17 September Tuesday

പുതുകാല വായനയിലെ നൈതികജീവിതങ്ങൾ

ഡോ. എം സി അബ്ദുൾ നാസർUpdated: Wednesday Aug 14, 2024

ഇല്ലസ്‌ട്രേഷൻ: മാരിയസ്‌ സ്‌റ്റവാർസ്‌കി

 

സമൂഹവുമായി കല പുലർത്തുന്ന വിമർശനാത്മക ബന്ധമാണ് അതിന്റെ വിപണിവത്കരണത്തിലൂടെ ഇല്ലാതാവുന്നതെന്ന അഡോണോ ഉൾപ്പടെയുള്ളവരുടെ വിമർശനം പ്രത്യയശാസ്ത്രത്തിലൂന്നിയുള്ളതാണ്. ഏറെക്കാലം മൂല്യം കുറഞ്ഞത് എന്ന മട്ടിൽ അത്തരം നോവലുകളെ മാറ്റിനിർത്തിയിരുന്നെങ്കിലും എൺപതുകൾക്കുശേഷം സാഹിത്യസംവേദനപഠനങ്ങൾ പ്രചാരത്തിലായതോടെ നമ്മുടെ ഭാഷയിലും മുട്ടത്തു വർക്കി മുതൽ ബാറ്റൺ ബോസ് വരെ അക്കാദമിക പഠനങ്ങൾക്ക് വിഷയമായിത്തുടങ്ങി.

ഫിക്‌ഷനിൽ വായനയുടെ ഒരു തലമുറമാറ്റത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. അഭിരുചിമാറ്റമെന്നോ ഭാവുകത്വമാറ്റമെന്നോ മാത്രമായി വിശേഷിപ്പിക്കാനാകാത്ത ഒന്ന് മലയാളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആറുമാസത്തിനിടയ്ക്ക്  ഇരുപതും ഇരുപത്തഞ്ചും പതിപ്പുകൾ പുറത്തിറങ്ങുന്ന നോവലുകൾ നമ്മുടെ ഭാഷയിലും ഇന്ന് പരിചിതമായിക്കഴിഞ്ഞു.

ജനപ്രിയതയുടെ ഈ പുത്തൻ വായനലോകത്തിലെ സ്റ്റേക്ക്‌ ഹോൾഡേഴ്സിന്റെ പ്രായത്തേയോ സാമൂഹികപശ്ചാത്തലത്തേയോ സംബന്ധിച്ച സർവേകളോ പഠനങ്ങളോ ഒന്നും ലഭ്യമല്ലെങ്കിൽ പോലും നാം ന്യൂജെൻ എന്നും പിന്നീട് ജെൻസീ (Genzee) എന്നും വിളിക്കുന്ന മില്ലനിയം തലമുറയാണ് ഈ വായനസമൂഹം എന്നതിന് ചില തെളിവുകളുണ്ട്.

ഇൻസ്റ്റാഗ്രാമിലാണ് (ഫേ‌‌സ് ബു‌ക്ക് അല്ല) ഈ നോവലുകളുടെ വായനാക്കുറിപ്പുകൾ പ്രചരിച്ചത് എന്നതും ഈ ക്യാമ്പസുകളിലാണ്  അവ ഏറ്റവും കൂടുതൽ പ്രിയതരമാവുന്നത് എന്നതും ശ്രദ്ധേയമാണ്.

ജനപ്രിയസാഹിത്യത്തിന്റെ ഒരു ധാര എക്കാലവും നമ്മുടെ സാഹിത്യത്തിൽ സമാന്തരമായോ ചേർന്നോ ഒക്കെ ഒഴുകിയിട്ടുണ്ട്. സുശക്തമായ ഒരു മാധ്യമലോകം രൂപപ്പെട്ടതിനു ശേഷം വിപണിയുടെ വൻ സ്വാധീനം അവയ്‌ക്കുമേലുണ്ടാവുന്നുണ്ട്. സാഹിത്യത്തിന്റെ ദാർശനികമോ സൗന്ദര്യശാസ്ത്രപരമോ ആയ മാനങ്ങൾക്ക് വെളിയിലാണ് അവ നിരന്തരമായി അവതരിപ്പിച്ചത്. ഈ വ്യത്യാസം പ്രത്യയശാസ്ത്രപരവും കൂടിയായിരുന്നു.

അഡോണോ

അഡോണോ

സമൂഹവുമായി കല പുലര്‍ത്തുന്ന വിമർശനാത്മകബന്ധമാണ് കലയുടെ വിപണിവൽക്കരണത്തിലൂടെ ഇല്ലാതാവുന്നതെന്ന അഡോണോ ഉൾപ്പടെയുള്ളവരുടെ വിമർശനം പ്രത്യയശാസ്ത്രത്തിലൂന്നിയുള്ളതാണ്. ഏറെക്കാലം മൂല്യം കുറഞ്ഞത് എന്ന മട്ടിൽ അത്തരം നോവലുകളെ മാറ്റിനിർത്തിയിരുന്നെങ്കിലും എൺപതുകൾക്കു ശേഷം സാഹിത്യസംവേദന പഠനങ്ങൾ പ്രചാരത്തിലായതോടെ നമ്മുടെ ഭാഷയിലും മുട്ടത്തുവർക്കി മുതൽ ബാറ്റൺ ബോസ് വരെ അക്കാദമിക പഠനങ്ങൾക്ക് വിഷയമായിത്തുടങ്ങി.

അവയുടെ പ്രേരണകളേയും സ്വാധീനങ്ങളേയും സാംസ്‌കാരികമായി അന്വേഷിക്കുന്ന നിരൂപണങ്ങൾ സജീവമായി. പക്ഷേ, അത്തരം നോവലുകളുമായി ഭൗതികമായോ ഭാവപരമായോ ഏതെങ്കിലും തരത്തിലുള്ള ബന്ധം പുലർത്തുന്നവയല്ല പുതുകാല ജനപ്രിയനോവലുകൾ. എന്നാൽ പ്രത്യയശാസ്ത്രപരമായ  ചില സമാനതകൾ അവയ്ക്ക് തമ്മിലുണ്ടെന്നത് പറയാതിരിക്കാനാവില്ല.

അതുകൊണ്ടുതന്നെ രീതിശാസ്ത്രപരമായി പുതുമയുള്ളതും എന്നാൽ ചരിത്രപരവുമായ സമീപനങ്ങൾ ഈ പുതുകാല നോവൽ ഭാവുകത്വത്തെ വായിക്കുന്നതിനാവശ്യമുണ്ട്. നോവൽ അതിന്റെ ഉത്ഭവം മുതൽക്കുതന്നെ ഒരു രാഷ്ട്രീയ ജനുസ്സായി രൂപപ്പെട്ട സാഹിത്യരൂപമാണ്.

ആധുനികതയുടെ ഒരുല്പന്നമെന്ന നിലയിൽ ആധുനികതയെ സാധ്യമാക്കിയ ചരിത്രാനുഭവങ്ങളെ പ്രക്രിയാപരമായി തിരിച്ചറിഞ്ഞും അവയോട് പ്രതിപ്രവർത്തിച്ചുമാണ് നോവൽ അവയുടെ പ്രവൃത്തിമണ്ഡലത്തെ രൂപപ്പെടുത്തിയത്. ദേശീയത, ജനാധിപത്യം, മുതലാളിത്തം, മതേതരത്വം, മാനവികത തുടങ്ങി ആധുനികതയുടെ സാമൂഹികക്രമത്തെ രൂപപ്പെടുത്തിയ ചേരുവകളുടെ സാധൂകരണം തുടക്കം മുതൽ നോവലുകൾ ഏറ്റെടുക്കുന്നുണ്ട്.

സാമൂഹിക ചരിത്രത്തോടുള്ള വിമർശനാത്മകബന്ധം നിലനിർത്തുമ്പോഴും ചലനാത്മകതയായിരുന്നു നോവലുകളുടെ മുഖമുദ്ര. പ്രമേയങ്ങളേയും പ്രശ്നങ്ങളേയും നിരന്തരം വിചാരണ ചെയ്യുന്ന ഒരു വ്യവഹാരമായാണ് നോവൽ സാഹിത്യം മുന്നോട്ടുപോയത്. ദേശരാഷ്ട്രങ്ങൾ രൂപപ്പെട്ടു തുടങ്ങിയ ഘട്ടങ്ങളിൽ ദേശീയതയെ സ്വരൂപിക്കുന്നതിനുള്ള സാംസ്‌കാരിക ഉപാധിയായി പ്രവർത്തിച്ച നോവലുകൾ പിന്നീട് ദേശീയതയെ നിരന്തരം പ്രശ്നവൽക്കരിക്കുന്നത് ഉദാഹരണമാണ്.

