1857-‐58 കാലയളവില്‍ മാർക്‌സ് എഴുതിയ പഠനക്കുറിപ്പുകളാണ് പില്‍ക്കാലത്ത് ഗ്രൂണ്‍ഡ്രിസ്സെ എന്ന പേരില്‍ പ്രസിദ്ധീകൃതമായത്. ഗ്രൂണ്‍ഡ്രിസ്സെ എന്ന ഗ്രന്ഥശീര്‍ഷകം ആ കൃതിക്ക് നല്‍കാനോ കുറിപ്പുകള്‍ പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനോ മാർക്‌സ് ഉദ്ദേശിച്ചിരുന്നില്ല.
സാമ്പത്തിക സംവർഗങ്ങളുടെ വിമര്‍ശം (Critique of Economic Categories) എന്ന പേര് താന്‍ എഴുതാനിരിക്കുന്ന ഒരു സമഗ്രപഠനത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നതായി ജർമനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാർടി നേതാവായ ലസ്സാലിന് എഴുതിയ കത്തില്‍ മാർക്‌സ് സൂചിപ്പിക്കുന്നുണ്ട്.
ഒന്ന്
മാർക്‌സിനെ പഠിക്കാന്‍ മുതിരുന്ന ഏതൊരാളും ആ അനുഭവം മുന്‍നിര്‍ത്തി ഒരു പുസ്‌തകം എഴുതാന്‍ നിര്‍ബന്ധിക്കപ്പെടും (Everyone who studies Marx, it is said, feels compelled to write a book about the experience) എന്ന അസാധാരണമായ വാക്യത്തിലാണ് ഡേവിഡ് ഹാർവെ തന്റെ സുപ്രധാന ഗ്രന്ഥങ്ങളിലൊന്ന് (
Limits to Capital, 1982) ആരംഭിക്കുന്നത്. ഒരർഥത്തില്‍ ഹാർവെയുടെ ധൈഷണികജീവിതം തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ തെളിവും.
1969ല്‍ ഭൂമിശാസ്‌ത്രത്തെക്കുറിച്ചുള്ള ഒരു പുതിയ പരിപ്രേക്ഷ്യം മുന്നോട്ടുവച്ച് (Explanation in Geography) രംഗത്തെത്തിയ ഹാർവെയുടെ ധൈഷണികജീവിതം രചനാപരമായ സമ്പന്നതയുടെ അരനൂറ്റാണ്ടിലധികം (കൃത്യമായി പറഞ്ഞാല്‍ 55 വര്‍ഷം) പിന്നിട്ടുകഴിഞ്ഞിരിക്കുന്നു.
നഗരപഠനങ്ങളുടെയും സ്ഥലപഠനത്തിന്റെയും മേഖലയെ മാർക്‌സിസ്‌റ്റ് പരിപ്രേക്ഷ്യവുമായി ചേര്‍ത്തുവച്ച് ആ വിഷയമേഖലയെ വിചാരമാതൃകാപരമായി പുതുക്കിപ്പണിയുക മാത്രമല്ല ഇക്കാലത്തിനിടയില്‍ ഹാർവെ ചെയ്‌തത്. മാർക്‌സിന്റെ അതിപ്രധാന രചനകളില്‍ ചിലതിനെ സൂക്ഷ്മവായനയ്‌ക്ക് വിധേയമാക്കാന്‍ സഹായിക്കുന്ന നിരവധി പരിചായകഗ്രന്ഥങ്ങള്‍ രചിക്കാനും അദ്ദേഹം ഇക്കാലത്ത് സമയം കണ്ടെത്തി.
തന്റെ എണ്‍പത്തിയെട്ടാം വയസ്സില്‍, സാധാരണ നിലയില്‍ ഏതൊരാളും സ്വന്തം ധൈഷണിക ജീവിതത്തില്‍നിന്നെല്ലാം വിടുതി നേടിയിരിക്കാവുന്ന ജീവിതസന്ധിയിലാണ്
ഗ്രൂണ്‍ഡ്രിസ്സെയെക്കുറിച്ചുള്ള ഒരു പരിചായക ഗ്രന്ഥവുമായി (
A Companion to Marx's Grundrisse) ഡേവിഡ് ഹാർവെ രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.
ഇതിനുമുമ്പ് മൂലധനത്തിന്റെ ഒന്നും രണ്ടും വാല്യങ്ങളെക്കുറിച്ച് ഇതേപോലുള്ള പരിചായകപഠനങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധുനിക ലോകത്തിന്റെ ചിന്താചരിത്രത്തിലും മാർക്‌സിസ്‌റ്റ് ധൈഷണികതയുടെ ചരിത്രത്തിലും അനന്യമായ സ്ഥാനത്തിനുടമയായ ഒരാളായിരിക്കുമ്പോള്‍ തന്നെ ഇത്തരം പരിചായകപഠനങ്ങള്‍ ഹാർവെയുടെ പ്രധാനപരിഗണനാവിഷയമായിത്തുടരുന്നു എന്നതിന്റെ തെളിവ് കൂടിയാണ് അദ്ദേഹത്തിന്റെ എണ്‍പത്തിയെട്ടാം വയസ്സില്‍ പുറത്തുവന്ന ഈ ഗ്രന്ഥം.
അരനൂറ്റാണ്ടിലധികമായി മാർക്‌സിന്റെ കൃതികള്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ എന്ന നിലയില്‍ അവയിലെ ആശയങ്ങള്‍ പൊതുസമൂഹത്തിന് കഴിയുന്നത്ര പ്രാപ്യമാക്കുക എന്നതില്‍ താനെപ്പോഴും തൽപ്പരനായിരുന്നുവെന്ന് ഹാർവെ ഗ്രൂൺഡ്രിസ്സെ പഠനത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്.
വിശേഷാവഗാഹത്തെ തങ്ങളുടെ ‘കുലീനമായ' അക്കാദമിക പരിസരങ്ങള്‍ക്കപ്പുറത്തേക്ക് വിനിമയം ചെയ്യാന്‍ സന്നദ്ധത പുലര്‍ത്താതിരിക്കുകയും, പൊതുസമൂഹവുമായുള്ള വിജ്ഞാനവിനിമയത്തോട് നിന്ദാഭാവം കലര്‍ന്ന പുച്ഛം സൂക്ഷിക്കുകയും ചെയ്യുന്ന വരേണ്യതയോട് ഒരു യഥാർഥ മാർക്‌സിസ്‌റ്റ് നടത്തുന്ന ചെറുത്തുനില്‍പ്പ് കൂടിയായി ഇതിനെ കാണാം.
മൂലധനത്തിന്റെ രചനയില്‍ അടിമുടി ആഴ്‌ന്നിറങ്ങിയ കാലത്തുതന്നെ, കുറച്ചുകാലം ആ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച്, ഒന്നാം ഇന്റര്‍നാഷണലിലെ സഖാക്കളുടെ ആശയവ്യക്തതയ്‌ക്കുവേണ്ടി കൂലി, വില, ലാഭം എന്ന ലഘുലേഖ തയ്യാറാക്കാന്‍ സമയം കണ്ടെത്തിയ മാർക്‌സിന്റെ ചിന്താപാരമ്പര്യത്തിന്റെ തുടര്‍ച്ചയും നമുക്കതില്‍ കാണാനാവും.
മാർക്‌സിന്റെ കൃതികളില്‍ ഇത്തരമൊരു പരിവര്‍ത്തനം ഏറ്റവുമധികം ആവശ്യപ്പെടുന്ന രചനയാണ് ഗ്രൂണ്‍ഡ്രിസ്സെ. ഡേവിഡ് ഹാർവെയെപ്പോലെ സമകാലികചിന്തയിലും മാർക്‌സിസ്‌റ്റ് ചിന്തയിലും ഒരുപോലെ അടിയുറപ്പുള്ള ഒരാളില്‍നിന്നുതന്നെ അതുണ്ടാവുന്നു എന്നതും ഏറ്റവും പ്രധാനമാണ്.
മാർക്സിന്റെ കൃതികളില്‍ ഇത്തരമൊരു പരിവര്‍ത്തനം ഏറ്റവുമധികം ആവശ്യപ്പെടുന്ന രചനയാണ്
ഗ്രൂണ്‍ഡ്രിസ്സെ. ഡേവിഡ് ഹാർവെയെപ്പോലെ സമകാലികചിന്തയിലും മാർക്‌സിസ്‌റ്റ് ചിന്തയിലും ഒരുപോലെ അടിയുറപ്പുള്ള ഒരാളില്‍നിന്നു തന്നെ അതുണ്ടാവുന്നു എന്നതും ഏറ്റവും പ്രധാനമാണ്.
മാർക്സിന്റെ രാഷ്‌ട്രീയ ധൈഷണിക കാര്യപരിപാടിയുടെ സാന്ദ്രമായ സംഗ്രഹരൂപമായിരിക്കെത്തന്നെ, മാർക്സിന്റെ രചനകളില്‍ ഏറ്റവും അവ്യവസ്ഥിതമായി തുടരുന്ന കൃതിയുമാണ് ഗ്രൂണ്‍ഡ്രിസ്സെ. മൂലധനം ഒന്നാം വാല്യത്തെപ്പോലെ സുഘടിതവും ഭദ്രവുമായ നിലയില്‍ രചിക്കപ്പെട്ടതല്ല അത്.
അതേസമയം മാർക്സിന്റെ ധൈഷണികവും രാഷ്‌ട്രീയവുമായ പരിപ്രേക്ഷ്യത്തെ ഇത്രയും ആഴത്തില്‍ സംഗ്രഹിച്ച മറ്റൊരു രചനയും അദ്ദേഹത്തിന്റേതായി ഇല്ലതാനും. അതുകൊണ്ടുതന്നെ ഗ്രൂണ്‍ഡ്രിസ്സെയിലെ ആശയപ്രപഞ്ചത്തിലേക്ക് ഒരു പരിചായകഗ്രന്ഥം എത്രയും സംഗതമാണ്.
ഗ്രൂണ്‍ഡ്രിസ്സെ പഠനങ്ങളുടെ ചരിത്രത്തിലെ കെടാവിളക്കായ റോമന്‍ റോസ്ഡോൾസ്‌കിയുടെ പ്രശസ്‌ത ഗ്രന്ഥം (The Making of the Capital, 1968) മുതല്‍ ഗ്രൂണ്‍ഡ്രിസ്സെയുടെ നൂറ്റിയമ്പതാം വാര്‍ഷികം മുന്‍നിര്‍ത്തി തയ്യാറാക്കപ്പെട്ടതും എറിക് ഹോബ്‌സ് ബാമിന്റെ ആമുഖപഠനത്തോടെ പുറത്തുവന്നതുമായ ഗ്രൂണ്‍ഡ്രിസ്സെ പഠനങ്ങളുടെ സമാഹാരം വരെയുള്ള സാമാന്യം ദീര്‍ഘമായ ഒരു പട്ടിക ഈ വിഷയത്തില്‍ ഉണ്ടായിരിക്കെത്തന്നെ ഹാർവെയുടെ പഠനം അതിന്റെ വിഷയപരിചരണം കൊണ്ടും വൈജ്ഞാനികമായ സമകാലികത കൊണ്ടും സവിശേഷമായ സാംഗത്യം കൈവരിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള മാർക്‌സിസ്‌റ്റുകള്‍ ഈ കൃതിയെ ആഹ്ലാദപൂർവം സ്വീകരിച്ചതിന്റെ കാരണവും മറ്റൊന്നല്ല.
രണ്ട്
1857‐58 കാലയളവില്‍ മാർക്‌സ് എഴുതിയ പഠനക്കുറിപ്പുകളാണ് പില്‍ക്കാലത്ത് ഗ്രൂണ്‍ഡ്രിസ്സെ എന്ന പേരില്‍ പ്രസിദ്ധീകൃതമായത്. ഗ്രൂണ്‍ഡ്രിസ്സെ എന്ന ഗ്രന്ഥശീര്‍ഷകം ആ കൃതിയ്‌ക്ക് നല്‍കാനോ
കുറിപ്പുകള്‍ പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിക്കാനോ മാർക്‌സ് ഉദ്ദേശിച്ചിരുന്നില്ല.
