21 November Thursday

പുതിയ തലമുറയെയും രസിപ്പിക്കുന്ന കാരൂര്‍

ബി സരസ്വതിUpdated: Sunday Mar 27, 2016

വായനമൂലം മാര്‍ക്ക് കുറഞ്ഞുപോകുന്ന കുട്ടിയായിരുന്നു ഞാന്‍. വീട്ടില്‍ സാഹിത്യപുസ്തകങ്ങളുടെ വന്‍ശേഖരം. അച്ഛന്‍ കാരൂര്‍ നീലകണ്ഠപ്പിള്ള എഴുത്തുകാരനായതിനാല്‍ ഒട്ടുമിക്ക ആനുകാലികങ്ങളും സൌജന്യമായിത്തന്നെ തപാലില്‍വന്നിരുന്നു.

മദിരാശിയില്‍നിന്നൊക്കെ മാസികകള്‍ എത്തിയിരുന്നു. നവഭാരതി, ജയകേരളം തുടങ്ങിയവ. രാവിലെ പുറത്തുപോകുന്ന അച്ഛന്‍ ഏറെ വൈകിയേ മടങ്ങിവരൂ. കൈയില്‍ ഏതെങ്കിലും പ്രസിദ്ധീകരണമുണ്ടാകും. അത് വായിച്ചശേഷമേ ഞാന്‍ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. ഇങ്ങനെ സാഹിത്യം വായിച്ച് വായിച്ച് പാഠപുസ്തക വായന കുറഞ്ഞു; സ്വാഭാവികമായും പരീക്ഷകളിലും കുറെ പിന്നോക്കംപോയി.

ആദ്യമായി വായിക്കുന്ന പുസ്തകം വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങ'ളാണ്, നാലാം ക്ളാസില്‍. പൂര്‍ണരൂപത്തിലുള്ള 'പാവങ്ങള'ല്ല. സംക്ഷിപ്തരൂപം. തലക്കെട്ട് ജീന്‍വാല്‍ജീന്‍. പത്താംക്ളാസില്‍ പഠിക്കുന്ന കുഞ്ഞമ്മയുടെ മലയാളം ഉപപാഠപുസ്തകമായിരുന്നു അത്. മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരുടെയും പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. വിവര്‍ത്തനങ്ങളിലൂടെ വിദേശ എഴുത്തുകാരും പരിചിതര്‍. അതുകൊണ്ട് പ്രിയപുസ്തകം തെരഞ്ഞെടുക്കുക എളുപ്പമല്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി കുറെ വര്‍ഷങ്ങള്‍ക്കുശേഷം അടുത്തിടെ വീണ്ടും വായിച്ചു, മുമ്പ് വായിച്ച അതേ ആസ്വാദ്യതയോടെ. ആ പുതുമ എന്നെ അത്ഭുതപ്പെടുത്തുന്നു.

ഒരു പുസ്തകം പ്രത്യേകമായി എടുത്തുകാട്ടാന്‍ പ്രയാസമുള്ളതിനാല്‍ ഞാന്‍ അച്ഛന്റെ കഥകളെപ്പറ്റി പറയാം. പൊതിച്ചോറും പൂവമ്പഴവും മോതിരവുമൊക്കെ ആസ്വാദകലോകം വാഴ്ത്തിപ്പാടിയിട്ടുണ്ട്. അവയുടെ മേന്മയില്‍ എനിക്കുമില്ല അശേഷം സംശയമെങ്കിലും ആദ്യകാലംമുതലേ മറ്റുചില കഥകളാണ് എനിക്ക് പ്രിയങ്കരം. ആ വീട്ടുകാര്‍, നീ, സേഫ്റ്റിപിന്‍, സര്‍ വന്ദനം തുടങ്ങിയ ഒരു പിടിക്കഥകള്‍. കൊച്ചുകൊച്ചുസംഭവങ്ങളാണ് അവയിലുള്ളത്. എങ്കിലും ആഖ്യാനത്തിലെ ലാളിത്യവും ഒഴുക്കും അവയെ സുന്ദരമാക്കുന്നു.

സേഫ്റ്റിപിന്‍ ചെറിയൊരു പ്രണയകഥയാണ്. മുഖ്യകഥാപാത്രമായ അധ്യാപകന്‍ തൊട്ടടുത്ത വീട്ടില്‍ ഊണുകഴിക്കാനായി പോകും. ആ വീട്ടിലെ പെണ്‍കുട്ടിയോട് അധ്യാപകന് ഒരനുരാഗം. പക്ഷേ തുറന്നുപറയാനാകില്ല. അധ്യാപകന്‍ മര്യാദക്കാരനാണ്.

