17 December Tuesday

ധിം ധന ധന താ തിൻ ധന

എൻ വി മുഹമ്മദ് റാഫിUpdated: Tuesday Dec 17, 2024

തബലക്ക് ലോകപ്രശസ്തി നേടിക്കൊടുത്തയാളാണ് സാക്കിർ ഹുസൈന്റെ പിതാവ് അല്ലാ രാഖ ഖുറേഷി. റോക് ആൻ റോളിലെ വാദ്യവിദഗ്ധൻ മിക്കി ഹാർട്ടിന്റെ അഭിപ്രായത്തിൽ ശാസ്ത്രത്തിൽ ഐൻസ്റ്റീന്റെയും ചിത്രകലയിൽ പിക്കാസോയുടെയും ഒപ്പംനിന്ന ജീനിയസ്സ്. ജമ്മുവിനടുത്ത ഫഗ്വലിൽ പിറന്ന അല്ലാ രാഖ പാത്രങ്ങൾ താളംപിടിച്ച് പൊട്ടിച്ചു. 12–ാം വയസ്സിൽ ലാഹോറിലെ അമ്മാവന്റെ വീട്ടിലേക്ക് ഒളിച്ചോടി. മിയാൻ ഖാദിർ ബക്ഷിന്റെ കീഴിൽ തബല പഠിക്കാൻ അദ്ദേഹം ഏർപ്പാടാക്കി. മക്കളില്ലാത്ത ബക്ഷ് അല്ലാ രാഖയെ ഏറ്റെടുത്തു. കുഞ്ഞുവിരലുകൾ കുഴയുവോളം തബലയിലും ഡഗ്ഗയിലും മുട്ടിച്ചു. ആഷിഖ് അലിഖാന് കീഴിൽ ആലാപനവും പഠിച്ച് പ്രശസ്ത സംഗീതജ്ഞർക്കുവേണ്ടി സോളോ വായന തുടങ്ങി. ആകാശവാണിയിൽ തബലയെ സാന്നിധ്യമാക്കി. 24 ഹിന്ദി ചിത്രങ്ങൾക്ക് സംഗീതം നൽകി. അതോട് പൊരുത്തപ്പെടാനാവാതെ വിടചൊല്ലി.

അറുപതുകളിൽ പണ്ഡിറ്റ് രവിശങ്കറിനൊപ്പം സംഗീത പര്യടനങ്ങളുമായി ഉലകംചുറ്റി. അതിനുമുമ്പ് ഉസ്താദ് ബഡേ ഗുലാം അലി ഖാനും അലാവുദ്ദീൻ ഖാനുമൊക്കെ അല്ലാരാഖ ഇല്ലാതെ ആലപിക്കുന്നത് എന്തോ ഒന്നിന്റെ കുറവുപോലെയായിരുന്നു. 2000 ഹൃദയതാളം നിലയ്ക്കുന്നതുവരെ "തബല താളം' ജീവശ്വാസമായി ഉള്ളിലാവാഹിച്ചാണ്  കഴിഞ്ഞത്‌. തബലയായിരുന്നു അദ്ദേഹത്തിന്റെ ദേശീയത. മതവും സമുദായവും വൈകാരികതയും. സങ്കീർണവും തനതുമായ  വാദനം നിർമിച്ചെടുത്ത ലോകാത്ഭുത താളമാണ് സാക്കിർ ഹുസൈൻ. സാക്കിർ പിറന്നപ്പോൾ അല്ലാ രാഖ രോഗശയ്യയിൽ. അവന്റെ ചെവിയിൽ  "ധിം ധന ധന താ തിൻ ധന' മന്ത്രം ഓതിയതായി കഥയുണ്ട്. എന്തായാലും അവൻ ഗർഭത്തിലിരുന്ന് ചെവിയോർത്തത് മന്ത്രം. 1951 സാക്കിർ പിറന്നു.  പെരുന്തച്ചനെ വെല്ലുന്ന മകന്റെ ജന്മം. അച്ഛന് പക്ഷേ, മകനോട്  പരിഭവമുണ്ടായില്ല. ഒരുവേള മകനിൽനിന്നും പഠിച്ചു. പിതാവിനെ ദൈവം എന്നാണ് അഭിമുഖങ്ങളിൽ സാക്കിർ വിശേഷിപ്പിച്ചത്.

