22 December Sunday

അധികാരവും ഇച്ഛയും - മനുഷ്യാസ്തിത്വത്തിന്റെ കഥകൾ

ഡോ. അനിൽ കെ എംUpdated: Tuesday Sep 3, 2024

കടപ്പാട്‌: istock

 

ചിന്തകൊണ്ടല്ല, പ്രവൃത്തികൊണ്ട് നിറഞ്ഞതാണ് കെ പി രാമനുണ്ണിയുടെ കഥാലോകം. പൂർണനിയന്ത്രിതമായ, നിഷ്ക്രിയത മുഖമുദ്രയായ ഒരു സമൂഹത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ കഥകളിൽ സക്രിയരായ കഥാപാത്രങ്ങളാണുള്ളത്. ‘ഏകമാന’ സമൂഹത്തോടിടഞ്ഞ് തെറിച്ചുനിൽക്കുന്നവരുടെ കഥകളാണിവ. മനുഷ്യരുടെ ഇച്ഛാശക്തിയിൽ മാത്രമേ ഈ കഥാകൃത്തിന് വിശ്വാസമുള്ളൂ എന്നുവരാം. വലയിൽ കുരുങ്ങിയ പ്രാണിക്ക് സ്വന്തം പിടച്ചിലിനെ വിശ്വസിക്കാതിരിക്കാനാവുമോ?

മനുഷ്യാസ്തിത്വത്തിനുമേൽ കടുത്ത നിയന്ത്രണങ്ങളും ആധിപത്യരൂപങ്ങളും നിലനിൽക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥയെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന രചനയാണ് ഹെർബർട്ട് മാർക്യൂസിന്റെ ‘വൺ ഡയമൻഷനൽ മാൻ’. 1950കളിൽ ഈ പുസ്തകം രചിക്കപ്പെടുമ്പോഴുള്ളതിനേക്കാൾ കടുത്ത അധീശത്വമാണ് സാമൂഹ്യജീവിതത്തിന്റെ എല്ലാ തലങ്ങളിലും നിലനിൽക്കുന്നത്.

വ്യാവസായിക നാഗരികതയുടെ കാലത്താണ് മാർക്യൂസ് എഴുതുന്നത്. എന്നാൽ വ്യവസായാനന്തര സമൂഹത്തിലും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ അപ്രസക്തമായിട്ടില്ല എന്നു കാണാം.

സമൂഹത്തിലെ അധീശശക്തി അനുവദിക്കാത്തതോ അംഗീകരിക്കാത്തതോ ആയ മൂല്യങ്ങളേയും അഭിനിവേശങ്ങളേയും ദമനം ചെയ്യുന്നു എന്നതാണ് ഈ കാലത്തിന്റെ സവിശേഷത. മൗലികമായ എല്ലാ വിമർശനങ്ങളേയും റദ്ദ് ചെയ്യുന്ന കാലമെന്ന് മാർക്യൂസ് വിശദീകരിച്ച സന്ദർഭത്തിന്റെ തീക്ഷ്‌ണത വർധിക്കുകയാണ് ചെയ്തത്.

ഹെർബർട്ട്‌  മാർക്യൂസ്‌

ഹെർബർട്ട്‌ മാർക്യൂസ്‌

ആവശ്യങ്ങളുടേയും ആഗ്രഹങ്ങളുടേയും ഉൽപ്പാദനം നടക്കുന്ന ഒരു സമൂഹത്തിൽ വ്യക്തികളെ വ്യവസ്ഥയുമായി ഇണക്കിച്ചേർക്കുക എളുപ്പമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിൽ യൂറോപ്പ് കടന്നുപോയ തിക്താനുഭവങ്ങളുടെ വെളിച്ചത്തിലാണ് മാർക്യൂസ് തന്റെ രചന നിർവഹിക്കുന്നത്.

കടുത്ത സാമ്പത്തിക മാന്ദ്യം, സമഗ്രാധിപത്യ സ്വഭാവമുള്ള ഭരണകൂടങ്ങൾ, യുക്തിചിന്തയും ജ്ഞാനോദയ മൂല്യങ്ങളും നേരിട്ട വെല്ലുവിളികൾ എന്നിവയൊക്കെ ഈ ചരിത്രഘട്ടത്തിന്റെ സവിശേഷതകളാണ്. പ്രസ്തുതഘട്ടം നാം പിന്നിട്ടു കഴിഞ്ഞെങ്കിലും അന്നുയർന്നുവന്ന പ്രതിസന്ധികൾ കൂടുതൽ ശക്തമായി ഇന്നും നിലനിൽക്കുന്നു.

ടോട്ടലി അഡ്‌മിനിസ്റ്റേഡ് സൊസൈറ്റി എന്നാണ് മാർക്യൂസ് ഈ സമൂഹത്തെ വിശേഷിപ്പിക്കുന്നത്. സാങ്കേതികവിദ്യ അതിനിർണയന ശേഷിയുള്ള ഒന്നായി മാറിയതോടെയാണ് പരിപൂർണ നിയന്ത്രിതസമൂഹം സ്ഥാപിക്കപ്പെടുന്നത്.

നിലവിലുള്ളതിനെ വിമർശനരഹിതമായി സ്വാംശീകരിക്കുന്ന പോസിറ്റീവ് ചിന്തയ്‌ക്കു പകരം വൈരുധ്യാത്മക ചിന്തയിലൂടെ അതിൽ നിന്ന് അമൂർത്തവൽക്കരിച്ചെടുക്കുന്ന വിചാരമാതൃകയാണ് മാർക്യൂസിന്  അഭികാമ്യം. അതിനെ അദ്ദേഹം നെഗറ്റീവ് ചിന്ത എന്നുതന്നെയാണ് പേരിട്ട് വിളിക്കുന്നത്. പോസിറ്റീവ് ചിന്ത സമഗ്രാധിപത്യത്തെ പിന്തുണയ്‌ക്കുന്നതും മനുഷ്യരുടെ സാധ്യതകളെ അടച്ചുകളയുന്നതുമായിരിക്കും.

അത് മനുഷ്യനെ ഏകമാനമുള്ള ഒരു ജീവിയായി പരിഗണിക്കാനിടവരുന്നു. എന്നാൽ മനുഷ്യചിന്തയും പ്രവൃത്തിയും പ്രകൃതം കൊണ്ട് ‘ബഹുമാന’ങ്ങളുള്ളവയാണ്. എന്നാൽ ഈ ‘ബഹുമാനങ്ങൾ’ ആവിഷ്‌കരിക്കപ്പെടണമെങ്കിൽ നെഗറ്റീവ് ചിന്ത വികസിപ്പിക്കപ്പെടുകയും സമഗ്രാധിപത്യം ചോദ്യം ചെയ്യപ്പെടുകയും വേണം.

വിമർശനാത്മക ചിന്ത എന്നത് ഒരു ക്രിയാത്മക തത്വമാണ്. അത് സമൂഹത്തിന്റെ വളർച്ചക്കും വ്യക്തിയുടെ വിമോചനത്തിനും അനിവാര്യമാണ്. വ്യക്തിയുടെ യുക്തിബോധത്തിനുമേൽ സാങ്കേതികയുക്തി പ്രവർത്തിക്കുന്നതോടെയാണ് അയാളുടെ ബഹുമാനങ്ങളുള്ള മാനവികത ഏകമാനത്തിലേക്ക് ചുരുങ്ങുന്നത്.