ഓരോ ദേശങ്ങളും അവയുടെ രൂപീകരണത്തിലും നിലനിൽപ്പിലും നിരന്തരം പുറംതള്ളുകയോ അപരത്വം കല്പിച്ച് മാറ്റിനിർത്തുകയോ ചെയ്യുന്ന മനുഷ്യരെക്കുറിച്ചുള്ള ആകുലതകൾ നോവലുകൾ നിരന്തരം ഉയർത്തിക്കൊണ്ടുവരുന്നത് കാണാനാവും. ദേശത്തെ (Nation)  കുറിക്കാൻ ഏണസ്റ്റ് റെനാൻ ഉപയോഗിച്ച 'ദൈനംദിന ബഹുജന ഹിതപരിശോധന’എന്ന നിർവചനത്തെ പ്രയോഗവൽക്കരിക്കുന്നതിൽ നോവലുകളുടെ പങ്ക് ചെറുതല്ല.

ദേശീയത/പ്രാദേശികത, ലിംഗ വർണ വർഗ നീതി തുടങ്ങിയ സംവർഗങ്ങളെ അഭിമുഖീകരിക്കുന്നതിൽ ഏറെ സംവേദനക്ഷമത പ്രകടിപ്പിച്ചത് നോവലുകളായിരുന്നു. നോവലുകളുടെ ചരിത്രപരവും രാഷ്ട്രീയവുമായ മൂല്യം (potential)  സൂചിപ്പിക്കുന്നതിനാണ് ഇത്രയും പറഞ്ഞത്.

ചരിത്രത്തിന്റെ ഗാഢപാരായണങ്ങൾ എന്ന നില മലയാളത്തിലും നോവലുകൾ എക്കാലവും പുലർത്തിയിരുന്നു. സൂക്ഷ്മതകളിൽ ഭേദങ്ങളുണ്ടെങ്കിലും സാമൂഹികചരിത്രവുമായുള്ള വിമർശനാത്മകബന്ധം നോവലുകളുടെ ചരിത്രഗതിയിൽ സ്വാഭാവികമായുണ്ട്.

മലയാളത്തിൽ മാധ്യമം എന്ന നിലയിലുള്ള വളർച്ച ഏറ്റവും കൂടുതൽ പ്രകടമാക്കിയ സാഹിത്യരൂപമാണ് നോവൽ. റിയലിസ്റ്റ് ആഖ്യാനങ്ങളിൽ നിന്ന് പാരഡികളിലേക്കും രൂക്ഷമായ സറ്റയറുകളിലേക്കും നീങ്ങിയ ആഖ്യാനപരീക്ഷണങ്ങൾക്കൊപ്പം തന്നെയാണ്  പ്രതിനിധാനപരമായ നൈതികതയും സ്റ്റേറ്റിന്റെ അധികാരരൂപങ്ങളും നോവലുകളിൽ വിമർശിക്കപ്പെട്ടത്.

തൊണ്ണൂറുകളോടെ ചരിത്രത്തിന്റെ ബഹുസ്വഭാവമുള്ള ആഖ്യാനങ്ങളിലേക്ക് അവ വളരെ പെട്ടെന്ന് നീങ്ങി. ജനതകളും പ്രദേശങ്ങളും കൂടുതൽ കൂടുതൽ തെളിഞ്ഞുവന്നു. പുതിയ നൂറ്റാണ്ട് നോവലിനെ വലിയതോതിൽ ഘടനാപരമായി

ബെന്യാമിൻ

ബെന്യാമിൻ

ടി ഡി  രാമകൃഷ്‌ണൻ

ടി ഡി രാമകൃഷ്‌ണൻ

പുതുക്കിയെഴുതി. നവസാങ്കേതികയുടെ വികാസം, ആഗോള ദേശീയത, പ്രവാസം, വലതുപക്ഷ വ്യക്തിമൂല്യങ്ങൾക്ക് ലഭിച്ച മുൻതൂക്കം തുടങ്ങിയ നിരവധി ഘടകങ്ങൾ ഈ നവീകരണത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

മേല്‍പ്പറഞ്ഞ ഘടകങ്ങളെ മുൻനിർത്തി ചരിത്രത്തിലേക്ക് കുറുവഴികൾ തീർക്കാനായിരുന്നു നോവലുകളുടെ ശ്രമം. സാങ്കേതികത മാറ്റിയെഴുതിയ പുതിയ ലോകക്രമത്തിലും സാമൂഹ്യക്രമത്തിലും ഇത്തരം ആഖ്യാനങ്ങൾക്ക് സ്വീകാര്യത ഏറെയുണ്ടായിരുന്നു.

ഗൂഢാലോചനാസിദ്ധാന്തം (Conspiracy Theory), പാരനോയിയ തുടങ്ങിയ ആധുനികാനന്തര ഭാവനകളെ ഉദ്ദീപിപ്പിക്കുന്ന തരം കൗതുകങ്ങൾക്ക് വിപണിസാധ്യത ഏറെയുണ്ടെന്ന് തെളിയിച്ച നിരവധി നോവലുകൾ മലയാളത്തിലുണ്ടായത് ഇക്കാലത്താണ്.

ഫ്രാൻസിസ്‌ നൊറോണ

ഫ്രാൻസിസ്‌ നൊറോണ

പി എഫ്‌ മാത്യൂസ്‌

പി എഫ്‌ മാത്യൂസ്‌

മലയാളം ഏറെക്കാലം നിലനിർത്തിപ്പോന്ന സാഹിതീയ/ജനപ്രിയം എന്ന ദ്വന്ദ്വത്തെ അട്ടിമറിക്കുന്നവയായിരുന്നു ഈ നോവലുകൾ. ബെന്യാമിന്റെയും ടി ഡി  രാമകൃഷ്ണന്റെയും നോവലുകളിലെ ജനപ്രിയഘടങ്ങളേയും പ്രവണതകളേയും പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.

പക്ഷേ, ഈ നോവലുകൾ അരാഷ്ട്രീയമായിരുന്നു എന്ന് പറയാനാവില്ല. ചിതറിയതും സൂക്ഷ്മമായതുമായ രാഷ്ട്രീയ പ്രശ്നങ്ങളുടെ ആഭിമുഖ്യം ആ രചനകളിലുണ്ട്. പക്ഷേ, അവയെ ചരിത്രപരമായി സമീപിച്ച് എത്തിച്ചേരേണ്ട നിലപാടുകളിലും അതേ ചിതറൽ കാണാം. അടിസ്ഥാനപരമായി ഇത് പ്രത്യയശാസ്ത്രപരമായ അഭാവമാണ്.

ഒരേസമയം സൗന്ദര്യശാസ്ത്രപരമായ മാനങ്ങളോട് ചേർന്ന് നിൽക്കുകയും രാഷ്ട്രീയമായ ചിതറലിനെ അനുഭവിക്കുകയും ചെയ്യുന്നു എന്നതാണ് സാഹിതീയം/ജനപ്രിയം എന്നീ അതിരുകളെ ഭേദിക്കാൻ ഈ കൃതികളെ പ്രാപ്തമാക്കുന്നത്. പ്രാദേശികതയെ ഒരു രാഷ്ട്രീയാഖ്യാനം ആക്കി മാറ്റുന്ന മറ്റൊരു ജനപ്രിയവഴിയും നോവലിൽ സമീപകാലത്ത് രൂപപ്പെട്ടുവന്നു.

വിനോയ്‌ തോമസ്‌

വിനോയ്‌ തോമസ്‌

ഷീല ടോമി

ഷീല ടോമി

മലയാളത്തിൽ ഏറെക്കാലം അദൃശ്യമായ ഭൂഖണ്ഡങ്ങൾ പുതിയ കാഴ്ചകളായി പ്രത്യക്ഷപ്പെട്ടു. പി എഫ് മാത്യൂസും ഫ്രാൻസിസ് നൊറോണയും ആഖ്യാനകേന്ദ്രത്തിലേക്ക് കൊണ്ടുവന്ന തീരദേശജീവിതങ്ങൾ ‘കേരളീയ'തയെ വികസ്വരമാക്കുന്നത് നാം കണ്ടു.

