22 December Sunday

അവധൂതനെപ്പോലൊരു മലയാളി ചരിത്രകാരന്‍

സുനില്‍ ഞാളിയത്ത്Updated: Monday Jul 22, 2024

പരമേശ്വരൻ തങ്കപ്പൻനായർ - ഫോട്ടോ: ടി അജയകുമാർ കൊൽക്കത്ത

 

കൊല്‍ക്കത്തയുടെ ചരിത്രം അവഗണിക്കപ്പെട്ടും വിസ്മരിക്കപ്പെട്ടും കിടക്കുകയാണെന്ന തിരിച്ചറിവില്‍ നിന്നാണ് തങ്കപ്പന്‍ നായര്‍ മഹാനഗരത്തിന്റെ ചരിത്രം തേടിയുള്ള തന്റെ യാത്രയാരംഭിക്കുന്നത്. അതോടെ മറഞ്ഞുകിടക്കുകയായിരുന്ന കൊല്‍ക്കത്തയുടെ അമൂല്യ ചരിത്രധാരകളെ ഒരു നിയോഗം പോലെ നായര്‍ദാ ഒന്നൊന്നായി കണ്ടെടുക്കാന്‍ തുടങ്ങി. അതിനായി തോള്‍സഞ്ചിയും തൂക്കി നഗരത്തിന്റെ തെരുവുകളിലൂടെ ഒരു അവധൂതനെപ്പോലെ സഞ്ചരിക്കുകയും ചരിത്രരേഖകള്‍ തേടി കൊല്‍ക്കത്തയുടെ സ്വന്തം പുസ്തകത്തെരുവായ കോളേജ് സ്ട്രീറ്റില്‍ വര്‍ഷങ്ങളോളം അലയുകയും ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ നാഷണല്‍ ലൈബ്രറിയിലെ ആയിരക്കണക്കിന് പുസ്തകങ്ങള്‍ക്കിടയില്‍ ക്ഷമയോടെ തല പൂഴ്ത്തുകയും ചെയ്തു.

പ്രളയജലം പോലെ പ്രതിഭകള്‍ നിറഞ്ഞ കൊല്‍ക്കത്തയുടെ സാംസ്കാരിക തുറസ്സുകളില്‍ സ്വന്തം കാല്‍പ്പെരുമാറ്റം കേള്‍പ്പിക്കുക അത്ര എളുപ്പമല്ല. എന്നാൽ പരമേശ്വരന്‍ തങ്കപ്പന്‍ നായർ എന്ന മലയാളി അത് സാധിച്ചെടുത്തു. എളുപ്പവഴികളിലൂടെ ആയിരുന്നില്ല അത് സാധ്യമായതും. പ്രഗത്ഭമതികളും വിഖ്യാതരുമായ നിരവധി ചരിത്രകാരന്മാരുടെ ഹോം ഗ്രൗണ്ടില്‍ അവരുടെ മാതൃനഗരത്തിന്റെ ചരിത്രകാരനായി അടയാളപ്പെടുകയെന്നത് എല്ലാ അർഥത്തിലും ദുഷ്കരമായിരുന്നു.

പരമേശ്വരൻ തങ്കപ്പൻനായർ

പരമേശ്വരൻ തങ്കപ്പൻനായർ

ഒട്ടനവധി ചരിത്രകാരന്മാര്‍ക്ക് ജന്മം നല്‍കിയ നഗരത്തിന്റെ ചരിത്രം പറയാന്‍ ഒരു മലയാളി വേണ്ടിവന്നു എന്നത് ഒരു പക്ഷെ വിചിത്രമായ ഒരു ചരിത്രനിയോഗമാവാം. അതിന്റെ സ്നേഹാദരവെന്നോണം എന്നെന്നേയ്ക്കുമായി വിസ്മരിക്കപ്പെട്ടു പോകുമായിരുന്ന കൊല്‍ക്കത്തയുടെ ചരിത്രം കണ്ടെത്തി രേഖപ്പെടുത്തിയ മനുഷ്യനെ അവര്‍ ഔപചാരികതയുടെ പേരില്‍ പരമേശ്വരന്‍ തങ്കപ്പന്‍ നായര്‍ എന്നും ചുരുക്കത്തില്‍ പി ടി നായര്‍ എന്നും അനൗപചാരികമായി, ഏറെയിഷ്ടത്തോടെ നായര്‍ദാ എന്നും വിളിച്ചു. അവസരം കിട്ടിയപ്പോഴൊക്കെയും വേദികളായ വേദികളിലെല്ലാം ‘കൊല്‍ക്കത്തയുടെ നഗ്നപാദനായ ചരിത്രകാരന്‍’ എന്ന്‌ ഉറക്കെ വിശേഷിപ്പിച്ചുകൊണ്ട്‌ അഭിവാദ്യം ചെയ്യുകയും തങ്ങളുടെ കടപ്പാട് രേഖപ്പെടുത്തുകയും ചെയ്തു.