എല്ലാ വ്യവസ്ഥകൾക്കും മേലെ മനുഷ്യരുടെ ശേഷിയെ സ്ഥാപിക്കുമ്പോഴേ ഒരു സമൂഹം സ്വതന്ത്രമാകുകയുള്ളൂ. പ്ലാറ്റോയുടെ കാലം മുതൽ പാശ്ചാത്യ തത്വദർശനത്തിൽ സ്വതന്ത്രസമൂഹത്തെപ്പറ്റിയുള്ള ചിന്തകൾ കാണാം. ഒരാദർശാത്മക സമൂഹത്തെ ഭാവന ചെയ്യുകയും അതിനനുസരിച്ച് നിലവിലെ സമൂഹത്തെ പുനഃക്രമീകരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ് പ്ലാറ്റോ സംസാരിക്കുന്നത്.

ഈ പുനഃക്രമീകരണത്തിന്റെ ലക്ഷ്യം മനുഷ്യന്റെ ശേഷികളെ വ്യവസ്ഥയ്ക്കുമേൽ സ്ഥാപിക്കുക എന്നതുതന്നെയാണ്. വ്യവസായാനന്തര സമൂഹത്തിൽ സാങ്കേതികയുക്തി ഒരധീശശക്തിയായി മാറിയിരിക്കുന്നു. സാങ്കേതികയുക്തിയാണ് യാഥാർഥ്യം എന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

മാർക്സ്

മാർക്സ്

മുതലാളിത്തത്തിനകത്ത് രൂപപ്പെട്ടുവരുന്ന ആഭ്യന്തരവൈരുധ്യങ്ങൾ ആ വ്യവസ്ഥയുടെ തകർച്ചയ്ക്കും ഒരു പുതിയ സമൂഹത്തിന്റെ ഉദയത്തിനും കാരണമാവുമെന്നാണ് മാർക്സ് പ്രവചിച്ചത്. എന്നാൽ വ്യവസായാനന്തര മുതലാളിത്തത്തിൽ, മുതലാളിത്തത്തിന്റെ സ്വഭാവത്തിൽ മൗലികമായ ചില വ്യത്യാസങ്ങൾ വന്നിട്ടുണ്ട്.

ആസ്ട്രോ മാർക്സിസ്റ്റായ റുഡോൾഫ് ഹിൽഫെർഡിങിനെ പിന്തുടർന്ന് മാർക്യൂസ് സംഘടിത മുതലാളിത്തം എന്ന സംജ്ഞയാണ് ഈ സമൂഹഘടനയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത്. മുതലാളിത്തത്തെ ഒരു സ്ഥിരവ്യവസ്ഥയാക്കി നിർത്താൻ കഴിയുന്ന ഭരണ ഉദ്യോഗസ്ഥ സംവിധാനങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തുന്നു.

സ്റ്റേറ്റിന്റെ സാമ്പത്തികാസൂത്രണം, ബഹുജനമാധ്യമങ്ങൾ ഉൽപ്പാദിപ്പിക്കുന്ന സാംസ്കാരിക യുക്തി, സാമൂഹ്യ രാഷ്ട്രീയസാമ്പത്തിക ജീവിതത്തിലെ വർധിച്ചുവരുന്ന ഉദ്യോഗസ്ഥവൽക്കരണം എന്നിവയെല്ലാം ചേർന്ന് ഒരു 

റുഡോൾഫ്‌  ഹിൽഫെർഡിങ്‌

റുഡോൾഫ്‌ ഹിൽഫെർഡിങ്‌

സമഗ്രനിയന്ത്രിതസമൂഹത്തെ നിർമിച്ചെടുക്കുകയും വ്യക്തി പതിയെപ്പതിയെ അസ്തമിക്കുകയും ചെയ്യുന്നു.

 സ്വയം വ്യാപനശേഷിയുള്ളതും സ്വാധികാരമുള്ളതുമായ ഒരു വ്യവസ്ഥയായി സാങ്കേതികവിദ്യ മാറിയിരിക്കുന്നു. പ്രസ്തുത വ്യവസ്ഥക്കകത്തെ മാറ്റം മാത്രമേ അനുവദിക്കപ്പെടുന്നുള്ളൂ. ആയതിനാൽ ഏകമാനം എന്നത് അധീശത്വത്തിന്റെ ഒരു സാർവ്വലൗകിക യുക്തിയായിത്തീരുന്നു.

ഇത് മനുഷ്യന്റെ ദ്വിതീയപ്രകൃതിയായി മാറിയിട്ടുണ്ട്. പ്രാഥമികപ്രകൃതത്തെ ശത്രുതാപരമായ സ്ഥാനത്താണ് അത് നിർത്തിയിരിക്കുന്നത്. മുതലാളിത്തത്തിന്റെ ആന്തരിക പ്രതിസന്ധികളെ അതിവർത്തിക്കാൻ ശേഷിയുള്ളതാണ് ഈ ഏകമാന സമൂഹം. അത് വ്യവസായാനന്തര മുതലാളിത്തം നിർമിച്ചെടുത്തതു തന്നെയാണ്.  

ഒരു ഏകമാനസമൂഹത്തിൽ വിഷയി/വിഷയ വൈരുധ്യത്തെ മൂടിവെക്കുകയോ അതിവർത്തിക്കുകയോ ചെയ്യുന്നു. വിഷയി/വിഷയ വൈരുധ്യം നിലനിൽക്കുന്ന ഒരു ബഹുമാന സമൂഹത്തിലാകട്ടെ വിഷയി സ്വതന്ത്രയും നിലനിൽക്കുന്നതിനപ്പുറം ചിന്തിക്കാൻ ശേഷിയുള്ളവളുമാണ്. എന്നാൽ ഏകമാനസമൂഹത്തിൽ വിഷയി വിഷയത്തിൽ അലിഞ്ഞില്ലാതാകുന്നു.

ഘടനയുടേയും ചട്ടങ്ങളുടേയും നിർദ്ദേശത്തിൽ ചലിക്കുന്ന നിഷ്ക്രിയ കർത്താക്കളായി സ്വയം പരിണമിക്കുന്നു. ഒരു മാറിയ സമൂഹത്തെ ഭാവന ചെയ്യാനോ അതിനെ സാക്ഷാൽക്കരിക്കാനോ ശേഷിയില്ലാത്തവരായിത്തീരുന്നു. സ്വയം നിർണയനശേഷി നഷ്ടപ്പെട്ട, ബാഹ്യനിയന്ത്രണത്തിനുള്ള വസ്തുക്കൾ മാത്രമായി മാറിയ മനുഷ്യരെയാണ് ഒരു ഏകമാന സമൂഹത്തിൽ നാം കാണുക.

ഇത്തരമൊരു സമൂഹത്തിൽ മത്സരാധിഷ്ഠിതമായ ഒരു കമ്പോളത്തിനുവേണ്ടി അധ്വാനശേഷി വിൽക്കാൻ കഴിയുന്നു എന്നതാണ് പരമമായ സാമ്പത്തിക സ്വാതന്ത്ര്യം. രാഷ്ട്രീയ സ്വാതന്ത്ര്യമെന്നത് വോട്ടു ചെയ്യാനുള്ള സ്വാതന്ത്ര്യത്തിലൊതുങ്ങുന്നു. മാധ്യമങ്ങളിൽ ഇമേജായി നിറയാനുള്ള സ്വാതന്ത്ര്യമായി ആവിഷ്‌കാര സ്വാതന്ത്ര്യം ചുരുങ്ങുന്നു.

