17 November Sunday

ഈ ജീവിതത്തിൽ ഞാൻ തൃപ്തനാണ്...എം കെ സാനു സംസാരിക്കുന്നു

പ്രൊഫ. എം കെ സാനു / പി എസ്‌ ശ്രീകലUpdated: Wednesday Apr 6, 2022

പ്രൊഫ. എം കെ സാനു , ഫോട്ടോ: എം പി നിത്യൻ

നവോത്ഥാനം ഒരു പ്രത്യേക സമയത്തോ കാലത്തോ പെട്ടെന്ന് സംഭവിച്ച ഒന്നല്ല. അതൊരു പ്രക്രിയ  ആയിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിലല്ല മനുഷ്യത്വത്തിന്റെ പേരിലാണ് മനു-ഷ്യർ മറ്റ് ജീവജാലങ്ങളിൽനിന്ന് വ്യത്യസ്തരാവുന്നതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടത്തിയ ഇടപെടലാണ് നവോത്ഥാനം.

ഒൻപത്‌ പതിറ്റാണ്ടിന്റെ ഓർമ്മകളുണ്ട്‌ പ്രൊഫ. എം കെ  സാനുവിന്‌ പങ്കുവെക്കാൻ. കേവലം വ്യക്തിപരമല്ല അവയൊന്നും. സാനുമാഷിന്റെ ഓർമ്മകളെല്ലാം കേരളത്തിന്റെ സാമൂഹ്യപരിണാമചരിത്രവുമായി ബന്ധപ്പെട്ട്‌ നിൽക്കുന്നവയാണ്‌. ബാല്യം, കൗമാരം, യൗവനം, വാർധക്യം ‐ ഓരോ ഘട്ടവും മാഷെ സംബന്ധിച്ചിടത്തോളം ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തിയല്ലാതെ ഓർത്തെടുക്കാനാവുന്നവയല്ല. അതേസമയം ജനിച്ചുവളർന്ന സമൂഹവും ഇപ്പോൾ ജീവിക്കുന്ന സമൂഹവും തമ്മിലുള്ള അന്തരത്തെക്കുറിച്ച്‌ ബോധവാനുമാണ്‌  അദ്ദേഹം. കേരളത്തിൽ രാഷ്ട്രീയ‐സാംസ്കാരിക‐സാമൂഹ്യ ചരിത്രങ്ങളോടൊപ്പം സഞ്ചരിക്കുന്ന സാനുമാഷിന്റെ ഓർമ്മകളും കാഴ്ചകളും അദ്ദേഹം ദേശാഭിമാനി വാരികയുമായി  പങ്കുവയ്ക്കുന്നു.

? വർത്തമാനകാലത്തുനിന്ന് തുടങ്ങാം മാഷേ. ഇന്നത്തെ കേരളസമൂഹത്തെ എങ്ങിനെയാണ്‌ നോക്കിക്കാണുന്നത്‌...

= ഒരു ഭാഗത്ത് വേദനയും മറുഭാഗത്ത് ആനന്ദവും ഞാനനുഭവിക്കുന്നു. ‘ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും. മറുപകുതി പ്രജ്ഞയിൽ കരിപൂശിയ വാവും' എന്നു ചങ്ങമ്പുഴ എഴുതിയപോലെ ഒരനുഭവം. സമൂഹത്തിൽ മനുഷ്യരുടെ ജീവിതസാഹചര്യങ്ങൾ ഒരുപാട് മാറി. നല്ല രീതിയിലുള്ള മാറ്റം എന്നുതന്നെ പറയാം. അതായത്, പുരോഗതി. ജീവിതാവസ്ഥയൊക്കെ മെച്ചപ്പെട്ടു. യാത്രാസൗകര്യങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം തുടങ്ങിയവയ്ക്കെല്ലാം അനുകൂലമായ സ്ഥിതിവിശേഷം നിലവിലുണ്ട്. ഇവയൊന്നും തനിയേ രൂപപ്പെട്ടതല്ല. രൂപപ്പെടുത്തിയെടുത്തതാണ് എന്നതാണ് വസ്തുത. അതിനുവേണ്ടിയുള്ള ശ്രമങ്ങളുടെ ദീർഘമായ ചരിത്രത്തെക്കുറിച്ച് ചിന്തിക്കാതെ ഇന്നത്തെ  മാറ്റം കണ്ട് അഭിമാനിക്കുന്നത് ചരിത്രത്തോടുള്ള നന്ദികേടാവും. ശ്രീനാരായണ ഗുരു ഉൾപ്പെടെയുള്ളവർ തെളിച്ചിട്ട ഒരു മാർഗമുണ്ട്. അതിലൂടെയുള്ള സഞ്ചാരമാണ് ഈ അഭിമാനം നൽകുന്ന മാറ്റങ്ങൾക്ക് അടിസ്ഥാനം. നവോത്ഥാനപ്രസ്ഥാനത്തിന്റെ ഒരു ഘട്ടത്തെ ചരിത്രത്തിൽനിന്ന് മായ്ച്ചുകളയാൻ കഴിയുമോ? അങ്ങനെയായാൽ പിന്നെ കേരളമില്ലല്ലോ.

ഇവിടെയാണ്, വേദനിപ്പിക്കുന്ന ചില യാഥാർത്ഥ്യങ്ങൾ കൂടി മനസിലേക്കുവരുന്നത്. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ വിഭജിക്കുന്ന ഒരു രീതി ഇന്ന് വന്നിരിക്കുന്നു. അതു പുതിയ കാര്യമല്ല. നവോത്ഥാനപ്രസ്ഥാനം ഇല്ലാതാക്കാൻ ശ്രമിച്ചത് ഇതിനെയാണല്ലോ. അക്കാര്യത്തിൽ നവോത്ഥാനപ്രസ്ഥാനം വിജയിക്കുകതന്നെ ചെയ്തു. ഉദാഹരണത്തിന്, ഞാൻ യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ എന്റെ ഹോസ്റ്റൽമുറിയിൽ എന്നോടൊപ്പം ഉണ്ടായിരുന്നത് അലക്സ് എന്നൊരാളാണ്. അടുത്തമുറിയിൽ ഒരു സുലൈമാനും ഉണ്ടായിരുന്നു. അലക്സ് ഞായറാഴ്ചകളിലും സുലൈമാൻ വെള്ളിയാഴ്ചകളിലും അവരവരുടെ പള്ളികളിൽ പോകുന്ന വിശ്വാസികളാണ്. ഞാനാകട്ടെ, അങ്ങനെ കൃത്യമായി ക്ഷേത്രദർശനം നടത്തിയിരുന്ന ആളൊന്നുമല്ല.

