16 October Wednesday
പ്രേംപൊറ്റാസ്- 10

ഗാന്ധിജിക്കൊരു കാവ്യപൂജ

മാങ്ങാട് രത്‌നാകരൻUpdated: Thursday Oct 3, 2024


‘‘ആർഷസംസ്‌കാരത്തിൻ സത്താമഹിംസയെ
യാവിഷ്‌കരിച്ചു സ്വജീവിതത്താൽ
ആവില ലോകത്തിന്നൗഷധം നൽകുന്ന
പാവനമൂർത്തേ ജയിക്ക നീണാൾ!
നൂറ്റാണ്ടുകൾകൊണ്ടു ഭാരതമാർജ്ജിച്ച
നേട്ടമാണീയർദ്ധനഗ്നരൂപം
സത്യത്തിൽ കൂടപ്പിറപ്പേ, വിജയിക്ക
മർദ്ദിത കോടിതൻ ഹൃത്തുടിപ്പേ!
അങ്ങെക്കൈനാഡിമിടീപ്പിലടിമത്ത‐
ച്ചങ്ങല പൊട്ടുന്ന നാദം കേൾപ്പൂ.
പാരിന്നു ശാന്തി പകരുവാൻ ഭാരതം
പാരതന്ത്ര്യത്തിങ്കൽ നിന്നുയരാൻ
നാല്പതു കോടിത്തടവുകാരങ്ങതൻ
കല്പന കേൾക്കുവാൻ കാത്തിരിപ്പൂ
അങ്ങെത്തളർച്ചയുലകിന്റെ നന്മതൻ
മങ്ങൽ ഈ ഞങ്ങൾക്കൊരന്ധകാരം.''

എസ്‌ കെ പൊറ്റെക്കാട്ടിനെക്കുറിച്ച് മകൾ സുമിത്ര ജയപ്രകാശ് എഴുതിയ അച്ഛനാണ് എന്റെ ദേശം എന്ന സ്മരണകളുടെ പുസ്തകത്തിലാണ് ‘മഹാത്മജിക്ക് ചൊല്ലിക്കേൾപ്പിച്ച കവിത' എന്ന ശീർഷകത്തിൽ ഈ കവിത കണ്ടതും വായിച്ചതും.

വിശദാംശങ്ങൾ അറിയുന്നത് പ്രൊഫ. പി കൃഷ്ണൻ എഴുതിയ ജീവചരിത്രത്തിൽ (എസ് കെ പൊറ്റെക്കാട്ട് ജീവിതവും കൃതികളും, പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്, രണ്ടാം പതിപ്പ്, 2002) നിന്നാണ്: ‘‘ജുഹുവിലെ ഗാന്ധിഗ്രാമത്തിലേക്കു പോയി മഹാത്മജിയെ സന്ദർശിക്കാൻ പൊറ്റെക്കാട്ടിനൊരവസരം കിട്ടി. 1944 ജൂൺ 12ാം തീയതി അദ്ദേഹം ഗാന്ധിജിയെ സന്ദർശിച്ചു (മഹാത്മജിക്കന്നു മൗനവ്രതമായിരുന്നു). എസ്‌ കെ, ഗാന്ധിജിയെപ്പറ്റി ഒരു കവിത വായിച്ചു. മഹാത്മജി അതു ശ്രദ്ധിച്ചു കേട്ടു. എസ്‌ കെയും കൂട്ടുകാരും കൂടി (മിക്കവരും മലയാളികളായിരുന്നു) ഗാന്ധിജിയുടെ ഹരിജൻ ഫണ്ടിലേക്കു 501 രൂപ സംഭാവന ചെയ്തു.

