‘‘വളരെ പെട്ടെന്നായിരുന്നു സേലാപാസ് വഴി ചീനപ്പട മഞ്ഞുവരുന്നതുപോലെ മലനിരകൾ കടന്ന് അരിച്ചുവന്നത്. അരുണാചൽ പ്രദേശിലെ പുരാതനമായ ടിബറ്റൻ ബുദ്ധമതകേന്ദ്രമാണ് സേലാപാസ്. ഹിമാലയ സാനുക്കളിലെ ഏറ്റവും ഉയരം കൂടിയ മഞ്ഞു മലമടക്കാണ് അവിടം. ചൈനീസ് പടയോട്ടം തുടങ്ങിക്കഴിഞ്ഞ് നാലഞ്ചു ദിവസങ്ങൾക്കുള്ളിൽത്തന്നെ റെക്കോഡ് ഓഫീസിൽ ആദ്യത്തെ മിസ്സിങ് ലിസ്റ്റിന്റെ സിഗ്നൽ വന്നു. നൂറിലധികം പേരുണ്ട്. അത്രയും പേരെ കാണാനില്ല എന്നു പറഞ്ഞാൽ അത്രയും പേർ മരണപ്പെട്ടിരിക്കാം. അല്ലെങ്കിൽ യുദ്ധത്തടവുകാരായിരിക്കാം. അതുമല്ലെങ്കിൽ ശ്രത്രുക്കളിൽനിന്ന് ഒഴിഞ്ഞ് മാറി ഒറ്റപ്പെട്ടുപോയിരിക്കാം. ഈ വിവരങ്ങൾ കാണിച്ച് ബന്ധുക്കൾക്ക് കമ്പിയടിച്ച് അറിയിക്കുന്നു.
"നിങ്ങളുടെ ഭർത്താവിനെ / സഹോദരനെ / മകനെ ഒന്നാം തീയതി മുതൽ കാണാതായിരിക്കുന്നു എന്ന വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു.’ കമ്പി കിട്ടുമ്പോൾ അലമുറയിട്ടുകരയുന്ന കുടുംബങ്ങൾ. ചിലർ മറുകമ്പിയടിക്കുന്നു. റെക്കോഡ് ഓഫീസിന്റെ പുറംഗേറ്റിൽ മറുപടിക്കമ്പികൾ കുന്നുകൂടിക്കിടക്കുന്നു. എന്റെ മകന് അല്ലെങ്കിൽ ഭർത്താവിന് എന്തു പറ്റി? ഉറങ്ങാത്ത രാത്രികൾ. റെക്കോഡ് റൂമിലെ സിഗ്നലുകൾ. ടെലഫോൺ കോളുകൾ. മിസ്സിങ് ലിസ്റ്റിന് പുറകെ ഒന്നൊന്നായി ദിവസങ്ങളോളം ആ നില തുടർന്നു.
ഓരോ മിസ്സിങ് ലിസ്റ്റിലും നൂറുകണക്കിന് ആളുകൾ. കാണാതായവരിൽ പലരുടെയും പേബുക്കുകൾ പാഴ്സലായി വരുന്നു. ശത്രുവിൽ നിന്ന് ഭയന്നോടി മനുഷ്യവാസമില്ലാത്ത മഞ്ഞുമലകളുടെ അനന്തതകളിൽ ജീവൻ നഷ്ടപ്പെട്ടവർ. അവരുടെ യൂണിഫോറത്തിന്റെ പോക്കറ്റിൽ നിന്ന് അടർത്തിയെടുത്ത പേ ബുക്കുകൾ മരണപ്പെട്ടിട്ട് അനേക ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. പല ബുക്കിലും ചോരപ്പാടുകൾ. ദുർഗന്ധം.’’