സാമ്പത്തിക സംവർഗങ്ങളുടെ വിമര്‍ശം (Critique of Economic Categories) എന്ന പേര് താന്‍ എഴുതാനിരിക്കുന്ന ഒരു സമഗ്രപഠനത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നതായി ജർമനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാർടി നേതാവായ ലസ്സാലിന് എഴുതിയ കത്തില്‍ മാർക്‌സ് സൂചിപ്പിക്കുന്നുണ്ട്. ആ പഠനമാണോ 1857‐58 കാലത്തെ അദ്ദേഹത്തിന്റെ കുറിപ്പുകള്‍ എന്ന് വ്യക്തമല്ല.
അത് എന്തുതന്നെയായാലും, ഏഴ് നോട്ടുബുക്കുകളിലായി പരന്നുകിടക്കുന്ന ഈ കുറിപ്പുകള്‍ മാർക്സ് പ്രസിദ്ധീകരണാർഥം തയ്യാറാക്കിയതല്ല എന്ന കാര്യം വ്യക്തമാണ്. ആ കുറിപ്പുകളുടെ ചിതറിയ സ്വഭാവം അതിന് തെളിവുതരുന്നുണ്ട്. താന്‍ പിന്‍പറ്റുന്ന ആശയങ്ങളെക്കുറിച്ച് സ്വയം വ്യക്തത വരുത്തുന്നതിനും എഴുതാനുദ്ദേശിക്കുന്ന ബൃഹദ്പഠനത്തിന്റെ കരടുരൂപം എന്ന നിലയിലുമാണ് മാർക്സ് ഈ കുറിപ്പുകള്‍ തയ്യാറാക്കിയത്.
1939‐41 കാലത്ത് ഈ നോട്ടുപുസ്‌തകങ്ങള്‍ ആദ്യം പുറത്തുകൊണ്ടുവന്ന മാർക്സ് എംഗല്‍സ് ലെനിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രസാധകരാണ് അടിസ്ഥാനതത്വങ്ങള്‍ (foundations) എന്നർഥം വരുന്ന ഗ്രൂണ്‍ഡ്രിസ്സെ എന്ന ശീര്‍ഷകം അതിന് നല്‍കിയത്. പില്‍ക്കാലത്ത് അത് ഈ രചനകളുടെ ശീര്‍ഷകമായി ഉറച്ചു.
ഗ്രൂണ്‍ഡ്രിസ്സെയുടെ രചനയിലേക്ക് മാർക്‌സ് തിരിയുന്നത് സവിശേഷമായ ഒരു സന്ദര്‍ഭത്തിലാണ്. 1848ല്‍ യൂറോപ്പിലെമ്പാടും പടര്‍ന്നുപിടിച്ച തൊഴിലാളി പ്രക്ഷോഭങ്ങള്‍ സാർവത്രികമായ ഒരു വിപ്ലവമുന്നേറ്റമായി മാറുമെന്ന പ്രതീക്ഷ മാർക്‌സിനും എംഗല്‍സിനും ഉണ്ടായിരുന്നു. എങ്കിലും ഏറെ വൈകാതെ പ്രതിവിപ്ലവ ശക്തികളും ഭരണകൂടവും കൈകോര്‍ത്ത് ആ മുന്നേറ്റങ്ങളെയപ്പാടെ നിഷ്ഠൂരമായി അടിച്ചമര്‍ത്തുകയാണുണ്ടായത്.
ഈ സന്ദര്‍ഭത്തിലാണ് തങ്ങളുടെ സാമൂഹ്യദര്‍ശനത്തെയും അതിനെ മുന്‍നിര്‍ത്തിയുള്ള വിപ്ലവകരമായ രാഷ്‌ട്രീയ ഇടപെടലുകളെയും ആകമാനം വിലയിരുത്തുന്ന വിപുലമായ പഠനത്തിലേക്ക് മാർക്‌സ് തിരിയുന്നത്. സാമ്പത്തികശാസ്‌ത്രത്തെക്കുറിച്ചുള്ള ആഴമേറിയ പഠനം അദ്ദേഹത്തിന്റെ പ്രധാന പരിഗണനാവിഷയമാകുന്നതും ഇക്കാലത്താണ്.
1844ല്‍ എംഗല്‍സ് രചിച്ചതും
റെയ്‌നിഷെ സെയ്‌തുങ് എന്ന തന്റെ പത്രത്തില്‍ മാർക്‌സ് പ്രസിദ്ധീകരിച്ചതുമായ ദീര്‍ഘപ്രബന്ധം (
Outlines of the Critique of Political Economy) മാർക്‌സിനെ അതിനു മുമ്പേ അർഥശാസ്‌ത്രപഠനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയിരുന്നു. എങ്കിലും അതേക്കുറിച്ചുള്ള ആലോചനകള്‍ വിപുലവും സമഗ്രവുമാകുന്നത് 1850കളോടെയാണ്.
ബ്രിട്ടീഷ് മ്യൂസിയത്തിലെ ഭീമാകാരമാര്‍ന്ന ഗ്രന്ഥശേഖരമപ്പാടെ ഉപയോഗപ്പെടുത്തിക്കൊണ്ട് മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ സങ്കീർണസ്വരൂപത്തെ അനാവരണം ചെയ്യുന്നതിനുള്ള പഠനത്തില്‍ മാർക്‌സ് ഇക്കാലത്ത് ആണ്ടുമുഴുകി. മുതലാളിത്ത ഉൽപ്പാദനത്തിന്റെ സമഗ്രവിമര്‍ശനം എഴുതാനുള്ള ശ്രമത്തിലാണ് താനെന്ന് അദ്ദേഹം ഇതേക്കുറിച്ച് രേഖപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്.
1851‐57 കാലയളവില്‍, അത്യന്തം കഠിനമായ ജീവിതപ്രയാസങ്ങളുടെയും രോഗാതുരതയുടെയും നടുവില്‍ കഴിയുമ്പോള്‍ത്തന്നെയാണ് മാർക്‌സ് തന്റെ വിചാരജീവിതത്തിലെ ഏറ്റവും സമഗ്രമായ അന്വേഷണങ്ങളിലേക്ക് കടന്നത്. 1848ലെ യൂറോപ്യന്‍ വിപ്ലവമുന്നേറ്റങ്ങള്‍ വലിയൊരു സാമ്പത്തികക്കുഴപ്പത്തിന്റെ പിന്നാലെയാണ് പൊട്ടിപ്പുറപ്പെട്ടതെന്ന് മാർക്‌സും എംഗല്‍സും തിരിച്ചറിഞ്ഞിരുന്നു.
ഏറെ വൈകാതെ വീണ്ടും അത്തരമൊരു സാമ്പത്തിക പ്രതിസന്ധിയും അതിനു പിന്നാലെ വമ്പിച്ച തൊഴിലാളി മുന്നേറ്റവും അരങ്ങേറുമെന്ന പ്രതീക്ഷ അവര്‍ വച്ചുപുലര്‍ത്തുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് 1857 പകുതിയോടെയുണ്ടായ ന്യൂയോര്‍ക്കിലെ ബാങ്ക് തകര്‍ച്ചയില്‍നിന്ന് പുതിയൊരു സാമ്പത്തിക പ്രതിസന്ധി രൂപം കൊണ്ടത്. വളരെ വൈകാതെ അത് യൂറോപ്പിലേക്കും പടര്‍ന്നു.
മൂന്ന് നോട്ടുബുക്കുകളിലായി ഈ പ്രതിസന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ മാർക്‌സ് സംഭരിച്ചുവച്ചിട്ടുണ്ട്. എംഗല്‍സിനോടൊപ്പം ചേര്‍ന്ന് ഈ പ്രതിസന്ധിയെക്കുറിച്ച് ഒരു ലഘുലേഖ തയ്യാറാക്കണമെന്നും മാർക്‌സ് വിചാരിച്ചിരുന്നു. താന്‍ മുമ്പേ സൂചിപ്പിച്ചിരുന്നതുപോലെ, ന്യൂയോര്‍ക്കിലെ പ്രതിസന്ധിയില്‍ നിന്നു തന്നെയാണ് സാമ്പത്തികക്കുഴപ്പം ആരംഭിച്ചതെന്ന കാര്യം മാർക്‌സിനെ സന്തോഷിപ്പിക്കുകയും ചെയ്‌തു.
ഇങ്ങനെ, ആസന്നമായ വിപ്ലവത്തിന്റെ ഇടിമുഴക്കം യൂറോപ്പിന്റെ ചക്രവാളത്തില്‍ കേട്ടുതുടങ്ങിയെന്ന് തോന്നിയതോടെയാണ് മുതലാളിത്ത വിമര്‍ശനത്തിന്റെ സമഗ്രമായ രൂപരേഖ തയ്യാറാക്കാന്‍ മാർക്‌സ് തീരുമാനിക്കുന്നത്. 1857 ആഗസ്‌ത് മുതല്‍ 1858 മാര്‍ച്ച് വരെയുള്ള കാലയളവിനുള്ളില്‍ ഏഴ് നോട്ടുബുക്കുകളിലായി മാർക്‌സ് അതിന്റെ രൂപരേഖ വരച്ചിട്ടു.
കാൾ മാർക്‌സ് - ഫ്രെഡറിക് എംഗൽസ്
വിപ്ലവം തൊട്ടടുത്തെത്തി എന്ന പ്രതീക്ഷയില്‍, തീവ്രമായ ആവേശത്തോടെയാണ് മാർക്‌സ് അത് എഴുതിത്തീര്‍ത്തതെന്ന് മാർക്‌സിന്റെ ജീവചരിത്രരചയിതാക്കള്‍ മുതല്‍
ഗ്രൂണ്‍ഡ്രിസ്സെ പണ്ഡിതര്‍ വരെയുള്ള പലരും സൂചിപ്പിക്കുന്നുണ്ട്. ആറുഭാഗങ്ങളിലായി മുതലാളിത്ത ഉൽപ്പാദനവ്യവസ്ഥയുടെയും മുതലാളിത്ത ലോകക്രമത്തിന്റെയും സമഗ്രവിമര്‍ശനം തയ്യാറാക്കാനാണ് മാർക്‌സ് തുനിഞ്ഞത്.
മൂലധനം, ഭൂസ്വത്ത്, കൂലിവേല, ഭരണകൂടം, അന്താരാഷ്‌ട്ര വാണിജ്യം, ലോകവിപണി എന്നിങ്ങനെ ആറ് ഭാഗങ്ങളാണ് തന്റെ സമഗ്രപദ്ധതിയുടെ ഭാഗമായി മാർക്‌സ് വിഭാവനം ചെയ്‌തത്. ഇതോടൊപ്പം മുതലാളിത്തപൂർവ സമൂഹരൂപങ്ങളുടെ അമൂര്‍ത്തമായ പൊതുഘടനയെക്കുറിച്ചുള്ള ഒരു ഭാഗവും അദ്ദേഹത്തിന്റെ ആലോചനയിലുണ്ടായിരുന്നുവെന്നും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നുവെന്നും ഗ്രൂണ്‍ഡ്രിസ്സെയുടെ പഠിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
അതിവിപുലവും അത്യന്തസമഗ്രവുമായ ഈ പഠനപദ്ധതിയുടെ ആദ്യഭാഗം മാത്രമാണ് മൂലധനത്തിന്റെ മൂന്ന് വാല്യങ്ങളായും നാലാം വാല്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മിച്ചമൂല്യസിദ്ധാന്തങ്ങളായും പില്‍ക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടത്. അതിനപ്പുറം തന്റെ ബൃഹദ്പദ്ധതിയുടെ ഇതര ഭാഗങ്ങള്‍ എഴുതിപ്പൂര്‍ത്തിയാക്കാന്‍ മാർക്‌സിന് കഴിഞ്ഞില്ല.
സമ്പൂർണ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച് സുഹൃത്തുക്കളിലൊരാള്‍ സൂചിപ്പിച്ചപ്പോള്‍ ‘അതാദ്യം എഴുതിത്തീര്‍ക്കണ്ടേ?’ എന്ന് മാർക്‌സ് ചോദിച്ചതായി പറയുന്നതും ഇക്കാര്യം മുന്‍നിര്‍ത്തിയാവണം.
1857‐58 കാലത്തെ വിപ്ലവപ്രതീക്ഷയുടെ ഉച്ചകോടിയില്‍ മാർക്‌സ് തയ്യാറാക്കിയ പഠനക്കുറിപ്പുകള്‍ എണ്‍പത് വര്‍ഷത്തിലധികം കയ്യെഴുത്തുപ്രതിയായി തന്നെ അവശേഷിച്ചു.