മലയാളിയുടെ ഏറ്റവും വലിയ ജീവിതാനുഭവങ്ങളിൽ ഒന്നാണെങ്കിലും കുടിയേറ്റം നമുക്കെന്നും ഒരു ഒറ്റക്കുഴൽ കാഴ്ചയായിരുന്നു. കുടിയേറ്റത്തിന്റെ ബഹുതലസ്വഭാവത്തെ സ്‌പർശിച്ചുകൊണ്ടാണ് വിനോയ്‌ തോമസിന്റെയും ഷീലാ ടോമിയുടെയും നോവലുകൾ വന്നത്. പ്രാദേശികതയെ രാഷ്ട്രീയമായും സൗന്ദര്യാത്മകമായും പുനരാഖ്യാനം നടത്തുന്ന എസ്‌  ഹരീഷിന്റെ മീശ, ഓഗസ്റ്റ് 17, എൻ  പ്രശാന്തിന്റെ പൊനം, ആർ രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത തുടങ്ങിയ നോവലുകൾ കേരളീയതയെ പലമട്ടിൽ നവീകരിച്ചു.

കേരളം എന്ന സ്ഥലപരമായ സത്തയെ കൂടുതൽ സമഗ്രമാക്കുന്ന ഇത്തരം ആഖ്യാനങ്ങളിൽ ഒരു ജനപ്രിയ തലംകൂടി പ്രവർത്തിക്കുന്നുണ്ട്. വൈവിധ്യങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുക എന്നത് സാർവലൗകികതയുടെ ജനപ്രിയ സ്രോതസ്സുകളിൽ ഒന്നാണ്. ഒരു രാഷ്ട്രീയശരി നിർവഹിക്കുന്നതിന് ധാർമിക സംതൃപ്തിയാണ് ഈ നോവലുകളുടെ എഴുത്തിലും വായനയിലും പൂർത്തീകരിക്കപ്പെടുന്നത്.

പുതിയ നോവലുകളിലെ ആഖ്യാനപരീക്ഷണങ്ങൾക്കും മാധ്യമപരമായ വളർച്ചകൾക്കും ഒപ്പം അവയുടെ വായനാപരത കൂട്ടുന്ന ഒരു ഘടകം ഈ രാഷ്ട്രീയ ധാർമികത തന്നെയാണ്. സാഹിതീയവും ജനപ്രിയവുമായ ഘടകങ്ങളുടെ ചേർത്തുവെപ്പാണത്.

രണ്ടായിരത്തിനു ശേഷം മലയാളനോവൽ സാഹിത്യത്തിലുണ്ടായ ഒരു പ്രധാന മാറ്റം പൈങ്കിളി നോവൽ എന്ന് കൃത്യമായി വർഗീകരിക്കുന്ന തരം നോവലുകൾ മലയാളത്തിൽ അസ്‌തമിച്ചു എന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിലും മറ്റും ജനകീയമായ പൾപ് ഫിക്‌ഷൻ ജനുസ്സിൽ തന്നെയാണ് മലയാളത്തിലും പൈങ്കിളി നോവലുകളുണ്ടായത്.

രണ്ടായിരത്തിനു ശേഷം മലയാളനോവൽ സാഹിത്യത്തിലുണ്ടായ ഒരു പ്രധാന മാറ്റം പൈങ്കിളി നോവൽ എന്ന് കൃത്യമായി വർഗീകരിക്കുന്ന തരം നോവലുകൾ മലയാളത്തിൽ അസ്‌തമിച്ചു എന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിലും മറ്റും ജനകീയമായ പൾപ് ഫിക്‌ഷൻ ജനുസ്സിൽ തന്നെയാണ് മലയാളത്തിലും പൈങ്കിളി നോവലുകളുണ്ടായത്.

നിലവാരം കുറഞ്ഞ കടലാസിൽ അച്ചടിച്ചിരുന്ന വില ഏറെ കുറവുള്ള ആഴ്‌ചപ്പതിപ്പുകളിലാണ് മലയാളത്തിലും അവ തരംഗമായത് എന്നതുകൊണ്ടു മാത്രമല്ല അത്. സാധാരണ തൊഴിലാളികൾക്ക്, തങ്ങളുടെ ജീവിതവുമായോ ജീവിതസ്വപ്‌നങ്ങളുമായോ ബന്ധപ്പെടുത്താവുന്ന വിഷയങ്ങൾ, ജീവിതത്തിലെ വില്ലൻമാർക്കുമേൽ കൈവരിക്കുന്ന വിജയങ്ങൾ, കേവല ധാർമികതയുടെ പൂർത്തീകരണങ്ങൾ തുടങ്ങിയ അടിസ്ഥാന ചേരുവകളിലും അവ തമ്മിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല.

നവോത്ഥാന കാലത്തും ആധുനികതയിലും ആധുനികതയുടെ സംക്രമണ ഘട്ടങ്ങളിലുമെല്ലാം കാലാനുസൃതമായ പ്രമേയ മാറ്റങ്ങളോടെ അവ നിലനിന്നു. പുതിയ നൂറ്റാണ്ടോടെ വ്യാപകമായ ദൃശ്യമാധ്യമങ്ങളും അവയിലെ ജനപ്രിയ സീരിയലുകളും ഇതേ ദൗത്യം പിന്നീട് ഏറ്റെടുക്കുന്നതും നമ്മുടെ മുഖ്യധാരാ നോവലുകളുടെ ഇതിവൃത്ത ഘടനയിലും ആഖ്യാന സ്വഭാവത്തിലും ജനപ്രിയം എന്നു വിളിക്കാവുന്ന ഘടകങ്ങൾ ചേർന്നുവന്നതുമെല്ലാം പൈങ്കിളി നോവലുകളുടെ അസ്തമനത്തിന് കാരണമായിട്ടുണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിടുന്നതോടെ ജനപ്രിയ അടിസ്ഥാന ചേരുവകളെത്തന്നെ ആശ്രയിക്കുന്ന ഫിക്‌ഷൻ പതിയെ തിരിച്ചെത്തുന്നു. ത്രില്ലറുകളായായിരുന്നു അവയുടെ രംഗപ്രവേശം. പക്ഷേ, പഴയ പൈങ്കിളികളുടേയോ ഡിറ്റക്ടീവ് നോവലുകളുടേയോ കേവലമായ തുടർച്ചയായിരുന്നില്ല അവ.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിടുന്നതോടെ ജനപ്രിയ അടിസ്ഥാന ചേരുവകളെത്തന്നെ ആശ്രയിക്കുന്ന ഫിക്‌ഷൻ പതിയെ തിരിച്ചെത്തുന്നു. ത്രില്ലറുകളായായിരുന്നു അവയുടെ രംഗപ്രവേശം. പക്ഷേ, പഴയ പൈങ്കിളികളുടേയോ ഡിറ്റക്ടീവ് നോവലുകളുടേയോ കേവലമായ തുടർച്ചയായിരുന്നില്ല അവ. അടിസ്ഥാനവർഗ ജീവിത സ്വപ്‌നങ്ങളുടെ വ്യാജ പൂർത്തീകരണം എന്ന തലം ഈ പുതിയ ത്രില്ലറുകൾക്കില്ല.

സംനേഷ്‌ കമാലിയുടെ സർറിയൽ പോർട്രെയ്‌റ്റ്‌ ഫോട്ടോഗ്രഫി

സംനേഷ്‌ കമാലിയുടെ സർറിയൽ പോർട്രെയ്‌റ്റ്‌ ഫോട്ടോഗ്രഫി

ലാജോ ജോസ്, സി പാർവതി, കെ  വി പ്രവീൺ തുടങ്ങിയ ഒട്ടേറെ എഴുത്തുകാർ മുന്നോട്ടുവെച്ച കൃതികൾ നവസാങ്കേതികതയ്‌ക്ക്‌ ശേഷം രൂപപ്പെട്ട മനുഷ്യ മനോഘടനയെ നേരിട്ട് അഭിസംബോധന ചെയ്യുന്നവയായിരുന്നു.

