21 December Saturday

പ്രണയവും മാർക്‌സിസവും

അഖില ബാലകൃഷ്‌ണൻUpdated: Sunday Oct 20, 2024

‘The First great millennial writer’– തൊണ്ണൂറുകളിൽ (1981– 96) ജനിച്ച നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച എഴുത്തുകാരി, സാലി റൂണിയുടെ വിശേഷണം ഇങ്ങനെയാണ്. ഈ വർഷം വായനലോകം ഏറ്റവും ആകാംക്ഷയോടെ കാത്തിരുന്നത്‌ സാലി റൂണിയുടെ ‘ഇന്റർമെസോ’യ്ക്കു വേണ്ടിയാണ്‌. സെപ്തംബറിലെ റിലീസിനുമുമ്പേതന്നെ പ്രീ ഓർഡറുകളായി നിരവധിയാണ്‌ റൂണിയുടെ നാലാമത്തെ നോവൽ വിറ്റുപോയത്‌. കോൺവർസേഷൻ വിത്ത്‌ ഫ്രണ്ട്‌സ്‌, നോർമൽ പീപ്പിൾ, ബ്യൂട്ടിഫുൾ വേൾഡ്‌ വേർ ആർ യു എന്നീ മൂന്നു നോവലാണ്‌ 33 വയസ്സുള്ള  ഈ ഐറിഷ് നോവലിസ്റ്റിന്റേതായി മുമ്പ്‌ പുറത്തിറങ്ങിയിട്ടുള്ളത്‌. ഇതിൽ ആദ്യത്തെ രണ്ടു നോവൽ ബിബിസി ഹുളുവുമായി ചേർന്ന്‌ സീരീസാക്കിയിട്ടുണ്ട്‌. 2020ൽ ബിബിസിയിൽ ഏറ്റവും കൂടുതൽ പേർ കണ്ട സീരീസാണ്‌ നോർമൽ പീപ്പിൾ.

മാർക്സിസ്റ്റ്‌


ഒരു മാർക്സിസ്റ്റാണ്‌ റൂണി, അത്‌ ഒരു പ്രഖ്യാപനംപോലെ എഴുത്തിലും അല്ലാതെയും പറഞ്ഞിട്ടുമുണ്ട്‌. തീവ്രമായ മാനുഷിക ബന്ധങ്ങളിലൂടെയും പ്രണയത്തിലൂടെയും ഏച്ചുകെട്ടലുകളില്ലാതെ ആ രാഷ്ട്രീയം സാലി റൂണിയുടെ എഴുത്തുകളിൽ പ്രകടമാണ്‌. ഇസ്രയേൽ പലസ്തീനിൽ നടത്തുന്ന കൂട്ടക്കുരുതിയെക്കുറിച്ചും സിറിയയെക്കുറിച്ചും മുതലാളിത്തത്തെപ്പറ്റിയും  സ്വാഭാവികമായി സംസാരിക്കുന്ന കഥാപാത്രങ്ങളെ സാലിയുടെ നോവലുകളിൽ കാണാം. എഴുത്തിനു പുറത്ത്‌ പലസ്തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിലും ഇസ്രയേൽ പബ്ലിഷിങ്‌ കമ്പനിക്ക്‌ തന്റെ നോവൽ വിവർത്തനത്തിന്‌ നൽകാതെയും രാഷ്ട്രീയപക്ഷം തുറന്നുകാട്ടി അവർ. രാഷ്ട്രീയബോധ്യമുള്ള യുവാക്കളുടെ കഥ പറയുന്ന അവരുടെ എഴുത്തുകൾ ഒരു തലമുറയുടെകൂടി ശബ്ദമാണ്‌. എത്രതന്നെ തിരസ്കരിച്ചാലും കലയും സാഹിത്യവും രാഷ്ട്രീയപ്രവർത്തനമാണെന്ന്‌ വീണ്ടും പറയുകയാണ്‌.

