തിന്‌ സഹനമാർഗത്തിൽ നയതന്ത്രപോരാട്ടത്തിനിടെ 2004 നവംബർ 11ന്‌ പാരിസിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ അന്തരിച്ചത്‌. 1993ലെ ഓസ്ലോ കരാറിന്റെ പേരിൽ രണ്ട്‌ ഇസ്രയേലി നേതാക്കൾക്കൊപ്പം അദ്ദേഹത്തിന്‌ സമാധാനത്തിന്‌ നൊബേൽ പുരസ്‌കാരം സമ്മാനിക്കപ്പെട്ടു. എന്നാൽ, ആ പുരസ്‌കാരത്തിലൂടെ അദ്ദേഹത്തെ തങ്ങൾക്ക്‌ വിധേയനാക്കാൻ സയണിസ്റ്റ്‌ വംശീയരാഷ്‌ട്രമായ ഇസ്രയേലിന്റെ കൂട്ടാളികളായ പാശ്ചാത്യ രാഷ്‌ട്രങ്ങൾക്ക്‌ സാധിച്ചിരുന്നില്ല. അതിനാൽ മുക്കാൽ നൂറ്റാണ്ട്‌ നീണ്ട ജീവിതത്തിന്റെ അവസാന രണ്ടു വർഷം കനത്ത ഇസ്രയേലി ഉപരോധത്തിലും ഇടയ്‌ക്കിടെയുണ്ടായ ആക്രമണത്തിലും കൂസാതെ റമല്ലയിലെ പലസ്‌തീൻ അതോറിറ്റി ആസ്ഥാനത്ത്‌ ദുർബലനെങ്കിലും ധൈര്യം കൈവിടാതെ കഴിയുകയായിരുന്നു അറഫാത്ത്‌. ആ ഘട്ടത്തിൽ രോഗം മൂർച്ഛിച്ച്‌ തീർത്തും അവശനായ വേളയിലും അദ്ദേഹത്തെ വിദഗ്ധചികിത്സയ്‌ക്ക്‌ കൊണ്ടുപോകാൻ ദിവസങ്ങളോളം ഇസ്രയേൽ അനുവദിച്ചിരുന്നില്ല. ഒടുവിൽ ആഗോള പ്രതിഷേധം ശക്തമായതിനെ തുടർന്നാണ്‌ റമല്ലയിൽനിന്ന്‌ അറഫാത്തിനെ ഫ്രാൻസിലേക്ക്‌ കൊണ്ടുപോകാൻ അധിനിവേശശക്തി അനുവദിച്ചത്‌.
അറഫാത്ത്‌ പെട്ടെന്ന്‌ രോഗബാധിതനായത്‌ ഇസ്രയേലി ചാരന്മാരുടെ വിഷപ്രയോഗത്താലാണെന്ന്‌ ആക്ഷേപമുയർന്നിരുന്നു. എന്നാൽ, ഇസ്രയേലുമായി ബന്ധപ്പെട്ട ഇത്തരം പല സംഭവങ്ങളിലുമെന്നപോലെ ഇക്കാര്യത്തിലും സ്ഥിരീകരണമുണ്ടായില്ല. എന്തായാലും മരണശേഷവും അറഫാത്ത്‌ ഇസ്രയേലിനും അമേരിക്കയ്‌ക്കും മറ്റും വെറുക്കപ്പെട്ടവനായി തുടരുന്നെന്ന യാഥാർഥ്യം അവശേഷിക്കുന്നു. കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രസംഗത്തിൽപ്പോലും ഗാസയിലെ ഇസ്രയേലി അതിക്രമത്തെ ന്യായീകരിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റ്‌ ബിൽ ക്ലിന്റൺ അറഫാത്തിനെതിരെ ഉളുപ്പില്ലാതെ പച്ചക്കള്ളം പറഞ്ഞിരുന്നു. പലസ്‌തീൻ വിമോചന പ്രസ്ഥാനത്തിന്‌ സാർവദേശീയ അംഗീകാരം നേടുന്നതിന്‌ നേതൃത്വം നൽകിയത്‌ അറഫാത്താണ്‌. അതുതന്നെയാണ്‌ അദ്ദേഹത്തെ സയണിസ്‌റ്റുകൾക്കും സാമ്രാജ്യത്വശക്തികൾക്കും അനഭിമതനാക്കുന്നത്‌.

