12 December Thursday
പി ജയരാജനുമായി റഫീഖ് ഇബ്രാഹിമിന്റെ അഭിമുഖം

മുസ്ലിം രാഷ്‌ട്രീയവും രാഷ്‌ട്രീയ ഇസ്ലാമും

പി ജയരാജൻ/ റഫീഖ്‌ ഇബ്രാഹിംUpdated: Wednesday Dec 4, 2024


"കേരളത്തിലേക്കുള്ള ഇസ്ലാം മതത്തിന്റെ വരവ് മതപ്രചാരകരിലൂടെയാണ് എന്ന വാദം പ്രബലമായി നിലവിലുണ്ട് എങ്കിലും ഞാൻ പിൻപറ്റുന്ന നിലപാട് അതല്ല. സെബാസ്റ്റ്യൻ ആർ പ്രാംഗെ വിശദമായി പ്രതിപാദിച്ചതുപോലെ കച്ചവടം വഴി വ്യാപരിച്ച വിശ്വാസസംഹിതയായി വേണം കേരളത്തിലെ ഇസ്ലാമിനെ മനസ്സിലാക്കാൻ."

-പി ജയരാജൻ

 

കേരളം: മുസ്ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം എന്ന പുസ്തകത്തെ മുൻനിർത്തി പി ജയരാജനുമായി റഫീഖ് ഇബ്രാഹിം നടത്തിയ അഭിമുഖം
 

സിപിഐ എമ്മിന്റെ വൈത്തിരി ഏരിയാ സമ്മേളന നഗരിയിൽ വച്ചാണ് സഖാവ്‌ പി ജയരാജനുമായി സംസാരിക്കാൻ അവസരം ലഭിച്ചത്. അദ്ദേഹത്തിന്റെ പുതിയ കൃതിയായ കേരളം: മുസ്ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം എന്ന പുസ്‌തകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംഭാഷണം. പ്രസിദ്ധപ്പെടുത്തി ഒരു മാസമേ പിന്നിട്ടുള്ളൂ എങ്കിലും അഞ്ചാം പതിപ്പിലേക്ക് ഇതിനകം പുസ്‌തകം എത്തിച്ചേർന്നിരിക്കുന്നു.

ആ നിലയിൽ സമീപകാലത്ത് മലയാളത്തിൽ ഒരു പഠനഗ്രന്ഥത്തിനും ലഭിക്കാത്ത സ്വീകാര്യത ഈ പുസ്‌തകത്തിന്‌ ലഭിച്ചുകൊണ്ടിരിക്കുകയാണ്. പ്രസിദ്ധീകരിച്ച അന്നുമുതൽ മാതൃഭൂമിയുടെ ‘ടോപ്പ് ടെൻ' വായനാ ലിസ്‌റ്റിൽ ഈ പുസ്‌തകമുണ്ട്. ഈ ലിസ്‌റ്റിലെ മറ്റ് ഒൻപത് പുസ്‌തകങ്ങളും നോവലുകളോ കഥകളോ ആണെന്നതും ചേർത്തുവായിക്കേണ്ടതാണ്.

പി ജയരാജൻ -   ഫോട്ടോ:  എം എ ശിവപ്രസാദ്‌

പി ജയരാജൻ - ഫോട്ടോ: എം എ ശിവപ്രസാദ്‌

താരതമ്യേന വിപുലമായ സ്വീകാര്യതയാണ് പുസ്‌തകത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നു സാരം. മറുഭാഗത്താവട്ടെ, പ്രകാശനവേദിക്ക് പുറത്തുവച്ചുതന്നെ പിഡിപി പ്രവർത്തകർ പ്രതിഷേധിക്കുകയും പുസ്‌തകം പുറംചട്ടയുരിഞ്ഞ് അഗ്നിക്കിരയാക്കുകയുമുണ്ടായി. കടുത്ത വിമർശനങ്ങൾക്കും ആക്രമണങ്ങൾക്കും പുസ്‌തകം വിധേയമാകുന്നു എന്നർഥം.

പുസ്‌തകത്തിൽ ചർച്ച ചെയ്യുന്ന പ്രമേയങ്ങളെ സംബന്ധിച്ച് പ്രസക്തിയും പ്രാധാന്യവും നിലനിൽക്കെത്തന്നെ (അവയെക്കുറിച്ച് അഭിമുഖാനന്തരം ചേർത്തിട്ടുള്ള കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്) സ്വീകാര്യ/ വിമർശനങ്ങളിലൂടെ ഒരു സംവാദമണ്ഡലത്തെത്തന്നെ സൃഷ്ടിക്കാൻ ജനകീയ രാഷ്‌ട്രീയ പ്രവർത്തകരിലൊരാളുടെ കൃതിക്ക് കഴിയുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്.

പൊതുവെ ദൃശ്യമാധ്യമങ്ങളിലെ സായാഹ്നചർച്ചകളോ അതിലെ അവതാരകരോ പൊതുസംവാദങ്ങളെ നിർണയിക്കുന്ന ഘടന കേരളത്തിൽ ഇതിനകം രൂപപ്പെട്ടിട്ടുണ്ട്. രാഷ്‌ട്രീയനേതൃത്വങ്ങൾ പലപ്പോഴും ‘ദൃശ്യമാധ്യമ നിർണയനപര’മായ ഈ വ്യവഹാരത്തിൽ പങ്കുചേരുകയാണ് ചെയ്യുന്നത്.

മറ്റൊരു ഭാഷയിൽ, ഒന്ന്, രണ്ട് തലമുറ രാഷ്‌ട്രീയനേതൃത്വം ‘ഡിസ്‌കോഴ്സിനെ ഡ്രൈവ്' ചെയ്‌തിരുന്നവരായിരുന്നെങ്കിൽ വർത്തമാനകാലത്ത് രാഷ്‌ട്രീയനേതൃത്വത്തിന്റെ ഈ ശേഷി പിന്നോട്ടുപോവുകയാണ്.

‘ഉത്തരാധുനിക ദൃശ്യരാഷ്‌ട്രീയം' എന്ന്‌ വിശേഷിപ്പിക്കാൻ കഴിയുന്ന ഈ പ്രതിഭാസം, തെരെഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലും പ്രതിഫലിച്ചുതുടങ്ങി എന്നതാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തരുന്ന സൂചനയും. വിജയിച്ച സ്ഥാനാർഥിയും, ‘ഫാക്ടർ' ആയി എന്നു മാധ്യമങ്ങൾ തന്നെ ചൂണ്ടിക്കാട്ടുന്ന ‘പരിവർത്തിത (?) സംഘപരിവാർ സഹചാരിയും' ‘ദൃശ്യമാധ്യമ സംസ്‌കാരം’ രൂപപ്പെടുത്തിയവരാണ് എന്നത് പ്രധാനമാണ്.

പൊതുമണ്ഡലത്തിൽ ആശയസംവാദങ്ങളുടെ അലകടൽ സൃഷ്ടിക്കുകയും അവ തെരഞ്ഞെടുപ്പിന്റെ ഫലത്തെ നിർണയിക്കുന്ന നിലയിൽ സിവിൽ സൊസൈറ്റിയെ സ്വാധീനിക്കുകയും ചെയ്‌തുപോന്ന ഘടനയ്‌ക്കു പകരം, ഉപരിപ്ലവതകളിലും താർക്കികതയിലും പരപ്പിലും കെട്ടുകാഴ്‌ചകളിലും മുഴുകാൻ രാഷ്‌ട്രീയമണ്ഡലത്തെ സമ്മർദത്തിലാക്കുക കൂടിയാണ് ഈ പ്രതിഭാസത്തിന്റെ ആത്യന്തിക ഫലമാവുക.

ആ നിലയിൽ നമ്മുടെ രാഷ്‌ട്രീയ വ്യവസ്ഥയെ ദൃശ്യമാധ്യമ സംസ്‌കാരം ഹൈജാക്ക്‌ ചെയ്യുന്ന ഘട്ടത്തിലാണ് പി ജയരാജന്റെ പുസ്‌തകം പുതിയ ‘ഡ്രൈവ് ഫോഴ്‌സാ’യി രംഗപ്രവേശം ചെയ്യുന്നത്. ഈ മാറ്റത്തെ, അതിന്റെ ധനാത്മകഫലത്തെ അംഗീകരിച്ചുകൊണ്ടേ നമുക്ക്‌ ഈ പുസ്‌തകത്തിലേക്കു കടക്കാൻ കഴിയൂ.

പുതുതായിറങ്ങുന്ന അഞ്ചാം പതിപ്പിൽ പുസ്‌തകത്തിനെതിരെ ഉയർന്ന വിമർശനങ്ങളെ പരിഗണിച്ചുകൊണ്ട് ചില കൂട്ടിച്ചേർക്കലുകൾ താൻ നടത്തുന്നതായും പി ജയരാജൻ സൂചിപ്പിക്കുകയുണ്ടായി. അബ്ദുന്നാസർ മഅദനിയുടെ നിലപാട് മാറ്റവുമായി ബന്ധപ്പെട്ട തന്റെ നിരീക്ഷണങ്ങളെ ഒന്നുകൂടി സൂക്ഷ്മമാക്കാനാണ് ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആ നിലയിൽ വിമർശനങ്ങളോട് തുറന്ന സമീപനം പുലർത്തുന്ന ഒരു ഗ്രന്ഥകർത്താവിനെക്കൂടിയാണ് ഇവിടെ നാം കണ്ടുമുട്ടുന്നത്. ഈ സംഭാഷണത്തിനായുള്ള ഭൗതികസാഹചര്യങ്ങൾ ഒരുക്കിത്തന്ന സുഹൃത്തും സിപിഐ എം വൈത്തിരി ഏരിയാ സെക്രട്ടറിയുമായ സി യൂസഫിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട്, സംഭാഷണത്തിലേക്കു കടക്കാം.

? താങ്കളുടെ പുസ്‌തകത്തിന്റെ ശീർഷകത്തിൽ നിന്നാരംഭിക്കാം. ‘മുസ്ലിം രാഷ്‌ട്രീയം’, ‘രാഷ്‌ട്രീയ ഇസ്ലാം’ എന്നീ രണ്ട് പ്രയോഗങ്ങൾ ശീർഷകത്തിൽ കാണുന്നു. കേരളത്തിലെ മുസ്ലിങ്ങൾക്കിടയിലെ രാഷ്‌ട്രീയഘടനയെ ഇങ്ങനെ വേർതിരിക്കുന്നതിന്റെ യുക്തിയും സാധുതയും എന്താണ്? അത്തരമൊരു വേർതിരിക്കലിന് എത്രത്തോളം പ്രസക്തിയുണ്ട്?

 = ഒരു മാർക്‌സിസ്‌റ്റ്‌ എന്ന നിലയിൽ കേരളത്തിലെ മുസ്ലിം സമുദായ രൂപീകരണം, വർത്തമാന രാഷ്‌ട്രീയഘടന എന്നിവയെ പരിശോധിക്കുകയാണ് ഈ പുസ്‌തകത്തിന്റെ താൽപ്പര്യം. ആദ്യമേ പറയാം, ഞാനൊരു അക്കാദമീഷ്യനോ

പി ജയരാജനും റഫീഖ്‌ ഇബ്രാഹിമും അഭിമുഖത്തിനിടെ - ഫോട്ടോ: ശിവപ്രസാദ്‌ എം എ

പി ജയരാജനും റഫീഖ്‌ ഇബ്രാഹിമും അഭിമുഖത്തിനിടെ - ഫോട്ടോ: ശിവപ്രസാദ്‌ എം എ

ചരിത്ര സാമൂഹ്യശാസ്‌ത്ര പണ്ഡിതനോ അല്ല. എല്ലാ അർഥത്തിലും ഒരു രാഷ്‌ട്രീയപ്രവർത്തകനാണ്.

രാഷ്‌ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ചില കാര്യങ്ങളിൽ വ്യക്തത വരുത്തുക, മനസ്സിലാക്കിയ ചിലത് പൊതുമണ്ഡലത്തിലേക്കെത്തിക്കുക എന്ന താൽപ്പര്യങ്ങളാൽ എഴുതിയ പഠനമാണിത്. ഡയലക്ടിക്കലായ പരിചരണരീതി പരമാവധി പിൻപറ്റാൻ ശ്രമിച്ചിട്ടുണ്ട്.

 സെബാസ്റ്റ്യൻ ആർ പ്രാംഗെ

സെബാസ്റ്റ്യൻ ആർ പ്രാംഗെ

അതനുസരിച്ചുള്ള എന്റെ ഉത്തമബോധ്യം കേരളത്തിലെ മുസ്ലിം സമുദായരൂപീകരണത്തെയും വർത്തമാനരാഷ്‌ട്രീയവ്യവസ്ഥയെയും മനസ്സിലാക്കാൻ ‘മുസ്ലിം രാഷ്‌ട്രീയ’ത്തെയും ‘രാഷ്‌ട്രീയ ഇസ്ലാമി’നെയും വകതിരിക്കേണ്ടതുണ്ട് എന്നതു തന്നെയാണ്.

കേരളത്തിലേക്കുള്ള ഇസ്ലാം മതത്തിന്റെ വരവ് മതപ്രചാരകരിലൂടെയാണ് എന്ന വാദം പ്രബലമായി നിലവിലുണ്ട്, എങ്കിലും ഞാൻ പിൻപറ്റുന്ന നിലപാട് അതല്ല. സെബാസ്റ്റ്യൻ ആർ പ്രാംഗെ വിശദമായി പ്രതിപാദിച്ചതുപോലെ കച്ചവടം വഴി വ്യാപരിച്ച വിശ്വാസസംഹിതയായി വേണം കേരളത്തിലെ ഇസ്ലാമിനെ മനസ്സിലാക്കാൻ.

