04 December Wednesday

സർഗാത്മകതയിലെ രാഷ്ട്രീയം...അശോകൻ ചരുവിലിന്റെ കഥകളെ വിലയിരുത്തി പി രാജീവ്

പി രാജീവ്Updated: Wednesday Nov 25, 2020

അശോകൻ ചരുവില്‍...ഫോട്ടോ: കെ എസ് പ്രവീണ്‍കുമാര്‍

പി രാജീവ്

പി രാജീവ്

ഒരു കഥയും അരാഷ്ട്രീയമല്ലെന്നതാണ് അശോകൻ ചരുവിലിന്റെ കഥകളുടെ മൗലികമായ സവിശേഷത. കഥാകൃത്തിന് ഒരു പക്ഷമുണ്ട്, രാഷ്ട്രീയ നിലപാടുണ്ട്. അവ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതേയില്ല. അദ്ദേഹത്തിന്റെപക്ഷം അടിച്ചമർത്തപ്പെട്ടവന്റെ പക്ഷമാണ്..പി രാജീവ് എഴുതുന്നു.

വർത്തമാന കാലത്തിന്റെ കണ്ണാടിയാണ് അശോകൻ ചരുവിലിന്റെ കഥകൾ. നാം ജീവിക്കുന്ന ലോകത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായ മാനങ്ങൾ അദ്ദേഹത്തിന്റെ കഥകളിൽ തെളിഞ്ഞുകാണാം. എന്നാൽ, കണ്ണാടിയിലേതുപോലെ കേവലം പ്രതിച്ഛായകളല്ല ഈ കഥകളിൽ പ്രതിഫലിക്കുന്നത്. സൂക്ഷ്‌മ നിരീക്ഷണങ്ങളിലൂടെ, മറ്റാരും കാണാത്ത ചിത്രങ്ങൾ സൃഷ്ടികളിൽ നിറഞ്ഞു നിൽക്കുന്നു. ഓരോ വാക്കിലും നിശ്ശബ്ദതയിലും വരെ കഥാകാര തന്റെ നിലപാട് പ്രഖ്യാപിക്കുന്നു.

ഒരു കഥയും അരാഷ്ട്രീയമല്ലെന്നതാണ് അശോകൻ ചരുവിലിന്റെ കഥകളുടെ മൗലികമായ സവിശേഷത. കഥാകൃത്തിന് ഒരു പക്ഷമുണ്ട്, രാഷ്ട്രീയ നിലപാടുണ്ട്. അവ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതേയില്ല. അദ്ദേഹത്തിന്റെപക്ഷം അടിച്ചമർത്തപ്പെട്ടവന്റെ പക്ഷമാണ്. എന്നാൽ രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ കേവല പ്രയോഗങ്ങളല്ല ഒരു കഥയും. ചിമിഴിലൊതുക്കപ്പെട്ട വാക്കുകളിലെ സൗന്ദര്യാത്മകതയിലേക്ക് ഒഴുകിയെത്തുന്ന ഭാവനയെ അദ്ദേഹം  സർഗാത്മക അനുഭവങ്ങളാക്കി മാറ്റുന്നു.

ചില സന്ദർഭങ്ങളിൽ അദ്ദേഹം കണ്ണാടി തന്നിലേക്കുതന്നെ തിരിച്ചുവയ്ക്കുന്നു. താൻകൂടി ഭാഗമായ പ്രസ്ഥാനത്തിലേക്കുകൂടി സൂക്ഷ്‌ദർശിനികൾ തിരിച്ചുവയ്ക്കുന്നു. അത് വേറിട്ടുനിന്നുള്ള, ആക്ഷേപത്തിന്റെ ‘പൊതു സ്വീകാര്യത' ലഭിക്കുന്ന വഴികളിലൂടെയുള്ള സഞ്ചാരമേയല്ല. സ്വയം തിരുത്തി കൂടുതൽ കരുത്ത് സംഭരിക്കേണ്ട ആന്തരിക വിമർശക (Critical Insider)േന്റതാണ്. ‘ജലജീവിതം’ തുടങ്ങി സമീപകാല നോവലെറ്റിൽവരെ അത് കാണാം.

