30 December Monday

അമ്പലവാസിയിൽ നിന്ന് മനുഷ്യനിലേക്കുള്ള ജീവിതപ്പാത

അശോകൻ ചരുവിൽUpdated: Wednesday Oct 30, 2024

ഇടശ്ശേരിയും ചെറുകാടും - ഫോട്ടോ: പുനലൂർ രാജൻ

 

ജീവിതപ്പാത കൂടുതൽ മുന്നിലേക്ക് വരുന്നത് അതിലടങ്ങിയിരിക്കുന്ന ആത്മപരിശോധന കൊണ്ടാണ്. ഒരാൾ തന്നെ രൂപപ്പെടുത്തിയ സാംസ്‌കാരിക വ്യവസ്ഥയോടും പിന്നെ തന്നോടുതന്നെയും നടത്തിയ സമരങ്ങളുടെ ഏറ്റവും സത്യസന്ധമായ ആവിഷ്‌കാരമാണിത്.


അശോകൻ ചരുവിൽ

അശോകൻ ചരുവിൽ

മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥ അതെഴുതിയതിന്റെ അമ്പതുവർഷം പിന്നിടുകയാണ്. ഭാഷാശൈലിക്കും ആഖ്യാനഭംഗിക്കുമൊപ്പം ആവിഷ്‌കരിക്കപ്പെടുന്ന ജീവിതത്തിന്റെ മഹത്വവും ആത്മകഥാശാഖയിൽപ്പെട്ട കൃതികളുടെ മേന്മയ്‌ക്ക്‌ കാരണമാകാറുണ്ട്.

ഈ രണ്ടു ഗുണങ്ങൾക്കുമപ്പുറം ചെറുകാടിന്റെ ജീവിതപ്പാത കൂടുതൽ മുന്നിലേക്ക് വരുന്നത് അതിലടങ്ങിയിരിക്കുന്ന ആത്മപരിശോധന കൊണ്ടാണ്. ഒരാൾ തന്നെ രൂപപ്പെടുത്തിയ സാംസ്‌കാരിക വ്യവസ്ഥയോടും പിന്നെ തന്നോടുതന്നെയും നടത്തിയ സമരങ്ങളുടെ ഏറ്റവും സത്യസന്ധമായ ആവിഷ്‌കാരമാണിത്.

കഴിഞ്ഞ അമ്പതുവർഷങ്ങൾക്കിടയ്‌ക്ക്‌ ഈ കൃതി ഞാൻ പലവട്ടം വായിച്ചിട്ടുണ്ട്. ആവർത്തിച്ചുള്ള വായനയിൽ അതെഴുതിയ കാലവും വായിക്കുന്ന കാലവും ഒരുപോലെ ഇടപെടും. പുതിയ തലമുറ എങ്ങനെയായിരിക്കും ഈ പുസ്‌തകം വായിച്ചെടുക്കുക? രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് തൊട്ടുമുമ്പും പിമ്പുമുള്ള സാമൂഹ്യ സാഹചര്യങ്ങളും മനുഷ്യജീവിതവുമാണ് ജീവിതപ്പാതയിൽ പ്രധാനമായി ചിത്രീകരിക്കപ്പെടുന്നത്.

എന്നാൽ തീർത്തും വ്യത്യസ്‌തവും കൂടുതൽ അപകടകരവുമായ പുതിയ കാലത്തോടും ഈ പുസ്‌തകം കൃത്യമായി പ്രതികരിക്കുന്നുണ്ട്.

‘ജീവിതപ്പാത’യുടെ ആദ്യ പതിപ്പ്‌

‘ജീവിതപ്പാത’യുടെ ആദ്യ പതിപ്പ്‌

ചെറുകാട്‌ വായന എന്റെ ജീവിതത്തെയും എഴുത്തിനെയും നിർണായകമായി സ്വാധീനിച്ചിട്ടുണ്ട്. ഞാൻ ആദ്യം പൂർണമായി വായിച്ചുതീർത്ത ഒരു ബൃഹത് കൃതി മുത്തശ്ശി എന്ന നോവലാണ്. ആഖ്യാനത്തിലെ ലാളിത്യം, ഭാവത്തിന്റെ ഗൗരവം എന്നീ ഗൗരവപ്പെട്ട സംഗതികളെക്കുറിച്ചൊന്നും അറിയാനുള്ള പ്രായം അന്നില്ല.

പക്ഷേ അന്നത്തെ വായനയിൽ അബോധമായിട്ടാവണം ചില 'രചനാതന്ത്രങ്ങൾ’ എന്റെ മനസ്സിൽ കടന്നുപറ്റിയിട്ടുണ്ട്. 'ഞാൻ സുന്ദരിയല്ല’ എന്നു പ്രഖ്യാപിച്ചുകൊണ്ട് കടന്നുവരുന്ന കഥാനായിക നാണി മിസ്ട്രസ് വായനയ്‌ക്കിടയിൽ അതീവ സൗന്ദര്യമാർജിക്കുന്നത് അന്നേ അറിഞ്ഞിട്ടുണ്ട്.

