03 November Sunday
വാക്കുരുക്കം

സ്വതന്ത്രചിന്തയുടെ അന്ത്യദിനങ്ങളോ?

എൻ ഇ സുധീർUpdated: Wednesday Sep 4, 2024

 

സാമൂഹ്യമാധ്യമങ്ങൾ മുന്നോട്ടു വയ്ക്കുന്ന അപകടകരമായ അവസ്ഥയെ തുറന്നു കാട്ടുന്ന ഒന്നാണ് ലനിയറുടെ പുസ്തകം. മാനവരാശി ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നവമാധ്യമങ്ങളുടെ പിടിയിൽ നിന്നുള്ള മോചനമാണെന്ന് ഈ ഡിജിറ്റൽ ലോക പണ്ഡിതൻ വിശ്വസിക്കുന്നു.


ജറൺ ലനിയർ (Jaron Lanier) എഴുതിയ ‘Ten Arguments For Deleting Your Social Media Accounts Right Now 'എന്ന പുസ്തകത്തെപ്പറ്റി ഞാൻ ഇടയ്ക്കൊക്കെ വലിയ കുറ്റബോധത്തോടെ ഓർക്കാറുണ്ട്. 2018 ലാണ് ഈ രചന പുറത്തുവന്നത്. പുസ്തകത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കും മുമ്പ് ഗ്രന്ഥകാരനെ പരിചയപ്പെടുത്താം.

ജറൺ ലനിയർ

ജറൺ ലനിയർ

ഡിജിറ്റൽ ലോകത്തിന്റെ ആദ്യകാല അഗ്രഗാമികളിലൊരാളായി അറിയപ്പെട്ട അമേരിക്കക്കാരനാണ്  ജറൺ ലനിയർ എന്ന ഈ കമ്പ്യൂട്ടർ സയന്റിസ്‌റ്റ്‌. ഇന്റർനെറ്റിന്റെ കണ്ടെത്തലിൽ സുപ്രധാന പങ്കു വഹിച്ച ലനിയർ അക്കാര്യത്തിൽ അവകാശവാദങ്ങളൊന്നും മുന്നോട്ടു വെക്കാറില്ല.

ഇന്റർനെറ്റ് 2 എന്ന പ്രൊജക്ടിന്റെ മുഖ്യ ശാസ്ത്രജ്ഞൻ എന്ന സ്ഥാനം ലനിയർക്കായിരുന്നു. പിന്നീട് ഡിജിറ്റൽ ലോകത്തിന്റെ  കടുത്ത വിമർശകനായും അദ്ദേഹം രംഗത്തെത്തി. ടൈം, ഫോറിൻ പോളിസി, പ്രോസ്പെക്ട് തുടങ്ങിയ പ്രശസ്ത മാധ്യമങ്ങളെല്ലാം ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ഒരാളായി അദ്ദേഹത്തെ അക്കാലത്ത് തിരഞ്ഞെടുത്തിട്ടുണ്ട്.

Who Owns the Future, You Are Not a Gadget, Dawn of the New Everything എന്നിവയാണ് ലനിയറുടെ മറ്റ് പ്രധാന രചനകൾ.

സാമൂഹ്യമാധ്യമങ്ങൾ മുന്നോട്ടു വയ്ക്കുന്ന അപകടകരമായ അവസ്ഥയെ ലനിയറുടെ പുസ്തകം തുറന്നു കാട്ടുന്നു. മാനവരാശി ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നവമാധ്യമങ്ങളുടെ പിടിയിൽ നിന്നുള്ള മോചനമാണെന്ന് ഈ ഡിജിറ്റൽ ലോക പണ്ഡിതൻ വിശ്വസിക്കുന്നു. വിശ്വസനീയമായ വാദങ്ങളോടെ തന്റെ നിലപാടിനെ ശക്തമായി ഈ പുസ്തകത്തിൽ അവതരിപ്പിക്കുകയും  ചെയ്യുന്നു.

