വരിഷ്ഠനിരൂപകനായ എം പി ശങ്കുണ്ണിനായരുടെ കത്തുന്ന ചക്രം (മാതൃഭൂമി, 1986) എന്ന വിശിഷ്ടഗ്രന്ഥത്തിലെ പുരുഷമേധം എന്ന ലേഖനത്തിലാണ് യാത്രയെക്കുറിച്ചുള്ള മഹദ്‌വാക്യങ്ങൾ വായിച്ച് പുളകിതനായത്. പോരാ, രോമാഞ്ചകഞ്ചുകിതനായത്. ഐതരേയബ്രാഹ്മണം എന്ന വൈദികഗ്രന്ഥത്തിൽ, ഇന്ദ്രൻ രോഹിതനോടു പറയുകയാണ്: ‘‘രോഹിത, യാത്രികന്റെ കാലടികൾ പൂക്കളാണ്; അവന്റെ ആത്മാവ് വിള കൊയ്യുന്നു. പഥികന്റെ സമസ്തപാപവും നശിക്കുന്നു: ചരൈവ (സഞ്ചരിക്കുക തന്നെ വേണം)... കിടക്കുന്നവൻ കലിയാണ്; ഇരിക്കുന്നവൻ ദ്വാപരൻ; നിൽക്കുന്നവൻ ത്രേത; നടക്കുന്നവൻ കൃതമത്രെ. ചരൈവ... യാത്രികൻ തേൻ തേടുന്നു; മധുരമായ അത്തിപ്പഴവും. നടന്നു ക്ഷീണിക്കാത്ത സൂര്യനെ നോക്കൂ. ചരൈവ.''
എസ് കെ പൊറ്റെക്കാട്ടിന് ഇന്ദ്രന്റെ ഉപദേശമൊന്നും വേണ്ടിവന്നില്ല. ‘‘...ഞാനൊരു സഞ്ചാരിയായ കഥ. അതും ചെറുപ്പത്തിൽ പിടിപെട്ട മോഹമാണ്. യാത്രപോലെ അത്രയും ഇഷ്ടപ്പെട്ട ഒരു പ്രവൃത്തി എനിക്കു വേറെയില്ല. യാത്രയുടെ രസം, ആഹ്ലാദം, ആ ത്രിൽ അതെങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്താനാണ്? യാത്ര ചെയ്താലേ അറിയൂ. എന്തൊരു അത്ഭുതമാണ് ഈ ലോകം. കോടാനുകോടി മനുഷ്യരുണ്ട്. എന്നാൽ ഒരു മുഖവും മറ്റൊരാളുടെ മുഖം പോലെയല്ല. അത്തരം കുറെ മുഖങ്ങൾ കാണുക എന്നതുതന്നെ എന്തൊരു അനുഭവവും അനുഭൂതിയുമാണ്!'' (എസ് കെ പൊറ്റെക്കാട്ട്, എഡി. അശോകൻ പുതുപ്പാടി, ഒലിവ്, 2017).
എസ് കെ ‘മാഞ്ഞാലം' കൊണ്ട് സത്യാവസ്ഥ മൂടിവച്ചില്ല. അശ്വമുഖത്തു നിന്നുതന്നെ കേൾക്കുക: ‘‘എന്റെ ആദ്യത്തെ ആഫ്രിക്ക യൂറോപ്പ് പര്യടനം 15 മാസങ്ങൾ കൊണ്ടാണ് ഞാൻ പൂർത്തിയാക്കിയത്. ആഫ്രിക്കയിൽ ഒൻപതു മാസവും യൂറോപ്പിൽ ആറു മാസവും. ഞാൻ എന്റെ എല്ലാ ചെലവുകളുടെയും കണക്ക് ശരിക്കു കുറിച്ചുവച്ചിട്ടുണ്ട്. ഈ പതിനഞ്ചു മാസം കൊണ്ട് ഞാൻ 1019 ക.യുടെ സിഗരറ്റ് പുകച്ചുകളഞ്ഞിട്ടുണ്ട് (വിലയേറിയ പ്ലേയേർസ് സിഗരറ്റിനു മാസം 672 ഒട്ടും അധികമല്ല). എന്റെ യൂറോപ്പ് പര്യടന ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയതിന് കോഴിക്കോട്ടെ ഒരു പത്രം തന്ന ആകെ പ്രതിഫലം 500 ക. ആയിരുന്നു. ആഫ്രിക്കൻ പര്യടന ലേഖനങ്ങൾക്ക് 400 ക. വേറെയും കിട്ടി. അങ്ങനെ യാത്രയിൽ വലിച്ച സിഗരറ്റിന്റെ പൈസപോലും ലേഖനങ്ങൾക്കു കിട്ടിയ പ്രതിഫലംകൊണ്ട് മുതലാക്കാൻ കഴിഞ്ഞില്ല. ഇതുകൊണ്ടൊക്കെത്തന്നെയാണ് ഞാൻ പറഞ്ഞത്, യാത്രാവിവരണ സാഹിത്യരചന എന്നെ സംബന്ധിച്ചിടത്തോളം ഒരു സേവനമായിട്ടാണ് ഞാൻ കരുതുന്നതെന്ന്'' (‘അനുബന്ധം,' സഞ്ചാരസാഹിത്യം ഭാഗം 1, ഡി സി ബുക്‌സ്, 2003).
