ബുക്കർ പുരസ്കാരത്തിന്റെ 55 വർഷത്തെ ചരിത്രത്തിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ആറ് എഴുത്തുകാരിൽ അഞ്ച് പേരും സ്ത്രീകളാണ്. ജൂലൈ 30ന് പുറത്തുവിട്ട ദീർഘപട്ടികയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറ് പുസ്തകങ്ങളാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്.
റേച്ചൽ കുഷ്‌നർ (ക്രിയേഷൻ ലെയ്ക്ക്), സാമന്ത ഹാർവി(ഓർബിറ്റൽ), ആൻ മൈക്കിൾസ് (ഹെൽഡ്), ഷാർലറ്റ് വുഡ് (സ്റ്റോൺ യാർഡ് ഡിവോഷണൽ), യേൽ വാൻ ഡെർ വൗഡെൻ(ദ് സെയ്ഫ് കീപ്), പെർസിവൽ എവററ്റ് (ജെയിംസ്) എന്നിവരാണ് ചുരുക്കപ്പട്ടികയിലിടം നേടിയ എഴുത്തുകാർ.
പുരസ്കാരത്തിനായി ചുരുക്കപട്ടികയിൽ ചേർക്കപ്പെട്ട ആദ്യ ഡച്ച് എഴുത്തുകാരിയാണ് യേൽ വാൻ ഡെർ വൗഡെൻ. ഇവരുടെ ആദ്യ പുസ്തകമാണ് 'ദ് സെയ്ഫ് കീപ്'. പത്തുവർഷത്തിനു ശേഷം ഒരു ഓസ്‌ട്രേലിയൻ രചയിതാവ് (ഷാർലറ്റ് വുഡ്) ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു എന്നതും പ്രത്യേകതയാണ്.
നവംബർ 12ന് ലണ്ടനിലെ ഓൾഡ് ബില്ലിംഗ്ഗേറ്റിൽ നടക്കുന്ന ചടങ്ങിലാണ് 2024ലെ ബുക്കർ പ്രൈസ് ജേതാവിനെ പ്രഖ്യാപിക്കുക. ബുക്കർ പ്രൈസ് ജേതാവിന് 50,000 പൗണ്ടാണ് സമ്മാനത്തുക. ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടവർക്ക് 2500 പൗണ്ട് വീതവും അവരുടെ പുസ്തകത്തിന്റെ പ്രത്യേക പതിപ്പും ലഭിക്കും.
എഴുത്തുകാരൻ എഡ്മണ്ട് ഡി വാൾ അധ്യക്ഷനായ ആറംഗ ജഡ്ജിംഗ് പാനലാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുക്കുക. നോവലിസ്റ്റ് സാറാ കോളിൻസ്, ഗാർഡിയന്റെ ഫിക്ഷൻ എഡിറ്റർ, ലോകപ്രശസ്ത എഴുത്തുകാരനും പ്രൊഫസറുമായ ജസ്റ്റിൻ ജോർദാൻ, യിയുൻ ലി, സംഗീതജ്ഞനും സംഗീതസംവിധായകനും നിർമ്മാതാവുമായ നിതിൻ സാഹ്‌നി എന്നിവരാണ് ജഡ്ജിംഗ് പാനലിലെ മറ്റ് അംഗങ്ങൾ. 'വർത്തമാനകാല ലോകത്തെ അതിൻ്റെ എല്ലാ അസ്ഥിരതയിലും സങ്കീർണ്ണതയിലും അഭിമുഖീകരിക്കുന്ന ആളുകളുടെ കഥയെഴുത്ത് ഇതാ. വായിക്കുന്നത് തുടരാനും സുഹൃത്തുക്കളെ വിളിക്കാനും ഈ കഥയെഴുത്തുകാരെക്കുറിച്ച് അവരോട് പറയാനും ഞങ്ങളെ പ്രേരിപ്പിച്ച പുസ്തകങ്ങളാണ് ഇവ' എന്നാണ് ജഡ്ജിംഗ് പാനൽ അധ്യക്ഷൻ എഡ്മണ്ട് ഡി വാൽ ചുരുക്കപ്പട്ടികയെക്കുറിച്ച് പറഞ്ഞത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..