ഇത് ഒരു ഇന്ത്യൻ മിലിറ്ററി നോവലിസ്റ്റിന്റെ ജീവിതാനുഭവങ്ങളുടെ നേർച്ചിത്രം. എഴുത്തുകാരന്റെ മരണശേഷം 1982-ൽ ഈ ഓർമക്കുറിപ്പുകൾ ഒരു സമാഹാരമായി പുറത്തിറങ്ങി, ‘മരിക്കാത്ത ഓർമകൾ’. അതിൽ എഴുത്തുകാരൻ ജനിച്ചു വളർന്ന മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്കുള്ള കുന്നം ഗ്രാമമാണ് പ്രധാന പശ്ചാത്തലം. അച്ചൻകോവിലാറിന്റെ തെക്കുവശം തഴക്കരയും കുന്നവും പൈനുംമൂടും മാവേലിക്കരയും. മറുകരയിൽ കൊല്ലകടവും ചെറിയനാടും പുലിയൂരും എണ്ണയ്ക്കാടും. ഇതിൽ മാവേലിക്കര കേന്ദ്രീകരിച്ച ഓണാട്ടുകര പ്രദേശങ്ങളിലെ ജീവിതാനുഭവങ്ങളും അന്നത്തെ ദേശകാലങ്ങളുടെ വിവരണങ്ങളും കഥാകൃത്തിന്റെ ജീവിതത്തിലൂടെ കടന്നു പോയ നിരവധി മനുഷ്യരുടെ കഥകളും നാട്ടുമൊഴി വഴക്കത്തിന്റെ കരുത്തുറ്റ ഭാഷാ സൗകുമാര്യത്തോടെ കടന്നു വരികയാണ്. ഓർമക്കുറിപ്പുകൾ എഴുതുമ്പോൾ അവിടെയും ജീവിതം തുടിച്ചു നിൽക്കുന്നത് കാണാം.
പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞു നിന്ന, ചുവന്നുതുടങ്ങിയ കാലം അനവധി പ്രതീക്ഷകൾ നിറഞ്ഞ സാമൂഹ്യചരിത്രത്തെക്കൂടി പ്രതിനിധാനം ചെയ്യുന്നു. ദാരിദ്ര്യത്തെ മറികടക്കാൻ മാവേലിക്കര ഓണാട്ടുകര പ്രദേശങ്ങളിൽനിന്ന് പട്ടാളത്തിൽ ചേർന്ന് നാടുവിടുന്നവരുടെ ഒരു വലിയ ശ്രേണി രൂപപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെയാണ് കെ ഇ മത്തായി എന്ന പാറപ്പുറവും പട്ടാളത്തിൽ ചേർന്നത്. യുദ്ധമുഖത്ത് മരണത്തിന്റെ ഗന്ധം പതിയിരിക്കുന്ന നിമിഷങ്ങളുടെ ഏകാന്തതകളിലാണ് ഒരു എഴുത്തുകാരൻ പിറവിയെടുക്കുന്നത് എന്ന് പാറപ്പുറത്തു തന്നെ പറയുന്നുണ്ട്. മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ഇടയിലെ ഒരു താവളമായി ഓരോ പട്ടാള ബാരക്കുകളും മാറുന്നതായി ആ കഥാകൃത്തിന് അനുഭവപ്പെട്ടു. ഡോക്യുമെന്റ് റൈറ്റർ എന്ന ഉദ്യോഗം ജീവിതമെന്ന സ്മാരകത്തെ കൂടുതൽ പരിശോധിക്കുവാൻ ഈ എഴുത്തുകാരനെ പര്യാപ്തമാക്കുന്ന വിധത്തിലുള്ളതായിരുന്നു. ജോലി ചെയ്ത വിവിധ പട്ടാള ബാരക്കുകൾ അതുപോലെ ജീവിതത്തിന്റെയും കഥയുടെയും സ്മാരകങ്ങളായി പരിണമിക്കുന്നുണ്ട്.
പട്ടാളജീവിതകാലത്തിന്റെ ഭൂരിഭാഗവും കെ ഇ മത്തായി എന്ന കഥാകാരൻ കഴിഞ്ഞത് ഹിമാലയ പ്രാന്തങ്ങളിലെ വിവിധ ക്യാമ്പുകളിലായിരുന്നു. ജോലി കിട്ടി ആദ്യമായി ചെന്നിറങ്ങിയ നൈനിത്താളിന്റെ ഓർമ്മയിലെ ആദ്യ ദിവസത്തെ അനുഭവങ്ങളിൽ നിന്നും ദൃശ്യങ്ങളിൽ നിന്നുമാണ് "പണി തീരാത്ത വീട്" ജനിക്കുന്നത്.
