03 December Tuesday
പ്രേംപൊറ്റാസ്- /2

ദേശത്തിന്റെ കഥാകാരനും വിനീതനായ ചരിത്രകാരനും

മാങ്ങാട് രത്‌നാകരൻUpdated: Wednesday Aug 14, 2024

1981‐ൽ കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് ബഷീറിന് ലഭിച്ചപ്പോൾ ബേപ്പൂരിലെ വൈലാലിൽ വീട്ടിലെ മാങ്കോസ്റ്റീൻ മരച്ചുവട്ടിൽ വെച്ച് എസ്‌ കെ പൊറ്റെക്കാട്ട് ഹാരമണിയിക്കുന്നു - ഫോട്ടോ: പുനലൂർ രാജൻ


എസ്‌ കെ പൊറ്റെക്കാട്ടിന്റെ കോഴിക്കോട്ടേയ്ക്കു വൈക്കത്തുകാരൻ മുഹമ്മദ് ബഷീർ വന്നുചേരുന്നത് കേരളപ്പിറവിയുമായും തുടർന്നുവന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയുമായും ബന്ധപ്പെട്ടാണെന്നത്‌ കൗതുകകരമാണ്. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ച വേളയിൽ (1957) കോഴിക്കോട്ട്‌ നടത്താൻ തീരുമാനിച്ച കേരളോത്സവം എന്ന സാംസ്‌കാരിക പരിപാടിയിൽ, ന്റുപ്പുപ്പാക്കൊരാനേണ്ടാർന്നു! നാടകരൂപത്തിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് വി അബ്ദുള്ള, എൻ പി മുഹമ്മദ്, മുല്ലവീട്ടിൽ അബ്ദുറഹിമാൻ, ശോഭന പരമേശ്വരൻ നായർ എന്നിവർ തലയോലപ്പറമ്പിൽ ചെന്നു ബഷീറിനെ കോഴിക്കോട്ടേയ്‌ക്ക്‌ ക്ഷണിക്കുന്നതും വഴങ്ങാതിരുന്ന ബഷീറിനെ വശത്താക്കി ഒപ്പം കൂട്ടുന്നതും.

എസ്‌ കെ പൊറ്റെക്കാട് - ഫോട്ടോ പുനലൂർ രാജൻ

എസ്‌ കെ പൊറ്റെക്കാട് - ഫോട്ടോ പുനലൂർ രാജൻ

എസ്‌ കെ, ഉറൂബ്, തിക്കോടിയൻ, കെ ടി മുഹമ്മദ്, എം ടി വാസുദേവൻ നായർ, എം വി ദേവൻ, പട്ടത്തുവിള കരുണാകരൻ, പുതുക്കുടി ബാലൻ തുടങ്ങിയവരുടെ വലിയൊരു സൗഹൃദവലയത്തിലേക്കാണ്‌ ബഷീർ ‘നിപതിക്കുന്നത്.' കോഴിക്കോട് കോർട്ട് റോഡിലെ വീറ്റ് ഹൗസായിരുന്നു ബഷീറിന്റെ ആദ്യത്തെ താവളം. അവിടെ നിന്ന്, പുതിയറയിലുള്ള  എസ്‌ കെയുടെ ‘ചന്ദ്രകാന്ത'ത്തിലേയ്‌ക്ക്‌ മാറി. ആ സമയത്ത് എസ്‌ കെ കുടുംബസമേതം ഭാര്യ ജയവല്ലിയുടെ നാടായ മയ്യഴിയിലായിരുന്നു താമസം.

ബഷീർ പുതിയറയിൽ താമസമായതോടെ ‘ചന്ദ്രകാന്തം' കാന്തം പോലെ എഴുത്തുകാരെയും കലാകാരന്മാരെയും പാട്ടുകാരെയും ആകർഷിച്ചു തുടങ്ങി. നാടകമെഴുത്തൊഴികെ ബാക്കിയെല്ലാം തകൃതിയായി നടന്നു. കോഴിക്കോടിന്റെ ‘ഇന്നവനാര്?'  (Who's Who) മുഴുവൻ അവിടെ സമ്മേളിച്ചു. ‘ഇന്നവനാര്?' എന്ന ഗംഭീര ‘പൊളിച്ചെഴുത്തി'ന്റെ ഉടമ വികെഎന്നിന്റെ വരവ് ഒരു വരവു തന്നെയായിരുന്നു.

(ഈ ‘ചരിത്ര'ത്തിലെ മിഴിവുള്ള മുഹൂർത്തങ്ങൾ പുനലൂർ രാജന്റെ ബഷീർ ഓർമ്മയ്ക്കപ്പുറം, മാതൃഭൂമി ബുക്‌സ്, 2008, എന്ന സ്മരണകളുടെ പുസ്തകത്തിൽ വായിക്കാം.) 1958 ഡിസംബറിൽ കെ ടി മുഹമ്മദിന്റെ സംവിധാനത്തിൽ നാടകം കോഴിക്കോട്ട് അവതരിപ്പിച്ചു.