അതിന്റെ രസതന്ത്രം എന്തെന്ന് പിന്നീട് തലപുകഞ്ഞ് ആലോചിച്ചിട്ടുമുണ്ട്. നാണി മിസ്ട്രസിന്റെ മറ്റൊരു ഭാവപ്പകർപ്പിനെ നമ്മൾ ജീവിതപ്പാതയിൽ പിന്തുടരുന്നു, ലക്ഷ്മിക്കുട്ടി എന്ന മിസ്സിസ് ചെറുകാട്. 'കാക്കക്കുറത്തി’ എന്ന് വിശേഷിപ്പിച്ചാണ് ചെറുകാട് അവരെ അവതരിപ്പിക്കുന്നത്.

'ക്രിട്ടിക്കൽ ഇൻസൈഡർ’എന്നൊരു സംഗതിയുണ്ടല്ലോ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇത്‌ വളരെ പ്രധാനപ്പെട്ടതാണ്. വ്യക്തിക്കെന്നപോലെ സാമൂഹ്യപ്രസ്ഥാനങ്ങൾക്കും വിമർശനം അനിവാര്യമാണ്. നേതൃത്വത്തിന്റെ മാത്രമല്ല, വിമർശകരുടെ ഔന്നത്യവും പ്രസ്ഥാനത്തിന്റെ വളർച്ചയെ സ്വാധിനിക്കും. വർഗബന്ധങ്ങളെ മുൻനിർത്തിയാണ് കമ്യൂണിസ്റ്റ് പാർടി സംഘടിക്കപ്പെടുന്നത്.

അതുകൊണ്ട് എതിർവർഗത്തിൽ നിന്നുള്ള വിമർശനങ്ങൾക്ക് അവിടെ വലിയ പരിമിതിയുണ്ട്. ആട്ടിൻകുട്ടിക്കെതിരെ ചെന്നായ നടത്തുന്ന വിമർശനങ്ങൾ നിരർഥകമാകുമല്ലോ. ഇന്ത്യയിൽ കമ്യൂണിസ്റ്റ് പാർടിയുടെ എക്കാലത്തെയും വലിയ ദൗർഭാഗ്യം അതിന്റെ വിമർശകരുടെ ആന്തരിക ദൗർബല്യവും ആശയദാരിദ്ര്യവുമാണ്. അതുകൊണ്ടുതന്നെ അകത്തുള്ള വിമർശനങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. ‘സ്വയംവിമർശനം' എന്ന പദ്ധതി തന്നെ ആ പാർടിക്കകത്തുണ്ട്.

ഇ എം എസ്‌

ഇ എം എസ്‌

മലയാള സാഹിത്യത്തിൽ ക്രിയാത്മകമായ ആന്തരിക വിമർശനത്തിന്റെ നല്ല മാതൃകയായി ചെറുകാടിന്റെ ദേവലോകം എന്ന നോവൽ കരുതപ്പെടുന്നു. ജീവിതപ്പാതയുടെ അവതാരികയിൽ ഈ നോവലിനെക്കുറിച്ച് ഇ എം എസ് എഴുതുന്നുണ്ട്. ഒരേ കാലത്ത് ഏതാണ്ട് ഒരേ വിഷയത്തിൽ എഴുതപ്പെട്ട രണ്ടു നോവലുകളെ, ദേവലോകത്തേയും മലയാറ്റൂരിന്റെ ദ്വന്ദയുദ്ധത്തേയും  അദ്ദേഹം താരതമ്യം ചെയ്യുന്നു.

ദേവലോകവും എന്റെ എഴുത്തിനെ വലിയമട്ടിൽ സ്വാധീനിച്ചിട്ടുണ്ട്. കഥാനായകനായ കമ്യൂണിസ്റ്റ് യുവനേതാവ് രാമചന്ദ്രനെ തന്റെ കുടിലിൽ ഒളിപ്പിച്ചിരുത്തുന്ന ചന്തുക്കുട്ടി എന്ന കഥാപാത്രത്തെ വായനക്കാർ ഓർക്കുമല്ലോ. ചെറിയ കുട്ടിയാണ്. അയാളെയാണ് ചെറുകാട് തന്റെ നോവലിൽ പ്രതീക്ഷയുടെ പ്രതീകമായി ചിത്രീകരിക്കുന്നത്.

ഈ ചന്തുക്കുട്ടി അദ്ദേഹത്തിന്റെ പ്രസിദ്ധമായ ടോർച്ച് സഹിതം കുറച്ചു പ്രായമായ രൂപത്തിൽ എന്റെ മലമുകളിലെ വെളിച്ചം എന്ന കഥയിൽ കടന്നുവരുന്നുണ്ട്.

മലയാറ്റൂർ

മലയാറ്റൂർ

ചെറുകാടിനെ സംബന്ധിച്ച് ക്രിട്ടിക്കൽ ഇൻസൈഡർ എന്നത് ഏതെങ്കിലുമൊരു നോവലിൽ ഏതെങ്കിലുമൊരു കഥാപാത്രമായി മാത്രം വരുന്ന ഒന്നല്ല. അത് എഴുത്തിന്റെ പിൻബലമായി എല്ലായ്‌പ്പോഴും കൂടെയുണ്ട്.