കേവലമൊരു അഗതിയെപ്പോലെ തൊഴില്‍ തേടി കൊല്‍ക്കത്തയില്‍ എത്തിയ നായര്‍ദാ കാലത്തിന്റെ ഗതിവിഗതികളില്‍ നഗരത്തിന്റെ ചരിത്രകാരനായി മാറിയതിനു പിന്നില്‍ ദീര്‍ഘകാലത്തെ കഠിന പ്രയത്നവും സാധനയുമുണ്ട്. മഹാനഗരത്തിലെ പ്രയാണത്തിനിടയില്‍ സംഭവിച്ച പത്രപ്രവര്‍ത്തന ജീവിതത്തിന്റെ ഏതോ നാല്‍ക്കവലയില്‍ വച്ചാവണം അദ്ദേഹം കൊല്‍ക്കത്തയുടെ കൊളോണിയല്‍ ചരിത്രത്തെ അരുമയായി കാണാന്‍ തുടങ്ങിയത്.

കേവലമൊരു അഗതിയെപ്പോലെ തൊഴില്‍ തേടി കൊല്‍ക്കത്തയില്‍ എത്തിയ നായര്‍ദാ കാലത്തിന്റെ ഗതിവിഗതികളില്‍ നഗരത്തിന്റെ ചരിത്രകാരനായി മാറിയതിനു പിന്നില്‍ ദീര്‍ഘകാലത്തെ കഠിന പ്രയത്നവും സാധനയുമുണ്ട്. മഹാനഗരത്തിലെ പ്രയാണത്തിനിടയില്‍ സംഭവിച്ച പത്രപ്രവര്‍ത്തന ജീവിതത്തിന്റെ ഏതോ നാല്‍ക്കവലയില്‍ വച്ചാവണം അദ്ദേഹം കൊല്‍ക്കത്തയുടെ കൊളോണിയല്‍ ചരിത്രത്തെ അരുമയായി കാണാന്‍ തുടങ്ങിയത്.

പതുക്കെപ്പതുക്കെ കൊല്‍ക്കത്തയുടെ ചരിത്രമറിയാന്‍ ഭരണകര്‍ത്താക്കളും, ഗവേഷകരും, പത്രപ്രവര്‍ത്തകരും, ചരിത്രവിദ്യാർഥികളും, സാമൂഹ്യപ്രവര്‍ത്തകരും നായര്‍ദായുടെ മധ്യകൊല്‍ക്കത്തയിലെ ഭവാനിപ്പൂരിലുള്ള രണ്ടുമുറി വാടകവീട്ടില്‍ എത്തിച്ചേരാന്‍ തുടങ്ങി.

വേറിട്ട ജീവിതയാത്രകള്‍

തച്ചിലേത്ത് കേശവന്‍ നായരുടെയും ലക്ഷ്മി പാർവതിയമ്മയുടെയും മകനായി 1933ല്‍ ജനിച്ച തങ്കപ്പന്‍ നായര്‍ (പേരിലെ പരമേശ്വരന്‍ എന്നത് അമ്മാവന്റെ പേരായിരുന്നു) 1955ല്‍ തന്റെ  ഇരുപത്തിരണ്ടാം വയസ്സിലാണ് തൊഴില്‍ തേടി

പരമേശ്വരൻ തങ്കപ്പൻനായർ - ഫോട്ടോ: ടി അജയകുമാർ കൊൽക്കത്ത

പരമേശ്വരൻ തങ്കപ്പൻനായർ - ഫോട്ടോ: ടി അജയകുമാർ കൊൽക്കത്ത

കൊല്‍ക്കത്തയില്‍ എത്തുന്നത്.

ഒരു വര്‍ഷക്കാലം കൊല്‍ക്കത്തയിലെ വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ സ്റ്റെനോഗ്രാഫറായി ജോലി ചെയ്ത തങ്കപ്പന്‍ നായര്‍ തൊഴില്‍ നഷ്ടപ്പെട്ടതോടെ അസമിലേക്ക്‌ തിരിച്ചു. അസമില്‍ ജീവിച്ച കാലത്താണ് ഗുവാഹത്തി സർവ്വകലാശാലയില്‍ നിന്ന് അദ്ദേഹം ചരിത്രത്തില്‍ റാങ്കോടെ ബിരുദമെടുക്കുന്നത്. അവിടെ വച്ചുതന്നെ അന്ത്രോപോളജിക്കല്‍ സർവ്വേ ഓഫ് ഇന്ത്യയില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

