03 December Tuesday
പ്രേംപൊറ്റാസ്- /8

ജ്ഞാനപീഠത്തിലേറിയ ശങ്കരൻകുട്ടി

മാങ്ങാട് രത്‌നാകരൻUpdated: Wednesday Oct 2, 2024

എസ് കെ പൊറ്റെക്കാട് - ഫോട്ടോ: പുനലൂർ രാജൻ


ശങ്കരൻ എന്ന പേരിന് രണ്ടു നിരുക്തിയുണ്ട്. ‘ശം സുഖം കരോതി ഇതി ശങ്കരഃ' (സുഖത്തെ ഉണ്ടാക്കുന്നതുകൊണ്ട് ശങ്കരൻ. ശങ്കരഃ=ശിവൻ), ‘ശമം കരോതി ഇതി ശങ്കരഃ' (ശമനം ഉണ്ടാക്കുന്നതുകൊണ്ട് ശങ്കരൻ). കേരളചരിത്രത്തിൽ അഞ്ചു ശങ്കരന്മാർ ഉന്നതങ്ങളിൽ വാണു: ആദിശങ്കരൻ, ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്, ജി ശങ്കരക്കുറുപ്പ്, ശങ്കരൻകുട്ടി പൊറ്റെക്കാട്ട്, തകഴി ശിവശങ്കരപ്പിള്ള.

ആദിശങ്കരൻ സർവജ്ഞപീഠത്തിലും ഇ എം എസ് കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലും സിപിഐ എമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറി പദവിയിലും മറ്റു മൂന്നു ശങ്കരന്മാർ ജ്ഞാനപീഠത്തിലുമേറി. ശങ്കരക്കുറുപ്പിന്റേത് പ്രഥമ ജ്ഞാനപീഠമായിരുന്നു (1965). എഴുത്തുകാരായ മൂന്നു ശങ്കരന്മാരും വായനക്കാർക്ക് സുഖം ഉണ്ടാക്കി; അവരുടെ കഥാദാഹത്തിനു ശമനവും ഉണ്ടാക്കി. പദനിരുക്തി അവർ പോയ വഴിയേ ചെന്ന് അനുഗ്രഹിച്ചു!

എസ്‌ കെ പൊറ്റെക്കാട്ടിന് 1980ലെ ജ്ഞാനപീഠം പുരസ്‌കാരമാണ് ലഭിക്കുന്നത്. 1981ലായിരുന്നു പ്രഖ്യാപനം. ഒരു ദേശത്തിന്റെ കഥ എന്ന നോവലിനായിരുന്നു പുരസ്‌കാരം. അന്ന് രാജ്യത്തെ പരമോന്നത പുരസ്‌കാരമായിരുന്നു ജ്ഞാനപീഠം. സരസ്വതിയും ലക്ഷ്മിയും ഒരുമിച്ചു വാഴില്ലെന്നാണ്‌ സങ്കല്പമെങ്കിലും ജ്ഞാനപീഠത്തിൽ ഇരുവരും ഒരുമിച്ചുവാണു.

‘സരസ്വതി സമ്മാൻ' എന്ന പേരിൽ മറ്റൊരു പുരസ്‌കാരം ഉണ്ടെങ്കിലും വിദ്യാദേവതയ്ക്കു ‘ക്ഷേത്രബലം' ജ്ഞാനപീഠത്തിലായിരുന്നു. ലക്ഷ്മിയാണെങ്കിൽ കഴിഞ്ഞ അഞ്ചാറുവർഷങ്ങളായി മണ്ണുമാന്തിയന്ത്രം ഓർമയിലെത്തിക്കുന്ന ജെസിബിയുടെ കൂടെയാണ്. ആധുനികവും ചടുലവുമായ സാഹിത്യത്തിന്റെ സരസ്വതിയും ഇപ്പോൾ ജെസിബിയുടെ കൂടെയാണെന്ന്‌ കരുതണം.

1981 നവംബർ 28ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് അന്നത്തെ രാഷ്ട്രപതി എൻ സഞ്ജീവറെഡ്ഡി എസ്‌ കെയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു. ആ ചടങ്ങിൽ ഒരു ദേശത്തിന്റെ കഥയുടെ ഹിന്ദി പരിഭാഷ, കഥ ഏക് പ്രാന്തർ കീ (വിവ. പ്രൊഫ. പി കൃഷ്ണൻ) രാഷ്ട്രപതി പ്രകാശനം ചെയ്തു. ജ്ഞാനപീഠപുരസ്‌കാർ വിജേതാ എസ് കെ പൊറ്റെക്കാട്ട് ഔർഉൻകീ ശ്രേഷ്ഠ കഹാനിയാം എന്ന ഗ്രന്ഥവും ഒപ്പം പുറത്തിറങ്ങി.

പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് എസ്‌ കെ പൊറ്റെക്കാട്ട് തന്റെ സാഹിത്യ കലാ രാഷ്ട്രീയ സങ്കല്പങ്ങൾ വിശദീകരിച്ചുകൊണ്ട് പ്രസംഗിച്ചു. ഭാഗങ്ങൾ:
‘‘ശാസ്ത്രസാങ്കേതികവിദ്യകളുടെ ആത്യന്തികമായ നേട്ടങ്ങൾമനുഷ്യലോകവിനാശത്തിലേക്കു വിരൽചൂണ്ടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ മനുഷ്യന് അല്പമൊരാശ്വാസം നൽകുന്നത് സാഹിത്യ കലാ രംഗങ്ങളാണ്.

മനുഷ്യനിലെ മൃഗീയതയെ മാറ്റിനിർത്താനും സ്‌നേഹം, സാഹോദര്യം, സമഭാവന, സമാധാനശീലം തുടങ്ങിയ മാനുഷികമൂല്യങ്ങളെ വളർത്താനും ഉത്തമസാഹിത്യം ഉത്തേജനം നൽകാതിരിക്കയില്ല. അതായത് മനുഷ്യന്റെ രക്ഷയ്ക്ക് ഒടുവിൽ ഉപകരിക്കുന്നത് ശാസ്ത്രജ്ഞനല്ല, സാഹിത്യകാരനാണ്.

എന്നാൽ ചില ആധുനിക സാഹിത്യപ്രവണതകൾ കാണുമ്പോൾ എനിക്കു ദുഃഖം തോന്നാറുണ്ട്. സാഹിത്യത്തെ എളുപ്പം വിറ്റഴിക്കാവുന്ന ഒരു ചരക്കാക്കി മാറ്റി, അറിഞ്ഞോ അറിയാതെയോ മനുഷ്യനിലെ സദാചാരബോധത്തെ മരവിപ്പിക്കുമാറ് ലൈംഗികാഭാസങ്ങളുടേയും, കൊള്ള, ബലാൽസംഗരംഗങ്ങളുടേയും കഥകൾ കെട്ടിയുണ്ടാക്കി കമ്പോളത്തിലിറക്കുന്നു. എളുപ്പം വിറ്റഴിക്കുകയും ചെയ്യുന്നു.

ആധുനികലോകത്തിന്റെ മൂന്നു ശാപങ്ങൾ ദാരിദ്ര്യം, അന്തരീക്ഷ മലിനീകരണം, ജനസംഖ്യാ സ്‌ഫോടനം ഇവയാണ് എന്നു പറയാറുണ്ട്. ആധുനികസാഹിത്യത്തേയും ഈ മൂന്നു ശാപങ്ങൾ ബാധിച്ചതായി കാണാം. ദാരിദ്ര്യം... ആശയദാരിദ്ര്യം... സെക്‌സിന്റേയും ചോരക്കളിയുടേയും വിഷമയമായ ദുർഗന്ധംകൊണ്ടുള്ള മലിനീകരണം. പിന്നെ പന്നിപ്രസവം പോലെ പീറപുസ്തകങ്ങളുടെ പെരുപ്പവും.

മനുഷ്യമനസ്സിലെ നന്മയെ പോഷിപ്പിക്കുകയും സമുദായത്തിന്റെ ഉദാത്തഭാവങ്ങളെ ഉൾക്കൊള്ളുകയും ചെയ്യുന്നതാണ് ഉത്തമസാഹിത്യം എന്ന് ഞാൻ വിശ്വസിക്കുന്നു. ഈ ബോധത്തോടുകൂടിയാണ് ഞാൻ എന്റെ സാഹിത്യജീവിതം ആരംഭിച്ചതെന്നുപറയാം... എന്നാൽ ഇന്ന് ആ സ്‌നേഹവും സമഭാവനയുമെല്ലാം പഴങ്കഥകളായിരിക്കുന്നു... പ്രകൃതിസൗന്ദര്യസ്‌നേഹം ശാസ്ത്രത്തിന് പണയപ്പെടുത്തിയിരിക്കുന്നു.

വനങ്ങൾ വെട്ടിനശിപ്പിച്ച് മരുഭൂമിയെ ക്ഷണിച്ചുവരുത്തുന്നു. മനുഷ്യമനസ്സിലും മരുപ്രകൃതിയിലും കള്ളിമുൾച്ചെടികൾവളരുന്നത് നാമറിയുന്നില്ല.'' (അവലംബം: എസ് കെ പൊറ്റെക്കാട്ട് ജീവതവും കൃതികളും, പ്രൊഫ. പി കൃഷ്ണൻ, പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്, രണ്ടാം പതിപ്പ്, 2002).

 

ദേശാഭിമാനി വാരികയിൽ നിന്ന്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top