1857‐58 കാലത്തെ വിപ്ലവപ്രതീക്ഷയുടെ ഉച്ചകോടിയില്‍ മാർക്‌സ് തയ്യാറാക്കിയ പഠനക്കുറിപ്പുകള്‍ എണ്‍പത് വര്‍ഷത്തിലധികം കയ്യെഴുത്തുപ്രതിയായി തന്നെ അവശേഷിച്ചു.
ഇതിനിടയില്‍ ഈ കയ്യെഴുത്തുപ്രതികളിലൂടെ കടന്നുപോയ കൗട്‌സ്‌കി അതിലെ രണ്ട് അധ്യായങ്ങള്‍ പ്രത്യേക പഠനങ്ങളായി പ്രസിദ്ധീകരിച്ചുവെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടില്ല. മാർക്‌സ് വിജ്ഞാനീയത്തില്‍ അഗ്രഗണ്യനായ ഡേവിഡ് റിയാസിനോവ് 1923ല്‍ ഈ നോട്ടുബുക്കുകളുടെ പകര്‍പ്പ് ശേഖരിച്ച് അവയെ ചിട്ടപ്പെടുത്തി പ്രസിദ്ധീകരിക്കാനുള്ള ശ്രമം ആരംഭിക്കുന്നുണ്ട്.
എങ്കിലും സ്‌റ്റാലിന്റെ ഭരണകാലഘട്ടത്തിലെ റിയാസിനോവിന്റെ അറസ്‌റ്റും പില്‍ക്കാലത്തെ ‘അപ്രത്യക്ഷമാകലും’ മൂലം ആ സംരംഭം എവിടെയും എത്തിയില്ല. ഇതിനുശേഷം 1939‐41 കാലത്താണ് രണ്ട് വാല്യങ്ങളായി ഗ്രൂണ്‍ഡ്രിസ്സെ പുറത്തുവരുന്നത്. മോസ്‌കോയിലെ മാർക്‌സ് എംഗല്‍സ് ലെനിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തിലാണ് അത് പ്രസിദ്ധീകൃതമായത്.
1939ല്‍ ഒന്നാം വാല്യവും 1941ല്‍ രണ്ടാം വാല്യവും. ആമുഖവും ഏഴ് നോട്ടുബുക്കുകളുമാണ് ഒന്നാം വാല്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. രണ്ടാം വാല്യത്തില്‍ റിക്കാര്‍ഡോയുടെ സാമ്പത്തികദര്‍ശനത്തെ മുന്‍നിര്‍ത്തിയുള്ള മാർക്‌സിന്റെ കുറിപ്പുകളും പലവകയും. മാർക്‌സിസ്‌റ്റ് ചിന്തകനും സമുന്നതനായ ഗ്രൂണ്‍ഡ്രിസ്സെ പഠിതാവുമായ റോമന്‍ റോസ്ഡോൾസ്‌കി പറയുന്നത് ഈ പതിപ്പിന്റെ നാലഞ്ചു കോപ്പികള്‍ക്കപ്പുറം യൂറോപ്പില്‍ എത്തിയിട്ടില്ലെന്നാണ്.
ഗ്രൂണ്‍ഡ്രിസ്സെയുടെ എക്കാലത്തെയും വലിയ പഠിതാക്കളിലൊരാളായ റോസ്ഡോൾസ്‌കി 1948 മുതല്‍ അതിലൂടെ കടന്നുപോവുന്നുണ്ട്. 1939‐41 കാലത്തെ ആദ്യ ജർമന്‍ പതിപ്പിനെ മുന്‍നിര്‍ത്തി
ഗ്രൂണ്‍ഡ്രിസ്സെയുടെ രണ്ടാം പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടത് 1953ലാണ്. ലോകത്തിന്റെ ശ്രദ്ധയിലേക്ക്
ഗ്രൂണ്‍ഡ്രിസ്സെ ആദ്യമായി കടന്നുകയറുന്നതും ഇതോടെയാണ്.
അപ്പോഴേക്കും ആ കയ്യെഴുത്തുപ്രതികള്‍ക്ക് ഒരുനൂറ്റാണ്ടിനടുത്ത് പ്രായം വന്നിരുന്നു (കൃത്യമായി പറഞ്ഞാല്‍ 95 വര്‍ഷം)! ഇതിനുപിന്നാലെ വിവിധ ലോകഭാഷകളില്‍ ഗ്രൂണ്‍ഡ്രിസ്സെയുടെ പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി. 1973ല്‍ മാര്‍ട്ടിന്‍ നിക്കോളാസിന്റെ ഇംഗ്ലീഷ് പരിഭാഷ പെലിക്കന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചതോടെ ഗ്രൂണ്‍ഡ്രിസ്സെയുടെ ലോകസഞ്ചാരത്തിന് വേഗതയേറി.
ഏറെ വൈകാതെ മാർക്‌സിന്റെ വിശകലനരീതിയിലേക്കുള്ള ഏറ്റവും പ്രധാന പ്രവേശകങ്ങളിലൊന്നായി ഗ്രൂണ്‍ഡ്രിസ്സെ മനസ്സിലാക്കപ്പെട്ടു. ഗ്രൂണ്‍ഡ്രിസ്സെയുടെ മൗലികമായ പ്രാധാന്യത്തെക്കുറിച്ച് എറിക് ഹോബ്‌സ്‌ബാം നടത്തുന്ന നിരീക്ഷണങ്ങള്‍ ഈ രചനയെക്കുറിച്ചുള്ള ആലോചനകളുടെ സന്ദര്‍ഭത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.
ഗ്രൂണ്‍ഡ്രിസ്സെയുടെ മൗലികമായ പ്രാധാന്യത്തെക്കുറിച്ച് എറിക് ഹോബ്‌സ്‌ബാം നടത്തുന്ന നിരീക്ഷണങ്ങള്‍ ഈ രചനയെക്കുറിച്ചുള്ള ആലോചനകളുടെ സന്ദര്‍ഭത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.
എഴുതപ്പെട്ടതിനു ശേഷം ഒരു നൂറ്റാണ്ടുകാലത്തോളം ലോകത്തിനു ലഭ്യമല്ലാതിരിക്കുകയും അരനൂറ്റാണ്ടിലധികം മാർക്‌സിസ്‌റ്റുകള്‍ പോലും അറിയാതിരിക്കുകയും ചെയ്‌ത രചനയാണ് ഗ്രൂണ്‍ഡ്രിസ്സെ. എങ്കിലും മാർക്‌സിന്റെ മരണാനന്തര പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും ആധികാരികമായ രചന ഇതാണെന്ന് ഹോബ്‌സ്‌ബാം ചൂണ്ടിക്കാട്ടുന്നു.
മാർക്‌സ് 1844ല്‍ രചിച്ച സാമ്പത്തിക തത്വശാസ്‌ത്രക്കുറിപ്പുകളില്‍നിന്ന് ഇക്കാര്യത്തില്‍ ഗ്രൂണ്‍ഡ്രിസ്സെയ്‌ക്കുള്ള വ്യത്യാസം ഹോബ്‌സ്‌ബാം എടുത്തുപറയുന്നുണ്ട്. 1932ല്‍ മാത്രം വെളിച്ചംകണ്ട പാരീസ് കയ്യെഴുത്തുപ്രതികള്‍ നവമാർക്‌സിസ്‌റ്റുകള്‍ക്കും പടിഞ്ഞാറന്‍ മാർക്‌സിസത്തിനും ഏറ്റവും പ്രിയങ്കരമാണെങ്കിലും ഔദ്യോഗിക മാർക്‌സിസത്തിന് ഏറെയൊന്നും സ്വീകാര്യമായിരുന്നില്ല.
ഗ്രൂണ്‍ഡ്രിസ്സെയുടെ പദവി ഇക്കാര്യത്തില്‍ തീര്‍ത്തും വ്യത്യസ്‌തമാണ്. മാർക്‌സിന്റെ വൈരുധ്യാത്മക വിചിന്തന രീതിയെക്കുറിച്ചും, മൂലധനത്തിന്റെ രചനാരീതിയെക്കുറിച്ചുമുള്ള തെളിച്ചങ്ങളുടെ ഏറ്റവും വലിയ സ്രോതസ്സായി ഇന്ന് പരിഗണിക്കപ്പെടുന്നത് ഗ്രൂണ്‍ഡ്രിസ്സെയാണ്.
മാർക്‌സ് രചനാസഞ്ചയത്തിലെ മരണാനന്തര കൂട്ടിച്ചേര്‍ക്കലുകളില്‍ (posthumas addition) ഏറ്റവും ആധികാരികവും സ്വീകാര്യവുമായ കൃതി ഗ്രൂണ്‍ഡ്രിസ്സെയാണെന്ന് ഹോബ്‌സ്‌ബാം നിരീക്ഷിക്കുന്നതും അതുകൊണ്ടാണ്.
മാർക്‌സിന്റെ രചനകളുടെ പ്രസാധന ചരിത്രത്തിലും ഗ്രൂണ്‍ഡ്രിസ്സെയ്‌ക്ക് സവിശേഷ സ്ഥാനമുണ്ട്. ഏറ്റവും അസാധാരണമായ സന്ദര്‍ഭത്തില്‍ പുറത്തുവന്ന മാർക്‌സിന്റെ രചനകളിലൊന്നാണിത്. 1939ലെ ഒന്നാം ഭാഗത്തിനു ശേഷം, 1941 ജൂണ്‍ 21ന്, ഹിറ്റ്‌ലർ റഷ്യയെ കടന്നാക്രമിക്കുന്നതിന്റെ തലേ ദിവസമാണ് ഗ്രൂണ്‍ഡ്രിസ്സെയുടെ രണ്ടാം ഭാഗം പുറത്തുവരുന്നത്.
സ്‌റ്റാലിന്റെ ഭരണത്തിന്റെ ഉച്ചസ്ഥായിയില്‍ ഔദ്യോഗികമായ മാർക്‌സിസ്‌റ്റ് വിലയിരുത്തലുകളോട് പലതലങ്ങളില്‍ വിയോജിക്കുന്ന ഈ കൃതി റഷ്യയില്‍ എങ്ങനെ പ്രസിദ്ധീകൃതമായി എന്നതിലെ വിസ്മയം ഹോബ്‌സ്‌ബാം മറച്ചുവയ്‌ക്കുന്നില്ല.
മോസ്‌കോയിലെ മാർക്‌സ് ലെനിൻ എംഗൽസ് ഇൻസ്‌റ്റിറ്റ്യൂട്ട് കടപ്പാട്: wikipedia
1930കളിലെ മാർക്‌സ് എംഗല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അടച്ചുപൂട്ടലിനെയും ഡേവിഡ് റിയാസനോവിന്റേതടക്കമുള്ള ‘ശുദ്ധീകരണ’ത്തെയും ഈ കയ്യെഴുത്തുപ്രതികള്‍ അതിജീവിച്ചത് എങ്ങനെയാണെന്നും,
1925‐39 കാലത്ത് ഗ്രൂണ്‍ഡ്രിസ്സെയുടെ കയ്യെഴുത്തുപ്രതികള്‍ സൂക്ഷിച്ചിരുന്ന പോള്‍ വെല്ലര്‍ 1936‐38 കാലയളവിലെ ശുദ്ധീകരണത്തെ അതിജീവിച്ചതെങ്ങനെയാണെന്നും 2013ല്‍ ഗ്രൂണ്‍ഡ്രിസ്സെ പഠനങ്ങള്‍ക്കെഴുതിയ ആമുഖത്തില്‍ ഹോബ്സ്ബാം ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്.
എന്തായാലും ഔദ്യോഗികമായ വിപ്രതിപത്തികൊണ്ടു കൂടിയാകാം, 1968‐69 വരെ റഷ്യനില്‍ ഗ്രൂണ്‍ഡ്രിസ്സെയുടെ പതിപ്പുകള്‍ ഒന്നുംതന്നെ വന്നില്ല. ഇക്കാലത്ത് പ്രസിദ്ധീകൃതമായ മാർക്‌സ് എംഗല്‍സ് രചനകളുടെ വിപുലസമാഹാരങ്ങളില്‍ (MEGA 1, MEW) ഗ്രൂണ്‍ഡ്രിസ്സെ ഉള്‍പ്പെട്ടുമില്ലെന്ന് ഹോബ്‌സ്‌ബാം കൂട്ടിച്ചേര്‍ക്കുന്നു.
