മലയാള ചെറുകഥാ ലോകത്തെ അപൂര്‍വസാന്നിധ്യമാണ് ടി പത്മനാഭന്‍. നക്ഷത്രശോഭ കലര്‍ന്ന വാക്കുകള്‍ കൊണ്ട് ആര്‍ദ്രവും തീക്ഷ്ണവുമായ കഥകള്‍ രചിച്ച് ചെറുകഥാസാഹിത്യത്തിന് സാര്‍വലൌകിക മാനം നല്‍കിയ എഴുത്തുകാരന്‍. ലളിതകല്‍പ്പനകളിലൂടെ, അനവദ്യസുന്ദരമായ ചമല്‍ക്കാരങ്ങളിലൂടെ കഥയെഴുത്തില്‍ തനതായ സരണിയും നവഭാവുകത്വവും സൃഷ്ടിച്ചു അദ്ദേഹം. നോവുകളും സങ്കടങ്ങളും ചാലിച്ച് ഹൃദയത്തില്‍തൊട്ടെഴുതിയ കഥകള്‍. സത്യം, സ്നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം തുടങ്ങിയ മാനവിക മൂല്യങ്ങള്‍ ഉണര്‍ത്തുന്നവയാണ് പത്മനാഭന്‍ കഥകളെല്ലാം. ഏകാകിയുടെ ആത്മാന്വേഷണമാണ് ഓരോ കഥയും. സ്വന്തം ജീവിതം തന്നെ കഥയെന്ന് അദ്ദേഹം പറയുന്നു.
കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ 1931ലാണ് ജനനം. അച്ഛന്‍ പുതിയടത്ത് കൃഷ്ണന്‍ നായര്‍. അമ്മ ദേവകി എന്ന അമ്മുക്കുട്ടിയമ്മ. ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍, മംഗലാപുരം ഗവ. കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. ചെറുപ്പത്തിലേ ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി ഖദര്‍ ധരിച്ചു തുടങ്ങി. കണ്ണൂരില്‍ അഭിഭാഷകനായി ജീവിതവൃത്തി ആരംഭിച്ച പത്മനാഭന്‍ പിന്നീട് കൊച്ചി എഫ്എസിടിയില്‍ ഉദ്യോഗസ്ഥനായി. 1989ല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായി വിരമിച്ചു. പള്ളിക്കുന്ന് രാജേന്ദ്ര നഗര്‍ കോളനിയിലെ വീട്ടില്‍ ഒറ്റയ്ക്കാണ് ഇപ്പോള്‍ താമസം. ഭാര്യ ഭാര്‍ഗവി രണ്ടുവര്‍ഷം മുമ്പ് നിര്യാതയായി.
1948ല്‍, പതിനേഴാം വയസ്സില്‍ ആദ്യ കഥ. ഇപ്പോള്‍ കഥയെഴുത്തില്‍ 70 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 190ല്‍ പരം കഥകളെഴുതി. മഴ, മഞ്ഞ്, കാറ്റിന്റെ ഇരമ്പല്‍, പ്രണയം, പ്രകൃതിസ്നേഹം, മൃഗസ്നേഹം തുടങ്ങി പ്രകൃതിയുടെ എല്ലാ വികാരങ്ങളും പത്മനാഭന്‍ കഥകളിലൂടെ അനുഭവേദ്യമാകുന്നു. പ്രകാശം തുളുമ്പുന്നതാണ് കഥകളെല്ലാം. എന്നും തലയുയര്‍ത്തിപ്പിടിച്ച് എഴുതുകയും നടക്കുകയും ചെയ്ത അദ്ദേഹം സമൂഹത്തെ ബാധിക്കുന്ന സമകാലിക വിഷയങ്ങളിലെല്ലാം നിരന്തരം പ്രതികരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.
പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി, മഖന്‍സിങ്ങിന്റെ മരണം, ഗൌരി, ഒരു കഥാകൃത്ത് കുരിശില്‍, സാക്ഷി, ആത്മാവിന്റെ മുറിവുകള്‍, ശേഖൂട്ടി, കാലഭൈരവന്‍, കടല്‍, കായനെല്ലൂരിലെ ഒരു സ്ത്രീ, നളിനകാന്തി, നിധിചാല സുഖമാ, പൂച്ചക്കുട്ടികളുടെ വീട്, വിട് നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി, കത്തുന്ന ഒരു രഥചക്രം, പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക്, മരയ തുടങ്ങിയവയാണ് പ്രധാന കഥകള്‍. 'ഹിമവാന്‍'ആണ് ഏറ്റവും പുതിയ കഥ. മിക്കവാറും എല്ലാ ഇന്ത്യന്‍ ഭാഷകളിലേക്കും റഷ്യന്‍, ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ളീഷ് തുടങ്ങിയ വിദേശ ഭാഷകളിലേക്കും ടി പത്മനാഭന്റെ കഥകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭാരതീയഭാഷാ പരിഷത്ത് പുരസ്കാരവും, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛന്‍ അവാര്‍ഡും കരസ്ഥമാക്കിയ പത്മനാഭന് വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, മാതൃഭൂമി സാഹിത്യ പുരസ്കാരം തുടങ്ങി മലയാളത്തിലെ എണ്ണപ്പെട്ട സാഹിതീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2012ല്‍ കേരള കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് അര്‍ഹനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..