24 November Sunday

‘ഗ്രന്ഥപ്പുര’യിൽ വായിക്കാം പി ജി കൃതികൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

തിരുവനന്തപുരം> ചിന്തകനും എഴുത്തുകാരനുമായിരുന്ന പി ഗോവിന്ദപ്പിള്ളയുടെ കൃതികളും സമാഹരിക്കപ്പെടാത്ത ലേഖനങ്ങളും കെെയെഴുത്തും ഡിജിറ്റൈസ്‌ ചെയ്യുന്നു. ലോകമെങ്ങുമുള്ള മലയാളികൾക്ക്‌ അദ്ദേഹത്തിന്റെ പുസ്‌തകം ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. ഇൻഡിക്‌ ഡിജിറ്റൽ ആർക്കൈവ്‌ ഫൗണ്ടേഷനാണ്‌ സംരംഭം ഏറ്റെടുത്തത്‌.

ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന ‘ഗ്രന്ഥപ്പുര’യിലൂടെ സൗജന്യമായി ഇവ വായനക്കാരിലേക്ക്‌ എത്തും. കേരളവുമായി ബന്ധപ്പെട്ട രേഖകൾ, പുസ്‌തകങ്ങൾ തുടങ്ങിയവ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ്‌ ഫൗണ്ടേഷൻ ആരംഭിച്ചത്‌. മലയാളം, ഇംഗ്ലീഷ്‌ എന്നിവയ്‌ക്കു പുറമെ ഇതര ഭാഷാ കൃതികളും ഡിജിറ്റൈസ്‌ ചെയ്യുന്നു. മൂവായിരത്തിലധികം കൃതികൾ ഡിജിറ്റൈസ്‌ ചെയ്‌ത്‌ കഴിഞ്ഞതായി അധികൃതർ പറഞ്ഞു.

കേരളം ഇന്ത്യയിലെ ഒരധഃകൃത സംസ്ഥാനം, വീരചരിതയായ വിയറ്റ്നാം, ഇസങ്ങൾക്കിപ്പുറം, വിപ്ലവപ്രതിഭ, ശാസ്ത്രം നൂറ്റാണ്ടുകളിലൂടെ, സാഹിത്യവും രാഷ്ട്രീയവും, ഭഗവദ്‌ഗീത, ബൈബിൾ, മാർക്സിസം, മാർക്സും മൂലധനവും, മാർക്സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളർച്ചയും, സ്വാതന്ത്ര്യത്തിന്റെ സാർവദേശീയത, സാഹിത്യം: അധോഗതിയും പുരോഗതിയും, ഇ എം എസും മലയാളസാഹിത്യവും, ഫ്രെഡറിക്‌ എംഗൽസ്‌‌, വൈജ്ഞാനിക വിപ്ലവം- ഒരു സാംസ്‌കാരിക ചരിത്രം തുടങ്ങി അമ്പതോളം കൃതികളും നിരവധി ലേഖനകളും ഡിജിറ്റൈസ്‌ ചെയ്യുന്നവയുടെ കൂട്ടത്തിലുണ്ട്‌.

ഡിജിറ്റൈസ്‌ പൂർത്തിയാക്കി 25ന്‌ ഉദ്‌ഘാടനം സുഭാഷ്‌ നഗറിലെ പി ഗോവിന്ദപ്പിള്ള റെഫറൻസ്‌ ലൈബ്രറിയിൽ നടക്കും. ആദ്യഘട്ടത്തിൽ പേജുകൾ സ്‌കാൻ ചെയ്‌ത്‌ ഓൺലൈൻ വായനയ്‌ക്ക്‌ സഹായകരമാകുന്ന വിധത്തിൽ സജ്ജമാക്കും. തുടർന്ന്‌ ഓഡിയോ ഉൾപ്പെടെ സൗകര്യവുമുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top