കുറച്ചുകാലം അവിടെ ജോലി  ചെയ്തശേഷം വീണ്ടും കൊല്‍ക്കത്തയില്‍ തന്നെ തിരിച്ചെത്തുകയാണ് ചെയ്തത്. കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയ നായര്‍ദാ പത്രപ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായതോടെ സര്‍ക്കാര്‍ ജോലി രാജിവച്ച്  1965 മുതല്‍1981 വരെ ഒരുമലയാളിയുടെ ഉടമസ്ഥതയില്‍ കൊല്‍ക്കത്തയില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന‘എഞ്ചിനീയറിങ്‌ ടൈംസ്‌’,‘ഷിപ്പിങ്‌ & പോര്‍ട്ട്‌ റിവ്യൂ’എന്നീ പ്രസിദ്ധീകരണങ്ങളില്‍ പത്രപ്രവര്‍ത്തകനായി.

അതിനെത്തുടര്‍ന്നാണ് സാമ്പത്തികാടിത്തറ ഒട്ടും ഭദ്രമല്ലാതിരുന്നിട്ടും തന്റെ നാല്‍പ്പത്തിയെട്ടാം വയസ്സില്‍ ആ സ്ഥിരജോലി വേണ്ടെന്നു വച്ച് മുഴുവന്‍ സമയവും ചരിത്രാന്വേഷണത്തിനും  ചരിത്രരചനക്കുമായി തങ്കപ്പന്‍ നായർ നീക്കിവച്ചത്. കൊല്‍ക്കത്തയുടെ ചരിത്രം അവഗണിക്കപ്പെട്ടും വിസ്മരിക്കപ്പെട്ടും കിടക്കുകയാണെന്ന തിരിച്ചറിവില്‍ നിന്നാണ് തങ്കപ്പന്‍ നായര്‍ മഹാനഗരത്തിന്റെ ചരിത്രം തേടിയുള്ള തന്റെ യാത്രയാരംഭിക്കുന്നത്.

അതോടെ മറഞ്ഞുകിടക്കുകയായിരുന്ന കൊല്‍ക്കത്തയുടെ അമൂല്യ ചരിത്രധാരകളെ ഒരു നിയോഗം പോലെ നായര്‍ദാ ഒന്നൊന്നായി കണ്ടെടുക്കാന്‍ തുടങ്ങി. അതിനായി തോള്‍സഞ്ചിയും തൂക്കി നഗരത്തിന്റെ തെരുവുകളിലൂടെ ഒരു

പരമേശ്വരൻ തങ്കപ്പൻനായർ - ഫോട്ടോ: ടി അജയകുമാർ കൊൽക്കത്ത

പരമേശ്വരൻ തങ്കപ്പൻനായർ - ഫോട്ടോ: ടി അജയകുമാർ കൊൽക്കത്ത

അവധൂതനെപ്പോലെ സഞ്ചരിക്കുകയും ചരിത്രരേഖകള്‍ തേടി കൊല്‍ക്കത്തയുടെ സ്വന്തം പുസ്തകത്തെരുവായ കോളേജ് സ്ട്രീറ്റില്‍ വര്‍ഷങ്ങളോളം അലയുകയും ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ നാഷണല്‍ ലൈബ്രറിയിലെ ആയിരക്കണക്കിന് പുസ്തകങ്ങള്‍ക്കിടയില്‍ ക്ഷമയോടെ തല പൂഴ്ത്തുകയും ചെയ്തു.  അതിന്റെ  ഫലശ്രുതിയെന്നോണമാണ്‌ കൊല്‍ക്കത്തയെ കുറിച്ചു മാത്രം 37 പുസ്തകങ്ങള്‍ രചിക്കപ്പെട്ടത്.

സുദീര്‍ഘമായ തന്റെ സപര്യയില്‍ നാഷണല്‍ ലൈബ്രറിയും പുസ്തകത്തെരുവായ കോളേജ് സ്ട്രീറ്റിലെ പഴയ പുസ്തകങ്ങളുടെ വില്‍പ്പനക്കാരുമാണ്‌ അദ്ദേഹത്തിന്‌  തുണയായത്. നടപ്പിലും എടുപ്പിലും തീര്‍ത്തും സാധാരണക്കാരനെപ്പോലെ കാണപ്പെട്ട തങ്കപ്പന്‍ നായര്‍  തുടക്കത്തില്‍ അധികാരവൃന്ദങ്ങള്‍ക്കും കാഴ്ചയില്‍ കുലീനരായ പണ്ഡിതര്‍ക്കും അനഭിമതനായിരുന്നു. 

