17 September Tuesday

അരങ്ങാണ്‌ ജീവനും ജീവിതവും

ജ്യോതി കെ ജിUpdated: Friday Aug 9, 2024


കനലെരിയും ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽ നിന്ന് മലയാള നാടകവേദികളിൽ ശരീരഭാഷയും ശബ്ദവും കൊണ്ട് തന്റേതായ സാമ്രാജ്യം വെട്ടിപ്പിടിച്ച മുഹമ്മദ്‌ പേരാമ്പ്ര എന്ന അതുല്യ നടന്റെ ജീവചരിത്രഗ്രന്ഥം തയാറാക്കിയത് ഷംസുദ്ദീൻ കുട്ടോത്താണ്. പതിവ് ജീവചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി ആർഭാടങ്ങളൊട്ടുമില്ലാതെ അവിശ്വസനീയമായ ജീവിതാനുഭവങ്ങളുടെ ആഴക്കടൽ നീന്തിക്കടന്ന ഒരു പച്ചയായ മനുഷ്യന്റെ നടനവൈഭവത്തിൻെറയും മനുഷ്യസ്നേഹത്തിന്റെയും അക്ഷരസമാഹാരമാണ് ‘കെടാത്ത ചൂട്ട്'.

നാടകനടനും പ്രഭാഷകനുമായ മുഹമ്മദ് പേരാമ്പ്രയുടെ ജീവിതയാത്രയിലെ തണൽ അരങ്ങായിരുന്നു. നാടകം അദ്ദേഹത്തിന് ജീവശ്വാസമാണ്. പത്തെഴുപത് വർഷമായി ഉറങ്ങുന്നതും ഉണരുന്നതും എല്ലാം നാടകത്തിലാണ്. പൊടിപറത്തി നാട്ടുവഴികളിലൂടെ കുതിച്ച്, വീടിനുമുന്നിൽ നിന്ന് നീണ്ട ഹോൺ മുഴക്കി കാത്തുനിൽക്കുന്ന നാടകവണ്ടിയും നാടകബെല്ലിന്റെ നീണ്ട ശബ്ദവും, സദസ്സിലിരിക്കുന്നവരുടെ കരഘോഷങ്ങളുമെല്ലാം ഇന്നും അദ്ദേഹത്തിന്റെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നു.

പല നാടുകളിലായി ആയിരക്കണക്കിന് വേദികളിൽ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മുഹമ്മദ് പേരാമ്പ്ര എന്ന കലാകാരന്റെ അതിതീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ഓർമകളാണ് ‘കെടാത്ത ചൂട്ട്'.

ഷംസുദ്ദീൻ കുട്ടോത്ത്‌

ഷംസുദ്ദീൻ കുട്ടോത്ത്‌

കനലെരിയും ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽനിന്ന് മലയാള നാടകവേദികളിൽ ശരീരഭാഷയും ശബ്ദവും കൊണ്ട് തന്റേതായ സാമ്രാജ്യം വെട്ടിപ്പിടിച്ച അതുല്യ നടന്റെ ജീവചരിത്ര ഗ്രന്ഥം തയ്യാറാക്കിയത് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഷംസുദ്ദീൻ കുട്ടോത്താണ്. പതിവ് ജീവചരിത്ര ഗ്രന്ഥങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി ആർഭാടങ്ങളൊട്ടുമില്ലാതെ അവിശ്വസനീയമായ ജീവിതാനുഭവങ്ങളുടെ ആഴക്കടൽ നീന്തിക്കടന്ന ഒരു പച്ചയായ മനുഷ്യന്റെ നടനവൈഭവത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും അക്ഷരസമാഹാരമാണ് ‘കെടാത്ത ചൂട്ട്'.

ചെറ്റയിൽ അമ്മത് എന്ന സാധാരണക്കാരനായ മനുഷ്യനിൽ നിന്ന് മലയാള നാടകരംഗത്തെ അഭിമാനമായ മുഹമ്മദ് പേരാമ്പ്രയായി മാറിയതിനു പിന്നിൽ നിറം കെട്ട ഒരുപാട് ഓർമകളുണ്ട്. ദുരിതം നിറഞ്ഞ കുട്ടിക്കാലവും പട്ടിണിയും ഇല്ലായ്മകളുമുണ്ട്. എന്നാൽ ഓരോ പരിമിതിയിലും പുതിയ സാധ്യതകൾ  കണ്ട് മുഹമ്മദ് മുന്നേറി. വായനയും പുസ്തകങ്ങളും മുറുകെപ്പിടിച്ച ആശയങ്ങളും പേരാമ്പ്രയിലെ മണ്ണും മനുഷ്യരും പ്രതിസന്ധികളെ അതിജീവിച്ച് ശക്തമായി മുന്നോട്ടു പോകാനുള്ള ധൈര്യമായി.