അടിത്തറ മേൽക്കൂരയെ നിർണയിക്കു ന്നതോടൊപ്പം മേൽക്കൂരയുടെ അവശിഷ്ടങ്ങളിൽ നിന്നും അടിത്തറയെ ഊഹിച്ചെടുക്കാനും കഴിയുമെന്ന് ഡി ഡി കൊസാംബി പറയുന്നുണ്ട്. രണ്ടു വാള്യങ്ങളിലായി പ്രസിദ്ധപ്പെടുത്തിയ ചരുവിലിന്റെ കഥാസമാഹാരം വായിക്കുകയാണെങ്കിൽ പിന്നിട്ട ദശകങ്ങളിലെ  മലയാളി സാമൂഹ്യ ജീവിതത്തിന്റെ സാമ്പത്തിക അടിത്തറയെ വായിച്ചെടുക്കാൻ കഴിയും. ജാതി വിവേചനത്തിന്റെ ദുരനുഭവങ്ങൾ, വ്യവസ്ഥയുടെ മൗലികമായ പ്രശ്നങ്ങൾ, വർഗീയതയുടെ അപകടം, ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ആധിപത്യസ്വഭാവം തുടങ്ങി എല്ലാ സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളും കഥകളിലെ വിഷയമാകുന്നു. എന്നാൽ  അശോകൻ ചരുവിലിന്റെ കഥാപാത്രങ്ങൾ കഥാകാരന്റെ രാഷ്ട്രീയം പ്രസംഗിക്കുന്നില്ല, അവർ മുദ്രാവാക്യങ്ങളും വിളിക്കുന്നില്ല. അവർ പ്രണയിക്കുകയും കലഹിക്കുകയും ചെയ്യുന്നു. അവർ ഫുട്ബോൾ കളിക്കുന്നു. അവർ തെരുവിലെയും ഓഫീസിലേയും ആഘോഷങ്ങളിൽ പങ്കെടുക്കുന്നു, ഒപ്പം അവർ സമരം ചെയ്യുന്നു. എന്നാൽ ഇതിനിടയിൽ അന്തർലീനമായ രാഷ്ട്രീയം വായനക്കാരനിലേക്ക് അറിയാതെ സ്വാധീനം ചെലുത്തുന്നു.

ഓണപ്പതിപ്പ് കഥകളിൽ ഈ വർഷം ഏറ്റവുമധികം ചർച്ച ചെച്ചപ്പെട്ട കഥ അശോകൻ ചരുവിൽ എഴുതിയ ‘പടിക്കലെ മഠത്തിൽ ബലരാമ'നാണ്. പല തരത്തിലുള്ള വായനകൾ സാധ്യമാക്കുന്ന കഥയാണിത്. എഴുതിയത് പ്രസിദ്ധപ്പെടുത്തുന്നതോടെ കൃതിയിലുള്ള എഴുത്തുകാരന്റെ അവകാശം കോപ്പി പകർപ്പാവകാശം മാത്രമാണ്. കഥാപാത്രങ്ങളും സന്ദർഭങ്ങളും സംഭാഷണങ്ങളുമെല്ലാം വായനക്കാരന്റെതാണ്. ഒരാൾ വായിക്കുന്നതുപോലെയാകണമെന്നില്ല മറ്റൊരാൾ വായിക്കുന്നത്. കഥാപരിസരത്തിൽ പോലും എഴുത്തുകാരും വായനക്കാരനും ഒരേ അഭിപ്രായത്തിലാകണമെന്നില്ല.

ഈ കഥ ബലരാമന്റേതാണ്, അല്ലെങ്കിൽ ബലരാമന്റേതുകൂടിയാണ്. എന്നാൽ, അയാൾ ശരിക്കും ബലവാനാണോ? അതിയായ ബലത്തോടുകൂടിയവനാണ് പുരാണത്തിലെ ബലരാമനും എന്നതും പ്രസക്തം.

