കാഞ്ഞങ്ങാട് > പി വി ഷാജികുമാറിന്റെ "മരണവംശം' എന്ന നോവല്‍ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ പ്രകാശനം ചെയ്തു. നടന്‍ രാജേഷ് മാധവന്‍ പുസ്തകം ഏറ്റുവാങ്ങി. പ്രാദേശികതലത്തില്‍ എഴുതുകയും അത് സാര്‍വദേശീയതലത്തില്‍ ഉയര്‍ത്തുകയും ചെയ്യുകയെന്ന വെല്ലുവിളിയെ അതിജീവിക്കുന്ന നോവലാണ് "മരണവംശം' എന്ന് ബെന്യാമിന്‍ പറഞ്ഞു.
വായിച്ചുകഴിഞ്ഞ് മടക്കിവെയ്ക്കുമ്പോള്‍ ശൂന്യമായ അവസ്ഥയല്ല, മറിച്ച് അതിലൊരു കഥയുണ്ടെന്ന് ബോധ്യമാക്കുന്ന നോവലാണിതെന്നും കൊടുങ്കാറ്റില്‍ അകപ്പെടുന്ന കരിയിലയെപ്പോലെ വായനക്കാരെ കൊണ്ടുപോകുകയും കഥയ്ക്കുള്ളില്‍ പിടിച്ചു നിര്‍ത്തുകയും ചെയ്യാനുള്ള കഴിവ് അതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. "മരണവംശം" സിനിമയാക്കുമെന്ന് പുസ്തകം ഏറ്റുവാങ്ങിയ രാജേഷ് മാധവന്‍ പറഞ്ഞു.
ഡോ. അംബികാസുതന്‍ മാങ്ങാട് അധ്യക്ഷനായി. എഴുത്തുകാരായ ഇ.പി. രാജഗോപാലന്‍, ലിജീഷ്‌കുമാര്‍, കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, മാതൃഭൂമി കണ്ണൂര്‍ റീജണല്‍ മാനേജര്‍ ജഗദീഷ് ജി., സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി. ജയകൃഷ്ണന്‍, പി.വി. ഷാജികുമാര്‍ എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി ബുക്‌സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..