വടക്കുപടിഞ്ഞാറൻ മൺസൂൺ, തെക്കുകിഴക്കൻ മൺസൂൺ എന്നിവ സൃഷ്ടിക്കുന്ന ചക്രവാതങ്ങൾക്കനുസൃതമായി അറേബ്യൻ ദേശങ്ങളിൽ നിന്നെത്തുകയും തിരികെ പോവുകയും ചെയ്‌ത കച്ചവടക്കപ്പലുകൾ വഴി വ്യാപിച്ച ഒന്നായാണല്ലോ പ്രാംഗെ കേരളത്തിലെ ഇസ്ലാമിനെ കാണുന്നത്. വ്യാപാരികളായെത്തിയവർക്ക് തിരികെ പോകാൻ കാലാവസ്ഥ അനുകൂലമാവുന്നതു വരെ, അഥവാ മഴക്കാലം മുഴുക്കെ ഇവിടെ കഴിയേണ്ടിവന്നു.

കുമാരനാശാൻ

കുമാരനാശാൻ

അങ്ങനെ ചരക്കുകളുടെ കൈമാറ്റം എന്നതുപോലെ മനുഷ്യർ തമ്മിലും ആശയതലത്തിലും സാംസ്‌കാരികതലത്തിലുമുള്ള കൊടുക്കൽ വാങ്ങലുകൾ നിശ്ചയമായും നടന്നിരിക്കണം. ആശാൻ ദുരവസ്ഥയിൽ (തീർച്ചയായും അതിലെ ക്രൂരമുഹമ്മദർ തുടങ്ങിയ വിശേഷണങ്ങളോട് നാം വിയോജിക്കുമ്പോൾ പോലും) സംശയലേശമന്യേ പറയുന്നുണ്ട്;

'കേരളത്തിങ്കൽ മുസൽമാന്മാർ പശ്ചിമ പാരങ്ങളിൽനിന്നു വൻകടലിൻ/ ചീറും തിരകൾ കടന്നോ ഹിമാലയ/ മേറിയോ വന്നവരേറെയില്ല’ എന്ന്. പിന്നെയോ? 'ഹന്ത! നായന്മാർ തുടങ്ങിക്കീഴ്‌പോട്ടുള്ള/ ഹിന്ദുക്കളായുമിരുന്നോരത്രേ, ആട്ടും, വിലക്കും, വഴിയാട്ടും, മറ്റുമിക്കൂട്ടർ/ സഹിച്ചു പൊറുതിമുട്ടി വിട്ടതാം ഹിന്ദുമതം – ജാതിയാൽ താനെ/ കെട്ടുകഴിഞ്ഞ നമ്പൂരിമതം’.

കേരളത്തിലെ ഒരു പഴയകാല മുസ്ലിം കുടുംബം

കേരളത്തിലെ ഒരു പഴയകാല മുസ്ലിം കുടുംബം

അതായത് നിലവിലുണ്ടായിരുന്ന വർണാശ്രമ വ്യവസ്ഥയും അത് സൃഷ്ടിച്ച ജീവിതാവസ്ഥയും ഇസ്ലാമിന്റെ വ്യാപനത്തിന് ഇവിടെ ആക്കം കൂട്ടിയ ഘടകങ്ങളാണ്.

മതം മാറുന്നതോടെ ‘അസ്‌പൃശ്യത' ഇല്ലാതാവുന്ന, മറ്റൊരു ഭാഷയിൽ ‘മനുഷ്യരാ'യി മാറുന്ന ഒരു വിചിത്രപ്രതിഭാസമായിരുന്നല്ലോ കേരളത്തിലെ ജാതിവ്യവസ്ഥ. സ്വാഭാവികമായും സാഹോദര്യം, കാരുണ്യം എന്നിവ ഉയർത്തിപ്പിടിച്ച ഇസ്ലാമിന്റെ ആശയപരിസരത്തിലേക്ക് കീഴാളജനവിഭാഗം വലിയ തോതിൽ കടന്നുവന്നിരിക്കണം.

മതം മാറുന്നതോടെ ‘അസ്‌പൃശ്യത' ഇല്ലാതാവുന്ന, മറ്റൊരു ഭാഷയിൽ ‘മനുഷ്യരാ'യി മാറുന്ന ഒരു വിചിത്രപ്രതിഭാസമായിരുന്നല്ലോ കേരളത്തിലെ ജാതിവ്യവസ്ഥ. സ്വാഭാവികമായും സാഹോദര്യം, കാരുണ്യം എന്നിവ ഉയർത്തിപ്പിടിച്ച ഇസ്ലാമിന്റെ ആശയപരിസരത്തിലേക്ക് കീഴാളജനവിഭാഗം വലിയ തോതിൽ കടന്നുവന്നിരിക്കണം. സൂഫി പണ്ഡിതരുടെ പ്രഭാവത്തെയും നമ്മൾ കാണണം. മതത്തെ കരുണയുടെ പരമകോടിയായി കണ്ടവരാണവർ.

ഇങ്ങനെ നാനാപ്രകാരത്തിൽ മലബാർ തീരത്ത് കിട്ടിയ സ്വീകാര്യതയാണ് ഇസ്ലാമിന്റെ വ്യാപനത്തിന് ഇടയാക്കിയത്. അതായത് പ്രവാചകകാലഘട്ടത്തിലോ, ഖലീഫമാരുടെ കാലത്തോടെയോ അറേബ്യയിൽ രൂപീകൃതമായ ഇസ്ലാമിന്റെ വ്യവസ്ഥാപിതരൂപം അതേപടി വിവർത്തനം ചെയ്യപ്പെടുകയല്ല ഉണ്ടായത്.

സ്വാഭാവികമായും തദ്ദേശീയ സംസ്‌കാരവുമായുള്ള കൊള്ളകൊടുക്കലുകളും വഴക്കങ്ങളും ഇവിടുത്തെ ഇസ്ലാമിനുണ്ട്. എന്റെ ചെറുപ്പകാലത്തൊക്കെ നാട്ടിലുള്ള പല മുസ്ലിം പള്ളികളിലും വിളക്കുകത്തിക്കുക എന്നത് ആചാരമെന്നതുപോലെ നിലവിലുണ്ടായിരുന്നു. ഇസ്ലാം മതത്തിന്റെ അടിസ്ഥാന സംഹിതകൾ പ്രകാരം വിളക്കിന് ആചാരപരമായ പ്രാധാന്യങ്ങളൊന്നുമില്ല. ഞാനിതിലെ ശരിതെറ്റുകളെക്കുറിച്ചല്ല പറയുന്നത്.

മറിച്ച് ‘പാഠ'ത്തിനപ്പുറം കടന്ന് കലർപ്പിനെ സ്വാഭാവികമായി ആഗിരണം ചെയ്‌ത കേരളീയ മുസ്ലിം പാരമ്പര്യത്തെക്കുറിച്ചാണ്. മാപ്പിളമാർ സാമൂതിരിയുടെ വിശ്വസ്‌ത ഭടന്മാരായിരുന്നു എന്നതും ഒരു ചരിത്രയാഥാർഥ്യമാണ്.

അതെങ്ങനെയാണ്, ഇസ്ലാമികമല്ലാത്ത ഒരു ഭരണസംവിധാനത്തിൽ മധ്യകാലത്തെ മാപ്പിളമാർ വിശ്വസ്‌ത പടനായകരായി മാറിയത്? സൈനുദ്ദീൻ മഖ്‌ദുമിന്റെ തുഹ്ഫത്തുൽ മുജാഹിദീൻ നോക്കിയാൽ നമുക്കിതിന്റെ ആശയാടിത്തറ വ്യക്തമാകും.

ഒരു ഇസ്ലാം മതരാഷ്‌ട്ര സ്ഥാപനത്തെക്കാൾ ഇസ്ലാമികമല്ലാത്ത ഭരണസംവിധാനത്തോട് സഹകരിക്കേണ്ടുന്നതിന്റെ ആവശ്യകതയും അതിനായുള്ള മതനിർദേശങ്ങളുമാണ് തുഹ്ഫത്തുൽ മുജാഹിദീനിലെ പ്രധാനമായ ഒരു ചർച്ച.

മലബാർ കലാപത്തിലെ പോരാളികളെ ബ്രിട്ടീഷ്‌ പൊലീസ്‌ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു

മലബാർ കലാപത്തിലെ പോരാളികളെ ബ്രിട്ടീഷ്‌ പൊലീസ്‌ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു

ഇങ്ങനെ കൊള്ളകൊടുക്കലുകളിലൂടെയും സാംസ്‌കാരിക വഴക്കങ്ങളിലൂടെയും വികസിച്ച മുസ്ലിം ജീവിതത്തെയും തീർച്ചയായും സാമുദായികമോ അല്ലാത്തതോ ആയ അവരുടെ രാഷ്‌ട്രീയ താൽപ്പര്യങ്ങളെയും നമുക്ക് ‘മുസ്ലിം രാഷ്‌ട്രീയം’ എന്നു വിളിക്കാം. ആ ധാരയാണ് കേരളത്തിൽ പ്രബലം. ‘രാഷ്‌ട്രീയ ഇസ്ലാം’ (Political Islam) ഇതിൽനിന്ന്‌ ഭിന്നമാണ്.

ഇത്തരം സംഘങ്ങളുടെ നിലപാട് നേർവിപരീത ദിശയിലാണ്. മതരാഷ്‌ട്രം സ്ഥാപിക്കുക എന്നതാണ് അവരുടെ ലക്ഷ്യം തന്നെ. അതായത്

സൈനുദ്ദീൻ മഖ്‌ദും പറയുന്ന ‘ദാറുൽ ഹർബി’നു പകരം രാഷ്ട്രീയ ഇസ്ലാം ‘ഹുഖ്‌മത്തെ ഇലാഹി’യെ ആണ് ഉയർത്തിപ്പിടിക്കുന്നത്. ദാറുൽ ഹർബ് സഹകരണത്തിന്റെ, ഉൾച്ചേരലിന്റെ, ഉൾക്കൊള്ളലിന്റെ വഴിയാണ്. രണ്ടാമത്തേത് പുറത്താക്കലിന്റെ, ഇതരമതങ്ങളോടുള്ള വെറുപ്പിന്റെ വഴിയും.

സൈനുദ്ദീൻ മഖ്‌ദും പറയുന്ന ‘ദാറുൽ ഹർബി’നു പകരം രാഷ്ട്രീയ ഇസ്ലാം ‘ഹുഖ്‌മത്തെ ഇലാഹി’യെ ആണ് ഉയർത്തിപ്പിടിക്കുന്നത്. ദാറുൽ ഹർബ് സഹകരണത്തിന്റെ, ഉൾച്ചേരലിന്റെ, ഉൾക്കൊള്ളലിന്റെ വഴിയാണ്. രണ്ടാമത്തേത് പുറത്താക്കലിന്റെ, ഇതരമതങ്ങളോടുള്ള വെറുപ്പിന്റെ വഴിയും. ഇവയെ വേർതിരിച്ചറിഞ്ഞ് ഈ രണ്ടാം ധാരയെ നാം പൊതുസമൂഹത്തിൽ നിന്നകറ്റി നിർത്തേണ്ടതുണ്ട്. വെറുപ്പാണ് അവരുടെ ആശയസംഹിത എന്നതിനാൽത്തന്നെ.

? കേരളത്തിലെ മുസ്ലിം ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമേറിയ ചരിത്രസംഭവമാണ് മലബാർ കലാപം. കലാപത്തിന്റെ വർഗാടിത്തറ വിശദമാക്കാൻ ഇ എം എസ് മുതലിങ്ങോട്ട് ധാരാളം മാർക്‌സിസ്‌റ്റ്‌ പഠിതാക്കൾ ശ്രമിച്ചിട്ടുണ്ട്. താങ്കളുടെ

ഇ എം എസ്

ഇ എം എസ്

പുസ്‌തകവും അത്തരമൊരു നിലപാടാണ് പുലർത്തുന്നത്. പുതിയ ഏതെല്ലാം നിരീക്ഷണങ്ങളാണ് താങ്കളവതരിപ്പിക്കുന്നത്?

 =ശരിയാണ്; മലബാർ സമരത്തിന്റെ വർഗാടിസ്ഥാനം, അതിലേക്കെത്തിച്ചേർന്ന മാപ്പിള കർഷകരുടെ അസംതൃപ്തി എന്നിവ ഇതിനകം ധാരാളം പറയപ്പെട്ടതാണ്. പക്ഷേ ഒരു ചെറിയ പ്രശ്നം എനിക്കു തോന്നിയത്, ഇ എം എസിന്റെപഠനങ്ങളൊഴികെ അത്തരം നിരീക്ഷണങ്ങൾ പലതും പൊതുമണ്ഡലത്തിലേക്കെത്തിയിട്ടില്ല.

അവ നമ്മുടെ ചരിത്ര ക്ലാസ് മുറിയിൽ ഒതുങ്ങി നിൽക്കുകയാണ്. കെ എൻ പണിക്കരുടെ വിഖ്യാതപഠനം പോലും എത്ര മലയാളികൾ വായിച്ചിട്ടുണ്ട് എന്ന പ്രശ്നമുണ്ട്. ഞാനീ പുസ്‌തകത്തിന്റെ അനുബന്ധമായി അബനീ മുഖർജിയുടെയും സൗമേന്ദ്രനാഥ ടാഗോറിന്റെയും പഠനം ചേർത്തിട്ടുണ്ട്.

കെ എൻ  പണിക്കർ

കെ എൻ പണിക്കർ

മലബാർ കലാപത്തിലെ കാർഷികപ്രശ്നത്തെ ചൂണ്ടിക്കാട്ടുന്ന ആദ്യകാല ലേഖനങ്ങളാണവ. ഈ വിഷയത്തിൽ അക്കാദമിക താൽപ്പര്യമുള്ളവരൊഴികെ നമ്മിലെത്രപേർ ആ പഠനങ്ങൾ കണ്ടിട്ടുണ്ട്. മലബാർ കലാപമാവട്ടെ കേവലമായ ഒരു അക്കാദമിക വിഷയമല്ല, മൂർത്തമായ രാഷ്‌ട്രീയ വിഷയമാണ്.

