19 December Thursday

വിമോചനസമരങ്ങൾക്ക് 'സുമുദ്' ഉണ്ടാവട്ടെ

ദീപക്‌ പച്ചUpdated: Sunday Oct 13, 2024

'സുമുദ്' എന്ന അറബി വാക്കിന്റെ മലയാളത്തിലുള്ള അർത്ഥം 'ദൃഢമായ സ്ഥിരോത്സാഹം' എന്നാണ്. പലസ്തീൻ വിമോചന പോരാട്ടത്തിന്റെ ആത്മാവിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് സുമുദ്. മനുഷ്യരുടെ വിമോചനത്തെ ഒരു സ്വപ്നമായി സൂക്ഷിക്കുന്ന എല്ലാം രാഷ്ട്രീയജീവികളുടെയും തീരാത്ത വേദനയും അടങ്ങാത്ത ആവേശവുമാണ് പലസ്തീനും ആ ജനതയുടെ പോരാട്ടവും.

പലസ്തീൻ വിമോചന പോരാട്ടത്തെക്കുറിച്ചു തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാട് വിശദീകരിക്കുന്ന ചെറിയ പുസ്തകമാണ് ഹൈദർ ഈദ് എഴുതിയ "Decolonising the Palestinian Mind". ഗാസയിലെ അൽ അക്സ സർവ്വകലാശാലയിലെ പ്രൊഫസറായ ഹൈദർ ഈദ് നിച്ചു വളർന്നത് ഗാസയിലെ അഭയാർത്ഥി ക്യാമ്പിൽ. താൻ പിഎച്ച്ഡി ചെയ്ത സൗത്ത് ആഫ്രിക്കയിൽ അധ്യാപകനായി തുടരാമായിരിന്നിട്ടും രണ്ടാം ഇന്റിഫാഡയുടെ സമയത്ത് ഗാസയിലേക്ക് തിരിച്ചു വന്ന ആളാണ് അദ്ദേഹം.

2023 നവംബറിലാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചതെങ്കിലും കഴിഞ്ഞ ഒരു വർഷമായി നടക്കുന്ന ഇസ്രായേൽ ഭീകരാതിയെയോ ഗാസയിലെ മനുഷ്യരുടെ യാതനകളെയോ കുറിച്ചല്ല പുസ്തകം. പുസ്തകം പ്രധാനമായും കൈകാര്യം ചെയ്യുന്ന പ്രമേയങ്ങൾ  ഒസ്ലോ ഉടമ്പടിയിലെ വഞ്ചനയും, ദ്വിരാഷ്ട്ര പരിഹാരത്തിന്റെ (Two state solution) മൗലികമായ പ്രശ്നങ്ങളും,  പലസ്തീൻ വിമോചന സമരത്തിന്റെ ഉള്ളടക്കത്തെ ഉൾക്കൊണ്ടു കൊണ്ടുള്ള പരിഹാരം എന്താണ് എന്നതാണ്. ഈ വിശകലനം മുഴുവൻ അദ്ദേഹം നടത്തുന്നത് സയണിസ്റ്റ് ഇസ്രായേൽ പലസ്തീൻ ജനതയോട് ചെയ്യുന്ന ക്രൂരതയെ സൗത്ത് ആഫ്രിക്കയിലെ വർണ്ണ വിവേചനത്തോട് താരതമ്യപ്പെടുത്തിയാണ്.

വർണ്ണ വിവേചനകാലത്ത് ട്രൈബൽ തലവന്മാർക്ക് അധികാരമുള്ള പ്രത്യേക പ്രദേശം ബന്തുസ്ഥാൻ (Bantustan) എന്ന പേരിൽ കൊടുത്ത് വർണ്ണ വിവേചന പ്രശ്നങ്ങൾക്ക് വ്യാജമായ പരിഹാരം  കാണുന്നത് പോലെയാണ് ഓസ്ലോ ഉടമ്പടിയും ശ്രമിച്ചത്. അധികാരത്തിൽ മാത്രം കണ്ണ് നട്ടിരിക്കുന്ന ട്രൈബൽ തലവന്മാർ  ബന്തുസ്ഥാനെ  സ്വീകരിച്ചത് പോലെയാണ് പിഎൽഒ യുടെ നേതാക്കളും ഒസ്ലോ ഉടമ്പടിക്ക് കീഴടങ്ങിയത് എന്നും ഹെയ്ദ്ർ വാദിക്കുന്നു.