എം കെ സാനു ചെറുപ്പകാലത്ത്‌

എം കെ സാനു ചെറുപ്പകാലത്ത്‌

അന്ന് അലക്സിന് സുലൈമാന്റെ മതത്തെയും സുലൈമാന് അലക്സിന്റെ മതത്തെയും വിമർശിക്കാനും ചില നേരങ്ങളിൽ പരിഹസിക്കാനും ഒരു തടസ്സവും ഉണ്ടായിരുന്നില്ല. രണ്ടുപേരും പരസ്പരം അത് ഉൾക്കൊണ്ടിരുന്നു. അത്രയേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇന്ന് കേരളത്തിൽ അത് സാധ്യമാകുമെന്ന് എനിക്ക് തോന്നുന്നില്ല. മതങ്ങളെ കുറിച്ചുപറയാൻ മനുഷ്യർക്കിന്ന് ഭയമാണ്. ജാതിചിന്തകൾ  വികൃതമായി തിരിച്ചുവന്നിരിക്കുന്നു. അത് നവോത്ഥാനത്തിന്റെ നേട്ടങ്ങളിൽനിന്നുള്ള പിന്മാറ്റമാണ്. അതെന്നെ ഒരേസമയം വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
അതേസമയം, ജീവിതനിലവാരം ഉയർന്നിരിക്കുന്നു. ഞാൻ ആദ്യമായി ചെരുപ്പ് ധരിക്കുന്നത് കോളേജിൽ പോകുമ്പോഴാണ്. അതുവരെ എനിക്ക് ചെരുപ്പുണ്ടായിരുന്നില്ല. ഒൻപതാം ക്ലാസിലോ പത്താം ക്ലാസിലോ മറ്റോ എത്തിയശേഷമാണ് ഇസ്തിരിയിട്ട വസ്ത്രം ധരിക്കാൻ എനിക്ക് അവസരമുണ്ടാകുന്നത്. അന്ന് അങ്ങനെയായിരുന്നു.

ഇന്ന് നിത്യജീവിതത്തിന്റെ നിലവാരം വളരെ മെച്ചപ്പെട്ടിരിക്കുന്നു. ഞാൻ പറഞ്ഞതുപോലെയൊന്നുമല്ലല്ലോ ഇന്നത്തെ അവസ്ഥ. എന്റെ കുട്ടിക്കാലത്ത് വീടുകളിലെ പ്രഭാതഭക്ഷണം കഞ്ഞിയായിരുന്നു. ഇന്നിപ്പോ പലഹാരമൊക്കെയുണ്ട്. വസ്ത്രധാരണത്തിലും വിനോദത്തിലും എല്ലാം മാറ്റം വന്നു. ഭക്ഷണത്തിന്റെ കാര്യമെടുത്താൽ എന്തെല്ലാം വൈവിധ്യങ്ങളാണ്! ഈ മാറ്റത്തെ പുരോഗതിയായിത്തന്നെ ഞാൻ കാണുന്നു. സാമ്പത്തികസ്ഥിതിയിൽ സംഭവിച്ച പുരോഗതിയാണിത്. അതേസമയംതന്നെ, നേരത്തെ പറഞ്ഞതുപോലെ സമൂഹത്തെ നവോത്ഥാനപൂർവകാലത്തേക്കു കൊണ്ടുപോകാനുള്ള ശ്രമങ്ങളും നടക്കുന്നത് കാണുന്നു.

? നവോത്ഥാനപൂർവകാലത്തെ കേരളം ജാതിഭ്രാന്തുപിടിച്ച ഒരു സമൂഹമായിരുന്നല്ലോ മാഷേ. ആ കാലത്തേക്ക് കേരളത്തെ തിരികെ നടത്താനുള്ള ശ്രമം ഉണ്ടെന്നു പറയുമ്പോൾ സാംസ്കാരിക പുരോഗതിയെക്കുറിച്ച് നമുക്ക് അഭിമാനിക്കാൻ കഴിയുമോ.

= നവോത്ഥാനം ഒരു പ്രത്യേക സമയത്തോ കാലത്തോ പെട്ടെന്ന് സംഭവിച്ച ഒന്നല്ല. അതൊരു പ്രക്രിയ  ആയിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരിലല്ല മനുഷ്യത്വത്തിന്റെ പേരിലാണ് മനുഷ്യർ മറ്റ് ജീവജാലങ്ങളിൽനിന്ന് വ്യത്യസ്തരാവുന്നതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ നടത്തിയ ഇടപെടലാണ് നവോത്ഥാനം. മനുഷ്യത്വമാണ് മനുഷ്യന്റെ സ്വഭാവം. അതാണ് മനുഷ്യന്റെ ഗുണം. മനുഷ്യത്വം മനുഷ്യനോട് മാത്രമല്ല, എല്ലാ ജീവജാലത്തോടും മനുഷ്യൻ പ്രകടമാക്കേണ്ട ഗുണമാണ്. അതാവണം മനുഷ്യന്റെ സംസ്കാരം. അങ്ങനെയാവേണ്ട മനുഷ്യൻ ജാതി‐മത ദുർബോധത്താൽ അന്ധനായി മാറുമ്പോൾ അവിടെ