സ്കൂൾ വിദ്യാഭ്യാസത്തിനുള്ള സാഹചര്യം ഒട്ടും അനുകൂലമല്ലാത്തതിനാൽ ഒന്നാം ക്ലാസിൽ മാത്രമാണ് പഠിക്കാൻ സാധിച്ചത്. പിന്നീട് പള്ളിക്കൂടത്തിൽനിന്ന് പടിയിറങ്ങിയത് തെരുവിലേക്ക്. അഞ്ച് വയസ്സുകാരന് കഴിയുന്നതു പോലെ കുടുംബത്തെ സഹായിക്കാനായി ജീവിതത്തിന്റെ കനലുകളിലേക്ക് കാലെടുത്തുവച്ചു. ഓല കൊണ്ട് മെടഞ്ഞ കൊട്ടയുമായി സഹോദരനൊപ്പം ചന്തയിൽ പോയി വിറ്റു കിട്ടുന്ന തുക അന്നത്തെ സാഹചര്യത്തിൽ കുടുംബത്തിന് വലിയ ആശ്വാസമായിരുന്നു.

കുറച്ചുകൂടി മുതിർന്നപ്പോൾ പേരാമ്പ്രയിൽ നിർത്തിയിട്ടിരുന്ന ബസ്സുകൾ കഴുകാൻ പോയിത്തുടങ്ങി. ക്ലീനറില്ലാത്ത ദിവസങ്ങളിൽ ബസ്സിലെ കിളിയായിട്ടും, പോസ്റ്റോഫീസിലെ തപാൽ ബാഗ് എത്തിച്ചു നൽകുന്ന ജോലിയും തുടങ്ങി പട്ടിണി മാറ്റാൻ പല വഴികളിലൂടെ സഞ്ചരിച്ചു.

പേരാമ്പ്രയിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന ചന്തുവേട്ടന്റെ കടയിൽ സ്ഥിരമായി പോയിരുന്ന കാലത്താണ് ജീവിതത്തെ സ്വാധീനിച്ച ഒരുപാട് അറിവുകൾ ലഭിച്ചത്. ജന്മിത്തത്തിന്റെയും നാടുവാഴിത്തത്തിന്റെയുമൊക്കെ നിരവധി കഥകൾ കേട്ടു. അതിനെ ചോദ്യം ചെയ്ത വിപ്ലവകാരികളുടെ കഥകൾ അറിഞ്ഞു. പല തരത്തിൽ ചിന്തിക്കുന്ന പല രാഷ്‌ട്രീയബോധമുള്ള ഒരുപാട് മനുഷ്യരെ കണ്ടു. വർഗസമരങ്ങളുടെ കഥകൾ കേട്ടു. കമ്യൂണിസ്റ്റ് പാർടിയുടെ പരിപാടികളിലും കുടുംബയോഗങ്ങളിലും പങ്കെടുക്കാൻ അവസരം ലഭിച്ചു.

കേരളത്തിലെ കമ്യൂണിസ്റ്റ് ശില്പികളിലൊരാളായിരുന്ന സഖാവ് കേളുവേട്ടൻ, കിളിയിൽ കോരൻ, പി വി ശങ്കരൻ, ആവള നാരായണൻ, സി കെ കനിയൻ, കുഞ്ഞികൃഷ്ണക്കുറുപ്പ്, തുരുത്തിയിൽ കുഞ്ഞിരാമൻ തുടങ്ങി മണ്ണിന്റെയും വിയർപ്പിന്റെയും മണമുള്ള മനുഷ്യർ മുഹമ്മദിനെ ചേർത്തുനിർത്തി. തെരുവിലെ ശരിതെറ്റുകൾക്കിടയിൽ ഞാനൊറ്റയല്ലെന്നും എന്നെപ്പോലെ വേദനിക്കുന്നവരും ജീവിതം വഴിമുട്ടിയവരും ലോകത്തിന്റെ പല ഭാഗങ്ങളിലും പരന്നു കിടക്കുന്നുണ്ടെന്ന തിരിച്ചറിവും സത്യവുമാണ് പിന്നീടങ്ങോട്ട് മുഹമ്മദിനെ നയിച്ചത്.