അദ്ദേഹത്തിനാവട്ടെ മകൻ; വിദ്യാർഥി, സുഹൃത്ത്, അവസാനം സഹപ്രവർത്തകനും. ഏഴ് മുതൽ പന്ത്രണ്ട്  വയസ്സ്വരെ, അർധരാത്രി മുതൽ പുലർച്ചെവരെ  മകനെ അഭ്യസിപ്പിച്ചു. ഏത് കോണിലായാലും മകനോടുള്ള ആദ്യ ചോദ്യം പരിശീലനം മുടക്കുന്നില്ലല്ലോ എന്നാവും. പിതാവിന്റെ ഉപദേശം സാക്കിർ എപ്പോഴും ഓർത്തു: "സ്വയം ഗുരുവായി ഗണിക്കരുത്. പദവിയിലെത്തിയതായി കരുതരുത്. എപ്പോഴും വിദ്യാർഥിയായിരിക്കുക. അഞ്ചു വയസ്സു മുതൽ അല്ലാ രാഖ മകനെ തബല അഭ്യസിപ്പിക്കാൻ തുടങ്ങി. വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽനിന്ന് ചൈനീസ് ആഫ്രിക്കൻ ഇന്തോനേഷ്യൻ താളവാദ്യങ്ങൾ ശാസ്ത്രീയമായി അഭ്യസിച്ചു. അതിന്റെ അനന്ത സാധ്യത കണ്ടെത്താനുള്ള പരീക്ഷണങ്ങളിൽ മുഴുകി. "ദിവസവും പുലരുമ്പോൾ പുതിയത് പഠിക്കാനുണ്ടാകും. അതുകൊണ്ട് ജീവിതം മുഴുവൻ പഠിതാവാകണം' എന്ന പിതാവിന്റെ ഉപദേശം ഉൾക്കൊണ്ട മകൻ പുതിയ ലോകങ്ങൾതേടി. റിഥം എക്സിപീരിയൻസ് എന്ന പേരിൽ ഉത്തരേന്ത്യയുടെയും ദക്ഷിണേന്ത്യയുടെയും വാദ്യസംഗീതം റിക്കാർഡ്ചെയ്ത് താളത്തെ സംബസിച്ച പുതിയ കാഴ്ചപ്പാട് രൂപപ്പെടുത്തി.

പാരമ്പര്യത്തിലുറച്ച്് പുതിയവ ഉൾക്കൊള്ളാനും പരീക്ഷിക്കാനുമുള്ള ശ്രമം സാക്കിർ നടത്തി. ഹിന്ദുസ്ഥാനി പാരമ്പര്യത്തിലുള്ള കലാകാരന്മാരും പാശ്ചാത്യ സംഗീതത്തോട് പുലർത്തിയ വിപ്രതിപത്തി മറികടന്നു. തികഞ്ഞ പാരമ്പര്യ കലാകാരന്മാരുടെ കൂടെ വായിച്ചപ്പോഴും  പുറത്തേക്ക് സഞ്ചരിച്ച് ഇന്ത്യൻ സംഗീതം വിപുലീകരിക്കേണ്ടതിനെപ്പറ്റി ആലോചിച്ചു. കർണാടിക്, ഹിന്ദുസ്ഥാനി അതിർവരമ്പ് ലംഘിക്കാനും ശ്രമിച്ചു. ഫ്യൂഷൻ സംഗീതം, റോക് മ്യൂസിക് തുടങ്ങിയ രീതികൾ പരീക്ഷിച്ചെങ്കിലും തന്റെ മേഖല ഇന്ത്യൻ സംഗീതമാണെന്ന ബോധ്യം. പേർഷ്യൻ ഹിന്ദുസ്ഥാനി ധാരയുടെ മെഹ്ഫിൽ സ്വഭാവത്തിലുള്ള സദസ്സിനു മുമ്പിലാണ് സാക്കിർ ഋതുക്കളായി പെയ്തിറങ്ങിയത്.

അവിടെയാണ് കേൾവിക്കാർക്കുമുമ്പിൽ തബലയിൽ കൈകൊണ്ട് സംസാരിക്കുകയും അലയിളക്കുകയും ചെയ്തത്. മൃദുമന്ത്രണത്തിലാരംഭിച്ച്  ഉച്ചസ്ഥായിയിലെത്തുമ്പോൾ പ്രേക്ഷകനെ കൂടെകൂട്ടാൻ മറന്നില്ല. മറ്റൊരു കാലത്തും ദേശത്തുംനിന്ന് വിരുന്നെത്തിയപോലെയാണ് തബലയും അതിന്റെ പ്രാണേതാവും വേദിയിലേക്ക് ഒഴുകിയെത്തിയത്. സദാ പുഞ്ചിരിച്ചും പൊട്ടിച്ചിരിച്ചും ഹൃദ്യതയോടും തലകുനിക്കും. തബലയിൽ കൈകൊണ്ട് ഹാസ്യം വിരിയിച്ച് മുഖം കോട്ടി ചിരിച്ചു. ഓരോ പ്രകടനവും വ്യത്യസ്തതയാലും അനന്യതകൊണ്ടും പുതുമയാർന്നു. കൈവിരലുകൾ കേൾവിക്കാർക്ക് എപ്പോഴും പുതിയവ  കൊടുത്തു. അവ ഓരോന്നും ഒരിക്കലേ കേൾക്കാനാവൂ എന്ന നിലയിൽ വ്യതിരിക്തവും സമ്പന്നമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top