ജീവിതപ്പാതയിൽ അത് പ്രതിബദ്ധതയേയും ആത്മസമർപ്പണത്തേയും ത്യാഗസന്നദ്ധതയേയും പ്രതിനിധീകരിക്കുന്നു. ആത്മകഥയിൽ മറ്റൊരു നായകൻ/പ്രതിനായകൻ ഇല്ലാത്തതുകൊണ്ട് ചെറുകാട് തന്നെത്തന്നെയാണ്, തന്റെ ജീവിതപരിസരത്തെയാണ് വിമർശിക്കുന്നതും പരിഹസിക്കുന്നതും വിചാരണ ചെയ്യുന്നതും. മറ്റൊരു ലോകത്തുനിന്ന് തൊഴിലാളികളുടേയും കൃഷിക്കാരുടേയും ചേരിയിലേക്ക്‌ വരുമ്പോൾ നിരന്തരമായ ഈ ആത്മവിചാരണ അനിവാര്യമാണ്.

അതു നിലയ്‌ക്കുമ്പോൾ വിപ്ലവകാരി പുളി നഷ്ടപ്പെട്ട ഉപ്പു പോലെയാവും. ജാതിശ്രേണിയിലെ അമ്പലവാസി എന്ന കുലമഹിമയുടെ സ്വർണഗോപുരത്തിന് തീയിട്ടുകൊണ്ടാണ് ചെറുകാട് തുടങ്ങുന്നത്:
'നമ്പൂതിരിമാർ അമ്പലവാസിവർഗത്തെ സൃഷ്ടിച്ചത് രണ്ടാവശ്യത്തിനാണ്. കേരളത്തിലെ ഹിന്ദു സംസ്‌കാരകേന്ദ്രങ്ങളായ അമ്പലങ്ങളിൽ ശുചിത്വമുള്ള വേലക്കാരെ നിയോഗിക്കൽ ഒരാവശ്യം. കുടുംബത്തിന്റെ ഭദ്രതയ്‌ക്കു വേണ്ടി മൂത്തപുത്രനെ മാത്രം ഇല്ലത്തെ മൂസ്സാക്കി വിത്തുകാളയെപ്പോലെ വളർത്തി, സ്വവർഗത്തിൽ നിന്ന് ഒന്നും അതിലേറെയും വേളി കഴിച്ചു സൂക്ഷിക്കുമ്പോൾ, അനുജന്മാരുടെ മൂന്നാമത്തെ പുരുഷാർഥസിദ്ധിക്ക്, കാമകേളിക്കുവേണ്ടി സ്‌ത്രീകളെ തളച്ചുനിർത്താനുള്ള ഒരു കേന്ദ്രമുണ്ടാക്കൽ രണ്ടാമത്തെ ഉദ്ദേശ്യം.

ഇടശ്ശേരി

ഇടശ്ശേരി

ഇണചേരുമ്പോൾ മീനിന്റെയും ഇറച്ചിയുടെയും മണമില്ലാത്ത സ്‌ത്രീകളെ ബ്രാഹ്മണർക്ക് ഈ വർഗത്തിൽനിന്ന് യഥേഷ്ടം തെരഞ്ഞെടുക്കാമല്ലോ’ (ജീവിതപ്പാത: അമ്പലവാസി എന്ന അധ്യായം).
'ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ’ എന്ന പരമസത്യം ഇടശ്ശേരി തിരിച്ചറിഞ്ഞ കാലമാണത്.

ലോലകാമുകകവിയുടെ ‘വൃത്തി വെൺകളിയിട്ട ഗേഹഭിത്തി'കളെ കിടിലം കൊള്ളിച്ചുകൊണ്ട് 'ദുഷ്‌പ്രഭു പുലയാടികൾ പാർക്കും  ഇപ്പുരയ്‌ക്കിടിവെട്ടു കൊള്ളട്ടെ’ എന്ന് മണ്ണിന്റെ കവി (പ്രാകൃതനായ സാഹിത്യകാരൻ) കുടിയൊഴിക്കലിൽ (വൈലോപ്പിള്ളി) ഗർജിക്കുന്നു. സവർണപാരമ്പര്യത്തിന്റെ ചെകിട്ടത്തടിച്ചുകൊണ്ട് ജനങ്ങളിലേക്ക് ഇറങ്ങിവന്ന തലമുറയുടെ പ്രതിനിധിയാണ് താനെന്ന് ചെറുകാട് ജീവിതപ്പാതയിലൂടെ ഉദ്ഘോഷിക്കുകയാണ്.

വൈലോപ്പിള്ളി

വൈലോപ്പിള്ളി

വലിയൊരു തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് ഈ വിട്ടുപോരൽ. അങ്ങേയറ്റം ജീർണമായിക്കൊണ്ടിരിക്കുന്ന ഒരിടത്താണ് പുഴുക്കളെപ്പോലെ പുളഞ്ഞുകൊണ്ടുള്ള തങ്ങളുടെ ജീവിതം എന്ന തിരിച്ചറിവ്. ജീവിതത്തെക്കുറിച്ചും അതിന്റെ സാഫല്യത്തെക്കുറിച്ചും പുതിയ അന്വേഷണങ്ങൾ നടക്കുന്ന കാലമായിരുന്നു അത്.