ഗ്രൂണ്‍ഡ്രിസ്സെയുടെ പ്രസാധനം മാർക്‌സിസ്‌റ്റ് വൈജ്ഞാനിക ചരിത്രത്തില്‍ മറ്റൊരു നിലയിലും പ്രധാനമാണെന്നാണ് ഹോബ്‌സ്‌ബാം കരുതുന്നത്. അതുവരെ ഔദ്യോഗിക മാർക്‌സിസത്തിന്റെ പരിഗണനയ്‌ക്ക് പുറത്ത് നിലകൊണ്ടിരുന്ന നിരവധി വിഷയമേഖലകളിലേക്ക് ആധികാരികമായി തന്നെ വാതില്‍ തുറന്നിടാന്‍ മാർക്‌സിസ്‌റ്റ് ചിന്തകരെയും കമ്യൂണിസ്‌റ്റ് പാർടികളെയും ഈ കൃതി പ്രേരിപ്പിച്ചു.
ആ നിലയില്‍ നോക്കിയാല്‍, 1932ല്‍ പുറത്തുവന്ന സാമ്പത്തിക തത്വശാസ്‌ത്രക്കുറിപ്പുകളുടെ ഒരു തുടര്‍ച്ച ഗ്രൂണ്‍ഡ്രിസ്സെയ്‌ക്കുമുണ്ട്. രണ്ടും അക്കാലത്തെ ഔദ്യോഗിക വീക്ഷണങ്ങള്‍ക്കപ്പുറത്തേക്കുള്ള മാർക്‌സിസത്തിന്റെ സഞ്ചാരപഥങ്ങളായിരുന്നു. ഇതേകാലത്തുതന്നെയാണ് ഗ്രാംഷിയുടെ ജയില്‍ക്കുറിപ്പുകളും ലോകശ്രദ്ധയിലേക്ക് എത്തുന്നത്.
പാരീസിലെ വിദ്യാർഥി കലാപം, ഫ്രാങ്ക്ഫര്‍ട്ട് ചിന്തകര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പുതുവിചാരങ്ങള്‍ എന്നിവയെല്ലാം ചേര്‍ന്ന് മാർക്‌സിസ്‌റ്റ് ചിന്താമണ്ഡലം പുതിയൊരു വഴിത്തിരിവിലെത്തി നില്‍ക്കുന്ന സന്ദര്‍ഭമായിരുന്നു അത്.
കമ്യൂണിസ്‌റ്റ് പാർടികള്‍ക്ക് പുറത്തുള്ള മാർക്‌സിസ്‌റ്റ് ചിന്തകരെ സംബന്ധിച്ചിടത്തോളം കമ്യൂണിസ്‌റ്റ് ഇതരവും എന്നാല്‍ ആധികാരികവുമായ മാർക്‌സിസത്തിന്റെ വഴികൂടിയായിരുന്നു ഗ്രൂണ്‍ഡ്രിസ്സെയുടെ പ്രകാശനവും തുടര്‍ന്നുള്ള വ്യാപനവുമെന്ന് ഹോബ്‌സ്‌ബാം നിരീക്ഷിക്കുന്നു.
സാമ്പത്തിക തത്വശാസ്‌ത്രക്കുറിപ്പുകള്‍ മാറ്റിവച്ചാല്‍ മാർക്‌സിന്റെ മരണാനന്തര പ്രസിദ്ധീകരണ ചരിത്രത്തിലെ ഏറ്റവും നിർണായകമായ സന്ദര്‍ഭമായിരുന്നു അത് (മാർക്‌സിന്റെ Ethnographical Notebook ന്റെ പ്രകാശനത്തിനും ഇതിനു സമാനമായ പ്രാധാന്യമുണ്ട്).
മാർക്‌സിന്റെ ജീവചരിത്രകാരന്‍മാരില്‍ ഏറ്റവും പ്രമുഖനും പ്രമുഖ മാർക്സിസ്‌റ്റ് പണ്ഡിതനുമായ ഡേവിഡ് മക്‌ലെല്ലന്‍ ഗ്രൂണ്‍ഡ്രിസ്സെയുടെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകൃതമായതിനു പിന്നാലെ ആ കൃതിയെക്കുറിച്ചുള്ള സമഗ്രപഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇംഗ്ലീഷ് വായനാസമൂഹത്തിന് ഗ്രൂണ്‍ഡ്രിസ്സെയിലേക്ക് ആദ്യം തുറന്നുകിട്ടിയ വഴികളിലൊന്ന് അതായിരുന്നു.
പല നിലകളിലും മാർക്‌സിന്റെ കേന്ദ്രരചന/ മധ്യരചന (central work) എന്നു വിശേഷിപ്പിക്കാവുന്ന കൃതിയായാണ് മക്‌ലെല്ലന്‍ ഗ്രൂണ്‍ഡ്രിസ്സെയെ പരിഗണിക്കുന്നത്. ആദ്യകാല മാർക്‌സ്, പില്‍ക്കാല മാർക്‌സ് എന്ന അയുക്തികമായ വിഭജനത്തെ മറികടക്കുന്ന കൃതിയായി അദ്ദേഹമതിനെ വിലയിരുത്തുന്നു.
പല നിലകളിലും മാർക്‌സിന്റെ കേന്ദ്രരചന/ മധ്യരചന (central work) എന്നു വിശേഷിപ്പിക്കാവുന്ന കൃതിയായാണ് മക്‌ലെല്ലന്‍ ഗ്രൂണ്‍ഡ്രിസ്സെയെ പരിഗണിക്കുന്നത്. ആദ്യകാല മാർക്‌സ്, പില്‍ക്കാല മാർക്‌സ് എന്ന അയുക്തികമായ വിഭജനത്തെ മറികടക്കുന്ന കൃതിയായി അദ്ദേഹമതിനെ വിലയിരുത്തുന്നു.
ആദ്യകാല മാർക്‌സിന്റെ മാനവികതയ്‌ക്കും പില്‍ക്കാല മാർക്‌സിന്റെ സാമ്പത്തികശാസ്‌ത്രത്തിനും ഇടയിലെ കണ്ണികളെ കൂട്ടിവിളക്കാന്‍ ഗ്രൂണ്‍ഡ്രിസ്സെയ്‌ക്ക് കഴിയുന്നുണ്ടെന്നാണ് മക്‌ലെല്ലന്‍ വ്യക്തമാക്കുന്നത്.
മാർക്‌സിന്റെ ആദ്യകാല രചനകളില്‍ പ്രബലമായ അന്യവൽക്കരണം എന്ന സങ്കൽപ്പനത്തെയും, ഹെഗേലിയന്‍ ചരിത്രദര്‍ശനത്തെയും തന്റെ സാമ്പത്തിക പഠനങ്ങളുമായി മാർക്‌സ് സമഗ്രമായി വിളക്കിച്ചേര്‍ക്കുന്നത് മാനിഫെസ്റ്റോയ്‌ക്കും (1848) മൂലധനത്തിനും (1867) നടുവിലായി നിലകൊള്ളുന്ന ഗ്രൂണ്‍ഡ്രിസ്സെയിലാണ്.
ഗ്രൂണ്‍ഡ്രിസ്സെയുടെ ഇംഗ്ലീഷ് പരിഭാഷകനായ മാര്‍ട്ടിന്‍ നിക്കോളാസ് തന്റെ വിവര്‍ത്തനത്തിന് എഴുതിയ അതിപ്രൗഢമായ ആമുഖപഠനത്തിലും ഇക്കാര്യം മറ്റൊരു നിലയില്‍ സൂചിപ്പിക്കുന്നുണ്ട്.
ഹെഗലിന്റെ ചരിത്രദര്‍ശനത്തിന്റെ സമർഥനവും ഒപ്പം അതിന്റെ അതിഭൗതികതയുടെ മറികടക്കലും ഒരുമിച്ചു പ്രത്യക്ഷപ്പെടുന്ന സ്ഥാനമായാണ് മാര്‍ട്ടിന്‍ നിക്കോളാസ് ഗ്രൂണ്‍ഡ്രിസ്സെയെ വിലയിരുത്തുന്നത്. മാർക്‌സിന്റെ ദാര്‍ശനികചക്രവാളത്തിന്റെ വിശാലദൃശ്യം ഏറ്റവും സമഗ്രമായി തെളിയുന്ന ഇടമാണതെന്ന് അദ്ദേഹം കരുതുന്നു.
അതുപോലെ, മാർക്‌സ് ലക്ഷ്യമാക്കിയിരുന്ന മുതലാളിത്ത വിമര്‍ശനത്തിന്റെ സമഗ്ര ചിത്രത്തിന്റെ രൂപരേഖ നമുക്ക് ലഭിക്കുന്നതും ഗ്രൂണ്‍ഡ്രിസ്സെയില്‍ നിന്നാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ, മൂലധനം എന്ന കൃതി ആ വിപുലപദ്ധതിയുടെ ആറിലൊന്ന് മാത്രമാണ്. ഇതര ഭാഗങ്ങള്‍ എഴുതിത്തയ്യാറാക്കാനോ, മൂലധനം തന്നെ പൂർണരൂപത്തില്‍ പ്രസിദ്ധീകരിക്കാനോ മാർക്‌സിന് കഴിഞ്ഞില്ല.
അതുകൊണ്ടുതന്നെ ഗ്രൂണ്‍ഡ്രിസ്സെയില്‍ മാർക്‌സ് വരച്ചിടുന്ന കരടുരൂപത്തിന് അദ്ദേഹത്തിന്റെ ചിന്താചരിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട്. മാർക്‌സ് പിന്തുടരുന്ന രീതിശാസ്‌ത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആലോചനകള്‍ നാം നേരിട്ടുകാണുന്നതും ഗ്രൂണ്‍ഡ്രിസ്സെയിലാണ്.
മൂലധനം വൈരുധ്യാത്മക വിചിന്തനത്തിന്റെ ഏറ്റവും മികവുറ്റ പ്രകാശനമാണെങ്കിലും തന്റെ വൈരുധ്യാത്മക രീതി മാർക്‌സ് അതില്‍ പ്രത്യേകം വിശദീകരിക്കുന്നില്ല. അത്തരമൊരു വിശദീകരണവും ഗ്രൂണ്‍ഡ്രിസ്സെ നമുക്ക് നല്‍കുന്നു.
തന്റെ സമ്പൂർണ രചനകളില്‍ വിശദമായി പരാമര്‍ശിക്കപ്പെടുമായിരുന്ന ഇതര വിഷയങ്ങളിലേക്കുള്ള മാർക്‌സിന്റെ ശാഖാചംക്രമണങ്ങള്‍ കൂടിയാണ്
ഗ്രൂണ്‍ഡ്രിസ്സെയ്‌ക്ക് അസാധാരണമായ പ്രാധാന്യം പില്‍ക്കാലത്ത് പ്രദാനം ചെയ്‌തത്.
മുതലാളിത്ത വളര്‍ച്ചയിലും പൊതുസമൂഹത്തിന്റെ വികാസത്തിലും യന്ത്രവൽക്കരണം കൊണ്ടുവരാവുന്ന മാറ്റങ്ങള്‍, വിശ്രമവേളയുടെ വര്‍ധനവും അതിന്റെ സാമൂഹ്യഫലങ്ങളും, മുതലാളിത്തപൂർവ സാമ്പത്തികഘടനകളെക്കുറിച്ചുള്ള വിശകലനങ്ങള്‍ (ഈ ഭാഗം എറിക് ഹോബ്‌സ്‌ബാം എഡിറ്റ് ചെയ്‌ത് പ്രത്യേകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്),
വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള സൂക്ഷ്മവിചിന്തനങ്ങള്‍, മുതലാളിത്തത്തിന്റെ സാർവലൗകിക പ്രകൃതത്തെക്കുറിച്ചുള്ള സൂചനകള്‍ എന്നിങ്ങനെ നിരവധി പ്രമേയങ്ങള്‍ ഗ്രൂണ്‍ഡ്രിസ്സെയില്‍ സാന്ദര്‍ഭിക സൂചനകളും ആലോചനകളുമായി ഇടംപിടിക്കുന്നു.
മുതലാളിത്ത സമൂഹത്തിന്റെ പില്‍ക്കാലത്തെയും പൂർവകാലത്തെയും കുറിച്ചുള്ള മാർക്‌സിന്റെ ആലോചനകളുടെ സൂക്ഷ്മരൂപങ്ങളാണവ. ആ നിലയിലും മാർക്‌സിന്റെ ചിന്താജീവിതത്തിന്റെ മുഖ്യപദവിയില്‍ ഗ്രൂണ്‍ഡ്രിസ്സെ നിലയുറപ്പിച്ചിരിക്കുന്നു.