ക്ഷുഭിത യൗവനകാലത്തെ ചരുങ്ങിയ രാഷ്ട്രീയ പ്രവർത്തനം അയാളെ ആശയപരവും രാഷ്ട്രീയമായി ബലവാനാക്കിയോ? ശരിക്കും ബലരാമൻ, ബലമുള്ള രാമൻ തന്നെയാണോ? ഈ ചോദ്യവും പ്രസക്തമാണ്.

സ്കൂൾ സഹപാഠിയായിരുന്ന ബലരാമൻ സവർണ ജന്മി കുടുംബത്തിലെ അംഗമായിരുന്നു. കോളേജ് ജീവിതകാലത്ത് അയാൾ വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അതിനുശേഷം ഗവേഷണത്തിനു പ്രവേശനം കിട്ടുന്നതുവരെയുള്ള അറു മാസക്കാലം നാട്ടിൽ ഒന്നിച്ച് യുവജന പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ച അനുഭവമാണ് കഥയിലെ നായകന് അദ്ദേഹവുമായുള്ളത്. നീണ്ടകാല ഒദ്യോഗിക ജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ ബലരാമനുമായുള്ള കൂടിക്കാഴ്ചയാണ് കഥാസന്ദർഭം. ഈ കൂടിക്കാഴ്ചയിൽ ശിവരാമനെന്ന ദളിത് വിഭാഗത്തിൽപ്പെട്ട മറ്റൊരു സുഹൃത്തുമുണ്ട്.

ബലരാമനെത്തിയ വിവരം ശിവരാമനിലൂടെ അറിയുമ്പോൾ ‘എല്ലാ രാമൻമാരും നാട്ടിൽ തിരിച്ചെത്തുകയാണല്ലോ' എന്ന് കഥാകാരൻ ഓർക്കുന്നുണ്ട്. രാമൻ ഒരു രാഷ്ട്രീയ പ്രതീകമായി ഉപയോഗിക്കപ്പെട്ട കാലമാണ് ഈ സന്ദർഭം എന്ന് ഇത്‌ വായനക്കാരനെ ഓർമ്മിപ്പിക്കുന്നു.  മനുഷ്യനിലും സമൂഹത്തിലും ഉറങ്ങിക്കിടന്ന പിന്തിരിപ്പൻ ചിന്തകളെ പ്രതിലോമകരമായി ഉത്തേജിപ്പിക്കാൻ ശ്രമിക്കുന്ന കാലം കൂടിയാണിത്‌. ജാതീയമായി ഭിന്നിപ്പിക്കാനും വർഗീയമായി ഒന്നിപ്പിക്കാനുമാണ് സംഘ പരിവാരം ശ്രമിക്കുന്നത്.  അത് എത്ര മാത്രം അപകടരമാകും വിധം പ്രവർത്തിക്കുന്നുണ്ടെന്നത് കഥ ചൂണ്ടിക്കാണിക്കുന്നു.
 
പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന ഒരാൾ ഇത്രയും കാലം കഴിഞ്ഞിട്ടും ജാതി വ്യവസ്ഥയുടേയും സവർണാധിപത്യ ബോധത്തിന്റേയും ചളിക്കുണ്ടിൽത്തന്നെ തുടരുന്നുവെന്ന ഗൗരവമായ പ്രശ്നം കഥ ഉന്നയിക്കുന്നു. അതോടെ ബലരാമൻ ഒരാൾ മാത്രമല്ലാതാകുന്നു. അയാൾ ഒരു പ്രതീകമാകുന്നു. ഇടതുപക്ഷ രാഷ്ട്രീയവും നവോത്ഥാന ചരിത്രവും സമ്പന്നമാക്കിയ നാട്ടിൽ ജാതി ചിന്തകൾ വീണ്ടും ഉയരുന്നതിന്റെ പൊതു ആശങ്കയായി ബലരാമന്റെ പ്രതികരണം മാറുന്നു.

