21 November Thursday

ജീവിതപ്പാതയിലൂടെ ഒരു പരിഭാഷകന്റെ യാത്ര

നിർമാല്യUpdated: Saturday Nov 2, 2024

‘ജീവിതപ്പാത’ പ്രകാശനം ചെയ്‌ത ശേഷം വി ടി ഭട്ടതിരിപ്പാട്‌ സംസാരിക്കുന്നു. വേദിയിൽ കെ പി നാരായണ പിഷാരടി, വാസുദേവൻ ഇളയത്‌, ഡോ. കെ എൻ എഴുത്തച്ഛൻ, കോവിലൻ, ചെറുകാട്‌ തുടങ്ങിയവർ

ചെറുകാടിന്റെ ജീവിതപ്പാത ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങൾ ആവിഷ്‌കരിക്കുന്ന പുസ്തകം എന്ന നിലയിൽ ശ്രദ്ധ നേടുമ്പോൾത്തന്നെ ഒരു സമൂഹത്തിന്റെ സാക്ഷ്യപത്രമായി ജ്വലിച്ചു നിൽക്കുകയും ചെയ്യുന്നു. തന്റെ ജീവിതവഴിയിൽ നേരിട്ട അനുഭവങ്ങളെ അതതു പശ്ചാത്തലങ്ങൾക്കനുസൃതമായി ചെറുകാട് ഈ കൃതിയിൽ ചിത്രീകരിച്ചിരിക്കുന്നു. ജീവിതപ്പാത തമിഴിലേയ്ക്ക് മൊഴിമാറ്റിയ നിർമാല്യ എഴുതുന്നു.


ഇക്കഴിഞ്ഞ സെപ്തംബർ എട്ടാം തീയതി, എന്റെ വിവർത്തന പുസ്തകങ്ങളെ ആധാരമാക്കി ചെന്നൈയിൽ ഒരു ഏകദിന ശിൽപ്പശാല നടത്തിയിരുന്നു. ഇതുവരെ ഞാൻ മലയാളത്തിൽനിന്ന് തമിഴിലേക്ക്‌ പരിഭാഷപ്പെടുത്തിയ 25 പുസ്തകങ്ങളിൽ ചിലതാണ് ഇതിനായി തെരഞ്ഞെടുത്തിരുന്നത്. അക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട കൃതി ചെറുകാടിന്റെ ജീവിതപ്പാതയായിരുന്നു.

തമിഴിലെ മുൻനിര എഴുത്തുകാരായ ജയമോഹൻ, എസ് രാമകൃഷ്ണൻ, പാവണ്ണൻ, മലയാള കവിയായ പി രാമൻ തുടങ്ങി ഒട്ടനവധി സാഹിത്യകാരന്മാർ ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ചാർളി ചാപ്ലിൻ

ചാർളി ചാപ്ലിൻ

മേൽപ്പറഞ്ഞ എഴുത്തുകാർ ജീവിതപ്പാതയുടെ സവിശേഷതകളെപ്പറ്റി വിശദമായി സംസാരിക്കുകയുണ്ടായി. എന്നാൽ അവരിൽ 26 വയസ്സുമാത്രം പ്രായമുള്ള ഒരു യുവാവിന്റെ വാക്കുകൾ ഏറെ പ്രാധാന്യമർഹിക്കുന്നതായിരുന്നു. മികച്ച വായനക്കാരനും യുവ നിരൂപകനുമായ വിഘ്നേഷ് ഹരിഹരനായിരുന്നു ആ യുവാവ്.

‘‘ലോക സാഹിത്യത്തിൽ രചിക്കപ്പെട്ട സുപ്രസിദ്ധങ്ങളായ ആത്മകഥകളെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. അതിൽ ഏറ്റവും മികച്ചത് ചാർളി ചാപ്ലിന്റെ മൈ ഓട്ടോ ബയോഗ്രഫിയാണെന്ന് ഞാൻ കരുതുന്നു. ചെറുകാടിന്റെ ജീവിതപ്പാത അതിനൊപ്പം നിൽക്കുന്ന കൃതിയാണ്,’’എന്നായിരുന്നു ആ യുവാവിന്റെ അഭിപ്രായം. കാലാതീതമായി നിലനിൽക്കുന്ന സവിശേഷതകളാണ് ഒരു സാഹിത്യകൃതിയെ മികവുറ്റതാക്കുന്നത്.