അറബ്‌ ദേശീയവാദിയും സോഷ്യലിസ്‌റ്റുമായിരുന്ന അറഫാത്ത്‌ തികഞ്ഞ മതനിരപേക്ഷവാദിയായിരുന്നു. പലസ്‌തീൻ ദമ്പതികളുടെ മകനായി 1929ൽ ഈജിപ്‌തിലാണ്‌ ജനിച്ചത്‌. കുട്ടിക്കാലത്ത്‌ നാലു വർഷം അമ്മയുടെ നാടായ ജറുസലേമിലായിരുന്നെങ്കിലും യൗവനകാലത്ത്‌ പഠനമടക്കം കെയ്‌റോയിലായിരുന്നു. 1948ൽ പാശ്ചാത്യ സാമ്രാജ്യത്വ രാജ്യങ്ങളുടെ അജൻഡയനുസരിച്ച്‌ പലസ്‌തീൻപ്രദേശം വെട്ടിമുറിച്ച്‌, യൂറോപ്പിൽ വേട്ടയാടപ്പെട്ട ജൂതർക്കുവേണ്ടി ഇസ്രയേൽ രൂപീകരിച്ചപ്പോൾ അതിനെതിരെ സായുധപോരാട്ടത്തിലൂടെയാണ്‌ രാഷ്‌ട്രീയരംഗത്ത്‌ വരുന്നത്. പിന്നീട്‌ കെയ്‌റോയിലെ പലസ്‌തീൻ വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത്‌ സജീവമായി. തുടർന്ന്‌ കുവൈത്തിൽ എൻജിനിയറായി പ്രവർത്തിക്കുമ്പോഴടക്കം പലസ്‌തീൻ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിനുള്ള ഒരുക്കത്തിലായിരുന്നു അറഫാത്ത്‌. അതിന്റെ തുടർച്ചയിലാണ്‌ അബു ഇയ്യാദ്‌, അബു ജിഹാദ്‌ (ഇരുവരും പിന്നീട്‌ രക്തസാക്ഷികളായി) തുടങ്ങിയ സഖാക്കളുമായി ചേർന്ന്‌ പലസ്‌തീൻ അഭയാർഥികളെ ചേർത്ത്‌ 1959ൽ അൽ ഫത്താ രൂപീകരിക്കുന്നത്‌. ഫത്തായടക്കം വിവിധ പലസ്‌തീൻ സംഘടനകളുടെ പൊതുവേദിയായി 1964ൽ രൂപീകരിക്കപ്പെട്ട പലസ്‌തീൻ വിമോചന സംഘടനയുടെ (പിഎൽഒ) നായകനായി ’69 മുതൽ മരണംവരെ തുടർന്നു.

അന്തരിച്ച പലസ്‌തീൻ നേതാവ്‌ ജോർജ്‌ ഹബാഷ്‌ നയിച്ച പോപ്പുലർ ഫ്രണ്ട്‌ ഫോർ ദ ലിബറേഷൻ ഓഫ്‌ പലസ്‌തീൻ (പിഎഫ്‌എൽപി) അടക്കമുള്ള മാർക്‌സിസ്റ്റ്‌ സംഘടനകളുമായി ചേർന്ന്‌ അറഫാത്ത്‌ നടത്തിയ പോരാട്ടങ്ങൾക്ക്‌ ലോകത്തിന്റെ പിന്തുണയുണ്ടെന്നതിന്‌ സാക്ഷ്യമായിരുന്നു 1988ൽ സ്വതന്ത്ര പലസ്‌തീൻ രാഷ്‌ട്രം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയടക്കം ഭൂരിപക്ഷം രാജ്യങ്ങളും അതിനെ അംഗീകരിച്ചത്‌.

