21 November Thursday
പ്രേംപൊറ്റാസ്- /12

സമഭാവനയുടെ ചാരുത

മാങ്ങാട് രത്‌നാകരൻUpdated: Wednesday Oct 23, 2024

യു എ ഖാദർ, വൈക്കം മുഹമ്മദ് ബഷീർ, സുകുമാർ അഴീക്കോട്, എസ് കെ പൊറ്റെക്കാട്ട്, സി എൻ അഹ്‌മദ് മൗലവി, എൻ പി മുഹമ്മദ്, കെ എ കൊടുങ്ങല്ലൂർ- - ഫോട്ടോ: പുനലൂർ രാജൻ


എസ് കെ പൊറ്റെക്കാട്ടിന്റെ ആദ്യകാല കഥകളിലൊന്നാണ് ഹിന്ദു മുസ്ലീം മൈത്രി. പതിനഞ്ചാം വയസ്സിൽ (1928) സാമൂതിരി കോളേജ് എന്നറിയപ്പെട്ട സ്‌കൂളിൽ ഫോർത്ത് ഫോറത്തിൽ പഠിക്കുമ്പോൾ കോളേജ് മാസികയിൽ പ്രസിദ്ധീകരിച്ച രാജനീതിയാണ് ആദ്യകഥ. പൊതുധാരയിൽ പെട്ട ആനുകാലികത്തിൽ പ്രകാശിതമായ ആദ്യത്തെ കഥയാണ് ഹിന്ദുമുസ്ലീം മൈത്രി.

മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ദീപം മാസികയിലാണ് ഈ കഥ പ്രസിദ്ധീകരിച്ചത് (1931). തന്റെ സാഹിത്യജീവിതം ആരംഭിക്കുന്നത് ഈ കഥയോടെയാണെന്ന് എസ് കെ പറഞ്ഞിട്ടുണ്ട്.

ഈ കഥയെഴുതുമ്പോൾ മലബാർ കലാപത്തിന്റെ മുറിവുകൾ ഉണങ്ങിത്തുടങ്ങുന്നതേയുള്ളൂ. കുമാരനാശാനെപ്പോലെ ദൂരെ നിന്നല്ല, വളരെ അടുത്തുനിന്ന്‌ കണ്ടതിനാൽ എസ് കെയ്ക്ക് അതിന്റെ അന്തർധാരയും ഉൾപ്പിരിവുകളും മനസ്സിലാക്കാൻ ഒരു പ്രയാസവുമുണ്ടായില്ല. മുഖ്യ പ്രതിയെ എസ് കെ, കഥയുടെ ആദ്യത്തെ രണ്ട്‌ വാക്യങ്ങളിൽത്തന്നെ ഹാജരാക്കുകയും ചെയ്തു:

‘‘ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ശാശ്വതമൈത്രി ഏതുവിധത്തിൽ സുഖകരമാക്കാൻ സാധിക്കുമെന്നു ഞാൻ പലപ്പോഴും ആലോചിച്ചു നോക്കാറുണ്ടായിരുന്നു. ഇന്ത്യയെ മാതൃഭൂമിയായി ഭക്തിപൂർവം പരിഗണിച്ച് തത്‌വിമുക്തിക്കായി സധൈര്യം പോരാടിക്കൊണ്ടിരിക്കുന്ന ഹിന്ദുമുസ്ലീങ്ങളുടെ മതപരമായ അന്തരത്തിലാണ് സൂക്ഷ്മത്തിൽ ബ്രിട്ടീഷ് ഗവർമ്മേണ്ട് കാലൂന്നി നിൽക്കുന്നത്.''

ഈ കഥ ഓർമയിൽ വന്നത്, ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ മാങ്കോസ്റ്റൈന്റെ ചുവട്ടിൽ പുനലൂർ രാജന്റെ ക്യാമറക്കണ്ണുകൾക്ക്‌ മുന്നിൽ നിൽക്കുന്ന വിശിഷ്‌ട വ്യക്തികളെ കണ്ടപ്പോഴാണ്. സ്‌നേഹത്തിന്റെയും മൈത്രിയുടെയും ആൾരൂപങ്ങൾ, സർവമത സമഭാവന രക്തത്തിൽ അലിഞ്ഞുചേർന്ന പ്രതിഭാശാലികൾ.