ജോബ്‌ ചാര്‍ണക്ക്‌

ജോബ്‌ ചാര്‍ണക്ക്‌

അപ്പോഴൊക്കെയും അവിടെ അക്കാലത്ത് ജോലി ചെയ്തിരുന്ന മലയാളി ഉദ്യോഗസ്ഥരായ കെ എം ഗോവിയും ഡോ. കെ കെ കൊച്ചുകോശിയും നായര്‍ദായ്ക്ക് താങ്ങും തണലുമായി നിലകൊണ്ടു. പഴയ പത്രമാസികകളും കല്‍ക്കത്ത റിവ്യൂ, ജേണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി തുടങ്ങിയ പ്രസിദ്ധീകരണങ്ങളും പരതി കുറിപ്പുകള്‍ എടുക്കുകയും ചെയ്തതോടെ പതുക്കെപ്പതുക്കെ കൊല്‍ക്കത്തയുടെ സ്വന്തം ചരിത്രകാരന്‍ ഉയിരെടുക്കുകയായിരുന്നു.

വര്‍ഷങ്ങളോളം നീണ്ടുനിന്ന ഗൃഹപാഠങ്ങള്‍ക്കൊടുവിലാണ് കൊല്‍ക്കത്തയുടെ സ്ഥാപകനായ ജോബ്‌ ചാര്‍ണക്കിനെക്കുറിച്ചുള്ള തങ്കപ്പന്‍ നായരുടെ നഗരചരിത്ര സംബന്ധിയായ ആദ്യപുസ്തകം വരുന്നത്.  ജീവിതാന്ത്യത്തില്‍ മറവിരോഗം പിടിപെടുന്നതുവരെ  അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശം നിലനിര്‍ത്തിയിരുന്ന നായര്‍ദായുടെ എണ്‍പത്തിയാറാം വയസ്സിലാണ് അവസാന പുസ്തകമായ ‘ഗാന്ധിജി ഇന്‍ കൊല്‍ക്കത്ത’ 2019 ൽ പുറത്തിറങ്ങിയത്.

എല്ലാ അർഥത്തിലും വേറിട്ടൊരു ജീവിതയാത്രയായിരുന്നു തങ്കപ്പന്‍ നായരുടേത്. ഏതെങ്കിലും രീതിയില്‍ ഒരു വാര്‍ത്താതാരമായാല്‍പ്പിന്നെ ആ ഇമേജ് നിലനിര്‍ത്താന്‍ ട്രപ്പീസുകളിക്കാരെ തോല്‍പ്പിക്കും വിധം മെയ്യഭ്യാസികളായി മാറി ഏത് വിധേനയും പേജ് ത്രീയില്‍ കയറിപ്പറ്റാന്‍ അത്യാധ്വാനം ചെയ്യുകയും അതിനായി ചുറ്റിത്തിരിയുകയും ചെയ്യുന്നവർക്കിടയില്‍ നിന്ന് നായര്‍ദാ എല്ലായ്‌പ്പോഴും വഴിമാറി നടന്നു. 

നാഷണൽ  ലൈബ്രറി കൊൽക്കത്ത

നാഷണൽ ലൈബ്രറി കൊൽക്കത്ത

അധികാരത്തിന്റെ  ഒരു ഇടനാഴിയിലേക്കും ഒരിക്കല്‍ പോലും കയറിച്ചെന്നില്ല.  ജീവിതത്തിലുടനീളം സ്വന്തം ബോധ്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടാണ് അദ്ദേഹം സഞ്ചരിച്ചത്. അതുകൊണ്ടുതന്നെ കൊല്‍ക്കത്തയിലെ നാഗരിക നാട്യങ്ങള്‍ നിറഞ്ഞ ബുദ്ധിജീവികളുടെ സദിരുകളിലോ, അക്കാദമിക് വേദികളിലോ, നേരമ്പോക്കിനുവേണ്ടിയുള്ള അലസമായ ഒത്തുചേരല്‍ കൂട്ടായ്മകളിലോ തന്റെ  സാന്നിധ്യമറിയിക്കാന്‍ ഒരിക്കല്‍പോലും നായര്‍ദാ വെമ്പല്‍ കൊണ്ടില്ല. 

പകരം നാഷണല്‍ ലൈബ്രറിയിലെ അമൂല്യമായ പുസ്തക ശേഖരങ്ങള്‍ക്കു മുന്നില്‍ ഒരു ധ്യാനത്തിലെന്നവണ്ണം അടയിരിക്കുകയും വിവര ശേഖരണം നടത്തുകയും ചെയ്തു.  മുറതെറ്റാതെ കോളേജ് സ്ട്രീറ്റിലെ പുസ്തകത്തെരുവിലൂടെ അലഞ്ഞ് വിലമതിക്കാനാവാത്ത ചരിത്രഗ്രന്ഥങ്ങളും രേഖകളും കണ്ടെത്തി സ്വന്തമാക്കി. നഗരമധ്യത്തിലെ ഭവാനിപ്പൂരിലുള്ള കന്‍സാരി പാറ റോഡിലെ വാടകവീട്ടില്‍ അര നൂറ്റാണ്ടിലെറെക്കാലം കഴിയുകയും തീര്‍ത്തും അനാര്‍ഭാടമായി ജീവിക്കുകയും പുരാലിഖിതങ്ങളുടെ അടിവേരുകള്‍ തേടിയുള്ള യാത്രകൾ ഒരു തപസ്യ പോലെ തുടരുകയും ചെയ്തു.