ഇത്രമാത്രം പ്രാധാന്യവും മൗലികതയും ഉള്ളപ്പോള്‍ത്തന്നെ ഗ്രൂണ്‍ഡ്രിസ്സെയുടെ വായന അത്യന്തം പ്രയാസകരമാണെന്ന കാര്യം കാണാതിരുന്നുകൂടാ. ഈ പ്രയാസത്തിന് പ്രമേയപരവും പ്രതിപാദനപരവുമായ കാരണങ്ങളുണ്ട്. മുതലാളിത്ത സമ്പദ്ഘടനയുടെ സങ്കീർണതയാണ് പ്രമേയപരമായ കാരണമെങ്കില്‍ സ്വയം വ്യക്തതയ്‌ക്കുവേണ്ടി തയ്യാറാക്കിയ പഠനക്കുറിപ്പുകള്‍ എന്നതാണ് പ്രതിപാദനപരമായ കാരണം.
സൂചനാസമൃദ്ധവും (allusive) ചിതറിയതുമായ (disoriented) ആലോചനകളുടെ ബൃഹദ്ശേഖരമായാണ് മക്‌ലെല്ലന്‍ ഗ്രൂണ്‍ഡ്രിസ്സെയെ വിലയിരുത്തുന്നത്. സോവിയറ്റ് പതനാനന്തര സന്ദര്‍ഭം മാർക്‌സിനെക്കുറിച്ചുള്ള പുനർവിചാരങ്ങളെ പൊതുവിലും ഗ്രൂണ്‍ഡ്രിസ്സെയെക്കുറിച്ചുള്ള പഠനങ്ങളെ പ്രത്യേകിച്ചും കൂടുതല്‍ സ്വതന്ത്രവും ഊര്‍ജസ്വലവുമാക്കിയതിനെക്കുറിച്ച് എറിക് ഹോബ്‌സ്‌ബാം സൂചിപ്പിക്കുന്നത് ശ്രദ്ധേയമാണ്.
അതെല്ലാം നിലനില്‍ക്കെത്തന്നെ ഈ കൃതിയുടെ വായന പ്രയാസകരമായി തന്നെ തുടരുന്നു എന്നതാണ് വാസ്‌തവം (കാല്‍ നൂറ്റാണ്ടിനപ്പുറത്ത് പ്രതിദിനം നാലഞ്ച് പേജുകള്‍ എന്ന ക്രമത്തില്‍ അനവധി മാസങ്ങള്‍കൊണ്ടാണ് വ്യക്തിപരമായി ഞാന്‍ അതിലൂടെ കടന്നുപോയത്. അപ്പോഴും ഗ്രൂണ്‍ഡ്രിസ്സെയുടെ എത്രയോ ചെറിയ പങ്കാണ് ആ വായനയിലൂടെ തെളിഞ്ഞുകിട്ടിയത്!). പൊതുവായനയില്‍ ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം ഇടംപിടിച്ച മാർക്‌സിന്റെ കൃതികളിലൊന്നായി ഗ്രൂണ്‍ഡ്രിസ്സെ തുടരുന്നതിന്റെ കാരണവും മറ്റൊന്നായിരിക്കില്ല.
ഗ്രൂണ്‍ഡ്രിസ്സെയില്‍ മാർക്‌സ് പിന്‍തുടരുന്ന പ്രതിപാദനരീതിയുടെ സങ്കീർണതയെക്കുറിച്ച് ഇംഗ്ലീഷ് വിവര്‍ത്തനത്തിനെഴുതിയ ആമുഖത്തില്‍ മാര്‍ട്ടിന്‍ നിക്കോളാസ് വിശദമായി പ്രതിപാദിക്കുന്നുണ്ട്. പണത്തെക്കുറിച്ച് (On money), മൂലധനത്തെക്കുറിച്ച് (On capital) എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് ഗ്രൂണ്‍ഡ്രിസ്സെ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രൂണ്‍ഡ്രിസ്സെയില്‍ മാർക്‌സ് പിന്‍തുടരുന്ന പ്രതിപാദനരീതിയുടെ സങ്കീർണതയെക്കുറിച്ച് ഇംഗ്ലീഷ് വിവര്‍ത്തനത്തിനെഴുതിയ ആമുഖത്തില്‍ മാര്‍ട്ടിന്‍ നിക്കോളാസ് വിശദമായി പ്രതിപാദിക്കുന്നുണ്ട്. പണത്തെക്കുറിച്ച് (On money), മൂലധനത്തെക്കുറിച്ച് (On capital) എന്നിങ്ങനെ രണ്ടു ഭാഗങ്ങളായാണ് ഗ്രൂണ്‍ഡ്രിസ്സെ ക്രമീകരിച്ചിരിക്കുന്നത്.
ഇതുകൂടാതെ ഒരു ആമുഖവും രണ്ട് അനുബന്ധങ്ങളും. മാർക്‌സ് ഏറ്റവുമാദ്യം എഴുതിയത് ഈ അനുബന്ധങ്ങളാണെങ്കിലും (1857 ജൂലൈയില്‍) മുഖ്യ അധ്യായങ്ങളുമായി അവയ്‌ക്കുള്ള ബന്ധം ഗ്രൂണ്‍ഡ്രിസ്സെയുടെ പഠിതാക്കളെ സംബന്ധിച്ചിടത്തോളം ഇപ്പോഴും സംശയാസ്‌പദമാണ്. ആമുഖത്തെക്കുറിച്ച് ഇങ്ങനെ പറയാനാവില്ലെങ്കിലും അതിന്റെ സ്ഥാനവും പ്രശ്നഭരിതമാണ്.
മാർക്‌സിന്റെ പഠനക്കുറിപ്പുകള്‍ ഉള്‍പ്പെട്ട ഏഴ് നോട്ടുബുക്കുകളിലല്ല ഈ ആമുഖം പ്രത്യക്ഷപ്പെടുന്നത്. മറിച്ച്, നോട്ടുബുക്ക് എം എന്നറിയപ്പെടുന്ന മറ്റൊന്നിലാണ്. ആമുഖത്തിലെ ആശയങ്ങള്‍ക്കും ഒന്നാം അധ്യായത്തിലെ പണച്ചര്‍ച്ചയ്‌ക്കും തമ്മില്‍ നേര്‍ക്കുനേര്‍ തുടര്‍ച്ചകളൊന്നുമില്ല എന്ന കാര്യവും മാര്‍ട്ടിന്‍ നിക്കോളാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നുതന്നെയല്ല, നിലവിലുള്ള ആമുഖം ഉപേക്ഷിച്ച് പുതിയതൊന്ന് എഴുതിച്ചേര്‍ക്കാന്‍ മാർക്‌സ് ആഗ്രഹിച്ചിരുന്നു എന്നതിന്റെ സൂചനകളും ലഭ്യമാണ്.
ആമുഖവും അനുബന്ധവും മുഖ്യ അധ്യായങ്ങളുമായി പുലര്‍ത്തുന്ന ബന്ധത്തെ മുന്‍നിര്‍ത്തി ഉന്നയിക്കപ്പെടുന്ന ഇത്തരം സംശയങ്ങള്‍ പോലെ തന്നെയാണ് പ്രധാന ഭാഗങ്ങള്‍ തമ്മിലുള്ള അനുപാതമില്ലായ്‌മയുടെ പ്രശ്നവും. പണത്തെക്കുറിച്ചുള്ള ആദ്യ അധ്യായം ഏകദേശം നൂറ്റിയിരുപത്തിയഞ്ച് അച്ചടിപ്പുറങ്ങള്‍ ഉള്ളതാണെങ്കില്‍ മൂലധനത്തെക്കുറിച്ചുള്ള രണ്ടാം അധ്യായം അറുന്നൂറിലധികം അച്ചടിപ്പുറങ്ങളിലായി പടര്‍ന്നുകിടക്കുന്നു.
പണത്തെയും മൂലധനത്തെയും വ്യത്യസ്‌തമായി പരിഗണിക്കുന്നു എന്നു മാത്രമല്ല, അവ വ്യത്യസ്‌തവും മിക്കപ്പോഴും പരസ്‌പരവിരുദ്ധവുമായ നിയമങ്ങളാല്‍ നയിക്കപ്പെടുന്നതുമാണെന്ന് മാർക്‌സ് കരുതുന്നുണ്ട്. ഈ സങ്കീർണതയെ അഭിസംബോധന ചെയ്യാനുള്ള മാർക്‌സിന്റെ ശ്രമങ്ങളും, രണ്ട് അധ്യായങ്ങളിലും മാർക്‌സ് നിരന്തരമെന്നോണം നടത്തുന്ന ശാഖാചംക്രമണങ്ങളും സുശിക്ഷിതരായ മാർക്‌സിസ്‌റ്റ് പഠിതാക്കളെപ്പോലും കുഴയ്‌ക്കാന്‍ പര്യാപ്തമാണ്.
പ്രസിദ്ധീകരണത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷത്തിലും വിദഗ്ധരുടെ പോലും വായനയ്‌ക്ക് എളുപ്പം വഴങ്ങാത്ത രചനയായി ഗ്രൂണ്‍ഡ്രിസ്സെ തുടരുന്നു എന്നർഥം.
മൂന്ന്
ഗ്രൂണ്‍ഡ്രിസ്സെയുടെ ആദ്യ പതിപ്പ് കാണാനിടവന്നപ്പോള്‍ തന്നെ മാർക്‌സിസ്‌റ്റ് സിദ്ധാന്തത്തിന്റെ ചരിത്രത്തില്‍ പരമപ്രാധാന്യമുള്ള രചനയാണ് അതെന്ന് താന്‍ തിരിച്ചറിയുകയുണ്ടായെന്ന് തന്റെ പ്രാമാണിക പഠനത്തിൽ (The Making of the Capital) റോസ്ഡോൾസ്‌കി രേഖപ്പെടുത്തിയത് സ്വന്തം പഠനത്തിന്റെ ഉപസംഹാര ചര്‍ച്ചയില്‍ ഡേവിഡ് ഹാർവെ ഉദ്ധരിക്കുന്നുണ്ട്.
അതിപ്രധാനമായിരിക്കെത്തന്നെ അതിന്റെ അസാധാരണമായ ഘടനയും ആശയാവിഷ്‌കാരത്തിന്റെ സങ്കീർണ രീതിയും ചേര്‍ന്ന് വിപുലമായ ഒരു വായനാസമൂഹത്തിന് തീര്‍ത്തും അനഭിഗമ്യമായ ഒരു കൃതിയായി ഗ്രൂണ്‍ഡ്രിസ്സെയെ മാറ്റിത്തീര്‍ക്കുന്നുണ്ടെന്നും റോസ്ഡോൾസ്‌കി തുടരുന്നു.
ഒരർഥത്തില്‍ ഈ വൈരുധ്യത്തെ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള ശ്രമമാണ് ഡേവിഡ് ഹാർവെയുടെ പരിചായകഗ്രന്ഥം. നിശ്ചയമായും ഈ സംരംഭത്തില്‍ അത് മികവുറ്റ ഒരു വിജയമായി തീര്‍ന്നിരിക്കുന്നു.
തന്റെ കൃതി ഗ്രൂണ്‍ഡ്രിസ്സെയിലേക്കുള്ള ഒരു വഴികാട്ടി (Guide) അല്ല എന്ന കാര്യം ഡേവിഡ് ഹാർവെ പുസ്‌തകത്തിന്റെ ആമുഖത്തില്‍ത്തന്നെ പറയുന്നുണ്ട്. മറിച്ച് മാർക്‌സിന്റെ ഈ നിർണായക രചനയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരുടെ സഹയാത്രികന്‍ (Companion) ആകാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
തന്റെ കൃതി ഗ്രൂണ്‍ഡ്രിസ്സെയിലേക്കുള്ള ഒരു വഴികാട്ടി (Guide) അല്ല എന്ന കാര്യം ഡേവിഡ് ഹാർവെ പുസ്‌തകത്തിന്റെ ആമുഖത്തില്‍ത്തന്നെ പറയുന്നുണ്ട്. മറിച്ച് മാർക്‌സിന്റെ ഈ നിർണായക രചനയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരുടെ സഹയാത്രികന്‍ (Companion) ആകാനാണ് അദ്ദേഹം ശ്രമിക്കുന്നത്.