അറഫാത്തിന്റെ നേതൃത്വത്തിലാണ്‌ പിഎൽഒ സാമ്രാജ്യത്വവിരുദ്ധ സോഷ്യലിസ്റ്റ്‌ ചേരിയുമായും ചേരിചേരാ പ്രസ്ഥാനവുമായും ലോകമെങ്ങുമുള്ള വിമോചനപ്രസ്ഥാനങ്ങളുമായും ഐക്യപ്പെട്ടത്‌. ഫിദൽ കാസ്‌ട്രോയും ഇന്ദിര ഗാന്ധിയും നെൽസൺ മണ്ടേലയുമെല്ലാം പലസ്‌തീൻ ജനതയുടെ പോരാട്ടത്തിൽ അറഫാത്തിന്റെ സഖാക്കളായിരുന്നു. അതുകൊണ്ടുതന്നെയാണ്‌ ഇസ്രയേലും അമേരിക്കൻ ചേരിയും അറഫാത്തിനെയും അദ്ദേഹം നയിച്ച ഫത്തായെയും പിഎൽഒയെയും തളർത്താനും തകർക്കാനും എന്നും ശ്രമിച്ചത്‌. അന്തരിച്ച പലസ്‌തീൻ നേതാവ്‌ ജോർജ്‌ ഹബാഷ്‌ നയിച്ച പോപ്പുലർ ഫ്രണ്ട്‌ ഫോർ ദ ലിബറേഷൻ ഓഫ്‌ പലസ്‌തീൻ (പിഎഫ്‌എൽപി) അടക്കമുള്ള മാർക്‌സിസ്റ്റ്‌ സംഘടനകളുമായി ചേർന്ന്‌ അറഫാത്ത്‌ നടത്തിയ പോരാട്ടങ്ങൾക്ക്‌ ലോകത്തിന്റെ പിന്തുണയുണ്ടെന്നതിന്‌ സാക്ഷ്യമായിരുന്നു 1988ൽ സ്വതന്ത്ര പലസ്‌തീൻ രാഷ്‌ട്രം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയടക്കം ഭൂരിപക്ഷം രാജ്യങ്ങളും അതിനെ അംഗീകരിച്ചത്‌. എന്നാൽ, ഫത്തായ്‌ക്കും പിഎൽഒയ്‌ക്കുമെതിരെ ഹമാസ്‌, ഇസ്ലാമിക്‌ ജിഹാദ്‌ പോലുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളെ വളർത്തി മതനിരപേക്ഷ പലസ്‌തീൻ പ്രസ്ഥാനത്തെ തകർക്കാനാണ്‌ ഇസ്രയേൽ ശ്രമിച്ചത്‌. അതിന്റെ ഭാഗമായി ’93ലെ ഓസ്ലോ കരാറിലെ വ്യവസ്ഥകൾപോലും ലംഘിച്ച്‌ പലസ്‌തീൻ പ്രദേശങ്ങളിൽ അനധികൃത കുടിയേറ്റം വ്യാപിപ്പിക്കുകയും പലസ്‌തീൻകാരെ തുരത്തി പ്രദേശം പൂർണമായും കൈയടക്കുകയും ചെയ്യുന്ന ഇസ്രയേലിന്റെ നടപടികളാണ്‌ ഹമാസിനെ വളർത്തിയത്‌.

1994ൽ പലസ്‌തീൻ അതോറിറ്റി രൂപീകരിക്കപ്പെട്ടതുമുതൽ ഫത്താ നേതാക്കൾ പരിമിതമായെങ്കിലും അധികാരികളായി. ഇപ്പോഴത്തെ പലസ്‌തീൻ അതോറിറ്റി ചെയർമാൻ മഹ്‌മൂദ്‌ അബ്ബാസ്‌ അടക്കം അറഫാത്തിന്റെ പല ഉപദേഷ്‌ടാക്കളും തുടർന്ന്‌ അതിക്രമങ്ങളെ അവഗണിക്കുകയായിരുന്നു. അപ്പോഴും ഇസ്രയേലി താൽപ്പര്യങ്ങൾക്ക്‌ വഴങ്ങാതിരുന്ന അറഫാത്ത്‌ പലസ്‌തീൻ നേതൃത്വം ഒഴിയണമെന്ന്‌ ഇസ്രയേലും അമേരിക്കയും ശഠിക്കുമായിരുന്നു. സമാധാനപരമായ പരിഹാരത്തിന്‌ തടസ്സം അറഫാത്ത്‌ ആണെന്നായിരുന്നു അവരുടെ വാദം. എന്നാൽ, അറഫാത്തിന്റെ മരണശേഷം 20 വർഷമായി ‘അധികാര’ത്തിൽ തുടരുന്ന അബ്ബാസ്‌ ഇപ്പോഴും ഇസ്രയേലിനും അമേരിക്കൻ ചേരിക്കും പ്രിയപ്പെട്ടവനാണ്‌. അതുകൊണ്ട്‌, 2006ലെ പലസ്‌തീൻ തെരഞ്ഞെടുപ്പിൽ വിജയിച്ച ഹമാസിനെ അംഗീകരിക്കില്ല, അബ്ബാസ്‌ നയിക്കുന്ന ഫത്താ (തോറ്റ കക്ഷി) ഭരിക്കണം എന്നതാണ്‌ അവയുടെ നിലപാട്‌. ജനാധിപത്യത്തിന്റെ സത്തയെത്തന്നെ നിഷേധിക്കുന്ന ഈ ദുർവാശിയാണ്‌ ഇപ്പോൾ ഗാസയിൽ ഇസ്രയേൽ നടപ്പാക്കുന്ന, 13 മാസം പിന്നിട്ട വംശഹത്യയിൽ എത്തിനിൽക്കുന്നത്‌.