പോസ്റ്റ് ഹ്യൂമൺ സാങ്കേതിക പ്രവണതകൾ, ട്രാൻസ് നാഷണൽ സ്വത്വബോധം, ഭരണകൂടങ്ങളുടേയും വാണിജ്യ ശക്തികളുടേയും നിരീക്ഷണ ശൃംഖലകളെക്കുറിച്ചുള്ള ഭയം, ഗൂഢാലോചനകളുടെ ഇരകളായി തീരാനുള്ള നിരന്തര സാധ്യതകൾ, മിത്തുകളുടെ പുനരുപയോഗക്ഷമത എന്നിവയെല്ലാം ചേർത്താണ് ഈ പുതിയ ത്രില്ലറുകൾ തങ്ങളുടെ ആഖ്യാനത്തെ രൂപപ്പെടുത്തിയത്.

ഈ ദിശയിൽ എടുത്തു പറയേണ്ട രണ്ടു പേർ ജി ആർ ഇന്ദുഗോപനും അൻവർ അബ്ദുള്ളയുമാണ്. നാട്ടുവഴക്കങ്ങളുടെ സമർഥമായ പുനരാവിഷ്‌കാരങ്ങളായിരുന്നു ഇന്ദുഗോപന്റെ  ത്രില്ലറുകൾ. നഗരത്തിലെ ക്രിമിനൽ സംഘങ്ങളുടെ കഥകൾ പറയുന്നതിനു പകരം നമ്മുടെ നാട്ടുപാരമ്പര്യത്തിലെ സാഹസിക കഥകളെ തിരിച്ചെടുക്കുന്നതിന്റെ  കൗതുകങ്ങളായിരുന്നു അവയുടെ ഉള്ളടക്കം.

നമ്മുടെ സാംസ്‌കാരിക ചരിത്രത്തെ കുറേക്കൂടി ജനാധിപത്യപരവും സമഗ്രവുമാക്കുന്ന ഒരു ധർമം ഈ കൃതികൾ നിർവഹിക്കുന്നുണ്ട്. അൻവർ അബ്ദുള്ളയുടെ ത്രില്ലർ നോവലുകൾ വേറിട്ടുനിൽക്കുന്നത് അവയിൽ നിലനിൽക്കുന്ന ഒരു ദാർശനിക തലം കൊണ്ടാണ്. ജനപ്രിയ നോവലുകൾക്ക് അപരിചിതമായ ധ്വന്യാത്മകത, ജീവിതത്തിന്റെ ആഴങ്ങളിലേക്ക് നോക്കാനുള്ള ശ്രമം തുടങ്ങിയ പ്രവണതകൾ അൻവറിന്റെ നോവലുകളിൽ കാണാം.

നിമ്‌ന വിജയിയുടെ ഇൻസ്‌റ്റാഗ്രാം പേജിൽ നിന്ന്‌

നിമ്‌ന വിജയിയുടെ ഇൻസ്‌റ്റാഗ്രാം പേജിൽ നിന്ന്‌

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ  രണ്ടാം ദശാബ്ദം പിന്നിടുന്നതോടെയാണ് തുടക്കത്തിൽ പറഞ്ഞ ജെൻസീ നോവലുകൾ വിസ്‌മയിപ്പിക്കുന്ന വളർച്ച കൈവരിക്കുന്നത്. അവയുടെ ലക്ഷ്യസമൂഹത്തെ സൂചിപ്പിക്കാനെന്നോണം പ്രസാധനശാലകൾ അവയ്ക്ക് ‘ഇൻസ്റ്റാ നോവലുകൾ' എന്ന് പേരുമിട്ടു. അഖിൽ പി ധർമ്മജന്റെ  ‘റാം c/o ആനന്ദി' ആയിരുന്നു തുടക്കം. നിംന വിജയിയുടെ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്' തൊട്ടുപുറകെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി.

കുറഞ്ഞകാലം കൊണ്ട് ലക്ഷക്കണക്കിന് വായനക്കാരെ നേടിയ നോവലുകൾ സാഹിത്യ പൊതുമണ്ഡലത്തെ തന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഈ നോവലുകളുടെ ജനപ്രിയതയെ തിരിച്ചറിയണമെങ്കിൽ അവ സ്വീകരിച്ച സാഹിതീയ തന്ത്രങ്ങളേക്കാൾ സാമൂഹിക ഘടകങ്ങളോട് അവ പുലർത്തുന്ന അനുരഞ്ജന തന്ത്രങ്ങളെയാണ് വിശകലനം ചെയ്യേണ്ടത്.

ജെൻസീ (Genzee) എന്നു വിളിക്കപ്പെടുന്ന ഏറ്റവും പുതിയ തലമുറയുടെ ജീവിതസമീപനം അവരുടെ സവിശേഷമായ മനോഘടനയോട് ബന്ധപ്പെട്ടു കിടക്കുന്നതാണ്. മനുഷ്യരെ തലമുറകളാക്കിത്തിരിക്കുന്നതും അവയുടെ മനോഘടനകളെ വർഗീകരിക്കുന്നതും പൂർണമായും തർക്കമുക്തമായ ഒന്നല്ല.

ഒരേ തലമുറയിലുള്ള ആളുകൾ അവരുടെ ലോകബോധത്തേയും സാംസ്‌കാരിക മൂല്യങ്ങളേയും രൂപപ്പെടുത്തുന്ന സമാനമായ ചരിത്രാനുഭവങ്ങൾ പങ്കിടുന്നു എന്നതാണ് ഇതിന്‌ പിന്നിലെ യുക്തി എങ്കിലും ഒരു തലമുറയിലെ എല്ലാവരും അത്തരത്തിലുള്ള സാമാന്യവൽക്കരണങ്ങൾക്ക് വഴങ്ങണമെന്നില്ല. പക്ഷേ, പഴയ അക്കാദമിക പഠനങ്ങളിൽ ഇവ വ്യാപകമായി സ്വീകരിക്കപ്പെടുന്നുണ്ട്.

ഡിജിറ്റൽ യുഗത്തിലേക്ക് പിറന്നുവീണവരെ കുറിക്കാൻ അമേരിക്കൻ എഴുത്തുകാരനായ മാർക് പ്രെൻസ്‌കി ഉപയോഗിച്ച ‘ഡിജിറ്റൽ സ്വദേശികൾ' (Digital Natives) എന്ന സങ്കല്‌പനമാണ് ജെൻസീ തലമുറയുടെ സവിശേഷ മനോഘടനയുടെ ആധാരം. സംസ്‌കാരത്തിലെ പാരമ്പര്യ ഘടകങ്ങളുടെ സാമ്പ്രദായിക വിനിമയങ്ങളേക്കാൾ നവസാങ്കേതികതയിലൂടെ വിനിമയം ചെയ്യപ്പെടുന്ന മറ്റൊരു ലോകബോധം (Cosmopolis) ആണ് ഇവരിൽ പ്രബലമായ ഘടകം.

നവസാങ്കേതികതയോടുള്ള ആഭിമുഖ്യമാണ് ഈ തലമുറയുടെ സാമാന്യ ഘടകങ്ങളിലൊന്നാമത്തേത്. വൈവിധ്യങ്ങളെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന സമീപനം, പരമ്പരാഗത ലിംഗപദവികളോടുള്ള താല്‌പര്യക്കുറവും ജൻഡർ ഫ്ളൂയിഡിറ്റിയോടുള്ള ആഭിമുഖ്യവും, ആഗോള അവബോധം, ഹ്രസ്വശ്രദ്ധ (Short Attention Span) തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ മനഃശാസ്ത്രജ്ഞർ ഈ തലമുറയുമായി ചേർത്തുപറയുന്നുണ്ട്.

മറ്റ്‌ തലമുറകളെ അപേക്ഷിച്ച് വിഷാദം പോലുള്ള മാനസിക പ്രശ്‌നങ്ങൾ ഈ തലമുറയിൽ കൂടുതലാണെന്ന് 2023ലെ മക്കിൻസി ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് സർവേ യൂറോപ്യൻ രാജ്യങ്ങളെ മുൻനിർത്തി കണ്ടെത്തുന്നതും ശ്രദ്ധേയമാണ്. ഈ സവിശേഷതകളെ പുതിയ നോവലെഴുത്തുകാർ തങ്ങളുടെ രചനാതന്ത്രങ്ങളുമായി കൂട്ടിയിണക്കുന്നത് ഗൗരവമായി പഠിക്കപ്പെടേണ്ടതാണ്.