ഇതിന് സവിശേഷമായ ഒരു കാരണം ഹാർവെ പറയുകയും ചെയ്യുന്നുണ്ട്. ഗ്രൂണ്‍ഡ്രിസ്സെയില്‍ മാർക്‌സ് പുലര്‍ത്തുന്ന രചനാലക്ഷ്യങ്ങളെയപ്പാടെ അഭിസംബോധന ചെയ്യുക തന്നെ സംബന്ധിച്ചിടത്തോളം അസാധ്യമായ കാര്യമാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു.
അതിനുപകരം തന്റെ വായനയുടെ വഴികളും അതില്‍ തെളിഞ്ഞുകിട്ടിയ സവിശേഷ സൂചനകളും വെളിപ്പെടുത്താനും അത് നല്‍കുന്ന ഉള്‍ക്കാഴ്‌ചകള്‍ മറ്റു വായനക്കാരുമായി പങ്കുവയ്‌ക്കാനുമാണ് താന്‍ ഈ കൃതിയില്‍ ശ്രമിക്കുന്നത്. സ്ഥലപഠനത്തിന്റെയും നഗരപഠനത്തിന്റെയും മേഖലയിലെ സവിശേഷ താൽപ്പര്യങ്ങളെ മാർക്‌സ് എങ്ങനെയെല്ലാം അഭിസംബോധന ചെയ്യുന്നു എന്നതിന്റെ തെളിച്ചമാണ് ഹാർവെയുടെ മാർക്‌സ് വായനയുടെ അടിസ്ഥാനങ്ങളിലൊന്ന്.
ആ വഴിയിലൂടെ നടന്നപ്പോള്‍ കണ്ട കാഴ്‌ചകളിലേക്ക് മറ്റു വായനക്കാരെ കൂടെക്കൂട്ടാനാണ് ഈ ഗ്രന്ഥം ശ്രമിക്കുന്നത്. മഹത്തായ ഏത് കൃതിയെ സംബന്ധിച്ചുമെന്നതുപോലെ ഗ്രൂണ്‍ഡ്രിസ്സെയും ഏത് വായനയ്‌ക്കുശേഷവും പിന്നെയും ബാക്കിനില്‍ക്കുന്ന ഒരു രചനയാണ്. ഭാവിവായനയ്‌ക്കായി അത് പലതും അവശേഷിപ്പിക്കുന്നു!
മാർക്‌സിന്റെ രചനാസമ്പ്രദായത്തെക്കുറിച്ചും തന്റെ വായനാരീതിയെക്കുറിച്ചും താന്‍ ലക്ഷ്യം വയ്‌ക്കുന്ന വായനാസമൂഹത്തെക്കുറിച്ചുമുള്ള സവിശേഷമായ ചില നിരീക്ഷണങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഡേവിഡ് ഹാർവെ അവതരിപ്പിക്കുന്നുണ്ട്.
നോർത്ത് ലണ്ടനിലുള്ള മാർക്‌സിന്റെ സ്‌മൃതികുടീരം
നാലുതരം എഴുത്തുരീതികള്‍ മാർക്‌സ് പിന്‍പറ്റുന്നുണ്ടെന്നാണ് ഹാർവെ കരുതുന്നത്. ആദ്യത്തേത് അദ്ദേഹം പത്രപ്രവര്‍ത്തനത്തില്‍ മുഴുകിയ കാലത്തെ സുതാര്യ രീതിയാണ്. താര്‍ക്കികവും ചിലപ്പോഴൊക്കെ സങ്കൽപ്പനപരമായി സമകാലികമെന്ന് വിശേഷിപ്പിക്കാവുന്ന ഭാഷയും ആഖ്യാനരീതിയുമാണ് മാർക്‌സ് അവിടെ പിന്‍പറ്റുന്നത്. വായനക്കാരോട് നേര്‍ക്കു നേരെ സംസാരിക്കുന്ന ഭാഷാരീതിയാണത്.
മൂലധനം ഒന്നാം വാല്യം ഉള്‍പ്പെടെയുള്ള കൃതികളിലെ ഭാഷാ ആഖ്യാനരീതിയാണ് രണ്ടാമത്തേത്. താന്‍ ലക്ഷ്യംവയ്‌ക്കുന്ന സവിശേഷ വായനാസമൂഹത്തിന് അഭിഗമ്യമാകുന്നതും അതേസമയം സങ്കൽപ്പനപരവും സൈദ്ധാന്തികവുമായ രചനാസമ്പ്രദായമാണ് മാർക്‌സ് അവിടെ പിന്‍പറ്റുന്നത്.
യൂറോപ്പിലും അമേരിക്കയിലും ചിലപ്പോഴെങ്കിലും അതിനപ്പുറത്തുമുള്ള തൊഴിലാളിവർഗത്തിലെ അഭ്യസ്‌തവിദ്യരായ ചെറുവിഭാഗമാണ് ഈ വായനാസമൂഹം. മൂലധനം രണ്ടും മൂന്നും വാല്യങ്ങളില്‍ കാണുന്നതു പോലെയുള്ള, പരീക്ഷണാത്മകം എന്ന് ഹാർവെ വിശേഷിപ്പിക്കുന്ന തരത്തിലുള്ള, സമീപനമാണ് മൂന്നാമത്തേത്. പര്യവേക്ഷണങ്ങളും കണ്ടെത്തലുകളും നിറഞ്ഞ ഒരു സമുദ്രസഞ്ചാരം പോലെയാണ് ഈ വഴിയിലൂടെയുള്ള മാർക്‌സിന്റെ രചനാസഞ്ചാരം.
നാലാമത്തേത് തനിക്കുവേണ്ടിയുള്ള എഴുത്താണ്. അവിടെ മാർക്‌സ് തന്നോടുതന്നെ സംസാരിക്കുന്നു. തന്റെ വാദഗതികള്‍ തനിക്കുതന്നെ വ്യക്തമാകാനും ഒരു പ്രമേയത്തെ തന്നെ പല കോണുകളിലൂടെ നോക്കിക്കണ്ട് വിലയിരുത്താനുമെല്ലാം മാർക്‌സ് ശ്രമിക്കുന്നു. അതിന്റെ ഫലമായി, ധൈഷണികമായ ഏത് ആശയത്തെയും ഉപകരണങ്ങളെയും തന്റെ ആശയലോകത്തെ കെട്ടഴിച്ചുവിടാന്‍ മാർക്‌സ് നിരുപാധികം ഉപയോഗപ്പെടുത്തുന്നു.
ഗ്രൂണ്‍ഡ്രിസ്സെ ഉള്‍പ്പെട്ടിരിക്കുന്നത് ഈ അവസാന വിഭാഗത്തിലാണ്. മാർക്‌സിന്റെ രചനകളില്‍ ഗ്രൂണ്‍ഡ്രിസ്സെയെ ഏറ്റവും പ്രധാനവും അതേസമയം ദുര്‍ഗ്രഹവുമാക്കുന്നതും ഈ സവിശേഷ രീതിയാണ്.
ഗ്രൂണ്‍ഡ്രിസ്സെയെ സമീപിക്കാന്‍ പല വഴികളുണ്ടെന്നും രാഷ്‌ട്രീയ സമ്പദ്ശാസ്‌ത്രത്തിന്റെ വഴിയിലൂടെയാണ് താനതിനെ നോക്കിക്കാണുന്നതെന്നും ഹാർവെ പറയുന്നുണ്ട്.
ഹെഗേലിയന്‍ തത്വദര്‍ശനത്തിന്റെയും അന്യവല്‍ക്കരണം എന്ന ആശയത്തിന്റെയും വിവക്ഷകളെ മുന്‍നിര്‍ത്തിയോ, ഫ്രഞ്ച് സോഷ്യലിസത്തിന്റെ ആശയാവലികളെ ആധാരമാക്കിയോ ഗ്രൂണ്‍ഡ്രിസ്സെ വായിക്കാനാവും. അത്തരം സാധ്യതകള്‍ നിലനില്‍ക്കെത്തന്നെ, രാഷ്‌ട്രീയ സമ്പദ്ശാസ്‌ത്രവിമര്‍ശനത്തിന്റെ തലത്തില്‍ മാർക്‌സ് മുന്നോട്ടുവച്ച സമീപനത്തിന്റെ മൗലികതയെന്തെന്ന് ഏറ്റവും സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് ഗ്രൂണ്‍ഡ്രിസ്സെ.
മാർക്‌സിന്റെ വിശകലനരീതിയുടെ പ്രായോഗികാവിഷ്‌കാരമാണ്
മൂലധനം എങ്കില്‍ അതിന്റെ സൈദ്ധാന്തിക സ്വരൂപത്തിന്റെ ഏറ്റവും സമഗ്രമായ പ്രകാശമാണ്
ഗ്രൂണ്‍ഡ്രിസ്സെ. റിക്കാഡോയും ഹെഗലുമായുള്ള തന്റെ സംവാദാത്മക ബന്ധം വ്യക്തമാക്കുന്നതു പോലെതന്നെ, അവരില്‍ നിന്നുള്ള തന്റെ വിടുതിയെ മാർക്‌സ് പൂർണരൂപത്തില്‍ പ്രകാശിപ്പിക്കുന്നതും
ഗ്രൂണ്‍ഡ്രിസ്സെയിലാണെന്ന് ഹാർവെ കരുതുന്നു.
ആ നിലയില്‍ ആദ്യകാല മാർക്‌സിന്റെ തത്വചിന്താപരമായ താൽപ്പര്യങ്ങളെയും മൂലധനത്തിലെ രാഷ്‌ട്രീയ അർഥശാസ്‌ത്ര വിമര്‍ശനത്തെയും സമഗ്രമായി കൂട്ടിയിണക്കുന്ന രചന കൂടിയായി അത് മാറിത്തീരുന്നു.
പതിമൂന്ന് അധ്യായങ്ങളായാണ് ഹാർവെ സാമാന്യം വലിയ ഈ ഗ്രന്ഥം ക്രമീകരിച്ചിരിക്കുന്നത്.
ഗ്രൂണ്‍ഡ്രിസ്സെയ്‌ക്ക് മാർക്‌സ് എഴുതിയ ആമുഖം മുതല്‍ (ഇത് ഗ്രൂണ്‍ഡ്രിസ്സെ എന്ന പേരിലറിയപ്പെട്ട നോട്ടുബുക്കുകളിലല്ല മാർക്‌സ് എഴുതിയിരുന്നത്. മറ്റൊരു ആമുഖം എഴുതാന്‍ മാർക്‌സ് ആഗ്രഹിച്ചിരുന്നുവെന്നും ഇപ്പോഴത്തെ ആമുഖവും പിന്നാലെ വരുന്ന അധ്യായങ്ങളുമായുള്ള ബന്ധം സംശയാസ്‌പദമാണെന്നുമാണ് ഗ്രൂണ്‍ഡ്രിസ്സെയുടെ പ്രമുഖ പഠിതാക്കള്‍ പലരും കരുതുന്നത്) ഉപസംഹാരചിന്തകള്‍ വരെയുള്ളവയാണ് ഈ പതിമൂന്ന് അധ്യായങ്ങള്‍.
പണത്തിന്റെ ചംക്രമണം, മൂലധനത്തിന്റെ നിർമിതി, ഉൽപ്പാദന പ്രക്രിയ, മൂലധനത്തിന്റെ ഭൂത വര്‍ത്തമാന ഭാവികള്‍, സ്ഥിര മൂലധനം, മൂലധനത്തിന്റെ പരിക്രമണം, ലാഭവും അതിന്റെ തോതിലെ പരിവര്‍ത്തനങ്ങളും, വർഗവും രാഷ്‌ട്രീയസമ്പദ്ശാസ്‌ത്രവും എന്നിങ്ങനെയുള്ള സവിശേഷ പ്രമേയങ്ങളെ മുന്‍നിര്‍ത്തിയാണ് ഹാർവെ തന്റെ കൃതിയിലെ അധ്യായങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഗ്രൂണ്‍ഡ്രിസ്സെയുടെ ആമുഖത്തെ നാല് പ്രമേയങ്ങളായി സംഗ്രഹിച്ച് വിശദീകരിക്കുന്നതാണ് ഒന്നാമത്തെ അധ്യായം. ഇതേ മാതൃകയില്‍ ഗ്രൂണ്‍ഡ്രിസ്സെയുടെ ആകെത്തുകയെയും അതേക്കുറിച്ചുള്ള തന്റെ ഉള്‍ക്കാഴ്‌ചകളെയും കോര്‍ത്തിണക്കിക്കൊണ്ടാണ് പിന്നാലെയുള്ള അധ്യായങ്ങളും അദ്ദേഹം സംവിധാനം ചെയ്‌തിരിക്കുന്നത്.