വ്യവസായാനന്തര സമൂഹത്തിൽ, മനുഷ്യർ യന്ത്രങ്ങളാൽ അമിതമായി ക്രമീകരിക്കപ്പെട്ട ഒരു സമൂഹത്തിൽ ഫാസിസത്തിന്റേയും അമിതാധികാരത്തിന്റേയും വിപൽസൂചനകൾ എക്കാലത്തും നിലനിൽക്കുന്നുണ്ട്. സാങ്കേതികവിദ്യയുടെ ഏറ്റവും വികസിതമായ രൂപങ്ങൾ ഉപയോഗിച്ച് കങ്കാണിനോട്ടത്തിലൂടെ വ്യക്തികളെ നിയന്ത്രിക്കാൻ അമിതാധികാരസ്വഭാവമുള്ള ഭരണകൂടത്തിന് സാധിക്കുന്നു.

അതോടെ വ്യക്തികളുടെ ഏത് സ്വകാര്യതയിലേക്കും നുഴഞ്ഞു കയറാൻ ഭരണകൂടസംവിധാനങ്ങൾക്ക് കഴിയും. വ്യക്തിയുടെ സ്വാതന്ത്ര്യം ഇതോടെ പൂർണമായ അർഥത്തിൽ അപ്രസക്തമാകുന്നു. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണത്തിനും സ്വാധീനത്തിനുമായി സാങ്കേതികവിദ്യയെ ഉപയോഗിക്കാൻ ഭരണകൂടത്തിന് കഴിയുന്നു എന്നതാണ് മറ്റൊരു സവിശേഷത.

സാങ്കേതികവിദ്യകളുടെ ശൃംഖലയിൽ വ്യക്തികളെ കുരുക്കി അവരെ പൂർണമായി നിയന്ത്രിക്കാനും ഭരണകൂടത്തിന് സാധിക്കും. സമൂഹമാധ്യമങ്ങളിലൂടെ തീവ്രവലതുപക്ഷത്തിന്റെ ആശയങ്ങളും അസത്യങ്ങളും അർധസത്യങ്ങളും വിദ്വേഷം വമിക്കുന്ന ആശയങ്ങളും പ്രചരിപ്പിക്കാൻ കഴിയുന്നു. സാങ്കേതികവിദ്യയ്ക്ക് സൃഷ്ടിക്കാൻ കഴിയുന്ന എല്ലാ ഡാറ്റയും ഫാസിസ്റ്റ് ഭരണകൂടത്തിന് അവരുടെ താൽപ്പര്യാർഥം ഉപയോഗിക്കാനാവും.

അമിതമായ യന്ത്രവൽക്കരണം മനുഷ്യാധ്വാനത്തെ പകരം വയ്ക്കുന്നതോടെ തൊഴിൽരഹിതരായിത്തീരുന്ന യുവാക്കളെ പലതരം മിഥ്യാസങ്കൽപ്പങ്ങളിലേക്ക് ആനയിക്കാൻ ഭരണകൂടത്തിന് കഴിയുന്നു. പ്രതിപക്ഷശബ്ദം ഇല്ലാതാക്കി വലിയതോതിൽ സമൂഹത്തിൽ മേൽക്കോയ്മ സ്ഥാപിക്കാൻ അമിതസാങ്കേതികത ഫാസിസ്റ്റ് ഭരണകൂടത്തെ സഹായിക്കുന്നു എന്നു പറയാം.  

മാർക്യൂസ് ‘ഏകമാന മാനവൻ’ എന്ന കൃതിയിൽ ഉയർത്തിയ ഉൽക്കണ്ഠകളും ഇന്ത്യയിലെ അമിതാധികാര ഭരണകൂടത്തിന്റെ ചെയ്തികളും ചേർത്തുവെച്ച് വായിക്കുന്നത് കാര്യങ്ങളെ കുറേക്കൂടി തെളിച്ചത്തിൽ കാണാൻ സഹായിക്കും. സാങ്കേതികവിദ്യയുടേയും മാധ്യമങ്ങളുടേയും പിന്തുണയോടെയാണ് ഇന്ത്യയിലെ ഹിന്ദുത്വം അതിന്റെ അധീശത്വം സ്ഥാപിച്ചെടുത്തത്.

തൊണ്ണൂറുകൾക്ക് ശേഷം ഇന്ത്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുത്തൻ സാമ്പത്തിക നയങ്ങൾ സമൂഹത്തിൽ സൃഷ്ടിച്ച വ്യാജമായ സമൃദ്ധിയുടെ ആഭ്യന്തരവൈരുധ്യങ്ങളിൽ നിന്നു തന്നെയാണ് ഫാസിസ്റ്റ് പ്രവണതകൾ ഉയർന്നുവന്നത്. മൊബൈൽ ഫോണുകളും ഇന്റർനെറ്റും ദൃശ്യമാധ്യമങ്ങളും ഒരു ശരാശരി ഇന്ത്യക്കാരന്റെ നിത്യജീവിതത്തിന്റെ ഭാഗമായത് ഈ കാലഘട്ടത്തിലാണ്.

ലോകവുമായി നമ്മെ ബന്ധിപ്പിക്കാനുള്ള എളുപ്പവഴികളായി മാത്രമേ ഈ മാധ്യമശൃംഖലയെ നാം മനസ്സിലാക്കിയിട്ടുള്ളൂ. യഥാർഥത്തിൽ ഭരണകൂടത്തിന്റെ ദൃഷ്ടികോണിലേക്ക് സർവരേയും വലിച്ചുകൊണ്ടുവരാനും ബദ്ധമായ വ്യവസ്ഥയുമായി ഉദ്ഗ്രഥിക്കാനും സാങ്കേതികവിദ്യയുടേതായ ജാലിക പ്രയോജനപ്പെടുത്തപ്പെടുന്നു.

സാങ്കേതിക വിദ്യയുടെ ഉദ്ഗ്രഥനശേഷി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യൻ സാഹചര്യത്തിൽ ഹിന്ദുത്വശക്തികൾ  അവരുടെ ആശയപ്രപഞ്ചം വിപുലീകരിച്ചത്. രാഷ്ട്രീയപ്രതിയോഗികളെ ഉൻമൂലനം ചെയ്യുന്നതിനും അവർ സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തിയത്. ഭീമാകൊറേഗാവ് കേസിനെത്തുടർന്ന് ഇന്ത്യയിലെ നിരവധി ബുദ്ധിജീവികളെ പ്രതി ചേർത്ത് കേസെടുക്കാൻ കഴിഞ്ഞത് സാങ്കേതികവിദ്യയുടെ പിൻബലത്തിൽ മാത്രമാണ്.

അൽപ്പാ ഷാ

അൽപ്പാ ഷാ

നീതിക്കുവേണ്ടി ശബ്ദമുയർത്തുന്ന എഴുത്തുകാരേയും കവികളേയും നിയമജ്ഞരേയും മറ്റുമാണ് ഈ കേസിൽ അറസ്റ്റ് ചെയ്തത്.‘The Incarceration: Bhima Koregaon and the Search for Democracy in India’എന്ന പുസ്തകം രചിച്ച അൽപ്പാ ഷാ തന്റെ രചനക്കിടയിൽ വിവരശേഖരണത്തിനായി സൈബർ ഗവേഷകരുമായി അഭിമുഖം നടത്തിയതിനെക്കുറിച്ച് പറയുന്നുണ്ട്.

ഭീമാകൊറെഗാവ് കേസിൽ വിദഗ്‌ധരായ കമ്പ്യൂട്ടർ ഹാക്കേഴ്സിനെ ഉപയോഗപ്പെടുത്തിയതായി അൽപ്പാ ഷാ കണ്ടെത്തുന്നുണ്ട്. ഇസ്രായേലി സ്‌പൈവെയർ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ഭരണകൂടം സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഇരകളെ സൃഷ്ടിക്കുന്നുണ്ട് എന്നാണ്.