പട്ടാളക്കഥാകാരൻ എന്ന നാമകരണത്തിലൂടെ നോവൽസാഹിത്യത്തിൽ ഉപരിതലസ്പർശിയായി മാത്രമേ ഈ കഥാകാരൻ ഇതുവരെയും പരിശോധിക്കപ്പെട്ടിട്ടുള്ളൂ. പരാജയത്തിന്റെയും കീഴടങ്ങലിന്റെയും മുന്നിൽ ജീവിതത്തെ മുൻനിർത്തിയുള്ള ആഴത്തിലുള്ള വിശകലനത്തിന് കഥാകൃത്ത് പലപ്പോഴും തയ്യാറാകുന്നത് മലയാളം അത്രമേൽ ആഴത്തിൽ മനസ്സിലാക്കിയോ എന്ന സംശയവുമുണ്ട്.
പട്ടാളക്യാമ്പുകളിൽ ഒരു എഴുത്തുകാരൻ രൂപപ്പെടുന്നതിനുള്ള സാഹചര്യം വിരളമാണ്. ഇതേ സാഹചര്യത്തിൽ ആ കാലത്തിൽ മലയാളത്തിൽ പിന്നെയും എഴുത്തുകാർ വന്നു. കോവിലനും നന്തനാരും ആണ് അതിൽ പ്രമുഖർ. ഇതിൽ ആദ്യ പുസ്തകം പ്രസിദ്ധീകരിക്കുന്നത് പാറപ്പുറത്താണ്. 1952 ലെ പ്രകാശധാരയെന്ന കഥാസമാഹാരമാണത്. ഇന്ത്യയിലെ തന്നെ ആദ്യ പട്ടാളക്കഥാകാരനായി പാറപ്പുറത്ത് മാറുന്നത് അങ്ങനെയാണ്. നിണമണിഞ്ഞ കാൽപ്പാടുകൾ (1955) എന്ന നോവൽ പട്ടാള ബാരക്കുകളുടെയും യുദ്ധങ്ങളുടെയും നേർച്ചിത്രങ്ങൾ ആദ്യമായി നോവൽസാഹിത്യത്തിൽ ആത്മനിഷ്ഠമായി അവതരിപ്പിച്ച കൃതിയാണ്.
ഔദ്യോഗിക ജീവിതത്തിനിടെ നൈനിത്താളിൽനിന്ന് റാണിഖേത്ത് സ്റ്റേഷൻ ഓഫീസിലേക്ക് ഒരു കൊല്ലത്തെ താൽക്കാലിക ഡ്യൂട്ടിക്ക് വേണ്ടി കെ ഇ മത്തായി പോയി. ബ്രിട്ടീഷ് ഓഫീസർമാർ താമസിച്ചിരുന്ന പഴയ ടിൻ ഷീറ്റു മേഞ്ഞ കെട്ടിടത്തിലായിരുന്നു താമസം. - ആ ജീവിത കാലത്തിലായിരുന്നു കോവിലനെ ആദ്യമായി കാണുന്നത്.
റാണിഖേത്തിൽനിന്ന് നൈനിത്താളിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ചൈനീസ് പടയുടെ മാസ്സിവ് അറ്റാക്ക്. പാറപ്പുറത്ത് എഴുതിത്തുടങ്ങുന്ന കാലം ഇന്ത്യയുടെ സാമൂഹികാന്തരീക്ഷം വളരെയേറെ ഭയാശങ്കകൾ നിറഞ്ഞതായിരുന്നു. യുദ്ധത്തിൽ മരിച്ചവരുടെയും കാണാതായവരുടെയും രേഖകൾ അന്വേഷിച്ച് യുദ്ധഭൂമിയിലൂടെ ഛിന്നഭിന്നമായ ശവശരീരങ്ങൾക്കിടയിലൂടെ നടക്കുന്നതിലുള്ള തീക്ഷ്‌ണാനുഭവ സ്പർശങ്ങൾ, ഏറെ ഭീതിതമായി ഉൾക്കൊള്ളുകയായിരുന്നു. നെഞ്ചിൽ ഒട്ടിനിൽക്കുന്ന നെയിം കാർഡ് വലിച്ചിളക്കുമ്പോൾ അഴുകിത്തുടങ്ങിയ മാംസത്തിന്റെ രൂക്ഷഗന്ധം കടന്നു വന്ന് മുന്നോട്ടുള്ള വഴികളെ അന്ധമാക്കുമായിരുന്നു. കാണാതെയായവർ യുദ്ധത്തിൽ തടവുകാരായി നഷ്ടപ്പെട്ടവരായിരിക്കും എന്നു കരുതണം.