മനുഷ്യജീവിതത്തെ പുനർനിർണയിച്ചുകൊണ്ടാണ് നവോത്ഥാനവും സാമൂഹ്യപ്രസ്ഥാനങ്ങളും കടന്നുവന്നത് (ജീവിതത്തിന്റെ പരമലക്ഷ്യം എന്ത് എന്നതിനെപ്പറ്റി രണ്ട്‌ ബ്രാഹ്മണർ നടത്തുന്ന ചർച്ചയെ നമ്മുടെ കുഞ്ഞുണ്ണി മാഷ് നമ്പൂതിരി ഫലിതങ്ങളിൽ ഉദ്ധരിക്കുന്നുണ്ട്). ഭോജനവും ഭോഗവുമാണോ ജീവിതം എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് ചെറുകാടിന്റെ തലമുറ മുന്നോട്ടുവന്നത്.

ജ്ഞാനത്തിന്റെ ഈ വെളിച്ചത്തിലേക്ക് തന്നെ നയിച്ച ഒരാഘാതത്തെക്കുറിച്ചുള്ള വിവരണത്തോടെയാണ് അദ്ദേഹം തന്റെ ജീവിതയാത്രാഖ്യാനം ഏതാണ്ട് പാതിവഴിയിൽ നിർത്തുന്നത്. കൊൽക്കത്താ തിസീസിന്റെ കാലത്ത് ഒളിവിലിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ട സന്ദർഭം:

 ‘ഇൻസ്‌പെക്‌ടറുടെ മുഖത്തുനോക്കിയ ഞാൻ ഒന്നു പുഞ്ചിരിച്ചു. ഒരു മര്യാദ. വെറും മര്യാദ.

'‘എന്താടാ ചിരിക്കണത്?’’ എന്റെ ഇടത്തേ ചെകിടത്ത് ആഞ്ഞൊരു അടി വീണു. താമസമുണ്ടായില്ല, ഇടതുകൈകൊണ്ട് വലത്തേ ചെകിട്ടത്തും.
മാന്യനായ എന്നെ പോലീസ് അടിക്കുകയുണ്ടാവില്ല എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ആദ്യത്തെ അടി എന്റെ അഭിമാനത്തിന്റെ പത്തിമേൽ വന്നു വീണപ്പോൾത്തന്നെ ഞാൻ ഒരു ശരാശരി മനുഷ്യനായി.

'‘കയറെടാ, വാനിൽ കയറ്.’’
ഞാൻ നടക്കാൻ തുടങ്ങിയപ്പോൾ ബൂട്ടിട്ട കാലുകൊണ്ട് മുതുകിൽ ഒരു ചവിട്ടുകിട്ടി. അതോടെ ഞാനൊരു തത്വജ്ഞാനിയായി’
(ജീവിതപ്പാത: അവസാനത്തെ അധ്യായം, അവസാനഭാഗം).

കമ്യൂണിസ്റ്റ് പ്രത്യയശാസ്‌ത്രത്തോടൊപ്പം സാന്ദർഭികമായി ലഭ്യമായിരുന്ന ഈ വക തത്വജ്ഞാനങ്ങളുടെയും കൂടി വെളിച്ചത്തിലിരുന്നാണ് ചെറുകാട് ജീവിതപ്പാത എഴുതിയത് എന്നത് നിശ്ചയം. അമ്പലവാസി എന്ന ജീവിതാവസ്ഥയെ ഉൽക്കൃഷ്‌ടമെന്ന്‌ കരുതുന്നവർ അന്നും ഇന്നും ധാരാളമുണ്ടാകും. അതിനവർക്ക് ന്യായീകരണങ്ങളുമുണ്ട്. ദൈവത്തിന്റെ സാമീപ്യം തന്നെ പ്രധാനം.

പക്ഷേ കണ്ണു തുറന്നുള്ള ജീവിതം കൊണ്ട്, ഭൂമിയിൽ ദൈവമല്ല ജന്മിയും സാമ്രാജ്യത്വവുമാണ് അധികാരി എന്ന് ചെറുകാട് തിരിച്ചറിയുന്നു. അമ്പലവാസി ജീവിതത്തിന്റെ നിരർഥകതയും അധഃപതനവും കുട്ടിക്കാലത്ത് തന്നെ സ്വാനുഭവങ്ങളിൽ നിന്ന് അദ്ദേഹം അറിയുന്നുണ്ട്. അക്കാലത്ത് കവളപ്പാറക്കൊട്ടാരത്തിൽ ഒരു കല്യാണസദ്യയ്‌ക്ക് തന്റെ കുഞ്ഞമ്മാവനോടൊപ്പം നീണ്ടവഴി നടന്നുപോയതിന്റെ വിവരണമുണ്ട്.

'രണ്ടു തീർച്ച ഒരു സംശയം എന്നാണ് സദ്യകളെപ്പറ്റി അക്കാലത്ത് പറഞ്ഞിരുന്നത്. ബ്രാഹ്മണർക്കുണ്ട്; ശൂദ്രർക്കില്ല. ഇതുരണ്ടും തീർച്ചയാണ്. അമ്പലവാസിയുടെ കാര്യമാണ് സംശയം. സംശയമായതുകൊണ്ട് കിട്ടിക്കൂടെന്നില്ല. കെട്ടിക്കാത്തു നിൽക്കണം. ചിലപ്പോൾ ഭക്ഷണം കിട്ടിയില്ലെങ്കിൽ പട്ടിണിതന്നെ ആധാരം. സെക്കൻഡ് ക്ലാസുകാരായ ബിരുദധാരികളെ പോലെയാണ് അമ്പലവാസികൾ.’