അതുകൊണ്ട് ഭീമാകൊറേഗാവ് കേസ് വാസ്തവത്തിൽ പൗരസമൂഹത്തിനുനേരെ ഭരണകൂടം നയിച്ച ഒരു സൈബർ യുദ്ധമാണെന്നാണ് അൽപ്പാ അഭിപ്രായപ്പെടുന്നത്. വ്യവസ്ഥാപിതമായ സാങ്കേതികവിദ്യ നാശോൻമുഖമായ രാഷ്ട്രീയത്തിൽച്ചെന്ന് കലാശിക്കുന്നതായി മാർക്യൂസ്‌ നിരീക്ഷിക്കുന്നുണ്ട്. ഇക്കാര്യം ഏറെക്കുറേ ശരിയാണെന്ന് കഴിഞ്ഞ ഒരു ദശകംകൊണ്ട് ഇന്ത്യക്കാർക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.

സാമൂഹ്യമായ കാര്യക്ഷമതയില്ലാത്ത ഒരു പൗരസമൂഹത്തെ നിയന്ത്രിക്കാനും അവരുടെ സമ്മതി നിർമിക്കാനും സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാൻ കഴിയുമെന്ന് ഹിന്ദുത്വശക്തികൾക്ക് ബോധ്യപ്പെട്ടു. അസംബന്ധമായ കെട്ടുകാഴ്ചകളിൽ പൗരസമൂഹത്തിന്റെ കൗതുകങ്ങളെ ബന്ധിക്കാനും വ്യാജബിംബങ്ങളേയും വ്യാജപ്രതിയോഗികളേയും സൃഷ്ടിച്ച് അയഥാർഥമായ രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്ക് പിന്നിൽ അണിനിരത്താനും സംഘപരിവാറിന് സാധിച്ചു.

പ്രത്യേകിച്ചും മധ്യവർഗസമൂഹങ്ങളിലേക്ക് ഹിന്ദുത്വ ആശയങ്ങളെ എത്തിക്കുന്നതിൽ സാങ്കേതികവിദ്യകളും പുത്തൻ മാധ്യമപരിസരവും വലിയ അളവിൽ സഹായിച്ചു.
സാങ്കേതികവിദ്യയുടേയും സമൂഹത്തിന്റേയും ഗുണപരമായ പുനഃക്രമീകരണത്തിലൂടെ മാത്രമേ ഈ അവസ്ഥയെ മറികടക്കാനാവൂ.

പ്രസ്തുത മാധ്യമപരിസരത്തിനും ഇന്ത്യയിലെ അമിതാധികാര ഭരണകൂടത്തിനുമിടയിലുള്ള സഹകരണബന്ധം സൃഷ്ടിച്ച സാമൂഹ്യപ്രതിസന്ധിയുടെ ഒരു കാലിഡോസ്‌കോപ്പിക് കാഴ്ചയാണ് കെ പി രാമനുണ്ണിയുടെ ‘ഹൈന്ദവം’ എന്ന കഥാസമാഹാരം. പുസ്തകത്തിന്റെ  അവതാരികയിൽ എം കെ  സാനു ഇങ്ങനെ എഴുതുന്നു: “മാധ്യമവളർച്ചയെപ്പറ്റി പണ്ടുതന്നെ ഒരു ഭയാശങ്ക പുറപ്പെടുവിച്ചിരുന്നു. വിനിമയ സ്വർഗങ്ങളിലേക്ക് മനുഷ്യനെ നയിക്കാൻ പ്രാപ്തിയുള്ള മീഡിയ തന്നെ സംഘടിത അസത്യപ്രചാരത്തിലൂടെ നാരകീയലോകസൃഷ്ടിക്ക് ഉതകും എന്നതായിരുന്നു അത്. മാധ്യമങ്ങളുടെ ഈ വിനാശസാധ്യത ബീഭൽസമായി ആവിഷ്‌കരിക്കുന്നതാണ് സർവൈലൻസ് എന്ന രചന. സ്വകാര്യത നഷ്ടപ്പെടുത്തി കുറ്റാരോപണങ്ങളുടെ കൂമ്പാരച്ചൊരിച്ചിൽകൊണ്ട് കഥാപാത്രത്തെ യഥാർഥ കുറ്റവാളിയാക്കി വാർത്തെടുക്കുന്ന കാഴ്ച നമ്മെ കിടിലം കൊള്ളിക്കും. ജോർജ്ജ് ഓർവെലിന്റെ 1984 നെ അനുസ്മരിക്കും വിധമാണ് മാധ്യമത്തിന്റെ ചാരക്കണ്ണുകൾ അധികാരപ്രയോഗം നടത്തുന്നത്. മനുഷ്യന് സ്വയം നന്നാകാനുള്ള അവസരംപോലും നിഷേധിക്കുന്നത്.”

രണ്ട്

അതിസാങ്കേതികവിദ്യയുടേയും അമിതമായ മാധ്യമസാന്ദ്രതയുടേയും കാലത്ത് മനുഷ്യപ്രകൃതത്തിനേൽക്കുന്ന വലിയ തിരിച്ചടികളെക്കുറിച്ചാണ് മേൽഖണ്ഡത്തിൽ വിശദീകരിച്ചത്. യഥാർഥത്തിൽ മാധ്യമങ്ങളുടേയും ഇന്റർനെറ്റ് സംവിധാനങ്ങളുടേയും ഗണപരമായ വളർച്ച ലോകത്തെക്കുറിച്ചുള്ള ശരിയായ അവബോധമുണ്ടാക്കാൻ വ്യക്തികളെ സഹായിക്കേണ്ടതാണ്.

എന്നാൽ വിവരങ്ങളുടേയും വ്യാഖ്യാനങ്ങളുടേയും മലവെള്ളപ്പാച്ചിലിൽ കാലിടറിയ മനുഷ്യർക്ക് ‘സത്യം പലതാ’യി അനുഭവപ്പെട്ടു. അഥവാ സത്യമേതെന്ന് നിർണയിക്കാൻ കഴിയാതെ വരുന്നു. ഈ അരക്ഷിതാവസ്ഥയിൽ സ്വന്തം മുൻവിധികളിലേക്കോ പ്രബലമായ ജടിലോക്തികളിലേക്കോ ഉൾവലിയാൻ വ്യക്തികൾ പ്രേരിപ്പിക്കപ്പെടുന്നു.

വ്യക്തികൾ അനുഭവിക്കുന്ന ഈ പ്രതിസന്ധിയുടെ സവിശേഷസാഹചര്യത്തെ ചൂഷണം ചെയ്ത് വർഗീയമായ അജണ്ടകളെ സമൂഹത്തിൽ പ്രചരിപ്പിക്കുന്ന ഹിന്ദുത്വത്തെ തുറന്നുകാട്ടുന്ന കഥകൾ ഈ സമാഹാരത്തിലുണ്ട്. ഹൈന്ദവം, വാരിയൻകുന്നത്ത് വീണ്ടും തുടങ്ങിയവ ഉദാഹരണമാണ്.

1921 ലെ മലബാർ സമരം കഴിഞ്ഞ് ഒരു നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും പാണ്ട്യാട്ട് നാരായണൻ നമ്പീശനും ഭൂമിയിലെത്തി തങ്ങൾ നടന്ന വഴികളിലൂടെ വീണ്ടും സഞ്ചരിക്കുന്നതായി ഭാവന ചെയ്യുന്ന കഥയാണ് ‘വാരിയൻകുന്നത്ത് വീണ്ടും’. വാരിയൻകുന്നനെ മുൻനിർത്തി രണ്ട് സിനിമകൾ അപ്പോഴേക്കും വന്നുകഴിഞ്ഞിരുന്നു.