ഹിന്ദുത്വശക്തികൾ അന്നുമിന്നും തങ്ങളുടെ വർഗീയ അജൻഡയ്‌ക്ക്‌ വിധേയമാക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അതിനാൽത്തന്നെ ഈ കലാപത്തിന്റെ വർഗാടിസ്ഥാനം വീണ്ടും  വീണ്ടും നാം ആവർത്തിച്ചു പറയേണ്ടതുണ്ട്. മലബാർ കലാപവുമായി ബന്ധപ്പെട്ട് ദ്വന്ദ്വവാദമാണ് നമുക്കിടയിൽ പ്രബലം.

ഒരു ഭാഗത്തത് മുസ്ലിം ക്രൂരതയാണ്, മറുഭാഗത്താവട്ടെ മാപ്പിളമാരുടെ പോരാട്ടവീര്യം എന്ന്‌ കേവലമായി ആദർശവൽക്കരിക്കപ്പെടുന്നുമുണ്ട്. ഇവയ്‌ക്കിടയിൽ നിന്ന് വൈരുധ്യാത്മകമായി വേണം നാം ആ ചരിത്രസംഭവത്തെ മനസ്സിലാക്കാൻ.

വില്യം ലോഗൻ

വില്യം ലോഗൻ

ഉദാഹരണത്തിന് കലാപത്തോട് സ്വീകരിക്കേണ്ട നിലപാട് എന്താണ് എന്നതിനെച്ചൊല്ലി മതപണ്ഡിതർ തന്നെ രണ്ടു ചേരിയിലായിരുന്നു. ബ്രിട്ടീഷ് ഭരണത്തോട് വിധേയപ്പെടേണ്ടവരാണ് എന്നു പ്രഖ്യാപിച്ച മതപണ്ഡിതരുണ്ട്, ബ്രിട്ടീഷുകാരെ തുരത്തണം എന്ന്‌ ആഹ്വാനം ചെയ്‌ത മതപണ്ഡിതരുമുണ്ട്.

ഇവ രണ്ടും ഫത് വകളായാണ് പുറത്തിറങ്ങിയത് താനും. മലബാർ കലാപം എന്നല്ല പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിലെ മിക്ക സാമ്രാജ്യവിരുദ്ധ പോരാട്ടങ്ങളിലും മൂർത്തമായ കാർഷികപ്രശ്നം നിലവിലുണ്ടായിരുന്നു.

ബ്രിട്ടീഷുകാർക്ക് തന്നെ ഈ കാർഷികപ്രശ്നത്തെ പരിഗണിക്കേണ്ടി വന്നിട്ടുണ്ട്. ഫലപ്രദമായ പരിഹാരങ്ങൾ അവർക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ല എന്നു മാത്രമല്ല ‘മതഭ്രാന്ത്' എന്ന് വ്യാഖ്യാനിച്ച് അടിച്ചമർത്തുകയും ചെയ്‌തു. എങ്കിലും വില്യം ലോഗനടക്കം പലരും പത്തൊമ്പതാം നൂറ്റാണ്ടിൽത്തന്നെ ‘പുകയുന്ന കർഷക അസംതൃപ്തി’ മനസ്സിലാക്കിയിട്ടുണ്ട് എന്നതും വസ്‌തുതയാണ്.

ഈ കാർഷികപ്രശ്നത്തെ ഏറ്റെടുത്തതോടെയാണ് മലബാറിൽ കോൺഗ്രസ് ജനപ്രീതിയാർജിക്കുന്നത്. എം പി നാരായണമേനോന്റെ മലബാർ കുടിയാൻ സംഘം പോലുള്ള സംഘടനാരൂപങ്ങളാണ് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തെ ജനകീയ പ്രക്ഷോഭമാക്കി മാറ്റുന്നത്.

ഗാന്ധിജി

ഗാന്ധിജി

തുടർന്നാണ് ഖിലാഫത്ത് പ്രസ്ഥാനം വരുന്നത്. ഗാന്ധിജിയുടെയും അലി സഹോദരന്മാരുടെയും കോഴിക്കോട് സന്ദർശനത്തിൽ ആയിരക്കണക്കിന് കർഷകരാണ് അണിനിരന്നത്. അതുവരെ ‘ഞായറാഴ്‌ച കോൺഗ്രസ്’ എന്നറിയപ്പെട്ട കോൺഗ്രസിലേക്ക് സാധാരണ ജനങ്ങൾ ആകൃഷ്ടരാവുന്നത് ഈ മൂർത്ത രാഷ്‌ട്രീയപ്രശ്നങ്ങളെ ഏറ്റെടുത്തതോടെയാണ്.

? ഒരുപക്ഷേ താങ്കളുടെ പുസ്‌തകത്തിൽ ഏറ്റവും സൂക്ഷ്മമായി ചർച്ച ചെയ്യുന്ന ഒരു പ്രമേയം കലാപാനന്തര മലബാറിലെ രാഷ്‌ട്രീയസംഭവവികാസങ്ങളാണ്. കലാപത്തിന് ശേഷം കോൺഗ്രസ് മലബാർ മാപ്പിളമാരെ കൈവിട്ടു എന്നാണ് താങ്കളുടെ വാദം.

 = മലബാർ കലാപം അടിച്ചമർത്തപ്പെട്ടതോടെ, ഒരർഥത്തിൽ ആ സമരത്തിന് ആശയാടിത്തറ രൂപീകരിച്ച കോൺഗ്രസ് തന്നെ അതിനെ തള്ളിപ്പറഞ്ഞു. ആയിരക്കണക്കിന് നിരപരാധികളാണ് വേട്ടയാടപ്പെട്ടത്. ഈ ഘട്ടത്തിലൊന്നും കോൺഗ്രസ് നേതാക്കൾ സമരമേഖലയിലേക്ക് എത്തിനോക്കാൻ പോലും തയ്യാറായില്ല.

മോഴിക്കുന്നത്ത്‌ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ഖിലാഫത്ത് സ്മരണകളിൽ കോൺഗ്രസിന്റെ നിഷ്ക്രിയത്വത്തെ തുറന്നുകാട്ടുന്നുണ്ട്. അദ്ദേഹം എഴുതുന്നത്, ‘ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു ചെറുവിരൽ പോലും അനക്കിയില്ല’ എന്നാണ്. 1921 സെപ്തംബർ 19ന് തൃശ്ശിനാപ്പള്ളിയിൽ വച്ച് നടത്തിയ പ്രസംഗത്തിൽ ഗാന്ധിജി തന്നെ കലാപത്തെ തള്ളിക്കളഞ്ഞു.

കെ പി കേശവ മേനോൻ

കെ പി കേശവ മേനോൻ

കെ പി കേശവമേനോന്റെ ആത്മകഥയിലും അത് കാണാം. അതോടുകൂടി മുസ്ലിങ്ങൾക്കിടയിൽ കോൺഗ്രസ് വെറുക്കപ്പെട്ടവരായി. കോൺഗ്രസിനോട് വലിയ നിലയിലുള്ള അതൃപ്തി മുസ്ലിം കർഷകർക്കിടയിൽ രൂപപ്പെടുന്നുണ്ട്. കോൺഗ്രസുകാർക്ക് ചായ പോലും കൊടുക്കരുതെന്ന് മലബാറിലെ മാപ്പിളമാർ ഒന്നായി തീരുമാനിക്കുന്നിടം വരെ അതു വളർന്നു.

? ഏകദേശം ഇതേ കാലത്തുതന്നെയാണ് ഹിന്ദുമഹാസഭയുടെ പ്രവർത്തനങ്ങൾ കേരളത്തിലാരംഭിക്കുന്നതും. കോൺഗ്രസിന്റെ നിഷേധാത്മക സമീപനവും ഹിന്ദുത്വയുടെ കേരളീയ പ്രത്യക്ഷപ്പെടലും പരസ്‌പരബന്ധിതമാണോ? എന്തു തോന്നുന്നു?

= മലബാറിലെ കോൺഗ്രസിന്റെ നേതൃനിരയിലുണ്ടായിരുന്ന എല്ലാവരും തന്നെ മേലാള വിഭാഗത്തിൽ പെട്ടവരും ഉയർന്ന ജാതിയിൽ പെട്ടവരുമായിരുന്നു.

1928ൽ നടന്ന പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ കൗതുകകരമായ ഒരു കാര്യം കാണാം, നെഹ്‌റു നേരിട്ട്‌ പങ്കുകൊണ്ട സമ്മേളനമാണത്. ആ സമ്മേളനത്തിൽ ആദ്യം കൂടിയത് ഉത്തരകേരള നായർ സമാജത്തിന്റെ യോഗമാണ്. കോൺഗ്രസ് സമ്മേളനത്തിൽ ഈ നായർ കൂട്ടായ്മ എന്തിനാണ് എന്ന് ആ സമ്മേളനത്തിൽ പ്രസംഗിച്ച ചില തിയ്യ നേതാക്കൾ വിമർശനമുന്നയിക്കുന്നുമുണ്ട്.

1928ൽ നടന്ന പയ്യന്നൂർ കോൺഗ്രസ് സമ്മേളനത്തിൽ കൗതുകകരമായ ഒരു കാര്യം കാണാം, നെഹ്‌റു നേരിട്ട്‌ പങ്കുകൊണ്ട സമ്മേളനമാണത്. ആ സമ്മേളനത്തിൽ ആദ്യം കൂടിയത് ഉത്തരകേരള നായർ സമാജത്തിന്റെ

യോഗമാണ്. കോൺഗ്രസ് സമ്മേളനത്തിൽ ഈ നായർ കൂട്ടായ്മ എന്തിനാണ് എന്ന് ആ സമ്മേളനത്തിൽ പ്രസംഗിച്ച ചില തിയ്യ നേതാക്കൾ വിമർശനമുന്നയിക്കുന്നുമുണ്ട്. ഈ ഉദാഹരണങ്ങൾ മേലാളവിഭാഗത്തെ പ്രതിനിധീകരിക്കുന്നവരായിരുന്നു കോൺഗ്രസ് നേതൃത്വം എന്നു നമുക്ക് വ്യക്തമാക്കിത്തരും.

കുടിയാൻ വിഷയമൊക്കെ എം പി നാരായണമേനോനെപ്പോലുള്ളവർ ഉയർത്തിക്കൊണ്ടു വരുമ്പോഴും നേതൃത്വം മേലാള താൽപ്പര്യാനുസൃതമായിരുന്നു. അതോടെ ഏകദേശം പൂർണമായും തന്നെ കോൺഗ്രസ് നേതൃത്വം മുസ്ലിം വിരുദ്ധ നിലപാടിലേക്ക് മാറുന്നതാണ് നമ്മൾ കാണുന്നത്.

അതിന്റെ മൂർത്ത ഉദാഹരണമാണ് കെ കേളപ്പൻ എന്ന കോൺഗ്രസ് നേതാവ്. ശരിക്കുപറഞ്ഞാൽ മുസ്ലിം വിരുദ്ധത ഹിന്ദുത്വവാദത്തിലേക്കാണ് കോൺഗ്രസിനെ കൊണ്ടെത്തിച്ചത്. മലബാർ കലാപം ദേശീയമായ അനുരണനങ്ങൾ സൃഷ്ടിച്ചല്ലോ.

കെ കേളപ്പൻ

കെ കേളപ്പൻ

ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനം നടത്തി എന്ന ഏകമുഖ വാർത്തകളാണ് ദേശീയതലത്തിൽ പ്രചരിച്ചത്. സവർക്കറടക്കം പ്രതികരിക്കുന്നു. അതിന്റെ തുടർച്ചയിലാണ് 1929ൽ തിരുന്നാവായയിൽ വച്ച് ഹിന്ദുമഹാസഭയുടെ സമ്മേളനം നടക്കുന്നത്. കോൺഗ്രസ് നേതാക്കളാണ് അതിന്റെ സംഘാടകരായി പ്രവർത്തിച്ചത് എന്നു നാം മറന്നുകൂടാ.

ചെറിയ പേരുകളൊന്നുമല്ല. കെ മാധവൻ നായർ, യു ഗോപാലമേനോൻ, ഇ നാരായണൻ നായർ, പി അച്യുതൻ, മഞ്ചേരി എസ് രാമയ്യർ തുടങ്ങിയ വലിയ പേരുകളാണ്. അതിൽ പ്രത്യേക ക്ഷണിതാവും മുഖ്യപ്രാസംഗികനുമായി എത്തിയത് ആർഎസ്എസിന്റെ താത്വികാചാര്യൻകൂടിയായിരുന്ന ബി എസ് മൂഞ്ജെയാണ്.

മലബാർ കലാപാനന്തരം കോൺഗ്രസ് പുലർത്തിയ മുസ്ലിം വിരുദ്ധ നിലപാടും കേരളത്തിലെ ഹിന്ദുത്വയുടെ രൂപീകരണവും പരസ്പരബന്ധിതം തന്നെയാണ്. കോൺഗ്രസ് നേതാക്കളുടെ ലീഗ് വിരുദ്ധത മുസ്ലിം വിരുദ്ധതയായി മാറി എന്നതിന്റെ തെളിവാണ് 1948 മാർച്ച് 22ലെ കെ കേളപ്പന്റെ നാദാപുരം പ്രസംഗം

മലബാർ കലാപാനന്തരം കോൺഗ്രസ് പുലർത്തിയ മുസ്ലിം വിരുദ്ധ നിലപാടും കേരളത്തിലെ ഹിന്ദുത്വയുടെ രൂപീകരണവും പരസ്പരബന്ധിതം തന്നെയാണ്. കോൺഗ്രസ് നേതാക്കളുടെ ലീഗ് വിരുദ്ധത മുസ്ലിം വിരുദ്ധതയായി മാറി എന്നതിന്റെ തെളിവാണ് 1948 മാർച്ച് 22ലെ കെ കേളപ്പന്റെ നാദാപുരം പ്രസംഗം.