തിരസ്‌കാരത്തില്‍ തുടക്കം, പ്രശസ്തിയില്‍ മടക്കം

പ്രശസ്തിയും പുരസ്കാരങ്ങളും തേടിയെത്തും മുന്‍പ് തിരസ്കാരങ്ങളുടെയും അവഗണനയുടെയും തിക്തമായ ദുരിതപർവ്വം തങ്കപ്പന്‍ നായര്‍ക്ക് അനുഭവിക്കേണ്ടി വന്നിരുന്നു. ചരിത്രാന്വേഷിയായി ഇറങ്ങിത്തിരിച്ച കാലത്ത് പല പ്രശസ്ത സ്ഥാപനങ്ങളില്‍ നിന്നും അവിടെയുള്ള ഉദ്യോഗസ്ഥരില്‍നിന്നും കയ്പേറിയ അനുഭവങ്ങള്‍ നായര്‍ദായ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പലയിടങ്ങളില്‍ നിന്നും പലകുറി അപഹാസ്യനായി ഇറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട്. 

എന്നാല്‍ ചരിത്രം തേടിയുള്ള തന്റെ ഏകാന്ത സഞ്ചാരത്തിന് അതൊന്നും ഒരു വിഘ്നമായി തങ്കപ്പന്‍ നായര്‍ കണ്ടില്ല. അടഞ്ഞ വാതിലുകള്‍ക്കു മുന്നില്‍ യാചനാസ്വരത്തില്‍ അഭ്യർഥന നടത്താതെ അചഞ്ചലചിത്തനായി ഇറങ്ങി നടക്കുകയും, ഒട്ടും കൂസാതെ അടുത്ത മാര്‍ഗം തേടുകയും ചെയ്തു. തുടര്‍ന്ന് ഒരുതരം വാശിനിറഞ്ഞ അഭിനിവേശത്തോടെ ചരിത്രരേഖകളിലൂടെ നിരന്തരം മുങ്ങിനിവരാന്‍ തുടങ്ങിയതോടെയാണ്  കൊല്‍ക്കത്തയുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ചരിത്രം ഒന്നൊന്നായി ലിഖിതരൂപം കൈവരിക്കാന്‍ തുടങ്ങിയത്.

ജീവിതത്തിലുടനീളം തന്നെക്കുറിച്ചോ തന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ആരെങ്കിലും കരുതലോടെ കാണണമെന്നോ പൊന്നാട ചുറ്റി അംഗീകരിക്കണമെന്നോ തങ്കപ്പന്‍ നായര്‍ വിരളമായിപ്പോലും ചിന്തിച്ചില്ല. എഴുതിത്തീര്‍ക്കേണ്ട വിഷയങ്ങളെക്കുറിച്ചും അവയിലേക്ക് എത്തിച്ചേരേണ്ട വഴികളെക്കുറിച്ചുമാണ് അദ്ദേഹം സദാസമയവും ചിന്തിച്ചത്.

ഏകാന്തവും ധൈഷണികവുമായ ഒരു സ്വകാര്യലോകം സൃഷ്ടിച്ച് കൊല്‍ക്കത്ത നഗരത്തിന്റെ ഭൂതകാലത്തെ വര്‍ത്തമാനകാലത്തിലേക്ക് ആനയിക്കുകയാണ് നായര്‍ദാ ചെയ്തത്. ഏതൊരാളുടെയും ജീവിതാനിവാര്യതകളില്‍ ഒന്നായ സാമ്പത്തികഭദ്രത പോലും അവഗണിച്ചുകൊണ്ടാണ് നായര്‍ദാ തന്റെ സപര്യ തുടര്‍ന്നത്.

അരനൂറ്റാണ്ടിലേറെക്കാലം കൊല്‍ക്കത്തയില്‍ താമസിച്ച് നഗരത്തിന്റെ  ചരിത്രത്തെ സ്വന്തം കൈവെള്ളയിലെന്നപോലെ ഹൃദിസ്ഥമാക്കുകയും അതിനെ പശ്ചാത്തലമാക്കി നിരവധി ഈടുറ്റ രചനകള്‍ നഗരത്തിന് സമ്മാനിക്കുകയും ചെയ്തിട്ടാണ് നായര്‍ദാ കേരളത്തിലേക്ക് മടങ്ങിയത്.  അപ്പോഴും കോടികള്‍ വിലമതിക്കുന്ന തന്റെ ആറായിരത്തോളം വരുന്ന അപൂർവ്വ ഗ്രന്ഥശേഖരം തുച്ഛമായ തുക പാരിതോഷികമായി സ്വീകരിച്ച് കൊല്‍ക്കത്ത ടൗണ്‍ ഹാള്‍ ലൈബ്രറിക്ക് നല്‍കി അദ്ദേഹം മാതൃകയായി.