എഴുത്ത്‌, ജീവിതം

‘നിങ്ങൾ ഒരിക്കലെങ്കിലും സാലി റൂണിയെ വായിച്ചിട്ടുണ്ടെങ്കിൽ അവരെക്കുറിച്ച്‌ ഓർക്കാത്ത ഒരു ദിവസംപോലും നിങ്ങളുടെ ജീവിതത്തിലുണ്ടാകില്ല’–- ഒരു വായനക്കാരി എക്സിൽ കുറിച്ചതാണ്‌. 1991ൽ പടിഞ്ഞാറൻ അയർലൻഡിലെ കാസിൽബാറിലെ തൊഴിലാളിവർഗ കുടുംബത്തിലാണ്‌ സാലി റൂണിയുടെ ജനനം. അമ്മ ഒരു സാംസ്കാരിക കേന്ദ്രത്തിലും അച്ഛൻ സ്വകാര്യവൽക്കരണത്തിനുമുമ്പുവരെ ടെലികോം മേഖലയിലുമാണ്‌ ജോലിചെയ്തത്‌. ട്രിനിറ്റി കോളേജിൽ ഇംഗ്ലീഷായിരുന്നു റൂണിയുടെ പഠനവിഷയം. സോഷ്യലിസ്റ്റുകളായിരുന്ന അച്ഛനമ്മമാരിൽനിന്നുമാണ്‌ റൂണിയിൽ ഇടതുപക്ഷചിന്ത പകർന്നുകിട്ടുന്നത്‌. വർഗവ്യത്യാസത്തെക്കുറിച്ചും സാമൂഹിക അസന്തുലിതാവസ്ഥയെപ്പറ്റിയും പ്രത്യക്ഷമായല്ലാതെ കഥാപാത്രങ്ങളിലൂടെ റൂണി നോവലിൽ പറഞ്ഞുപോകുന്നുണ്ട്‌.

സൗഹൃദം, പ്രണയം തുടങ്ങിയ ബന്ധങ്ങളാണ്‌ റൂണിയുടെ നോവലുകളിലെ പ്രധാന കഥാപാത്രമെന്നു പറയാം. 2017ലാണ്‌ റൂണിയുടെ ആദ്യത്തെ നോവൽ ‘കോൺവർസേഷൻ വിത്ത്‌ ഫ്രണ്ട്‌സ്‌’ പ്രസിദ്ധീകരിക്കുന്നത്‌. 2019ൽ പ്രസിദ്ധീകരിച്ച ‘നോർമൽ പീപ്പിളിലൂടെയാണ്‌ ലോകത്തിന്‌ അവർ കൂടുതൽ പരിചിതയാകുന്നത്‌. രണ്ടു മനുഷ്യരുടെ പ്രണയബന്ധത്തെ രാഷ്ട്രീയമായി തീവ്രതയോടെ അവതരിപ്പിച്ച നോർമൽ പീപ്പിൾ സീരീസ്‌ 2020 ലോക്‌ഡൗൺ കാലയളവിലാണ്‌ പുറത്തിറങ്ങിയത്‌. ബുക്കിലെ തീവ്രത ഒട്ടും നഷ്ടപ്പെടാതെ നിർമിച്ച, പ്രണയത്തിനൊപ്പം ഒറ്റപ്പെടലും മനുഷ്യമാനസികാവസ്ഥയും പ്രമേയമാക്കിയ സീരീസ്‌ കാണികളുടെ മനസ്സിൽ ആഴ്‌ന്നിറങ്ങി.

നോർമൽ പീപ്പിൾ ബുക്കർ പ്രൈസ്‌ നോമിനേഷൻ ലിസ്റ്റിലും ഉൾപ്പെട്ടിരുന്നു. നോർമൽ പീപ്പിളിനുശേഷമാണ്‌ കോൺവർസേഷൻ വിത്ത്‌ ഫ്രണ്ട്‌സ്‌ സീരീസാകുന്നത്‌. 2021ൽ പുറത്തിറങ്ങിയ ‘ബ്യൂട്ടിഫുൾ വേൾഡ്‌ വേർ ആർ യു’ ആണ്‌ റൂണിയുടെ മൂന്നാമത്തെ നോവൽ. ഒരു കഥാപാത്രം മറ്റൊരു കഥാപാത്രത്തിനയക്കുന്ന ഇ–- മെയിലുകളിലൂടെയാണ്‌ നോവൽ മുന്നോട്ടുപോകുന്നത്‌. രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷമാണ്‌ റൂണിയുടെ  നാലാമത്തെ നോവൽ ഇന്റർമെസോ പുറത്തിറങ്ങുന്നത്‌.