നേരത്തെ സൂചിപ്പിച്ചതുപോലെ സത്യത്തെ അതിന്റെ ഉറവിടത്തിൽവെച്ചു തന്നെ കലക്കിക്കളയുന്ന മാധ്യമലീലയുടെ പശ്ചാത്തലത്തിലാണ് കഥയുടെ ആഖ്യാനം. സത്യം വെളിപ്പെടുത്താൻ മരിച്ചവർ തന്നെ ഇറങ്ങിവരേണ്ടിവരുന്ന കലുഷിതകാലത്തെയാണ് കഥ ഓർമിമിപ്പിക്കുന്നത്.

ഗാന്ധിയുടെ നേതൃത്വത്തിൽ ഹിന്ദുക്കളും മുസൽമാൻമാരും ഏകോദരസഹോദരങ്ങളെപ്പോലെ കൈകോർത്ത് മലബാറിൽ സൃഷ്ടിച്ച പ്രതിരോധത്തെ ആദ്യം ബ്രിട്ടീഷുകാരും പിന്നീട് ഇന്ത്യയിലെ ഹിന്ദുത്വവാദികളും ശിഥിലമാക്കി.

മലബാർ സമരത്തെ മുൻനിർത്തി അക്കാലത്തു തന്നെ തങ്ങളെ ന്യായീകരിച്ച് ബ്രിട്ടൻ സിനിമ നിർമിച്ചിരുന്നു. അച്ചടിമാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ ചരിത്രം അവർ നിർമിച്ചെടുത്തു. അവ പൂർണമായും തിരുത്താൻ ഇപ്പോഴും നമുക്ക് കഴിഞ്ഞിട്ടില്ല.

വിവരസാങ്കേതികവിദ്യയുടെ കാലത്ത് വളരുന്ന കുഞ്ഞഹമ്മദ് ഹാജിയുടേയും നാരായണൻ നമ്പീശന്റേയും ചെറുമക്കൾക്ക് അവരുടെ പൂർവികരെക്കുറിച്ച് ഒന്നുമറിഞ്ഞുകൂടാ. ആരൊക്കെയോ അഴിച്ചുവിട്ട പ്രചാരണങ്ങൾക്കടിപ്പെട്ട് ഹിന്ദു‐മുസൽമാൻ പരസ്പരശത്രുക്കളായി പെരുമാറുന്ന വർത്തമാനകാലം ആ ധീരദേശാഭിമാനികളെ ഹതാശരാക്കുന്നു. “ചെറുപ്പക്കാരിൽ ഭൂരിപക്ഷത്തിനും കുഞ്ഞഹമ്മദ് ഹാജി ആരാണെന്നോ എന്താണെന്നോ കൃത്യമായി അറിയുകയില്ല.”

“നമ്മളെ താറടിക്കാൻ ഇവൻമാർ ഓരോന്ന് പടച്ചുണ്ടാക്കുകയാണ്. എന്ത് തുവ്വൂർ കൂട്ടക്കൊല, എന്ത് ചെറുവായൂർ മതപരിവർത്തനം? പോയി പണി നോക്കാൻ പറയ്.”
 “യുവരക്തം കൂസലില്ലാതെ സംസാരിച്ചു. എന്നാലും ടൂറുകളിലും പാർട്ടികളിലും അവർ ഹിന്ദുയുവാക്കളുമായി കൂട്ടുകൂടി. മനസ്സു തുറക്കാതെ. സൂക്ഷ്മമായ അകലം പാലിച്ച്...”

 മതവിശ്വാസം അതിജീവനതന്ത്രമായി ചുരുങ്ങുന്നതെങ്ങനെയെന്ന് ഈ സന്ദർഭം കാണിച്ചുതരുന്നു. ഏത് മതത്തെക്കുറിച്ചറിയാനും ഇന്ന് ധാരാളം മാർഗങ്ങളുണ്ട്. എന്നിട്ടും നമ്മുടെ അയൽവാസികൾ എന്താണ് വിശ്വസിക്കുന്നതെന്നോ അവർ യഥാർഥത്തിൽ എന്താണ് ചെയ്യുന്നതെന്നോ അറിയാത്തവരുടെ സമൂഹത്തിലാണ് വർഗീയത ഒരു ജ്വരം പോലെ പടർന്നുപിടിക്കുന്നത്.

ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സത്യം അറിയാൻ സഹായിക്കുന്നില്ല. അതിബൃഹത്തായ സാങ്കേതികവിദ്യാജാലിക നമ്മുടെ കാഴ്ചയിൽ കലക്കങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തൊട്ടടുത്തുള്ളതും ദൈനംദിനത്തിന്റെ ഭാഗവുമായ സകലതിനെക്കുറിച്ചുമുള്ള അജ്ഞതയാണ് നിറഞ്ഞുനിൽക്കുന്നത്.

 “ഹിന്ദുക്കളിലെ ഇളംതലമുറയാകട്ടെ മുസ്ലീം കുട്ടികളുടെ മറുപതിപ്പു തന്നെ. കൊച്ചുന്നാളിലേ ചുക്കുമണി മുറിക്കുകയോ പർദ്ദയിടുകയോ ചെയ്യുന്നവർ എന്നുമാത്രമെ മുസ്ലിം സമപ്രായക്കാരെക്കുറിച്ച് അവർക്ക് അറിവുള്ളൂ.” ആത്മാക്കളായി ഭൂമിയിലേക്കു വന്ന വാരിയൻകുന്നനും നാരായണൻ നമ്പീശനും തങ്ങളുടെ പ്രദേശത്തുള്ള പലരിലേക്കും പരകായപ്രവേശം നടത്തി, അവരുടെ മനസ്സറിയാൻ ശ്രമിക്കുന്നതാണ് കഥയുടെ ഇതിവൃത്തം.

സാങ്കേതികവിദ്യയുടെ അതിസമ്പന്നതയിലും അപരത്തെക്കുറിച്ചുള്ള അന്ധതയിൽ ആണ്ടു മുങ്ങിയാണ് പുലരുന്നതെന്ന് അവർക്ക് ബോധ്യപ്പെട്ടു. തങ്ങൾ ഒരു കാലത്ത് യോജിച്ചു പ്രവർത്തിച്ചതുപോലെ തങ്ങളുടെ പിൻതലമുറക്ക് പ്രവർത്തിക്കാനാവില്ലെന്ന് അവർ നിരാശപ്പെടുന്നു. വാരിയൻകുന്നനും നാരായണൻ നമ്പീശനും ബാല്യത്തിൽ സഹജീവിതത്തിലൂടെ പരസ്പരം അറിഞ്ഞിരുന്നു.

അതുകൊണ്ട് ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായ പോരാട്ടത്തിൽ ഒരുമിച്ചു നിൽക്കാൻ അവർക്ക് പ്രയാസമുണ്ടായില്ല. വാരിയൻകുന്നനും നാരായണൻ നമ്പീശനും അവരുടെ യാത്ര അവസാനിപ്പിക്കുന്നത് കോട്ടക്കുന്നിലാണ്. താനും തന്റെ കൂട്ടരും നടത്തിയ സമരത്തിൽ വേദനിച്ചവരുണ്ടെങ്കിൽ അവർക്ക് തന്നോട് പകരം വീട്ടാമെന്ന് അവിടെ കാഴ്ച കാണാൻ വന്ന സമകാലസമൂഹത്തോട് വാരിയൻകുന്നൻ പ്രഖ്യാപിക്കുന്നു.

