മാർക്സിന്റെ വരേവാടെ ചിന്താലോകം മാർക്സിനുമുമ്പ് എന്നും മാർക്സിനുശേഷം എന്നും രണ്ടായിപ്പിരിയുന്നു. മാർക്സിസത്തിന്റെ വിസ്ഫോടകമായ മാനങ്ങൾ ഒരു അനുശീലനപാരമ്പര്യത്തിന്റെയും അതിരുകളിൽ ഒതുങ്ങുന്നതല്ല. മാർക്സ് കേവലമായ അർഥത്തിൽ തത്വചിന്തകനോ ചരിത്രകാരനോ സാമ്പത്തികശാസ്ത്രജ്ഞനോ സാമൂഹ്യ ചിന്തകനോ അല്ല. എന്നാൽ, മാർക്സിയൻ ചിന്ത ഈ വിജ്ഞാനമണ്ഡലങ്ങളെ ആഴത്തിൽ സ്വാധീനിച്ചു. നിരന്തരം പുനരുൽപ്പാദിക്കപ്പെടുകയും നവീകരിക്കപ്പെടുകയുംചെയ്യുന്ന അനേകം ചിന്തകളുടെ ഭൂമികയാണത്. മാർക്സ് ജനിച്ച് രണ്ട് നൂറ്റാണ്ടു പിന്നിടുമ്പോഴും നവീനമായ സംവാദമേഖലകൾ തുറന്നുകൊണ്ട് മാർക്സിസം വികസിക്കുകയാണ്.
ശീതയുദ്ധാനന്തരകാലത്ത് മാർക്സിസത്തിന് ഒളികെട്ടുപോയി എന്ന് ഉദ്ഘോഷിച്ച നവലിബറൽ ചിന്തകളെ അപ്രസക്തമാക്കി ഉയിർപ്പിന്റെ ശുഭസൂചനകൾ നൽകികൊണ്ട് മാർക്സും മാർക്സിസവും ഇരുപത്തൊന്നാം നൂറ്റാണ്ടിനെയും 'പിടികൂടിയിരിക്കുന്നു'. മാർക്സിസത്തിന്റെ ശരിയും ശാസ്ത്രീയതയും കൂടുതൽ തെളിവാർന്ന് പ്രശോഭിക്കുന്ന ഘട്ടത്തിലാണ് 29 ലേഖനങ്ങളുടെ സമാഹാരം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്നത്. രാജേഷ് കെ എരുമേലിയും രാജേഷ് ചിറപ്പാടും എഡിറ്റ് ചെയ്ത 'മാർക്സ് @200 ‐ സമൂഹം, സംസ്കാരം, ചരിത്രം' എന്ന ഗ്രന്ഥം മാർക്സിസത്തിന്റെ അടിസ്ഥാനതത്വങ്ങളെ വിശകലനം ചെയ്യുന്നതോടൊപ്പം ഭാവിസാധ്യതകളെ ആരായുന്നു. എറിക് ഹോബ്സ്ബാം എഴുതിയ 'മാർക്സ് ഇന്ന്' ആണ് ആദ്യ ലേഖനം. ലോക മുതലാളിത്തം പ്രതിസന്ധിയിലായ 21‐ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ മാർക്സ് അതിശക്തമായി തിരിച്ചുവന്നു. ഇത്തവണ മുതലാളിത്തവാദികളാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ലണ്ടൻ ഫിനാൻഷ്യൽ ടൈംസ് 'മുതലാളിത്തം സന്നിമൂർച്ഛയിൽ' എന്ന തലക്കെട്ടിൽ 2008 ഒക്ടോബറിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചതോടെ മാർക്സാണ് ശരി എന്ന പ്രഘോഷണമുയർന്നു.
ലോകസാഹചര്യത്തിൽ മാർക്സിസത്തിന്റെ പുതുവഴികൾ അടയാളപ്പെടുത്തുന്ന നിരീക്ഷണങ്ങളാണ് ഭാസ്കർ ശങ്കര, സച്ചിദാനന്ദൻ, ബി രാജീവൻ, ആർ ബേബി എന്നിവർ മുന്നോട്ടുവയ്ക്കുന്നത്. കീഴാളരുടെ ഭാഗത്തുനിന്നുള്ള രാഷ്ട്രീയ അധികാരത്തെയും വികസനത്തെയും കുറിച്ചുള്ള മാർക്സിന്റെ പഠനങ്ങൾ ആഗോള മുതലാളിത്തവും ലോകകീഴാള ജനതയും ഏറ്റുമുട്ടുന്ന ഇക്കാലത്ത് ഏറ്റവും പ്രസക്തമായ വർഗസമര സിദ്ധാന്തമായി പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന ബി രാജീവന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.
