25 December Wednesday

പ്രൊഫ. എം എ ഉമ്മന്റെ ആത്മകഥ ‘ഓർമപ്പടികൾ’ പ്രകാശനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

തിരുവനന്തപുരം
പ്രൊഫ. എം എ ഉമ്മന്റെ ആത്മകഥ ‘ഓർമ്മപ്പടികൾ’ പ്രകാശനംചെയ്‌തു. എഴുത്തുകാരൻ പോൾ സക്കറിയക്ക്‌ നൽകി ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പുസ്‌തകം പ്രകാശനംചെയ്‌തു.

കേരളത്തിലെ ജനങ്ങളുടെ പ്രാപ്‌തി വർധിപ്പിക്കാനും അതിനുണ്ടായ വിലങ്ങുതടികൾ മാറ്റാനും ഭൂപരിഷ്‌കരണം വഹിച്ചിട്ടുള്ള പങ്കിനെക്കുറിച്ച്‌ ഏറ്റവും സമഗ്രമായി എഴുതിയിട്ടുള്ള പണ്ഡിതന്മാരിൽ ഒരാളാണ്‌ പ്രൊഫ. എം എ ഉമ്മനെന്ന്‌ തോമസ്‌ ഐസക്‌ പറഞ്ഞു. ഭൂപരിഷ്‌കരണം കേരളത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച്‌ അഭിമാനംകൊള്ളുമ്പോൾത്തന്നെ, അതിന്റെ പരിമിതികളെക്കുറിച്ച്‌ ആദ്യം സൂചിപ്പിച്ച പണ്ഡിതന്മാരിലും  ഇദ്ദേഹം ഉൾപ്പെടുന്നു. വിമർശനാത്മകമായ സമീപനമായിരുന്നു കാര്യങ്ങൾ പഠിക്കുന്നതിൽ  അദ്ദേഹം സ്വീകരിച്ചിരുന്നത്‌. ഉമ്മൻ എന്ന സാമ്പത്തിക ശാസ്‌ത്രജ്ഞനിൽ ഒരു ക്രിസ്‌ത്യൻ സോഷ്യലിസ്‌റ്റിനെ കാണാനാകും. സമീപകാലത്ത്‌ ഏറ്റവും അധികം അക്കാദമികതാൽപ്പര്യം കാട്ടിയത്‌ അധികാര വികേന്ദ്രീകരണത്തിലാണ്‌. അധികാരവികേന്ദ്രീകരണ മുദ്രാവാക്യമുയർത്തി സെക്രട്ടറിയറ്റിനുമുന്നിൽ സംഘടിപ്പിച്ച സമരത്തിനുമുന്നിൽ പോലും അദ്ദേഹമെത്തി. അധികാരവികേന്ദ്രീകരണത്തെ സ്ഥാപനവൽക്കരിക്കുന്നതിന്‌ വലിയ സംഭാവന നൽകി. ധനകമീഷൻ റിപ്പോർട്ടിലടക്കം ഇത്‌ പ്രകടമായെന്നും ധനമന്ത്രി പറഞ്ഞു.  മികച്ച അധ്യാപകനായിരുന്നു പ്രൊഫ. എം എ ഉമ്മൻ. അധ്യാപകർ ഈ അക്കാദമികഹരം മാതൃകയാക്കേണ്ടതാണ്‌. അദ്ദേഹത്തിന്റെ ജീവിതം നിർബന്ധമായും വായിച്ചുപഠിക്കേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷ (ഗിഫ്‌റ്റ്‌) നാണ്‌ ചടങ്ങ്‌ സംഘടിപ്പിച്ചത്‌. ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചീഫ്‌ എഡിറ്റർ എം ജി രാധാകൃഷ്‌ണൻ, ജെ ദേവിക,  മാധ്യമം പത്രാധിപർ ഒ അബ്ദുറഹ്‌മാൻ തുടങ്ങിയവർ സംസാരിച്ചു. ഗിഫ്‌റ്റിനായി പ്രൊഫ. ഉമ്മനെ ധനമന്ത്രി ആദരിച്ചു. ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ ഓണററി ഫെലോയായി എം എ ഉമ്മനെ ധനമന്ത്രി പ്രഖ്യാപിച്ചു.

സാധാരണ ജീവിതസാഹചര്യത്തിൽനിന്ന്‌ രാജ്യത്താകെ അറിയപ്പെടുന്ന സാമ്പത്തികശാസ്‌ത്രജ്ഞനും സാമ്പത്തികവിദഗ്‌ധനും വിദ്യാഭ്യാസ വിചക്ഷണനുമായി ഉയർന്ന തന്റെ ജീവിതകഥയാണ്‌ ഉമ്മൻ പുസ്‌തകത്തിലൂടെ വിവരിക്കുന്നത്‌. കേരളം കൈവരിച്ച സാമ്പത്തികനേട്ടങ്ങളുടെ സംക്ഷിപ്ത ചരിത്രം കൂടിയാണിത്‌. കഴിഞ്ഞകാല ബജറ്റുകളിൽ മിക്കതിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. കേരളത്തിലെ സർവകലാശാലകളിൽ സാമ്പത്തികശാസ്ത്ര പഠന വകുപ്പുകൾക്ക് കൃത്യവും ശാസ്ത്രീയവുമായ കരിക്കുലം തയ്യാറാക്കിയ അദ്ദേഹം, ബോട്സ്വാനിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങൾക്കായും സാമ്പത്തികാസൂത്രണം നടത്തി. അമർത്യസെൻ അടക്കമുള്ള പ്രമുഖരുമൊത്ത് പുസ്തകങ്ങൾ രചിച്ചു. അക്കാദമികമേഖലയിൽ കൈവരിച്ച ഈ നേട്ടങ്ങളുടെയൊക്കെ പശ്ചാത്തലവും ഓർമകളും പങ്കുവയ്‌ക്കുകയാണ് ‘ഓർമ്മപ്പടികൾ’. ഡി സി ബുക്‌സാണ്‌ പ്രസാധകർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top