12 December Thursday

മുസ്ലിം രാഷ്‌ട്രീയത്തിന്റെ അകക്കാമ്പ്

ഡോ. കെ ടി ജലീൽUpdated: Thursday Dec 5, 2024

പി ജയരാജൻ എഴുതിയ 'കേരളം: മുസ്ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം' എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പാലോളി മുഹമ്മദ് കുട്ടിക്കു നൽകി പ്രകാശനം ചെയ്യുന്നു.

 

പതിറ്റാണ്ടുകളായി കൂര കെട്ടി താമസിച്ചിരുന്ന പുരയിടത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചതോടെ സ്വത്വബോധമുള്ളവരായി ഒരു സമൂഹം മാറിയതിന്റെ കഥ വിശദമായാണ് പി ജയരാജൻ വിശകലനം ചെയ്യുന്നത്. ഒരു പിഎച്ച്ഡി ഡിസർട്ടേഷൻ ആവാനുള്ള എല്ലാ യോഗ്യതയും ഈ പുസ്‌തകത്തിനുണ്ട്. കേരളം: മുസ്ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം എന്ന പുസ്തകത്തെക്കുറിച്ച് കെ ടി ജലീൽ എഴുതുന്നു. 

 

ഡോ. കെ ടി ജലീൽ

ഡോ. കെ ടി ജലീൽ

കേരളത്തിലെ മുസ്ലിം സമൂഹത്തെ സംബന്ധിക്കുന്ന മികച്ച ഒരു ഗവേഷണ ഗ്രന്ഥമാണ് പി ജയരാജൻ രചിച്ച കേരളം: മുസ്ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്ലാം. മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഈ പുസ്‌തകം 360 പേജുകളിലായാണ് എഴുതപ്പെട്ടിരിക്കുന്നത്.

മുസ്ലീങ്ങളുടെ സാമൂഹ്യ സാംസ്‌കാരിക ചരിത്രം ഒട്ടേറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി രചനകളും ഉണ്ടായിട്ടുണ്ട്.

എന്നാൽ മലബാറിലെ മാപ്പിളമാരുടെ സാമ്പത്തിക വിദ്യാഭ്യാസ ഉന്നതിയുടെ നാൾവഴികൾ മുസ്ലിം രാഷ്‌ട്രീയത്തിന്റെ പശ്ചാത്തലത്തിൽ സമഗ്രമായി വിശദീകരിക്കുന്ന രചനകൾ വേണ്ടത്രയില്ല. ആ കുറവാണ് ജയരാജൻ നികത്തുന്നത്.

ലീഗ് രാഷ്‌ട്രീയത്തിന്റെ ഗുണവും ദോഷവും വിമർശനവിധേയമാക്കുന്ന ഈ കൃതി മുസ്ലീങ്ങളിലെ മതരാഷ്‌ട്രവാദികളെയും തീവ്ര ആശയക്കാരെയും തുറന്നുകാട്ടുന്നു.

പതിറ്റാണ്ടുകളായി കൂര കെട്ടി താമസിച്ചിരുന്ന പുരയിടത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചതോടെ സ്വത്വബോധമുള്ളവരായി ഒരു സമൂഹം മാറിയതിന്റെ കഥ വിശദമായാണ് പി ജയരാജൻ വിശകലനം ചെയ്യുന്നത്. ഒരു പിഎച്ച്ഡി ഡിസർട്ടേഷൻ ആവാനുള്ള എല്ലാ യോഗ്യതയും ഈ പുസ്‌തകത്തിനുണ്ട്.

രചയിതാവിന്റെ അഭിപ്രായം വെറും വാക്കുകളിൽ പറഞ്ഞുപോവുകയല്ല ചെയ്യുന്നത്. ഓരോ വാദഗതികൾ സമർഥിക്കാനും അതതു കാലത്തെ പ്രാമാണികരുടെ ആത്മകഥകളും കത്തുകളും കുറിപ്പുകളും, എഴുതിയ പുസ്‌തകങ്ങളിലെ ഉദ്ധരണികളും യഥേഷ്ടം ഈ പഠനത്തിന്റെ ഭാഗമാക്കാനും ജയരാജൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

 എ വിജയരാഘവൻ

എ വിജയരാഘവൻ

സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനാണ് പുസ്‌തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

