23 December Monday

‘ബൗദി’യിലെ സ്‌ത്രീകൾ

മായാദത്ത്‌Updated: Wednesday Sep 4, 2024

 

കണക്കൂര്‍ ആര്‍ സുരേഷ്‌കുമാറിന്റെ ‘ബൗദി’ എന്ന നോവല്‍ വായിച്ചു തീര്‍ക്കുമ്പോള്‍ ഉള്ളുലയ്ക്കുന്ന വേദനയായി കാദംബരി അവശേഷിക്കുന്നു. നോവലിന്റെ അവസാനം നഷ്ടമാകുന്ന സാബത്ത് എന്ന വേലക്കാരിയും ബൗദ്ധിക സ്ത്രീജീവിതത്തിന്റെ അടയാളമായി അവശേഷിക്കുന്നു.

‘വെള്ളക്കാരുടെ ഇടയില്‍ അപൂർവമായി ഇരുണ്ട മുഖമുള്ള സ്ത്രീകളെ കണ്ടപ്പോള്‍ നീയെന്നെ ഓര്‍ത്തില്ലേ?', ബൗദി ഭാനുവിനോട് ചോദിക്കുന്നതാണ്. കാർവാറിലെ ജില്ലാ ജഡ്ജിയുടെ ഔദ്യോഗിക വസതിയിലെ തോട്ടത്തില്‍ ഒരു സന്ധ്യാവേളയില്‍ ജോറസങ്കോ കുടുംബത്തിലെ മൂന്നു മക്കളും രണ്ടു മരുമക്കളും രണ്ടു കൊച്ചുമക്കളും കൂടി സായാഹ്നം ചിലവഴിച്ച് അത്താഴം കഴിക്കാന്‍ പോകുന്നതിനിടയിലായിരുന്നു ബൗദിയുടെ ഈ ചോദ്യം.‘ഓര്‍ത്തിരിക്കാം ബൗദീ' എന്ന് ഭാനു മറുപടി പറയുമ്പോള്‍ ഭാനുവും ബൗദിയും ആരെന്നറിയുന്ന വായനക്കാരുടെ ഉള്ളൊന്നു പിടയ്ക്കും.

കണക്കൂര്‍ ആര്‍ സുരേഷ്‌കുമാറിന്റെ ‘ബൗദി’ എന്ന നോവല്‍ വായിച്ചു തീര്‍ക്കുമ്പോള്‍ ഉള്ളുലയ്ക്കുന്ന വേദനയായി കാദംബരി അവശേഷിക്കുന്നു. നോവലിന്റെ അവസാനം നഷ്ടമാകുന്ന സാബത്ത് എന്ന വേലക്കാരിയും ബൗദ്ധിക സ്ത്രീജീവിതത്തിന്റെ അടയാളമായി അവശേഷിക്കുന്നു. 1883‐1884 കാലഘട്ടത്തില്‍ കാര്‍വാറില്‍ ജില്ലാ ജഡ്ജിയായി നിയമിതനായ സത്യേന്ദ്രനാഥ ടാഗോര്‍ അവിടെ സേവനമനുഷ്ഠിച്ച കാലയളവിലെ ഒരു ഏടാണ് നോവലിന്റെ പശ്ചാത്തലം.

ജ്യേഷ്ഠന്‍ ജോലി ചെയ്യുന്ന സ്ഥലത്ത് അവധിക്കാലം ആഘോഷിക്കാന്‍ വന്നെത്തുന്ന രണ്ട് അനുജന്മാരും അതിലൊരാളുടെ ഭാര്യയും ജ്യേഷ്ഠന്റെ രണ്ടു മക്കളുമടങ്ങുന്ന വിരുന്നുകാരുടെ വരവും അതിനായി ആ കുടുംബത്തില്‍ നടക്കുന്ന ഒരുക്കങ്ങളും വിരുന്നുകാര്‍ നടത്തുന്ന മൂന്നു തോണിയാത്രകളുമാണ് നോവലിന്റെ ഉള്ളടക്കം.

നോവലിലെ പ്രധാന സ്ത്രീകഥാപാത്രങ്ങളില്‍ ഒരാളാണ് ജ്ഞാനദ നന്ദിനിദേവി. ജോറസങ്കോ കുടുംബത്തിലെ ഏറ്റവും മൂത്ത ജ്യേഷ്ഠനായ സത്യേന്ദ്രനാഥ ടാഗോറിന്റെ ഭാര്യയാണിവര്‍. തീക്ഷ്ണശക്തിയുള്ള കണ്ണുകള്‍ക്കുടമ. ജാതിയ്ക്കും മതത്തിനുമതീതയായി ചിന്തിക്കുന്നവള്‍.

