പുനലൂർ രാജൻ എടുത്ത എസ് കെ പൊറ്റെക്കാട്ടിന്റെ ഫോട്ടോഗ്രാഫുകൾ ലഘുവിവരണത്തോടെ അവതരിപ്പിക്കുന്ന ഒരു പംക്തിയെക്കുറിച്ചുള്ള ആലോചനകൾ ദേശാഭിമാനി വാരികയുടെ പത്രാധിപരും എനിക്ക് ജ്യേഷ്ഠസഹോദരതുല്യനുമായ കെ പി മോഹനൻ മാഷുമായി പങ്കിട്ടപ്പോൾ ‘ഒട്ടും വൈകേണ്ട’ എന്നു പ്രോത്സാഹിപ്പിച്ചു.
അതു കേട്ടപ്പോഴുള്ളതിനെക്കാൾ സന്തോഷിച്ചത് ആ സംഭാഷണത്തിൽ ചാൾസ് ഡിക്കൻസ് തിരനോക്കിയപ്പോഴാണ്. ‘‘ഡിക്കൻസ് എ ടെയ്ൽ ഓഫ് ടൂ സിറ്റീസ് ആണ് എഴുതിയതെങ്കിൽ എസ് കെ, ടൂ ടെയ്ൽസ് ഓഫ് എ സിറ്റിയാണ് എഴുതിയത്,'' മോഹനൻ മാഷ് പറഞ്ഞു. എസ് കെയുടെ ദേശ‐നഗരകഥകൾ, ഒരു തെരുവിന്റെ കഥയും ഒരു ദേശത്തിന്റെ കഥയും നമുക്ക് അതിപരിചിതമായതിനാൽ ഈ കുറിപ്പിൽ ഡിക്കൻസ് നോവലിലേയ്‌ക്ക് തിരിയട്ടെ.
ഇംഗ്ലീഷ് നോവലുകൾ കാര്യമായി വായിച്ചുതുടങ്ങിയ കോളേജ് പഠനകാലത്താണ് ഡിക്കൻസിന്റെ ഈ വിഖ്യാതനോവൽ വായിക്കുന്നത്.
ഈയിടെ എസ് കെയുടെ നഗരത്തിലേക്കുള്ള ഒരു തീവണ്ടിയാത്രയിലും സി വി രാമൻപിള്ളയുടെ നഗരത്തിലേക്കുള്ള മടക്കയാത്രയിലും ആ നോവലിന്റെ ഓർമ പുതുക്കി. ഒരു ‘രണ്ടാംകൈ' പുസ്‌തകശാലയിൽനിന്ന് തപ്പിയെടുത്ത പഴമയുടെ മണമുള്ള 1902‐ലെ പതിപ്പാണെന്ന വിശേഷവും ഉണ്ട്.
എസ് കെ പൊറ്റെക്കാട്ട് - ഫോട്ടോ: പുനലൂർ രാജൻ
ലോകത്തിൽ ഏറ്റവും വായിക്കപ്പെട്ടതും വിൽക്കപ്പെട്ടതുമായ ഗംഭീര നോവലുകളിലൊന്നാണ് ഡിക്കൻസിന്റേത്; വായനക്കാരെ കോരിത്തരിപ്പിച്ചതും. ഫ്രഞ്ച് വിപ്ലവപൂർവകാലവും വിപ്ലവകാലവും പശ്ചാത്തലമാക്കിയ ചരിത്രനോവലിലെ രണ്ടു നഗരങ്ങൾ പാരീസും ലണ്ടനുമാണ്.
നോവലിസ്‌റ്റ് ഈ നഗരങ്ങളെ ചരിത്രസന്ധിയിലെ മനുഷ്യജീവിതത്തെ ഉരച്ചുനോക്കാനുള്ള ഭൂഭാഗങ്ങളായി കാണുന്നു, ഒരേ കഥാപാത്രത്തെ രണ്ടു നഗരങ്ങളിലേക്കും ആനയിക്കുന്നു.
ഡിക്കൻസ് നോവലിന്റെ തുടക്കം ലോക നോവലിൽ അത്യപൂർവം കൃതികൾക്കുമാത്രം അവകാശപ്പെടാവുന്നത്ര ഉജ്വലം. ചരിത്രവും കാലവും ഒരു കാചത്തിൽ നിന്നെന്നപോലെ സംവൃതമാവുന്ന, ഒറ്റവാക്യത്തിലേയ്‌ക്കു കുറുക്കിയ ഒരു ഖണ്ഡിക. എന്റെ അവിദഗ്‌ധ തൂലിക അതിനെ മലയാളത്തിലാക്കാൻ മുതിരട്ടെ:
‘‘അത് ഏറ്റവും നല്ല സമയമായിരുന്നു, അത് ഏറ്റവും മോശം സമയമായിരുന്നു, അതു ജ്ഞാനത്തിന്റെ കാലമായിരുന്നു, അതു മൗഢ്യത്തിന്റെ കാലമായിരുന്നു, അത് വിശ്വാസത്തിന്റെ യുഗമായിരുന്നു, അത് അവിശ്വാസത്തിന്റെ യുഗമായിരുന്നു, അത് വെളിച്ചത്തിന്റെ കാലമായിരുന്നു, അത് അന്ധകാരത്തിന്റെ കാലമായിരുന്നു, അതു പ്രതീക്ഷയുടെ വസന്തമായിരുന്നു, അതു നിരാശയുടെ ശൈത്യമായിരുന്നു,
എല്ലാം നമ്മുടെ കണ്മുന്നിലുണ്ടായിരുന്നു, ഒന്നും നമ്മുടെ കണ്മുന്നിലുണ്ടായിരുന്നില്ല, നാമെല്ലാം നേരെ സ്വർഗത്തിലേക്കു പോവുകയായിരുന്നു, നാമെല്ലാവരും മറുവശത്തേക്കു പോവുകയായിരുന്നു ‐ ചുരുക്കിപ്പറഞ്ഞാൽ ഇന്നത്തെ കാലഘട്ടം പോലെയായിരുന്നു അന്നും, അതിന്റെ ഏറ്റവും ശബ്ദായമാനമായ അധികാരികളിൽ ചിലർ, അതു നല്ലതായാലും ചീത്തയായാലും, താരതമ്യപ്പെടുത്തലിന്റെ ഏറ്റവും ഉയർന്ന അളവിൽ മാത്രമേ സ്വീകരിക്കാവൂ എന്നു ശഠിച്ചു.''
ഡിക്കൻസിന്റെ ഈ ചരിത്രനോവലും എസ് കെയുടെ സാമൂഹിക നോവലുകളും തമ്മിൽ സാജാത്യത്തെക്കാളേറെ വൈജാത്യമാണുള്ളതെന്ന് വിശേഷിച്ചു പറയേണ്ടതില്ല.
പക്ഷേ സൂക്ഷ്മചിത്രീകരണ വൈഭവവും ജീവിതത്തിന്റെ സമൃദ്ധിയും വൈവിധ്യവും പിടിച്ചെടുക്കാനുള്ള നിരീക്ഷണപാടവവും ഒരു കാലഘട്ടത്തെ കഥാഘടനയിൽ സന്നിവേശിപ്പിക്കാനുള്ള കയ്യടക്കവും എസ് കെയ്‌ക്കുണ്ട്. ഡിക്കൻസിന്റെ നിഴൽ അവയിൽ അങ്ങിങ്ങായി വീണുകിടപ്പുണ്ട്.
ദേശാഭിമാനി വാരികയിൽ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..