എന്നാൽ, വർഗീയവാദികൾക്ക് കേരളത്തിൽ  ഇതുവരെ ആധിപത്യം കേരളത്തിൽ നേടാൻ കഴിയാത്തത് ഇതേ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സജീവമായ ഇടപെടലുകൾ കൊണ്ടാണ്. അങ്ങനെയാണ് കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമാകുന്നത്. എന്നാൽ, കഥ ഉന്നയിക്കുന്ന പ്രശ്നത്തെ അഭിസംബോധന ചെയ്തുകൊണ്ടുമാത്രമേ ഇനി മുന്നോട്ടുപോകാൻ കഴിയൂ എന്ന തിരിച്ചറിയൽ ക്രിയാത്മകമായ വിമർശമാണ്.

ബലരാമന്റെ ബലമില്ലായ്‌മ അനുഭവസമ്പത്തിന്റെ കരുത്തിൽ പാർട്ടി ലോക്കൽ സെക്രട്ടറി കുന്നമ്മൽ കറപ്പൻ മാഷ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു എന്നതാണ് യാഥാർത്ഥ്യം. അതാണ് ബലരാമൻ എന്നതിനു പകരം ഫലരാമൻ എന്നു തെറ്റായി എഴുതിയതിൽ പ്രതിഫലിക്കുന്നത്. അത് കേവലം ഒരക്ഷരത്തെറ്റായി മാത്രം കണ്ട് ബലരാൻ അന്നേ കുറെ ചിരിച്ചെങ്കിലും ഇങ്ങനെയൊരു ദീർഘവീക്ഷണം ഉണ്ടായിരുന്നുവെന്ന് വായനക്കാരന് തോന്നും.

 യഥാർത്ഥ പ്രശ്നം മറ്റൊരിടത്ത് കഥാകാരൻ പറഞ്ഞുവെയ്ക്കുന്നുണ്ട്. ഒരാളെ ബലമുള്ളവനാക്കി മാറ്റണമെങ്കിൽ രാഷ്ട്രീയ പ്രത്യയശാസ്ത്ര അടിത്തറ പ്രധാനമാണ്. ‘കല്ലിനോട് കല്ലു ചേർക്കുന്നിടത്താണ് വിരുത്. എത്ര ഭാരം മുകളിൽ വന്നാലും അടിക്കല്ല് പൊട്ടരുത്. പൊട്ടിയാൽ ചുമരും പൊട്ടും. അതൊറപ്പാ' എന്ന ശിവരാമന്റെ വാക്കുകൾക്ക് ഏറെ മാനങ്ങളുണ്ട്. വ്യക്തിയുടെ ആശയ അടിത്തറ മാത്രമല്ല, സമൂഹത്തിന്റെ അടിത്തറയുടെ കൂടി പ്രശ്നമാണ്. മതനിരപേക്ഷ, പുരോഗമന ചിന്തക്ക് കരുത്തു പകരേണ്ട അടിത്തറയുടെ ദൗർബല്യം പ്രധാനമാണ്. അതില്ലാതെ വരുമ്പോഴാണ് ജന്മപാശമെന്ന പ്രയോഗത്തിൽ അഭയം തേടുന്നത്.