ഒരു മുഹമ്മദീയയെ ജില്ലാജഡ്ജിയുടെ ബംഗ്ലാവില്‍ ജോലിക്കു നിര്‍ത്താന്‍ ചങ്കൂറ്റം കാണിച്ചവള്‍. ഭര്‍ത്താവിന്റെയൊപ്പം ജീവിക്കാനായി കുടുംബത്തിലെ വിലക്കുകള്‍ മറികടന്ന് ഭർതൃവീട്ടിൽ നിന്ന്  പുറത്തിറങ്ങി കടൽയാത്ര നടത്താന്‍ ധൈര്യം കാണിച്ചവള്‍.

ബംഗാളി സ്ത്രീകളുടെ വസ്ത്രധാരണത്തിലെ സങ്കീർണത പരിഹരിച്ചെടുക്കാൻ ഗുജറാത്തി, മറാഠി സ്ത്രീകള്‍ സാരിയുടുക്കുന്ന രീതികൾ മിശ്രണം ചെയ്ത് ഇന്ത്യന്‍ സ്ത്രീകള്‍ ഇന്നുടുക്കുന്ന രീതിയില്‍ പരിഷ്‌കരിച്ചെടുത്ത നാരീരത്‌നമാണവര്‍. ബാലവിവാഹത്തിലൂടെ ആ കുടുംബത്തില്‍ എത്തിയതാണെങ്കിലും വിദ്യാഭ്യാസത്തിനും കുടുംബത്തിന്റെ അന്തസ്സ് നിലനിര്‍ത്തുന്നതിലും ജ്ഞാനദ നന്ദിനിദേവി ശ്രദ്ധിച്ചിരുന്നു.

ബംഗ്ലാവിന്റെ മുക്കിലും മൂലയിലും അവരുടെ കണ്ണെത്തും. കുടുംബാംഗങ്ങളുടെ ചെറിയ കാര്യങ്ങളില്‍പ്പോലുമുള്ള ശ്രദ്ധ അവരെ എല്ലാവരാലും ആദരണീയയാക്കി. ജോലിക്കാരെയും വീട്ടിലുള്ള മറ്റുള്ളവരെയും നിയന്ത്രിക്കാനുള്ള മിടുക്ക് അവളുടെ പ്രത്യേകതയായിരുന്നു.

നോവലിലെ ഏറ്റവും പ്രധാന കഥാപാത്രമാണ്  കാദംബരി. രവിയുടെ ബൗദി. രവിയുടെ കവിതകളെ ആത്മാവിന്റെ ഭക്ഷണമാക്കിയവള്‍. രവീന്ദ്രനാഥ ടാഗോറിന്റെ ജ്യേഷ്ഠന്‍ ജ്യോതീന്ദ്രനാഥ ടാഗോറിന്റെ ഭാര്യയായിരുന്നു കാല്പനിക ലോകത്തില്‍ ജീവിക്കുന്ന കാദംബരി.

അവള്‍ സ്വപ്നം കണ്ടതും സ്‌നേഹിച്ചതും പക്ഷേ ഭര്‍ത്തൃസഹോദരനായ രവിയെ. പക്ഷേ, അത് ഒരിക്കലും മാംസനിബദ്ധമായൊരു പ്രണയമായിരുന്നില്ല. ചുവരുകള്‍ പോലും സംസാരിക്കുന്ന ജോറസങ്കോ കുടുംബത്തിലെ മുറികള്‍ക്കുള്ളില്‍ സ്‌നേഹത്തിനായി ദാഹിച്ചിരുന്ന വേഴാമ്പലായിരുന്നു അവള്‍.

അതുകൊണ്ടാവാം പ്രണയകവിതകള്‍ പാടിയ ബിഹാരിലാലും അവള്‍ക്ക് പ്രിയപ്പെട്ടവനായത്. മൂത്ത ജ്യേഷ്ഠത്തിയമ്മ ജ്ഞാനദ നന്ദിനി ദേവിയുടെ ആജ്ഞാശക്തിക്കു മുന്നില്‍ കൂസലില്ലാതെ നില്‍ക്കാന്‍ അവള്‍ക്കായത് ഒരു പക്ഷേ ആ പ്രണയാര്‍ദ്രമായ മനസ്സു നല്‍കിയ ധൈര്യമാവാം.

വിവാഹം കഴിഞ്ഞാല്‍ രവിയെ എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന് കാദംബരിക്കറിയാമായിരുന്നു. എങ്കിലും രവിയെ വിവാഹം കഴിക്കുന്നതില്‍നിന്ന് അവള്‍ വിലക്കുന്നില്ല. പക്ഷേ, തന്റെ വിധി രവിയുടെ ഭാര്യയ്ക്കും വരരുതെന്ന് അവള്‍ ആഗ്രഹിച്ചു.

