യുവ കോൺഗ്രസുകാരുടെ പരീക്ഷണം ഇത്തവണ വിജയം കണ്ടതിന്റെ ആഘോഷത്തിലാണ് കേരളം. പരീക്ഷണശാലയിലേക്ക് യൂത്തജ്ഞൻമാരെ ചെറുകൂട്ടങ്ങളായി നയിച്ച മാക്കൂട്ടം കൂട്ടം തെറ്റിയാലും പരീക്ഷണത്തിന് സധൈര്യം മുന്നിട്ടിറങ്ങി വിജയം വരിച്ചവരുടെ മുഴുനീളൻ ചിത്രം കൊടുത്തല്ലേ പത്രങ്ങൾ ആഘോഷിച്ചത്. പരീക്ഷണാർഥികൾ ഇരിക്കുന്നതും കിടക്കുന്നതും തുടങ്ങി എത്ര തരത്തിലുള്ള ദൃശ്യങ്ങളാണ് ചാനലുകൾ കാണിച്ചത്. ആനന്ദത്തിന് ഇതിൽപ്പരം എന്ത് വേണം. അടിക്കാത്ത പൊലീസിന്റെ നെഞ്ചത്തടിച്ചാൽ എന്ത് സംഭവിക്കുമെന്നറിയാനുള്ള അടങ്ങാത്ത ജിജ്ഞാസയിൽനിന്നാണ് പരീക്ഷണം ഉടലെടുത്തത്. കുറേക്കാലമായി എന്ത് കാണിച്ചിട്ടും പൊലീസൊന്ന് കുലുങ്ങുന്നില്ല. ഇപ്പോഴത്തെ പൊലീസിന് പണ്ട് യുഡിഎഫ് കാലത്തുണ്ടായിരുന്ന ശൗര്യമെല്ലാം ചോർന്നു പോയെന്നാണ് പരക്കെയുള്ള സംസാരം. (സ്കോട്‌ലൻഡിനെ വെല്ലുന്ന മിടുക്കായിരുന്നില്ലേ അന്ന്. പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പിടിക്കാൻ അയാളുടെ ചെരിപ്പു കെട്ടിത്തൂക്കി കാത്തിരുന്ന മിടുക്ക് ആർക്ക് മറക്കാൻ കഴിയും. കൊക്കിനെ പിടിക്കാൻ അതിന്റെ തലയിൽ വെണ്ണ വച്ച് കാത്തിരിക്കുന്ന വൈഭവം പോലെ ). അടി വാങ്ങാൻ കച്ചകെട്ടി വരുന്ന സമരക്കാരെ ബാരിക്കേഡ് വച്ച് തടയുക, നിന്നില്ലെങ്കിൽ വെള്ളം ചീറ്റുക തുടങ്ങിയ കലാപരിപാടികളേ കുറച്ചുകാലമായി അരങ്ങേറുന്നുള്ളു. സൗജന്യമായി വാട്ടർ തീം പാർക്കിൽ ഉല്ലസിക്കാനുള്ള ആവേശംകൊണ്ടാണ് വെള്ളം ചീറ്റിക്കുന്ന സമരത്തിന് പലരും വരുന്നതെന്ന തിരിച്ചറിവും പുതിയ പരീക്ഷണത്തിന് കാരണമായെന്നാണ് കേൾക്കുന്നത്. എന്തായാലും പരീക്ഷണം വൻവിജയമായി.
യുവ കോൺഗ്രസിന്റെ പരീക്ഷണം വൻ വിജയമായെങ്കിലും അതിൽ ആവേശം പൂണ്ട് ഓടിക്കിതച്ചെത്തിയ കോൺഗ്രസ് തലവനോട് മാധ്യമങ്ങൾ കാണിച്ചത് കൊലച്ചതിയായിപ്പോയി. കേരള പൊലീസിനെയാകെ വിറപ്പിച്ച സിംഹഗർജനം നടത്തിയിട്ടും മൂപ്പരെ ഇങ്ങനെ അവഗണിക്കാൻ പാടുണ്ടായിരുന്നോ. സിപിഐ എമ്മിന്റെ ഒരു ബ്രാഞ്ച് സമ്മേളനം മാറ്റി വച്ചാൽപ്പോലും വലിയ വാർത്ത കൊടുക്കുന്ന മാധ്യമങ്ങൾ , കൊമ്പ് കുലുക്കി പറഞ്ഞിട്ടും കുമ്പക്കുടിയെ ഗൗനിച്ചതേയില്ല. അല്ലെങ്കിൽത്തന്നെ കുറച്ചുകാലമായി സുധാകർജിയോട് മാധ്യമങ്ങൾ ഒട്ടും അനുകമ്പ കാണിക്കുന്നില്ലെന്ന പരാതിയുണ്ട്. "എന്റെ കുട്ടികളുടെ ദേഹത്ത് കൈ വച്ച പൊലീസുകാരെ വ്യക്തിപരമായി നേരിടും. നാട്ടിലിറങ്ങാൻ വിടില്ല. വീട്ടിലിരുന്നാലും