'മുസ്ലിങ്ങൾ രാജ്യത്തിന്റെ വിശ്വാസത്തിന് അർഹരാവണം’ എന്ന തലക്കെട്ടിൽ മാതൃഭൂമി തന്നെ ആ പ്രസംഗം നൽകുകയുണ്ടായി. അന്നത്തെ കെപിസിസി പ്രസിഡന്റും ആർഎസ്എസിന്റെ ശാഖയ്‌ക്ക്‌ കാവൽ നിന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റും തമ്മിൽ വലിയ അകലമില്ല എന്നു കാണാം.

? പക്ഷേ, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെപ്പോലൊരാൾ അന്ന് കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്നു. താങ്കളുടെ പുസ്‌തകം വളരെ ആദരവോടെയാണ് സാഹിബിനെ നോക്കിക്കാണുന്നതും. കോൺഗ്രസിന്റെ ഹിന്ദുത്വവൽക്കരണത്തെ ചെറുക്കാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല എന്നാണോ കരുതേണ്ടത്.

 = മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് കലാപത്തോടും അനന്തരമുള്ള ബ്രിട്ടീഷ് ക്രൂരതക്കെതിരെയും അടിച്ചമർത്തലിനെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു എന്നത് ശരിയാണ്. പക്ഷേ, ഒരു കോൺഗ്രസ് നേതാവ് എന്ന നിലയിൽ

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്

സാഹിബിനും കോൺഗ്രസിലാകെ പടർന്ന മൃദുഹിന്ദുത്വത്തെ ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

അദ്ദേഹം അൽ അമീനിലൂടെ മേൽപ്പറഞ്ഞ തിരുന്നാവായ സമ്മേളനത്തോട് വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. അയിത്തോച്ചാടനത്തിനായി പ്രവർത്തിക്കാൻ കോൺഗ്രസ് ഉള്ളപ്പോൾ ഹിന്ദുക്കൾക്കായെന്തിനാണ് പ്രത്യേക സംഘടന എന്നദ്ദേഹം ചോദിക്കുന്നുണ്ട്.

പക്ഷേ, ഹിന്ദു സമുദായത്തിലെ അനാചാരങ്ങളെയും ദോഷങ്ങളെയും ഒഴിവാക്കാൻ ഇത്തരമൊരു സംഘടന അനിവാര്യമാണെന്നാണ് മാതൃഭൂമി നിലപാടെടുത്തത്. മാതൃഭൂമിയുടെ ശബ്ദമായിരുന്നു കോൺഗ്രസിന്റെ ശബ്ദമായത്. അൽ അമീൻ ആ ബഹളത്തിൽ മുങ്ങിപ്പോയി.

ഇത്തരം ആശയസമരങ്ങൾ ധാരാളം അദ്ദേഹം നടത്തിയിട്ടുണ്ട്, എങ്കിലും കോൺഗ്രസ് മുഖം എന്ന നിലയിൽ സാഹിബിനോടും മലബാറിലെ മുസ്ലിങ്ങൾ സൗഹാർദപരമായ നിലപാടല്ല സ്വീകരിച്ചത്. അതുകൊണ്ടുതന്നെ കോൺഗ്രസിലെ ഹിന്ദുത്വചേരിയെ ഫലപ്രദമായി തടയാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല.

ഈ സമ്മേളനത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ്, കേരള ഹിന്ദു മഹിളാ സമ്മേളനം കൂടി അതിനോടനുബന്ധിച്ചു ചേരുകയുണ്ടായി. നിലമ്പൂർ വലിയ തിരുമുൽപ്പാടിന്റെ ഭാര്യ ഇ കല്യാണിക്കുട്ടിയമ്മയാണ് ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചത്. അവരുടെ അധ്യക്ഷപ്രസംഗം 1929 മെയ് 4 ലെ മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുന്നുണ്ട്.

അതിലവർ അസന്ദിഗ്‌ധമായി പറയുന്നത് അയിത്തവും അസ്‌പൃശ്യതയുമാണ് മതപരിവർത്തനത്തിന്റെ മൂലകാരണം എന്നാണ്. മലബാർ കലാപം മതം മാറ്റിയ ഹിന്ദുക്കളെ തിരികെ ഹിന്ദുവാക്കാൻ വേണ്ടി എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന സമ്മേളനമാണ്.

അവിടെയാണ് കല്യാണിക്കുട്ടിയമ്മ ഈ പ്രസ്‌താവന നടത്തുന്നത്. അതായത് മലബാർ കലാപകാലത്തോ അതിനു മുമ്പോ നടന്ന മതപരിവർത്തനങ്ങളെ ജാതിവ്യവസ്ഥയോടുള്ള വിമർശനമായി വേണം മനസ്സിലാക്കാൻ എന്ന കാഴ്‌ചയാണ് അവർ അവതരിപ്പിക്കുന്നത്. ശ്രദ്ധേയമായ ഒരു രേഖയാണ് കല്യാണിക്കുട്ടിയമ്മയുടെ ഈ പ്രഭാഷണം.

? താങ്കളുടെ പുസ്‌തകം മുസ്ലിം ലീഗിന്റെ വർഗഘടനയെക്കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്. എം ഗംഗാധരനെപ്പോലുള്ള ചരിത്രപണ്ഡിതർ മുസ്ലിം ലീഗിന് കേരളീയ മുസ്ലിങ്ങൾക്കിടയിൽ പരിഷ്‌കരണപരമായ സ്ഥാനം നൽകുന്നുണ്ട്. മുസ്ലിം ലീഗിന്റെ വർഗാടിസ്ഥാനത്തെ എങ്ങനെ നോക്കിക്കാണുന്നു.

 = വർഗപരമായി തന്നെയാണ് ലീഗിനെയും കാണേണ്ടത്. മലബാർ കലാപത്തിന്റെ അടിച്ചമർത്തലോടെ, രാഷ്‌ട്രീയപ്രശ്നങ്ങളിൽ ഏർപ്പെടാൻ തന്നെ മുസ്ലിങ്ങൾ ഭയപ്പെട്ടുതുടങ്ങി. അത്ര ഭീകരമായിരുന്നു ആ അനുഭവം. ഈ ഘട്ടത്തിൽ സമാന്തര പ്രവർത്തനമായാണ് മതപരിഷ്‌കരണവാദ പ്രസ്ഥാനങ്ങൾ രൂപമെടുക്കുന്നത്.

ഇംഗ്ലീഷ് വിദ്യാഭ്യാസം, സ്‌ത്രീ വിദ്യാഭ്യാസം തുടങ്ങിയ പരിഷ്‌കരണശ്രമങ്ങളാണ് ഈ സന്ദർഭത്തിൽ നടക്കുന്നത്. ഇത്തരം പരിഷ്‌കരണവാദത്തെ സാമ്പ്രദായിക സുന്നികൾ എതിർക്കുകയും ചെയ്യുന്നുണ്ട്. ഈ പരിഷ്‌കരണവാദികൾ പടിപടിയായി മുസ്ലിം സാമുദായിക രാഷ്‌ട്രീയത്തിലേക്കും സ്വത്വരാഷ്‌ട്രീയത്തിലേക്കും കടന്നുവരികയാണുണ്ടായത്.

പതുക്കെ ലീഗിന്റെ നേതൃനിരയിലേക്ക് ഈ പരിഷ്‌കരണവാദികൾ ചെന്നുചേർന്നു. രാഷ്‌ട്രീയമായ ഏതു സംഘാടനത്തിനും മഹാഭൂരിപക്ഷം വരുന്ന, പരിഷ്‌കരണ വിഭാഗത്തോട് എതിർപ്പ്‌ പ്രകടിപ്പിച്ച, സാധാരണ മുസ്ലിങ്ങളെ കൂടെ നിർത്തുകയും വേണം. ഈ സന്ദിഗ്‌ധതയിൽ നിന്നാണ് ലീഗിന്റെ രാഷ്‌ട്രീയതന്ത്രങ്ങൾ ഉരുവം കൊള്ളുന്നത്.

സമുദായത്തെ മുഴുവൻ പ്രതിനിധീകരിക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുക, അതിനായി കൃത്യമായ ഇടവേളകളിൽ ‘ലീഗ് സമം മതം’ എന്ന സമവാക്യം പൊതുമണ്ഡലത്തിലേക്ക് പ്രക്ഷേപിപ്പിക്കുക. അതേസമയം ഉപരി മധ്യവർഗത്തിൽപ്പെട്ട പ്രമാണിമാരുടെ താൽപ്പര്യസംരക്ഷണാർഥം നിലപാടുകൾ എടുക്കുക.

നിലപാടിലെ ഈ വൈരുധ്യത്തെ മറച്ചുവയ്‌ക്കാൻ വീണ്ടും മതത്തെ ആവരണമാക്കുക.

സങ്കീർണമായ ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രമാണ് ലീഗിനെ എക്കാലത്തും നിലനിർത്തിയത്. അതെല്ലായ്‌പ്പോഴും പ്രമാണിവർഗ പാർടിയായിരുന്നു. എന്നാൽ തങ്ങൾ സമുദായത്തിന്റെ പൊതുതാൽപ്പര്യങ്ങൾക്കായാണ് നിലകൊള്ളുന്നത് എന്ന പ്രതീതി ആവർത്തിച്ചാവർത്തിച്ചുള്ള പ്രചാരണങ്ങളിലൂടെ നിർമിക്കാനും നിലനിർത്താനും അവർക്കു കഴിഞ്ഞിട്ടുമുണ്ട്.

ഇങ്ങനെ സങ്കീർണമായ ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രമാണ് ലീഗിനെ എക്കാലത്തും നിലനിർത്തിയത്. അതെല്ലായ്‌പ്പോഴും പ്രമാണിവർഗ പാർടിയായിരുന്നു. എന്നാൽ തങ്ങൾ സമുദായത്തിന്റെ പൊതുതാൽപ്പര്യങ്ങൾക്കായാണ് നിലകൊള്ളുന്നത് എന്ന പ്രതീതി ആവർത്തിച്ചാവർത്തിച്ചുള്ള പ്രചാരണങ്ങളിലൂടെ നിർമിക്കാനും നിലനിർത്താനും അവർക്കു കഴിഞ്ഞിട്ടുമുണ്ട്. വാസ്‌തവത്തിൽ മുസ്ലിം ലീഗിന്റെ ഈ സങ്കീർണമായ വഴക്കവും രാഷ്‌ട്രീയ കച്ചവടവും ഇനിയും ഗൗരവമായി പഠിക്കേണ്ടുന്ന ഒന്നു തന്നെയാണ്.

? താങ്കളുടെ പുസ്‌തകം ഏറ്റവും പ്രധാനമായി വിമർശനകേന്ദ്രത്തിൽ നിർത്തുന്നത് ജമാഅത്തെ ഇസ്ലാമിയെയാണ്. ഏത് കണക്ക് പ്രകാരവും ജമാഅത്തെ കേരളീയ മുസ്ലിങ്ങളിലെ അവഗണിക്കാൻ കഴിയുന്നത്ര ചെറുന്യൂനപക്ഷമാണ്.

അവരോടുള്ള മതേതരവാദികളുടെയോ മാർക്‌സിസ്‌റ്റുകളുടെയോ നിരന്തരവിമർശനം ‘ഇല്ലാത്ത ഒരു ശക്തി' അവർക്കു വച്ചുകെട്ടിക്കൊടുക്കലാവില്ലേ. ജമാഅത്ത് ബുദ്ധികേന്ദ്രങ്ങൾ പലപ്പോഴും പറയാറുള്ളത് ഇടതു മതേതരവാദികളുടെ ഇസ്ലാമോഫോബിയയുടെ ലക്ഷണമാണ് ഈ വിമർശനമെന്നാണ്‌ താനും.

 = ജമാഅത്തെ ഇസ്ലാമി കേരള മുസ്ലിങ്ങൾക്കിടയിലെ ചെറുന്യൂനപക്ഷം മാത്രമാണ് എന്നതു യാഥാർഥ്യമായിരിക്കെത്തന്നെ, ഒരു ലിറ്റർ പാലിൽ ഒരു തുള്ളി വിഷം മതി എന്നതിനെ നാം കാണാതെ പൊയ്‌ക്കൂടാ. 1942 മുതൽ പ്രവർത്തനമാരംഭിച്ചുവെങ്കിലും തങ്ങളെവിടെയും ആക്രമണം നടത്തിയിട്ടില്ല എന്നവർ നിരന്തരമായി സ്വയം ന്യായീകരിക്കാറുമുണ്ട്.

ആക്രമണങ്ങൾ എന്നതിനെ നാം ബാഹ്യലക്ഷണമായാണ് കാണേണ്ടത്. രോഗം എന്നത് മതരാഷ്‌ട്ര ആശയങ്ങളാണ്. 2010ൽ ജോസഫ് മാഷുടെ കൈവെട്ട് സംഭവം നടന്നു. ഇദ്ദേഹം ആക്രമിക്കപ്പെടേണ്ട ആളാണ് എന്ന നിലയിലുള്ള ആശയപ്രചരണം ഇതിന്‌ മുന്നോടിയായി സംഘടിപ്പിച്ചതിൽ മാധ്യമം പത്രത്തിന്റെ പങ്ക് വളരെ വലുതാണ്.

മുസ്ലിങ്ങൾക്കിടയിൽത്തന്നെ ഇത്തരം ഒറ്റപ്പെട്ട ഹിംസാത്മക പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധം രൂപപ്പെട്ടപ്പോൾ മുസ്ലിം സംഘടനകൾ എല്ലാം ചേർന്ന് കോട്ടക്കലിൽ ഒരു വിപുല യോഗം വിളിച്ചുചേർത്തു. അതിൽ ജമാഅത്തെ ഇസ്ലാമിയെ പങ്കെടുപ്പിച്ചില്ല. മാധ്യമം പത്രം ഇതിനോട്‌ പ്രതികരിച്ചത്, സി ദാവൂദിന്റെ  ‘തീവ്രവാദത്തിനെതിരെ കോട്ടക്കൽ കഷായം’ എന്ന നിന്ദാസൂചകമായ ലേഖനം പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ്.