ഇനിയെങ്കിലും അതിന്റെയെല്ലാം പേരിൽ നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷപ്രചാരണവും ഹിംസയും അവസാനിപ്പിക്കണമെന്നും അദ്ദേഹം അവരോട് അഭ്യർഥിക്കുന്നു. തുടർന്ന് വാരിയൻകുന്നൻ ഒരു മഹാവൃക്ഷമായിത്തീരുകയും ഹിന്ദു മുസ്ലീം സഹോദരങ്ങൾ അദ്ദേഹത്തെ ഒരുമിച്ചാദരിക്കുകയും ചെയ്യുന്നിടത്ത് കഥ തീരുന്നു.

മാർക്യൂസ് സൂചിപ്പിക്കുന്ന ‘പരിപൂർണ നിയന്ത്രിത സമൂഹ’ത്തിൽ നിന്ന് മധ്യകാല ഭക്തിസമൂഹത്തിലേക്കുള്ള കാൽപ്പനികമായ ഒരു പിൻനടത്തം പ്രശാന്തമായ ഒരു വെളിച്ചത്തിലേക്ക് കഥാന്ത്യത്തെ നയിക്കുന്നു. ഇത് പാരമ്പര്യത്തിന്റെ വീണ്ടെടുപ്പാണ്. എന്നാൽ അത് ഭൂതകാലത്തിന്റെ കേവലമായ സ്വീകരണമല്ല. നിർധാരണത്തിലൂടെയാണ് ഭൂതകാലത്തിന്റെ ശേഷിപ്പുകളെ കൂടെക്കൂട്ടേണ്ടതെന്ന് കഥ ഓർമിപ്പിക്കുന്നുണ്ട്.

പൂർണനിയന്ത്രിതസമൂഹത്തിന്റെ മൂർത്തരൂപമാണ് സൈന്യം. ഉടൽപൂണ്ട അമിതാധികാരം എന്ന് പറയാം. ‘ദേശീയത’യെ അതിർത്തികളിൽ കാത്തുരക്ഷിക്കുന്ന ഭടൻമാർ യന്ത്രങ്ങളെപ്പോലെ പ്രവർത്തിക്കേണ്ടവരാണ്. എന്നാൽ അധികാരത്തിനും യാന്ത്രികതക്കുമപ്പുറമുള്ള സൈനികരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിയ കഥകൾ മലയാളത്തിലുണ്ടായിട്ടുണ്ട്.

കടപ്പാട്‌: wikipedia

കടപ്പാട്‌: wikipedia

കോവിലന്റേയും പാറപ്പുറത്തിന്റേയും പട്ടാളക്കഥകൾതന്നെ ദൃഷ്ടാന്തം. ഈ കഥകളോട് ചേർത്തുവെക്കാവുന്ന കഥയാണ് കേരളാമാരത്തോൺ. സത്യനേശൻ, സൈനുദ്ദീൻ എന്നീ സൈനികരാണ് ഈ കഥയിലെ പാത്രങ്ങൾ. പതിറ്റാണ്ടുകൾക്കുമുമ്പ് രണ്ടുപേരും കശ്മീരിൽ സൈനികസേവനം നിർവഹിക്കുന്ന വേളയിലുണ്ടായ ഹൃദയാവർജകമായ ഒരനുഭവത്തിന്റെ ഓർമയിലേക്ക് തിരികെ നടക്കുന്നതാണ് കഥയിലെ പ്രമേയം.

ആര്യ എന്ന ഒരു ചെറിയ പെൺകുട്ടി അതിർത്തി ഭേദിച്ച് ഇന്ത്യയിൽ നിന്ന് പാകിസ്ഥാനിൽ എത്തുകയും പാകിസ്ഥാൻ പട്ടാളക്കാരുടെ പിടിയിലകപ്പെടുകയും ചെയ്തു. അവളെ ഏറ്റുവാങ്ങാൻ അതിർത്തിയിലെത്തിയതും രക്ഷിതാക്കൾക്ക് കൈമാറിയതും സൈനുദ്ദീനും സത്യനേശനുമാണ്. വലിയ ആഹ്ലാദം അനുഭവിച്ച സന്ദർഭമായിരുന്നു അത്. ആര്യക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നറിയാൻ വർഷങ്ങൾക്കുശേഷം രണ്ട് സൈനികരും കശ്മീരിൽ എത്തിച്ചേരുന്നതാണ് കഥ.

പക്ഷെ അവരുടെ പ്രതീക്ഷകളെ അട്ടിമറിച്ച് കശ്മീരിലെ സ്ഥിതിഗതികൾ വഷളായിക്കഴിഞ്ഞിരുന്നു. ആര്യമോളെ തിരിച്ചേൽപ്പിക്കാൻ ചെന്നപ്പോൾ വന്നവരുടെ കൂട്ടത്തിൽ രണ്ട് മലയാളികളുണ്ടെന്നറിഞ്ഞ അവളുടെ അമ്മച്ചൻ അന്ന് വലിയ സന്തോഷം പ്രകടിപ്പിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം ആ വീട്ടിലേക്ക് ഒരിക്കൽക്കൂടി കടന്നുചെന്ന അവരോട് വളരെ രൂക്ഷമായാണ് അയാൾ പെരുമാറിയത്.

കാരണം അതോടെ ഹിന്ദുതീവ്രവാദികളുടേയും മാധ്യമങ്ങളുടേയും പട്ടാളത്തിന്റേയും ശ്രദ്ധാകേന്ദ്രമായി ആ വീടും ബാലികയും മാറിക്കഴിഞ്ഞിരുന്നു. പാകിസ്ഥാനിൽ നിന്ന് മടങ്ങുമ്പോൾ പാക്‌ പട്ടാളക്കാർ അവൾക്ക് കൊടുത്ത സമ്മാനങ്ങളൊക്കെ നശിപ്പിച്ചു കളയണമെന്ന് ഇന്ത്യൻ സൈനികരും ഹിന്ദുത്വവാദികളും ആ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

ആര്യയുടെ പാകിസ്ഥാൻ സന്ദർശനവും തിരിച്ചുവരവും ആ മേഖലയിൽ വർഗീയമായ ചേരിതിരിവിന് കാരണമായി. ശ്വാസം മുട്ടിക്കുന്ന ആ അന്തരീക്ഷത്തിൽ നിന്ന് സത്യനേശനും സൈനുദ്ദീനും കേരളത്തിലേക്ക് മടങ്ങിപ്പോരുന്നതാണ് കഥാന്ത്യം. സൈന്യം മാത്രമല്ല, ഒരു ജനത മുഴുവൻ നിയന്ത്രിത സമൂഹമായി മാറുന്ന ഭീകരദൃശ്യമാണ് നാം കഥയിൽ കാണുന്നത്. ഭയമാണ് അവിടെ ഭരിക്കുന്നത്.

എല്ലാവരും എല്ലാവരേയും സംശയിക്കുന്ന, ഓരോരുത്തരുടെ ഉള്ളിലും ശത്രു കുടിയിരിക്കുന്ന ഒരു സമൂഹമായി കശ്മീർ മാറിയിരിക്കുന്നു. സൈനിക് ഗസ്റ്റ്റൂമിലെ ടെലിവിഷനിൽ റിപ്പബ്ലിക്ക് ചാനലിൽ അർണബ് ഗോസ്വാമി അലറിവിളിക്കുന്നതിൽ നിന്നാണ് കഥ ആരംഭിച്ചത്.

കശ്മീരിൽ നിന്നു മാത്രമല്ല റെയിൽവേ സ്റ്റേഷനുകളിലെ ടി  വിക്ക് മുന്നിൽ നിന്നു കൂടിയാണ് അവർ ഓടി രക്ഷപ്പെടുന്നത്. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന ‘യാഥാർഥ്യം’  അമിതാധികാരത്തിലേക്കും മനുഷ്യത്വത്തിന്റെ ധ്വംസനത്തിലേക്കും ചെന്നെത്തുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്ന കഥയാണ് ‘കേരളാമാരത്തോൺ’.