1947ൽ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടും, വീരരായ മാപ്പിള പോരാളികളെ നിഷ്ഠുരം വെടിവച്ചുകൊന്ന ജില്ലാ പൊലീസ് സൂപ്രണ്ട് ഹിച്ച്കോക്ക് സായിപ്പിന്റെ ഓർമയ്‌ക്ക്‌ ബ്രിട്ടീഷ് ഗവൺമെന്റ്‌ പണിത സ്മാരകം പൊളിക്കാൻ 1967ലെ രണ്ടാം ഇ എം എസ് സർക്കാരിന്റെ കാലം വരെ കാത്തിരിക്കേണ്ടിവന്നു എന്ന് വിജയരാഘവൻ അവതാരികയിൽ പറയുന്നു.

 ഇമ്പിച്ചിബാവ

ഇമ്പിച്ചിബാവ

സ്വാതന്ത്ര്യാനന്തരം 20 കൊല്ലം ഹിച്ച്കോക്ക് സ്മാരകം തകർക്കാൻ മുസ്ലിം ലീഗിന്റെ മൃഗീയമായ രാഷ്‌ട്രീയശക്തിക്ക് സാധിച്ചില്ല എന്ന പരോക്ഷ വിമർശനവും അദ്ദേഹം അവതാരികയിൽ ഉന്നയിക്കുന്നു. ഹിച്ച്കോക്കിന്റെ സ്മാരകം തകർത്ത് അവിടെ ഒരു കെഎസ്ആർടിസി ബസ് കാത്തിരിപ്പുകേന്ദ്രം പണിതത് 1967‐ൽ സഖാവ് ഇമ്പിച്ചിബാവ ട്രാൻസ്‌പോർട്ട് മന്ത്രിയായിരുന്ന കാലത്താണ്.

ബ്രിട്ടീഷുകാർ നിരോധിച്ച മലപ്പുറം നേർച്ച പുനരാരംഭിച്ചത് 1957‐ലെ ഒന്നാം ഇഎംഎസ് സർക്കാരിന്റെ കാലത്താണെന്നും അവതാരികയിൽ പറയുന്നു.
പാലോളി മുഹമ്മദ്കുട്ടി ഒരു ആശംസാ കുറിപ്പും എഴുതിയിട്ടുണ്ട്.

അമ്പതുകളിലും അറുപതുകളിലും സാമൂഹ്യഭ്രഷ്ടിന് സമാനമായ സ്ഥിതിയാണ് മുസ്ലിം ലീഗല്ലാത്തവർക്ക്, പ്രത്യേകിച്ച് കമ്യൂണിസ്‌റ്റുകാർക്ക് മലബാറിൽ നേരിടേണ്ടിവന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

അക്കാലത്തെ മുസ്ലിം സ്‌ത്രീകളുടെ ദുരിതപൂർണമായ അവസ്ഥ, 94 വയസ്‌ പിന്നിട്ട പാലോളി പറയുമ്പോൾ ശരിക്കും അദ്ദേഹത്തിന്റെ ഹൃദയം പിടയുന്നത് ആ വരികളിൽ വായിച്ചെടുക്കാനാവും.

പാലോളി മുഹമ്മദ്കുട്ടി

പാലോളി മുഹമ്മദ്കുട്ടി

താൻ വിവാഹം കഴിച്ച പെണ്ണുമൊത്ത്, വിവാഹം കഴിഞ്ഞ് ഏഴാം ദിവസം ആദ്യ സൽക്കാരത്തിന് ഭാര്യവീട്ടിൽ പോയ സഖാവ് പാലോളി മുഹമ്മദ്കുട്ടി നാട്ടാചാരമനുസരിച്ച് അന്നവിടെ താമസിച്ചു.

പിറ്റേദിവസം ഭാര്യയെയും കൂട്ടി വീട്ടിലേക്ക് പോകാനിറങ്ങിയ പാലോളിയുടെ ചെവിയിൽ ഇടിവെട്ട് പോലെ പതിച്ചത് ഭാര്യാ പിതാവിന്റെ കനത്ത ശബ്ദമാണ്: ‘‘നീ പൊയ്‌ക്കോ. അവളെ കൊണ്ടുപോകേണ്ട. കമ്യൂണിസ്‌റ്റുകാരന്റെ കൂടെ ഞാൻ എന്റെ മകളെ പറഞ്ഞയക്കില്ല.’’ ഇതുകേട്ട് പൊട്ടിക്കരഞ്ഞ് പുതുമണവാളന്റെ മുഖത്തേക്ക് നോക്കിനിന്ന നിസ്സഹായയായ പെൺകുട്ടിയുടെ നിലവിളി അദ്ദേഹം എഴുതിയ ഓരോ വാചകങ്ങളിലും പ്രതിധ്വനിക്കുന്നതു പോലെ തോന്നും.