പ്രൊഫ. എം കെ സാനു

പ്രൊഫ. എം കെ സാനു

ഇല്ലാതാവുന്നതാണ് സംസ്കാരം. ഈ സംസ്കാരമില്ലായ്മ മനുഷ്യൻ ഇടപെടുന്ന എല്ലായിടത്തും പ്രതിഫലിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതുകൊണ്ട് ജീവിതാവസ്ഥയിൽ പുരോഗതി ഉണ്ടാവാം. പക്ഷേ, അത് സാംസ്കാരികപുരോഗതി ആവില്ല. ഉദാഹരണത്തിന്, ഒരു ജന്മി കുടുംബത്തിൽ ജനിച്ചവനാണ് ഞാൻ. കുട്ടിക്കാലത്ത്, ഉച്ചകഴിഞ്ഞനേരത്ത് മൺചട്ടികളുമായി ഭക്ഷണത്തിന് കുട്ടികൾ വരാറുണ്ടായിരുന്നു. വീട്ടിൽനിന്ന് ചോറോ കഞ്ഞിയോ കൊടുക്കും. ഇന്ന് ആ സ്ഥിതിയില്ല. എല്ലാ വീട്ടിലും ഭക്ഷണമുണ്ട്. അതിനുള്ള സാഹചര്യമുണ്ട്. അത് സാമ്പത്തികമായ പുരോഗതിയെയാണ് സൂചിപ്പിക്കുന്നത്.

അതേസമയം, സാംസ്കാരികപുരോഗതി നമ്മുടെ മനസിലെ മാനവികബോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. അക്കാര്യത്തിൽ ബാഹ്യമായ ചില മാറ്റങ്ങൾ സൃഷ്ടിക്കാൻ നവോത്ഥാനത്തിനു കഴിഞ്ഞു. ഉദാഹരണത്തിന് ജാതിവിവേചനം പ്രകടിപ്പിക്കുന്നത് അപമാനകരമാണെന്നൊരു തോന്നൽ മലയാളിക്കുണ്ട്. ബാഹ്യമായി അത് അങ്ങനെ നിലനിൽക്കുന്നു. എന്നാൽ, ഉള്ളിൽ ജാതിബോധം ഉണ്ട്. അത് വിവേചനത്തിന്റെ രൂപത്തിൽ ഉണ്ട് എന്നുതന്നെ പറയാം. പ്രകടമാക്കുന്നില്ല എന്നേയുള്ളൂ. ഉള്ളിൽ നിന്നുകൂടി ഇത്തരം തോന്നലുകൾ ഇല്ലാതാവുമ്പോഴാണ് സാംസ്കാരികവളർച്ച ഉണ്ടായി എന്നു പറയാനാവുന്നത്. ജാതിസ്പർധ പണ്ടത്തേത്തുപോലെ പ്രകടമല്ലെന്നേ ഉള്ളൂ. കഴിഞ്ഞ ദിവസം കൊച്ചിൻ ഹാർബറിൽ പോയിരുന്നു. അവിടെവച്ച് ഒരു ചെറുപ്പക്കാരൻ അടുത്തേക്കുവന്നു പരിചയപ്പെട്ടു. പേര് സുരേഷ് എന്നാണ് പറഞ്ഞത്. 'ഞാൻ പഴയ പറയൻ പത്രോസിന്റെ മകനാണ്' എന്നുകൂടി അയാൾ കൂട്ടിച്ചേർത്തു.

അപ്പോൾ, അന്ന് മതം മാറിയാലും ജാതി മാറിയിരുന്നില്ല എന്നർത്ഥം. അത് പറയാൻ പുതിയ തലമുറയിലെ ആ ചെറുപ്പക്കാരന് മടിയുണ്ടായില്ല. ഇതെല്ലാം ഓരോതരം സാംസ്കാരികബോധത്തിന്റെ പ്രതിഫലനമാണ് എന്നുപറയാം.
മറ്റൊരുഭാഗത്ത് സാംസ്കാരികവളർച്ചയെന്നു പറയാവുന്ന ഉയർന്ന ധാർമ്മികബോധം കാണുന്നുണ്ട്. അടുത്തിടെ ഒരു കോളേജിൽ പ്രസംഗിക്കാൻ പോയപ്പോൾ കാൻസർ രോഗികൾ നേരിടുന്ന കഷ്ടപ്പാടിനെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. കുട്ടികൾ അപ്പോൾത്തന്നെ മുപ്പതിനായിരത്തോളം രൂപ പിരിച്ചെടുത്തു. അത്തരം ധാർമ്മികബോധം പ്രതീക്ഷ നൽകുന്നതാണ്. മനുഷ്യസ്വഭാവത്തിലെ പല അംശങ്ങളായി ഞാനിതിനിയെല്ലാം കാണുന്നു.

? ഇന്നത്തെ ഭക്ഷണവൈവിധ്യത്തെക്കുറിച്ച് പറഞ്ഞല്ലോ. അത് സംസ്കാരത്തിൽവന്ന മാറ്റമായിത്തന്നെയോ കാണേണ്ടത്.

= അത് സംസ്കാരത്തിലും ജീവിതസാഹചര്യത്തിലും സാമ്പത്തികസ്ഥിതിയിലും വന്ന മാറ്റം തന്നെയാണ്.

എന്റെ കുട്ടിക്കാലത്ത് ചെറിയ കിണ്ണത്തിൽനിന്ന് പ്ലാവില കോട്ടിയത് ഉപയോഗിച്ചാണ് കഞ്ഞി കുടിച്ചിരുന്നത്. ഇപ്പോൾ സ്പൂൺ ആണല്ലോ. അന്ന് അത്യപൂർവമായിരുന്നു സ്പൂൺ. ആ മാറ്റത്തെ ഉൾക്കൊള്ളണം എന്നാണ് എനിക്കുതോന്നുന്നത്. ഇതെല്ലാം പുരോഗതിയെത്തന്നെയാണ് സൂചിപ്പിക്കുന്നത്. സംസ്കാരത്തിലും അതിന്റെ സ്വാധീനം കാണാം.