 അഖിൽ പി ധർമ്മജൻ

അഖിൽ പി ധർമ്മജൻ

അഖിൽ  പി ധർമ്മജന്റെ  റാം c/o ആനന്ദി 2020ലാണ് ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കപ്പെടുന്നത്. നോവലിന് ലഭിച്ച വൻസ്വീകാര്യത ജെൻസീ തലമുറയുടെ ഇടങ്ങളിലായിരുന്നു. അച്ചടിവായനയിൽ നിന്നകന്നു എന്ന് മുതിർന്ന തലമുറ വിലയിരുത്തിയിരുന്ന കുട്ടികൾ ഒരു പുസ്‌തകത്തിന് പിന്നാലെ ആവേശത്തോടെ സഞ്ചരിക്കുന്നത് മലയാളത്തെ സംബന്ധിച്ചിടത്തോളം വലിയ പുതുമയായിരുന്നു.

പുസ്‌തക വായന ദീർഘമായ ശ്രദ്ധ ആവശ്യമുള്ള ഒരു സർഗാത്മക പ്രവൃത്തിയാണ്. മാനസികമായ പിൻതുടരലും തുടർ ആലോചനകളും അതിന് ആവശ്യമുണ്ട്. എന്നിട്ടും ഹ്രസ്വ ശ്രദ്ധ (Short span of Attention) മനോഘടനയുടെ ഭാഗമായിട്ടുള്ള ഒരു തലമുറ ആ പ്രവൃത്തിയിലേക്ക് കടന്നതിനു പിന്നിൽ ചില ആഖ്യാന കൗശലങ്ങളുണ്ട്.

ഇരുപത് സെക്കൻഡ് ദൈർഘ്യമുള്ള റീലുകളാണ് പുതുതലമുറയുടെ ആസ്വാദനവിഭവങ്ങളിൽ മുഖ്യം. അവർക്ക് മനസ്സ് തറപ്പിച്ചു നിർത്താവുന്ന പരമാവധി സമയമാണ് ഇതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആ സമയം പോലും കുറഞ്ഞുവരുന്നുണ്ട് എന്നാണ് മക്കിൻസി സർവേ പോലുള്ളവ സൂചിപ്പിക്കുന്നത്.

ഇരുപത് സെക്കൻഡ് ദൈർഘ്യമുള്ള റീലുകളാണ് പുതുതലമുറയുടെ ആസ്വാദനവിഭവങ്ങളിൽ മുഖ്യം. അവർക്ക് മനസ്സ് തറപ്പിച്ചു നിർത്താവുന്ന പരമാവധി സമയമാണ് ഇതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആ സമയം പോലും കുറഞ്ഞുവരുന്നുണ്ട് എന്നാണ് മക്കിൻസി സർവേ പോലുള്ളവ സൂചിപ്പിക്കുന്നത്.

ഈ റീൽ മനോഘടനയെയാണ് അഖിലിനേയും നിംന വിജയിയെയും പോലുള്ള എഴുത്തുകാർ സംബോധന ചെയ്യുന്നത്. ആഖ്യാനത്തെ കഴിയുന്നിടത്തോളം ദൃശ്യവൽക്കരിക്കുക എന്നതാണ് ഇവർ സ്വീകരിക്കുന്ന മുഖ്യ ഉപാധി.

‘2018 ജനുവരി 23. 5.45 AM. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന് ഏതാനും കിലോമീറ്ററുകൾ മുമ്പുള്ള ആവടി എന്ന ചെറിയ റെയിൽവേ സ്റ്റേഷൻ. അതിരാവിലെ ട്രാക്കിലും ട്രാക്കിന്റെ  പരിസരത്തുമൊക്കെയായി വെളിക്കിറങ്ങാനിരുന്നവർ സുരക്ഷിതമായ മറ്റു സ്ഥാനങ്ങളിലേക്ക് മാറിയിരുന്നു. ഹോൺ മുഴക്കി വേഗത കുറച്ച് നാലാം നമ്പർ പ്ളാറ്റ്‌ഫോമിലേക്ക് ആലപ്പി ചെന്നൈ എക്‌സ്പ്രസ് വന്നുനിൽക്കുമ്പോഴേക്കും പുറത്തേക്കിറങ്ങുവാനുള്ള ആളുകളുടെ തിരക്ക് വാതിലിനരികിൽ രൂപപ്പെട്ടു കഴിഞ്ഞിരുന്നു’. 

‘റാം c/o ആനന്ദി' ഇങ്ങനെയാണ് ആരംഭിക്കുന്നത്. തുടർന്നങ്ങോട്ടും ഒരു ചലച്ചിത്രത്തിലെന്നവണ്ണം ചലനദൃശ്യങ്ങളുടെ തുടർച്ചയിലാണ് ആഖ്യാനം മുന്നോട്ടുപോവുന്നത്. ചെറിയ സംഭവങ്ങളിലൂടെയാണ് ഈ നോവലുകളുടെ ആഖ്യാനം നീങ്ങുന്നത്.

കൗതുകമുണർത്തുന്ന ഒരു സംഭവത്തിലേക്കുയർന്ന് വീണ്ടും സമനിരപ്പിലേക്ക് വന്ന് ഉടനെ മറ്റൊരു സംഭവത്തിന്റെ കൗതുകത്തിലേക്കുയരുന്ന തരംഗരൂപത്തിലുള്ള സംഭവശൃംഖലകളാണ് ഈ ആഖ്യാനത്തെ ശ്രദ്ധേയമാക്കുന്നത്.

ഒരു സംഭവത്തിന്റെ  ആധികാരികതയിലേക്കല്ല സംഭവങ്ങളിൽ നിന്ന് സംഭവങ്ങളിലേക്ക് പോകുന്ന കൗതുകങ്ങളിലേക്കാണ് നോവൽ വളരുന്നത്. റീലുകളിൽ നിന്ന് റീലുകളിലേക്ക് പോകുന്നതിന്റെ  മനഃശാസ്ത്രമാണ് ഈ സങ്കേതത്തിന് പിന്നിലുള്ളത്.

നിംന വിജയിയുടെ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്' എന്ന നോവലും ഒരു റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ആരംഭിക്കുന്നത്. ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിൻ നമ്പർ 18528 കണ്ണൂരിൽ നിന്നും യശ്വന്ത്പൂർ വരെ പോകുന്ന കണ്ണൂർ  യശ്വന്ത്പൂർ സ്പെഷ്യൽ എക്‌സ്പ്രസ് അല്‌പസമയത്തിനകം ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നതാണ്...'

‘ഒന്നാമത്തെ പ്ളാറ്റ്‌ഫോമിന്റെ  ഏറ്റവും അറ്റത്തിട്ട തുരുമ്പിച്ച ബെഞ്ചിന് മുകളിൽ തന്റെ  ട്രാവലർ ബാഗും സ്യൂട്ട്കേസും കയറ്റിവെച്ച് ഒരറ്റത്ത് കുനിഞ്ഞിരുന്ന് ഫെയ്‌സ്‌ബുക്കിലൂടെ വിരലോടിച്ചുകൊണ്ടിരുന്ന അതിഥി അനൗൺസ്മെന്റ്‌ കേട്ടതും ഫോൺ സൈഡ് ബാഗിലിട്ട് എഴുന്നേറ്റു.’

റെയിൽവേ ദൃശ്യങ്ങളിലൂടെയുള്ള ഈ തുടക്കങ്ങൾ ഈ നോവലുകൾ ലക്ഷ്യമാക്കുന്ന ഭാവുകത്വനിർമിതിയെക്കുറിച്ച് ചില സൂചനകൾ നല്‌കുന്നുണ്ട്. കേരളത്തിന് പുറത്തുള്ള മഹാനഗരങ്ങളിലേക്ക് ജീവിതം മാറ്റിനടാൻ കൊതിക്കുന്ന കൗമാര യൗവ്വനങ്ങളെ ആകർഷിക്കുന്നതാണ് ഈ തുടക്കം.