യഥാർത്ഥത്തിൽ  ‘ആരാടാ ചേച്ചി, പുലമാടല്ല ഇത് ' എന്ന ഞെട്ടലുളവാക്കിയ പ്രതികരണത്തിനുമുന്പുതന്നെ ബലരാമൻ താൻ ആരാണെന്നത് അയാൾ പല ഘട്ടങ്ങളിലും വ്യക്തമാക്കുന്നുണ്ട് . ‘താനൊരു സവർണ ജന്മി ദുഷ്പ്രഭു. ജനദ്രോഹി' എന്ന് സ്വയം വിശേഷിപ്പിക്കുന്നുണ്ട്. കമ്യൂണിസ്റ്റുകാർ കേരളത്തെ തങ്ങളുടെ അന്തസ്സിനൊത്ത് ജീവിക്കാൻ കൊള്ളാത്ത സ്ഥലമാക്കി എന്ന സംഘ പരിവാര പ്രചാരം ബലരാമനും ആവർത്തിക്കുന്നുണ്ട്.     "ഇതിനെ പന്തിഭോജനം ന്ന് പറയാം'. അവൻ പറഞ്ഞു. " ഒരു ചാത്തൻസ്, ഒരു ചെത്തു കത്തി, പിന്നൊരു ജന്മി ദുഷ്പ്രഭുവും’ ‐ അവൻ പൊട്ടിച്ചിരിച്ചു.  ഈ വാക്കുകളിലും അയാളും അയാളെ പോലുള്ളവരും എത്തിച്ചേർന്ന, അല്ലെങ്കിൽ എത്തിച്ചേരാത്ത ഇടവും വ്യക്തമാക്കുന്നുണ്ട്.

സമകാലിക കേരളീയ സമൂഹത്തിന്റെ അസ്വസ്ഥമാകുന്ന നേർക്കാഴ്‌ചകളിലേക്ക് തിരിച്ചു വച്ച കണ്ണാടി നൽകുന്ന മുന്നറിയിപ്പ് ഈ പ്രതിബിംബങ്ങളെ കാണാതെ മതനിരപേക്ഷ കേരളത്തിന് മുമ്പോട്ടുപോകാനാവില്ല എന്നതാണ്‌.

രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഒന്നും പഠിച്ചിട്ടല്ല കാഫ്ക പീറ്റർ ആന്റണി അടിയന്തരാവസ്ഥ കാലത്ത് മുന്നറിയിപ്പുകളില്ലാതെ സാഹസിക പ്രവർത്തനത്തിന് കോളേജിൽ തയ്യാറായത്. ‘മൗനം മുകുന്ദൻ പോലീസും പീറ്റർ ആന്റ ണിയും പിന്നെ ഞാനും' എന്ന കഥയിലെ പീറ്റർ ആന്റണി എങ്ങനെയാണ് യഥാർത്ഥ  ബലരാമനായത്. ഭീതി അടക്കിവാണ കാലത്ത് പ്രതിഷേധത്തിന്റെ ഭാഗമായ നോട്ടീസ് വിതരണത്തിന് പീറ്റർ സ്വയം പങ്കാളിയാവുകയായിരുന്നു. അയാളെ അതിന് പ്രേരിപ്പിച്ചത് ഉള്ളിലെ അഗ്നിയിൽ നിന്നും ആർജ്ജിതമായ ബലമായിരുന്നു.

ചരിത്രം പലപ്പോഴും അങ്ങനെയാണ്. ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിൽ പ്രതീക്ഷിക്കുന്നവർ ചിലപ്പോൾ തിരിഞ്ഞുനടന്നെന്നു വരും. എന്നാൽ, സമാധാന കാലത്ത് നിശ്ശ ബ്ദരായിരുന്നവർ പീഡനകാലത്ത് പോരാളികളായെന്നു വരാം.   മർദനങ്ങൾ ഏറ്റുവാങ്ങി പിന്നീട് അവർ വീണ്ടും സമാധാനകാലത്തിന്റെ ജീവിതത്തിലേക്ക് ഉൾവലിഞ്ഞെന്നും വരാം.
 