ഇന്റർമെസോ

ചെസിലും സംഗീതത്തിലും സാധാരണ ഉപയോഗിക്കുന്ന പദമാണ്‌ ‘ഇന്റർമെസോ’. സംഗീതത്തിൽ ഇടവേളയെന്നും ചെസിൽ അപ്രതീക്ഷിത നീക്കമെന്നും അർഥം വരും. സംഗീതത്തിനും ചെസിനും നോവലിൽ വളരെ പ്രാധാന്യമുണ്ട്‌. തന്റെ മറ്റു നോവലുകളിലെപ്പോലെ ജീവിതത്തിലെ അപ്രതീക്ഷിത നീക്കങ്ങളിൽ അകലുകയും അടുക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളെ ഇന്റർമെസോയിലും കാണാം. അച്ഛന്റെ മരണശേഷമുള്ള രണ്ടു സഹോദരന്മാരുടെ കഥയാണ്‌ നോവലിൽ. ഒരാൾ 32 വയസ്സുള്ള പീറ്റർ ജൂനിയർ ബാരിസ്റ്ററും മറ്റേയാൾ 22 വയസ്സുള്ള ഇവാൻ ചെസ്‌ ചാമ്പ്യനുമാണ്‌. ഇരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന പ്രണയബന്ധങ്ങളിലൂടെയാണ്‌ പിന്നെ കഥ മുന്നോട്ടുപോകുന്നത്‌.

രണ്ടുതലമുറയുടെ പ്രണയത്തെപ്പറ്റി നോവൽ സംസാരിക്കുന്നു. തീവ്രമായ എന്നാൽ ഏതെങ്കിലും തലത്തിൽ അസമത്വങ്ങളുള്ള ബന്ധങ്ങൾ, അച്ഛൻ കഥാപാത്രങ്ങളുടെ അഭാവം, ഫെമിനിസം, മുതലാളിത്തം തുടങ്ങി റൂണി നോവലുകളിലെ ചേരുവകളെല്ലാം ഇതിലുമുണ്ട്‌. സ്ത്രീ സൗഹൃദങ്ങളിൽനിന്ന്‌ മാറി രണ്ടു പുരുഷന്മാരുടെ സംഭാഷണങ്ങളിലൂടെയും ബന്ധത്തിലൂടെയും കടന്നുപോകുന്നു എന്നതാണ്‌ ഇന്റർമെസോയ്ക്ക്‌ മറ്റുനോവലുകളിൽനിന്നുള്ള പ്രത്യേകത.

വ്യവസ്ഥയ്‌ക്കെതിരെ


ഒരു യഥാർഥ വിപ്ലവകാരിയെ നയിക്കുന്നത്‌ മഹത്തായ പ്രണയവികാരങ്ങളാണെന്ന്‌ ചെ ഗുവേര പറഞ്ഞിട്ടുണ്ട്‌. തീവ്രമായ പ്രണയമാണ്‌ റൂണി നോവലുകളുടെ കാതൽ. എന്നാൽ, താനൊരു മാർക്സിസ്റ്റ്‌ നോവൽ എഴുതിയെന്ന്‌ സാലി റൂണി കരുതുന്നില്ല. ഒരു പ്രണയ നോവൽ എങ്ങനെ മാർക്സിസ്റ്റ്‌ ആകുമെന്ന്‌ അവർതന്നെ ഒരു അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്‌. ‘എനിക്ക്‌ ഒരു മാർക്സിസ്റ്റ്‌ നോവൽ എങ്ങനെയാകണമെന്ന്‌ അറിയില്ല. മുതലാളിത്തത്തെ വിമർശിച്ചാലോ തൊഴിലാളിവർഗ കഥാപാത്രങ്ങളാലോ അങ്ങനെയാകുമോ’. എന്നാൽ, ബ്യൂട്ടിഫുൾ വേൾഡ്‌ വേർ ആർ യുവിൽ ഈ ചോദ്യത്തിനൊരന്വേഷണം അവർ നടത്തുന്നുണ്ട്‌.