ജീവിതപ്പാത പ്രസിദ്ധീകരിച്ച് 50 വർഷം കഴിഞ്ഞതിനുശേഷവും അത് പുതുമ നഷ്ടപ്പെടാതെ ജ്വലിച്ചുനിൽക്കുന്നു എന്ന് ആ യുവാവിന്റെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ച് സാഹിത്യമൂല്യത്തിന്റെ അടിസ്ഥാനത്തിൽ തമിഴ് ഭാഷയിലെ വായനക്കാർക്കിടയിലും യുവാക്കൾക്കിടയിലും ഈ പുസ്തകം ഏറെ അംഗീകരിക്കപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്തിരിക്കുന്നു.

ജീവിതപ്പാത പ്രസിദ്ധീകരിച്ച് 50 വർഷം കഴിഞ്ഞതിനുശേഷവും അത് പുതുമ നഷ്ടപ്പെടാതെ ജ്വലിച്ചുനിൽക്കുന്നു എന്ന് ആ യുവാവിന്റെ വാക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. പ്രത്യേകിച്ച് സാഹിത്യമൂല്യത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്

നിർമാല്യ

നിർമാല്യ

ഭാഷയിലെ വായനക്കാർക്കിടയിലും യുവാക്കൾക്കിടയിലും ഈ പുസ്തകം ഏറെ അംഗീകരിക്കപ്പെടുകയും ശ്രദ്ധ നേടുകയും ചെയ്തിരിക്കുന്നു.

മലയാളത്തിൽ നിന്ന് തമിഴിലേക്ക്‌ പരിഭാഷപ്പെടുത്തേണ്ട മികച്ച സാഹിത്യകൃതികൾ എന്ന തലക്കെട്ടിൽ പ്രസിദ്ധ തമിഴ് സാഹിത്യകാരനായ സുന്ദര രാമസ്വാമി 25 വർഷം മുമ്പ് ഒരു ലേഖനമെഴുതിയിരുന്നു.

ഇതിൽ തമിഴിലേക്ക്‌ വിവർത്തനം ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട മലയാള ആത്മകഥ എന്ന നിലയിൽ ജീവിതപ്പാത പരാമർശിക്കപ്പെട്ടിരുന്നു. ഞാനിതുവരെ കേന്ദ്ര സാഹിത്യ അക്കാദമിക്കു വേണ്ടി മാത്രം പത്തിലധികം മലയാള കൃതികൾ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ജീവിതപ്പാത തമിഴിലെത്തിക്കാൻ അനുവാദം തരണം എന്ന് ഞാൻ കേന്ദ്ര സാഹിത്യ അക്കാദമിയോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആദ്യം അവർ അതിൽ വലിയ താൽപ്പര്യം കാട്ടിയില്ലെങ്കിലും എന്റെ സുദീർഘമായ നിർബന്ധത്തിന്റെ ഫലമായി നാലഞ്ചു വർഷം മുമ്പ് അനുവാദം നൽകുകയായിരുന്നു. ഒന്നര വർഷത്തോളമെടുത്ത് ശ്രദ്ധാപൂർവം പരിഭാഷപ്പെടുത്തിയ ആ കൃതി ഇപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമി തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജീവിതപ്പാത തമിഴിലെത്തിക്കാൻ അനുവാദം തരണം എന്ന് ഞാൻ കേന്ദ്ര സാഹിത്യ അക്കാദമിയോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആദ്യം അവർ അതിൽ വലിയ താൽപ്പര്യം കാട്ടിയില്ലെങ്കിലും എന്റെ സുദീർഘമായ

നിർബന്ധത്തിന്റെ ഫലമായി നാലഞ്ചു വർഷം മുമ്പ് അനുവാദം നൽകുകയായിരുന്നു. ഒന്നര വർഷത്തോളമെടുത്ത് ശ്രദ്ധാപൂർവം പരിഭാഷപ്പെടുത്തിയ ആ കൃതി ഇപ്പോൾ കേന്ദ്ര സാഹിത്യ അക്കാദമി തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അയ്യങ്കാളിയുടെ ജീവചരിത്രം മുതൽ കേരള ഗോത്ര കവിതകൾ വരെ ഞാൻ തമിഴിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, സാമൂഹികമായ മാറ്റങ്ങൾക്കുതകുന്ന കൃതികൾ രചിച്ചിട്ടുള്ളവരുടെ പുസ്തകങ്ങൾ തെരഞ്ഞെടുക്കാനാണ്‌ താൽപ്പര്യം. പുരോഗമനാശയങ്ങളും ഇടതുപക്ഷ വീക്ഷണങ്ങളുമുള്ള പുസ്തകങ്ങളാണ് ഞാൻ കൂടുതലും പരിഭാഷപ്പെടുത്തുന്നത്.