പിന്നീട് മരിച്ച സൈനികരുടെ വിലാസത്തിലേക്ക് ടെലിഗ്രാം അടിക്കൽ. അലമുറയിട്ടു കരയുന്ന ബന്ധുജനങ്ങളുടെ ശബ്ദങ്ങൾ ഓരോ ടെലിഗ്രാമിലും പ്രതിധ്വനിക്കുന്നത് കേൾക്കാം. ഉടൻ തന്നെയുള്ള മടക്ക ടെലിഗ്രാമുകൾ. എപ്പോഴും ദുരന്തമുഖത്തുനിന്നുകൊണ്ടുമാത്രം ജീവിതത്തെ കാണുകയും അതിന് നേർക്ക് കണ്ണടയ്ക്കുകയും ചെയ്യേണ്ട സാഹചര്യം. ഇങ്ങനെയുള്ള ദുരന്താഭിമുഖ്യം പാറപ്പുറത്തിന്റെ എല്ലാകഥകളും പേറുന്നുണ്ട്. ജീവിതം എപ്പോൾ വേണമെങ്കിലും ഒരു ഉഗ്രസ്ഫോടനം പോലെ പൊട്ടിത്തെറിച്ചേക്കാവുന്ന ഭീതിതമായ അവസ്ഥ ഓരോ നിമിഷങ്ങളിലുമുണ്ട്. അതിന്റെ മുമ്പുള്ള ജീവിതത്തിന്റെ പരമമായ നിശ്ശബ്ദത. അതിനുളളിൽ ബാഷ്പകണങ്ങൾപോലെ ഉരുകിക്കൂടി നിൽക്കുന്ന മഹത്തായ ജീവിത നിരീക്ഷണം. "അരനാഴിക നേരം’ എന്ന നോവൽ ഈയർഥത്തിൽകൂടി പരിശോധിക്കപ്പെടേണ്ടതാണ്.
ഉറങ്ങിക്കിടക്കുമ്പോൾ അവിചാരിതമായി വിളിച്ചുണർത്തുമ്പോഴുണ്ടാകുന്ന യുദ്ധത്തിനായുള്ള ഒരു "ഞെട്ടൽ’ പോലെയാണ് പട്ടാളക്യാമ്പുകളിൽ മരണം സഞ്ചരിക്കുന്നതെന്ന് പാറപ്പുറത്ത് പറയുന്നുണ്ട്. ഉറക്കത്തിനിടയിൽ സംഭവിക്കുന്ന മരണമെന്ന ഞെട്ടലിനെ പാറപ്പുറത്ത് ജീവിതം കൊണ്ടുതന്നെ പലപ്പോഴും ആവിഷ്കരിക്കുന്നുണ്ട്. ഒടുക്കം കാണാപ്പൊന്ന് എന്ന അപൂർണമായ അവസാന നോവലിലൂടെ, അതോടൊപ്പം കഥാകൃത്തിന്റെ ജീവിതത്തിലൂടെത്തന്നെ ഈ മരണം കടന്നുവരുന്നുമുണ്ട്. മരണമെന്ന അനശ്വര ശിൽപ്പരചനയുടെ ആവിഷ്കാരപൂർണിമയാണ് ആ സന്ദർഭം. അപൂർണതയെന്ന പൂർണതയുടെ ഒരു ദാർശനിക തലവും ഈ നോവൽ രചനയിലൂടെ പാറപ്പുറത്തിൽ വന്നു ചേരുന്നു. അത് എഴുതിക്കൊണ്ടിരുന്നതിന്റെ സർഗ സഞ്ചാരങ്ങളുടെ ഇടയിലെ ഉറക്കത്തിൽ രാത്രിയിൽ അവിചാരിതമായാണ് 1981 ൽ അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ടുപോകുന്നത്.