എം കെ സാനു സംസാരിക്കുന്നു. വേദിയിൽ  എസ്‌ കെ പൊറ്റെക്കാട്ട്‌, സി അച്യുതമേനോൻ

എം കെ സാനു സംസാരിക്കുന്നു. വേദിയിൽ എസ്‌ കെ പൊറ്റെക്കാട്ട്‌, സി അച്യുതമേനോൻ

? പുരോഗതി തന്നെയാണോ വികസനം.

= രണ്ടും പരസ്പരം ബന്ധപ്പെട്ടതാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾ പുരോഗതിയാണ്. അതേസമയം, അവയോടൊപ്പം വ്യവസായത്തിന്റെ വളർച്ച, അതിലൂടെ തൊഴിലവസരങ്ങളുടെ വർധന ഇതെല്ലാം ഉണ്ടാവണം. അപ്പോഴേ വികസനമാവുന്നുള്ളൂ. തൊഴിൽ എന്നുപറയുമ്പോൾ ഏതുതൊഴിലും മാന്യമാണ് എന്നൊരു ബോധവും കൂടി ഉണ്ടാവണം. നമ്മുടെ നാട്ടിൽ തൊഴിലവസരങ്ങൾ ഉള്ളപ്പോൾ അതിൽ ഏർപ്പെടാൻ വൈമുഖ്യം കാണിക്കുന്നവർ മറ്റ് നാടുകളിൽപോയി അതേ തൊഴിൽ ചെയ്യുന്നതിൽ മാന്യതക്കുറവ് കാണുന്നില്ല. ഇതൊരു അപകർഷതാബോധത്തിന്റെ ഭാഗമാണ്. ബഷീറിന്റെ ഒരു കഥാപാത്രത്തെ ഓർമ്മ വരുന്നു ‐ ഐഷുക്കുട്ടി. ഐഷുക്കുട്ടിക്ക് പ്രസവവേദന തുടങ്ങി. ഡോക്ടറെ വിളിക്കാൻ പറഞ്ഞു നിലവിളിക്കുകയാണ് ഐഷുക്കുട്ടി. ഭർത്താവ് പറഞ്ഞു എന്റേൽ കാശില്ല എന്ന്. ഐഷുക്കുട്ടി പറഞ്ഞു ഞാൻ ചത്തുപോകും.

അയാൾ ഓടിപ്പോയി ഡോക്ടറെയും കൂട്ടി എത്തുമ്പോഴേക്കും ഐഷുക്കുട്ടിയുടെ പ്രസവം കഴിഞ്ഞിരുന്നു. ഏതോ വയറ്റാട്ടിവന്ന് പ്രസവമെടുത്തു. എങ്കിലും ഐഷുക്കുട്ടി പിന്നീട് അഭമാനപൂർവം പറഞ്ഞുനടന്നു: 'ഞാൻ പെറ്റപ്പോഴും ഡാക്കിട്ടറ് വന്നല്ലോ' എന്ന്. ഈ ഒരു ദുരഭിമാനബോധം മലയാളിസമൂഹത്തിന് അന്നുമുണ്ട്, ഇന്നുമുണ്ട്.

ജസ്‌റ്റിസ്‌ വി ആർ കൃഷ്‌ണയ്യരും സാനു മാസ്റ്ററും

ജസ്‌റ്റിസ്‌ വി ആർ കൃഷ്‌ണയ്യരും സാനു മാസ്റ്ററും

ഇത് ഉപഭോഗസംസ്കാരത്തിലുമുണ്ട്. ഞാനൊരിക്കൽ വി ആർ കൃഷ്ണയ്യരുടെ വീട്ടിലിരിക്കുമ്പോൾ ഒരു മൾട്ടിനാഷണൽ കമ്പനിക്കാരൻ അവിടെ വന്നിട്ടു പറഞ്ഞു, 'ഞാൻ കൈകഴുകാനൊരു ലിക്വിഡ് ഉണ്ടാക്കാൻ പോകുകയാണ്. കേരളത്തിൽ അതിനു നല്ല വിൽപനയുണ്ടാവും' എന്ന്. ഇപ്പോൾ നമ്മളെല്ലാരും ഹാൻഡ്വാഷ് ഉപയോഗിക്കുന്നു. അന്ന് അയാൾ പറഞ്ഞത് ശരിയായി. കേരളം ഉപഭോഗവസ്തുക്കൾക്ക് നല്ല കമ്പോളമാണ്. അതല്ല വികസനം. അത് നല്ലതുമല്ല. മുറ്റത്തു കുറച്ച് മണ്ണുള്ളതു നല്ലതല്ലേ, അതു മുഴുവൻ മാറ്റി ടൈൽസ് പാകുന്നത് എന്തിനാണ്? ചെടി വളരാനെങ്കിലും അൽപ്പം സ്ഥലം മാറ്റിവച്ചുകൂടേ? അതു ചെയ്യുന്നില്ല.

?  കേരളസർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന നവകേരളം എന്ന ലക്ഷ്യം മാഷ് ഉദ്ദേശിക്കുന്ന പുരോഗതിയും വികസനവും യാഥാർത്ഥ്യമാക്കുമെന്ന് കരുതുന്നുണ്ടോ.

