എസ് കെ പൊറ്റെക്കാട്ട് ഡിലിറ്റ് ബിരുദം സ്വീകരിച്ച് നടത്തിയ പ്രസംഗം
ബഹുമാനപ്പെട്ട ചാൻസലർ, വൈസ് ചാൻസലർ, സെനറ്റ് അംഗങ്ങളെ, സഹോദരീ സഹോദരന്മാരേ,
ഞാൻ ജനിച്ചുവളർന്നതും ജീവിതസായാഹ്നം ചെലവഴിച്ചുവരുന്നതുമായ നഗരത്തിന്റെ നാമധേയത്തിലുള്ള സർവകലാശാല സാഹിത്യകാരനായ എന്റെ പേരിന് ഒരു കസവുതൊങ്ങൽ അണിയിച്ചിരിക്കയാണല്ലോ.
എനിക്ക് ഈ ഉന്നതബിരുദം നൽകിയതിനു പിന്നിലുള്ള മഹാമനസ്‌കതയ്ക്ക് ബഹുമാനപ്പെട്ട ചാൻസലറോടും വൈസ് ചാൻസലറോടും സെനറ്റ് അംഗങ്ങളോടും മറ്റും എനിക്കുള്ള അഗാധമായ കൃതജ്ഞത ആദ്യമായി പ്രകാശിപ്പിച്ചുകൊള്ളട്ടെ.
മൂവായിരമാണ്ട് മുമ്പ് ഇസ്രയേൽ രാജാവായ സോളമന്റെ കാലത്തുതന്നെ പാശ്ചാത്യലോകത്ത് പ്രശസ്തിയാർജിച്ച ഒരു പ്രദേശമത്രെ മലബാറും അതിന്റെ തുറമുഖനഗരമായ കോഴിക്കോടും.
പിന്നെ ഏഴാം ശതകം മുതൽ പതിനഞ്ചാം ശതകം വരെ ഇവിടം ചീനക്കാരുടെ വാണിജ്യരംഗമായി. പഞ്ചസാരയും വേലിയും വലയും ചട്ടിയും ഭരണിയും ഇവിടെ വിറ്റു ചീനക്കാർ പോയി. പിന്നെ അറബികളും മൂറുകളും ഇവിടുത്തെ വാണിജ്യം കയ്യടക്കി.
എഡി പതിനാലാം ശതകത്തിൽ സാമൂതിരിരാജവംശം ഇവിടെ ആവിർഭവിച്ചു.
സാമൂതിരി രാജസദസ്സിലെ ഉദ്ദണ്ഡശാസ്ത്രികൾ തുടങ്ങി പതിനെട്ടരക്കവികളുടെ കാവ്യോത്സവങ്ങൾ, പട്ടത്താനത്തിലെ പാണ്ഡിത്യ പ്രകടനങ്ങൾ, കൃഷ്ണനാട്ടം തുടങ്ങിയ ദൃശ്യകലാവിശേഷങ്ങൾ... അതെന്തൊരു ഗന്ധർവലോകം!
അക്കാലത്തെ സാമൂഹ്യ സാംസ്‌കാരിക കേന്ദ്രം തളി ക്ഷേത്രമായിരുന്നു. കാലിക്കറ്റ് സർവകലാശാലയുടെ ഒരു കേന്ദ്രം ഇന്നു തളിയിലുണ്ടല്ലോ. 1877ൽ സാമൂതിരി രാജാവ് തന്റെ കുടുംബത്തിന്റെ വിദ്യാലയമായി ആരംഭിച്ച് 1879ൽ കോളേജായി ഉയർത്തിയ സാമൂതിരി കോളേജും തളിയിലായിരുന്നു.
ഞാൻ എന്റെ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത് സാമൂതിരി കോളേജിലായിരുന്നുവെന്നും സാന്ദർഭികമായി പറഞ്ഞുകൊള്ളട്ടെ.
1498 മെയ് 27, ഇന്ത്യാചരിത്രത്തിലെ ഒരു ദശാസന്ധിയായിരുന്നു. പാശ്ചാത്യശക്തികളുടെ പുരോഗാമിയായി പോർത്തുഗീസ് നാവികനായ വാസ്‌കോഡി ഗാമ അന്ന് കോഴിക്കോട്ട് കപ്പലിറങ്ങി.
പറങ്കികൾ അറബികളുമായി ഇടഞ്ഞതും ഒടുവിൽ 1565ൽ പറങ്കികൾ, മുളകും മാവും പുണ്ണും ഇവിടെ വിട്ടുകൊണ്ടുപോയതും പിന്നീട് ഡച്ചുകാരും വഴിയെ ഇംഗ്ലീഷുകാരും ഒടുവിൽ ഫ്രഞ്ചുകാരും കോഴിക്കോടിന്റെ കാമുകരായിത്തീർന്നതുമായ കഥകൾ ഞാൻ വിവരിക്കുന്നില്ല.
