22 December Sunday

ദസ്തയേവ്സ്കിക്ക് അക്ഷരപൂജ

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2016

മലയാളത്തിലെ എഴുത്തുകാരെ ഏറ്റവുമധികം പ്രചോദിപ്പിച്ച വിശ്വസാഹിത്യകാരനാണ് റഷ്യന്‍ സാഹിത്യ ഇതിഹാസം ദസ്തയേവ്സ്കി. ജി എന്‍ പണിക്കരുടെ 'ദസ്തയേവ്സ്കി: കലയും ജീവിതവും', കെ സുരേന്ദ്രന്റെ 'ദസ്തയേവ്സ്കിയുടെ കഥ', പെരുമ്പടവം ശ്രീധരന്റെ 'ഒരു സങ്കീര്‍ത്തനംപോലെ', പി കെ ബാലകൃഷ്ണന്റെ 'നോവല്‍: സിദ്ധിയും സാധനയും' എന്നിവയാണ് ദസ്തയേവ്സ്കിയെ മലയാളവായനക്കാര്‍ക്ക് പരിചയപ്പെടുത്തി മുമ്പിറങ്ങിയ കൃതികള്‍. ഈ നിരയിലേക്ക് ഒരു ഈടുറ്റ ഗ്രന്ഥമാണ് മലയാളത്തിലെ ദസ്തയേവ്സ്കി സ്പെഷ്യലിസ്റ്റായ വിവര്‍ത്തകന്‍ വേണു വി ദേശത്തിന്റെ നോവല്‍ 'റഷ്യന്‍ ക്രിസ്തു'.

ദസ്തയേവ്സ്കിയെക്കുറിച്ച് മുമ്പിറങ്ങിയവയില്‍ പെരുമ്പടവത്തിന്റേതുമാത്രമാണ് നോവല്‍. ദസ്തയേവ്സ്കി–അന്ന പ്രണയം  പ്രമേയമാകുന്ന ആ കൃതിയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ദസ്തയേവ്സ്കിയുടെ പൂര്‍ണജീവിതം ആധാരമാക്കിയുള്ള വേണുവിന്റെ നോവല്‍. കവി, മലയാളത്തിലെ ആദ്യ ഗസല്‍ ആല്‍ബത്തിന്റെ രചയിതാവ് എന്നീ നിലകളില്‍ പേരെടുത്ത വേണുവിന്റെ ആദ്യ നോവലാണിത്. ദസ്തയേവ്സ്കിയുടെ 16 കൃതികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ വേണു തന്റെ പ്രിയസാഹിത്യകാരന്റെ ഭാര്യ അന്നയുടെ ഓര്‍മക്കുറിപ്പുകള്‍ രണ്ട് ഭാഗവും വിവര്‍ത്തനംചെയ്തിട്ടുണ്ട്.

റഷ്യന്‍ ക്രിസ്തു വേണു വി ദേശം നോവല്‍ ബുക്കര്‍മാന്‍ പബ്ളിക്കേഷന്‍സ് വില: 200

റഷ്യന്‍ ക്രിസ്തു വേണു വി ദേശം നോവല്‍ ബുക്കര്‍മാന്‍ പബ്ളിക്കേഷന്‍സ് വില: 200

മലയാളത്തില്‍ പുതിയ രചനാരീതി സ്വീകരിച്ചാണ് റഷ്യന്‍ ക്രിസ്തു എഴുതിയിരിക്കുന്നത്. ഖലീല്‍ ജിബ്രാന്റെ വിഖ്യാതമായ 'മനുഷ്യപുത്രനായ യേശു'വിന്റെ മാതൃകയില്‍ കഥാപുരുഷനെ പലരുടെ കണ്ണുകളിലൂടെ കാണുകയാണ് ഇതില്‍. അവരുടെ സാക്ഷ്യങ്ങളിലൂടെയാണ് ദസ്തയേവ്സ്കിയുടെ ജീവിതം  സമഗ്രമായി അവതരിപ്പിച്ചിരിക്കുന്നത്. ചൂതാട്ടഭ്രാന്തും പരാജയങ്ങളും അപസ്മാരവും ജയില്‍വാസവും സ്വപ്നാടനവും ആത്മപീഡനവുമെല്ലാം  നിറഞ്ഞ ദസ്തയേവ്സ്കിയുടെ ജീവിതകഥ 123 സാക്ഷ്യങ്ങളിലൂടെയാണ് പറഞ്ഞിരിക്കുന്നത്.