പൊതിച്ചോറടക്കം കാരൂരിന്റെ മികച്ച പല രചനകളും അധ്യാപകകഥകളാണ്. അതിലൊന്നാണ് 'സര്‍, വന്ദനം'. കണ്ണീരും ചിരിയും വരുത്തുന്ന കഥ. സ്കൂളിലെ പ്രഥമാധ്യാപകന് ഉത്സവത്തിനുപോകണം. പക്ഷേ മുണ്ടും     ജുബ്ബയും മുഷിഞ്ഞതാണ്. അതുമിട്ടുകൊണ്ട് നാലാള്‍ കൂടുന്നിടത്ത് പ്രത്യക്ഷപ്പെടാനാകില്ല. അലക്കുകാരുടെ വീട്ടില്‍നിന്നുവരുന്ന വേലുവെന്ന കുട്ടിയുടെ കൈയില്‍ മുണ്ടും ജുബ്ബയും കൊടുത്തുവിട്ടു. ഉടന്‍ അലക്കിവെളുപ്പിച്ചെത്തിക്കണമെന്ന നിര്‍ദേശത്തോടെ. മറ്റൊരു കുട്ടിയുടെ മുണ്ടുവാങ്ങി ഉടുത്തിരിക്കയാണ് ഹെഡ്മാസ്റ്റര്‍. ആ കുട്ടിയോട് കുറെനേരം അടുത്തുള്ള കുറ്റിക്കാട്ടില്‍ പോയിരിക്കാനും പറഞ്ഞു.  അപ്പോഴാണ് സ്കൂള്‍ പരിശോധിക്കാന്‍ ഇന്‍സ്പെക്ടറുടെ വരവ്. ഉടന്‍തന്നെ ചെറുപ്പക്കാരിയായ അധ്യാപികയുടെ മേല്‍മുണ്ട് കടംവാങ്ങി ഹെഡ്മാസ്റ്റര്‍ പുതച്ചു. സ്കൂളില്‍ അവര്‍ മാത്രമേയുള്ളൂ. മറ്റ് രണ്ടധ്യാപകര്‍ വന്നിട്ടില്ല. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് 'സര്‍, വന്ദന'ത്തില്‍. അത് വായിച്ച് ഞാന്‍ നന്നായി ചിരിച്ചു. അടുത്തകാലത്ത് കുട്ടികളുടെ അവധിക്കാലപരിപാടിയില്‍ ഞാന്‍ ഈ കഥ പറഞ്ഞപ്പോള്‍ അവരും എന്നെപ്പോലെ ആസ്വദിച്ച് ചിരിക്കുന്നുണ്ടായിരുന്നു.

പുതിയ തലമുറയെയും രസിപ്പിക്കാന്‍ കാരൂരിന് സാധിക്കുമെന്ന് അപ്പോള്‍ മനസ്സിലായി. വാക്കുകളുടെ ധാരാളിത്തം കാരൂര്‍കഥകളില്‍ കാണാനാകില്ല.

സര്‍ക്കീട്ടെന്ന കഥയില്‍ സ്കൂള്‍ ഇന്‍സ്പെക്ടറുടെ ബുദ്ധിമുട്ടുകളാണ് പ്രമേയം. ബസ് തെറ്റിയാല്‍ അയാള്‍ക്ക് പതിനൊന്നുമൈല്‍ നടക്കണം. അരിവയ്പുകാരന്‍ രാവിലെ എഴുന്നേല്‍ക്കാന്‍ വൈകി. ആ പിശക് തിരുത്താന്‍ അയാള്‍ക്ക് പ്രയാസമില്ല. ഇന്‍സ്പെക്ടറുടെ ക്ളോക്ക് അല്‍പ്പം തിരിച്ച് പിന്നോട്ടുവച്ചു! ഈ കഥയും വായനക്കാരെ ചിരിപ്പിക്കും.

കാരൂരിന്റെ മകളായി ജനിച്ചതുകൊണ്ടുകൂടിയാകാം വായിക്കാന്‍ ഇത്രയേറെ അവസരം ലഭിച്ചത്. ഒട്ടുമിക്ക മലയാള എഴുത്തുകാരെയും നേരിട്ടറിയാനും സാധിച്ചു. കുട്ടിക്കാലത്ത് തുടങ്ങിയ വായന ഇന്നും തുടരുന്നു. എളിയതോതിലുള്ള എഴുത്തും. ഭാഗവതത്തിലെ കഥകള്‍ പുനരാഖ്യാനംചെയ്ത് അടുത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. സാഹിത്യപ്രവര്‍ത്തക സഹകരണസംഘമാണത് പുറത്തിറക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top