നായര്‍ദായുടെ തീരുമാനത്തെ  അതിശയത്തോടെ കണ്ടവരോട് അദ്ദേഹം നിര്‍മ്മമതയോടെ പറഞ്ഞു, “ഈ ഗ്രന്ഥശേഖരം കൊല്‍ക്കത്തയിലാണ് നിലനില്‍ക്കേണ്ടത്. വിദേശ ലൈബ്രറികള്‍ക്കോ സർവ്വകലാശാലകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നല്‍കിയാല്‍ ഈ നഗരത്തിലുള്ളവര്‍ക്ക് അത് എന്നെന്നേയ്ക്കുമായി അപ്രാപ്യമാവും”.

അംഗീകാരങ്ങള്‍

വൈകിയാണെങ്കിലും തങ്കപ്പന്‍ നായരെത്തേടി  അംഗീകാരങ്ങള്‍ എത്തുക തന്നെ ചെയ്തു. 1990 ല്‍ ബര്‍ദ്വാന്‍ സർവ്വകലാശാല ഡിലിറ്റ് നല്‍കി ആദരിച്ചു. ചില ഇടവേളകളോടെ ആണെങ്കിലും 1989 മുതല്‍ 2004 വരെ പ്രശസ്തമായ ഏഷ്യാറ്റിക് സൊസൈറ്റിയുടെ റിസര്‍ച്ച് പ്രൊഫസറായി പ്രവര്‍ത്തിക്കാനും തങ്കപ്പന്‍ നായര്‍ക്ക് അവസരം ലഭിച്ചു. 

കൊല്‍ക്കത്തയുടെ മുന്നൂറാം ജന്മദിനം കണ്ടെത്താനും ആഘോഷിക്കാനും നിമിത്തമായത് തങ്കപ്പന്‍ നായർ ‍കൊല്‍ക്കത്ത നഗരത്തിന്റെ സ്ഥാപകനെക്കുറിച്ച് എഴുതിയ ‘ജോബ്‌ ചാര്‍ണക്ക്  ദി ഫൗണ്ടര്‍ ഓഫ് കല്‍ക്കത്ത’ എന്ന ഗ്രന്ഥമായിരുന്നു. 2018 ല്‍ ചരിത്രകാരനായിരുന്ന നിഷിത് രഞ്ജന്‍ റായിയുടെ പേരിലുള്ള പുരസ്കാരവും നായര്‍ദായ്ക്ക് ലഭിച്ചിരുന്നു.

പക്ഷെ കേരളത്തിന്റെ മുന്‍ഗണനാപ്പട്ടികയില്‍ ഒരിക്കല്‍ പോലും കൊല്‍ക്കത്തയുടെ മലയാളിയായ ചരിത്രകാരന്‍ ഇടം പിടിച്ചില്ല. നമ്മുടെ സർവ്വകലാശാലകളിലെ ചരിത്രവിഭാഗ സെമിനാറുകളില്‍പ്പോലും ഒരു സാധാരണ ക്ഷണിതാവായി അദ്ദേഹം പരിഗണിക്കപ്പെട്ടില്ല.

അവസാന നാളുകള്‍

2018ലാണ് അരനൂറ്റാണ്ടിലേറെക്കാലം തനിക്ക് അഭയമേകിയ കൊല്‍ക്കത്തയില്‍ നിന്ന് പറവൂര്‍ ചേന്ദമംഗലം മഠത്തില്‍പ്പറമ്പില്‍ വീട്ടില്‍ സ്ഥിരതാമസത്തിനായി തങ്കപ്പന്‍ നായര്‍ എത്തിച്ചേര്‍ന്നത്.  എന്നിട്ടും അവസാനകാലം വരെ അദ്ദേഹം ആഗ്രഹിച്ചത് തന്റെ പ്രിയ നഗരത്തിലേക്ക് മടങ്ങിപ്പോകാനാണ്. അവസാന നാളുകളില്‍ മനസ്സുകൊണ്ട് നായര്‍ദാ കഴിഞ്ഞിരുന്നതും കൊല്‍ക്കത്തയില്‍ത്തന്നെ. 