അതേ സമയം, ഇടതുപക്ഷത്തെ വിമർശിക്കുന്ന എം സുകുമാരനെപ്പോലുള്ളവരുടെ കൃതികളും ഞാൻ വിവർത്തനം ചെയ്തിട്ടുണ്ട്. ഒരു ഭാഷയുടെ ഗതി തന്നെ മാറ്റാനുള്ള കഴിവ് പരിഭാഷകൾക്കുണ്ട്. സാഹിത്യാസ്വാദനപരത മാത്രം അടിസ്ഥാനമാക്കിയല്ല ഞാൻ പരിഭാഷയ്ക്കായി പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നത്. ഭാഷാന്തര പ്രക്രിയയിലൂടെ എന്റെ ഭാഷയ്ക്ക് ഞാൻ ചില അടയാളങ്ങൾ ചൂണ്ടിക്കാട്ടുക കൂടി ചെയ്യുന്നു.

ഇവർക്കു തുല്യരായ എഴുത്തുകാർ തമിഴ് സാഹിത്യലോകത്തും വളർന്നുവരണം എന്ന അഭിവാഞ്ഛയാണ് ഈ തെരഞ്ഞെടുപ്പിന്‌ പിന്നിലുള്ളത്. തമിഴിലെ ആത്മകഥാ സാഹിത്യ മേഖലയിൽ വലിയൊരു വിടവ് ഉള്ളതായി എനിക്കു തോന്നുന്നു. ആ വിടവ്‌ നികത്താനുള്ള കഴിവ് ജീവിതപ്പാതയ്ക്കുണ്ട്. അതിനാൽ, പുതുമയും മികവും പുലർത്തുന്ന ഒരാത്മകഥ തമിഴ് വായനക്കാർക്ക്‌ സമ്മാനിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.

ജീവിതപ്പാത ഇതുവരെ മലയാളത്തിൽ എഴുതപ്പെട്ട ആധുനിക ആത്മകഥാ രചനകളുടെ ശൃംഖലയിൽ മാത്രമല്ല, ഇന്ത്യൻ ഭാഷകളിലുണ്ടായ ഇത്തരം കൃതികളിൽത്തന്നെ ഏറ്റവും മുൻപന്തിൽ നിൽക്കുന്ന പുസ്തകമാണ്. ആർക്കും അവഗണിക്കാനാവാത്തത്ര മൂല്യം നിറഞ്ഞ ഒരു ആത്മകഥയാണിത്.

ചെറുകാടിന്റെ ജീവിതപ്പാത ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങൾ ആവിഷ്‌കരിക്കുന്ന പുസ്തകം എന്ന നിലയിൽ ശ്രദ്ധനേടുമ്പോൾത്തന്നെ ഒരു സമൂഹത്തിന്റെ സാക്ഷ്യപത്രമായി ജ്വലിച്ചു നിൽക്കുകയും ചെയ്യുന്നു.

തന്റെ ജീവിതവഴിയിൽ നേരിട്ട അനുഭവങ്ങളെ അതതു പശ്ചാത്തലങ്ങൾക്കനുസൃതമായി ചെറുകാട് ഈ കൃതിയിൽ ചിത്രീകരിച്ചിരിക്കുന്നു. സത്യം മറച്ചുവയ്ക്കാതെയും മനുഷ്യസ്വഭാവത്തെ അതിഭാവുകത്വത്തോടെ അവതരിപ്പിക്കാതെയും യഥാതഥമായി വരച്ചുകാട്ടുന്നതാണ് ജീവിതപ്പാതയുടെ മഹത്വം.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ അമ്പതു വർഷങ്ങളിൽ കേരളീയ സമൂഹം എങ്ങനെയാണ് ആധുനികവൽകൃതമായ മാറ്റങ്ങൾക്ക്‌ വിധേയമായത് എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളും വിശദീകരണങ്ങളുമാണ് ജീവിതപ്പാതയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നത്. ഈ കാലഘട്ടത്തിൽ ഇലകളുതിർത്ത് പൂ ചൂടി നിൽക്കുന്ന കണിക്കൊന്ന പോലെ പഴയ കേരളം അടിമുടി മാറുന്നത് നമുക്ക്‌ കാണാൻ കഴിയുന്നു.