ഐക്യരാഷ്‌ട്ര സംഘടനയാണ്‌ ഇസ്രയേൽ രൂപീകരിച്ചത്‌ എന്നാണ്‌ ജൂതരാഷ്‌ട്രത്തിന്റെ വക്താക്കൾ അവകാശപ്പെടുന്നത്‌. എന്നാൽ, ഇത്തരക്കാർ മറക്കുന്ന ചില വസ്‌തുതകളുണ്ട്‌. പലസ്‌തീൻ രാഷ്‌ട്രവും യുഎന്നിന്റെ നിയന്ത്രണത്തിൽ വരുന്ന ജറുസലേം നഗരവുംകൂടി വിഭാവനം ചെയ്യുന്നതായിരുന്നു ആ പ്രമേയം. അന്നത്തെ കൊളോണിയൽ ലോകത്തിൽ ഇന്നുള്ളതിന്റെ മൂന്നിലൊന്നിൽ താഴെ അംഗങ്ങൾ മാത്രമായിരുന്നു യുഎന്നിൽ. അവയിൽ യൂറോപ്യൻ രാജ്യങ്ങൾക്കുണ്ടായിരുന്ന ആധിപത്യം ഉപയോഗിച്ചാണ്‌ ഇസ്രയേൽ രൂപീകരിച്ചത്‌. ബഹുഭൂരിപക്ഷം ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങൾ അംഗമല്ലാതിരുന്ന അന്നത്തെ യുഎന്നിലെ 56 അംഗരാജ്യങ്ങളിൽ 33 എണ്ണമാണ്‌ ഇസ്രയേൽ രൂപീകരണത്തെ അനുകൂലിച്ചത്‌. കോളനികൾ സ്വതന്ത്രമായ ശേഷമായിരുന്നു അത്തരം ഒരു വോട്ടിങ്ങെങ്കിൽ യൂറോപ്യൻ ജൂതർക്കായി അറബ്‌ മണ്ണിൽ രാജ്യം അംഗീകരിക്കപ്പെടുമായിരുന്നില്ല. കഴിഞ്ഞ സെപ്‌തംബർ അവസാനം യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ പല രാജ്യങ്ങളുടെയും പ്രതിനിധികൾ ബഹിഷ്‌കരിച്ചത്‌ ലോകം പലസ്‌തീൻ ജനതയ്‌ക്കൊപ്പംതന്നെ എന്നാണ്‌ വ്യക്തമാക്കുന്നത്‌. യുഎൻ രക്ഷാസമിതിയിൽ വീറ്റോ അധികാരം ഉപയോഗിച്ച്‌ അമേരിക്ക തീർക്കുന്ന രക്ഷാകവചമാണ്‌ ലോകത്തിന്റെ അഭിപ്രായം മാനിക്കാതെ അധിനിവേശവും വംശഹത്യയും തുടരാൻ ഇസ്രയേലിന്‌ ധൈര്യം നൽകുന്നത്‌. അറഫാത്ത്‌ നയിച്ചിരുന്ന ഫത്തായെ തകർത്ത്‌ ഹമാസിനെ വളർത്തിയതുപോലെ ഭീകരവാദം വളർത്തുന്നതിലും അമേരിക്കയുടെ പശ്ചിമേഷ്യാനയത്തിന്‌ പങ്കുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top