അവയുടെ ഉപയോഗത്തിൽ നിന്ന് അകന്നു നിൽക്കുന്നതിനായി പത്ത് കാരണങ്ങൾ അദ്ദേഹം ഇതിൽ അക്കമിട്ട് നിരത്തുന്നു.  സാമൂഹ്യമാധ്യമങ്ങൾ നമ്മളെ  ഉപഭോക്താവായല്ല, ഉൽപ്പന്നമായാണ് കണക്കാക്കുന്നത് എന്ന അടിസ്ഥാനധാരണ പോലും നമുക്കില്ല. ഉപയോഗിക്കുന്നവർ തന്നെ ഉല്പന്നമായിത്തീരുന്ന വിചിത്ര സാഹചര്യം ഡിജിറ്റൽ ലോകം ഇതിനകം സൃഷ്ടിച്ചു കഴിഞ്ഞു.

അതു തന്നെയാണ് ഏറ്റവും വലിയ  ഭീഷണിയും. പൂർണമായ വേർപിരിയലിലൂടെ  മാത്രമേ ഈ ഭീഷണിയെ ഒഴിവാക്കാനൊക്കൂ എന്നും ഗ്രന്ഥകാരൻ സമർഥിക്കുന്നു. ഇതിലെ വാദങ്ങൾ വിശദമായി തന്നെ എഴുതേണ്ടതുണ്ട്.
ബമ്മർ (BUMMER) മെഷിൻസ് എന്നൊരു ചുരുക്കപ്പേരിട്ടാണ്  ഈ മാധ്യമങ്ങളെ പൊതുവായി അദ്ദേഹം വിശേഷിപ്പിക്കുന്നത്.

Behaviors of Users Modified, and Made into an Empire for Rent എന്നതിന്റെ ചുരുക്കപ്പേരായാണ്  BUMMER എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ഈ പഠനത്തിലുടനീളം ബമ്മർ കമ്പനികൾ എന്നാണ് ലനിയർ സാമൂഹ്യമാധ്യമങ്ങളെ പൊതുവിൽ വിളിച്ചിരിക്കുന്നത്.

അദ്ദേഹം മുന്നോട്ടു വെക്കുന്ന പ്രധാന ആരോപണവും ഈ വാചകവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഉപഭോക്താക്കളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നവയാണ് ഈ മാധ്യമങ്ങളെല്ലാം എന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. അത് വെറുതെ പറയുകയല്ല; ഉദാഹരണസഹിതം വിസ്തരിച്ച് വിശദീകരിക്കുകയാണ്.

ഫേസ് ബുക്കും ട്വിറ്ററും മറ്റും ഉപയോഗിക്കുന്നവർ  ബോധപൂർവ്വമല്ലാത്ത ഈ മാറ്റത്തിന് വിധേയരാവുന്നു എന്നും അത് മറ്റു ചിലരുടെ ആവശ്യമാണെന്ന്‌ തിരിച്ചറിയണമെന്നും ഈ കൃതി ആവശ്യപ്പെടുന്നു. യഥാർഥത്തിൽ ഇതൊരു വലിയ ആഗോള ബിസിനസ്സ് പ്ലാൻ തന്നെയാണ്. പ്രധാനമായും ഫേസ് ബുക്കിലൂടെയും ഗൂഗിളിലൂടെയുമാണ് ഈ ബിസിനസ്സ് പ്ലാൻ നടപ്പിലാക്കപ്പെടുന്നത്.

ഈ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കപ്പെടുന്നതോടെ നമ്മളൊരു ഉല്പന്നമായി മാറ്റപ്പെടുകയും നമ്മുടെ അറിവോ സമ്മതമോ ഇല്ലാതെ വിൽക്കപ്പെടുകയുമാണ്. അതിന്റെ ആവശ്യക്കാർക്കനുസരിച്ച് നമ്മുടെ അഭിരുചികളിൽ മാറ്റങ്ങളും സ്വഭാവത്തിൽ സമ്മതി നിർമാണങ്ങളും നടത്താനുള്ള കഴിവ് ഈ സാമൂഹ്യമാധ്യമങ്ങൾക്കുണ്ട്. പരസ്യങ്ങളുടെ ഘടനയിൽത്തന്നെ മാറ്റങ്ങൾ വന്നു കഴിഞ്ഞു.