മഹാനഗരങ്ങൾ എക്കാലത്തും കേരളത്തിലെ യുവാക്കളുടെ അഭയസ്ഥാനങ്ങളായിരുന്നിട്ടുണ്ട്. ആധുനികതാവാദകാലത്തെ നോവലുകളിൽ നഗരങ്ങളും അലച്ചിലുകളും സവിശേഷമായ ദാർശനിക മാനങ്ങളിലേക്ക് കൂടി വളർന്നവയായിരുന്നു. പക്ഷേ, തൊഴിലന്വേഷണമായിരുന്നു ആ യാത്രകളുടെ എല്ലാം ഭൗതികാസ്‌പദം. എന്നാൽ പുതുകാല നോവലുകളിൽ ചെന്നൈയിലേക്കും ബാംഗ്ലൂരിലേക്കും യാത്രയാവുന്ന യുവാക്കൾക്ക് വിദ്യാഭ്യാസമോ തൊഴിലോ മാത്രമല്ല മുഖ്യം.

പാരമ്പര്യത്തിൽ നിന്നുള്ള മോചനവും കുറേക്കൂടി മാനവികമായ പുതിയൊരു ജീവിതസംസ്‌കാരത്തോടുള്ള ആഭിമുഖ്യവും കൂടിയാണ് ഈ നഗരപ്രിയത്വത്തിന് പിന്നിലെ പ്രേരണകൾ. അഖിലിന്റെയും നിംനയുടേയും നോവലുകളിലെ നായികാനായകന്മാർ പാരമ്പര്യവുമായി സംഘർഷത്തിലേർപ്പെട്ടു നിൽക്കുന്നവരാണ്.

തറവാടിത്തം, ലിംഗപദവി, ലിംഗാഭിമുഖ്യം, പാരമ്പര്യ സംസ്‌കാരം, എന്നിവയിലെല്ലാം പഴയ തലമുറയുമായി അവർക്കുള്ള വിയോജിപ്പുകൾ കൂടിയാണ് മഹാനഗരങ്ങളെ അവർക്ക് പ്രിയതരമാക്കുന്നത്. കേരളം/ മഹാനഗരം എന്ന ഒരു ദ്വന്ദ്വം രണ്ട് പ്രത്യയശാസ്ത്ര ഇടങ്ങളായി ഈ നോവലുകളിലെല്ലാം വികസിച്ചുവരുന്നുണ്ട്.

കേരളമെന്നത് തങ്ങളെ ശ്വാസംമുട്ടിക്കുന്ന, മുതിർന്ന തലമുറയുടെ പാരമ്പര്യത്തിന്റെ ഇടവും, മഹാനഗരങ്ങൾ സ്വതന്ത്രമായ മനുഷ്യജീവിതത്തിന്റെ  ഇടവുമായി ഈ രണ്ടു നോവലുകളിലും സ്ഥാനപ്പെടുന്നു. സ്വതന്ത്രമായ വൈയക്തികതയിൽ അധിഷ്‌ഠിതമായ ഒരു ആഗോള അവബോധത്തെ, സ്വത്വത്തെ, നിർണയിക്കുവാനുള്ള ഉപാധിയായി കാണുന്ന പുതിയ തലമുറയെ സംബന്ധിച്ച് പ്രിയതരമാണ് ഈ ഇടങ്ങളുടെ വിഭജനം.

ശരീരം, ലൈംഗികത, വർഗനില തുടങ്ങിയ സംവർഗങ്ങളെ പുനർനിർവചിക്കാനുള്ള പുതുതലമുറയുടെ ആഗ്രഹം ഈ വിഭജനത്തിൽ പ്രതിഫലിക്കുന്നുണ്ട്.

 മനുഷ്യബന്ധങ്ങളെ അധികാരതലത്തിൽ ശ്രേണീകരിക്കുന്ന പരമ്പരാഗത കുടുംബസംവിധാനത്തോടുള്ള വിയോജിപ്പ് ഈ നോവലുകൾ നിരന്തരം ഉന്നയിക്കുന്നുണ്ട്. പക്ഷേ, വൈയക്തികതയെ മുൻനിർത്തിയാണ് നോവലുകളിലെ കഥാപാത്രങ്ങൾ കുടുംബഘടനയെ പ്രതിരോധിക്കുന്നത്. സാമൂഹികമായ ചലനാത്മകതയ്ക്കുള്ള ഉപാധിയായല്ല അവരുടെ വിയോജിപ്പുകൾ വികസിക്കുന്നത് എന്ന് കാണാം.

കുടുംബത്തെ ചൂണ്ടി ത്യാഗം ചെയ്യണമെന്ന് നിരന്തരം ഉദ്ബോധിപ്പിക്കുന്ന അമ്മയോട് നിംനയുടെ നോവലിലെ നായിക അതിഥി തിരിച്ചുചോദിക്കുന്നുണ്ട്, 'ചെറുപ്പത്തിലേ തുടങ്ങിയതാണല്ലോ അമ്മ എനിക്ക് ഈ നല്ല കുടുംബമുണ്ടാക്കാനുള്ള ക്ലാസ്. എന്നിട്ട് അമ്മയ്‌ക്കിപ്പോൾ കിട്ടിയത് ഒരു നല്ല കുടുംബമാണോ? അമ്മ എന്തൊക്കെ വേണ്ടെന്നുവെച്ചിട്ടാ ജീവിക്കുന്നത്?'

കുടുംബത്തിന് വേണ്ടി തന്നെത്തന്നെ വേണ്ടെന്നു വെക്കാനാകില്ല എന്ന ഈ നയപ്രഖ്യാപനം വൈയക്തിക സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. സ്ത്രീയുടെ മേലുള്ള ഉടമസ്ഥാവകാശത്തെ കുറിച്ചുള്ള പുരുഷബോധത്തെ പരിഹസിക്കുകയോ വിമർശിക്കുകയോ ചെയ്യുന്ന നിരവധി ബന്ധങ്ങൾ ഈ നോവലുകളിൽ ഉണ്ട്.

കുടുംബത്തിനകത്തെ ലിംഗാടിസ്ഥാനത്തിലുള്ള റോൾ ഫിക്‌സേഷനെ പ്രതിരോധിക്കുന്ന കഥാപാത്രങ്ങളും ധാരാളമാണ്. അതേസമയം കുടുംബത്തെ നിഷേധിക്കുന്നവരല്ല ഇവരൊന്നും എന്നതും ശ്രദ്ധേയം. കുടുംബഘടനയിലെ അധികാരഭാവത്തോടുള്ള വിയോജിപ്പുകൾ മാത്രമാണ് അവർ പ്രകടിപ്പിക്കുന്നത്. കുടുംബത്തെക്കുറിച്ചുള്ള പുതുതലമുറയുടെ ആഗ്രഹപ്രതിനിധാനമാണ് ഇത്തരം നോവലുകൾ പ്രകടിപ്പിക്കുന്നതെന്നർഥം.

ലിംഗപരമായ ദ്രവത്വത്തോടുള്ള (Gender fluidity) ആഭിമുഖ്യം ജെൻസീ തലമുറയുടെ മനോഘടനയുടെ ഭാഗമാണ്. ലിംഗപരമായ ചരസ്വഭാവത്തിന്റെ (Trans nature)  പലമട്ടിലുള്ള വിവേചനങ്ങൾക്കിരയാകുന്ന മനുഷ്യരോടുള്ള അനുതാപം (Empathy) പുതിയ നോവലുകളിൽ ഒരു സാമാന്യ ഘടകമായി പ്രത്യക്ഷപ്പെടുന്നുണ്ട്.

ആഭിമുഖ്യസംഘർഷങ്ങൾ അനുഭവിക്കുന്ന ചെറുപ്പക്കാർ തങ്ങളുടെ സ്വത്വപ്രഖ്യാപനം (Coming out)  നടത്തുന്നത് ഇന്ന് താരതമ്യേന ഏറെ കൂടുതലാണ്. ആ മനുഷ്യരോടൊപ്പം നിൽക്കുക എന്ന ഉൾക്കൊള്ളൽ രാഷ്ട്രീയം തങ്ങളുടെ ധാർമികതയുടെ അടയാളങ്ങളിലൊന്നായാണ് പുതുതലമുറ കാണുന്നത്. റാം c/o ആനന്ദിയിലെ റാമിന് മല്ലി എന്ന ട്രാൻസ്ജെൻഡറുമായി ഉണ്ടാവുന്ന ബന്ധം അത്തരത്തിലുള്ള ഒന്നാണ്.