അമ്പലവാസിയുടെ പന്തിയിൽ സൂത്രത്തിൽ കയറിപ്പറ്റി ഉണ്ണാനിരുന്ന ഒരു നായരെ പിടിച്ചെഴുന്നേൽപ്പിച്ച് അടിച്ചുപുറത്താക്കുന്ന ഒരു രംഗവും അവിടെ ഹൃദയസ്‌പൃക്കായി വിവരിക്കുന്നുണ്ട്. അടിയേറ്റ് അവശനും അപമാനിതനുമായി രണ്ടാംമുണ്ട് നഷ്ടപ്പെട്ട് പുറത്താക്കപ്പെടുന്ന ആ നായരുടെ ചിത്രം അതിദയനീയമാണ്.

നാട്ടിൽ തിരിച്ചെത്തിയിട്ട് വേണമായിരിക്കും അദ്ദേഹത്തിന് അയലത്തെ പിന്നാക്ക ദളിത് വിഭാഗങ്ങളെ ചവിട്ടിയരയ്‌ക്കാൻ. ജാതിവ്യവസ്ഥയുടെ ഘടന അങ്ങനെയാണ്. ജാതിയുടെ പ്രധാന ദുര്യോഗം അതിനു വായും വാലും ഉണ്ട് എന്നുള്ളതാണ്. പുറത്തുള്ളവരോട് കുരയ്‌ക്കണം. അകത്തുള്ളവർക്കുനേരെ വാലാട്ടണം.

ജാത്യധികാരത്തിന്റെ തേർവാഴ്ച അമ്പലവാസികളും ശൂദ്രരുമായ മനുഷ്യരുടെ കുടുംബങ്ങളെ അപമാനമാകുന്ന നരകത്തിലേക്ക് വലിച്ചെറിയുന്നതിന്റെ രംഗങ്ങൾ ജീവിതപ്പാതയിൽ ഉടനീളമുണ്ട്. ഇത്തരം കുടുംബങ്ങളിലേക്കുള്ള ബ്രാഹ്മണാധിനിവേശത്തെ സാധാരണമട്ടിൽ 'സംബന്ധം’ എന്നല്ല 'കിടപ്പുവട്ടം’ എന്നാണ് ചെറുകാട് വിശേഷിപ്പിക്കുന്നത്.

കിടപ്പുവട്ടത്തിന് തെരഞ്ഞെടുക്കുന്ന കുടുംബം തറവാട്ട് മഹിമയും ധനശേഷിയുമുള്ളതായാൽ നന്നെന്ന് യജമാനൻ ആഗ്രഹിക്കുന്നു.

'‘രമിക്കാൻ ചെല്ലുമ്പോൾ വെശന്നു കെടക്കണ പെണ്ണാണച്ചാലേയ് ക്ഷ മുഷിയും, എന്താ രാമ?’’
ജാതിവ്യവസ്ഥയിൽ ഏറ്റവും ഉന്നതസ്ഥാനത്ത് നിൽക്കുന്നവരാണ് കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണർ. അവർക്ക് ആരെയും ഭയപ്പെടേണ്ടതില്ല.

പിന്നിലുള്ള എല്ലാവരെയും തകർക്കാൻ അവർക്ക് അവകാശമുണ്ട്. ജീവിതത്തിന്റെ പൂർണതയും സാഫല്യവുമായിട്ടാണത്രെ ബ്രാഹ്മണ്യത്തെ പരിഗണിക്കുന്നത്. പക്ഷേ ഇല്ലങ്ങളിലെ ഇരുട്ടുപോലെ ഒരിരുട്ട് വേറെയെങ്ങുമുണ്ടായിരുന്നില്ല

വി ടി

വി ടി

എന്നാണ് കേരളത്തിന്റെ സാംസ്‌കാരികചരിത്രം വ്യക്തമാക്കുന്നത്. ജാതിയെ അറിയണമെങ്കിൽ ജീവിച്ചുതന്നെ അറിയണം എന്ന് പറയാറുണ്ടല്ലോ. അത് മേൽജാതി ആയാലും കീഴ്‌ജാതി ആയാലും.

അത്യുത്തരം ഉൽക്കൃഷ്ടം എന്ന് കരുതപ്പെട്ടിരുന്ന ബ്രാഹ്മണ/പൗരോഹിത്യ ജീവിതങ്ങളുടെ യഥാർഥ മുഖം ഇ എം എസും വി ടിയും മുതൽ ദേവകി നിലയങ്ങോട് വരെയുള്ളവർ എഴുതിയിട്ടുണ്ട്. അടുത്തൊരു ജന്മമുണ്ടെങ്കിൽ, അത് തെരഞ്ഞെടുക്കാൻ അവകാശമുണ്ടെങ്കിൽ അതെങ്ങനെ ആയിരിക്കണം എന്ന് വി ടി എഴുതിയത് അമ്പരപ്പിക്കുന്ന വാക്കുകളിലാണ്.