ഞാൻ പറഞ്ഞുവരുന്നത്, പൊളിറ്റിക്കൽ ഇസ്ലാമിന്റെ ആശയതലത്തിലുള്ള പ്രവർത്തനങ്ങളെ നാം ആശങ്കയോടെയും ജാഗ്രതയോടെയും കാണണം എന്നതാണ്. 1928ൽ ഈജിപ്തിൽ മുസ്ലിം ബ്രദർഹുഡ് രൂപീകരിക്കപ്പെട്ടപ്പോൾ അവർ മുൻപോട്ടു വച്ച ആശയം ശുദ്ധ ഇസ്ലാം എന്ന തത്വമാണ്.

ജിഹാദ് എന്ന സങ്കൽപ്പത്തെ ദുർവ്യാഖ്യാനിച്ച് രൂപപ്പെടുത്തിയ ശുദ്ധ ഇസ്ലാമിനായുള്ള മരണമാണ് ഞങ്ങളുടെ വഴി എന്ന ബ്രദർഹുഡിന്റെ അതേ ശബ്ദം തന്നെയാണ് ഐഎസ്ഐഎസിനുമുള്ളത്.

ജിഹാദ് എന്ന സങ്കൽപ്പത്തെ ദുർവ്യാഖ്യാനിച്ച് രൂപപ്പെടുത്തിയ ശുദ്ധ ഇസ്ലാമിനായുള്ള മരണമാണ് ഞങ്ങളുടെ വഴി എന്ന ബ്രദർഹുഡിന്റെ അതേ ശബ്ദം തന്നെയാണ് ഐഎസ്ഐഎസിനുമുള്ളത്. ബ്രദർഹുഡും മൗദൂദിയുടെ നേതൃത്വത്തിൽ തെക്കനേഷ്യൻ രാജ്യങ്ങളിൽ സ്ഥാപിക്കപ്പെട്ട ജമാഅത്തെയുമാണ് പൊളിറ്റിക്കൽ ഇസ്ലാമിന്റെ പ്രധാന പ്രചാരകർ.

മൗദൂദിയുടെ ‘ഹുഖ്‌മത്തെ ഇലാഹി' എന്ന സങ്കൽപ്പം മുകളിൽ നമ്മൾ കണ്ട സാമ്പ്രദായിക മുസ്ലിങ്ങളുടെ ‘ദാറുൽ ഹർബ്' അല്ല. നേർവിപരീതമാണ് താനും. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നവർ കപടവിശ്വാസികളാണ് മൗദൂദിയ്‌ക്ക്. ന്യൂനപക്ഷമാണെങ്കിലും വർഗീയവിഷത്തെ പ്രതി നാം കരുതലോടെയിരിക്കേണ്ടിയിരിക്കുന്നു.

പി ജയരാജൻ - ഫോട്ടോ: ശിവപ്രസാദ്‌ എം എ

പി ജയരാജൻ - ഫോട്ടോ: ശിവപ്രസാദ്‌ എം എ

മതരാഷ്‌ട്രവാദികളാണ് എന്നു മാത്രമല്ല, മതേതരരാജ്യത്ത് ജീവിക്കാൻ ഒരു ഇസ്ലാം മതവിശ്വാസിക്ക്‌ കഴിയില്ല എന്നുറച്ചു വിശ്വസിക്കുന്നവരുമാണ്‌ അവർ. ഈ വിഷലിപ്തമായ ആശയത്തെ എതിർക്കുമ്പോൾ ഇസ്ലാമോഫോബിയയുടെ കവചം സൃഷ്ടിക്കാനാണ് അവരുടെ പുറപ്പാട്.

യഥാർഥത്തിൽ ഇസ്ലാമോഫോബിയയുടെ ആഗോളപ്രചാരകർ സാമ്രാജ്യത്വവും ഇന്ത്യയിൽ സംഘപരിവാറുമാണ്. സാമ്രാജ്യത്വ താൽപ്പര്യങ്ങൾക്കനുസരിച്ചാണ് ഗുഡ് ഇസ്ലാം/ ബാഡ് ഇസ്ലാം എന്ന നിർമിതി നടന്നതുതന്നെ. 1978ൽ സോവിയറ്റ് യൂണിയനുമായി സൗഹൃദം പുലർത്തിയിരുന്ന അഫ്‌ഗാനിസ്ഥാനിലെ നജീബുള്ളയെ പ്രധാന ശത്രുവായി കണക്കാക്കിയ സമയത്ത് യു എസിന് ഇസ്ലാം ‘ഗുഡ്' ആയിരുന്നു.

താലിബാനിസത്തെ അക്കാലത്ത് ചെല്ലും ചെലവും പരിശീലനവും കൊടുത്ത് വളർത്തിയത് യുഎസ് ആയിരുന്നു. നജീബുള്ള ഗവൺമെന്റിനെ തകർക്കാനായി ഒരു കൈയിൽ ഖുർ ആനും മറുകൈയിൽ യന്ത്രത്തോക്കുമായി താലിബാനെ സൃഷ്ടിക്കുമ്പോൾ അമേരിക്ക ‘ഗുഡ് മുസ്ലിം’ എന്നേ പ്രയോഗിച്ചിരുന്നുള്ളൂ.

സോവിയറ്റ് തകർച്ചയ്‌ക്കു ശേഷം താലിബാൻ അമേരിക്കയ്‌ക്കെതിരെ തിരിഞ്ഞപ്പോൾ അത് ‘ബാഡ് മുസ്ലി’മായി. ഇന്ത്യയിൽ ഇത്തരമൊരു നരേറ്റീവ് പ്രചരിപ്പിക്കുന്നത് സംഘപരിവാറാണ്. ആ സംഘപരിവാറുമായി രഹസ്യചർച്ച നടത്തുന്ന ജമാഅത്തെ ഇസ്ലാമിയാണോ ഇസ്ലാമോഫോബിയ മാർക്‌സിസ്‌റ്റുകൾ പ്രചരിപ്പിക്കുന്നു എന്ന്‌ വാദിക്കുന്നത്.

ആർഎസ്എസുമായി ജമാ അത്ത് നടത്തിയ കൂടിക്കാഴ്‌ചകൾ നമുക്ക്‌ മുമ്പിലുണ്ട്. അടിയന്തരാവസ്ഥയ്‌ക്കു ശേഷം ജമാഅത്തെയും ആർഎസ്എസും കൂടിക്കാഴ്‌ചയിൽ ഏർപ്പെടുന്നുണ്ട്. സമീപഭൂതകാലത്ത് 2023 ജനുവരി 14ന് ഡൽഹിയിൽ പഴയ ഇലക്‌ഷൻ കമീഷണറായിരുന്ന ഖുറേശിയുടെ മധ്യസ്ഥതയിൽ ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും രഹസ്യ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്.

ആ കൂടിക്കാഴ്‌ചയെ കേരളത്തിലെ മുസ്ലിം സംഘടനകൾ എതിർത്തിട്ടുണ്ട് താനും. എന്നുമാത്രമല്ല, കേരളത്തിൽ നടന്നിട്ടുള്ള വർഗീയ സംഘർഷങ്ങൾ നോക്കുമ്പോൾ അതിന്റെയെല്ലാം തുടക്കക്കാർ ആർഎസ്എസ് ആണെന്ന് കാണാം.

തലശ്ശേരി വർഗീയകലാപം നോക്കൂ, 1971ലാണ് ആ സംഭവം. ഈ കലാപവും അതിനു മുമ്പായി തലശ്ശേരിയിൽ നടന്ന സിപിഐ എം/ആർഎസ്എസ് സംഘർഷവും പരസ്‌പരം ബന്ധിപ്പിച്ചു നാം മനസ്സിലാക്കണം.

യഥാർഥത്തിൽ തലശ്ശേരി സംഘപരിവാറിന്റെ ഒരു പരീക്ഷണശാലയായിരുന്നു. കമ്യൂണിസ്‌റ്റുകാരെയും മുസ്ലിങ്ങളെയും ഉന്മൂലനം ചെയ്യാനുള്ള കേരളത്തിലെ പദ്ധതി അവിടെനിന്നാണ് തുടങ്ങുന്നത്.

യഥാർഥത്തിൽ തലശ്ശേരി സംഘപരിവാറിന്റെ ഒരു പരീക്ഷണശാലയായിരുന്നു.കമ്യൂണിസ്‌റ്റുകാരെയും മുസ്ലിങ്ങളെയും ഉന്മൂലനം ചെയ്യാനുള്ള കേരളത്തിലെ പദ്ധതി അവിടെനിന്നാണ് തുടങ്ങുന്നത്. 1969ൽ ആർഎസ്എസ് ആക്രമണത്തിനെതിരെ തലശ്ശേരിയിൽ ഞങ്ങളൊരു ജാഥ നടത്തിയിരുന്നു.

അന്ന് ദണ്ഡയുമായി ജാഥയെ ‘വരവേൽക്കാൻ’ ആർഎസ്എസുകാർ നിൽക്കുന്ന ദൃശ്യം എന്റെ മനസ്സിലുണ്ട്. ആർഎസ്എസിന്റെ അഖിലേന്ത്യാ പ്രചാരകനായിരുന്ന ദത്തേപാന്ത് ഠാങ്ഗഡിക്ക്‌ തലശ്ശേരിയുടെ ഭൂമിശാസ്‌ത്രം ഏകദേശം ഹൃദിസ്ഥമായിരുന്നു.

അദ്ദേഹം എത്രയോ കാലം തലശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. 1960കളുടെ മധ്യത്തിന് ശേഷം ഠാങ്ഗഡി തലശ്ശേരിയിൽ താമസിച്ചുകൊണ്ട്, ആ പ്രദേശത്തിന്റെ രാഷ്‌ട്രീയ സാമൂഹ്യഘടന വിശദമായി പഠിച്ചുതന്നെ പ്രവർത്തിച്ചതായി നാം അനുമാനിക്കേണ്ടിയിരിക്കുന്നു.

ഈ പഠനത്തിന്റെ ഭാഗമായി തടസ്സങ്ങളായി ആർഎസ്എസ് തിരിച്ചറിഞ്ഞ കമ്യൂണിസ്‌റ്റുകാരെയും മുസ്ലിങ്ങളെയും ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് തലശ്ശേരിയിൽ നടപ്പിലാക്കപ്പെട്ടത്. അതുകൊണ്ടാണ് അവ പരസ്‌പരബന്ധിതമാണ് എന്നു ഞാൻ പറഞ്ഞത്.

ഫോട്ടോ: ബിജു ഇബ്രാഹിം

ഫോട്ടോ: ബിജു ഇബ്രാഹിം

ആ കായികാക്രമണത്തിൽ ശക്തമായ പ്രതിരോധം തന്നെ സിപിഐ എമ്മിന്റെ ഭാഗത്തുനിന്നുണ്ടായി. ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നവരാണ് സിപിഐ എം എന്ന് ജമാ അത്തെ ബുദ്ധികേന്ദ്രങ്ങൾ വാദിക്കുമ്പോൾ അവർ ബോധപൂർവം മറയ്‌ക്കുന്നത് കേരളത്തിൽ സിപിഐ എമ്മിനെ നിരന്തരം കായികമായി ആക്രമിച്ചുപോന്നത് ആർഎസ്എസ് ആണ് എന്ന വസ്‌തുതയാണ്.

നാമിപ്പോൾ സംസാരിക്കുന്ന ഈ വയനാട്ടിൽ ഒഴികെ, മറ്റു പതിമൂന്ന് ജില്ലകളിലും സിപിഐ എമ്മിന്റെ സഖാക്കൾ ആർഎസ്എസുകാരാൽ കൊല ചെയ്യപ്പെട്ടിട്ടുണ്ട്, 218 പേരാണ്. ഗോ സംരക്ഷണത്തിന്റെ പേരിൽ ദേശീയതലത്തിൽ ഒട്ടേറെ മുസ്ലിങ്ങളെ സംഘപരിവാർ കൊന്നതുപോലെ കേരളത്തിൽ സിപിഐ എം പ്രവർത്തകരെയാണ് അവർ കൊലക്കത്തിക്ക്‌ ഇരയാക്കിയിട്ടുള്ളത്.

തങ്ങൾക്കു മുമ്പിലുള്ള ഏറ്റവും വലിയ തടസ്സം ഇല്ലാതാക്കലാണ് അവരുടെ ലക്ഷ്യം. അങ്ങനെ സ്വജീവൻ കൊടുത്ത് ഹിന്ദുത്വവർഗീയതയെ ചെറുക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിനെ ‘ഇസ്ലാമോഫോബിക്' എന്നൊക്കെ വിശേഷിപ്പിക്കുന്നത് എന്തൊരു അയുക്തിയാണ് എന്നോർക്കണം.

? അതായത് മതസൗഹാർദത്തിൽ അടിയുറച്ച നിലപാടാണ് കമ്യൂണിസ്‌റ്റുകാരുടേത്, അതിന്റെ ഭാഗമായാണ് പൊളിറ്റിക്കൽ ഇസ്ലാം വിമർശനങ്ങളെയും കാണേണ്ടത്.

 = അതെ, തലശ്ശേരി കലാപത്തെക്കുറിച്ചന്വേഷിച്ച വിതയത്തിൽ കമീഷൻ റിപ്പോർട്ട് നാം മറന്നുകൂടാത്ത രേഖയാണ്. വാസ്‌തവത്തിൽ ജസ്റ്റിസ് ജോസഫ് വിതയത്തിൽ കമീഷന്റെ മുമ്പിൽ മൊഴി കൊടുക്കാത്ത പാർടിയാണ് സിപിഐ എം.

ജനസംഘവും കോൺഗ്രസും ലീഗുമടക്കം മുഴുവൻ രാഷ്‌ട്രീയപാർടികളും വിതയത്തിൽ കമീഷന്‌ മൊഴി കൊടുത്തിട്ടുണ്ട്. ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും മൊഴി കൊടുത്തിട്ടുണ്ട്. ഐക്യമുന്നണി സർക്കാരാണ് കമീഷനെ തെളിവെടുപ്പിന് നിശ്ചയിച്ചത്.