ചുറ്റും ലോകം ശിഥിലമാകുമ്പോൾ വ്യക്തിബന്ധങ്ങളിൽ നാം ശ്രദ്ധചെലുത്തുന്നതിനെപ്പറ്റിയുള്ള സംശയങ്ങളും ആകുലതകളും അതിൽ റൂണി പങ്കുവയ്ക്കുന്നുണ്ട്‌. മനുഷ്യരാശി തമ്മിലുള്ള മഹത്തായ ബന്ധമാണ് ഏറ്റവും പ്രധാനം എന്നിരിക്കെ എന്തിന് നമ്മുടെ സ്വന്തം ബന്ധങ്ങൾക്കായി ഇത്രയധികം സമയം എന്തിന്‌ ചെലവഴിക്കണം, വ്യവസ്ഥയ്‌ക്കെതിരെ ഞങ്ങൾ കലാപം നടത്തേണ്ടിയിരുന്നപ്പോൾ, നാം "ലൈംഗികതയിലും സൗഹൃദത്തിലും’ ശ്രദ്ധ കേന്ദ്രീകരിക്കുന്നെന്ന്‌ നോവലിലെ പ്രധാന കഥാപാത്രങ്ങളായ എലീൻ ആലീസിനെഴുതുന്നുണ്ട്‌.

റിയലിസ്റ്റിക്‌


ആദ്യ നോവലായ കോൺവർസേഷൻ വിത്ത്‌ ഫ്രണ്ട്‌സുമുതൽ ഇത്തരത്തിൽ മാർക്സിസ്റ്റ്‌ ആശയങ്ങൾ കാണാനാകും. ചെറുപ്പക്കാരുടെ ലൈംഗികജീവിതത്തെപ്പറ്റി സംസാരിക്കുന്ന നോവലിൽ പ്രധാന കഥാപാത്രങ്ങളായ ബോബി, ഫ്രാൻസിസ്‌ എന്നീ സ്കൂൾകാലംമുതൽ പരിചയമുള്ള രണ്ടു പെൺകുട്ടികളും കലാകാരാണ്‌, കമ്യൂണിസ്റ്റുകളാണ്‌. സിറിയയെക്കുറിച്ചും അൾജീരയയെക്കുറിച്ചും പലസ്തീനെക്കുറിച്ചും സംസാരിക്കുന്ന യുദ്ധവിരുദ്ധ ഗാനങ്ങൾ പാടുന്നയാളാണ്‌ ബോബി. തൊഴിലാളി വർഗകുടുംബത്തിൽനിന്ന്‌ വരുന്ന സമ്പന്നയല്ലാത്ത ഒരു രക്ഷിതാവ്‌ മാത്രമുള്ള തന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച്‌ ബോധവതിയായ ആളാണ്‌ ഫ്രാൻസിസ്‌. ഇതേ സാമ്പത്തിക അസമത്വം നോർമൽ പീപ്പിളിലും കാണാം. കോണലിന്റെയും മരിയന്റെയും പ്രണയകഥ പറയുന്ന നോവലിൽ കോണൽ മരിയന്റെ വീട്ടിൽ ജോലിചെയ്യുന്ന ആളുടെ മകനാണ്‌.

അവനും അമ്മ മാത്രമാണുള്ളത്‌. കഥാപാത്രങ്ങൾ തമ്മിലുള്ള ഈ സാമ്പത്തിക സാമൂഹിക വ്യത്യാസം അവരുടെ ബന്ധത്തെ ബാധിക്കുന്നതും നോവലിൽ കാണാം. ഇടതുപക്ഷചിന്താഗതിയുള്ള ആളായാണ്‌ നോവലിൽ കോണലിന്റെ അമ്മയെ കാണിച്ചിരിക്കുന്നത്‌. കോളേജിലെത്തുമ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കോണൽ മരിയനോട്‌ സഹായം ചോദിക്കുന്നതിൽ വിമുഖത കാണിക്കുന്നതും മരിയൻ ഇത്‌ മനസ്സിലാകാതെ പോകുന്നതും കാണാം. മരിയനു കിട്ടുന്ന സ്കോളർഷിപ്‌ അവളുടെ അഭിമാനത്തിന്റെ ഭാഗവും കോണലിന്റെ സ്കോളർഷിപ്‌ അവന്റെ ആവശ്യവുമാണ്‌. എന്നാൽ, ഈ വ്യത്യാസങ്ങൾക്കിടയിലും അവർ അടുക്കുകയും പ്രണയിക്കുകയുമാണ്‌.  