ബഷീറിനെക്കുറിച്ചുള്ള എന്തും ഏതും, വ്യക്തികൾ ഐതിഹ്യമാവുമ്പോൾ സംഭവിക്കാറുള്ളതു പോലെ, ആദ്യം കഥയായും പിന്നീടു പുരാവൃത്തമായും മാറുകയാണല്ലോ പതിവ്. അങ്ങനെ, എസ്‌ കെയും ബഷീറും തമ്മിലുള്ള ആദ്യസമാഗമവും കഥയായിത്തീർന്നിട്ടുണ്ട്.

ബഷീറിന്റെ ഒരു ജീവചരിത്രത്തിൽ (വൈക്കം മുഹമ്മദ് ബഷീർ എഴുത്തും ജീവിതവും, ഇ എം അഷറഫ്, മാതൃഭൂമി ബുക്‌സ്, 2008) അതിങ്ങനെ: ‘ചന്ദ്രകാന്ത'ത്തിൽ ബഷീറും സംഘവും അരങ്ങുതകർക്കുമ്പോൾ ഒരുനാൾ വീട്ടുടമ എസ്‌ കെ കടന്നുവന്നു. ബഷീർ അപ്പോൾ വീട്ടിനു മുന്നിൽ എക്‌സർസൈസ് എടുത്തു നിൽക്കുകയായിരുന്നു. പൊറ്റെക്കാട്ടിനെ കണ്ടപ്പോൾ ഏതോ ഒരു അപരിചിതനോടെന്നപോലെ ചോദിച്ചു:
‘‘ഉം, എന്താ?''
‘‘ഒന്നുമില്ല, വെറുതെ വന്നതാണ്!''
''നിങ്ങളാണോ എസ്‌ കെ പൊറ്റെക്കാട്ട്? വേണമെങ്കിൽ ഈ വീടിന്റെ ഏതെങ്കിലുമൊരു മുറിയിൽ താമസിച്ചോളൂ.''

എസ്‌ കെയും ബഷീറും തമ്മിലുള്ള സൗഹൃദം ഇരുവരുടെയും വിഖ്യാതമായ സ്‌നേഹജീവിതം നിറഞ്ഞുതുളുമ്പുന്ന ഒന്നാണ്. നിരുപാധികമായ സ്‌നേഹം, പരസ്പരബഹുമാനം, അംഗീകാരം എല്ലാം അതിൽ ഉൾച്ചേർന്നിരുന്നു. മരണത്തെ ആ സ്‌നേഹം അകറ്റിനിർത്തി.

‘‘ചന്ദ്രകാന്തത്തിൽ ചേതനയറ്റുകിടക്കുന്ന എസ്‌ കെയുടെ മൃതശരീരം കാണാൻ ബഷീർ പത്‌നിയെയാണു പറഞ്ഞയച്ചത്. കാണാൻ കഴിയാത്ത രംഗങ്ങൾ ബഷീറിന്റെ ജീവിതത്തിൽ അനേകം ഉണ്ടായിരുന്നു,'' പുനലൂർ രാജൻ ബഷീർ സ്മരണാപുസ്തകത്തിൽ എഴുതുന്നു.

1981 ‐ൽ കേരള സാഹിത്യ അക്കാദമി ബഷീറിന് ഫെല്ലോഷിപ്പ് നൽകുകയുണ്ടായി. അതിന്റെ ഭാഗമായി ബഷീറിനെ ബേപ്പൂരിലെ വൈലാലിൽ വീട്ടിലെ മാങ്കോസ്റ്റീൻ മരച്ചുവട്ടിൽ വെച്ച് എസ്‌ കെ പൊറ്റെക്കാട്ട് ഹാരമണിയിക്കുന്ന ചിത്രമാണ് ബഷീറിന്റെ സന്തതസഹചാരിയായിരുന്ന പുനലൂർ രാജൻ പകർത്തിയത്.

1981 ‐ൽ കേരള സാഹിത്യ അക്കാദമി ബഷീറിന് ഫെല്ലോഷിപ്പ് നൽകുകയുണ്ടായി. അതിന്റെ ഭാഗമായി ബഷീറിനെ ബേപ്പൂരിലെ വൈലാലിൽ വീട്ടിലെ മാങ്കോസ്റ്റീൻ മരച്ചുവട്ടിൽ വെച്ച് എസ്‌ കെ പൊറ്റെക്കാട്ട് ഹാരമണിയിക്കുന്ന ചിത്രമാണ് ബഷീറിന്റെ സന്തതസഹചാരിയായിരുന്ന പുനലൂർ രാജൻ പകർത്തിയത്.

 

ദേശാഭിമാനി വാരികയിൽ നിന്ന്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top