1964ൽ ആണ് പാറപ്പുറത്തിന്റെ മാസ്റ്റർപീസ് രചനകളിലൊന്നായ ‘പണിതീരാത്ത വീട് ' പുറത്തു വരുന്നത്. നൈനിത്താൾ എന്ന പ്രകൃതി സുന്ദരമായ ഹിമാലയ പ്രദേശമാണ് ഈ നോവലിലെ കേന്ദ്ര ബിന്ദു. ഹിമാലയത്തിന്റെ ധ്യാനപൂർണിമയെ നിമഗ്നമാക്കിയ തടാകത്തിലെ ഹൃദയാകാശം അവിടെ പ്രതിബിംബിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നതിന്റെ നിറസാന്നിധ്യങ്ങൾ ഈ നോവലിൽ മനോഹരമായ ദൃശ്യവിസ്മയങ്ങളെ നിർമിച്ചെടുക്കുന്നു. ഓണാട്ടുകരയുടെ ഗ്രാമീണ ജീവിതാനുഭവങ്ങളിൽനിന്നു രൂപപ്പെട്ട കഥകളുടെ രൂപരേഖകൾ ആദ്യമായി ഇഴചേരുന്നത് നൈനിത്താളിൽ വച്ചായിരുന്നു. എന്നാൽ പണി തീരാത്ത വീട് എഴുതാൻ തുടങ്ങുന്നത് വർഷങ്ങൾക്കു ശേഷവും. തുടർച്ചയായ ആറു വർഷത്തോളമെടുത്ത പട്ടാള ജീവിതത്തിന്റെ ആരംഭമായിരുന്നു നൈനിത്താളിലെ ആദ്യ ഔദ്യോഗിക കാലം.
മലയാളം ഏറെയൊന്നും അറിയപ്പെടാതെ കടന്നുപോവുകയാണ് ഇന്ത്യൻ ഭാഷകളിലെ തന്നെ ആദ്യ പട്ടാളക്കഥാകാരൻ കൂടിയായ പാറപ്പുറത്തിന്റെ ജന്മശതാബ്ദി. 1924 നവംബർ 14 ന് മാവേലിക്കരയിൽ ജനിച്ച പാറപ്പുറത്ത് എന്ന കെ ഇ മത്തായിയുടെ ജന്മശതാബ്ദിവർഷം നോവൽ സാഹിത്യത്തിലെ ഒരു ജീനിയസ്സിനെ വീണ്ടും തിരിച്ചറിയപ്പെടാതെ പോവുകയാണ്. ഇടതുപക്ഷ അനുഭാവിയും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ പ്രസിഡന്റുമായിരുന്ന പാറപ്പുറത്തിനെ മലയാളം മറന്നു പോകാനിടവരുന്നത് ദുഃഖകരമാണ്.
അരനാഴിക നേരം, പണി തീരാത്ത വീട്, നിണമണിഞ്ഞ കാൽപ്പാടുകൾ, അന്വേഷിച്ചു കണ്ടെത്തിയില്ല എന്നിങ്ങനെയുള്ള മാസ്റ്റർപീസ് രചനകൾ, ദേശകാലങ്ങളുടെ അടരുകളിൽ വ്യാപരിക്കുന്ന ജീവിത നിരീക്ഷണങ്ങൾ, ചിന്തകൾ, കാലം പൊള്ളിച്ചെടുത്ത ഗ്രാമ നഗരക്കാഴ്ചകൾ, എഴുത്തിന്റെ ഓരോ നിമിഷവും അതിന്റെ വക്കിൽ ത്രസിച്ചു നിൽക്കുന്ന ജീവിതം, അതിന്റെ ക്ഷണികത, ഓണാട്ടുകരയുടെ വേറിട്ട നാട്ടുഭാഷയുടെ വാങ്‌മയ ഘടനകൾ, അതിൽ അന്തർലീനമായിരിക്കുന്ന മനോഹരമായ നാട്ടുജീവിത വഴക്കങ്ങൾ, അനശ്വരമായ കലാപരത എന്നിവയൊക്കെ മികച്ച കലാവിഷ്കാരമായി രൂപപ്പെടുത്തിയ ഒരു ഇന്ത്യൻ എഴുത്തുകാരനെ എങ്ങനെയാണ് മലയാളം മറന്നു പോകുന്നത്?