= അങ്ങനെയാവണം എന്നു ഞാനാഗ്രഹിക്കുന്നു. അങ്ങനെ പ്രതീക്ഷിക്കുകയും ചെയ്യുന്നു. സാംസ്കാരികമായി ഉയർന്നബോധം കൂടി ഉൾക്കൊള്ളുന്നതാവണം ആ നവകേരളം എന്നു ഞാൻ ആശിക്കുന്നു. അത് നവോത്ഥാനകാലത്തേക്കുള്ള തിരിച്ചുപോക്കല്ല. ഒരു ഘട്ടത്തിൽനിന്ന് മുന്നോട്ടുപോന്നാൽപിന്നെ പുറകിലേക്കു പോകരുത്. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുക ‐ അതാണ് വേണ്ടത്. സഹിഷ്ണുത, ഉച്ചനീചത്വമില്ലായ്മ എന്നിവയൊക്കെ പാലിച്ചുകൊണ്ടുള്ള ഒരു മുന്നേറ്റമാണ് ഉണ്ടാവേണ്ടത്. അതിന്‌ തടസ്സമാവുന്നത് വർഗീയതയാണ് എന്നെനിക്കു തോന്നുന്നു. പക്ഷെ കേരളത്തിൽ അതിന് വിജയിക്കാനാവുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. കള്ളപ്രചാരണങ്ങളിലൂടെ വിജയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. എന്റെ വീട്ടിൽനിന്ന് എന്റെ അനന്തിരവൾ ശബരിമലയിൽ പോയിരുന്നു. ഞാനന്ന് കോളേജിൽ പഠിക്കുകയാണ്.

അവൾ ശബരിമലയിൽ പോയതിനെക്കുറിച്ച് ഞാൻ പറഞ്ഞിട്ട് ആരും വിശ്വസിക്കുന്നില്ല. ശബരിമലയിൽ സ്ത്രീകൾക്ക് പോകാം എന്ന സുപ്രീംകോടതി വിധി വന്നപ്പോൾ കോളേജ് പ്രൊഫസർമാരും ശാസ്ത്രവിദ്യാർത്ഥികളുമായ സ്ത്രീകളുൾപ്പെടെ അതിനെതിരെ ഘോഷയാത്ര നടത്തി. ഇതൊരു വൈരുധ്യമാണ്. സ്ത്രീക്കും പുരുഷനും വിവാഹിതരാവാതെ സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ചു താമസിക്കാം എന്നൊരു കോടതിവിധി കണ്ടു. അത് നമ്മുടെ സമൂഹം സ്വീകരിക്കുമോ? ഭരണഘടന പ്രകാരമാണെങ്കിൽ അത് സ്വീകരിക്കേണ്ടതല്ലേ?ലൈംഗികസ്വതന്ത്ര്യം ഉണ്ടാവുന്നത് നല്ലതാണ് എന്നെനിക്കു തോന്നുന്നു. ഭരണഘടന നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലേ അത്?

? ഇത്തരം കാര്യങ്ങൾ മാഷ് പ്രഭാഷണത്തിലും എഴുത്തിലും അധ്യാപനത്തിലുമെല്ലാം സൂചിപ്പിക്കുന്നുണ്ടാവുമല്ലോ.

= ഉണ്ട്, ആത്മനിർവൃതിക്കുവേണ്ടിയല്ല ഞാൻ ഇതൊക്കെയും ചെയ്യുന്നത്. എഴുത്തായാലും പ്രഭാഷണമായാലും അധ്യാപനമായാലും അതിലൂടെ സമൂഹത്തിൽ പുതിയതായി ഒരു ചലനം സൃഷ്ടിക്കാൻ കഴിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതിന് ഏറ്റവും നല്ലമാർഗം പ്രഭാഷണമാണെന്നു  തന്നെയാണ് അന്നും ഇന്നും ഞാൻ കരുതുന്നത്. എഴുത്തിന് അതിനുള്ള ശേഷി ഉണ്ടായിരുന്നു. എന്റെ എഴുത്തല്ല, പൊതുവെ സാഹിത്യത്തെയാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇന്ന് അതുണ്ടെന്നു തോന്നുന്നില്ല. ഇന്നത്തെ എഴുത്ത് അവരവരെക്കുറിച്ചാണ്. ഒരുതരം ആത്മകഥാസ്വഭാവം. സാഹിത്യവിമർശനങ്ങളിലൊന്നും അത്തരം കാര്യങ്ങൾ പരാമർശിക്കപ്പെടുന്നുമില്ല. വിശകലനം ചെയ്യുന്നില്ല; വിലയിരുത്തുന്നില്ല. വിമർശനങ്ങൾ എന്ന പേരിൽ എഴുതുന്നതുതന്നെയും പലപ്പോഴും സംവേദനക്ഷമമാവുന്നില്ല. ഭാഷയിലും പരീക്ഷണങ്ങൾ നടത്തുകയാണ്. ആസ്വാദനത്തിലും അനുഭവത്തിലും കൂടി കടന്നുവന്നുവേണം വിമർശനത്തിലെത്താൻ. അതിന്നുണ്ടാവുന്നില്ല.

പ്രൊഫ. എം കെ സാനുവും പി എസ്‌ ശ്രീകലയും എറണാകുളത്തുള്ള  സഹോദരൻ അയ്യപ്പന്റെ വീട്ടിൽ -              ഫോട്ടോ: എം പി നിത്യൻ

പ്രൊഫ. എം കെ സാനുവും പി എസ്‌ ശ്രീകലയും എറണാകുളത്തുള്ള സഹോദരൻ അയ്യപ്പന്റെ വീട്ടിൽ - ഫോട്ടോ: എം പി നിത്യൻ

? മാഷ് കഥകൾ എഴുതിയിരുന്നല്ലോ. അടുത്തിടെ ഒരു കഥാസമാഹാരം പുറത്തുവരികയും ചെയ്തു. എഴുത്തിൽ പക്ഷേ മാഷ് തെരഞ്ഞെടുത്തത് വിമർശനമാണ്. കഥകൾ എഴുതുന്നതിൽ തൃപ്തനായിരുന്നില്ലേ.