നന്ദിവാക്കുകൾ ഗാന്ധിജി ഒരു കടലാസിൽ കുറിച്ചു സരോജിനി നായിഡുവിന്റെ കൈയിൽ കൊടുത്തു, ‘‘ഈ മനുഷ്യന്റെ കയ്യക്ഷരം എനിക്കു വായിക്കാൻ കഴിയുന്നില്ല,'' എന്ന പരാതിയോടെ. സരോജിനി നായിഡുവിന്റെ കൈയിൽ നിന്ന് എസ്‌ കെ അതു വാങ്ങി. എസ്‌ കെയുടെകൈയിൽ നിന്ന് ടി കെ നാരായണനും.'' (‘ആധുനിക ഇന്ത്യയുടെ മഹാഭാരത'മായ മഹാത്മാഗാന്ധിയുടെ സമ്പൂർണകൃതികൾ ഗാന്ധിജിയുടെ ഓരോരോ ദിവസത്തെ ജീവിതം കൂടി രേഖപ്പെടുത്തിയതിനാൽ തീയതി വച്ച് ഇതെഴുതുന്നയാൾ പരിശോധിക്കുകയുണ്ടായി. നിർഭാഗ്യവശാൽ എസ്‌ കെയുടെ കവിതാവായനയെക്കുറിച്ചു പറയുന്നില്ലെങ്കിലും ഈ സന്ദർശനം പൊതുവായി രേഖപ്പെടുത്തുന്നുണ്ട് (വോള്യം 77). ‘‘ബോംബെ കേരളീയസമാജത്തിന് ഗാന്ധിജി ഒരു സന്ദേശം എഴുതി നൽകി. അതിലെ അംഗങ്ങൾ അദ്ദേഹത്തെ സന്ദർശിച്ച് പ്രാർത്ഥനയിൽ പങ്കുകൊണ്ടു, 501 രൂപ (ഹരിജൻ ഫണ്ടിലേക്കു) നൽകി.''

ഗാന്ധിജിയെക്കുറിച്ച് മറ്റൊരു കവിതകൂടി എസ്‌ കെ എഴുതിയിട്ടുണ്ട്. സബർമതി ആശ്രമത്തെക്കുറിച്ചും ഗാന്ധിജി എന്ന ‘താപസ'നെക്കുറിച്ചുമാണ് ആ കവിത (‘ഹൃദയകുഞ്ജം', സഞ്ചാരിയുടെ ഗീതങ്ങൾ, പി കെ ബ്രദേർസ്, കോഴിക്കോട്, രണ്ടാം പതിപ്പ്, 1954).

1939 ൽ മധ്യപ്രദേശിലെ ത്രിപുരിയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധിയായിരുന്നു എസ്‌ കെ. ആ സമയത്ത് ജോലി ചെയ്തിരുന്ന കോഴിക്കോട്ടെ ഗുജറാത്ത് സ്‌കൂളിൽനിന്ന് അവധി അനുവദിക്കാത്തതിനാൽ രാജിവച്ചാണ് എസ്‌ കെ സമ്മേളനത്തിനു പോയത്. ഗാന്ധിജിയും സുഭാഷ്‌ ചന്ദ്രബോസും തമ്മിൽ ആശയസംഘർഷം മൂർച്ഛിച്ചിരുന്നതിനാൽ നിർണായകമായിരുന്നു സമ്മേളനം.

പട്ടാഭി സീതാരാമയ്യ പ്രസിഡന്റാകണമെന്നായിരുന്നു ഗാന്ധിജിയുടെ ആഗ്രഹം. ‘‘പട്ടാഭിയുടെ പരാജയം എന്റെ പരാജയമായിരിക്കും,'' ഗാന്ധിജി പ്രഖ്യാപിച്ചിരുന്നു. സുഭാഷ്‌ ചന്ദ്രബോസ് വൻ ഭൂരിപക്ഷത്തിൽ പ്രസിഡന്റായി. ബോസിനെ അനുകൂലിക്കുന്ന ഇടതുപക്ഷക്കാരോടായിരുന്നു എസ് കെയ്ക്ക് അനുഭാവം.

ത്രിപുരിയുടെ സ്ഥലമാഹാത്മ്യവും കോൺഗ്രസ് സമ്മേളനവും ‘ത്രിപുരിയിൽ' എന്ന കവിതയിലാണ് എസ് കെ വിവരിച്ചത് (സഞ്ചാരിയുടെ ഗീതങ്ങൾ).
ചെറുകഥയിൽ എസ് കെ, ഗാന്ധിജിയെ അടയാളപ്പെടുത്തിയിട്ടില്ല എന്നാണ്‌ തോന്നുന്നത്. അതെന്തുകൊണ്ടാവാം? ‘അത്തൽ തീർന്ന യമി'കളെ കഥകളിൽ എസ് കെയ്ക്കു പ്രിയമായിരിക്കില്ല!.

 

ദേശാഭിമാനി വാരികയിൽ നിന്ന്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top