18 October Friday

ദിനേശൻ പുത്തലത്തിന്റെ നാല് പുസ്തകം വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

ദിനേശൻ പുത്തലത്ത് എഴുതിയ നാല്‌ പുസ്‌തകം ഒരുമിച്ച് വായനക്കാർക്ക് മുന്നിലെത്തി. വെള്ളത്തില്‍ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്‌ട്രവാദങ്ങളും, പഴമയുടെ പുതുവായനകള്‍, സ്‌മരണകൾ സമരായുധങ്ങൾ എന്നീ പുസ്തകങ്ങളാണ് വിപണിയിൽ ഇറങ്ങിയത്. കോഴിക്കോട്‌ ഇന്‍സൈറ്റ്‌ പബ്ലിക്കയാണ്‌ പ്രസാധകര്‍.

മാർക്സിസ്റ്റ് ക്ലാസിക്കുകളുടെ പഠനമാണ് വെള്ളത്തിലെ മീനുകളെന്നപോല്‍' എന്ന പുസ്കം. മാര്‍ക്‌സ്‌, ഏംഗല്‍സ്‌, ലെനിന്‍, സ്റ്റാലിന്‍, മാവോ, പോള്‍ലഫാര്‍ഗ്‌, ദിമിത്രോവ്‌ എന്നിവരെഴുതിയ മാര്‍ക്‌സിസ്റ്റ്‌ ക്ലാസിക്കുകളെ പരിചയപ്പെടാനുള്ള അവസരമാണ്. മൂലധനമുള്‍പ്പെടെ പ്രധാനപ്പെട്ട എല്ലാ കൃതികളെ കുറിച്ചും അടുത്തറിയാം. അവ രചിക്കപ്പെട്ട സാഹചര്യവും, ഉള്ളടക്കവും മനസിലാക്കാനും ഈ പുസ്തകം അവസരം നൽകുന്നു.

സംഘപരിവാറിന്റെ രാഷ്‌ട്രീയ കാഴ്‌ചപ്പാടുകള്‍ക്ക്‌ അടിത്തറ സവര്‍ക്കറുടെ ഹിന്ദുത്വ എന്ന പുസ്‌തകമാണ്‌. ഗോള്‍വാള്‍ക്കറുടെ നാം അഥവാ നമ്മുടെ ദേശീയത നിര്‍വ്വചിക്കപ്പെടുന്നു എന്ന പുസ്തകവും ഇതിന് തുടർച്ചയായി വരുന്നതാണ്. അതിനുശേഷമാണ്‌ വിചാരധാര പ്രസിദ്ധീകരിക്കപ്പെടുന്നത്‌. ഇങ്ങനെ ഹിന്ദുത്വയിൽ നിന്ന്‌ വിചാരധാരയിലേക്കെത്തുമ്പോള്‍ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്‌ സംഭവിക്കുന്ന പരിണാമങ്ങളാണ്‌ ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളുമെന്ന പേരിനൊപ്പം ദിനേശൻ പുത്തലത്ത് പരിശോധിക്കുന്നത്.

മതത്തിനോടുള്ള മാര്‍ക്‌സിസ്റ്റ്‌ സമീപനവും, യുക്തിവാദത്തില്‍ നിന്ന്‌ എങ്ങനെ അത് വ്യത്യസ്‌തമായിത്തീരുന്നുവെന്ന ചർച്ചയും ഇതിലുണ്ട്‌.

സ്വത്വരാഷ്‌ട്രീയം വര്‍ഗ്ഗീയ രാഷ്‌ട്രീയത്തിന്‌ അടിത്തറയായിത്തീരുന്നത് എങ്ങിനെയെന്ന് പരിശോധിക്കുന്നു. ഇസ്ലാമിക തീവ്രവാദത്തിന്റെ രാഷ്‌ട്രീയവും ചര്‍ച്ച ചെയ്യുന്നു.

`പഴമയുടെ പുതുവായനകള്‍' എന്ന പുസ്‌തകം ഭൂതകാലത്തെ പുതിയ കാലത്ത്‌ നിന്നുകൊണ്ട്‌ സമീപിക്കുന്നതാണ്‌. കേരളീയ സമൂഹത്തില്‍ നവോത്ഥാനമെങ്ങനെ പ്രവര്‍ത്തിച്ചുവെന്നും, പുതിയ വായനകള്‍ എങ്ങനെ രൂപപ്പെട്ടുവെന്നും ഇത്‌ വിശദീകരിക്കുന്നു. പ്രാചീന ഇന്ത്യയിലെ ശാസ്‌ത്രത്തിന്റെ വികാസം എങ്ങനെയായിരുന്നുവെന്നും, നവോത്ഥാനവും തമ്മിലുള്ള പരസ്‌പര ബന്ധത്തേയും പുസ്തകം ചർച്ചയ്ക്ക് വിധേയമാക്കുന്നു.

ഇതിഹാസങ്ങളെ എങ്ങനെ സമീപിക്കണമെന്ന പി.ജിയുടെ ചിന്തകളിലൂടെ തുടങ്ങുന്ന ഭാഗം രണ്ടാമൂഴത്തിന്റെ സാമൂഹ്യ വിമര്‍ശനത്തിലൂടെ വ്യത്യസ്തമായ കാഴ്ച അവതരിപ്പിക്കുന്നു. മഹാഭാരതത്തെ അടിസ്ഥാനപ്പെടുത്തി മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട നോവലുകളുടെ സവിശേഷതകള്‍ പിന്നീട്‌ പഠന വിഷയമാകുന്നു. കൃഷ്‌ണസങ്കല്‍പം രൂപപ്പെട്ടതും അതിന്‌ കാലാന്തരത്തില്‍ വരുന്ന മാറ്റങ്ങളേയും പരിശോധിക്കുന്നുണ്ട്..

`സ്‌മരണകൾ സമരായുധങ്ങൾ' എന്ന പുസ്‌തകം സ്വാതന്ത്ര്യ സമരത്തിലെ വിവിധ ധാരകളേയും, ക്വിറ്റിന്ത്യാ പ്രസ്ഥാനത്തിന്റെ വിവിധ വശങ്ങളേയും ചര്‍ച്ച ചെയ്യുന്നതാണ്. പരിസ്ഥിതിയേയും, ജാതിയേയും സംബന്ധിച്ച മാര്‍ക്‌സിസ്റ്റ്‌ വിശകലനങ്ങളിലേക്കും ഇത്‌ കടന്നുചെല്ലുന്നു. എം.ടിയടെ മഞ്ഞും, രാജാ രവിവര്‍മ്മയെക്കുറിച്ചുള്ള മറാത്തി നോവലും, മുഗള്‍ രാജകുമാരി ജഹനാരയുടെ ആത്മകഥയും വിവിധ അധ്യായങ്ങളിലായി വിശകലന വിധേയമാകുന്നു. ഒപ്പം സിനിമയുടെ സര്‍ഗ്ഗാത്മക സാധ്യതകളിലേക്കുള്ള ചിന്തകൾവരെയും ഈ പുസ്തകം എത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top