‘മറക്കുടയ്ക്കുള്ളിലെ മഹാനരക’ങ്ങളെ കുറിച്ച് പിന്നീട് ഒരുപാട് എഴുത്തുണ്ടായി. മധ്യകേരളത്തിലെ അതിസമ്പന്നമായ ബ്രാഹ്മണ ജന്മി കുടുംബത്തിൽ ജനിച്ച ദേവകി എന്ന യുവതി ഒരൊറ്റ കാര്യം മാത്രമാണ് ആഗ്രഹിച്ചത്: നാലാൾക്കു മുന്നിൽനാണം മറയ്‌ക്കുന്ന മട്ടിൽ വസ്‌ത്രം ധരിക്കണമെന്ന് (നഷ്ടബോധങ്ങളില്ലാതെ, ദേവകി നിലയങ്ങോട്).

ദേവകി നിലയങ്ങോട്

ദേവകി നിലയങ്ങോട്

നവോത്ഥാനം, ജാതിവ്യവസ്ഥയുടെയും ജന്മിത്വത്തിന്റെയും തകർച്ച, ഭൂപരിഷ്‌കരണം, സാമൂഹ്യനീതി /സംവരണ നിയമങ്ങൾ എന്നിവയെക്കുറിച്ചെല്ലാം അങ്ങേയറ്റം വ്യാജമായ ധാരണകളാണ് ഇന്ന് കേരളീയസമൂഹത്തിൽ, പ്രത്യേകിച്ചും സവർണജാതികളിലെ പുതിയ തലമുറയിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ നടന്ന സാമൂഹ്യപരിവർത്തനങ്ങൾ തങ്ങളുടെ ജീവിതം തകർത്തു എന്ന തെറ്റായ ചിന്തയിലാണ് അവരിൽ പലരും.

'ഉപ്പുകല്ലിനായി ഉരിയരിച്ചോറിനായി, പട്ടണത്തിൽ തൊഴിലാളി’യാകേണ്ടിവന്ന 'പണ്ടത്തെ മേശ്ശാന്തി’മാരുടെ ജീവിതദുഃഖങ്ങൾ നേരത്തെ അക്കിത്തവും പിന്നെ പ്രിയദർശനും (ആര്യൻ എന്ന സിനിമ) ആവിഷ്‌കരിച്ചിട്ടുണ്ടല്ലോ.

നവോത്ഥാനവും അതിനെ പിന്തുടർന്നുവന്ന വിമോചനസംരംഭങ്ങളും മൂലം ഏറെ നേട്ടമുണ്ടായിട്ടുള്ളത് സവർണസമുദായങ്ങളിലെ അംഗങ്ങൾക്കാണ് എന്ന വസ്‌തുത ഇവർ മറച്ചുപിടിക്കുന്നു. മറ്റുള്ളവർ മോചിതരായപ്പോൾ നമ്പൂതിരി മനുഷ്യനാവുകയാണല്ലോ ഉണ്ടായത്.

മനുഷ്യനാവാൻ വേണ്ടി ഒരമ്പലവാസി നടത്തിയ കഠിനപരിശ്രമങ്ങളുടെ കഥയായി ജീവിതപ്പാതയെ കാണാം. ഉള്ളിലും പുറത്തും സമരങ്ങൾ നടക്കുന്നു. പുറത്തെ സമരങ്ങൾ പ്രധാനമായും ജന്മിത്വത്തോടും ജാതിവ്യവസ്ഥയോടും സാമ്രാജ്യത്വത്തോടുമാണ്. പക്ഷേ കൂടുതൽ പ്രധാനമായത് ആത്മസമരങ്ങളാണ്. മകൻ, സഹോദരൻ, ഭർത്താവ്, പിതാവ്, തറവാട്ടുകാരണവർ എന്നീ നിലകളിലുള്ള പുരുഷദൗത്യങ്ങൾ ഇവിടെ കർശനമായി കുറ്റവിചാരണ ചെയ്യപ്പെടുന്നു.

സ്വന്തം മനസ്സിനകത്തു തന്നെയാണ് കോടതി. സ്വാതന്ത്ര്യസമരസേനാനിയും അധ്യാപകനും സാഹിത്യകാരനും സർവോപരി കമ്യൂണിസ്റ്റും ആയിരിക്കെത്തന്നെ പുരുഷൻ എന്ന അധികാരരൂപം സ്‌ത്രീയോട് അനീതി ചെയ്‌തുവെന്ന് ചെറുകാട് ഏറ്റുപറയുന്നു. ഈ ജീവിതകഥയിൽ ഏറ്റവുമേറെ തെളിഞ്ഞു തിളങ്ങി നിൽക്കുന്ന കഥാപാത്രം 'കാക്കക്കുറത്തി’ എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന കീഴീട്ടിൽ ലക്ഷ്മിക്കുട്ടിയാണ്.