പാലോളി മുഹമ്മദ്കുട്ടി ഒരു കമ്യൂണിസ്‌റ്റ്‌ സൂഫി ആണെന്ന് പലപ്പോഴും ഞാൻ പറയാറുള്ളത് വെറുതെയല്ല. മുസ്ലിം ലീഗ് കോട്ടയിൽ അത്രയ്‌ക്ക് വലിയ വ്യക്തിപരമായ നഷ്ടം സഹിച്ച ഒരാളെ ഈ രാജ്യത്ത് തന്നെ നമുക്ക് കാണാനാവില്ല.

ആ പൂനിലാവ് പോലുള്ള പാലോളിയാണ് ഈ പുസ്‌തകം സഖാവ് പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങിയത്.

പിണറായി  വിജയൻ

പിണറായി വിജയൻ

മൂന്ന്‌ വർഷത്തെ നിരന്തരമായ അന്വേഷണത്തിനും പഠനത്തിനും ശേഷമാണ് കേരളം, മുസ്ലിം രാഷ്‌ട്രീയം,  രാഷ്‌ട്രീയ ഇസ്ലാം രചിച്ചതെന്ന് ജയരാജൻ അവകാശപ്പെടുന്നുണ്ട്. ഇത് കേവലം ഒരു അവകാശവാദമല്ലെന്ന് പുസ്‌തകത്തിലെ ഓരോ അധ്യായവും സാക്ഷ്യപ്പെടുത്തും.

ഒരു പുസ്‌തകത്തിലെ എല്ലാ അഭിപ്രായങ്ങളോടും നമുക്ക് യോജിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. എന്നാൽ ഇതിലെ മഹാഭൂരിപക്ഷം നിരീക്ഷണങ്ങളോടും വായനക്കാരന് യോജിക്കാതിരിക്കാൻ കഴിയില്ല. തെളിവുകളുടെ ശക്തമായ സാന്നിധ്യം അത്രമേൽ പ്രകടമാണ് ആദ്യം മുതൽ അവസാനം വരെ.

പ്രവാചകകാലം തൊട്ടുതന്നെ ഇസ്ലാം കേരളത്തിൽ എത്തിയ ചരിത്രം പറഞ്ഞുകൊണ്ട് തുടങ്ങുന്ന പുസ്‌തകം മലബാർ കലാപത്തെയും കാർഷിക പ്രശ്നങ്ങളെയും മലബാർ സ്വാതന്ത്ര്യ സമരത്തെയും തള്ളിപ്പറഞ്ഞ മുസ്ലിം ലീഗിനെയും കോൺഗ്രസിനെയും അവരുടെ സമീപനങ്ങളെയും മുടിനാരിഴകീറി അപഗ്രഥിക്കുന്നുണ്ട്.

ഖദർ വസ്‌ത്രം ധരിച്ച്, വിദേശ വസ്‌ത്രങ്ങൾ ഉപേക്ഷിച്ച് രാജ്യസ്നേഹം പ്രകടിപ്പിക്കാനുള്ള ഖിലാഫത്ത് കമ്മിറ്റിയുടെ ആഹ്വാനത്തെ ആവേശത്തോടെ ഉദ്ധരിക്കുന്ന പി ജയരാജൻ, പുതിയ കാലത്തും അത്തരമൊരു ആഹ്വാനം രാജ്യസ്നേഹികളിൽ നിന്ന് പ്രതീക്ഷിക്കുന്നതായി തോന്നും.

ജീവിതാന്ത്യംവരെ ഖദർ വസ്‌ത്രം മാത്രം ധരിച്ച ആലി മുസ്ലിയാർ എന്ന ദേശസ്നേഹിയെ ബ്രിട്ടീഷുകാർ തൂക്കിക്കൊന്നത്, സാമ്രാജ്യത്വത്തിന്റെ ആരാച്ചാരാണ്‌ അദ്ദേഹം എന്ന തിരിച്ചറിവ് കൊണ്ടുകൂടിയാകണം.