അതിനുശേഷം തലശ്ശേരി കലാപത്തിനു പിറകിൽ സിപിഐ എം ആണെന്ന് അന്നത്തെ മന്ത്രിമാരിൽ പലരും പ്രസ്‌താവിച്ചു. അങ്ങനെയാണെങ്കിൽ അന്വേഷണത്തിന്റെ ആവശ്യമില്ലല്ലോ. മാത്രമല്ല, തലശ്ശേരി കലാപത്തിലെ ഇരകൾക്കായി ദുരിതാശ്വാസനിധി രൂപീകരിച്ചപ്പോൾ സിപിഐ എമ്മിനെ അകറ്റിനിർത്തി.

അന്വേഷണത്തിനു മുൻപേ സിപിഐ എമ്മിനെ പഴിചാരാനുള്ള ഈ ശ്രമങ്ങളോട് പ്രതിഷേധിച്ചാണ് പാർടി വിതയത്തിൽ കമീഷനെ പരസ്യമായി ബഹിഷ്‌കരിച്ചത്. അങ്ങനെ മൊഴി കൊടുക്കാതിരുന്നിട്ടും വിതയത്തിൽ കമീഷൻ റിപ്പോർട്ടിൽ 220ാം ഖണ്ഡികയിൽ പാർടിയെക്കുറിച്ച് സൂചിപ്പിക്കുന്നത്;

‘നുണക്കഥകൾ വിശ്വസിക്കരുത് എന്ന് പറഞ്ഞുകൊണ്ടും കലാപശ്രമങ്ങളിൽനിന്ന്‌ പിന്മാറണമെന്ന് അഭ്യർഥിച്ചുകൊണ്ടും മാർക്‌സിസ്‌റ്റ്‌ പാർടി പ്രവർത്തകർ കൊടി കെട്ടിയ കാറിൽ സഞ്ചരിച്ച് സമുദായ സൗഹൃദത്തിനായി അഭ്യർഥിച്ചതിന് തെളിവുണ്ട്’ എന്നാണ്. 

മാർക്‌സിസ്‌റ്റുകാരല്ലാത്തവരുടെ മൊഴികളിൽ നിന്നാണ് കമീഷൻ ഈ കണ്ടെത്തലിലേക്ക് എത്തുന്നത്. സിപിഐ എമ്മിന് സമുദായ സൗഹാർദത്തിന്റെ കാര്യത്തിലുള്ള നിലപാട് എന്താണ് എന്നു വ്യക്തമാക്കുന്ന ചരിത്രരേഖയായാണ് ഞാനിതിനെ കാണുന്നത്.

ഹിന്ദുത്വവർഗീയതയെ അതിശക്തമായി എതിർത്തവരാണ് കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടി. ന്യൂനപക്ഷങ്ങൾക്കിടയിൽ രൂപപ്പെട്ട പൊളിറ്റിക്കൽ ഇസ്ലാമിന്റെ വിഷത്തെക്കൂടി എതിർത്തുകൊണ്ടേ മതേതരകേരളം എന്ന സംരക്ഷിത തുരുത്തിനെ നിലനിർത്താൻ പറ്റൂ.

ഹിന്ദുത്വവർഗീയതയെ അതിശക്തമായി എതിർത്തവരാണ് കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടി. ന്യൂനപക്ഷങ്ങൾക്കിടയിൽ രൂപപ്പെട്ട പൊളിറ്റിക്കൽ ഇസ്ലാമിന്റെ വിഷത്തെക്കൂടി എതിർത്തുകൊണ്ടേ മതേതരകേരളം എന്ന സംരക്ഷിത തുരുത്തിനെ നിലനിർത്താൻ പറ്റൂ.

? പൊളിറ്റിക്കൽ ഇസ്ലാമിന് തടയിടാൻ ലീഗടക്കമുള്ളവരുടെ സാമുദായിക രാഷ്‌ട്രീയത്തിന് കഴിയുമെന്നാണോ പ്രതീക്ഷിക്കേണ്ടത്.

 = ഈ ചോദ്യത്തെയും ചരിത്രവസ്‌തുതകളെ അടിസ്ഥാനമാക്കി നേരിടേണ്ടതുണ്ട് എന്നു തോന്നുന്നു. തീർച്ചയായും ജമാഅത്തെ ഇസ്ലാമിക്കെതിരെ ലീഗ് ഒരുകാലത്ത് ശക്തമായ നിലപാടെടുത്തിരുന്നു. ഉദാഹരണത്തിന്, ചന്ദ്രികയിൽ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സി പി സൈതലവി എഴുതി ഖണ്ഡശഃയായി പ്രസിദ്ധീകരിച്ച ‘ജമാഅത്തെ ഇസ്ലാമി: ഒരു ചെളിയും കലരാത്ത പരിശുദ്ധ നെയ്യ്' എന്ന ലേഖനപരമ്പര എടുക്കാം.

ഇത് 2005ൽ പുസ്‌തകമായും പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ ലേഖനപരമ്പര ജമാഅത്തെയുടെ ആശയാടിത്തറ തുറന്നുകാട്ടുന്നതും ആർഎസ്എസ് നേതൃത്വവുമായുള്ള അവരുടെ ചർച്ചകളെ ചൂണ്ടിക്കാട്ടുന്നതുമായ ഒന്നാണ്. സ്വാഭാവികമായി മാധ്യമം പത്രം ലീഗിനെതിരെയും തിരിയുന്നുണ്ട്.

നേരത്തെ പറഞ്ഞ സി ദാവൂദിന്റെ ലേഖനം തന്നെ ഉദാഹരണം. എന്നാൽ 2015ലെ തദ്ദേശഭരണ തെരെഞ്ഞെടുപ്പോടെ ജനാധിപത്യ വ്യവസ്ഥയോടുള്ള തങ്ങളുടെ എതിർപ്പുകൾ മാറ്റിവച്ച് ജമാഅത്തെ രൂപീകരിച്ച വെൽഫെയർ പാർടി അവഗണിക്കാനാവാത്ത രാഷ്‌ട്രീയ ശക്തിയാണെന്ന്‌ ലീഗിനെ ബോധ്യപ്പെടുത്തിയതോടെ അവരുടെ ജമാഅത്തെ വിമർശനം പതുക്കെ പിൻവലിയാൻ തുടങ്ങി.

കഴിഞ്ഞ പത്തു വർഷമായി നാം കാണുന്ന പ്രതിഭാസം വെൽഫെയർ പാർടിയുമായി ലീഗ് യോജിക്കുന്നതാണ്. ജമാ അത്തെ ഇസ്ലാമിയോടുള്ള എതിർപ്പ്‌ പതുക്കെ ലീഗ് കൈവിടുന്നതാണ്. ‘മുസ്ലിം ലീഗിന്റെ ജമാഅത്തെവൽക്കരണം’ എന്നതിനെ വിളിക്കാം.

ബൗദ്ധികമായ തങ്ങളുടെ കോപ്പുകൾ എല്ലാമുപയോഗിച്ച് ലീഗിനെ ജമാഅത്തെ ഇസ്ലാമി പതുക്കെ വിഴുങ്ങിക്കൊണ്ടിരിക്കയാണ്. അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. മുസ്ലിം രാഷ്ട്രീയത്തിന്റെ വക്താക്കളായിരിക്കേണ്ടവർ പൊളിറ്റിക്കൽ ഇസ്ലാമിന് അടിപ്പെട്ടാൽ എന്തു സംഭവിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ബൗദ്ധികമായ തങ്ങളുടെ കോപ്പുകൾ എല്ലാമുപയോഗിച്ച് ലീഗിനെ ജമാഅത്തെ ഇസ്ലാമി പതുക്കെ വിഴുങ്ങിക്കൊണ്ടിരിക്കയാണ്. അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. മുസ്ലിം രാഷ്ട്രീയത്തിന്റെ വക്താക്കളായിരിക്കേണ്ടവർ പൊളിറ്റിക്കൽ ഇസ്ലാമിന് അടിപ്പെട്ടാൽ എന്തു സംഭവിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ലീഗ് നേതൃത്വം ഇത് തിരിച്ചറിഞ്ഞ് തിരുത്തൽ വരുത്തുന്നില്ല എങ്കിൽ കേരളത്തിന്റെ രാഷ്‌ട്രീയാന്തരീക്ഷം ഭാവിയിൽ കൂടുതൽ കലുഷിതമാവുകയേ ഉള്ളൂ.

? വർത്തമാനകാലത്തെ ഒരു രാഷ്‌ട്രീയ വിഷയത്തിലേക്ക് വരാം. മുനമ്പം വഖഫ് പ്രശ്നം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണല്ലോ. താങ്കളുടെ പുസ്‌തകം വഖഫിനെക്കുറിച്ച് ദീർഘമായി പ്രതിപാദിക്കുന്നുണ്ട്. ചില ഒറ്റപ്പെട്ട ലേഖനങ്ങൾ മാറ്റിവച്ചാൽ വഖഫിനെ സൂക്ഷ്മമായി നോക്കാനുള്ള മലയാളത്തിലെ ആദ്യ ശ്രമവും താങ്കളുടേതാവാം. അതിന്റെകൂടെ പശ്ചാത്തലത്തിലാണ് ഈ ചോദ്യം. എന്താണ് യഥാർഥത്തിൽ വഖഫ് പ്രശ്നം. സമുദായത്തിന്റെ ഒരു അഭ്യന്തരകാര്യം മാത്രമല്ലേ അത്.

 = തീർച്ചയായും വഖഫ് എന്നത് ഒരു മുസ്ലിം ആഭ്യന്തര പ്രശ്നമല്ല. വളരെപ്പെട്ടെന്ന് വർഗീയ ധ്രുവീകരണം നടത്താനായി സംഘപരിവാർ കൈവച്ച ഒരു മണ്ഡലമാണത്. അതിനാൽത്തന്നെ കേരളത്തിലെ സിവിൽ സൊസൈറ്റി ശ്രദ്ധയോടെ വീക്ഷിക്കേണ്ടുന്ന, അഭിപ്രായരൂപീകരണം നടത്തേണ്ടുന്ന ഒന്നാണ് വഖഫ്.

ഇസ്ലാം മതവിശ്വാസപ്രകാരം സക്കാത്ത് ഒരു പുണ്യപ്രവൃത്തിയാണ്, സമാനമാണ് വഖഫും. പരമ്പരാഗതമായി ആർജിച്ച സ്വത്തോ, അല്ലെങ്കിൽ സ്വയം സമ്പാദിച്ച സ്വത്തോ സമുദായത്തിന് പൊതുവെ ദാനം ചെയ്യലാണ് വഖഫ്.

ഫോട്ടോ: ബിജു ഇബ്രാഹിം

ഫോട്ടോ: ബിജു ഇബ്രാഹിം

അതിന്റെ ഗുണഫലം സമുദായത്തിലെ നിരാശ്രയർക്കോ നിരാലംബർക്കോ ലഭിക്കണമെന്നതാണ് അതിന്റെ തത്വം. പക്ഷേ, ഈ സ്വത്ത് കേരളത്തിൽ പലപ്പോഴും കൈകാര്യം ചെയ്യുന്നവർ ഈ നിലയിലല്ല വിനിയോഗിക്കുന്നത്. ലീഗ് പൊളിറ്റിക്‌സ്‌ ഉള്ളവരാണ് പല മുതവല്ലിമാരും.

അഖിലേന്ത്യാ തലത്തിൽത്തന്നെ വഖഫ് സ്വത്ത് വലിയ നിലയിൽ അന്യാധീനപ്പെട്ടിട്ടുണ്ട്. റിലയൻസിന്റെ കൈവശം പോലുമുണ്ട് വഖഫ് ഭൂമി. അന്യാധീനപ്പെട്ട വഖഫ് സ്വത്തുകളെക്കുറിച്ചുള്ള പരാതി വി എസ് സർക്കാരിന്റെ മുമ്പിൽ വന്നിരുന്നു.

അതിൽ അന്വേഷണം നടത്താൻ എം എ നിസാറിനെ നിയോഗിച്ചു. അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിൽ അന്യാധീനപ്പെട്ട ഭൂമിയെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. തളിപ്പറമ്പിലെ ഒരു മഹല്ല് കമ്മിറ്റി വഖഫിന്റെ വരുമാനത്തിൽ നിന്ന് മുസ്ലിം ലീഗിന് സോവനീർ ഇറക്കാൻ അൻപതിനായിരം രൂപ സംഭാവനയായി നൽകിയ വിവരവുമുണ്ട്.

അനാഥർക്ക് നൽകേണ്ട പണം ലീഗിന്റെ ജില്ലാ കമ്മിറ്റിയ്‌ക്ക്‌ സംഭാവനയായി നൽകുന്നതിന് എന്ത് ന്യായീകരണമാണുള്ളത്. ഇത്തരം ആശാസ്യകരമല്ലാത്ത പ്രവർത്തനങ്ങളിൽ നിന്ന് വഖഫ് സ്വത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട്.

മറുഭാഗത്ത്, നമ്മളിപ്പോൾ സംസാരിക്കുന്ന തലപ്പുഴയിൽ ഹിന്ദു ഐക്യവേദിക്കാർ വഖഫ് ‘ഭീകരനിയമ'ത്തിനെതിരെ പ്രതിഷേധിക്കാനെന്ന പേരിൽ ധ്രുവീകരണശ്രമങ്ങൾ നടത്തുന്നുണ്ട്. വഖഫ് ഭൂമിയിലെ കൈവശക്കാരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് അവരുടെ വരവ്.

വഖഫ് ഭൂമി കൈയേറ്റക്കാരെന്ന് ആരോപിച്ച് വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചവരിൽ ക്രിസ്‌ത്യൻ സമുദായത്തിൽപ്പെട്ടവർ മാത്രമല്ല, ഇതര സമുദായങ്ങളില്‍ പെട്ടവരും ഉണ്ട്. വയനാട് ജില്ലയില്‍ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ തലപ്പുഴയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സഖാവ് ഗഗാറിനോടൊപ്പം നോട്ടീസ് ലഭിച്ചവരുടെ വീടുകൾ കഴിഞ്ഞദിവസം സന്ദര്‍ശിക്കുകയുണ്ടായി.