പിടിക്കും’. ഇത് കേട്ട് സെക്രട്ടറിയറ്റ് പരിസരത്തുണ്ടായ പൊലീസുകാരെല്ലാം ഓടിയൊളിച്ചെന്നും ചിലർ മുട്ടിടിച്ച് ഓടാൻ കഴിയാതെ വീണ് പോയെന്നും കേട്ടു. എന്നിട്ടും പത്രങ്ങളിൽ പ്രധാന വാർത്തയായില്ല. ചാനലുകളിൽ അന്തിച്ചർച്ചയ്‌ക്കുപോലും വിഷയമായില്ല. ഏതെങ്കിലും ഡിവൈഎഫ്ഐ യൂണിറ്റ് നടത്തുന്ന പ്രകടനത്തിലാണ് ഇത്തരം മുദ്രാവാക്യം വിളിച്ചതെങ്കിൽ എന്താകുമായിരുന്നു പുകിൽ. ബ്രേക്കിങ് ന്യൂസ്, പത്ത് നിരീക്ഷകരെ വിളിച്ചിരുത്തി ചർച്ച, പിറ്റേദിവസം പത്രങ്ങളിൽ വലിയ തലക്കെട്ടോടെ വാർത്ത. ഒന്നും പറയേണ്ട ജഗപൊഗയായേനെ. ലീഡർ പറഞ്ഞപ്പോൾ അതിനൊരു വിലയുമില്ല. കഷ്ടം എന്നല്ലാതെ എന്തുപറയാൻ.
അല്ലെങ്കിൽത്തന്നെ മാധ്യമങ്ങൾക്ക് സുധാകരന്റെ ഭീഷണി ചർച്ച ചെയ്യാൻ എവിടെ സമയം. ഗോപിയണ്ണന്റെ വാക്കുകൾ കടമെടുത്താൽ ഒരാഴ്ചത്തേക്കുള്ള തീറ്റ അൻവറിക്ക കൊടുത്തിട്ടുണ്ടല്ലോ. അൻവറിനെക്കുറിച്ചുള്ള മാധ്യമസ്നേഹം ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. അങ്ങേര് ഇടതുപക്ഷമായതുമുതൽ തുടങ്ങിയതാണ്. എന്തെല്ലാമായിരുന്നു പരിസ്ഥിതിവിരുദ്ധൻ, കൈയേറ്റക്കാരൻ, സാമൂഹ്യവിരുദ്ധൻ ഒടുവിൽ ആഫ്രിക്കയിലെ ജയിൽപ്പുള്ളിവരെയായി. പൊലീസിലെ ചില ഉദ്യോഗസ്ഥരെക്കുറിച്ച് പറഞ്ഞത് കേട്ടപാതി കേൾക്കാത്ത പാതി എന്തെല്ലാം കോലാഹലങ്ങളാണ്. എത്ര ചർച്ചിച്ചിട്ടും തീരുന്നില്ല. മറ്റൊരു കൂട്ടർ പരമ്പരകളുമായി ഇറങ്ങി. എല്ലാറ്റിനും ആശ്രയം അൻവർമാത്രം. അന്വേഷണ കുതുകികൾ സ്വർണം പൊട്ടിക്കുന്ന പേരില്ലാത്ത കുറച്ചാളുകളെയും കണ്ടെത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ സൈറൺ കേട്ടപാടെ സമരവുമായി യൂത്തൻമാരും മൂത്തൻമാരും ഇറങ്ങി. സുധാകര -–- സതീശ–-- സുരേന്ദ്രാദികൾ രാജി ആവശ്യവുമായി ഇറങ്ങിയിട്ടുമുണ്ട്. എസ്സിൽ തുടങ്ങുന്ന ഇവർക്ക് രാജിയുടെ അസഹ്യതയും ഐക്യവും അൽപ്പം കൂടുതലാണ്. പുതിയയിനം പകർച്ചവ്യാധിയാണെന്നും സംശയമുണ്ട്. ആര് എന്തുപറഞ്ഞാലും ഉടൻ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതാണ് പ്രധാനലക്ഷണം. പിന്നെ പിടിവലിയായി ചീറ്റിക്കലായി ചർച്ചയായി. ഒക്കെ ഒരു സുഖം. അൻവർ തന്നെ പറഞ്ഞതുപോലെ തിരുവനന്തപുരത്തിന്റെ റൂട്ട്മാപ്പ് പുറത്ത് പതിയുന്നതിനപ്പുറം എന്ത് സംഭവിക്കാൻ. ഇതെല്ലാം കാണുമ്പോൾ തിരുത്തിയ കവിവാക്യമാണ് ഓർമ വരുന്നത്. "ടിവി കേടായാൽ വീട് നന്നാകും പ്രതിപക്ഷത്തിന്റെ ഗ്യാസും പോകും’.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..