പേരാമ്പ്രയുടെ പഴമയെക്കുറിച്ചുള്ള ഓർമകളിൽ നാടക അരങ്ങുകളും പ്രഭാഷണ വേദികളുമുണ്ട്. നാടകരംഗത്തെ ടി കെ  മോഹനൻ, സത്യൻ, ടി കെ കുമാരൻ, ബാലചന്ദ്രൻ, ശാന്ത, പൊന്നമ്മ ഭാസ്‌കർ, ജയമ്മ, ലക്ഷ്മി കോടേരി തുടങ്ങി നിരവധി മനുഷ്യരുണ്ട്. സിനിമാ തിയേറ്ററുകളിൽ പോസ്റ്ററുകളൊട്ടിക്കാനും സിനിമാ അനൗൺസറായതുമായ കാഴ്ചകളുണ്ട്. പേരാമ്പ്രയിലെ സാംസ്കാരിക രംഗത്തിന് ഊർജ്ജം പകർന്ന ബീഡിക്കമ്പനികളിലെ തൊഴിലാളികളുണ്ട്. കുന്നേരിത്താഴെ വയലും കടന്ന് വരുന്ന നാടകക്കാരുടെ പെട്ടിതൂക്കലും സ്റ്റേജ് കെട്ടുന്ന ഓർമകളുമെല്ലാം അടുക്കും ചിട്ടയും തെറ്റാതെ പറയുന്നു.

സർക്കസ്സിന്റെ ബാലപാഠം പോലും അറിയാത്ത മുഹമ്മദ് പിന്നീട് എത്തിച്ചേരുന്നത് തെരുവ് സർക്കസ് കൂടാരത്തിലാണ്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കെട്ടിയ ടെന്റുകളിലുള്ള ജീവിതം,  കൂടാരത്തിലെ മനുഷ്യരുടെ ജീവിതാനുഭവങ്ങൾ, നാട്ടുമ്പുറത്തെ സാധാരണക്കാരായ മനുഷ്യർക്ക് അവർ ഒരുക്കിയ കലാവിരുന്നിന്റെ സന്തോഷവും.. ഇവയൊക്കെ മുഹമ്മദ് എന്ന കലാകാരന്റെ ജീവിതത്തെ എത്രത്തോളം സ്വാധീനിച്ചു എന്ന്  പുസ്തകത്തിൽ വ്യക്തമാക്കുന്നു.

പി ആർചന്ദ്രൻെറ ‘തേങ്ങയില്ല ചിരട്ടയുണ്ട് ' എന്ന അമച്വർ നാടകത്തിലാണ് മുഹമ്മദ് പേരാമ്പ്ര ആദ്യമായി അഭിനയിച്ചത്. ആ നാടകത്തിലെ സ്ഥിരം നടൻ വരാതിരുന്നതുകൊണ്ട് അപ്രതീക്ഷിതമായി കിട്ടിയ ഒരവസരമായിരുന്നു അത്. പിന്നീട് പേരാമ്പ്രയിലെ ജ്യോതി ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബ്, കലാനിലയം യമുന തീയേറ്റേഴ്സ്, പേരാമ്പ്ര വീനസ് തുടങ്ങിയ അമച്വർ നാടക സമിതികളുടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചു.

മലയാളനാടക വേദിയിലെ ഇടിമുഴക്കമായിരുന്ന കെ ടി  മുഹമ്മദിന്റെ സാന്നിധ്യം പേരാമ്പ്രയിലെ നാടകരംഗത്തെ രാഷ്ട്രീയമായും സാംസ്‌കാരികപരമായും സജീവമാക്കിയ കാലഘട്ടം കൂടിയായിരുന്നു അത്. അമച്വർ നാടകരംഗത്ത് മാറ്റത്തിന്റെ വഴിയൊരുക്കിയ വീനസ് തീയേറ്റേഴ്സിലൂടെയായിരുന്നു മുഹമ്മദിന്റെ നാടകരംഗത്തെ വളർച്ച.