മനുഷ്യബന്ധങ്ങളെ നിയതമായ പാറ്റേണുകളിൽ മാത്രം കണ്ടു ശീലിച്ചവർക്ക് ആ ബന്ധം മനസ്സിലാക്കാൻ പ്രയാസമാണ്. സൗഹൃദമെന്നോ പ്രണയമെന്നോ പേരിട്ടു വിളിക്കാവുന്നതല്ല റാമിന്റെയും മല്ലിയുടേയും ബന്ധം. പല പാറ്റേണുകളിലേക്കും ഇറങ്ങിയും കയറിയും നിൽക്കുന്ന ലിംഗദ്രവത്വമാർന്ന ബന്ധങ്ങളേയും അവയുടെ തനത് സങ്കീർണതകളേയും തീർത്തും സ്വാഭാവികമായി ആഖ്യാനം ചെയ്യാൻ പുതുതലമുറ എഴുത്തുകാർക്ക് പ്രയാസമില്ല.

‘ഏറ്റവും പ്രിയപ്പെട്ട എന്നോട് ' എന്ന നോവലിലെ കണ്ണനും നിഹാലും തങ്ങളുടെ ഗേ ബന്ധത്തിന്റെ  പേരിൽ മുതിർന്ന തലമുറയിൽ നിന്ന് മനുഷ്യവിരുദ്ധമായ എതിർപ്പുകൾ നേരിടുന്നതും പുതുതലമുറയിൽ നിന്ന് തുറന്ന പിന്തുണ നേടുന്നതും ഈ തലമുറമാറ്റത്തിന്റെ പ്രതിനിധാനം തന്നെ.

വ്യക്തിസ്വാതന്ത്ര്യത്തിനായി കൂടെ നിൽക്കുന്നതിന്റെ  രാഷ്ട്രീയത്തെ തങ്ങളുടെ ധാർമിക വിജയമായാണ് പുതുതലമുറ കാണുന്നതെന്നാൽ ഇത്തരം ആഖ്യാനങ്ങൾ അവരെ പലമട്ടിൽ ആഹ്ലാദിപ്പിക്കുന്നുണ്ട്.

 സംഭാഷണങ്ങളിലൂടെ നിർവഹിക്കപ്പെടുന്ന ആഖ്യാനമാണ് പുതുതലമുറ നോവലുകളുടെ മറ്റൊരു പൊതുഘടകം. ഏറിയ പങ്കും സംഭാഷണങ്ങളും ശേഷിക്കുന്ന ഭാഗങ്ങളിൽ സംഭവവിവരണങ്ങളുമായി മുന്നോട്ടു നീങ്ങുന്ന ആഖ്യാനതന്ത്രം പുതു തലമുറയുടെ ഹ്രസ്വശ്രദ്ധ (short span of attention) യെക്കൂടി പരിഗണിച്ചുള്ളതാണ്.

കഥാപാത്രങ്ങളുടെ ആലോചനകളോ മനനങ്ങളോ പൊതുവെ ഇത്തരം നോവലുകളിലില്ല. ഒരു മാധ്യമം എന്ന നിലയിൽ നോവലിന്റെ ഉത്ഭവകാലം മുതൽ വ്യക്തിവാദത്തോടുള്ള അടുപ്പം ഈ സാഹിത്യരൂപത്തിനുണ്ട്. ലോകത്തെയും സമൂഹത്തെയും കുറിച്ച് വ്യക്തി രൂപപ്പെടുത്തുന്ന പരിപ്രേക്ഷ്യങ്ങളാണ് അയാൾക്ക് കർതൃത്വം നൽകുന്നത്.

ആധുനികതയുടെ കലാരൂപം എന്ന നിലയിൽ നോവൽ ഇത്തരം കർതൃത്വങ്ങളുടെ പ്രതിഷ്ഠാപനത്തിനും അതിലൂടെ രൂപപ്പെടുന്ന ദേശരാഷ്ട്രത്തിന്റെ സ്ഥാപനത്തിനുമായാണ് പ്രവർത്തിച്ചത്. ജനപ്രിയ ജെൻസീ നോവലുകളിൽ കാണുന്ന ഇത്തരം കർതൃപരിപ്രേക്ഷ്യങ്ങളുടെ അഭാവം സവിശേഷമായ ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്. വൈയക്തികതയെ നിർവചിക്കുന്നതിലെ നൈതികഭേദങ്ങളാണ് ഈ മാറ്റത്തിനുള്ള കാരണം.

ആധുനികതയിൽ ലോകത്തെ നോക്കിക്കാണുകയും ചിന്തിക്കുകയും ചെയ്യുന്ന വ്യക്തി രൂപപ്പെടുന്നുണ്ട്. താൻ നടത്തുന്ന തിരഞ്ഞെടുപ്പുകളിലൂടെ അയാൾ ചില സാമൂഹിക സംഘർഷങ്ങളിൽ ഏർപ്പെടുന്നുമുണ്ട്. ഈ സംഘർഷങ്ങളാണ് അയാളെ അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. ചിന്ത അനുഭവങ്ങളുടെ മേൽ ആധികാരികത കൈവരിക്കാൻ അയാളെ സഹായിക്കുന്നു.

അനുഭവങ്ങളുടെ മേൽ നേടുന്ന ആധികാരികതയാണ് ദാർശനികതയിലേക്ക് നയിക്കുന്നത്. സാമൂഹിക വ്യവസ്ഥിതിയുടെ സൂക്ഷ്‌മമായ അപഗ്രഥനത്തിൽ നിന്നാണ് ദർശനങ്ങൾ രൂപപ്പെടുന്നതെന്നർഥം. വ്യക്തി ഇവിടെ കേവല കർതൃത്വമായല്ല സാമൂഹിക കർതൃത്വമായാണ് രൂപപ്പെടുന്നത്. നമ്മുടെ നോവൽ സാഹിത്യത്തിന്റെ ചരിത്രം ഇത്തരം വ്യക്തി സംഘർഷങ്ങളുടെ ചരിത്രം കൂടിയാവുന്നത് അങ്ങനെയാണ്.

എന്നാൽ നമ്മുടെ ജെൻസീ നോവലുകളിൽ കഥാപാത്രജീവിതം കർതൃത്വത്തിലേക്കുള്ള യാത്രയായി പലപ്പോഴും പരിണമിക്കുന്നുണ്ട്. അനുഭവങ്ങളുടെ മേൽ മനസ്സുകൊണ്ട് അടയിരിക്കുന്ന പ്രവൃത്തിയാണ് ആധികാരികതയ്ക്ക് നിദാനമാവുന്നത്. പക്ഷേ, ഒരു അനുഭവത്തിലും ആധികാരികത കൈവരിക്കാനാവാത്ത വിധം അനുഭവങ്ങളിൽ നിന്ന് അനുഭവങ്ങളിലേക്കുള്ള പെരുംപാച്ചിലായി മാറുന്ന ആഖ്യാനസമീപനമാണ് ഈ നോവലുകളിലുള്ളത്.

അനുഭവങ്ങളുടെ/സംഭവങ്ങളുടെ അവസാനിക്കാത്ത ശൃംഖലകളായി നോവൽ ഇവിടെ മാറുന്നു. ഓരോ സംഭവവും ഒരു റീൽ ദൂരം ചലിക്കേണ്ട ഇന്ധനസ്രോതസ്സാണ്. ഒരു സംഭവത്തെക്കുറിച്ചുള്ള (Event) ആലോചനയിലുടെയാണ് ആ സംഭവം രൂപപ്പെടുന്നത് എന്ന് സ്ലാവോയ് സിസെക് സൂചിപ്പിക്കുന്നതോർക്കുക.

ഒരു സംഭവത്തിനുള്ള കാരണങ്ങളെ കവിഞ്ഞുനിൽക്കുന്ന ഫലം ആ സംഭവത്തിനുണ്ട് എന്നദ്ദേഹം വിശദീകരിക്കുന്നത് പുതുകാല യാഥാർഥ്യങ്ങളുടെ സങ്കീർണതകളെ കൂടി കണക്കിലെടുത്തുകൊണ്ടാണ്.

സംഭവങ്ങളെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് എന്ന ക്രമത്തിൽ ആഖ്യാനം ചെയ്യുന്നുണ്ടെങ്കിലും അവ സംഭവങ്ങളായി തീരുന്നതെങ്ങനെ എന്ന വീക്ഷണത്തിന്റെ  അഭാവമാണ് ഈ നോവലുകളെ തീർത്തും ഉപരിപ്ലവമാക്കുന്നത്. യാഥാർഥ്യത്തിന്റെ  സങ്കീർണതകൾ ഇവരുടെ ആഖ്യാനത്തിലുണ്ട്. എന്നാൽ അതിന്റെ  ആഴങ്ങൾ അവയിൽനിന്ന് അകന്നു നിൽക്കുകയും ചെയ്യുന്നുണ്ട്.