പിതാവ് ദേവേന്ദ്ര ഗുരുജി ചൂണ്ടിക്കാണിക്കുന്ന പെണ്ണിനെ നീ കണ്ണടച്ചു സ്വീകരിക്കരുതെന്നു പോലും ഒരു ഘട്ടത്തില്‍ അവള്‍ രവിയോട് പറയുന്നുണ്ട്. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിട്ടും നഷ്ടബന്ധങ്ങളുടെ വേദന പേറി ജീവിതത്തോട് വിട പറഞ്ഞവളായിരുന്നു കാദംബരി.

കാളീനദിയിലൂടെയൊഴുകി നടക്കുന്ന തോണി പോലൊരു ജീവിതം നയിച്ചവളെന്നും രവി എഴുതി മുഴുമിപ്പിക്കാതെ പാതിയില്‍ വിട്ടുപോയൊരു കവിതയാണ് രവിയുടെ ബൗദിയെന്നും നോവലിസ്റ്റ് പറയുമ്പോള്‍ വായനക്കാരുടെയുള്ളിലൊരു വിങ്ങല്‍ ഉരുണ്ടുകൂടുന്നു. നോവലിന്റെ ഒരദ്ധ്യായത്തില്‍ രവിയും കാദംബരിയും കാളീനദിയും ചേര്‍ന്ന് ഒരു ഭ്രമലോകം തന്നെ സൃഷ്ടിക്കപ്പെടുന്നുണ്ട്.

നോവലിന്റെ ഒഴുക്ക് സുഗമമാക്കാന്‍ നോവലിസ്റ്റ് സൃഷ്ടിച്ച കഥാപാത്രമാണ് സാബത്ത്. മലബാറില്‍നിന്ന് കടുവാഡയിലേക്കു കുടിയേറിപ്പാര്‍ത്ത, വിദ്യാഭ്യാസത്തിനു വളരെ പ്രാധാന്യം നല്‍കുന്ന ഉപ്പയുടെ മകള്‍. അവള്‍ക്കു ഒന്ന് മുതല്‍ നൂറുവരെ എണ്ണാനറിയാം. ക്ലോക്കില്‍ സമയം നോക്കാനറിയാം. അവളുടെ കൂട്ടുകാരികള്‍ക്കോ കോളനിയിലെ മറ്റു സ്ത്രീകള്‍ക്കോ ഇല്ലാത്ത സിദ്ധികളായിരുന്നു ഇതൊക്കെ. അതുകൊണ്ടുതന്നെയാണ് മുഹമ്മദീയയായിട്ടും അവള്‍ക്കു ജഡ്ജിയേമാന്റെ വീട്ടുവേലക്കാരിയായി ജോലികിട്ടിയത്.

വിരുന്നുകാരിയായി ബംഗ്ലാവിലെത്തിയ കാദംബരിയുടെ മാനസതോഴിയാകാന്‍ സാബത്തിനു പെട്ടെന്നു സാധിച്ചു. രവിയേയും കാദംബരിയേയും മാത്രമായി മൂന്നാം തോണിയാത്രയ്ക്കു തയ്യാറെടുപ്പിക്കുന്നതൊക്കെ സാബത്താണ്.

പ്രണയം എന്തെന്നും, നഷ്ടപ്രണയത്തിന്റെ വേദനയെന്തെന്നും സാബത്തിനേക്കാള്‍ നന്നായി വേറെ ആര്‍ക്കറിയാനാണ്. അവളുടെ ഇരട്ടി പ്രായമുള്ള ഭര്‍ത്താവ് ഉസ്മാന്‍ കടലില്‍ പോകുമ്പോള്‍ പൊളിക്കാനിട്ട പത്തേമാരിയില്‍ പാമീറുമായി അവള്‍ സന്ധിച്ചതും അതുകൊണ്ടു തന്നെയാണ്.

ഒന്നും മിണ്ടാതെ പാമീര്‍ നാടുവിട്ടു പോയപ്പോള്‍ അസ്‌റഫ് അവള്‍ക്കു കാമുകനായി വന്നു. അവനേയും മനസ്സുനിറയെ സ്‌നേഹിക്കാന്‍ അവള്‍ക്കാകുന്നുണ്ട്.  സാബത്തിലൂടെ നോവലിസ്റ്റ് വരച്ചുകാണിക്കുന്ന സ്ത്രീ ഏറെ ആഴമുള്ള കഥാപാത്രമാണ്.

രബീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് പല കഥകളുണ്ട്. അതിലൊന്നാണ് അദ്ദേഹത്തിന് ജ്യേഷ്ഠഭാര്യ കാദംബരിയുമായുണ്ടായിരുന്ന പ്രണയം. ബൗദിയിലൂടെ ആ പ്രണയത്തിന്റെ തീവ്രത വായനക്കാര്‍ക്ക് യഥാതഥം മനസ്സിലാക്കിത്തരികയാണ് നോവലിസ്റ്റ്.