അമേരിക്കൻ സ്വമ്രാജ്യത്വം ഒരുക്കിയ കെണിയിൽ പിഎൽലോ നേതൃത്വം വീണു പോയതിന്റെ ഭാഗമായാണ് 1993 ലെ ഓസ്ലോ ഉടമ്പടി ഉണ്ടായത്. അതിനെതിരെ ഏറ്റവും ശക്തമായ വിമർശനങ്ങളുമായി മുന്നോട്ട് വന്ന ചിന്തകനായിരുന്നു എഡ്വേർഡ് സെയ്ദ്. ഒസ്ലോ ഉടമ്പടി ഏത് നിലയിൽ പലസ്തീൻ വിമോചന പോരാട്ടത്തെ വഞ്ചിച്ചു എന്ന് ഹെയ്ദർ വിശദീകരിക്കുന്നത് എഡ്വേർഡ് സെയിദിന്റെ രചനകളെ മുൻനിർത്തിയാണ്. പലസ്തീൻ ജനതയെന്നത് പ്രധാനമായും മൂന്ന് വിഭാഗങ്ങളിലായാണ് ഇപ്പോഴുള്ളത്, ഗാസയിലെ വെസ്റ്റ് ബാങ്കിലും ജീവിക്കുന്നവർ, അഭയാർത്ഥികളായി മറ്റു രാജ്യങ്ങളിൽ കഴിയുന്നവർ, രണ്ടാം തരം പൗരന്മാരായി ഇസ്രയേലിനകത്ത് ജീവിക്കുന്നവർ, ഓസ്ലോ ഉടമ്പടി അഭയാർത്ഥികളുടെ തിരിച്ചു വരവിനെക്കുറിച്ചോ, ഇസ്രായേലിൽ കഴിയുന്ന പലസ്തീൻ ജനതയുടെ അവകാശങ്ങളെക്കുറിച്ചോ ഒന്നും പറയുന്നില്ല. മാത്രവുമല്ല പലസ്തീൻ ജനതയുടെ പരമാധികാരത്തെ അത് അംഗീകരിക്കുന്നുമില്ല.

അതേസമയം ഒസ്ലോ ഉടമ്പടി പ്രകാരം ഇസ്രായേൽ-പലസ്തീൻ പ്രശ്‌നത്തിന് സമാധാന പൂർണ്ണമായ പരിഹാരമായി എന്ന ഒരു തെറ്റായ ബോധം ഒരു കൂട്ടം  പലസ്തീനികൾക്കിടയിലും അന്താരാഷ്ട്ര സമൂഹത്തിനിടയിലും അത് സൃഷ്ട്ടിക്കുകയും ചെയ്തു. ഒസ്ലോ ഉടമ്പടി വഴി കോളനിവൽക്കരിക്കപ്പെട്ട പലസ്തീൻ ജനതയുടെ മനസ്സിന്റെ അപകോളനിവൽക്കരണമാണ് ഓസ്ലോ ഉടമ്പടി അനന്തര പലസ്തീൻ വിമോചന പോരാട്ടത്തിലെ പ്രധാന വെല്ലുവിളി എന്ന് ഹെയ്ദർ വാദിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് 2006 ലെ തിരഞ്ഞെടുപ്പിൽ ഹമാസ് വിജയിക്കുന്നത്. ഹമാസിന് വോട്ട് ചെയ്ത പലസ്തീൻ ജനതയിൽ നല്ലൊരു ശതമാനവും അവരുടെ മതരാഷ്ട്ര പ്രത്യയശാസ്ത്രത്തിൽ വിയോജിപ്പുള്ളവരായിട്ടും അങ്ങനെ ചെയ്യേണ്ടി വന്നത് ഒസ്ലോ ഉടമ്പടിയിലെ വഞ്ചന കൊണ്ടാണ്. എന്നാൽ പി.എൽ.ലോ യുടെ ദ്വിരാഷ്ട്ര പരിഹാരം എന്ന മാർഗ്ഗത്തിലേക്ക് ഹമാസും എത്തിയതോടെ പുതിയ രാഷ്ട്രീയ നേതൃത്വത്തിന്  മാത്രമേ പലസ്തീൻ പോരാട്ടത്തെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയൂ എന്നാണ് പുസ്തകത്തിൽ പറയുന്നത്.