യുഎ ഖാദർ, വൈക്കം മുഹമ്മദ് ബഷീർ, സുകുമാർ അഴീക്കോട്, എസ് കെ പൊറ്റെക്കാട്ട്, സി എൻ അഹ്‌മദ് മൗലവി, എൻ പി മുഹമ്മദ്, കെ എ കൊടുങ്ങല്ലൂർ‐ ഈ കൂട്ടത്തിൽ സി എൻ അഹ്‌മദ് മൗലവി ചേരുമോ, ചേർന്നാൽത്തന്നെ ലയിച്ചുചേരുമോ എന്നെല്ലാം ചിലരെങ്കിലും ആലോചിച്ചേക്കാം. പ്രശസ്തമായ കോഴിക്കോടൻ കൂട്ടായ്മ ഇങ്ങനെയൊക്കെയായിരുന്നു എന്നാണ് അതിന്റെ ഏറ്റവും ലളിതമായ ഉത്തരം.

വിശുദ്ധഗ്രന്ഥമായ ഖുർആനിന്റെ വിവർത്തകനായ എഴുത്തുകാരൻ കൂടിയാണ് മൗലവി എന്നത് മറ്റൊരു ഉത്തരം. വിശുദ്ധ ഖുർആനിന്റെ ആദ്യത്തെ മലയാള പരിഭാഷ പരസഹായം തേടാതെ ഒറ്റയ്‌ക്കു ചെയ്തുതീർത്ത മഹാനുഭാവൻ.

മൗലവിയുടെ മഹത്വത്തെക്കുറിച്ച് എം ടി വാസുദേവൻ നായർ എഴുതുന്നു: ‘‘ബഷീറിനും എൻ പി മുഹമ്മദിനും അഹ്‌മദ്  മൗലവിയോട് വളരെ ആദരവും സ്‌നേഹവും ആയിരുന്നു. ബഷീർ അധികം ആളുകളെ ഈ മട്ടിൽ ബഹുമാനിച്ചു കണ്ടിട്ടില്ല. അവസാനകാലത്ത് മതകാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ബഷീറിനു താൽപര്യം കൂടിയിരുന്നു. അപ്പോഴൊക്കെ മൗലവിയെ വിളിച്ച് സംസാരിക്കുമായിരുന്നു’’ (സി എൻ സ്മരണിക, എഡി. എം എൻ  കാരശ്ശേരി, സി എൻ അഹ്‌മദ്  മൗലവി സ്മാരക സമിതി, 2005).

എൻ പി മുഹമ്മദ് മൗലവിയെ ഗുരുനാഥനായാണ്‌ കണ്ടത്. എൻ പി എഴുതുന്നു: ‘‘അയോധ്യാനന്തരം മുസ്ലീം ചിന്താഗതി ഏതു മാർഗത്തിലൂടെയാണ് ചരിക്കേണ്ടതെന്നതിനെക്കുറിച്ചൊരു ചർച്ചായോഗം അദ്ദേഹത്തിന്റെ ഉത്സാഹത്തിൽ വിളിച്ചുകൂട്ടിയിരുന്നു... ഇന്ത്യയിലെ മുസ്ലീങ്ങളുടെ പ്രശ്‌നം ഖുർആനിന്റെ അടിസ്ഥാനത്തിൽത്തന്നെ പരിഹരിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു അദ്ദേഹം. അതിനി പൂർത്തീകരിക്കാൻ ആരുണ്ട്?''

ഷബാനു കേസിൽ (1985) വിവാഹമുക്തയ്‌ക്ക്‌ മുൻഭർത്താവ് ചെലവിനു കൊടുക്കണമെന്ന നിയമം മുസ്ലീങ്ങൾക്കും ബാധകമാണെന്ന സുപ്രീംകോടതി വിധിയെ അനുകൂലിച്ച മതപണ്ഡിതൻ കൂടിയായിരുന്നു മൗലവി. ഉൽപതിഷ്‌ണുക്കൾക്ക് ഈ പിന്തുണ കരുത്തു പകർന്നു. യാഥാസ്ഥിതികർ ഏറ്റവും വിറളിപിടിച്ചതിന്‌ കാരണം മറ്റൊന്നല്ല, ഖുർആൻ ആധികാരികമായി പരിഭാഷപ്പെടുത്തിയ മൗലവിയാണ് പറയുന്നത്!

ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെ ഗുരുവായി സ്വീകരിച്ച മൗലവിയും സാഹിബിന്റെ ജീവചരിത്രകാരന്മാരിൽ ഒരാളായ എസ് കെയും തമ്മിൽ ഹൃദ്യമായ ബന്ധമാണുണ്ടായിരുന്നത്. കേരള സാഹിത്യ അക്കാദമിയിലും ഇരുവരും സഹപ്രവർത്തകരായിരുന്നു.

പുനലൂർ രാജന്റെ ഈ ഫോട്ടോയിലുള്ള ആരും തന്നെ നമ്മോടൊപ്പമില്ല. എസ് കെ ആദ്യം യാത്രചൊല്ലി (1982), യു എ ഖാദർ അവസാനവും (2020).

 

ദേശാഭിമാനി വാരികയിൽ നിന്ന്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top