തൃശൂർ
ഈ കഥകളും കവിതകളും മാമൂലുകളെ പൊളിച്ചെഴുതുകയാണ്. ചരിത്രത്തിലാദ്യമായി ക്വീർ രചനകൾ ഉൾപ്പെടുത്തി കേരള സാഹിത്യ അക്കാദമി പുറത്തിറക്കിയ ‘കേൾക്കാത്ത ശബ്‌ദങ്ങൾ’ മഴവിൽ വിപ്ലവമായ് പടരുന്നു. മലയാളത്തിൽ എൽജിബിടിക്യുഐഎ വിഭാഗത്തിന്റെ ആദ്യ പുസ്‌തകം . രാജ്യമാകെ പുസ്‌തകം ചർച്ചയാകുകയാണ്.
ആദ്യ സെയ്‌ൻ രചിച്ച ‘വണ്ടുകൾ പറക്കേണ്ടതില്ലാത്ത ഉദ്യാനം’ എന്ന കവിതയാണ് രചനകളിൽ ആദ്യത്തേത്. ‘ഇണയില്ലാത്ത അവർ എങ്ങനെ സന്തോഷവതിയാകും’ എന്നാണ് അവരുടെ ആശങ്ക. ‘അവർ സ്വയം സംതൃപ്‌തയാണ്. അവർ ആരേക്കാളും കുറഞ്ഞവളല്ല, അപൂർണയല്ല. അതുല്യയാണ്’ എന്നീ വരികൾ ക്വീർ ചിന്താഗതി പങ്കുവയ്‌ക്കുന്നു. നവ്യാ നെച്ചാടിന്റെ ‘ ജ്യോതിഷിന്റെയും പ്രവീണിന്റെയും ഓർമക്കുറിപ്പുകൾ’ ക്വീർ ആത്മഹത്യകളും സാമൂഹിക ക്രൂരതകളും തുറന്നുകാട്ടുന്നു.
തെരഞ്ഞെടുക്കപ്പെട്ട രചനകൾ ട്രാൻസ്‌ജെൻഡർ കവിയും അക്കാദമി ജനറൽ കൗൺസിൽ അംഗവുമായ വിജയരാജ മല്ലികയും ഗവേഷക വിദ്യാർഥി എൻ എസ് അനസുമാണ് എഡിറ്റ് ചെയ്തത്. 13 കവിതകളും ഒമ്പത് കഥകളും പഠനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇത് ചരിത്ര പുസ്‌തകമാണെന്ന് വിജയരാജ മല്ലിക പറഞ്ഞു. പുസ്‌തകത്തെക്കുറിച്ച് രാജ്യത്തിന്റെ പല കോണുകളിൽനിന്ന് അന്വേഷണം വരുന്നതായും വിജയരാജ മല്ലിക പറഞ്ഞു. ഇത് സമൂഹം മുമ്പേ കേൾക്കേണ്ട ശബ്‌ദമായിരുന്നുവെന്ന് അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ നിലവിലെ ഭരണസമിതി വന്നശേഷം സംസ്ഥാനത്ത് ആദ്യമായി ക്വീർ എഴുത്തുകാരുടെ കൂട്ടായ്‌മ സംഘടിപ്പിച്ചിരുന്നതായി അക്കാദമി സെക്രട്ടറി സി പി അബൂബക്കർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..