വി പി സലീം, സി വി ഹംസ ഫൈസി, അറഫ ഹൗസില്‍ ജമാൽ, ഉക്കാടൻ റഹ്മത്ത്, പുതിയിടം ആലക്കി രവി എന്നിവരെയാണ് ഞങ്ങള്‍ കണ്ടത്. മുപ്പതിലേറെ വര്‍ഷക്കാലം കൈവശംവച്ച് താമസിച്ചുവരുന്നവരാണ് ഇവര്‍.

അവിടെ ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ച് നോട്ടീസ് ലഭിച്ചവരെ നിലവിലുള്ള വഖഫ് നിയമം ഇല്ലാതാക്കാനുളള സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളിൽ പങ്കാളികളാക്കാനാണ് ശ്രമിച്ചത്. മുനമ്പത്തും അതുതന്നെയാണെല്ലോ ബിജെപി നേതാക്കള്‍ ചെയ്യുന്നത്.

യഥാർഥത്തിലുളള കാര്യങ്ങൾ മറച്ചുവച്ച് ഈ കൈവശക്കാരുടെ പ്രശ്നങ്ങളെ വർഗീയവല്‍ക്കരിച്ച് തെരഞ്ഞെടുപ്പുകളിൽ വോട്ട് തട്ടാനാകുമോ എന്നാണ് ബിജെപി നോക്കുന്നത്. ഇതിന്റെ ഭാഗമായി മുസ്ലിം വിരോധവും എല്‍ഡിഎഫ് വിരോധവും ഉൽപ്പാദിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്.

മലയാളത്തിലെ ആര്‍എസ്എസ് പ്രസിദ്ധീകരണമായ കേസരിയില്‍ പ്രമുഖ ആര്‍എസ്എസ് നേതാവ് എന്റെ പുസ്‌തകത്തെ വിമർശിച്ചുകൊണ്ടെഴുതിയ ലേഖനത്തിന്റെ തലക്കെട്ടുതന്നെ ‘കേരളം മുഴുവന്‍ വഖഫ് ആണോ?’എന്നതാണ്.

കൈവശക്കാരുടെ ന്യായമായിട്ടുള്ള ആവശ്യത്തെ എങ്ങനെയാണ് വഴിതിരിച്ചുവിടുന്നത് എന്നതിന്‌ ഈ തലക്കെട്ടുതന്നെ ഉത്തരം നല്‍കുന്നു. കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ചരിത്രം പരിശോധിച്ചാൽ എല്ലാ കാലത്തും കൈവശ കൃഷിക്കാര്‍ക്കൊപ്പം നിന്നിട്ടുണ്ട്.

 എ കെ ജി

എ കെ ജി

ഉദാഹരണത്തിന്, കൊട്ടിയൂരിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ് ഒഴിപ്പിക്കൽ നോട്ടീസ് കൊടുത്തപ്പോള്‍ കര്‍ഷകര്‍ക്കൊപ്പം പോരാടിയത് കമ്യൂണിസ്‌റ്റ്‌ പാർടിയും എ കെ ജിയുമാണ്.

സഖാവ് എ കെ ജിയും ഫാദര്‍ വടക്കനും ചേര്‍ന്ന് നടത്തിയ കുടിയേറ്റ കര്‍ഷകസമര ചരിത്രം പ്രസിദ്ധമാണ്. അവിടെ ഹിന്ദു ഐക്യവേദിക്കാർ കൊട്ടിയൂർ ദേവസ്വം അധികൃതർക്കൊപ്പമായിരുന്നു.

അതിനാല്‍ത്തന്നെ പല കാരണങ്ങളാൽ കൈവശപ്പെടുത്തിയ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കില്ല എന്ന മുഖ്യമന്ത്രി പിണറായിയുടെ വാക്കുകള്‍ക്ക് ചരിത്രത്തിന്റെ പിന്‍ബലം കൂടിയുണ്ട്. ബിജെപിക്കാരുടെ വർഗീയ പ്രചാരണങ്ങള്‍ക്ക് വിധേയരാവേണ്ട ഒരാവശ്യവും ആര്‍ക്കുമില്ല.

വഖഫ് ഭൂമി അന്യാധീനപ്പെട്ടതിന് മറുപടി പറയാന്‍ പ്രധാനപ്പെട്ട ഉത്തരവാദിത്വം മുസ്ലിം ലീഗിനാണ്. നിരപരാധികളായ കൈവശക്കാരെ സംരക്ഷിക്കണമെന്ന നിലപാട് ഇസ്ലാമിക പണ്ഡിതന്മാരുടെയും ഭാഗത്തുനിന്നുമുണ്ടായത് അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.

? മറ്റൊന്ന്, മാവോയിസ്‌റ്റുകളും ഇസ്ലാമിസ്‌റ്റുകളും തമ്മിലുള്ള ഐക്യത്തെക്കുറിച്ചാണ്. താങ്കൾ അത്തരമൊരു വിമർശനം ഉന്നയിക്കുന്നുമുണ്ട്. ഒരു ആരോപണം എന്നതിനപ്പുറം വസ്‌തുതാപരമായ തെളിവുകൾ എന്തെങ്കിലും ചൂണ്ടിക്കാട്ടാനുണ്ടോ.

= മാവോയിസ്‌റ്റുകളും ഇസ്ലാമിസ്‌റ്റുകളുമായി ആശയതലത്തിലും പ്രായോഗികമായും ഇന്ത്യയിലും കേരളത്തിലും യോജിക്കുന്നുണ്ട്. മാവോയിസ്‌റ്റ്‌ നേതാവായ ഗണപതിയുടെ പ്രസ്‌താവന ഞാൻ പുസ്‌തകത്തിൽ എടുത്തുചേർത്തിട്ടുണ്ട്. സാമ്രാജ്യത്വത്തിനെതിരായ മാവോയിസ്‌റ്റുകളുടെ യുദ്ധത്തിൽ ഇസ്ലാമിസ്‌റ്റുകൾ തങ്ങളുടെ സഖ്യകക്ഷികളാണ് എന്നദ്ദേഹം പറയുന്നുണ്ട്.

തന്ത്രവും അടവുകളും എന്ന മാവോയിസ്‌റ്റ്‌ രേഖയെ ഉദ്ധരിച്ചുകൊണ്ടുതന്നെ ഇക്കാര്യം വിശദമാക്കുന്നുമുണ്ട്. ഇസ്ലാമിസ്‌റ്റുകളുടെ മതമൗലികവാദനില തൽക്കാലം പരിഗണിക്കേണ്ടതില്ല, സാമ്രാജ്യത്വം പരാജയപ്പെട്ടതിനുശേഷം ഇസ്ലാമിസ്‌റ്റുകളുടെ നിലപാട് സ്വാഭാവികമായി മാറും എന്ന നിലപാടാണ് മാവോയിസ്‌റ്റുകൾ മുൻപോട്ടു വയ്‌ക്കുന്നത്.

മാവോയിസ്‌റ്റുകളുടെ മൂടുപട സംഘടനകളിൽ  (Cover Organizations) പലപ്പോഴും നമുക്ക് ഇസ്ലാമിസ്‌റ്റുകളെ കാണാം. അത്തരമൊരു മൂടുപട സംഘമായ രാഷ്‌ട്രീയത്തടവുകാരുടെ മോചനക്കമ്മിറ്റി (Committee for Releasing Political Prisoners) ഡൽഹിയിൽ യോഗം ചേർന്നപ്പോൾ കേരളത്തിൽനിന്ന് മാധ്യമപ്രതിനിധികളെന്ന പേരിൽ പങ്കെടുത്ത രണ്ടു പേരിൽ ഒരാൾ മാധ്യമം പത്രത്തിന്റെ എഡിറ്ററായ വി എം ഇബ്രാഹിം ആണ്.

മറ്റൊരാൾ തേജസ് പത്രത്തിൽ നിന്നുള്ള പ്രൊഫ. പി കോയയാണ്. പോപ്പുലർ ഫ്രണ്ടിന്റെ കേരളത്തിലെ താത്വികാചാര്യനാണ് അദ്ദേഹം. കൗതുകകരമായ കാര്യം എന്റെ പുസ്‌തകം പുറത്തുവന്നതിനു ശേഷം വി എം  ഇബ്രാഹിം രണ്ടു ലക്കങ്ങളിലായി പുസ്‌തകത്തെ വിശകലനം ചെയ്‌ത്‌ എഴുതുകയുണ്ടായി.

ഫോട്ടോ: ബിജു ഇബ്രാഹിം

ഫോട്ടോ: ബിജു ഇബ്രാഹിം

മേൽപ്പറഞ്ഞ യോഗത്തിൽ സംബന്ധിച്ചതിനെക്കുറിച്ചോ പുസ്‌തകം നടത്തിയ വിമർശനങ്ങളെക്കുറിച്ചോ യാതൊന്നും വി എം ഇബ്രാഹിം പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മാവോയിസ്‌റ്റ്‌ നേതാവായ രാവുണ്ണിയും ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അങ്ങനെ മൂടുപട സംഘടനകളിലൂടെ പ്രായോഗികമായ യോജിപ്പും നമുക്ക് കാണാം. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും ഈ പ്രതിനിധികൾ ആ മൂടുപട സംഘടനയുടെ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്‌തവരാണ്.

മറ്റൊന്ന്, ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുവന്ന സമരമാണ്. കേരളം പോലെ ആളോഹരി ഭൂവിസ്‌തൃതി കുറഞ്ഞ സംസ്ഥാനത്ത് വികസനാവശ്യങ്ങൾക്ക് ഭൂമിയേറ്റെടുക്കുന്ന അവസരത്തിൽ എതിർപ്പ് സ്വാഭാവികമാണ്.

എൽഡിഎഫ് സർക്കാർ സ്ഥലമുടമകളെ ബോധ്യപ്പെടുത്തി അവർക്ക് പരമാവധി വില നൽകിക്കൊണ്ടാണ് സ്ഥലം ഏറ്റെടുത്തിട്ടുള്ളത്. പക്ഷേ അസംതൃപ്തി ജനിപ്പിച്ചുകൊണ്ട് നടത്തിയ ദേശീയപാതാ വിരുദ്ധ സമരം, ഗെയ്ൽ പൈപ്പ്‌ ലൈൻ വിരുദ്ധ സമരം ഇതിലെല്ലാം ജമാഅത്തെ, പോപ്പുലർ ഫ്രണ്ട്, മാവോയിസ്‌റ്റ്‌ അനുകൂലികൾ എന്നിവർ ഒന്നിച്ചുചേർന്നതായി കാണാൻ കഴിയും.

ദേശീയപാതാ വിരുദ്ധ സമരത്തിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് കീഴാറ്റൂർ വയൽക്കിളി സമരം. അതിന് മാധ്യമം പത്രവും മറ്റും കൊടുത്ത കവറേജ് നമ്മുടെ മുമ്പിലുണ്ട്. അവ പഠനവിധേയമാക്കിയാൽ ഈ അപകടകരമായ കൂട്ടുകെട്ട് നമുക്ക് വ്യക്തമാവും. ഇത്തരമൊരു ഇസ്ലാമിസ്‌റ്റ്‌‐മാവോയിസ്‌റ്റ്‌ യോജിപ്പ് പൊതുസമൂഹം ചർച്ച ചെയ്യേണ്ട ഒന്നാണ്.

കോഴിക്കോട്ടെ അലൻ‐താഹ വിഷയത്തിലും ഇതിന്റെ അനുരണനങ്ങൾ കാണാം. നിരപരാധികളായ വിദ്യാർഥികളെ അറസ്‌റ്റ്‌ ചെയ്‌ത്‌ യുഎപിഎ ചുമത്തി എന്ന പൊതുബോധ നിർമിതിക്ക് മാധ്യമം പത്രം ആസൂത്രിതമായിത്തന്നെ ശ്രമങ്ങൾ നടത്തുകയുണ്ടായി.

അന്വേഷണ ഉദ്യോഗസ്ഥർ ചുമത്തിയ യുഎപിഎ സംസ്ഥാനസർക്കാർ അംഗീകരിക്കില്ല എന്നു തോന്നിയപ്പോഴാണ് എൻഐഎ ആ കേസ് ഏറ്റെടുത്തത്. അതിലും സംസ്ഥാന സർക്കാരിനെതിരെ വികാരം കുത്തിപ്പൊക്കാനും മാധ്യമം പത്രം ആസൂത്രിത ശ്രമം നടത്തുകയുണ്ടായി. അതിനാൽത്തന്നെ ഈ രണ്ടു ശക്തികളും യോജിക്കുന്നു എന്നതും നാം തിരിച്ചറിയേണ്ട കാര്യമാണ്.

? മുസ്ലിം രാഷ്‌ട്രീയത്തെ മനസ്സിലാക്കാനും വിശകലനം ചെയ്യാനുമുള്ള താങ്കളുടെ ശ്രമത്തിന്റെ ബാക്കിപത്രം എന്താണ്. അതായത് മുസ്ലിങ്ങളിലെ യുവതലമുറയിൽ പ്രതീക്ഷയുണ്ടോ. അതോ രാഷ്‌ട്രീയ ഇസ്ലാമിന് അവർ അടിപ്പെടുകയാണ് എന്നാണോ കരുതേണ്ടത്.

 = ശുഭപ്രതീക്ഷയുണ്ട്, പക്ഷേ ഇപ്പോൾ ഇത്തരം പ്രതിരോധങ്ങൾ പരിമിതമാണ് എന്ന യാഥാർഥ്യവുമുണ്ട്.

ലീഗിന്റെ പ്രമാണീകേന്ദ്രിത വിലപേശൽ രാഷ്ട്രീയത്തോടും ജമാഅത്തെ ഇസ്ലാമിയുടെ മതകേന്ദ്രിത രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പുകളുള്ള ഒരു വലിയ വിഭാഗം മുസ്ലിങ്ങൾ കേരളത്തിലുണ്ട്. അതിൽ വിശ്വാസികളും വിശ്വാസികളല്ലാത്തവരും എല്ലാം ഉൾപ്പെടുന്നു. ഞാനവരെ ‘സാംസ്കാരിക മുസ്ലിം' എന്നു വിശേഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.