'നീൽ സലാം ‐ ലാൽ സലാം' സഖിത്വം രൂപപ്പെടുത്തുന്ന വിപ്ലവമുന്നണിയെ മാർക്സിസത്തിന്റെ വെളിച്ചത്തിൽ വിശകലനംചെയ്യുന്ന ആനന്ദ് തെൽതുംബ്ദേ, ഡോ. കെ എസ് മാധവൻ എന്നിവരുടെ ലേഖനങ്ങൾ ഏറെ പ്രസക്തം. സാങ്കേതികവിദ്യയും പുതുമാധ്യമങ്ങളും ഉൽപ്പാദന രീതിയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പറയുന്നു മൈക്ക് വെയ്ൻ. വംശം‐വർഗം എന്നീ സ്വത്വങ്ങളെ മാർക്സ് എങ്ങനെ വ്യാഖ്യാനിച്ചു എന്ന് വിശദമാക്കുന്നു കിയംഗ യമാഹ്ട ടെയ്ലർ. മാർക്സിസത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ട ഇക്കോ സോഷ്യലിസ്റ്റ് ധാര പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധത്തെ കൃത്യമായി അവതരിപ്പിക്കുന്നു. ഇതുസംബന്ധിച്ച ഗാലൻ ജോൺസന്റെ ലേഖനം പ്രസക്തമാണ്. 'മാർക്സിന്റെ ഇന്ത്യൻ ലേഖനങ്ങൾ' എന്ന തലക്കെട്ടിൽ കെ എൻ ഗണേഷ് ഇന്ത്യയിലെ സാമൂഹ്യ‐സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ചും കൊളോണിയലിസത്തെക്കുറിച്ചുമുള്ള മാർക്സിന്റെ അഭിപ്രായങ്ങൾ വിശകലനംചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. ടി കെ ആനന്ദിയുടെ ലേഖനം സ്ത്രീപ്രശ്നം സംബന്ധിച്ച മാർക്സിന്റെ ചിന്തയെ അനാവരണംചെയ്യുന്നു. ബൃഹദാഖ്യാനമല്ല, മറിച്ച് സമരാഖ്യാനമാണ് മാർക്സിസം എന്ന് കെ ഇ എൻ. മാർക്സിയൻ സൗന്ദര്യശാസ്ത്രം സംബന്ധിച്ച് പി ഗോവിന്ദപ്പിള്ളയും 'നവമാർക്സിസം പ്രച്ഛന്ന മാർക്സിസം' എന്നിവയെക്കുറിച്ച് പി കെ പോക്കറും എഴുതുന്നു. സുനിൽ പി ഇടയിടം അടയാളപ്പെടുത്തുന്നത് മൂലധനത്തിന്റെ ചരിത്രജീവിതം. ജി മധുസൂദനൻ, ഡോ. ബി ഇക്ബാൽ, കെ വി ശശി, ഡോ. എം ശങ്കർ, കെ എം വേണുഗോപാൽ, കെ കെ എസ് ദാസ്, ജോൺ കെ എരുമേലി, യു കലാനാഥൻ, ഷിജു ഏലിയാസ് എന്നിവരുടെ ലേഖനങ്ങൾ മാർക്സിസത്തിന്റെ ഭിന്നതലങ്ങൾ അനാവരണംചെയ്യുന്നു.
മനുഷ്യന്റെ ഭൗതികാവസ്ഥകളെ അടിസ്ഥാനമാക്കി സമൂഹത്തിന്റെ പുരോഗമനത്തെ അടയാളപ്പെടുത്തിയ മാർക്സിന്റെ വിവിധവും വ്യത്യസ്തവുമായ ചിന്തകളെ ചേർത്തുവയ്ക്കാനുള്ള ശ്രദ്ധേയ ശ്രമമാണ് 'മാർക്സ് @200'. മാർക്സിസത്തിന്റെ ചരിത്രവും വർത്തമാനവും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..