1985 ൽകോഴിക്കോട് ചിരന്തന തീയേറ്റേഴ്സുമായി സഹകരിക്കാൻ അവസരം ലഭിക്കുന്നു. പിന്നീട് നിരവധി വേഷങ്ങൾ, ആയിരക്കണക്കിന് വേദികൾ, അഭിനയ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങൾ. അങ്ങനെ ഇണക്കങ്ങളും പിണക്കങ്ങളുമായി ചിരന്തനയുമായുള്ള ബന്ധം പതിനഞ്ചു വർഷം നീണ്ടു.

നാടകം എന്ന കലയെ സ്നേഹബഹുമാനങ്ങളോടെ നോക്കിക്കാണാൻ മുഹമ്മദിനെ പഠിപ്പിച്ചത് കെ ടി മുഹമ്മദാണ്. ഒരു കഥാപാത്രത്തിന്റെ സ്വഭാവ വൈശിഷ്ട്യങ്ങൾ എന്തൊക്കെയായിരിക്കണം, ഒരു നടന്റെ അംഗചലനങ്ങൾ എങ്ങനെ ആയിരിക്കണം എന്നൊക്കെ ആഴത്തിൽ പഠിപ്പിച്ചത് കെ ടി യാണ്. വാക്കുകൾ വിളിച്ചു പറയലല്ല, വാക്കിന്റെ അർഥമറിഞ്ഞാടുക. നാടകം വെറും കളിയല്ല, നാടിന്റെ അകംപൊരുളറിയാനുള്ള തേടലാണ്. അഭിനയിക്കുമ്പോൾ മനസ്സും ശരീരവും രണ്ടല്ല. പെരുവിരൽ മുതൽ ശിരസ്സുവരെ അഭിനയമെന്ന വികാരത്തെ ഉൾക്കൊള്ളണമെന്നു പഠിപ്പിച്ച കെ ടി മുഹമ്മദ് എന്ന ഗുരുനാഥന്റെ വാക്കുകൾ തന്നെയാണ് മുഹമ്മദ് പേരാമ്പ്രയെന്ന നടന്റെ അഭിനയജീവിതത്തിന് പ്രചോദനമായത്.

‘മേടപ്പത്ത് ' എന്ന നാടകം കാണാൻ എൻ എൻ പിള്ള വന്നതും, കോഴിക്കോട് സ്റ്റേജ് ഇന്ത്യയുടെ നാടകങ്ങളിൽ കലിംഗ ശശി ഉൾപ്പെടെയുള്ള കലാകാരന്മാരുടെ കൂടെ അഭിനയിക്കാൻ സാധിച്ചതും, വിശപ്പിന്റെ രാഷ്ട്രീയം നാടകത്തിലൂടെ അവതരിപ്പിച്ച പി എം താജുമായുള്ള സംഭാഷണവും, മുഹമ്മദ് എന്ന കലാകാരന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയ ഇബ്രാഹിം വെങ്ങരയോടുള്ള സ്നേഹത്തിന്റെയും ഓർമ്മകളുടെ മേഘങ്ങൾ മറനീക്കി പെയ്തിറങ്ങുന്നു.

നാടകാഭിനയത്തോടൊപ്പം നിരവധി സിനിമകളിലും മുഹമ്മദ് പേരാമ്പ്ര വേഷമിട്ടു. ‘തകരച്ചെണ്ട'  എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് സത്യൻ അന്തിക്കാടിന്റെ ‘അച്ചുവിൻെറ അമ്മ',  ടി  എ റസാക്ക് തിരക്കഥ എഴുതിയ ‘സ്നേഹം', എം  മോഹനന്റെ ‘കഥ പറയുമ്പോൾ', സലിം അഹമ്മദിന്റെ മമ്മുട്ടി ചിത്രമായ ‘കുഞ്ഞനന്തന്റെ കട', 'പത്തേമാരി', കമലിന്റെ ‘ഉട്ടോപ്യയിലെ രാജാവ്'എന്നീ സിനിമകളിലെല്ലാം വേഷമിട്ടു. ഒരു ജീവിതത്തിൽ ഒരുപാട് ജീവിതം ആടിത്തകർത്ത അഭിനേതാവ് എന്ന നിലയിൽ മുഹമ്മദ് പേരാമ്പ്ര സംതൃപ്തനാണ്.

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top