ലീഗിന്റെ പ്രമാണീകേന്ദ്രിത വിലപേശൽ രാഷ്ട്രീയത്തോടും ജമാഅത്തെ ഇസ്ലാമിയുടെ മതകേന്ദ്രിത രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പുകളുള്ള ഒരു വലിയ വിഭാഗം മുസ്ലിങ്ങൾ കേരളത്തിലുണ്ട്. അതിൽ വിശ്വാസികളും വിശ്വാസികളല്ലാത്തവരും എല്ലാം ഉൾപ്പെടുന്നു. ഞാനവരെ ‘സാംസ്കാരിക മുസ്ലിം' എന്നു വിശേഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. കാസർകോട്‌ ജില്ലയിൽ ‘കിസ്സ' എന്നൊരു സംഘടനയുണ്ട്. സാംസ്‌കാരിക തലത്തിൽ പുരോഗമനാശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘമാണത്. അവരിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ് താനും.

കണ്ണൂർ ജില്ലയിലെ ‘മോയിൻകുട്ടി വൈദ്യർ സാംസ്‌കാരിക കേന്ദ്രം' മറ്റൊരു ഉദാഹരണമാണ്. ഈ പ്രവർത്തനം ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. എങ്കിൽ മാത്രമേ വർഗീയ തീവ്രവാദ ആശയരൂപീകരണത്തിനെതിരെ ഒരു സാംസ്‌കാരികമുന്നേറ്റം കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ പ്രാവർത്തികമാവുകയുള്ളൂ.

പുസ്‌തകത്തിൽ ഞാൻ പ്രധാനമായി പരിശോധിച്ച ഒന്ന് മുസ്ലിങ്ങൾക്കിടയിലെ പൊതുവിദ്യാഭ്യാസത്തിന്റെ വികാസമാണ്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും പെൺകുട്ടികളുടെ പഠനത്തിനും മുമ്പ്‌ മതപണ്ഡിതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതിനെല്ലാം പ്രകടമായ മാറ്റം വന്നു എന്നത് ആധികാരികമായ ഡാറ്റ പരിശോധിച്ചുതന്നെ പുസ്‌തകം വ്യക്തമാക്കുന്നുണ്ട്.

പൊതുവിദ്യാഭ്യാസത്തിന്റെ വളർച്ച മതനിരപേക്ഷതയ്‌ക്കൊപ്പം നിൽക്കാൻ പുതുതലമുറയെ പ്രേരിപ്പിച്ചിട്ടുണ്ട് എന്നത് വസ്‌തുതയാണ്. തീവ്രവാദ ആശയങ്ങളിലേക്കല്ല മതേതര ആശയങ്ങളിലേക്കാണ് പുതുതലമുറ കൂടുതൽ കടന്നുവരുന്നത്. എങ്കിലും സ്വത്വരാഷ്‌ട്രീയത്തിന്റെ വളർച്ച വിദ്യാർഥി യുവജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കാനുള്ള വലിയ ശ്രമങ്ങളും നടക്കുന്നുണ്ട്.

പി ജയരാജൻ -   ഫോട്ടോ: ശിവപ്രസാദ്‌ എം എ

പി ജയരാജൻ - ഫോട്ടോ: ശിവപ്രസാദ്‌ എം എ

അതിനു കുറെപ്പേർ വിധേയമാകുന്നുണ്ട്. ഒരു ഭാഗത്ത് മുസ്ലിം ലീഗിനകത്തെ യുവതലമുറ, വിശിഷ്യാ പെൺകുട്ടികൾ ഹരിത പോലുള്ള സംഘടനകളിലൂടെ രാഷ്‌ട്രീയനില സ്വീകരിക്കുന്നുമുണ്ട്. മറുഭാഗത്ത് സ്വത്വരാഷ്‌ട്രീയം ശക്തമാക്കുന്നതിനായി ജമാഅത്തെ ഇസ്ലാമി, ക്യാമ്പസ് ഫ്രണ്ട്, വെൽഫെയർ പാർടിയുടെ വിദ്യാർഥിസംഘടന എന്നിവരൊക്കെ ശ്രമിക്കുന്നുമുണ്ട്.

ക്യാമ്പസുകളിൽ ആരാധനാ കൂട്ടായ്‌മകൾ  രൂപപ്പെടുന്നത് പുതിയ പ്രവണതയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആരംഭിച്ച ആ പ്രവണത ഇന്ന് പരക്കുന്നുണ്ട്. നമ്മുടെ ക്യാമ്പസുകളിൽ മുമ്പില്ലാത്ത ഒന്നാണത്. ഇതിന് ബോധപൂർവമായ പിന്തുണ തീവ്ര പ്രസ്ഥാനങ്ങളിൽനിന്നു ലഭിക്കുന്നുമുണ്ട്. വിശ്വാസികളുടെ താൽപ്പര്യം എന്ന നിലയിലുള്ള ഈ അവതരണം പലപ്പോഴും കുട്ടികളെ വഴിതെറ്റിക്കുന്നുമുണ്ട്.

ഏത് വ്യക്തിക്കും ആരാധനാ സ്വാതന്ത്ര്യമുണ്ട് എന്നതിൽ തർക്കമില്ല. പക്ഷേ വിദ്യാഭ്യാസ കേന്ദ്രങ്ങൾ ആരാധനയ്‌ക്കുള്ള ഇടമായിക്കൂടാ. ഈ പുതിയ പ്രവണതയെ വിമർശനപരമായി നാം കാണണം. ഒപ്പം മാർക്‌സിസ്‌റ്റ്‌ രാഷ്‌ട്രീയത്തിന് മുസ്ലിം സമുദായത്തിനിടയിലുള്ള സ്വാധീനതാക്കുറവും പരിശോധിക്കേണ്ടതുണ്ട്.

മതേതരത്വത്തിലൂന്നിയ ആശയപ്രചാരണം അത്യാവശ്യമാണ്. അതിൽ സാംസ്‌കാരിക സംഘടനകൾക്ക് വലിയ റോളുണ്ട്. അത്തരം സംഘങ്ങളെ നാം പ്രോത്സാഹിപ്പിക്കേണ്ടതുമുണ്ട്. നിലവിലുള്ള ഇന്ത്യൻ പേഴ്‌സണൽ ലോ അസമത്വത്തിന്റെ ചില മേഖലകൾ സൃഷ്ടിക്കുന്നു എന്ന വാദഗതി മുസ്ലിം സമുദായത്തിന്റെ അകത്തുതന്നെ ഉയർന്നുവരുന്നുണ്ട്.

അത്തരം ആന്തരിക വിമർശനങ്ങൾ ഉയർന്നുവരുന്നത് അഭികാമ്യമായ ഒന്നാണ്. സമുദായ പരിഷ്‌കരണം സമുദായത്തിന് അകമേ നിന്നുതന്നെയാണ് ആരംഭിക്കേണ്ടത്. ഏകീകൃത സിവിൽ കോഡ്‌ അടക്കമുള്ള എന്തും മതസംഘടനകളോടും മതപണ്ഡിതരോടും കൂടിയാലോചിച്ച് മാത്രമേ നടപ്പിലാക്കാവൂ.

ബിജെപി സർക്കാർ അത് അടിച്ചേൽപ്പിച്ചുകൊണ്ട് വർഗീയമായ ധ്രുവീകരണമാണ് ലക്ഷ്യം വയ്‌ക്കുന്നത്. മുസ്ലിം സമുദായത്തിനകത്ത് നവീകരണധാര ആഭ്യന്തരമായി പ്രവർത്തിച്ചുതുടങ്ങണം. മുസ്ലിങ്ങൾക്കിടയിൽ ദുർബലമായ പുരോഗമനരാഷ്‌ട്രീയത്തെ ശക്തിപ്പെടുത്തേണ്ടതുമുണ്ട്.

? അവസാനമായി ചോദിക്കട്ടെ, സമീപകാലത്തൊന്നും കേരളം കാണാത്ത നിലയിൽ താങ്കളുടെ പുസ്‌തകം പ്രകാശനത്തിന്റെ അന്നു തന്നെ ചില ഗ്രൂപ്പുകൾ കത്തിക്കുകയുമുണ്ടായി. ആ നിലയിൽ അൽപ്പം തീയും പുകയും സൃഷ്ടിച്ചുകൊണ്ടുകൂടിയാണ് പുസ്‌തകത്തിന്റെ വരവ്. കത്തിച്ചവരോട് എന്താണ് പറയാനുള്ളത്.

 =യഥാർഥത്തിൽ പുസ്‌തകം വായിക്കാതെയുള്ള ക്ഷിപ്രപ്രതികരണമായാണ് ഞാനതിനെ കാണുന്നത്. അബ്ദുന്നാസർ മഅദനിക്കെതിരെയുള്ള പുസ്‌തകത്തിലെ പരാമർശമാണ് അവരെ പ്രകോപിപ്പിച്ചത് എന്നു ഞാൻ മനസ്സിലാക്കുന്നു. ഞാനിപ്പോഴും പറയുന്നു മഅദനിയുടെ രാഷ്‌ട്രീയജീവിതത്തെ ഏകമുഖമായി നാം കണ്ടുകൂടാ. കുറഞ്ഞത് അതിന് രണ്ട് ഘട്ടമെങ്കിലുമുണ്ട്.

മഅദനി

മഅദനി

ചരിത്രസംഭവങ്ങളെത്തന്നെ ആസ്‌പദമാക്കി നമുക്ക് കാണാൻ പറ്റും, ആദ്യകാല മഅദനിയുടെ പ്രഭാഷണങ്ങൾ ഒട്ടേറെ യുവാക്കളെ വഴിതെറ്റിച്ചിട്ടുണ്ട് എന്നത്.

കണ്ണൂർ തയ്യിൽ പ്രദേശത്ത് മഅദനിയുടെ പ്രഭാഷണങ്ങളുടെ കാസറ്റ് ആവർത്തിച്ച് കേൾക്കുന്ന നിലയിൽ ഒരു സംഘം തന്നെ രൂപീകരിക്കപ്പെട്ടിരുന്നു. ‘ഇസ്‌ഹാനിയ' പോലുള്ള ഇത്തരം സംഘടനകളുടെ ഭാഗമായി തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടനായ ആളാണ് തടിയന്റവിട നസീർ.

അതായത് തീവ്രനിലപാടുകളുള്ള ചിലരെ സൃഷ്ടിക്കുന്നതിൽ മഅദനിയുടെ ആദ്യകാല പ്രഭാഷണങ്ങൾക്ക് വ്യക്തമായ റോളുണ്ട്. അതേസമയം പിൽക്കാലത്ത് അദ്ദേഹത്തിന്റെ നിലപാടുകളിൽ വലിയ മാറ്റം വന്നുചേരുന്നുമുണ്ട്. പുസ്തകം ഈ രണ്ട് മഅദനിയേയും കുറിച്ച് പറയുന്നുണ്ട്.

ഇതേ തടിയന്റവിട നസീറിന്റെ മൊഴി രേഖപ്പെടുത്തിയ ഒരു പൊലീസ് റിപ്പോർട്ട് ഞാൻ പരിശോധിച്ചിരുന്നു.

അതിൽ നസീറിന്റെ മൊഴി, മഅദനിയുടെ പ്രഭാഷണങ്ങൾ തന്നെ സ്വാധീനിച്ചു എന്നതുപോലെ കോയമ്പത്തൂർ സ്ഫോടന കേസിൽ പ്രതിയാക്കപ്പെട്ടതിനെത്തുടർന്ന് മഅദനിയുടെ നിലപാടിൽ മാറ്റം വന്നു എന്നും ജനാധിപത്യവ്യവസ്ഥയിൽ യോജിച്ചു പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു എന്നും മഅദനിയോടുതന്നെ അത് നസീർ നേരിട്ട്‌ പറഞ്ഞിട്ടുണ്ട് എന്നുമാണ്.

പിൽക്കാലത്തുള്ള മഅദനിയുടെ നിലപാട് മാറ്റവും പുസ്‌തകത്തിൽ വരച്ചുകാട്ടിയിട്ടുണ്ട്. അത് വായിക്കാതെയാണ് പുസ്‌തകം കത്തിച്ചിട്ടുണ്ടാവുക എന്നുതന്നെ കരുതുന്നു. പുസ്‌തകം കത്തിക്കുക എന്നതൊക്കെ എത്ര അപക്വമായ നിലപാടാണ്. ആ ഗ്രൂപ്പുകളുടെ അസഹിഷ്‌ണുതയുടെ പ്രതീകമായേ അത്തരം നടപടികളെ ഞാൻ കാണുന്നുള്ളൂ.

എന്റെ പുസ്‌തകം പൊതുമണ്ഡലത്തിൽ ലഭ്യമാണ്. ആർക്കും വായിക്കാവുന്ന ഒന്നാണത്. അതിലെ ആശയങ്ങളോട് വിയോജിപ്പോ വിമർശനങ്ങളോ ഉള്ളവർ ഇതേ പൊതുമണ്ഡലത്തിന്റെ സാധ്യതകളുപയോഗിച്ചുകൊണ്ട് അതവതരിപ്പിക്കുക എന്നതാണ് കരണീയം.

അങ്ങനെ ആശയപരമായ ഒരു സംവാദം രൂപപ്പെടുത്തലാണ് പ്രബുദ്ധത. അതിനുപകരം പുസ്‌തകം കത്തിച്ച് അതിലെ ആശയങ്ങളെ നിഷ്‌കാസനം ചെയ്യാം എന്നൊക്കെ കരുതുന്നവർ ഏതോ മൂഢസ്വർഗത്തിലാണ്. അവർ അവരെത്തന്നെ സ്വയം തുറന്നുകാട്ടുന്നു.

 

ദേശാഭിമാനി വാരികയിൽ നിന്ന്

   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top