അച്ഛന്റെ ഓർമകൾക്ക് മരണമില്ല... സാം പാറപ്പുറത്ത്
1969ൽ നടന്നതാണ്. അന്നെനിക്ക് 14 വയസ്സ്, ഒമ്പതാം ക്ലാസിൽ പഠിക്കുന്നു. പരിസരത്തുളള കുട്ടികളും ഞങ്ങളുടെ വീട്ടിലെ പിളേളരും ചേർന്നാൽ ഒരു സമ്മേളനത്തിനുളള അംഗബലമുണ്ട്. സ്കൂൾ വിട്ടുവന്നാൽ നേരെ പറമ്പിലും റോഡിലുമൊക്കെ കൂട്ടം ചേർന്നുളള കളികളാണ്. ഇരുട്ട് വീഴുമ്പോഴാണ് വീട്ടിൽ കയറുക. എന്റെ ഒരുപാട് നാളത്തെ മോഹമാണ് സ്വന്തമായി ഒരു തുകൽപ്പന്ത് വാങ്ങുകയെന്നത്. (ഇന്നത്തെ കുട്ടികൾ അങ്ങനെ ഒരു പന്തിനെക്കുറിച്ച് കേട്ടിട്ടേ ഉണ്ടാവില്ല).
പലപ്പോഴായി സ്വരുക്കൂട്ടി വച്ച തുക ഒത്തുവന്നപ്പോൾ പന്ത് സ്വന്തമാക്കാൻ തീരുമാനിച്ചു. നേരെ പോയി കടയിൽനിന്ന് വാങ്ങാൻ കിട്ടില്ല. കൊല്ലകടവ് ചന്തയ്ക്ക് മുൻവശത്ത് പന്തുണ്ടാക്കി വിൽക്കുന്ന ഒരാളുണ്ട്. അവിടെ ചെന്ന് ഓർഡർ കൊടുത്താൽ ഉണ്ടാക്കി തരും. ശനി സ്കൂൾ അവധി ആയതിനാൽ ആ ദിവസം തിരഞ്ഞെടുത്തു. രാവിലെ കാപ്പികുടി കഴിഞ്ഞ് സൈക്കിളിൽ കുന്നം വഴി അച്ചൻകോവിലാറിന്റെ തീരത്തുകൂടി ഒറ്റ പാച്ചിലായിരുന്നു. അവിടെ എത്തിയപ്പോൾ പന്തുണ്ടാക്കി വാങ്ങാൻ നാലഞ്ചുപേരുണ്ട്. അടുത്തമാസം ഓണമായതുകൊണ്ടാവാം തിരക്കെന്ന് ഞാൻ ഊഹിച്ചു. എന്തായാലും ഇവിടംവരെ വന്നതല്ലേ പന്ത് ഉണ്ടാക്കിച്ചിട്ട് തന്നെ കാര്യമെന്ന് മനസ്സിൽ കണക്കുകൂട്ടി. മമ്മിയോട് ഞാൻ കൊല്ലകടവുവരെ പോകുവാന്ന് മാത്രം പറഞ്ഞു. പപ്പാ ഈ കാര്യങ്ങൾ ഒന്നുംതന്നെ അറിഞ്ഞിട്ടുമില്ല.