കെ മാധവൻ നായരെയും എം പി നാരായണ മേനോനെയും ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിനെയും കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാരെയും മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെയും ഇ മൊയ്‌തു മൗലവിയെയും ഉദ്ധരിച്ചാണ് മലബാർ കലാപത്തെ വർഗീയ ലഹളയാക്കാനുള്ള സംഘപരിവാറുകാരുടെ കുത്സിത വാദമുഖങ്ങളെ ഗ്രന്ഥകാരൻ പൊളിച്ചടുക്കുന്നത്.

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ സഖാവ് എ കെ ജി ജയിലിലായിരുന്നു. 1921ൽ ഏറനാട്, വള്ളുവനാട് താലൂക്കുകളിൽ നടന്ന കർഷക സമരത്തെയും നേതാക്കളെയും നിഷ്ഠുരമായാണ് ബ്രിട്ടീഷുകാർ നേരിട്ടത്.

എ കെ ജി

എ കെ ജി

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ്‌ ഹാജിയെ പട്ടാളം മലപ്പുറത്തെ കുന്നിൻചെരുവിൽ വച്ച് പരസ്യമായി വെടിവച്ചുകൊന്നു. ആലി മുസ്ലിയാരെ ബ്രിട്ടീഷ് കോടതി കോയമ്പത്തൂർ ജയിലിലിട്ട് തൂക്കിക്കൊന്നു. നൂറുകണക്കിനുവരുന്ന വീരപോരാളികൾ വെള്ളപ്പടയോട്‌ ഏറ്റുമുട്ടി രക്തസാക്ഷികളായി.

ആ ധീര ദേശാഭിമാനികൾ രാജ്യസ്നേഹികളും ദേശഭക്തരുമാണെന്ന്  എകെജി നിർഭയം ഉറക്കെ വിളിച്ചുപറഞ്ഞു. അതിന്റെ പേരിലാണ് അദ്ദേഹത്തെ 1946ൽ ബ്രിട്ടീഷ് സർക്കാർ ജയിലിലടച്ചത്.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും കുറച്ചുകാലത്തേക്ക് അന്നത്തെ കോൺഗ്രസ് സർക്കാർ എകെജി യെ ജയിൽ മോചിതനാക്കിയില്ല. സർവതും നഷ്ടപ്പെട്ട ഒരു ജനതയ്‌ക്ക് ആത്മവിശ്വാസം പകരാൻ അക്കാലത്ത് ഒരു ലീഗ് നേതാവും മുന്നോട്ടുവന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്.

കേരളത്തിലെ പഴയകാല മുസ്ലിം മീൻപിടുത്തക്കാർ

കേരളത്തിലെ പഴയകാല മുസ്ലിം മീൻപിടുത്തക്കാർ

1921ലെ കലാപം അടിച്ചമർത്തിയതിനുശേഷമുള്ള മലബാറിന്റെ രാഷ്‌ട്രീയം പുസ്‌തകം പറയുന്നത് വളരെ സൂക്ഷ്മതയോടുകൂടിയാണ്. കേരളത്തിലെ മുസ്ലിം മത സംഘടനകളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഈ ഗ്രന്ഥം പ്രയോജനപ്പെടും.

കേരളത്തിലെ മുസ്ലിം രാഷ്‌ട്രീയ പാർടികളെ സംബന്ധിക്കുന്ന ആധികാരിക പഠനവും കൂടിയാണ് ഈ ഗ്രന്ഥം.

പ്രഥമ കമ്യൂണിസ്‌റ്റ്‌ സർക്കാർ കൊണ്ടുവന്ന കുടിയൊഴിപ്പിക്കൽ നിരോധന നിയമം ഉൾപ്പെടെ ഭൂപരിഷ്‌കരണ നിയമവും മലപ്പുറം ജില്ലാ രൂപീകരണവും കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സ്ഥാപനവുമെല്ലാം മുസ്ലിം ജനസാമാന്യത്തെ എങ്ങനെയാണ് അഭിവൃദ്ധിയിലേക്ക് നയിച്ചത് എന്ന് പുസ്‌തകം വിശദമാക്കുന്നു.