ജനപ്രിയതയുടെ ഘടകങ്ങൾ തന്നെയാണ് ജെൻസീ നോവലുകളുടെ ഭാവുകത്വത്തെ രൂപപ്പെടുത്തുന്നതെങ്കിലും മലയാളത്തിലെ മുൻകാല ജനപ്രിയ ആഖ്യാനങ്ങളിൽ നിന്ന് വേറിട്ട ചില നിലകൾ ഈ നോവലുകൾക്കുണ്ട്.

ആൾക്കൂട്ടത്തിന്റെ  വികാരങ്ങൾക്കൊപ്പം സഞ്ചരിക്കുക, അവരുടെ സ്വപ്നങ്ങൾക്ക് ചിറകുനല്‌കുക, ആൾക്കൂട്ട ധാർമികതയ്ക്ക് മുറിവേല്പിക്കാതിരിക്കുക, സാമാന്യ ജീവിത യുക്തിക്കൊപ്പം നിൽക്കുന്ന നീതിബോധം പ്രകടിപ്പിക്കുക എന്നിവയെല്ലാമായിരുന്നു മലയാളത്തിൽ ഏറെ വായിക്കപ്പെട്ട പഴയ ജനപ്രിയ നോവലുകളുടെ വിജയരഹസ്യം.

നീതിയെ ഒരു ദാർശനിക പ്രശ്ന‌മെന്ന നിലയിൽ സമീപിക്കാനോ അതിനു പിന്നിലെ സങ്കീർണതകളെ ചികയാനോ ആ നോവലുകൾ ഒരിക്കലും ശ്രമപ്പെട്ടില്ല. ഋജുവും രേഖീയവുമായ ഒരു നൈതിക യുക്തിയാണ് അവയുടെ ആഖ്യാനങ്ങളെ ഭരിച്ചിരുന്നത്. അതുകൊണ്ടുതന്നെ ഓരോ കാലത്തും തലമുറഭേദം കൂടാതെ എല്ലാ വിഭാഗം ആളുകളുടേയും വികാരങ്ങളെ അവ സംരക്ഷിച്ചു പോന്നു. പ്രായമായവർക്കും ചെറുപ്പക്കാർക്കും പ്രിയതരമായിരുന്നു അവ.

എന്നാൽ അവ പുതുകാല ജനപ്രിയ നോവലുകളിലേക്കു വരുമ്പോൾ കൃത്യമായ തലമുറ സംഘർഷം നമുക്ക് കാണാനാവും. പുതിയ തലമുറയുടെ വികാരങ്ങൾക്കൊപ്പമാണ് അവ നിലകൊള്ളുന്നത്. പരമ്പരാഗത മൂല്യങ്ങളോട് ഇടഞ്ഞുകൊണ്ടുതന്നെ ജെൻസീ തലമുറയുടെ മനോഘടനയെ പ്രതിഫലിപ്പിക്കുകയും അതിന് സാധൂകരണം (Legitimation) നല്‌കുകയും ചെയ്യുന്നതാണ് അവയുടെ ജനപ്രിയതയ്ക്ക് നിദാനമാവുന്നത്.

തങ്ങളുടെ ലക്ഷ്യസമൂഹം ഏതെന്ന കൃത്യമായ ബോധ്യവും അവരുടെ താല്‌പര്യ സംരക്ഷണവും ഈ നോവലുകൾക്കുണ്ട്. ഭാവുകത്വതലത്തിൽ പഴയ ജനപ്രിയ ആഖ്യാനങ്ങളിൽ നിന്ന് ഇമ്മട്ടിൽ വേറിട്ടുനിൽക്കുമ്പോഴും പ്രത്യയശാസ്ത്ര യുക്തിയിൽ ചില സമാനതകൾ കാലഭേദമെന്യേ ഇവയിൽ കാണുകയും ചെയ്യും. വ്യവസ്ഥയ്ക്ക് അധികം പരിക്കേല്‌പിക്കാതെയുള്ള ചേർന്നുനില്‌പാണ് ജനപ്രിയതയെ എക്കാലവും നിർണയിച്ചു പോരുന്നത്.

വ്യവസ്ഥയുടെ അനീതികളോട് എതിർപ്പ് പ്രകടിപ്പിക്കുമ്പോൾത്തന്നെ സ്വന്തം നിലനില്പ് അപകടത്തിലാകും വിധം അവയ്‌ക്കെതിരെ കലാപക്കൊടി ഉയർത്തുന്നത് ജനപ്രിയ ആഖ്യാനങ്ങളുടെ രീതിയല്ല. ജീവിതത്തെ പ്രതിസന്ധിയിലാക്കുംവിധം ചിന്താപരമായ കാലുഷ്യങ്ങളിലേക്ക് കടക്കാനും അത്തരം ആഖ്യാനങ്ങൾക്ക് സാധ്യമാവില്ല. ഇത്തരം പ്രത്യയശാസ്ത്രപരമായ പരിമിതികൾ ജെൻസീ നോവലുകളും പങ്കുവെയ്‌ക്കുന്നുണ്ട്.

പാരമ്പര്യവുമായുള്ള സംഘർഷത്തിൽ പുതുതലമുറയോട് ചേർന്നുനിൽക്കുന്നതു കൊണ്ടു തന്നെ ജീവിതത്തെ പുതുക്കാനുള്ള ശ്രമങ്ങൾ ഈ നോവലുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും അവ കേവല പരിഷ്‌കരണ സൂചനകളായി ഒതുങ്ങിപ്പോവുന്നു. അവയെ ഒരു രാഷ്ട്രീയമായി വികസിപ്പിക്കാനാവശ്യമായ ചരിത്രപരിചരണമോ ജീവിതസമീപനമോ ഈ കൃതികളിൽ നമുക്ക് കാണാനാവില്ല.

ചരിത്രം പരാമർശിക്കപ്പെടേണ്ട ഒന്നായേ ഈ ആഖ്യാനങ്ങൾ പരിഗണിക്കുന്നില്ല. കഥാപാത്രങ്ങളെല്ലാം വർത്തമാന കാലത്തിൽ തുടങ്ങി അതിൽ മാത്രം സഞ്ചരിക്കുന്നവരാണ്. ചരിത്രത്തോടുള്ള ഈ നിഷേധ ഭാവം ആഖ്യാനത്തിലെ ഉപരിപ്ലവതയുടെ പ്രധാന കാരണമാണ്.

ചരിത്രത്തിലൂടെ പരിണമിക്കുന്ന സാംസ്‌കാരിക രൂപങ്ങളായി ആഖ്യാനങ്ങൾ മാറുമ്പോഴാണ് സ്വത്വത്തേയോ സമൂഹത്തേയോ അതിന് പരിണമിപ്പിക്കാനാവുന്നത്. നോവൽ ഒരു സംവാദമണ്ഡലമായി പരിണമിക്കുന്നതിന്റെ  രീതിശാസ്ത്രമാണത്.

 വായനയുടെ തലമുറമാറ്റവും അതിന്റെ  സാംസ്‌കാരിക സ്വഭാവങ്ങളും നല്‌കുന്ന സൂചനകളെ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. കുറേക്കൂടി മെച്ചപ്പെട്ട ഒരു ലോകത്തെ അഭിലഷിക്കുമ്പോഴും അതിന് ഇന്ധനമാകേണ്ട ചരിത്രബോധത്തിന്റെ  നിരാകരണം പുതിയ ആഖ്യാനങ്ങളുടെ പ്രകൃതമായി നിൽക്കുന്നു.

കുറേക്കൂടി ഉയർന്ന മാനവിക മൂല്യങ്ങളും ജനാധിപത്യ ബോധവും ഈ കൃതികൾ മുന്നോട്ടുവെക്കുന്നുണ്ടെന്നത് പ്രത്യാശയുണർത്തുന്നതാണ്. അതേസമയം നൈതികമായ ജാഗ്രത സാമൂഹിക ചാലകത്വത്തിലേക്ക് നയിക്കുന്നത് ചിന്തയുടെ ആഴങ്ങളെ തൊട്ടാണ് എന്നത് വിസ്‌മരിക്കുകയുമരുത്.

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top