ഒരു ഉല്പന്നം സമൂഹത്തിൽ വെച്ച് അത് സ്വീകരിക്കപ്പെടുമോ എന്ന അന്വേഷണമാണ് മുമ്പൊക്കെ നടന്നിരുന്നത്. ഇന്ന് പരസ്യങ്ങൾ ഉല്പന്നങ്ങൾക്കു വേണ്ടി മനുഷ്യരുടെ മനോഭാവത്തെ  മാറ്റിയെടുക്കുകയാണ്.  ഒടുക്കം അവ വാങ്ങാതിരിക്കാൻ കഴിയാത്ത ഒരവസ്ഥയിൽ അവനെയെത്തിക്കുകയാണ്.

ഉല്പന്നത്തിലേക്ക് ഉപഭോക്താവിനെ വലിച്ചിഴയ്ക്കുകയാണ്. ഇതിനാവശ്യമായ ദുർബല വികാരനിർമാണം നടത്തുന്നത് ഇന്നത്തെ സാമൂഹ്യ മാധ്യമങ്ങളാണ്. അവ നമ്മുടെ വിവരശേഖരണ സിദ്ധിയേയും, നമുക്കിടയിലെ ബന്ധങ്ങളേയും, സാമൂഹ്യബോധത്തേയും മാറ്റിമറിച്ചിരിക്കുന്നു.

ആൾക്കൂട്ടത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തുക എന്നതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബിസിനസ്സ് മോഡൽ പോലെ അതൊരു രാഷ്ട്രീയ മോഡലായി രംഗത്തെത്തും. നമ്മുടെ സാമൂഹ്യഘടനയെ അലങ്കോലപ്പെടുത്താൻ സാമൂഹ്യമാധ്യമങ്ങൾക്ക് ഇതിനകം സാധിച്ചിരിക്കുന്നു.

ലിംഗ്‌ബർഗ്‌ സഹോദരൻമാരുടെ പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു പെയിന്റിങ്‌

ലിംഗ്‌ബർഗ്‌ സഹോദരൻമാരുടെ പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു പെയിന്റിങ്‌

ആരൊക്കെയാണ് നമ്മളിൽ ഇത്തരം അവിഹിത സ്വാധീനം ചെലുത്തുന്നത്‌ എന്ന വലിയ ചോദ്യമാണ് ഈ കൃതി പ്രധാനമായും മുന്നോട്ടു വെക്കുന്നത്. ആ ചോദ്യത്തിന് ഉത്തരം കിട്ടും വരെ കാത്തിരിക്കരുതെന്നും നമ്മുടെ സോഷ്യൽ മീഡിയ ബന്ധം ഉടൻ വിച്ഛേദിക്കുകയാണ് ഏക പരിഹാരമെന്നും ഗ്രന്ഥകാരൻ അടിവരയിട്ടു പറയുന്നു.

ടെക്നോളജിയല്ല നമ്മുടെ മുന്നിലെ യഥാർഥ വില്ലൻ. ടെക്നോളജിയുടെ സഹായത്തോടെ മനുഷ്യരിൽ വിചിത്രമായ അവിഹിത സ്വാധീനം നടപ്പിലാക്കപ്പെടുന്നു എന്നേയുള്ളൂ. ക്ലൗഡ് കമ്പ്യൂട്ടറിന്റെ അകത്തുനിന്നു കൊണ്ട് പ്രവർത്തിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ യന്ത്രങ്ങൾ മാത്രമാണ് ബമ്മർ ഉപകരണങ്ങൾ. അവയെ ആരും നിയന്ത്രിക്കുന്നില്ല. നിയന്ത്രിക്കപ്പെടാനായല്ല അവ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത്.