രാഷ്‌ട്രീയ ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആശയം കേരളത്തിലെ മുസ്ലീങ്ങൾ നേരത്തെതന്നെ തള്ളിക്കളഞ്ഞതായും അത് മനസ്സിലാക്കിയ അവർ ലക്ഷ്യം നേടാൻ പുതുവഴികൾ തേടിയതായും ജയരാജൻ കണ്ടെത്തുന്നുണ്ട്.

മുസ്ലിം ലീഗിന്റെ മസ്‌തിഷ്‌കമാകാൻ ജമാഅത്തെ ഇസ്ലാമി അവരുടെ വാർത്താ മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തുന്ന ഗൂഢനീക്കങ്ങൾ അപകടകരമാണെന്ന് ഗ്രന്ഥകാരൻ മറയില്ലാതെ ചൂണ്ടിക്കാണിക്കുന്നു.

മുസ്ലിം ലീഗിന്റെ എക്കാലത്തെയും മതേതരമുഖമായ സി എച്ച് മുഹമ്മദ് കോയ സാഹിബ് മരണം വരെ ജമാഅത്തെ ഇസ്ലാമിയെയും ജമാഅത്തെ ഇസ്ലാമി അദ്ദേഹത്തെയും അംഗീകരിച്ചിരുന്നില്ല. സി എച്ച് പങ്കെടുക്കാത്ത ഒരേയൊരു മുസ്ലിം മതസംഘടനയുടെ സമ്മേളനം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ജമാഅത്തെ ഇസ്ലാമിയുടേതാണ്.

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള പ്രധാനപ്പെട്ട ഒരു സ്ഥാപനത്തിന്റെ വാർഷിക പരിപാടിയിലും ഏറെക്കാലം വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ച് ക്ഷണിക്കപ്പെട്ടതായി അറിവില്ല. അങ്ങനെ സി എച്ച് മാറ്റിനിർത്തിയ ജമാഅത്തെ ഇസ്ലാമിയെയാണ് മുസ്ലിം ലീഗ് ഇപ്പോൾ കൂടെക്കൂട്ടി യാത്ര ചെയ്യുന്നത്.

ജമാഅത്തെ ഇസ്ലാമി, അവരുടെ ചാനലും പത്രവും ഉപയോഗിച്ച് ലീഗിനെ കക്ഷത്ത് വച്ച് നടക്കുന്ന കാഴ്‌ച ദയനീയമാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ പാർടിയായ വെൽഫെയർ പാർടിയെ സഖ്യകക്ഷിയാക്കാൻ വെമ്പുന്ന മുസ്ലിംലീഗ്, സി എച്ചിന്റെ ദീർഘവീക്ഷണത്തെയാണ് മണ്ണിട്ടുമൂടുന്നത്.

പി ജയരാജൻ

പി ജയരാജൻ

ജമാഅത്തെ ഇസ്ലാമിയുടെ തലച്ചോറുള്ള ലീഗ് പ്രവർത്തകരെ സൃഷ്ടിക്കാനുള്ള നീക്കം എന്തു വിലകൊടുത്തും തടയേണ്ടതാണ്. കോൺഗ്രസും ആ പ്രതിലോമപരതയ്‌ക്ക് തപ്പുകൊട്ടുന്ന കാഴ്‌ച ആശങ്കയുളവാക്കുന്നു എന്ന വിശകലനവും ജയരാജൻ നടത്തുന്നുണ്ട്.

കേരളത്തിലെ വർഗീയ സംഘർഷങ്ങളും കലാപങ്ങളും പുസ്‌തകം ചർച്ച ചെയ്യുന്നത് അവധാനതയോടെയാണ്. തലശ്ശേരി കലാപവും പൂന്തുറ കലാപവും മാറാട് കലാപവും ഫസൽ വധവും ജോസഫ് മാഷുടെ കൈവെട്ട്‌ കേസുമെല്ലാം പുസ്‌തകത്തിലെ വിവിധ പേജുകളിൽ ഗ്രന്ഥകർത്താവ് വിശദമാക്കുന്നു. ന്യൂനപക്ഷ പ്രശ്നങ്ങൾ മതനിരപേക്ഷ പ്ലാറ്റ്ഫോമിൽ നിന്നേ ആത്യന്തികമായി പരിഹരിക്കാനാകൂ എന്ന് ജയരാജന്റെ പുസ്‌തകം അടിവരയിടുന്നു.