എ കെ ജി

എ കെ ജി

വി ടി

വി ടി

എൻ എൻ പിള്ള

എൻ എൻ പിള്ള

മലയാള സാഹിത്യത്തിൽ പുരോഗമന ആശയങ്ങളുള്ള വ്യക്തികൾ രചിച്ച ധാരാളം ആത്മകഥകളുണ്ട്. എ കെ ജിയുടെ കൊടുങ്കാറ്റിന്റെ മാറ്റൊലി, വി ടി ഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും, എൻ എൻ പിള്ളയുടെ ഞാൻ തുടങ്ങിയവ ഈ ശ്രേണിയിൽ പ്രാധാന്യമർഹിക്കുന്നവയാണ്. എന്നാൽ ചെറുകാടിന്റെ ജീവിതപ്പാത, ഒരു ആത്മകഥ എന്നതിലുപരി മനോഹരമായ ഒരു നോവലിന്റെ ആസ്വാദ്യത പകർന്നു തരുന്നതാണ്.

ഒരു നോവലിന്റെ ഘടനാപരമായ സവിശേഷതകൾ കൃതിയുടെ പല ഭാഗത്തും കാണാം. കാൽപ്പനികതയുടെ സൂക്ഷ്മവും സുന്ദരവുമായ ഭാവങ്ങൾ ഇതിൽ ചിതറിക്കിടക്കുന്നുണ്ട്. ജീവിതത്തിലെ വഴിത്തിരിവുകൾ തീവ്രവും ഭാവസാന്ദ്രവുമായ ഭാഷയിൽ പുസ്‌തകത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ചെറുകഥകൾക്കു സമാനമായ ഒട്ടനവധി സന്ദർഭങ്ങൾ ജീവിതപ്പാതയിലുണ്ട്.

ജയമോഹൻ

ജയമോഹൻ

ചുരുക്കിപ്പറഞ്ഞാൽ, നോവലുകളും ചെറുകഥകളും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഒരു ഇതിഹാസ കൃതിയാണ് ജീവിതപ്പാത.  76 അധ്യായങ്ങളുള്ള ഈ പുസ്തകത്തിലെ ഓരോ അധ്യായവും ഒരു നോവലായോ ചെറുകഥയായോ ജ്വലിച്ചു നിൽക്കുന്നതായി കാണാം. എഴുത്തുകാരനായ ജയമോഹൻ ജീവിതപ്പാതയെപ്പറ്റി പറഞ്ഞ ചില കാര്യങ്ങൾ ഏറെ പ്രസക്തമാണ്. 

‘‘ഇന്നു നോക്കുമ്പോൾ ചെറുകാടിന്റെ ജീവിതവ്യാപ്തി നമ്മെ വിസ്മയിപ്പിക്കുന്നു. സമരങ്ങൾ, ജയിൽവാസങ്ങൾ, ഉന്നതമായ ലക്ഷ്യങ്ങൾ, സ്വപ്നങ്ങൾ, തളർച്ചകൾ, ഉയിർത്തെഴുന്നേൽപ്പുകൾ, ആവേശകരമായ എഴുത്തും വായനയും, നിരന്തര സഞ്ചാരങ്ങൾ, ഇന്ത്യൻ സ്വാതന്ത്ര്യ സമരം, കമ്യൂണിസ്റ്റ് പ്രക്ഷോഭങ്ങൾ, പ്രസ്ഥാനത്തിന്റെ നിരോധനം, പാർടിയുടെ അധികാരലബ്ധി... തുടങ്ങി എത്രയെത്ര സംഭവങ്ങൾ! ആ തലമുറയുടെ സ്വപ്നങ്ങൾ നൂറുമേനി വിളഞ്ഞ കാലത്തിൽ ജീവിക്കാൻ സാധിച്ചതിന്റെ സൗഭാഗ്യം.’’

ജീവിതപ്പാതയിൽ പാവങ്ങൾ എന്ന ഒരധ്യായമുണ്ട്. ചെറുകര നാടുവാഴി കുടുംബത്തിന്റെ തറവാട്ടുകാര്യങ്ങൾ നടത്തുന്നത് രാമനുണ്ണിപ്പിഷാരടിയാണ്. സാമൂഹ്യരംഗത്ത്‌ പ്രവർത്തിക്കുന്ന യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണിദ്ദേഹം.