എന്റെ ഊഴവും കാത്ത് പന്ത് ഉണ്ടാക്കുന്നതും നോക്കി അങ്ങനെ നിന്നപ്പോൾ സമയം പോയതറിഞ്ഞില്ല. ഇടക്കെപ്പോഴോ നാരങ്ങാവെളളവും കപ്പലണ്ടി മിഠായിയും വാങ്ങികഴിച്ചത് ഓർമയുണ്ട്. വാച്ചിൽ സമയം നോക്കിയപ്പോൾ മൂന്നുമണി. ഞെട്ടിപ്പോയി. എന്റെ അവസരവും കാത്ത് പന്ത് ഉണ്ടാക്കുന്ന കരവിരുതും നോക്കി ഞാനങ്ങനെ നിന്നപ്പോൾ സമയം പോയതറിഞ്ഞില്ല. ഊണ് കഴിക്കാൻ സമയമായപ്പോൾ എന്നെ വീട്ടിൽ അന്വേഷിച്ചിട്ടുണ്ടാവും. വിശപ്പും സമയവും മറന്ന് പന്തുമാത്രം സ്വപ്നം കണ്ട് ഒറ്റ നിൽപ്പായിരുന്നല്ലോ എന്നോർത്തപ്പോൾ ലജ്ജ തോന്നി, ഒപ്പം പേടിയും. എനിക്ക് മുമ്പേ രണ്ടുപേർ പന്തുണ്ടാക്കാനുളള അവസരവും കാത്ത് നിൽപ്പുണ്ട്. ഇങ്ങനെ അനന്തമായി കാത്തുനിന്നാൽ വൈകുന്നേരമാവും പന്ത് കിട്ടാൻ. നിൽക്കണോ മടങ്ങി വീട്ടിൽ പോകണോ എന്നുളള ചിന്ത എന്റെ മനസ്സിനെ ആകെ ആശയക്കുഴപ്പത്തിലാക്കി.
എന്തായാലും വന്നതല്ലേ പന്ത് വാങ്ങി പോകാമെന്ന തീരുമാനത്തിൽ അവസാനം ഞാൻ എത്തിച്ചേർന്നു. സന്ധ്യക്ക് ആറുമണിയോടെ പന്ത് കൈയിൽ കിട്ടി. അപ്പോഴേക്കും വീട്ടിൽ എത്തിയാൽ ഉണ്ടാവുന്ന പൊല്ലാപ്പോർത്ത് ഞാൻ ഭയപ്പെട്ടു. മനഃസാന്നിധ്യം വീണ്ടെടുത്ത് രണ്ടും കൽപ്പിച്ച് പന്തുമായി വന്നതിനേക്കാൾ വേഗത്തിൽ മടങ്ങി വീട്ടിലെത്തി. സൈക്കിൾ വച്ച് മുഖമുയർത്തി നോക്കുമ്പോൾ പൂമുഖത്ത് പപ്പാ ഇരിക്കുന്നു. എന്നെ കണ്ടതും പപ്പാ ചാടി എണീറ്റ് “നീ എവിടെ ആയിരുന്നെടാ ഇതുവരെ’’എന്നാക്രോശിച്ചുകൊണ്ട് അടുത്തേക്ക് വന്നു.
ഞാൻ പേടിച്ച് കരഞ്ഞുപോയി. എന്റെ രണ്ടുകൈയും കൂട്ടിപ്പിടിച്ച് വീടിന്റെ പിന്നാമ്പുറത്തേക്ക് കൊണ്ടുപോയി പേരവടികൊണ്ട് അടിയും തുടങ്ങി. ഞാൻ പറയുന്നത് കേൾക്കാൻപോലും കൂട്ടാക്കാതെയാണ് അടി. വേദന ഉളളിലൊതുക്കി അടിയെല്ലാം തീരുന്നത് വരെ അനങ്ങാതെ നിന്നു. അപ്പോഴേക്കും മമ്മി വന്ന് എന്നെ വീട്ടിലേക്ക് കൊണ്ടുപോയി.
“മോനെ നിന്നെ കാണാതെ ഞങ്ങൾ രണ്ടുമണിവരെ ആഹാരം കഴിക്കാതെ കാത്തിരുന്നു” മമ്മി പറഞ്ഞു. എന്റെ ഏങ്ങലടിച്ചുളള കരച്ചിൽ അപ്പോഴും നിലച്ചിട്ടുണ്ടായിരുന്നില്ല. മമ്മി ചോറുവിളമ്പി തന്നു. എങ്ങനെയോ ആഹാരം കഴിച്ചെന്ന് വരുത്തി കുളിച്ച് കട്ടിലിൽ കയറി കിടന്നു. പന്ത് കൈയിൽ കിട്ടിയ സന്തോഷമെല്ലാം ആവിയായി പോയി. ഒരുപിടി ഓർമകൾ ബാക്കിയാക്കി പപ്പാ 43 വർഷംമുമ്പ് ഞങ്ങളെ വിട്ടുപോയി. മമ്മിയും ഇന്നില്ല. പപ്പയുടെ ജന്മശതാബ്ദി നവംബർ പതിനാലിനാണ്. പ്രണാമം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..