വൈക്കം മുഹമ്മദ് ബഷീറിന്റെ വൈലാലിൽ വീട്ടിന്റെ കോലായയിൽ, ബഷീറിന്റെ വർത്തമാനം കേട്ടിരിക്കുന്ന സുകുമാർ അഴീക്കോടിനെ വിരിഞ്ഞ പുഞ്ചിരിയോടെ നോക്കിയിരിക്കുന്ന എസ് കെ പൊറ്റെക്കാട്ട്. എത്ര ആഹ്ലാദകരമായ മുഹൂർത്തം! ഇവരാരും നമ്മോടൊപ്പമില്ലല്ലോ എന്ന സങ്കടവും.
സരസസംഭാഷണത്തിൽ ആരും മോശക്കാരല്ല, മുടിചൂടാമന്നൻ ബഷീർ തന്നെയാകണം.
കേരള സാഹിത്യ അക്കാദമി നിർവാഹകസമിതിയിൽ പങ്കുകൊള്ളാനായി ബഷീർ, ഉറൂബ്, പൊറ്റെക്കാട്ട് എന്നിവരോടൊപ്പം തൃശൂരിൽ ചെലവഴിച്ച ദിനങ്ങൾ സുകുമാർ അഴീക്കോട് ആത്മകഥയിൽ (അഴീക്കോടിന്റെ ആത്മകഥ സമ്പൂർണം, ഡി സി ബുക്‌സ്, 2012) ഓർമിക്കുന്നുണ്ട്. ബഷീറിന്റെ സംഭാഷണങ്ങളെക്കുറിച്ചും കുസൃതി കലർത്തി എഴുതുന്നു:
‘‘ബഷീർ തന്റെ കായികശക്തിയെയും സാഹസികയാത്രകളെയും അവയ്ക്കിടയിൽ ഉണ്ടായെന്നു പറയുന്ന വിചിത്രസംഭവങ്ങളെയും പറ്റി ചിലപ്പോൾ വിശ്വസനീയതയുടെ അതിർത്തി ലംഘിക്കുന്ന പല പല കഥകൾ വർണിച്ചു പറയുന്നതിൽ നിപുണനായിരുന്നു. പക്ഷേ, ധീരതയൊക്കെ രാത്രിയോടെ തീരും. ഒറ്റയ്ക്ക് ഉറങ്ങാൻ ആൾക്കു വയ്യ. ബഹു പേടിയാണ്. ലൈറ്റ് ഇടണം. അടുത്ത കട്ടിലിൽ ആരെങ്കിലും ഉണ്ടാകണം. മിക്കവാറും ഞാനായിരിക്കും.''
ഫോട്ടോയുടെ രണ്ടു മൂലകളിലായി ഇരിക്കുന്നത് പഴയ രണ്ട് എതിരാളികളാണ്, സുകുമാർ അഴീക്കോടും എസ് കെ പൊറ്റെക്കാട്ടും (ഈ ഫോട്ടോയ്ക്കകത്ത് 19 വർഷം മുമ്പ്, ഫോട്ടോയ്ക്കു പുറത്ത് 62 വർഷം മുമ്പ്). തലശ്ശേരി ലോക്‌സഭാ മണ്ഡലത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ പിന്തുണയുള്ള സ്വതന്ത്രനായി എസ് കെ പൊറ്റെക്കാട്ടും കോൺഗ്രസ് സ്ഥാനാർഥിയായി കെ ടി സുകുമാരൻ എന്ന സുകുമാർ അഴീക്കോടും തമ്മിൽ പൊടിപാറിയ മത്സരം (1962).