കശ്മീരിൽ നിന്നു മാത്രമല്ല റെയിൽവേ സ്റ്റേഷനുകളിലെ ടി  വിക്ക് മുന്നിൽ നിന്നു കൂടിയാണ് അവർ ഓടി രക്ഷപ്പെടുന്നത്. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന ‘യാഥാർഥ്യം’  അമിതാധികാരത്തിലേക്കും മനുഷ്യത്വത്തിന്റെ ധ്വംസനത്തിലേക്കും ചെന്നെത്തുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്ന കഥയാണ് ‘കേരളാമാരത്തോൺ’.

“മൂവായിരത്തിലധികം കിലോമീറ്ററുകളകലെ കിടക്കുന്ന ഇന്ത്യയ്ക്കകത്തെ മറ്റൊരു രാജ്യമായ കേരളത്തിലേക്ക്, ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് നിമിഷങ്ങൾക്കകം ആ ഉണ്ണിയുടേയും അലവിയുടേയും വേഗത ഹിമസാഗറിനെയല്ല, തുരന്തോവിനെയല്ല, രാജധാനി എക്സ്പ്രസ്സിനെപ്പോലും അതിശയിച്ചുകൊണ്ടിരുന്നു” എന്നാണ് കഥാകൃത്ത് എഴുതുന്നത്.

കടപ്പാട്‌: pilgrimage

കടപ്പാട്‌: pilgrimage

കേരളത്തെക്കുറിച്ചുള്ള ഈ പ്രതീക്ഷ അസ്ഥാനത്താകുമോ എന്ന ഭയത്തിന്റെ വക്കിലാണ് നാമിപ്പോഴുള്ളത് എന്നു പറയാതിരിക്കാനാവില്ല. അപരവിദ്വേഷത്തിന്റേയും പരസ്പരശത്രുതയുടേയും നാടായി കേരളം അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകളാണ് നിത്യേനയെന്നോണം നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.

ഈ കുറിപ്പിന്റെ ആദ്യഖണ്ഡത്തിൽ സൂചിപ്പിച്ചതുപോലെ സമ്പൂർണ നിയന്ത്രിതസമൂഹവും അതിനുമേൽ പ്രവർത്തിക്കുന്ന അമിതാധികാര ശക്തികളുമാണ് രാമനുണ്ണിയുടെ ആഖ്യാനത്തിന്റെ അടിത്തറയായ ‘ഭാഷ’ (ലാങ്). അതിന്റെ വ്യത്യസ്തമായ ‘ഭാഷണ’ (പരോൾ) ങ്ങളാണ് ഓരോ കഥയും.

വർത്തമാനത്തിൽ നിന്നു തുടങ്ങി ഭൂതകാലത്തിലേക്ക് സഞ്ചരിച്ച് തിരികെ വർത്തമാനത്തിലെത്തുന്ന ഒരു വർത്തുളസഞ്ചാരമാണ് പൊതുവിൽ ഈ കഥകളുടെ ഘടന. ഈ സഞ്ചാരം കഴിയുമ്പോഴേക്കും ജീവിക്കുന്ന കാലത്തിന്റെ നെറികേടുകൾ വായനക്കാർക്ക് ബോധ്യപ്പെട്ടിരിക്കും.

ഒറ്റ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന അസ്ത്രം പോലെയാണ് കഥ പറച്ചിൽ. വായനക്കാരെ വിഭ്രമിപ്പിക്കുന്ന സങ്കേതങ്ങളൊന്നും കഥയിലില്ല. സർറിയലിസ്റ്റിക്കായ ചില ഘടകങ്ങളുണ്ടെങ്കിലും അത് ആഖ്യാനത്തിന്റെ ലക്ഷ്യത്തിനു കീഴ്പ്പെട്ടാണ് നിൽക്കുന്നത്.വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശരീരത്തിൽ വെടിയുണ്ടയുണ്ടാക്കിയ തുളയും അതിൽനിന്ന് പുറത്ത് ചാടാൻ ശ്രമിക്കുന്ന ഹൃദയവും സർറിയലിസ്റ്റ് ഭാവനയാണ്. എന്നാൽ അത് കഥയുടെ ലക്ഷ്യത്തെ അട്ടിമറിക്കുന്ന സൂചകമായി കടന്നുവരുന്നില്ല.

 ഒറ്റ ലക്ഷ്യത്തിലേക്ക് കുതിക്കുന്ന അസ്ത്രം പോലെയാണ് കഥ പറച്ചിൽ. വായനക്കാരെ വിഭ്രമിപ്പിക്കുന്ന സങ്കേതങ്ങളൊന്നും കഥയിലില്ല. സർറിയലിസ്റ്റിക്കായ ചില ഘടകങ്ങളുണ്ടെങ്കിലും അത് ആഖ്യാനത്തിന്റെ ലക്ഷ്യത്തിന് കീഴ്പ്പെട്ടാണ് നിൽക്കുന്നത്.വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശരീരത്തിൽ വെടിയുണ്ടയുണ്ടാക്കിയ തുളയും അതിൽനിന്ന് പുറത്തു ചാടാൻ ശ്രമിക്കുന്ന ഹൃദയവും സർറിയലിസ്റ്റ് ഭാവനയാണ്. എന്നാൽ അത് കഥയുടെ ലക്ഷ്യത്തെ അട്ടിമറിക്കുന്ന സൂചകമായി കടന്നുവരുന്നില്ല.

മിക്കവാറും കഥകളിലെല്ലാം കഥാകൃത്തിന്റെ സാന്നിധ്യം പ്രകടമാണ്. ഈ സാന്നിധ്യത്തെ സന്നിഹിത കർത്താവ് (ഇംപ്ലൈഡ് ഓഥർ) എന്ന് വിളിക്കാം.
കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിച്ച് കഥാകൃത്ത് തയ്യാറാക്കുന്ന ഒരു റിപ്പോർട്ടിന്റെ സ്വഭാവത്തിലാണ് മിക്ക കഥകളുടേയും രചന.

ചരിത്രം പ്രമേയമാകുന്ന കഥകളിൽ വസ്തുതകളല്ല ഇച്ഛയാണ് ആഖ്യാനം ചെയ്യപ്പെടുന്നത്. എല്ലാ കഥകൾക്കും കുമ്പസാരത്തിന്റെ സ്വഭാവമുണ്ട്.  നൻമ/തിൻമ ദ്വന്ദ്വത്തിലൂടെത്തന്നെയാണ് കഥ വികസിക്കുന്നത്.

പുത്തൻ മാധ്യമപരിസരത്തുനിന്ന് വംശീയമായ മുൻവിധികൾ സ്വാംശീകരിച്ചവരെയാണ് കഥ ലക്ഷ്യമിടുന്നത്. അത്തരമൊരു ലീനാനുവാചകൻ (ഇംപ്ലൈഡ് റീഡർ) കഥയ്‌ക്കകത്തുണ്ട്. സന്നിഹിതകർത്താവിന്റെ ലക്ഷ്യം ലീനാനുവാചകന്റെ മനസ്സ് മാറ്റുക എന്നതാണ്. യഥാർഥ കർത്താവും യഥാർഥ വായനക്കാരനും കഥയ്‌ക്കു വെളിയിലാണ്. കഥയിലെ സന്നിഹിതാഖ്യാതാവിന്റെ രാഷ്ട്രീയാദർശങ്ങളാണ് കഥയെ ചലിപ്പിക്കുന്നത്.