ചെറുകാടും ഭാര്യ ലക്ഷ്‌മിക്കുട്ടിയും

ചെറുകാടും ഭാര്യ ലക്ഷ്‌മിക്കുട്ടിയും

അതായത് മിസ്സിസ് ചെറുകാട്. ലക്ഷ്മിടീച്ചറെ അവരുടെ വാർധക്യകാലത്ത് പലവട്ടം കാണാനും സംസാരിക്കാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അഗ്നിപരീക്ഷകളെ അതിജീവിച്ച് കടന്നുവന്നതിന്റെ നിശ്ചയദാർഢ്യം അവരുടെ മുഖത്ത് അക്കാലത്തും പ്രകടമായിരുന്നു. സത്യത്തിന്റെ കണ്ണുകെട്ടാതെ പരസ്‌പരം സമരം ചെയ്‌തും തിരിച്ചറിഞ്ഞും തിരുത്തിയും മുന്നോട്ടുപോയ ഒരു പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും കഥകൂടിയാണ് ജീവിതപ്പാത.

ഏതാണ്ട് പാതിവഴിയിൽ ഈ ജീവിതകഥാഖ്യാനം ചെറുകാട് അവസാനിപ്പിക്കുന്നു. അക്കാലത്ത് മലങ്കാടൻ തുള്ളൽപ്പാട്ടുകളും രാഷ്‌ട്രീയപ്രചാരണ പാഠകവും കൂടാതെ പ്രധാനപ്പെട്ട ഒരു കൃതി മാത്രമേ ചെറുകാടിൽനിന്നും പുറത്തുവന്നിട്ടുള്ളൂ.

അത് നമ്മളൊന്ന് എന്ന നാടകമാണ്. കർഷകസംഘം സമ്മേളനത്തിൽ അവതരിപ്പിക്കാൻ വേണ്ടി ടി പി ഗോപാലന്റെ കഠിനതടവിൽ കിടന്ന് ഒരു രാത്രികൊണ്ട് എഴുതിയത്. ജീവിതപ്പാതയ്‌ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടായില്ല എന്നത് മലയാളത്തിന്റെ ദൗർഭാഗ്യമാണ്.

നമ്മളൊന്നിനെ സാധ്യമാക്കിയ വള്ളുവനാട്ടിലെ മതനിരപേക്ഷ സാമൂഹ്യജീവിതം ജീവിതപ്പാതയിൽ ഹൃദ്യമായി ആഖ്യാനം ചെയ്യപ്പെടുന്നുണ്ട്. ചെറുകാടിനെ വായിച്ച് ഞാൻ വള്ളുവനാടൻ പ്രകൃതിയുടേയും സംസ്‌കാരത്തിന്റെയും ആരാധകനായി മാറിയത് ഓർക്കുന്നു. വായനയുടെ ലഹരിയിൽ മുങ്ങി ആ വഴികളിലൂടെ പലവട്ടം യാത്ര ചെയ്‌തിട്ടുണ്ട്.

വലിയ ക്ഷേത്രങ്ങളുടെയും ഫ്യൂഡൽകാലത്തിന്റെ അവശിഷ്ടങ്ങളായ സവർണ രമണീയഗൃഹങ്ങളുടെയും കേന്ദ്രം എന്ന നിലയിലാണ് വള്ളുവനാട്, ഏറനാട് ദേശങ്ങളുടെ സംസ്‌കാരം പലപ്പോഴും അറിയപ്പെടുന്നത്. പിന്നീട് മലയാളസിനിമയുടെ പൊതുഭാഷയായി മാറിയ വള്ളുവനാടൻ സ്ലാങ്‌ നാടുവാഴിത്തത്തിന്റെ ഗൃഹാതുര ലാവണ്യത്തെ സ്ഥാപിക്കാനായിട്ടാണല്ലോ ഉപയോഗിക്കപ്പെട്ടത്.

എന്നാൽ ചെറുകാടാകട്ടെ ഉഴുതുമറിച്ചിട്ട ഒരു കൃഷിയിടമായിട്ടാണ് തന്റെ നാടിനെ കാണുന്നതും ചിത്രീകരിക്കുന്നതും. അതിന് മണ്ണിന്റെ മണമാണുള്ളത്.
അമ്പലവാസി നേരിട്ട് കമ്യൂണിസ്റ്റാവുകയല്ല ഉണ്ടായത്. ആദ്യം കൈക്കോട്ടെടുത്ത് മണ്ണിലേക്കിറങ്ങി കൃഷിക്കാരനായി. 'തൂമ്പയെ തുമ്പയെന്നു വിളിക്കുന്ന ഭാഷ’ എന്ന്‌ പി എ വാരിയർ പണ്ട് ചെറുകാടിനെ നിരൂപണം ചെയ്‌തിട്ടുണ്ട്.

നെൽപ്പാടങ്ങൾ, വാഴത്തോട്ടങ്ങൾ, കായക്കറിക്കണ്ടങ്ങൾ. വിത്തിറക്കലിന്റെയും വിളവെടുപ്പിന്റെയും ഘോഷം. ചേറും കന്നും വെട്ടുകാരി വിത്തും കൈക്കോട്ടും ഞാറ്റടിയും...; കൃഷിയുടെ എല്ലാ ഘടകങ്ങളും ജീവിതപ്പാതയിൽ വിസ്‌തരിച്ച് ചർച്ച ചെയ്യുന്നുണ്ട്. കൃഷിയിടമാവുമ്പോൾ അത് പണിയെടുക്കുന്നവരുടെ ലോകമാവുമല്ലോ. മണ്ണിൽനിന്നും കൃഷിയിൽനിന്നുമാണ് ചെറുകാട് തന്റെ രാഷ്‌ട്രീയത്തെ സ്വീകരിക്കുന്നത്.