അഴീക്കോടിനെ 64,950 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോല്പിച്ച് എസ് കെ പൊറ്റെക്കാട്ട്, കേരളത്തിൽനിന്നു ലോക്‌സഭയിലെത്തുന്ന ആദ്യ സാഹിത്യകാരനായി. സുകുമാർ അഴീക്കോടിന്റെ പരാജയത്തിനു പക്ഷേ ‘ശാരീരികമായ കാരണ'വും ഉണ്ടായിരുന്നുവത്രെ! ‘‘വാസ്തവത്തിൽ ഞാനായിരുന്നു വിജയിക്കേണ്ടിയിരുന്നത്. പക്ഷേ വോട്ടർമാർക്ക് കാണാൻ പോലും ഇല്ലാത്തവിധം കൃശഗാത്രനായതായിരുന്നു കുഴപ്പം.'' തുടർന്ന് കാര്യമായിത്തന്നെ അഴീക്കോട് എഴുതുന്നു, ‘‘എന്റെ മനസ്സിൽ ആ തോൽവി ഒരു മുറിവായിട്ടോ വേദനയായിട്ടോ ഒരിക്കലും എന്നെ പീഡിപ്പിച്ചിരുന്നില്ല. ചെറിയൊരത്ഭുതമാണ് ഇത്. ഇതിനോടു ചേർത്തുപറയാവുന്ന മറ്റൊരാശ്ചര്യം, എന്നെ തോല്പിച്ച എസ് കെ പൊറ്റെക്കാട്ടിന് തന്റെ വിജയം വലിയൊരു വിജയമായി തോന്നിയില്ല എന്നതുമാണ്.'' (ആത്മകഥ)
അതുമാത്രവുമല്ല, ‘‘ഞങ്ങൾ ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളല്ലാതിരുന്നിട്ടും ജീവിതത്തിൽ ഒരിക്കലും വിരുദ്ധരായിരുന്നിട്ടില്ലാത്തവരാണ്. സഞ്ചിയില്ലാത്ത പൊറ്റെക്കാട്ടിനെ ആരും കണ്ടിട്ടില്ല. സഞ്ചാരസാഹിത്യകാരനായതുകൊണ്ടാണ് സഞ്ചി എടുത്തു നടക്കുന്നത് എന്ന ഉറൂബിന്റെ നേരമ്പോക്കിൽ സഞ്ചാരത്തിനും സഞ്ചിക്കും തമ്മിലുള്ള ശബ്ദപരമായ അടുപ്പം കൂടെ രസം കലർത്തുന്നു.'' (ആത്മകഥ).
ആത്മകഥാപരമായ ഒരു ദേശത്തിന്റെ കഥയിൽ ശ്രീധരൻ എം പിയാവുന്നു. ‘‘പ്രധാനമന്ത്രിയുടെ അത്ര അധികാരമില്ലെങ്കിലും പ്രധാനമന്ത്രിയെക്കാൾ അവകാശങ്ങൾ പുലർത്തുന്ന എം പി. (സഭയിൽ എം പിമാർക്ക് പ്രധാനമന്ത്രിയെ വിചാരണ ചെയ്യാം. പ്രധാനമന്ത്രിയുടെ ചോദ്യങ്ങൾക്ക് എം പി സമാധാനം പറയണമെന്നില്ല). എംപിയുടെ മുകളിൽ രണ്ടുപേരേയുള്ളൂ. സർവ്വേശ്വരനും സ്പീക്കറും.'' (ഒരു ദേശത്തിന്റെ കഥ, ഡി സി ബുക്‌സ്, 2014). ഇടയ്ക്ക് പൊറ്റെക്കാട്ടിന്റെ കുസൃതി വേലിചാടുന്നു:
നാട്ടിൽ പ്രായം ചെന്ന വേലുമൂപ്പർ ശ്രീധരനെക്കണ്ടപ്പോൾ ചോദിക്കുന്നു:
‘‘നെനക്ക് ഇപ്ലെന്താണ് അവിടെ പണി?''
അപ്രിയമല്ലാത്തൊരു സത്യം അസാരം മായം ചേർത്ത ഒരു പരാമാർഥം വേലുമൂപ്പരുടെ മുമ്പിൽ അവതരിപ്പിച്ചു:
‘‘അവിടെ വിശേഷിച്ചു പണിയൊന്നുമില്ല...''
ആ മഹാസഞ്ചാരി, തന്റെ പാർലമെന്റ് കാലവും ഒരു യാത്രയായാണ് കണ്ടത്. കവി കൂടിയായിരുന്ന എസ് കെ, കവിതയിൽ അതു രേഖപ്പെടുത്തിയിട്ടുണ്ട്:
‘‘പള്ളിയിലെന്നപോലൊന്നു ഭാരത
പാർല്യമെന്റിലും പോയി മടങ്ങി ഞാൻ.''
ദേശാഭിമാനി വാരികയിൽ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..