= തീർച്ചയായും കഥയെഴുതാൻ ഇഷ്ടമായിരുന്നു. പല കാലങ്ങളിൽ എഴുതിയ കഥകളാണ് ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിലുള്ളത്. അവയെല്ലാം എഴുതിയത് തൃപ്തിയോടെ തന്നെയാണ്. തകഴിയൊക്കെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, എന്തുകൊണ്ടോ എന്റെ വഴി വിമർശനത്തിന്റേതായി. ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്തിട്ടാണ് ഞാൻ എഴുതുക. ഉദാഹരണത്തിന് കുറ്റവും ശിക്ഷയും, ലീല ‐ ഇതെല്ലാം നാലഞ്ചുതവണ വായിച്ചശേഷമാണ് ഞാൻ അതിനെക്കുറിച്ച് എഴുതിയത്. അങ്ങനെയേ എനിക്ക് എഴുതാനാവൂ. അതിൽ സർഗാത്മകചിന്തയും സർഗാത്മകതയും ഉണ്ടെന്നു ഞാൻ കരുതുന്നു.

? അധ്യാപനത്തിലും പ്രഭാഷണത്തിലും ഈ സർഗാത്മകചിന്തയുടെ സ്പർശം കാണാനാവുമോ.

=  ഉണ്ടെന്നുതന്നെ കരുതണം. ക്ലാസ് മുറിയിലെ അധ്യാപനത്തിനിടയിൽ പല മേഖലയിലേക്കും  ഒരു വിഷയത്തിൽനിന്നുകൊണ്ട് നമ്മൾ സഞ്ചരിക്കും. അവിചാരിതമായി ചില കാര്യങ്ങൾ, ഒരിക്കലും ആലോചിക്കാത്തവ പ്രഭാഷണത്തിലേക്ക് കടന്നുവരും. ഇതെല്ലാം പിന്നീട് എഴുത്തിലേക്കു നയിക്കും. അങ്ങനെയുള്ള അനുഭവങ്ങളുണ്ട്. എന്റെ അനുഭവമാണ് ഇപ്പറഞ്ഞത്. അധ്യാപനം ജന്മസിദ്ധമായ ഒരുപാസനയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. സർഗാത്മകമായ അനുഭവം അധ്യാപനത്തിലുമുണ്ട്.

ജസ്‌റ്റിസ്‌ സുബ്രഹ്മണ്യം പോറ്റിയോടൊപ്പം

ജസ്‌റ്റിസ്‌ സുബ്രഹ്മണ്യം പോറ്റിയോടൊപ്പം

? ആരാണ് നല്ല അധ്യാപകൻ.

= വിദ്യാർത്ഥികളെ സ്വതന്ത്രചിന്തയ്ക്ക് പ്രേരിപ്പിക്കുന്നയാളാവണം അധ്യാപകൻ. നല്ലരീതിയിൽ പഠനം നടത്തേണ്ടതുണ്ട് അധ്യാപകർ. വിദ്യാർത്ഥികളെ പഠനത്തിന്‌ സഹായിക്കുന്നയാളായിരിക്കണം. അങ്ങനെ സഹായിക്കണമെങ്കിൽ അധ്യാപകൻ നിർദ്ദേശങ്ങൾ നൽകിയാൽ മാത്രം പോരാ, പഠിപ്പിക്കണം. പഠിപ്പിക്കുക എന്നാൽ തന്റെ വഴിയേ വിദ്യാർത്ഥികളെ നടത്തുക എന്നല്ല അർത്ഥം. അവർക്ക് വിവിധ മാർഗങ്ങളെ പരിചയപ്പെടുത്തുക എന്നാണ്. അതിനാവണമെങ്കിൽ അധ്യാപകർക്ക് വിഷയത്തെക്കുറിച്ച് നല്ല ധാരണയുണ്ടാവണം. സ്വന്തം വിഡ്ഢിത്തം അധ്യാപകർ മനസിലാക്കുന്നതും ചിലപ്പോൾ അധ്യാപനസമയത്തായിരിക്കും. അങ്ങനെയുമുണ്ട്.

? ബഹുമേഖലകളിൽ മാഷ് പ്രവർത്തിച്ചു. ഇപ്പോഴും പ്രവർത്തിക്കുന്നു. അധ്യാപകൻ, രാഷ്ട്രീയപ്രവർത്തകൻ, സാമൂഹ്യപ്രവർത്തകൻ, എഴുത്തുകാരൻ, പ്രഭാഷകൻ... ഇവയിലേതാണ് കൂടുതൽ തൃപ്തി നൽകുന്നതായി തോന്നിയിട്ടുള്ളത്.

ഇവയിലെല്ലാം ഞാൻ തൃപ്തനാണ്. ഏർപ്പെടുന്നതിലെല്ലാം പൂർണമനസോടെയാണ് ഞാൻ ഇടപെടുന്നത്. പിന്നെ, ജീവിതം നമ്മൾ നിശ്ചയിച്ചുറപ്പിക്കുന്ന രീതിയിൽ മാത്രം മുന്നോട്ടുപോകുന്ന ഒന്നാണെന്ന് ഞാൻ വിചാരിക്കുന്നില്ല. എന്റെ അനുഭവം അതല്ല. ഞാൻ ബിഎസ്സി കഴിഞ്ഞപ്പോൾ ഒരു സ്കൂളിൽ പഠിപ്പിക്കാൻ ചേർന്നു. അതായിരിക്കും എന്റെ വഴി എന്ന് ഞാൻ കരുതി. പക്ഷേ, സ്കൂളിലെ ഹെഡ്മാസ്റ്റർ പറഞ്ഞു, ഞാനവിടെ പഠിപ്പിക്കേണ്ട ആളല്ല, പോസ്റ്റ് ഗ്രാജ്വേഷന് പോകണം. അതനുസരിച്ച് യൂണിവേഴ്സിറ്റി കോളേജിലെത്തിയ എന്നെ എൻ കൃഷ്ണപ്പിള്ള സാറാണ് മലയാളം ക്ലാസിലെത്തിച്ചത്. അതിനിടയിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ബോംബെയിൽ എനിക്ക് അഡ്മിഷൻ കിട്ടി. ഞാനവിടെ പോകുകയും ചെയ്തു. എന്റെ റൂംമേറ്റ് ഒരു പഞ്ചാബിയായിരുന്നു. അയാളുമായി എനിക്ക് പൊരുത്തപ്പെടാൻ കഴിയാതെവന്നു.