പാട്ടപ്പറ, കാഴ്‌ചക്കുല, കാണം, കുഴിക്കാണം, വാക്കാൽ പാട്ടം, പൊളിച്ചെഴുത്ത്, പ്രോനോട്ട്, ചൂണ്ടിപ്പണയം, കൈവശപ്പണയം, കച്ചീട്ട്, പാട്ട്ശീട്ട്... ആ വഴിയിലേക്ക് മദ്രാസിലെ ജനകീയ സർക്കാരിന്റെ കാർഷിക കടാശ്വാസനിയമം കടന്നുവരുന്നതോടെയാണ് വള്ളുവനാട്ടിൽ സ്വാതന്ത്ര്യബോധവും രാഷ്‌ട്രീയവും എത്തുന്നത്.

 ചെറുകാട് - ഫോട്ടോ: പുനലൂർ രാജൻ

ചെറുകാട് - ഫോട്ടോ: പുനലൂർ രാജൻ

കൃഷി കഴിഞ്ഞാൽ അനുബന്ധമായുള്ളത് ഭക്ഷണമാണ്. പിന്നെ തെല്ലു വൈദ്യവും. ചെറുകാട് കൃത്യമായി വൈദ്യപഠനം നടത്തിയിട്ടുണ്ട്. പാചകം ജീവിതപ്പാതയിലെ പ്രധാന വിഷയമായി വരുന്നു. കുഞ്ഞമ്മാവനും പ്രിയമരുമകനും അസാമാന്യ പാചകക്കാരാണ്.  ഷഷ്ടിപൂർത്തിസദ്യയ്‌ക്ക് പ്രഥമന് ചക്ക വരട്ടണോ നേന്ത്രപ്പഴം വരട്ടണോ അതോ രണ്ടും വേണോ എന്ന് ഇരുവരും ദീർഘമായി ചർച്ചചെയ്യുന്നുണ്ട്. പിന്നെ തീരുമാനിക്കും: ചക്ക മതി.

‘തേങ്ങാപ്പാലും ശർക്കരയും കൂടി നല്ലപോലെ അരച്ച് കൊട്ടത്തേങ്ങ നുറുക്കി നെയ്യിൽ വറുത്തിട്ട്; തേൻ പോലെയുള്ള ചക്കപ്രഥമൻ അമൃതുപോലെ ആളുകൾ വാരിവാരി കുടിക്കുന്നത്' കുഞ്ഞമ്മാവൻ കിനാവുകാണുന്നു.
അമ്പതുവർഷങ്ങൾക്കു ശേഷം ഇക്കാലത്തെ ജീവിതപ്പാത വായനയുടെ പ്രസക്തി എന്തായിരിക്കും? പുതിയ നൂറ്റാണ്ട് ആരംഭദശകങ്ങൾ പിന്നിടുകയാണ്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതി മുന്നോട്ടുവച്ച സ്വാതന്ത്ര്യബോധവും മാനവികതയും സഹിഷ്‌ണുതയും സാമൂഹ്യനീതിയും പോയിമറയുകയാണോ എന്ന് സംശയിക്കപ്പെടുന്നു. പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് കടക്കുന്ന മുതലാളിത്തവ്യവസ്ഥ രക്ഷപ്പെടാനായി മനുഷ്യനെ പലമട്ടിൽ വിഭജിച്ച് സംഘർഷമുണ്ടാക്കുകയാണ്. അതുവഴി 'ഉണർന്ന ഹിന്ദു’ നമ്പൂതിരിയും അമ്പലവാസിയും നായരും മറ്റു നാനാജാതികളുമായി വീണ്ടും അവതരിക്കുന്നു.

തറവാടിത്തഘോഷണങ്ങൾ ശവക്കുഴിയിൽനിന്ന് എഴുന്നേറ്റു വരുന്നു. കുലസ്‌ത്രീനാമജപജാഥ കടന്നുപോകുന്നു. ജാതിയുടെ നീക്കിയിരിപ്പുകളായ മേധാവിത്തവും അടിമത്തബോധവും മനസ്സിലുണ്ടെങ്കിൽ ഒരാൾ ഹിന്ദുത്വവാദത്തിനും മതഭീകരതയ്‌ക്കും അടിപ്പെടും എന്നത് തീർച്ച.

അതുകൊണ്ടുതന്നെ ജീവിതപ്പാതയിലെ വെളിച്ചം ഇന്ന്‌ പ്രധാനമാണ്. മണ്ണിൽ ഉറച്ചുനിന്ന് മുറ്റത്തെ മുരിങ്ങയുടെ ചില്ലകൾക്കിടയിലൂടെ വിമോചനത്തിന്റെ നക്ഷത്രം ദർശിച്ച ഒരെഴുത്തുകാരന്റെ ജീവിതകഥ അനിവാര്യമായും വായിക്കേണ്ട ഒരു കാലമാണിത്  .  

 

ദേശാഭിമാനി വാരികയിൽ നിന്ന്

  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top