ദസ്തയേവ്സ്കിയുടെ കാര്യത്തില്‍ തന്റെ സര്‍വ പദ്ധതികളും പാളിപ്പോയി എന്നാണ് വസ്തുതകളും ഭാവനയും ഇടകലരുന്ന നോവലില്‍ 'ദൈവ'ത്തിന്റെ സാക്ഷ്യം. 'ഞാനൊരുക്കിയ ചതിക്കുഴികള്‍ ചാടിക്കടന്ന് അയാള്‍ പോയ്ക്കൊണ്ടേയിരുന്നു. സര്‍വവും സഹിച്ചു. ക്ഷമിച്ചു. ക്രിസ്തുവിനെപ്രതി അന്ത്യംവരെ സ്നേഹപൂര്‍ണനായി.' ഇങ്ങനെപോകുന്നു ദൈവത്തിന്റെ സാക്ഷ്യം. പില്‍ക്കാലത്ത് കടുത്ത റഷ്യന്‍ ദേശീയവാദിയും നിഗൂഢാത്മവാദിയുമായി മാറിയ ദസ്തയേവ്സ്കി ആദ്യകാല വിപ്ളവകാരിയും ചക്രവര്‍ത്തിയുടെ ഫയറിങ് സ്ക്വാഡിനെ അതിജീവിച്ചയാളുമാണെന്ന് ഒരു റഷ്യക്കാരനും മറക്കാവതല്ലെന്ന് ലെനിന്‍ പറയുന്നു.

'ഒരു വിവര്‍ത്തകന്‍ പറഞ്ഞത്' എന്ന അധ്യായം ദസ്തയേവ്സ്കിയെക്കുറിച്ച് ഗ്രന്ഥകാരന്റെതന്നെ സാക്ഷ്യമായി വായിക്കാം. 'ദസ്തയേവ്സ്കിയുടെ കൃതികള്‍ ഒരാള്‍ വായിക്കുകയാണെങ്കില്‍  ആദ്യത്തേത് 'നിന്ദിതരും പീഡിതരും' ആയിരിക്കണം എന്നാണല്ലോ പൊതുവെ പറയപ്പെടുന്നത്. പോരാ അയാള്‍ യുവാവുമായിരിക്കണം.' ഇതുരണ്ടും തനിക്ക് ഒത്തുവന്നുവെന്നാണ് 'വിവര്‍ത്തക'ന്റെ സാക്ഷ്യം. മതനിരപേക്ഷമായ ആത്മീയതയാണ് ആ കൃതികളില്‍ തുടിക്കുന്നതെന്നും ഈ സാക്ഷ്യത്തിലൂടെ ഗ്രന്ഥകാരന്‍ പറയുന്നു.

ഷേക്സ്പിയര്‍, ടോള്‍സ്റ്റോയി, തര്‍ജനീവ്, പുഷ്കിന്‍, ഗോഗോള്‍, വിക്ടര്‍ ഹ്യൂഗോ, ബല്‍സാക് തുടങ്ങിയ സാഹിത്യനായകരും  വോള്‍ട്ടയറും സ്റ്റാലിനും ചലച്ചിത്രകാരന്‍ കുറസോവയുമെല്ലാം ദസ്തയേവ്സ്കിയെക്കുറിച്ച് തങ്ങളുടെ സാക്ഷ്യങ്ങളുമായി കടന്നുവരുന്നുണ്ട്. റസ്കോള്‍ നിക്കോഫ്, സോണിയ, റൊഗോഷിന്‍ തുടങ്ങിയ ദസ്തയേവ്സ്കി കഥാപാത്രങ്ങളുമുണ്ട്. കൂടാതെ അന്ന, അവരുടെ അമ്മ, ദസ്തയേവ്സ്കിയുടെ മാതാപിതാക്കള്‍, സഹോദരന്മാര്‍, ആദ്യ കാമുകി പോളിന സുസ്ളോവ എന്നിവരടക്കം ദസ്തയേവ്സ്കിയുടെ ജീവിതവുമായി ബന്ധപ്പെട്ടവരെല്ലാം ഇതിലുണ്ട്. തീര്‍ച്ചയായും കൂടുതല്‍ ദസ്തയേവ്സ്കി കൃതികളിലേക്ക് വായനക്കാരെ പ്രചോദിപ്പിക്കുന്ന നോവല്‍കൂടിയാണ് ഇത്. ബുക്കര്‍മാന്‍ പബ്ളിക്കേഷന്‍സ് ആണ് പ്രസാധകര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top