നീണ്ട 27 വർഷങ്ങൾ ജയിലിൽ കിടന്നപ്പോഴും നെൽസൺ മണ്ടേല ബന്തുസ്ഥാൻ പോലുള്ള ഒത്തു തീർപ്പ് നിർദ്ദേശങ്ങളിൽ വീഴാതെ പോരാട്ടം തുടർന്നതിന്റെ ഫലമായാണ് സൗത്ത് ആഫ്രിക്കയിൽ വർണ്ണ വിവേചനം അവസാനിച്ചത്. അതുപോലെ പലസ്തീൻ ജനതയുടെ സമരവും വിജയിക്കുമെന്നും അതിനായി വർണ്ണ വിവേചന പോരാട്ടത്തിന് ലഭിച്ചത് പോലെ അന്താരാഷ്ട്ര പിന്തുണ പലസ്തീൻ പോരാട്ടത്തിനും ലഭിക്കേണ്ടതുണ്ട്. സൗത്ത് ആഫ്രിക്കയിൽ വെള്ളക്കാർ നടത്തിയതിനേക്കാൾ ക്രൂരമായ നിലയിൽ ആധുനിക യുദ്ധ സമഗ്രഹികൾ ഉപയോഗിച്ചുള്ള കോളനി വൽക്കരണമാണ് ഇസ്രായേൽ പലസ്തീന് നേരെ നടത്തുന്നത്.

ഫത്വയുടെ നേതൃത്വത്തിലുള്ള സെക്കുലർ വലതുപക്ഷത്തിനും, ഹമാസിന്റെ നേതൃത്വത്തിലുള്ള മതരാഷ്ട്രവാദ വലതുപക്ഷത്തിനും, PFLPയുടെയും DFLP യുടെയും നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിനും എന്താണ് പ്രതിസന്ധി എന്നും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ഒസ്ലോ ഉടമ്പടിയോടു കൂടി ഇടതുപക്ഷം NGO വൽക്കരിക്കപ്പെട്ടു എന്നതാണ് ഹെയ്ദറിന്റെ വിമർശനം.

ദ്വിരാഷ്ട്ര പരിഹാരത്തിന് ബദലായി ഹെയ്ദർ നിർദ്ദേശിക്കുന്നത് ഹിസ്റ്റോറിക് പലസ്തീനിൽ ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രവുമാണ്. മതത്തിനും, ലിംഗത്തിനും, നിറത്തിനും അനുസരിച്ചു വിവേചനമില്ലാത്ത എല്ലാവര്ക്കും ഒരേ അവകാശങ്ങൾ നൽകുന്ന ഒരു രാഷ്ട്രം.
ലെഫ്റ്റ്വേർഡ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകത്തിന്റെ ആകെ ഉള്ളടക്കത്തെ സംഗ്രഹിച്ചു  പിൻകുറിപ്പിൽ മാധ്യമ പ്രവർത്തക വിക്ടോറിയ ബ്രിട്ടെയിൻ എഡ്വേർഡ് സെയ്ദ് ഒരിക്കൽ പറഞ്ഞത് ഉദ്ധരിക്കുന്നുണ്ട്

“…ഫ്രാൻസ് ഫാനൻ 1960-ൽ പറഞ്ഞത് ശരിയായിരുന്നു .  ഒരു ഫ്രഞ്ചുപോലീസുകാരന് പകരം ഒരു അൾജീരിയൻ പോലീസുകാരനെ നിയമിക്കുക എന്നതല്ല അൾജീരിയൻ വിമോചന പോരാട്ടത്തിന്റെ ലക്ഷ്യം.  മറിച്ചു ജനതയുടെ ബോധത്തിൽ തന്നെ മാറ്റമുണ്ടാക്കുക എന്നതാണ്.”

പോരാട്ടങ്ങൾ അവസാനിക്കുന്നില്ല. അതിനു നമുക്കെല്ലാം സുമുദുണ്ടാകട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top