ഇത്തരത്തിൽ ഇടതുപക്ഷ ആശയങ്ങൾ ചൂണ്ടിക്കാണിക്കാമെങ്കിലും നോവലിന്റെ കഥാനിർമിതി ഈ ആശയങ്ങളിലൂന്നിയല്ല. ഇവിടെയാണ്‌ സ്വാഭാവികമായി മാർക്സിസം സംസാരിക്കുന്ന ജീവിതത്തിന്റെ ഭാഗമാണെന്ന്‌ അടയാളപ്പെടുത്തുന്ന റിയലിസ്റ്റിക്‌ എഴുത്തുകളുണ്ടാകുന്നത്‌. രാഷ്ട്രീയവും ചരിത്രവും പഠിക്കുന്ന കമ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ വായിക്കണമെന്നു പറയുന്ന കഥാപാത്രങ്ങളുള്ള മാർക്സിസ്റ്റ്‌ പ്രണയ നോവലുകളായി സാലി റൂണിയുടെ എഴുത്തുകൾ മാറുന്നത്‌.

മനുഷ്യവിചാരങ്ങളിലൂടെ


വികാരങ്ങളെയും മനുഷ്യബന്ധങ്ങളെയും ഇത്രയും ആഴത്തിൽ ചിത്രീകരിച്ച സമകാലിക നോവലിസ്റ്റുണ്ടോയെന്നു സംശയമാണ്‌. നോർമൽ പീപ്പിൾ ഇത്തരത്തിൽ രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രണയബന്ധത്തെ അവർ നേരിടുന്ന മാനസികപിരിമുറുക്കങ്ങളെ ആത്മാഭിമാനത്തെ വ്യക്തമാക്കിയ കൃതിയാണ്‌. ഈ തലമുറയിലെ ആർക്കും ആ കഥാപാത്രങ്ങളിൽ തങ്ങളെ കാണാനാകും എന്നതുതന്നെയാണ്‌ പ്രത്യേകത. കഥാപാത്രങ്ങൾതന്നെ കഥപറയുന്നതുകൊണ്ട്‌ സംഭാഷണങ്ങൾക്ക്‌ ഉദ്ധരണി ചേർക്കാതെയാണ്‌ സാലി റൂണിയുടെ എഴുത്ത്‌. കഥാപാത്രങ്ങൾക്കുവേണ്ടി അവർ സംസാരിക്കുന്നുണ്ട്‌. നോർമൽ പീപ്പിളിൽ സമ്പന്നമായ, എന്നാൽ ഒട്ടും സന്തോഷമില്ലാത്ത കുടുംബത്തിൽനിന്ന്‌ വരുന്ന മരിയന്റെ മാനസിക സംഘർഷങ്ങളും അതി സമ്പന്നർ പഠിക്കുന്ന കോളേജിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കോണലിന്റെ ചിന്തകളും ഒരു സൈക്കോളജിസ്റ്റുകൂടിയായ റൂണി വളരെ കൃത്യമായി വരച്ചുകാട്ടിയിട്ടുണ്ട്‌.

സ്നാപ്‌ചാറ്റ്‌ തലമുറയിലെ സാലിങ്ങർ

ഒരു തലമുറയുടെതന്നെ എഴുത്തുകാരി, സ്നാപ്‌ചാറ്റ്‌ തലമുറയുടെ സാലിങ്ങർ (ജെ ഡി സാലിങ്ങർ അമേരിക്കൻ എഴുത്തുകാരൻ) തുടങ്ങിയ വിശേഷണങ്ങളൊന്നും 33 വയസ്സിൽ ഇന്റർമെസോ എഴുതുമ്പോൾ സാലി റൂണി ഇഷ്ടപ്പെടുന്നില്ല. ഒരു നല്ല എഴുത്തുകാരി എന്നതിനപ്പുറം വേറൊന്നും അവർ ആഗ്രഹിക്കുന്നില്ല. നോർമൽ പീപ്പിളിന്‌ കിട്ടിയ സ്വീകാര്യത നൽകിയ പ്രശസ്തി അവർ ആഗ്രഹിച്ചിരുന്നില്ല എന്നതാണ്‌ സത്യം. നോർമൽ പീപ്പിളിന്റെ തിരക്കഥ എഴുതിയത്‌ സാലി റൂണിയും ചേർന്നാണ്‌. അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിനിലാണ്‌ തന്റെ നോവലുകളെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും നഗരത്തിൽനിന്ന്‌ മാറി ഗ്രാമത്തോട്‌ ചേർന്നാണ്‌ ഭർത്താവിനൊപ്പം അവർ താമസിക്കുന്നത്‌.