ഇതേ ഹൃദയവികാരം മറ്റൊരു രീതിയിൽ, യാത്രാകവിതകളുടെ സമാഹാരമായ പ്രേമശില്പിയുടെ തൊടുകുറിയിലും കാണാം. എസ് കെ പാടി:
‘‘ജാവയി, ലീജിപ്തി, ലുത്തരാഫ്രിക്കയിൽ
സോവിയറ്റേഷ്യയിൽ, ചേക്കോസ്ലവാക്യയിൽ,
ജീവിതമണ്ഡലങ്ങൾക്കു മുകളിലായ്
കാവ്യാന്തരീക്ഷത്തിലൂടേ പറക്കവേ
അന്തഃകരണപ്പരിസ്പന്ദനങ്ങളെ‐
ബ്ബന്ധിച്ചുകൊണ്ടു രചിച്ച ഗാനങ്ങളെ
കാവ്യസമ്പുഷ്ടയാം കൈരളിയ്‌ക്കേകുന്നു
കേവലമാത്മസംതൃപ്തിയ്ക്കുവേണ്ടി ഞാൻ!'' (മാഹി, 13 1958).
എസ് കെ തന്നെ പറയുന്ന അർഥത്തിൽ യാത്ര ഭൗതികമായി ഒരു നഷ്ടക്കച്ചവടമായിരുന്നു, ആത്മീയമായി അമൂല്യമായ സമ്പത്തും. എസ് കെയുടെ യാത്രകളെ സാഹിത്യ സാംസ്‌കാരിക സമൂഹവും കേമത്തത്തോടെയാണ് കൊണ്ടാടിയത്. തെളിവോടെ പറഞ്ഞതാണ്. ഈ വാർത്ത വായിക്കൂ: ‘ശ്രീ. എസ് കെ പൊറ്റെക്കാട്ടിനു യാത്രയയപ്പ് (മാതൃഭൂമി, 1949 മേയ് 11). കോഴിക്കോട്: മേയ് 9.
ആഫ്രിക്ക, സ്വിറ്റ്‌സർലൻഡ്, റഷ്യ എന്നീ വിദേശങ്ങളിൽ പര്യടനത്തിനു പോകുന്ന മി. എസ് കെ പൊറ്റെക്കാട്ടിന് ഇന്നലെ വൈകുന്നേരം സ്ഥലത്തെ കലാസമിതി ഒരു യാത്രയയപ്പു നൽകി. ...മി. കുട്ടികൃഷ്ണമാരാര് പിന്നീട് പ്രസംഗിച്ചു. സ്വാതന്ത്ര്യസമ്പാദനത്തിനു ശേഷം പലരും അമ്പാസിഡർമാരായി വിദേശങ്ങളിലേക്കു പോയിട്ടുണ്ടെങ്കിലും ശ്രീ. പൊറ്റെക്കാട്ടാകട്ടെ നമ്മുടെ സംസ്‌കാരത്തിന്റെ അമ്പാസിഡറായിട്ടാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.''.
ദേശാഭിമാനി വാരികയിൽ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..