ഗ്രൂണ്‍ഡ്രിസ്സെയുടെ ഉള്ളടക്കവും മാർക്‌സിന്റെ വൈരുധ്യാത്മക വിചിന്തനത്തിന്റെ സമഗ്രസ്വരൂപവും നമുക്ക് വെളിവാക്കിത്തരാന്‍ ഈ അധ്യായങ്ങള്‍ക്ക് കഴിയുന്നുണ്ട്.
സമഗ്രത (totality) എന്ന സങ്കൽപ്പനം മാർക്‌സിന്റെ വിശകലനരീതിയുടെ ഹൃദയമായി നിലകൊള്ളുന്നതെങ്ങനെ എന്ന പൊതുതത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഹാർവെ തന്റെ വിഷയപരിചരണം നിർവഹിക്കുന്നത്.
സമഗ്രത (totality) എന്ന സങ്കൽപ്പനം മാർക്‌സിന്റെ വിശകലനരീതിയുടെ ഹൃദയമായി നിലകൊള്ളുന്നതെങ്ങനെ എന്ന പൊതുതത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഹാർവെ തന്റെ വിഷയപരിചരണം നിർവഹിക്കുന്നത്.
മാർക്‌സിന്റെ സമഗ്രതാസങ്കൽപ്പം ഹെഗേലിയന്‍ പാരമ്പര്യത്തിലെ സമഗ്രതാദര്‍ശനത്തില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നതെങ്ങനെയെന്നും, തന്റെ സമഗ്രതാസങ്കൽപ്പത്തെ മൂലധനത്തിന്റെ ചലനാത്മകതയെയും പരിണാമവ്യഗ്രതയെയും ഇതര സാമൂഹ്യപ്രക്രിയകളുമായുള്ള ബന്ധത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ തുറന്നതായി മാർക്‌സ് നിലനിര്‍ത്തുന്നതെങ്ങനെയെന്നും ഹാർവെ ഈ അധ്യായങ്ങളില്‍ പരിശോധിക്കുന്നുണ്ട്.
ആ നിലയില്‍ ഗ്രൂണ്‍ഡ്രിസ്സെയുടെ പരിചായക ഗ്രന്ഥമായിരിക്കുക എന്നതിനൊപ്പം മാർക്‌സിന്റെ വിചിന്തനരീതിയുടെ സവിശേഷതയെക്കുറിച്ചുള്ള തനതായ നിരീക്ഷണങ്ങളുടെ അവതരണമായും ഈ കൃതി മാറിത്തീര്‍ന്നിരിക്കുന്നു. ഗ്രൂണ്‍ഡ്രിസ്സെയെക്കുറിച്ച് ഇതുവരെയുണ്ടായ ആലോചനകള്‍ക്കപ്പുറത്തേക്ക് കടക്കുന്ന ഗ്രന്ഥം എന്ന പദവി ഈ കൃതിയ്‌ക്ക് കൈവന്നതും മറ്റൊന്നുംകൊണ്ടല്ല.
നാല്
ഡേവിഡ് ഹാർവെയുടെ പഠനത്തിലെ ഉള്‍ക്കാഴ്‌ചകളെ മുന്‍നിര്‍ത്തി ഗ്രൂണ്‍ഡ്രിസ്സെയെ മലയാള വായനാസമൂഹത്തിന് സമഗ്രമായി പരിചയപ്പെടുത്തുന്ന ഒരു ഗ്രന്ഥം സമീപദിവസങ്ങളില്‍ പുറത്തുവരികയുണ്ടായി. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ഗ്രൂണ്‍ഡ്രിസ്സെയുടെ ആശയപ്രപഞ്ചം എന്ന ഗ്രന്ഥം.
ബെല്‍ഫാസ്‌റ്റിലെ ക്യൂന്‍സ് യൂണിവേഴ്സിറ്റിയിലെ അധ്യാപകൻ ദീപക് പി ആണ് അതിന്റെ രചയിതാവ്. നിർമിതബുദ്ധിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സമീപകാല പഠനം ആ വിഷയത്തെക്കുറിച്ചുള്ള മലയാളത്തിലെ മൗലിക ഗ്രന്ഥങ്ങളിലൊന്നാണ്. ഒരേസമയം രണ്ടു ദൗത്യങ്ങള്‍ നിറവേറ്റുന്ന കൃതിയാണ് ദീപക്കിന്റേത്.
ഒരുഭാഗത്ത് ഗ്രൂണ്‍ഡ്രിസ്സെയിലെ വിചാരലോകത്തെയും മറുഭാഗത്ത് ഹാർവെയുടെ വിചിന്തനങ്ങളെയും അത് മലയാള വായനാസമൂഹത്തിന് പകര്‍ന്നുതരുന്നു. ആ നിലയില്‍ മലയാളത്തിലെ മാർക്‌സിസ്‌റ്റ് വൈജ്ഞാനികതയ്‌ക്ക് വലിയൊരു മുതല്‍ക്കൂട്ടായി ദീപക്കിന്റെ ഗ്രന്ഥം മാറിത്തീര്‍ന്നിരിക്കുന്നു.
മലയാളത്തിലെ മാർക്‌സിസ്‌റ്റ് വൈജ്ഞാനികത അസാധാരണമായ ചില മുന്‍നടത്തങ്ങളോടു കൂടിയ ഒന്നാണ്. ഇതര ഇന്ത്യന്‍ ഭാഷകളിലൊന്നും പ്രകടമാകാത്ത ചില മുന്‍നടത്തങ്ങള്‍ ഇവിടെ അരങ്ങേറി. ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമായി കാള്‍ മാർക്‌സിന്റെ ജീവചരിത്രം പ്രസിദ്ധീകൃതമാവുന്നത് മലയാളത്തിലാണ്; 1912ല്‍. സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള രചിച്ച ആ ലഘുഗ്രന്ഥം പുറത്തുവരുമ്പോള്‍ റഷ്യന്‍ വിപ്ലവത്തിലേക്ക് അഞ്ചു വര്‍ഷം പിന്നെയും ബാക്കിയുണ്ടായിരുന്നു.
ഇന്ത്യയിലും കേരളത്തിലുമെന്നല്ല, യൂറോപ്പിന് പുറത്തുപോലും കമ്യൂണിസ്‌റ്റ് പാർടികള്‍ക്കോ കമ്യൂണിസ്‌റ്റ് ആശയങ്ങള്‍ക്കോ അന്ന് ഏറെയൊന്നും വേരോട്ടമുണ്ടായിട്ടില്ല. എങ്കിലും മലയാളം അക്കാലത്തുതന്നെ മാർക്‌സിലേക്കും മാർക്‌സിസത്തിലേക്കുമുള്ള വാതില്‍ തുറന്നു.
ഇതുപോലെ ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമായി കമ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോയുടെ വിവര്‍ത്തനം പുറത്തുവന്നതും മലയാളത്തിലാണ്. കേരളത്തിലെ കമ്യൂണിസ്‌റ്റ് പാർടിയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളായ കെ ദാമോദരനാണ് 1936ല്‍, ഇരുപത്തിനാലാം വയസ്സില്‍ അത് പ്രസിദ്ധീകരിക്കുന്നത്.
‘കമ്യൂണിസ്‌റ്റ്’ എന്ന് അച്ചടിക്കാന്‍ പ്രസ്സുകാര്‍ സമ്മതിക്കാത്തതുകൊണ്ട് സമഷ്ടിവാദവിജ്ഞാപനം എന്ന പേരിലാണ് ആ വിവര്‍ത്തനം പ്രസിദ്ധീകൃതമായത്. പില്‍ക്കാലത്ത് കെപിസിസി പ്രസിഡന്റായി പ്രവര്‍ത്തിച്ച മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ‘അല്‍ അമീന്‍' പ്രസ്സിലാണ് അതച്ചടിച്ചതെന്ന കാര്യവും ശ്രദ്ധേയമാണ്.
മലബാറിലെ മറ്റൊരു പ്രസ്സും ആ കൃതി അച്ചടിക്കാന്‍ തയ്യാറാകാതിരുന്ന സന്ദര്‍ഭത്തിലാണ് കെ ദാമോദരന്‍ അബ്ദുറഹ്മാന്‍ സാഹിബിനെ സമീപിക്കുന്നതും മാനിഫെസ്‌േറ്റായുടെ വിവര്‍ത്തനം അച്ചടിക്കുന്നതും.
ഈ മുന്‍നടത്തങ്ങളുടെ തുടര്‍ച്ച മൂലധനത്തിന്റെ മലയാളപരിഭാഷയിലും കാണാനാവും.
1967ല്‍, മൂലധനത്തിന്റെ ഒന്നാം വാല്യം പുറത്തുവന്നതിന്റെ ശതാബ്ദി വേളയില്‍ മൂലധനം മൂന്ന് വാല്യങ്ങളും മലയാളത്തിലെത്തി. ഒരുകൂട്ടം വിവര്‍ത്തകര്‍ ഒരുമിച്ചു ചേര്‍ന്നു നടത്തിയ വിവര്‍ത്തനം എന്ന സവിശേഷതയും അതിനുണ്ട് (അതിന്റെ പരിമിതികളും).
എന്തായാലും കമ്യൂണിസ്‌റ്റ് പാർടിയുടെ ആദ്യ ഘടകം രൂപീകൃതമായി രണ്ട് പതിറ്റാണ്ടിനുള്ളില്‍ കേരളത്തില്‍ ഭരണത്തിലെത്തിയ കമ്യൂണിസ്‌റ്റ് പ്രസ്ഥാനം പാർടി സ്ഥാപിതമായി മൂന്ന് പതിറ്റാണ്ടായപ്പോഴേക്കും മൂലധനത്തിന്റെ പരിഭാഷയും മലയാളത്തിലേക്കെത്തിച്ചു.
ഈയൊരു താൽപ്പര്യവും അത് ജന്മം നല്‍കിയ പ്രഥമപഥികത്വവും മലയാളം തുടര്‍ന്നും നിലനിര്‍ത്തിയിട്ടുണ്ട്.
മാർക്‌സിസ്‌റ്റ് വൈജ്ഞാനികതയുടെ വിവിധ തലങ്ങളെ മുന്‍നിര്‍ത്തി അരങ്ങേറിയ സംവാദങ്ങളുടെ ചരിത്രമായാലും മാർക്‌സിസത്തെ മുന്‍നിര്‍ത്തിയുള്ള പുസ്‌തകങ്ങളായാലും മാർക്‌സിസ്‌റ്റ് പ്രസാധനശാലകളായാലും ചിന്ത, ദേശാഭിമാനി, ജനയുഗം, കോേമ്രഡ് തുടങ്ങിയ പത്രമാസികകളായാലും നവമാർക്‌സിസത്തിന്റെയും അക്കാദമിക തലങ്ങളിലെ മാർക്‌സിസ്‌റ്റ് അന്വേഷണങ്ങളുടെയും കാര്യമായാലുമെല്ലാം മലയാളത്തിന് മേല്‍പ്പറഞ്ഞ മുന്‍കൈ ഇപ്പോഴുമുണ്ട്.
ജർമനിയിലെ ബെർലിനിലുള്ള മാർക്‌സിന്റെയും എംഗൽസിന്റെയും ശിൽപ്പങ്ങൾ
സോവിയറ്റ് പതനത്തിനുശേഷം ലോകമെമ്പാടും മാർക്‌സിസ്‌റ്റ് പ്രസാധനത്തിനും വായനയ്‌ക്കും ഉണ്ടായ പിൻവലിവ് ഇവിടെ കാര്യമായൊന്നും അരങ്ങേറിയില്ല എന്നതാണ് യാഥാർഥ്യം. ചരിത്രപരമായ ഈ മുന്‍നടത്തത്തിന്റെ പാതയിലെ മറ്റൊരു നാഴികക്കല്ലാണ് ദീപക് പി രചിച്ച ഗ്രന്ഥം. മാർക്‌സിസ്‌റ്റ് ചിന്താചരിത്രത്തില്‍ വിപുലമായ സ്ഥാനമുണ്ടെങ്കിലും
ഗ്രൂണ്‍ഡ്രിസ്സെയ്‌ക്ക് മലയാളത്തിലെ മാർക്‌സിസ്‌റ്റ് വൈജ്ഞാനികതയില്‍ അതിന് അര്‍ഹിക്കുന്ന ഇടം ഇതുവരെ കൈവന്നിട്ടില്ല.