ബ്യൂട്ടിഫുൾ വേൾഡ്‌ വേർ ആർ യു നോവലിൽ, നോവലിസ്റ്റായ ആലീസ്‌ എന്ന കഥാപാത്രം എ–-ലിസ്റ്റ്‌ എഴുത്തുകാരുടെ ജീവിതരീതിയെ വിമർശിക്കുന്നുമുണ്ട്‌. ഏതൊരു ജോലിയെയുംപോലെ എഴുത്തുകാരനും കൂലി ലഭിക്കണം. എന്നാൽ, അതിനപ്പുറമുള്ളതെല്ലാം കലയെ വിൽപ്പനചരക്കാക്കുന്നതാണെന്നാണ്‌  സാലിയുടെ അഭിപ്രായം. ചില തൊഴിലാളികൾക്ക്‌ അവർക്ക്‌ അർഹിക്കുന്നതിലും അധികം കൂലി ലഭിക്കുകയും ചിലർക്ക്‌ അർഹിക്കുന്നതിലും കുറവുമാണ്‌ ലഭിക്കുന്നതെന്ന്‌ റൂണി പറയുന്നു.  രാഷ്ട്രീയം ഇവിടെ സംസാരിക്കരുതെന്നു പറയുന്ന മുതലാളിത്തത്തിന്റെ ഭാഗമായ സാഹിത്യ സദസ്സുകളെ നോർമൽ പീപ്പിളിൽ അവർ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. മുതലാളിത്തമൊഴികെ ആർക്കും ഇവിടെ വിജയമുണ്ടാകുന്നില്ല–- സാലി റൂണി പറയുന്നു.

രാഷ്ട്രീയം അകത്തും പുറത്തും


പഠനകാലത്ത്‌ യൂറോപ്പിലെതന്നെ മികച്ച സംവാദകരിലൊരാളായിരുന്നു റൂണി. സാഹിത്യത്തെക്കുറിച്ചും പലസ്തീൻപോലുള്ള രാഷ്ട്രീയ വിഷയങ്ങളിലും അവർ നന്നായി സംസാരിച്ചിരുന്നു. ബ്യൂട്ടിഫുൾ വേൾഡ്‌ വേർ ആർ യു വിൽ എലീനും ആലീസും ലോകത്ത്‌ യുദ്ധം നടക്കുമ്പോൾ ജനിക്കുന്ന കുഞ്ഞുങ്ങളെ ഓർത്ത്‌ ആശങ്കപ്പെടുന്നുണ്ട്‌. ‘എനിക്ക്‌ കുട്ടികളില്ല, എന്നാൽ ലോകത്ത്‌ ഒരുപാട്‌ കുട്ടികളുണ്ട്‌. അവരുടെ ജീവനെയോർത്ത്‌ എനിക്ക്‌ ആശങ്കയുണ്ട്‌’– റൂണി പറയുന്നു.

2021ൽ ഇസ്രയേൽ പബ്ലിഷിങ്‌ ഹൗസായ ഹെബ്രുവിന്‌ ബ്യൂട്ടിഫുൾ വേൾഡിന്റെ വിവർത്തനാവകാശം അവർ നിഷേധിച്ചിരുന്നു. ഇന്റർമെസോയുടെ കാര്യത്തിലും ഇതേ തീരുമാനമായിരിക്കുമെന്ന്‌ റൂണി വ്യക്തമാക്കിയിട്ടുണ്ട്‌. പലസ്തീനിലെ  യുദ്ധം ആഗോളശക്തികളുടെ സൃഷ്ടിയാണ്‌, "ബുദ്ധിയുടെ അശുഭാപ്തിവിശ്വാസം, ഇച്ഛാശക്തിയുടെ ശുഭാപ്തിവിശ്വാസം’ എന്ന ഗ്രാംഷിയുടെ വാക്കുകൾ കടമെടുത്ത്‌ അവർ പറയുന്നു യുദ്ധമില്ലാത്ത ഒരു നല്ല ലോകത്തിനായുള്ള പ്രതീക്ഷ മുറുകെപ്പിടിക്കേണ്ടത്‌ നമ്മുടെ ഉത്തരവാദിത്വമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top