"സ്പെഷ്യൽ ബ്രാഞ്ചുകാർ വന്ന് എന്നെ നിലത്തിരുത്തി കാൽപ്പാദങ്ങളിൽ ലാത്തി കൊണ്ട് അടിച്ചപ്പോൾ കാൽ അനക്കാതിരിക്കാൻ പിടിച്ചുകൊടുത്തത് ആ പോലീസുകാരനാണ് ' എന്ന വാചകം വായിച്ചപ്പോൾ ഞാൻ വിദ്യാർഥിജീവിതകാലത്തെ ലോക്കപ്പിലെ അനുഭവം ഓർത്തു. കൂത്തുപറമ്പ് സംഭവത്തിന്റെ അന്ന്  പ്രതിഷേധം സംഘടിച്ചപ്പോൾ അറസ്റ്റ് ചെയ്ത ഞങ്ങളെ ലോക്കപ്പിൽ ഇട്ട് മർദ്ദിച്ചതിന്റെ കൂട്ടത്തിലെ കലാപരിപാടിയായിരുന്നു കാൽ വെള്ളയിലെ ചൂരൽ പ്രയോഗം. ഞങ്ങളെ പിടിച്ചുകൊണ്ടുപോകുന്നതുകണ്ട് കൂടെ കയറിവന്ന അബൂ എന്ന ചുമട്ടുതൊഴിലാളി വേദന സഹിക്കാൻ കഴിയാതെ കാൽ വലിച്ചപ്പോൾ ബൂട്ടുകൊണ്ട് ചവിട്ടിക്കൂട്ടി. ഇരുചെവിയും പൊത്തിയുള്ള അടിയും ഞങ്ങളുടെയും അനുഭവം.  സമാധാന കാലത്തും ഇങ്ങനെയൊക്കെ പ്രവർത്തിക്കുന്ന ഭരണകൂട ഉപകരണങ്ങൾ അടിയന്തരാവസ്ഥയിൽ എത്രമാത്രം ഭയാനക രൂപം കൈക്കൊണ്ടിട്ടുണ്ടാകുമെന്ന് പീറ്ററിന്റെ അവസ്ഥ ഓർമ്മിപ്പിക്കുന്നു.

കെട്ടകാലത്തിന്റെ പ്രയോഗങ്ങൾ മനുഷ്യ ജീവിതത്തെ എങ്ങനെയൊക്കെ മാറ്റിത്തീർക്കുമെന്ന വേദന നൽകിയ ഈ കഥയുടെ. തുടർച്ചയിൽ ‘തലകുത്തിമറിഞ്ഞുകളിക്കുന്ന മൂന്നു വൃദ്ധന്മാർ'  എന്ന പുതിയ കഥ അസ്വസ്ഥമാകാതെ വായിച്ചുതീർക്കാൻ കഴിയില്ല. ആൾക്കൂട്ടത്തിന്റെ ഫാസിസ്റ്റ് പ്രയോഗങ്ങൾ എങ്ങനെയാണ് ഇരകളെ മാറ്റിത്തീർക്കുന്നതെന്ന് ഈ കഥ ഓർമ്മിപ്പിക്കുന്നു. സമീപകാല സാമൂഹ്യാവസ്ഥയും മനുഷ്യജീവിതവും ഏറ്റവും ശക്തമായി അവതരിപ്പിക്കുകയാണ് ഈ കഥ ചെയ്യുന്നത്.  മലയാള കഥാചരിത്രത്തിൽ സവിശേഷമായ സ്ഥാനം ഈ കഥയ്‌ക്കുണ്ടായിരിക്കുമെന്നുറപ്പ്.