രണ്ടുദിവസം കഴിഞ്ഞപ്പോൾ ഞാൻ തിരികെപ്പോന്നു. അങ്ങനെയൊക്കെ നോക്കുമ്പോൾ നമ്മൾ നിശ്ചയിക്കുന്ന രീതിയിൽ മാത്രമല്ല ജീവിതം മുന്നോട്ടുപോകുന്നത്. പക്ഷേ, പോകുന്ന വഴിയിൽ ഞാൻ തൃപ്തനാണ്. മറ്റൊരു വാക്കില്ലാത്തതുകൊണ്ട് അതിനെ ഞാൻ 'വിധി' എന്നു വിളിക്കുന്നു. ഗവൺമെന്റ് കോളേജ് അധ്യാപകനായി മഹാരാജാസ് കോളേജിലല്ല എത്തിയിരുന്നതെങ്കിൽ എന്റെ ജീവിതം മറ്റൊന്നാകുമായിരുന്നു. 'ദൈവ ദശക'ത്തിലെ പ്രാർത്ഥന മാത്രമേ എന്നെ സ്വാധീനിച്ചിട്ടുള്ളൂ. ‘കാത്തുകൊള്ളുക’ എന്നത്. അതിൽ ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ക്ഷേത്രത്തിൽ പോയി അഭീഷ്ടസിദ്ധിക്കായി ഞാൻ പ്രാർത്ഥിക്കാറില്ല. പോകുന്നവരോട് വിരോധവുമില്ല. എന്റെ ഭാര്യയ്ക്ക് പോകണമെന്നുണ്ടെങ്കിൽ ഞാൻ കൂട്ടുപോകാറുണ്ട്. നമ്മുടെ വിശ്വാസമെന്നപോലെ മറ്റുള്ളവരുടെ വിശ്വാസവും പ്രധാനമെന്നു ഞാൻ കരുതുന്നു.

ഫോേട്ടാ: എം പി നിത്യൻ

ഫോേട്ടാ: എം പി നിത്യൻ

അങ്ങനെ കരുതുന്നത് എഴുത്തുകാരെക്കാൾ കൂടുതൽ പൊതുപ്രവർത്തകരാണ്. അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ സാഹിത്യ‐സാംസ്കാരിക പ്രവർത്തകരെക്കാൾ സമൂഹത്തിനാവശ്യം രാഷ്ട്രീയപ്രവർത്തകരാണ്. കാരണം ഒരുദിവസം എട്ടു പത്തുപേർക്കുവേണ്ടിയെങ്കിലും വീട്ടിൽനിന്ന് പുറത്തുപോകാതിരിക്കാൻ അവർക്ക് സാധിക്കില്ല. ജനസമ്പർക്കം കൂടിയേ തീരൂ. ഉദാഹരണത്തിന് എന്റെ അനുഭവം തന്നെ പറയാം. എംഎൽഎ ആയിരിക്കുന്ന കാലത്ത്, ഒരു ദിവസം രാത്രി പന്ത്രണ്ടു‐പന്ത്രണ്ടരയോടെയാണ് ഞാൻ വീട്ടിലെത്തിയത്. രണ്ടുമണി കഴിഞ്ഞപ്പോൾ ഒരാൾ ബെഡ്റൂമിലേക്ക് ടോർച്ചടിച്ച് 'സാറേ, സാറേ'  എന്ന് വിളിക്കുന്നു. എണീറ്റ് ചെന്ന് നോക്കുമ്പോൾ അയാളുടെ സഹോദരനെ പൊലീസ് പിടിച്ചിരിക്കുന്നു, ഉപദ്രവിക്കാതെ വിട്ടയയ്ക്കാൻ പോലീസ് സ്റ്റേഷനിൽ ചെന്നു പറയണം എന്ന ആവശ്യത്തിനാണ് അയാൾ വന്നിരിക്കുന്നത്‌.  സ്വകാര്യജീവിതം എന്നൊന്ന് പൊതുപ്രവർത്തകർക്ക് ഇല്ല. മറ്റൊരു കാര്യം രാഷ്ട്രീയപ്രവർത്തകർ തമ്മിൽ സ്ഥായിയായ ശത്രുത ഇല്ലെന്നതാണ്. ഇതൊന്നുമല്ല സാഹിത്യ‐സാംസ്കാരികപ്രവർത്തകരുടെ സ്ഥിതി.

? സാംസ്കാരികപ്രവർത്തകർ രാഷ്ട്രീയത്തിൽ ഇടപെടണം എന്നാണോ.

=  തീർച്ചയായും. രാഷ്ട്രീയം ഒന്നിൽനിന്നും അകറ്റിനിർത്തേണ്ട ഒരു മേഖലയായി ഞാൻ കരുതുന്നില്ല. പക്ഷേ, പല സാംസ്കാരികപ്രവർത്തകരും രാഷ്ട്രീയത്തിൽ ഇടപെടുന്നത് ചില താൽപ്പര്യങ്ങൾ മനസിൽ വച്ചുകൊണ്ടാണ്. വ്യക്തിപരമായ ചില താൽപ്പര്യങ്ങൾ അവരിൽ പലർക്കും ഉണ്ട്. അതുകൊണ്ടാണ്, ചില കാര്യങ്ങളിൽ അവർ നിശ്ശബ്ദത പാലിക്കുന്നത്. നിഷ്പക്ഷരെന്നു നടിക്കുകയാണ്. രാഷ്ട്രീയപ്രവർത്തകർ അങ്ങനെയല്ല, അവർ ജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും ഇടപെടും. സമൂഹത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കും. കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള ചില എതിർപ്പുകളൊക്കെ ഉണ്ടാകുമായിരിക്കും. എങ്കിലും പൊതുവികസനത്തിന് അവർ എതിരാവില്ല. അതുകൊണ്ട് ഇപ്പോൾ ഈ കെ‐ റെയിൽ സംബന്ധിച്ചുണ്ടാകുന്ന കോലാഹലങ്ങളും കെട്ടടങ്ങുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നു.