സന്നിഹിതാഖ്യാതാവിന്റെ രാഷ്ട്രീയാദർശം കഥയുടെ ലോകത്തെ യഥാർഥ ലോകവുമായി ഉദ്ഗ്രഥിക്കുന്നു. പലപ്പോഴും നിരീക്ഷണങ്ങളായോ പ്രസ്താവനകളായോ കഥയിൽ പ്രത്യക്ഷപ്പെടുന്ന സന്നിഹിതാഖ്യാതാവിന്റെ ശബ്ദം കഥയെ

അർണബ് ഗോസ്വാമി

അർണബ് ഗോസ്വാമി

വ്യാഖ്യാനിക്കുന്നതിനുള്ള വഴികാട്ടിയാവുന്നു.

ഉദാഹരണമായി, “അത്യുച്ചത്തിൽ പൊളിച്ചുവെച്ച റിപ്പബ്ലിക്ക് ചാനലിൽ അർണബ് ഗോസ്വാമി അലറി വിളിക്കുകയായിരുന്നു” എന്ന വാചകത്തിൽ ‘അത്യുച്ചത്തിൽ പൊളിച്ചുവെച്ച’, ‘അലറിവിളിക്കുക’യായിരുന്നു തുടങ്ങിയ വിശേഷണങ്ങൾ കഥാസന്ദർഭത്തെ വ്യാഖ്യാനിക്കാനുള്ള സൂചനകളാണ്.

ഇത് കഥയിലെ സന്നിഹിതാഖ്യാതാവിന്റെ രാഷ്ട്രീയാദർശത്തെ നേരിട്ട് സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല കഥാപാത്രങ്ങളെ സാംസ്‌കാരികമായി അടയാളപ്പെടുത്താനും ആഖ്യാനത്തിൽ ശ്രമമുണ്ട്. മതങ്ങൾക്കിടയിൽ അനുഷ്ഠാനപരമായ വ്യത്യാസം നിലനിക്കുമ്പോഴും അവയുടെ സാംസ്‌കാരികമായ അന്തർധാര പൊതുവായി പങ്കുവെക്കാൻ കഴിയുന്ന വിഭവമാണെന്ന് സന്നിഹിതാഖ്യാതാവ് കരുതുന്നു.

അതിന്റെ നിരവധി സൂചനകൾ കഥാഗാത്രത്തിൽ കാണാം. ഉദാഹരണമായി “താൻ മാത്രമല്ല യോഗത്തിലുള്ള മറ്റ് മാപ്പിളമാരും ഉപ്പക്ക് മുകളിലൊരു മൂത്താപ്പയുടെ അനുഗ്രഹനീല ദർശിച്ച് കണ്ണുനീർ പൊഴിച്ചു. വേദഗ്രന്ഥത്തിലെ ‘അൽ ബഖറഃ’ സൂറത്ത് എല്ലാവരും അനുഭവിച്ചു.” ഈ വാചകം സന്നിഹിതാഖ്യാതാവിന്റേതാണ്.

 യഥാർഥ ആഖ്യാതാവിൽനിന്ന് വേറിട്ട ഒരു കർതൃപദവി കഥയിൽ നിലീനനായിരിക്കുന്ന ആഖ്യാതാവിനുണ്ട്. സ്വയം പകുത്ത് നിർവഹിക്കുന്ന ഈ ആഖ്യാനം പ്രതിബദ്ധ സാഹിത്യത്തിന്റെ സവിശേഷതയാണ്. ഒരു കാലത്തെ ശകാരപദമായിരുന്നു ഇത് എന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ നമ്മുടെ കാലം മിക്കവാറും എല്ലാ എഴുത്തിനേയും പ്രതിബദ്ധസാഹിത്യമാക്കി മാറ്റിയിട്ടുണ്ട് എന്നതാണല്ലോ അനുഭവം.

കെ പി രാമനുണ്ണി

കെ പി രാമനുണ്ണി

സൗന്ദര്യപരമായ മൂല്യനിർണയത്തിന് തടസ്സമാകേണ്ട ഒരു സംവർഗമല്ല ഇന്ന് പ്രതിബദ്ധസാഹിത്യം. യഥാർഥ ജീവിതം സംഘർഷഭരിതമാണ്. അവിടെ ആദർശാത്മകത ഉയർത്തിപ്പിടിക്കാനാവില്ല. അതിനാൽ കഥയ്‌ക്ക് വെളിയിലുള്ള യഥാർഥ ആഖ്യാതാവ് സന്ദിഗ്‌ധതയിലാണ്.

കഥയ്ക്കകത്തെ ആഖ്യാതാവ്  ഇത്തരം സന്ദിഗ്‌ധതകൾ നേരിടുന്നില്ല. ഉറച്ച നിലപാടുകളുള്ള സന്നിഹിതാഖ്യാതാവായാണ് കഥയിൽ കഥാകൃത്തിന്റെ നിൽപ്പ്. സന്നിഹിതാഖ്യാതാവും ലീനാനുവാചകനും തമ്മിലുള്ള ആശയവിനിമയം മാത്രമല്ല കഥാപാത്രങ്ങൾ തമ്മിലും കഥയിൽ ആശയവിനിമയം നടക്കുന്നുണ്ട്. രാമനുണ്ണിയുടെ പല കഥകളിലും ഈ വിനിമയം ആഴത്തിലുള്ള സൗഹൃദം കൊണ്ടും സാഹോദര്യം കൊണ്ടും മസൃണമാണ്.

ഒരുപക്ഷെ ഇന്ത്യൻ പശ്ചാത്തലത്തിൽ ഇന്ന് നിലനിൽക്കുന്ന ഒരില്ലായ്മയെ കഥാകൃത്ത് ഈ ആഖ്യാനശൈലിയിലൂടെ നികത്തുകയാവാം. പലപ്പോഴും ഈ കഥാപാത്രങ്ങൾ കഥയ്ക്കകത്ത് ആത്മകഥ പറയുന്നവരായി വരും. ‘വാരിയൻകുന്നത്ത്‌ വീണ്ടും’ എന്ന കഥയിൽ വാരിയൻകുന്നനും നാരായണൻ നമ്പീശനും പഴയ കഥകൾ ഓർത്തെടുത്ത് പറയുന്ന ആഖ്യാതാക്കളാണ്.

‘ശ്വാസംമുട്ട്’ എന്ന കഥയിലെ കഥാപാത്രങ്ങളും ‘കേരളാമാരത്തോൺ’ എന്ന കഥയിലെ കഥാപാത്രങ്ങളും ആദർശാത്മകമായ മനുഷ്യബന്ധം സൂക്ഷിക്കുന്നവരാണ്.
 ത്യാഗത്തിന്റെ ഉയർന്ന രൂപങ്ങൾ ഈ കഥകളിലെല്ലാം കാണാം. ചിന്തകൊണ്ടല്ല പ്രവൃത്തികൊണ്ട് നിറഞ്ഞതാണ് രാമനുണ്ണിയുടെ കഥാലോകം.

പൂർണനിയന്ത്രിതമായ, നിഷ്ക്രിയത മുഖമുദ്രയായ, ഒരു സമൂഹത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ കഥകളിൽ സക്രിയരായ കഥാപാത്രങ്ങളാണുള്ളത്. ‘ഏകമാന’ സമൂഹത്തോടിടഞ്ഞ് തെറിച്ചുനിൽക്കുന്നവരുടെ കഥകളാണിവ. മനുഷ്യരുടെ ഇച്ഛാശക്തിയിൽ മാത്രമേ ഈ കഥാകൃത്തിന് വിശ്വാസമുള്ളൂ എന്നു വരാം. വലയിൽ കുരുങ്ങിയ പ്രാണിക്ക് സ്വന്തം പിടച്ചിലിനെ വിശ്വസിക്കാതിരിക്കാനാവുമോ?  .

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top