സ്മൃതിഭ്രംശവും, വാര്‍ധക്യസഹജമായ രോഗപീഡകളും ബാധിച്ച്, ചേന്ദമംഗലത്ത് കഴിഞ്ഞിരുന്ന ജീവിതത്തിന്റെ  അവസാന വര്‍ഷങ്ങളില്‍ വിരളമായി മാത്രം തന്നെ കാണാനെത്തിയ കൊല്‍ക്കത്തയിലെ സുഹൃത്തുക്കളോടും സന്ദര്‍ശകരോടും അദ്ദേഹം വ്യക്തിസവിശേഷമായ കൃത്യതയോടെ പറഞ്ഞു: “എനിക്ക് ഇവിടെനിന്ന് ലൈബ്രറിയിലേക്ക് നടന്നു പോകാവുന്ന ദൂരമല്ലേയുള്ളൂ. നടക്കുന്നതാ എനിക്കിഷ്ടവും...! നോക്ക്... ദേ ആ കാണുന്ന വീട്ടിലാണ് ഗാന്ധിജി കല്‍ക്കത്തയില്‍ വന്നപ്പോള്‍ താമസിച്ചത്..!”

2023 ഫെബ്രുവരിയിലാണ് നായര്‍ദായെ അവസാനമായി ചേന്ദമംഗലത്തെ വീട്ടില്‍ച്ചെന്ന് കണ്ടത്.മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജി ഷഹീദും ഒപ്പമുണ്ടായിരുന്നു. അപ്പോഴേയ്ക്കും അദ്ദേഹം പൂർവ്വാധികം ക്ഷീണിതനായിക്കഴിഞ്ഞിരുന്നു. തിമിരബാധയേറ്റ് കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു.സംസാരിക്കുമ്പോൾ വാക്കുകൾ പലപ്പോഴും പാതിയില്‍ മുറിഞ്ഞു.

എന്നെ മാത്രമല്ല, കൊല്‍ക്കത്തയിലെ വാസകാലത്ത് ആത്മബന്ധമുണ്ടായിരുന്ന പലരുടെയും പേരുകള്‍ പറഞ്ഞിട്ടും ആരെയും ഓര്‍ത്തെടുക്കാനാവാതെ തുറന്നുകിടന്ന പൂമുഖ വാതിലിലൂടെ പുറത്തേയ്ക്ക് ശൂന്യത നിറഞ്ഞ നോട്ടമയച്ച് നായര്‍ദാ നിസ്സംഗനായിരുന്നു. 

ആ ഇരിപ്പില്‍ ഓർമകളുടെ തൂവലുകള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെയാണ്‌ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്.  കാലവും പ്രായവും നായര്‍ദായുടെ ചിന്തകള്‍ക്കും വാക്കുകള്‍ക്കും നിധിസമാനമായ ഓർമകള്‍ക്കും മീതെ മറവിയുടെ കട്ടിപ്പുതപ്പ് വിരിച്ചു തുടങ്ങിക്കഴിഞ്ഞിരുന്നു. 

ഒരുകാലത്ത്‌ ഒരു ഹാര്‍ഡ് ഡിസ്‌കില്‍ എന്നപോലെ  കൊല്‍ക്കത്തയുടെ ചരിത്രവും അതിന്റെ കാലഗണനയും സൂക്ഷ്മതയോടെയും ജാഗ്രതയോടെയും സൂക്ഷിച്ചിരുന്ന മനസ്സ് മറവിയുടെ കയങ്ങളില്‍ മറഞ്ഞു തുടങ്ങിയെന്ന തിരിച്ചറിവ് നല്‍കിയ വേദനയോടെയാണ് അന്ന് ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങിയത്.

ഭാര്യ സീതാദേവിയോടൊപ്പം

ഭാര്യ സീതാദേവിയോടൊപ്പം

ഹൈസ്കൂൾ അധ്യാപികയായി വിരമിച്ച കവി കൂടിയായ (എ മൈനര്‍ റൈറ്റര്‍ എന്ന് തങ്കപ്പന്‍ നായര്‍) സതീദേവിയോടും അധ്യാപകനായ മകന്‍ മനോജിനോടും കുടുംബത്തോടൊപ്പവുമായിരുന്നു നായര്‍ദാ അവസാന നാളുകള്‍ ചിലവഴിച്ചത്. അവസാനകാലത്തെ ഏതാനും വര്‍ഷങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ജീവിതകാലത്തുടനീളം കര്‍മ്മനിരതനായിരുന്നു നായര്‍ദാ. 