കോവിഡ് കാലത്തിന്റെ നിയന്ത്രണങ്ങൾ സാമൂഹ്യ ജീവിയായ മനുഷ്യനെ ഭ്രാന്തമായ അവസ്ഥയിലേക്ക് തള്ളിവിടുന്നുണ്ട്. ജലത്തിലെ മത്സ്യത്തെ പോല ജനങ്ങൾക്കിടയിൽ പ്രവർത്തിക്കേണ്ട കമുണിസ്റ്റുകാരുടെ കോവിഡ് കാലത്തെ അസ്വസ്ഥതയും അവസ്ഥയും കഥയിൽ കടന്നു വരുന്നുണ്ട്. എന്നാൽ, വർഗീയ ഫാസിസ്റ്റ് പ്രയോഗങ്ങൾ ഇരകളെ എങ്ങനെ സ്വയം ഉള്ളിലേക്ക് വലിയുന്നവരാക്കി മാറ്റുന്നു എന്നതാണ്  ഇതിലെ മുഖ്യ പ്രതിപാദ്യം. അവർ മനുഷ്യരെ ഭയക്കുന്നവരായി മാറുന്നു. ഗ്രാമത്തിൽ അധികാരവും സമ്പത്തും സ്വീകാര്യതയുമുണ്ടായിരുന്ന ബീരാൻ സാഹിബിന്റെ മക്കളെ മനുഷ്യരിൽ നിന്നും മറഞ്ഞു നടക്കുന്നവരാക്കി മാറ്റിയത് ചരിത്രത്തിൽ മനുഷ്യത്വമില്ലാതായ ഘട്ടങ്ങളാണ്. അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട കബീറിന് മർദനമേൽക്കേണ്ടി വന്നില്ലെങ്കിലും തന്നോടൊപ്പമുണ്ടായിരുന്നവരുടെ അനുഭവം അയാളെ പിടിച്ചുലച്ചു. പീറ്ററിൽ നിന്നും കബീർ  വ്യത്യസ്തനാകുന്നത് പിന്നീടുള്ള ഉൾവലിയലിലാണ്. രണ്ടാമത്തെയാൾ ഉൾവലിയുന്നത് വർഗീയാക്രമണത്തിൽ കൊല്ലപ്പെട്ട മുക്രിയുടെ വെട്ടിനുറുക്കപ്പെട്ട ശരീരം കണ്ടതിനുശേഷമാണ്. മൂന്നാമത്തയാളായ റഹീമിന്റെ പിൻവലിയലിനു സവിശേഷഘട്ടമില്ലെങ്കിലും അയാളുടെ അവസ്ഥയുടെ പശ്ചാത്തലത്തിലേക്ക് ഗുജറാത്ത് വംശഹത്യ കയറി വരുന്നു.

ഭയം വിതയ്‌ക്കുന്ന കാലത്തിന്റെ ഇരകൾക്ക്, തങ്ങൾക്കി തേവരെ ഉണ്ടായിരുന്ന പദവിയോ സമ്പത്തോ ജനകീയതയോ വിദ്യാഭ്യാസമോ  ആശ്വാസമോ പരിഗണനയോ നൽകുന്നില്ലെന്ന് രജിസ്ട്രാറായിരുന്ന ബീരാന്റെ വിദ്യാസമ്പന്നരായ മക്കളുടെ അനുഭവം പഠിപ്പിക്കുന്നു. അവിടെ രാഷ്ട്രീയവും മതവുമാണ് കാര്യങ്ങൾ നിർണയിക്കുന്നത്. ഗുജറാത്ത് വംശഹത്യയുടെ കാലത്ത് മുൻ പാർലമെണ്ട് അംഗമായിരുന്ന  എഹ്‌സാൻ ജെഫ്രിയുടെ കൊലപാതകം ഇതിന്‌ ഉദാഹരണമാണ്.

ബീരാൻ സാഹിബ്ബിന്റെ മക്കൾ ഇന്നത്തെ ഇന്ത്യയിലെ ദളിതനോ പിന്നോക്കക്കാരനോ മുസ്ലിമോ ആകാം. ബലം പ്രയോഗിക്കാതെ ഭയം ഉപയോഗിച്ച് ഭരണകൂടം അവരെ നിശബ്ദരാക്കും. അവർ ‘മനുഷ്യരെ' ഭയപ്പെടുന്നവരായി മാറുന്നു.  " ഈ റഹീം നിർബന്ധിച്ചിട്ടാണ് ഞങ്ങൾ മൂന്നു പേരും പുറത്തിറങ്ങിയത്. അവൻ പറഞ്ഞു പുറത്തൊന്നും ആരുമില്ല. പാതകളെല്ലാം വിജനമാണ്. അപ്പോൾ പുറത്തുവന്ന് കുറച്ചു സമയം ചെലവഴിക്കാമെന്നു വെച്ചു’. അത്ര തീക്ഷ്ണമായാണ് ഈ കഥ സമകാലിക മനുഷ്യ ജീവിതാവസ്ഥകളെ അവതരിപ്പിച്ചിരിക്കുന്നത്.
 