‘കൂപമണ്ഡൂകമായിരുന്ന എന്നെ എനിക്കു കാട്ടിത്തന്ന ആൾ’ എന്നാണ് ചെറുകാട് രാമനുണ്ണിപ്പിഷാരടിയെ വിശേഷിപ്പിക്കുന്നത്. വിക്‌ടർ ഹ്യൂഗോയുടെ ലെസ് മിസറബിൾ (പാവങ്ങൾ) എന്ന നോവലിന്റെ കഥ പിഷാരടി ചെറുകാടിന്‌ പറഞ്ഞുകൊടുക്കുന്നു. ആ പുസ്തകം വായിച്ചാൽ പുതിയ വെളിച്ചം കിട്ടുമെന്നും ഉപദേശിക്കുന്നു. തന്റെ കയ്യിലുണ്ടായിരുന്ന ആ കൃതിയുടെ മലയാള പരിഭാഷ വായിക്കാൻ കൊടുക്കുന്നു.

അദ്ദേഹത്തിന്റെ വീട്ടിൽ താമസിച്ച് ആ പുസ്തകം വായിക്കാനുള്ള സഹായവും ചെയ്യുന്നുണ്ട്. ആ പുസ്തകം പിൽക്കാലത്ത് ചെറുകാടിന്റെ രാഷ്ട്രീയ, സാമൂഹിക, സാഹിത്യ പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങളുണ്ടാവാൻ കാരണമാകുന്നു.

ചെറുകാട്‌

ചെറുകാട്‌

അദ്ദേഹത്തിന്റെ കർമമേഖലകളിൽ നവോന്മേഷവും ആവേശവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്നു. ഒരു വിവർത്തന ഗ്രന്ഥം ഒരാളെ പുതിയൊരു മനുഷ്യനാക്കി മാറ്റുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് ജീവിതപ്പാത നമുക്ക്‌ നൽകുന്നു.

ഒരേസമയം ഒരു കാലഘട്ടത്തിന്റെ നവോത്ഥാനത്തെയും പഴമയുടെ പതനത്തെയും നമ്മുടെ കൺമുന്നിൽ കാട്ടുന്ന പുസ്തകമാണ് ജീവിതപ്പാത.  രാഷ്ട്രീയവും സംസ്കാരവും സാഹിത്യവുമൊക്കെ പുതിയൊരു ദിശയിലേക്ക്‌ സഞ്ചരിക്കുന്ന ഈ ആധുനിക കാലത്ത്, ചെറുകാടിനെപ്പോലെയുള്ള പൂർവസൂരികൾ തെളിച്ചിട്ട പാതയാണ് നമ്മെ നയിക്കുന്നത്.

അക്കാരണത്താൽത്തന്നെ ഈ കൃതി ആഴത്തിൽ വായിക്കപ്പെടേണ്ടതുണ്ട്. ഒപ്പം മറ്റു ഭാഷകളിൽ ഇത് വിവർത്തനം ചെയ്യപ്പെടേണ്ടതും അത്യാവശ്യമാണ്.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിക്കുന്ന കൃതികൾ 22 ഭാരതീയ ഭാഷകളിൽ വിവർത്തനം ചെയ്യാൻ അർഹതയുള്ളവയാണ്. എന്നാൽ, കഴിഞ്ഞ 50 വർഷമായി ജീവിതപ്പാത മറ്റൊരു ഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല. എന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി ഇത് പരിഭാഷപ്പെടുത്തി തമിഴിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്.

ഇടതുപക്ഷ സഹയാത്രികരായ ഒട്ടനവധി എഴുത്തുകാർ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉന്നതസ്ഥാനങ്ങളിൽ എല്ലാക്കാലത്തുമുണ്ടായിരുന്നു. എങ്കിലും മഹത്തരമായ ഈ ആത്മകഥ മറ്റു ഭാരതീയ ഭാഷകളിലേക്കെത്തിക്കാനുള്ള നടപടികൾ ഇവരാരും സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന്‌ മനസ്സിലാകുന്നില്ല.

കുറഞ്ഞപക്ഷം കന്നടത്തിലും തെലുങ്കിലും ഹിന്ദിയിലുമെങ്കിലും പരിഭാഷപ്പെടുത്തേണ്ട കൃതിയാണിത്.  ഒരഭ്യർഥനയും നിർദേശവും എന്ന നിലയിൽ ഞാനിക്കാര്യം അവതരിപ്പിക്കുന്നു.

 

ദേശാഭിമാനി വാരികയിൽ നിന്ന്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top