സംഘപരിവാറിനെ എതിർക്കാൻ മുസ്ലിം പരിവാറല്ല പരിഹാരമെന്ന് ഉദാഹരണസഹിതം രചയിതാവ് വ്യക്തമാക്കുന്നു. നിരവധി കമീഷൻ റിപ്പോർട്ടുകളും ഒട്ടനവധി പുസ്‌തകങ്ങളിലെ ഉദ്ധരണികളും പുസ്‌തകത്തിലുടനീളം ദൃശ്യമാണ്. അബാനി മുഖർജിയുടെയും സൗമ്യേന്ദ്രനാഥ ടാഗോറിന്റെയും പ്രസക്തമായ ലേഖനങ്ങൾ പുസ്‌തകത്തിന്റെ അനുബന്ധമായി ജയരാജൻ ചേർത്തിട്ടുണ്ട്.

ചരിത്രരേഖകളും പുസ്‌തകങ്ങളും അടക്കം അറുപത്തിയഞ്ചോളം പ്രമാണങ്ങളാണ് പുസ്‌തകരചനയ്‌ക്കായി ഗ്രന്ഥകാരൻ ആശ്രയിച്ചിരിക്കുന്നത് എന്ന് ഗ്രന്ഥസൂചിക സാക്ഷ്യപ്പെടുത്തുന്നു. പുസ്‌തകത്തിന്റെ മുഖവില 420 രൂപയാണ്. പുസ്‌തകം വാങ്ങി സൂക്ഷിക്കുന്നവർക്ക് ഒരു റഫറൻസ് ഗ്രന്ഥമായി കേരളം മുസ്ലിം രാഷ്‌ട്രീയം രാഷ്‌ട്രീയ ഇസ്ലാം എന്ന ഈ രചന എക്കാലവും ഉപയോഗപ്പെടും.

2008ൽ ജയരാജൻ ആർഎസ്എസിനും ഹിന്ദു ഫാസിസത്തിനുമെതിരായി എഴുതിയ പുസ്‌തകമാണ്  സംഘർഷങ്ങളുടെ രാഷ്‌ട്രീയം: ഫാസിസത്തിന്റെ ആസുരവഴികൾ. ചിന്ത പ്രസിദ്ധീകരിച്ച പുസ്‌തകത്തിന്റെ അഞ്ചാം പതിപ്പാണ് ഇപ്പോൾ വിപണിയിൽ.

ഹിന്ദുത്വ വർഗീയവാദികൾ ഒരു കോടി രൂപ വില പറഞ്ഞത് കേരളത്തിന്റെ  മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്‌ക്കാണ്. ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും എസ് ഡി പി ഐയും ബിജെപിയും ലീഗിലെ ഒരു വിഭാഗവും തീവ്രവലതുപക്ഷ കോൺഗ്രസുകാരും ഒരേസമയം ശത്രുപക്ഷത്ത് നിർത്തി അമ്പെയ്‌ത്‌ വീഴ്‌ത്താൻ ശ്രമിക്കുന്നതുംപിണറായി വിജയനെയാണ്.

അസാധ്യമെന്നു കരുതിയ ദേശീയപാത സാധ്യമാക്കിയ, ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ച ഗെയിൽ വാതക പൈപ്പ്‌ ലൈൻ നടപ്പാക്കിയ, അസംഭവ്യം എന്ന് ധരിച്ച ഇടമൺ കൊച്ചി പവർഹൈവെ സംഭവ്യമാക്കിയ കരുത്തുറ്റ ഭരണകർത്താവാണ് കേരളത്തിന്റെ മുഖ്യമന്ത്രി.

മലയാളിയുടെ അഭിമാനബോധത്തെ വാനോളമുയർത്തിയ വികസനത്തിന്റെ പെരുന്തച്ചനായ കേരളത്തിന്റെ മുഖ്യമന്ത്രിയാണ് പി ജയരാജന്റെ പുസ്‌തകം പ്രകാശനം ചെയ്‌തത്. ആദ്യകോപ്പി അദ്ദേഹത്തിൽ നിന്ന് ഏറ്റുവാങ്ങിയത് കമ്യൂണിസ്‌റ്റ്‌ തറവാട്ടിലെ ഋഷിതുല്യനായ പാലോളി മുഹമ്മദ് കുട്ടിയും  .

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top