എന്നാൽ പ്രതീക്ഷയുടെ അപൂർവകിരണങ്ങൾ അവർ സൂചിപ്പിക്കുന്നു. ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായിരുന്ന രാഘവനെ തങ്ങൾക്ക് വിശ്വാസമുണ്ട് എന്നവർ പറയുന്നു. അതിനുള്ള കാരണങ്ങളിലൊന്ന് രാഘവന്റെ അച്ഛൻ ശേഖരേട്ടന്റെ ബീഡി ഷോപ്പിൽ മതം നോക്കാതെ മനുഷ്യർ ബീഡി തെറുത്തിരുന്ന കാലമാണ്.  ‘ശേഖരേട്ടൻ എനിക്ക് ഒരു പുസ്തകം തന്നു അന്ന്. രാഹുൽ സാംകൃത്യായന്റെ വോൾഗ മുതൽ ഗംഗ വരെ’ . മനുഷ്യകുലത്തിന്റെ  വളർച്ചയുടെ
ചരിത്രം പറയുന്ന ആ ഗ്രന്ഥം നമ്മളെ പലതും ഓർമ്മിപ്പിക്കുന്നു. സ്വന്തം അസ്തിത്വം സുരക്ഷിതമാക്കാൻ നടത്തിയ സമരങ്ങളുടെയും തീവ്രസംഘർഷങ്ങളുടെയും അവന്റെ സാമൂഹ്യപരിണാമങ്ങളുടെയും ചരിത്രം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം ബീരാൻ സാഹിബിന്റെ മക്കളെ പ്പോലുള്ള ഇരകളാക്കപ്പെട്ട മനുഷ്യർ ഇന്നു തങ്ങളുടെ അസ്തിത്വം തേടിക്കൊണ്ടേയിരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

കോവിഡ് കാലത്തെ ഈ മൂന്നു കഥകൾ വർത്തമാനത്തെ അടയാളപ്പെടുത്തുന്നു, ഭൂതകാലവുമായി ചേർത്തുവെയ്ക്കുന്നു. വർഗീയതയും ജാതീയതയും ഉറഞ്ഞുതുള്ളുന്ന കാലത്തിന്റെ പ്രതിരോധ സൂചനകൾ നൽകുന്നു. എഴുത്തുകാരന്റെ  രാഷ്ട്രീയവും എഴുത്തിന്റെ രാഷ്ട്രീയവും എല്ലാം ഒന്നാകണമെന്നില്ല. എന്നാൽ, അശോകൻ ചരുവിലിന്റെ കഥകളിൽ രണ്ടും ഒന്നാകുന്നു. പക്ഷേ, അങ്ങനെ ഒന്നാകുന്ന കൃതികൾ പലപ്പോഴും സർഗാത്മക സൃഷ്ടികളാകണമെന്നില്ല. അശോകൻ ചരുവിലിന്റെ കഥകൾ ഒരേസമയം ഇതു രണ്ടുമാകുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ജനറൽ സെക്രട്ടറി എന്ന ഉത്തരവാദിത്ത നിർവഹണം അദ്ദേഹത്തിലെ കഥാകാരനെ പരിമിതപ്പെടുത്തിയില്ലെന്നു മാത്രമല്ല കുറെക്കൂടി കാലികനായ എഴുത്തുകാരനാക്കി ഉയർത്തിയിരിക്കുന്നു. നിരന്തരം നമ്മെ അസ്വസ്ഥമാക്കുകയും ഇളക്കിമറിക്കുകയും ചെയ്യുന്ന കഥകളാൽ ഇനിയും മലയാള ഭാഷയെയും സംസ്കാരത്തെയും സമ്പന്നമാക്കാനും മനുഷ്യരെ തിരിച്ചറിവുകളിലേക്ക് നയിക്കാനും കഴിയട്ടെ .

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top