രബീന്ദ്രനാഥ ടാഗോറിനെക്കുറിച്ച് പലകഥകളുണ്ട്. അതിലൊന്നാണ് അദ്ദേഹത്തിന് ജ്യേഷ്ഠഭാര്യ കാദംബരിയുമായുണ്ടായിരുന്ന പ്രണയം. ബൗദിയിലൂടെ ആ പ്രണയത്തിന്റെ തീവ്രത വായനക്കാര്‍ക്ക് യഥാതഥം മനസ്സിലാക്കിത്തരികയാണ് നോവലിസ്റ്റ്. കാദംബരിയുടെ മനസ്സില്‍ ഭാനു എന്ന് അവള്‍ വിളിക്കുന്ന രബീന്ദ്രന്റെ സ്ഥാനം ശരിക്കും എന്തായിരുന്നുവെന്ന് നോവല്‍ കൃത്യമായി കാണിച്ചുതരുന്നു.

ഇതിലൂടെ ടാഗോര്‍ കുടുംബത്തിന് രാജ്യത്തോടുണ്ടായിരുന്ന കടപ്പാടും, സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനുള്ള മനസ്ഥിതിയും പരിസ്ഥിതിയോടുള്ള കൂറും വേലക്കാരോടും സമൂഹത്തില്‍ താഴ്ന്ന നിലയിലുള്ളവരോടുമുള്ള സഹാനുഭൂതിയും ഒക്കെ കണക്കൂര്‍ വിവരിക്കുന്നുണ്ട്. അതേസമയം, ഇന്ത്യയിലെ തന്നെ അറിയപ്പെടുന്നൊരു കുടുംബത്തെക്കുറിച്ച് എഴുതുമ്പോള്‍ കഥ യാഥാര്‍ത്ഥ്യത്തില്‍ നിന്നു വ്യതിചലിക്കുവാതിരിക്കാന്‍ ശ്രദ്ധ ചെലുത്തുന്നുമുണ്ട്.

 സാബത്ത് അരങ്ങുവാഴുന്ന ഈ നോവലില്‍ കഥാഗതിയെ നിര്‍ണ്ണയിക്കുന്നത് മൂന്നു തോണിയാത്രകളാണ്. കടലില്‍ നടത്തിയ ആദ്യ തോണിയാത്രയില്‍ കുടുംബാംഗങ്ങളില്‍ മൂത്ത രണ്ടു ജ്യേഷ്ഠന്മാരും ഇല്ലായിരുന്നു. രണ്ടാം യാത്ര കാളീനദിയിലൂടെയായിരുന്നു. അതില്‍ ജില്ലാ ജഡ്ജിയായ മൂത്ത സഹോദരനൊഴികെ ബാക്കി എല്ലാവരും പങ്കെടുത്തു. അതിസങ്കീര്‍ണ്ണമായിരുന്നു ആ യാത്ര.

മൂന്നാം യാത്ര 22 വയസ്സുള്ള രബീന്ദ്രനും അവന്റെ ബൗദിയും മാത്രമായിട്ടായിരുന്നു. മൂന്നാം യാത്രയ്ക്കായി വേണ്ട ഒരുക്കങ്ങളൊക്കെ രഹസ്യമായി ചെയ്തുകൊടുത്തതോ, കാദംബരിയുടെ ഭാഷ പോലും മനസ്സിലാകാഞ്ഞിട്ടും അവളുടെ മനസ്സറിഞ്ഞ സാബത്തും. മൂന്നാമത്തെ തോണിയാത്ര ഒരു പ്രണയകാവ്യം പോലെ മനോഹരമാണ്.

കാദംബരിക്ക് രവിയോടുള്ള സ്‌നേഹവും പ്രതിപത്തിയും രവിയ്ക്കു തിരിച്ച് കാദംബരിയോടുള്ള മനോഭാവവും നോവലില്‍ പലയിടത്തുമായി എഴുത്തുകാരന്‍ വരച്ചുവെച്ച അവരുടെ സംഭാഷണത്തിലൂടെ തെളിയുന്നു. എല്ലാത്തിനും മേലെ സ്ത്രീകഥാപാത്രങ്ങളുടെ മിഴിവു തന്നെയാണ് നോവലിനെ കൂടുതല്‍ ശ്രേഷ്ഠമാക്കുന്നത്. അഷ്ടമൂര്‍ത്തിയുടെ അവതാരികയും ബംഗളയില്‍ നിന്ന് മൊഴിമാറ്റപ്പെട്ട കവിതാശകലങ്ങളും നോവലിന് മാറ്റുകൂട്ടുന്നു. 


ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top