സഹോദരൻ അയ്യപ്പൻ

സഹോദരൻ അയ്യപ്പൻ

കെ‐റെയിൽ വിഷയത്തിൽ മാഷിന്റെ അഭിപ്രായം എന്താണ്.

= മനുഷ്യന് സമയം തികയാത്ത അവസ്ഥയാണുള്ളത്. എന്റെ കുട്ടിക്കാലത്ത് കിലോമീറ്ററുകൾ നടന്നാണ് കുട്ടികൾ സ്കൂളിലെത്തിയിരുന്നത്. യൂണിവേഴ്സിറ്റി കോളേജിൽനിന്ന് വീട്ടിലേക്കുപോകുമ്പോൾ ട്രെയിൻ വേഗമൊന്നെത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. വേഗത കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഒരനുഭവം പറയാം, സഹോദരൻ അയ്യപ്പൻ കൊച്ചിനിയമസഭയിൽ പൊതുമരാമത്തുമന്ത്രിയായിരുന്ന കാലത്ത് റോഡ് വികസനത്തിനായി ഒരു പദ്ധതി കൊണ്ടുവന്നു. റോഡിന്റെ ഇരുവശത്തുനിന്നും സ്ഥലമെടുക്കണം. അപ്പോൾ അന്നത്തെ പത്രങ്ങൾ അതിനെതിരെ എഴുതാൻ തുടങ്ങി, ഇന്നത്തെപ്പോലെ തന്നെ. സഹോദരൻ പറഞ്ഞത്, 'കൊച്ചു കൊച്ചി നാളെ വിശാലകൊച്ചിയാവും. അന്ന് റോഡിന് എഴുപതടി വീതിയെന്നല്ല, നൂറടി വീതി തന്നെയും തികയാതെവരും'  എന്നാണ്. ഇന്നത് ശരിയായില്ലേ?

ഇന്ന് കൊച്ചി വിശാലകൊച്ചിയാണല്ലോ. കൊച്ചിയുടെ വികസനത്തിന്, Greater Cochi Development Authority ഉൾപ്പെടെ നിലവിൽ വന്നില്ലേ. ഇതുമാത്രമല്ല, അന്ന് എഞ്ചിനീയർമാർ സ്ഥലമെടുത്തപ്പോൾ സഹോദരന്റെ വീടിരിക്കുന്ന ഭാഗം വിട്ട് അൽപ്പം വളച്ച് പ്ലാൻ തയ്യാറാക്കി.

ടാഗോർ

ടാഗോർ

സഹോദരന്റെ വീടും സ്ഥലവും നിലനിർത്താൻവേണ്ടി. അതുകൊണ്ട് സഹോദരൻ പറഞ്ഞു, മറ്റുള്ളിടങ്ങൾപോലെതന്നെ തന്റെ സ്ഥലവും കരുതണം, ആവശ്യമുള്ള സ്ഥലമെടുക്കണം. സഹോദരന്റെ വീടിന്റെ ലിവിങ്്‌ റൂം വളരെ വിശാലമായിരുന്നു. അതിന്റെ മുക്കാൽഭാഗവും റോഡ് വികസനത്തിനായി അന്നെടുത്തതാണ്. നാടിന്റെ പൊതുവികസനത്തിന് സ്വകാര്യകാരണങ്ങൾ തടസ്സമാവരുത്.സഹോദരൻ എഴുതുന്നുണ്ട്,

‘സുവർണ്ണകാലം കഴിഞ്ഞില്ല
വരുന്നേയുള്ളൂ കാക്കുവിൻ
വരുത്തേണ്ടതു മനുഷ്യന്റെ
കരത്താലെന്നുമോർക്കുവിൻ' എന്ന്.

അതായത്, സമൂഹം ഇനിയുമിനിയും പരിവർത്തനവിധേയമാവേണ്ടതുണ്ട്. പിറകോട്ടുപോകുന്നതിനെ പ്രേരിപ്പിക്കുന്ന സങ്കുചിതദേശീയവാദമല്ല, ടാഗോറിന്റെ ദേശീയത ‐ വൈവിധ്യങ്ങളുടെ ദേശീയത ‐ അതാണ് വികസനത്തിനും ആധാരമാവേണ്ടത്.

അംബേദ്‌കർ

അംബേദ്‌കർ

? ദേശീയതയെക്കുറിച്ച് മാഷ് പറഞ്ഞതുകൊണ്ട് ചോദിക്കുകയാണ്, ഇന്ന് ഉന്നയിക്കുന്ന ദേശീയത, ദേശസ്നേഹം എന്നിവയെക്കുറിച്ച് പറയാമോ.

ഇന്നുന്നയിക്കുന്ന ദേശീയത ഞാൻ നേരത്തെ പറഞ്ഞ സങ്കുചിത ദേശീയതയാണ്. അംബേദ്കർ ഗാന്ധിയോട് ചോദിക്കുന്നുണ്ടല്ലോ, സ്വരാജ്യസ്നേഹത്തെക്കുറിച്ച് പറയുമ്പോൾ 'ഏതാണ് ഞങ്ങളുടെ സ്വരാജ്യം' എന്ന്. 'ഞാൻ പണിഞ്ഞ രാജവീഥിയിലൂടെ എന്നെ നടത്തുന്നില്ല. അതെന്റെ സ്വരാജ്യമാണോ? വിദ്യാഭ്യാസം കൊണ്ടാണ് മനുഷ്യൻ മനുഷ്യനാകുന്നത്. ആ പള്ളിക്കൂടത്തിന്റെ ഏഴയലത്തുപോലും എന്നെ നിർത്തില്ല. അതാണോ എന്റെ സ്വരാജ്യം?'  സങ്കുചിതമായ ദേശീയതയുടെ നേർക്കുന്നയിച്ച ചോദ്യമാണത്  .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top