ഞാനിതെല്ലാം എടുത്തുപറയുന്നത് മൂവായിരം വർഷങ്ങളോളം തുടർച്ചയായി ലോകത്തിലെ മിക്കവാറും എല്ലാ രാഷ്ട്രങ്ങളുമായി വാണിജ്യബന്ധം പുലർത്തി സമ്പത്തും സൽപ്പേരും നിലനിർത്തിപ്പോന്ന കോഴിക്കോട് ആ വാണിജ്യബന്ധങ്ങളോടെ, ഇന്ത്യയിലെ മറ്റൊരു തുറമുഖ നഗരത്തിനും അവകാശപ്പെടാൻ കഴിയാത്തവണ്ണം, വാണിജ്യവിജ്ഞാന കലാകേന്ദ്രമായി ഇന്നും നിലനിൽക്കുന്നു എന്നു കാണുന്നതിലുള്ള അഭിമാനം കൊണ്ടാണ്.
പണ്ട് കോഴിക്കോട്ടെ പാളയം മഹാലക്ഷ്മിയുടെ കേളീരംഗമായിരുന്നു. നിറം കൊണ്ടും വേഷം കൊണ്ടും വ്യത്യസ്തരായ വിദേശികളാൽ സദാ കൗതുകമുണർത്തുന്ന ഒരു ജനപഥമായിരുന്നു. അറുപതുകൊല്ലം മുമ്പ് എന്റെ കുട്ടിക്കാലത്ത് ഞാൻ കണ്ട കോഴിക്കോടുപോലും ഒരു വിചിത്ര ലോകമായിരുന്നു.
കൽക്കരിക്കറുപ്പന്മാരായ കാട്ടറബികളും വെസ്റ്റ്ഹിൽ ബാരക്‌സിലെ വെള്ളപ്പട്ടാളക്കാരും കൂറ്റൻ തുണിമാറാപ്പ് മുതുകിലേറ്റി ‘ഝീൽക്ക്' എന്ന് ഓളിയിട്ടുകൊണ്ട് കൂന്നുനടക്കുന്ന മഞ്ഞമനുഷ്യരായ ചീനക്കാരും ഞൊറിപ്പാവാടയും പുള്ളിക്കുപ്പായവും ധരിച്ച് നെറ്റിയിലൊരു മഞ്ഞപ്പട്ടുറുമാലും ചുറ്റിക്കെട്ടി കത്തിയും മുത്തുമാലയും കാരക്കല്ലും മറ്റും വിറ്റുനടക്കുന്ന, കോഴിക്കോട്ടുകാർ കാബുൾകന്താർ എന്നു വിളിച്ചിരുന്ന ജിപ്‌സികളും ഗുജറാത്തിൽ നിന്ന് ഉരുവിൽ വരുന്ന കൂറ്റൻ തലക്കെട്ടുകാരായ കച്ചികളും തണ്ടാൾമാരും ലക്ഷദ്വീപുകാരും എല്ലാം ഇടകലർന്നു നീങ്ങുന്ന കോഴിക്കോട്ടെ തെരുവുരംഗങ്ങളുടെ നിറവും ഗന്ധവും നാദവും ഞാൻ മറക്കുകയില്ല.
അങ്ങനെയുള്ള ഈ പുരാതന റൊമാന്റിക് പട്ടണത്തിലാണ് ഞാൻ പിറന്നതും വളർന്നതും. ഇവിടുത്തെ തെരുവുകളും പട്ടണപ്രാന്തങ്ങളും ഇവിടങ്ങളിൽ പുലർന്നിരുന്ന ജനങ്ങളുമാണ് എനിക്ക് കഥകളും നോവലുകളുമെഴുതാൻ പ്രചോദനം നൽകിയത്. ഞാൻ ഒരു സാഹിത്യകാരനായി വളർന്നതും ഈ വാണിജ്യനഗരിയിൽവച്ചു തന്നെ.
സാഹിത്യത്തിലേക്ക് എനിക്ക് ആദ്യമായി കൈത്തിരി കാണിച്ചുതന്ന എന്റെ ഗുരുനാഥന്മാരായ കവിമണി കെ സി കുട്ട്യപ്പനമ്പ്യാരെയും ദേശമംഗലം രാമവാരിയരെയും ഞാൻ ഈയവസരത്തിൽ ഭക്തിപൂർവം സ്മരിക്കുന്നു. (അടുത്ത ലക്കത്തിൽ തുടരും)
ദേശാഭിമാനി വാരികയിൽ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..