2024 ജൂണ്‍ 19ന് വാര്‍ധക്യസഹജമായ രോഗപീഡകള്‍ക്കും അവശതകള്‍ക്കും വിരാമമിട്ടുകൊണ്ട് തന്റെ തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ തങ്കപ്പന്‍ നായര്‍ വിടവാങ്ങിയതോടെ അടഞ്ഞത് ഒരവധൂതനെപ്പോലെ ചരിത്രം തേടി സഞ്ചരിച്ച, കൊല്‍ക്കത്ത നഗരത്തിന് അവിസ്മരണീയവും അസാധാരണവുമായ ചരിത്രസംഭാവനകള്‍ നല്‍കിയ സമാനതകളില്ലാത്ത ഒരു ചരിത്രജീവിതമാണ്‌.

2024 ജൂണ്‍ 19ന് വാര്‍ധക്യസഹജമായ രോഗപീഡകള്‍ക്കും അവശതകള്‍ക്കും വിരാമമിട്ടുകൊണ്ട് തന്റെ തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ തങ്കപ്പന്‍ നായര്‍ വിടവാങ്ങിയതോടെ അടഞ്ഞത് ഒരവധൂതനെപ്പോലെ ചരിത്രം തേടി സഞ്ചരിച്ച, കൊല്‍ക്കത്ത നഗരത്തിന് അവിസ്മരണീയവും അസാധാരണവുമായ ചരിത്രസംഭാവനകള്‍ നല്‍കിയ സമാനതകളില്ലാത്ത ഒരു ചരിത്രജീവിതമാണ്‌. 

അതുകൊണ്ടുതന്നെ കൊല്‍ക്കത്തയുടെ ചരിത്രത്താളുകളില്‍ നിന്ന് തങ്കപ്പന്‍ നായര്‍ എന്ന സാധാരണക്കാരനായ ചരിത്രകാരൻ പുറത്താവില്ല. ഗൗരവവായന ആവശ്യപ്പെടുന്ന അനിഷേധ്യമായ ആധികാരികതയും അഗാധമായ പാണ്ഡിത്യവും കൊണ്ട് സവിശേഷമായ അറുപതില്‍പ്പരം കൃതികള്‍ വരുംകാലങ്ങളില്‍ നായര്‍ദായെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കും.

ഒരായുസ്സ് മുഴുവന്‍ മഹാനഗരത്തില്‍ കഴിഞ്ഞിട്ടും പെരുമാറ്റത്തിലും ജീവിതരീതികളിലും നാഗരികതയുടെ ആലഭാരങ്ങളൊന്നും തങ്കപ്പന്‍ നായരുടെ ജീവിതത്തെ തീണ്ടിയില്ല.  അരക്കൈയ്യന്‍ ഷര്‍ട്ടും പാന്റുമായിരുന്നു സ്ഥിരവേഷം. ചെരിപ്പും തോള്‍സഞ്ചിയുമായിരുന്നു പതിവു സഹചാരികള്‍. കഴിയാവുന്നത്ര കാല്‍നടയായും അല്ലാത്തപ്പോള്‍ ട്രാമിലും ബസിലുമായിരുന്നു സഞ്ചാരം. 

പതിനായിരക്കണക്കിന് പേജുകള്‍ എഴുതിക്കൂട്ടിയത് തന്റെ ചെറിയ റെമിഗ്ടണ്‍ റാന്‍ഡ് ടൈപ്പ്റൈറ്ററിലും. അക്കാദമിക് സ്ഥാപനങ്ങളുടെ പിന്‍ബലത്തിലോ, ഫെല്ലോഷിപ്പിലോ, സ്പോണ്‍സര്‍ഷിപ്പിലോ ആയിരുന്നില്ല ഈ ചരിത്രകൃതികളത്രയും തങ്കപ്പന്‍ നായര്‍ രചിച്ചത്. 

തെരുവുകളില്‍ നിന്നു കണ്ടെത്തിയ ചരിത്രമെന്നും അവയെ പൊതുവായി വിശേഷിപ്പിക്കാം. അതുകൊണ്ടാവണം തങ്കപ്പന്‍ നായരുടെ ഉദ്യമങ്ങളെ ആദ്യമായി ജനശ്രദ്ധയില്‍ കൊണ്ടുവന്ന‘ദി ടെലഗ്രാഫ്’ ദിനപ്പത്രത്തിന്റെ ലേഖകനായിരുന്ന ഉമേഷ്‌ ആനന്ദ് നായര്‍ദായെക്കുറിച്ചെഴുതിയ കവര്‍ സ്റ്റോറിക്ക്  Calcutta’s Barefoot Historian എന്ന തലക്കെട്ട് നല്‍കിയത്. ജീവിതാവസാനം വരെ തങ്കപ്പന്‍ നായരുടെ ജീവിതകഥയെ അന്വർഥമാക്കുന്ന അടിക്കുറിപ്പായി  ആ തലവാചകം മാറുകയും ചെയ്തു .

ദേശാഭിമാനി വാരികയിൽ നിന്ന്




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top