പ്രസിദ്ധീകരണത്തിന്റെ എട്ട് പതിറ്റാണ്ടും, ഇംഗ്ലീഷ് വിവര്‍ത്തനത്തിന്റെ അരനൂറ്റാണ്ടും പിന്നിട്ടതിനു ശേഷവും ഗ്രൂണ്‍ഡ്രിസ്സെയെക്കുറിച്ച് മലയാളത്തില്‍ ഗൗരവപൂർണമായ സമഗ്രപഠനങ്ങള്‍ ഏറെയൊന്നും ഉണ്ടായിട്ടില്ല.
മാർക്‌സിസ്‌റ്റ് ക്ലാസിക്കുകള്‍ പരിചയപ്പെടുത്തുന്ന ഡോ. കെ എന്‍ ഗണേശിന്റെ സുപ്രധാന രചനകളിലൊന്നില്‍ (മാർക്‌സിസ്‌റ്റ് ക്ലാസിക്കുകള്‍: ചിന്ത പബ്ലിഷേഴ്സ്, 2016) നാല് അധ്യായങ്ങളിലായുള്ള പഠനം മാത്രമാണ് ഇതിനപവാദം എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്.
ഇതുകൂടാതെ നവ മാർക്‌സിസ്‌റ്റ് ചിന്തയുമായി ബന്ധപ്പെട്ട എഴുത്തുകളില്‍ വന്നുപോവുന്ന സാന്ദര്‍ഭിക പരാമര്‍ശങ്ങളും കാണാനാവും. മൂലധനവും മാനിഫെസ്റ്റോയും മറ്റും പോലെ കേരളത്തിലെ മാർക്‌സിസ്‌റ്റ് പ്രവര്‍ത്തകരുടെ പരിചയസീമയിലേക്ക് ഈ കൃതി കാര്യമായൊന്നും വന്നിട്ടില്ല.
മലയാളത്തിലെ മാർക്‌സിസ്‌റ്റ് വൈജ്ഞാനികതയില്‍ ഏറിനില്‍ക്കുന്ന താര്‍ക്കികാഭിമുഖ്യം ഇതിനു കാരണമായിട്ടുണ്ടാവണം. എന്തായാലും അത്തരമൊരു പരാധീനതയ്‌ക്ക് കൂടിയുള്ള പരിഹാരമായി ദീപക്കിന്റെ പുസ്‌തകം മാറിത്തീരുന്നുണ്ട്.
മാർക്‌സിസ്‌റ്റ് വൈജ്ഞാനികതയുടെ ചരിത്രത്തില്‍ മലയാളത്തിനുള്ള മുന്‍നിര സ്ഥാനത്തിന് ഈ ഗ്രന്ഥം കാര്യമായ സംഭാവന നല്‍കുന്നു. ഗ്രൂണ്‍ഡ്രിസ്സെയെക്കുറിച്ച് ഇന്ത്യന്‍ ഭാഷകളില്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെടുന്ന സമഗ്ര പഠനമാവണം ഈ കൃതി.
മലയാളത്തിലെ ഗ്രന്ഥകാരനും മാർക്‌സിസ്‌റ്റ് വൈജ്ഞാനികതയ്‌ക്കും ഒരുപോലെ അഭിമാനകരമായ കാര്യമാണിത്.
മൂലധനത്തിന്റെ പ്രമേയപരവും പ്രതിപാദനപരവുമായ സങ്കീർണതയെയും അതാര്യതയെയും മറികടന്ന്
ഗ്രൂണ്‍ഡ്രിസ്സെയിലേക്ക് ചുവടൂന്നാന്‍ മലയാള വായനക്കാര്‍ക്കുള്ള മനോഹരമായ വഴികാട്ടിയാണ് ദീപക്കിന്റെ പുസ്‌തകം.
ഇത് ഗ്രൂണ്‍ഡ്രിസ്സെയുടെ വിവര്‍ത്തനമോ വിശകലനമോ സംഗ്രഹമോ അല്ല. അതേസമയം ഈ മൂന്ന് സമീപനങ്ങളും ദീപക്കിന്റെ രചനയില്‍ ഇടകലരുന്നുണ്ട്. ലളിതവും സുതാര്യവുമായ ഭാഷയില്‍ രചിക്കപ്പെട്ട കൃതിയാണെന്നതും ഈ ഗ്രന്ഥത്തിന്റെ പാരായണക്ഷമതയെ വര്‍ധിപ്പിക്കുന്നു.
മൂന്ന് തരത്തിലാണ് ദീപക് പി ഈ ഗ്രന്ഥത്തിലൂടെ ഗ്രൂണ്‍ഡ്രിസ്സെയിലേക്ക് വഴിതെളിക്കുന്നത്. അതില്‍ ആദ്യത്തേത് ആശയസംഗ്രഹത്തിന്റേതാണ്. പതിമൂന്ന് ഭാഗങ്ങളില്‍ നൂറോളം ചെറിയ ഖണ്ഡങ്ങളിലായി പ്രമേയനിഷ്ഠമായി ഗ്രൂണ്‍ഡ്രിസ്സെയിലെ ആശയലോകത്തെ ഗ്രന്ഥകാരന്‍ സംഗ്രഹിച്ചു ചേര്‍ക്കുന്നു. അതോടൊപ്പം പലയിടങ്ങളിലും അവയെ വ്യാഖ്യാനാത്മകമായ സൂചനകള്‍കൊണ്ട് വിടര്‍ത്തുകയും ചെയ്യുന്നു.
ഈ സമീപനത്തിന് പ്രായോഗികമായി രണ്ട് ഗുണഫലങ്ങള്‍ ഉണ്ടെന്നാണ് തോന്നിയത്. ഒന്നാമതായി അതുണ്ടാക്കുന്ന പാരായണക്ഷമത. ഗ്രൂണ്‍ഡ്രിസ്സെയുടെ സങ്കീർണസ്വരൂപത്തെയും നോട്ടുബുക്ക് കുറിപ്പുകള്‍ എന്ന അവതരണരീതിയെയും ബഹുശാഖിയായ പ്രകൃതത്തെയും മറികടന്നു പോകാന്‍ ഈ പരിചരണരീതിക്ക് കഴിയുന്നുണ്ട്.
ഗ്രൂണ്‍ഡ്രിസ്സെയെ അതേപടി സംഗ്രഹിക്കാന്‍ തുനിയുന്നതിനെക്കാള്‍ മികച്ച സമീപനമായാണ് വായനയില്‍ ഇതനുഭവപ്പെട്ടത്. സമകാലിക സന്ദര്‍ഭങ്ങളിലേക്ക് ഗ്രൂണ്‍ഡ്രിസ്സെയിലെ ആശയപ്രപഞ്ചത്തെ കൂട്ടിവിളക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് രണ്ടാമത്തെ കാര്യം.
യന്ത്രവൽക്കരണം തൊഴിലിന്റെ സ്വഭാവത്തിലും അധ്വാനത്തിന്റെ പ്രകൃതത്തിലും കൊണ്ടുവരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മാർക്‌സ് നല്‍കുന്ന സൂചനകളാണ് തന്നെ ഈ കൃതിയിലേക്ക് ആകര്‍ഷിച്ചതെന്ന കാര്യം ദീപക് തന്റെ ഗ്രന്ഥത്തിന്റെ ആമുഖക്കുറിപ്പില്‍ സൂചിപ്പിക്കുന്നുണ്ട്.
നിർമിതിബുദ്ധി പോലുള്ള ആശയങ്ങളിലേക്കുവരെ തുറന്നുകിടക്കുന്ന അത്തരം സൂചനകളെ ഫലപ്രദമായി വിന്യസിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കുന്നു എന്നത് ഈ കൃതിയെ സമകാലികമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ഘടകമാണ്.
ഇത്തരമൊരു വിഷയപരിചരണത്തിന്റെ പേരില്‍ മൂലപാഠത്തെ മറച്ചുവയ്‌ക്കാതിരിക്കുന്നതിനുള്ള കരുതലും ഈ ഗ്രന്ഥത്തിലുണ്ട്. ഓരോ ഭാഗത്തിലും താന്‍ ചര്‍ച്ച ചെയ്യുന്ന മൂലപാഠഭാഗങ്ങളെ പ്രത്യേകമായി ചൂണ്ടിക്കാണിക്കുന്ന ഒരു ഖണ്ഡം ഗ്രന്ഥത്തിന്റെ അവസാനഭാഗത്ത് പ്രത്യേകമായി നല്‍കിക്കൊണ്ട് തൽപ്പരരായ വായനക്കാരെ ദീപക് മൂലപാഠത്തിലേക്ക് ക്ഷണിക്കുന്നു.
ഇതോടൊപ്പം ഗ്രൂണ്‍ഡ്രിസ്സെയുടെ പരമപ്രധാന ഭാഗമെന്ന് പഠിതാക്കള്‍ പൊതുവെ കരുതിപ്പോരുന്നതും നോട്ടുബുക്ക് എം എന്ന് അറിയപ്പെടുന്നതുമായ ആമുഖ അധ്യായം പൂർണമായി പരിഭാഷപ്പെടുത്തി തന്റെ ഗ്രന്ഥത്തിന്റെ അവസാന ഭാഗമായി ചേര്‍ക്കാനും ദീപക് തുനിഞ്ഞിരിക്കുന്നു. ആശയസംഗ്രഹം എന്നതിനപ്പുറം, മാർക്‌സിന്റെ രചനാസമ്പ്രദായം നേരിട്ടു മനസ്സിലാക്കാന്‍ വായനക്കാര്‍ക്ക് അവസരം നല്‍കുന്ന സമീപനമാണിത്.
ആശയസംഗ്രഹത്തിന്റെയും പരിഭാഷയുടെയും തലങ്ങളില്‍ ഭാഷാപരമായ ചില സന്ദിഗ്‌ധതകള്‍ ദീപക്കിന്റെ ഗ്രന്ഥം അവശേഷിപ്പിക്കുന്നുണ്ട്. എങ്കിലും അതിനെ മറികടക്കുന്ന വലിയ പ്രാധാന്യം ഈ കൃതിയ്‌ക്ക് മലയാള വായനക്കാരെ സംബന്ധിച്ചിടത്തോളം ഉണ്ട്. മലയാളത്തിലെ മാർക്‌സിസ്‌റ്റ് വൈജ്ഞാനികതയെ കൂടുതല്‍ ചലനാത്മകവും ഊര്‍ജസ്വലവുമാക്കാന്‍ ഈ കൃതിയ്‌ക്ക് കഴിയുമെന്നാണ് എന്റെ തോന്നല്‍.
ആശയസംഗ്രഹത്തിന്റെയും പരിഭാഷയുടെയും തലങ്ങളില്‍ ഭാഷാപരമായ ചില സന്ദിഗ്‌ധതകള്‍ ദീപക്കിന്റെ ഗ്രന്ഥം അവശേഷിപ്പിക്കുന്നുണ്ട്. എങ്കിലും അതിനെ മറികടക്കുന്ന വലിയ പ്രാധാന്യം ഈ കൃതിയ്‌ക്ക് മലയാള വായനക്കാരെ സംബന്ധിച്ചിടത്തോളം ഉണ്ട്. മലയാളത്തിലെ മാർക്‌സിസ്‌റ്റ് വൈജ്ഞാനികതയെ കൂടുതല്‍ ചലനാത്മകവും ഊര്‍ജസ്വലവുമാക്കാന്‍ ഈ കൃതിയ്‌ക്ക് കഴിയുമെന്നാണ് എന്റെ തോന്നല്‍.
അതിനുതകുന്ന നിലയില്‍ മനോഹരമായി ഈ കൃതി അച്ചടിക്കപ്പെട്ടിരിക്കുന്നു എന്നതും സന്തോഷകരമാണ് (മാർക്‌സിന്റെ ചിത്രത്തിനു പകരം കൂടുതല്‍ ആശയസൂചനകളുള്ള മറ്റൊരു പുറംചട്ട ആകാമായിരുന്നു എന്നും തോന്നി). ഈ കൃതിയെ മുന്‍നിര്‍ത്തി ഗ്രന്ഥകാരനും പ്രസാധകര്‍ക്കും മലയാളവായനക്കാരിലൊരാള്‍ എന്ന നിലയിലുള്ള കൃതജ്ഞത രേഖപ്പെടുത്താന്‍കൂടി ഈ സന്ദര്‍ഭം ഞാന്‍ വിനിയോഗിക്കുന്നു.
ദേശാഭിമാനി വാരികയിൽ നിന്ന്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..