ഇതിലെ വില്ലന്മാരെ തിരിച്ചറിയുക പോലും പ്രയാസം. ഇത്തരം സാങ്കേതിക വിദ്യകളുടെ കണ്ടെത്തലിൽ പങ്കാളിയായ ഒരാളാണ് ഇതൊക്കെ പറയുന്നത് എന്നതും ഓർക്കേണ്ടതുണ്ട്. ആ കഥകളൊന്നും വിശദീകരിക്കുന്നില്ലെങ്കിലും ആ പങ്കാളിത്തത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറുന്നില്ല. കണ്ടെത്തിയവരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടാണ് ഈ സാങ്കേതിക വിദ്യകൾ വികാസം കൊണ്ടത്.

വ്യക്തിത്വം നിലനിർത്താനുള്ള ശേഷിയെ ഇല്ലായ്മ ചെയ്ത് എല്ലാവരിലും ആസക്തി നിറച്ച് അടിമകളാക്കി മാറ്റുന്നതിൽ ബമ്മർ യന്ത്രങ്ങൾ വിജയം കണ്ടെത്തിക്കഴിഞ്ഞു. ഇതിൽ നിന്നു രക്ഷപ്പെടാൻ പൂർണമായ മാറി നിൽക്കൽ മാത്രമേ വഴിയുള്ളൂ എന്നാണ് ഈ പുസ്തകം മുന്നോട്ടു വെക്കുന്ന പ്രധാന കാഴ്ചപ്പാട്.

നിങ്ങളെ സ്വതന്ത്രനാക്കാൻ, നിങ്ങളുടെ ആധികാരികത ഉറപ്പുവരുത്താൻ, നിങ്ങളെ മനോവിഭ്രാന്തിയിൽ നിന്ന് മോചിതനാക്കാൻ, ആസക്തിയിൽ കുറവു വരുത്താൻ എല്ലാറ്റിനും ഒരു വഴിയേ ഉള്ളൂ. നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നീക്കം ചെയ്യുക. ഇതാണ് ഈ പുസ്തകം മുന്നോട്ടു വെക്കുന്ന പരിഹാരം. ലനിയർ തന്റെ  ഓരോ വാദവും  അവസാനിപ്പിക്കുന്നത് ഈ ആവശ്യം മുന്നോട്ടുവെച്ചു കൊണ്ടാണ്.

നമുക്ക് സാമ്പത്തിക അന്തസ്സ് നഷ്ടപ്പെട്ടിരിക്കുന്നു. വ്യക്തി എന്ന നിലയിലെ നമ്മുടെയെല്ലാം വിവരങ്ങൾ വിറ്റു പണമുണ്ടാക്കാൻ നമ്മളീ സാമൂഹ്യമാധ്യമങ്ങൾക്ക് അവസരമൊരുക്കിയിരിക്കുന്നു. അവർ അതുവഴി ലോകത്തിലേക്കും വെച്ച് ഏറ്റും വലിയ ലാഭമുണ്ടാക്കുന്ന കമ്പനികളായി മാറി. സത്യം എന്നത് കണ്ടെത്താനാവാത്ത എന്തോ ഒന്നായ കാലത്താണ് നമ്മൾ ജീവിക്കുന്നത്. അസത്യങ്ങളുടെ സ്വീകാര്യതയാണ് സത്യത്തെ മുക്കിക്കളഞ്ഞത്.

ഉപഭോക്താക്കളുടെ  ശ്രദ്ധ പിടിച്ചുപറ്റുന്നതെന്തോ അതാണ് ബമ്മർ മെഷിനുകളുടെ അൽഗോരിതം പ്രചരിപ്പിക്കുക. അവിടെ സത്യം പരാജയപ്പെടുന്നതിൽ അത്ഭുതമില്ല. നമ്മൾക്ക് ഇക്കാലത്ത് നഷ്ടപ്പെട്ട മറ്റൊരു ഗുണം കാരുണ്യമാണ്. തെറ്റിദ്ധാരണകൾ നിറഞ്ഞ, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചാരത്തിലായ കാലത്ത് കാരുണ്യം അപ്രസക്തമാകും.

എല്ലാറ്റിനും പല വ്യാഖ്യാനങ്ങൾ വന്നുകൊണ്ടിരിക്കും. ആധികാരികത എന്നത് സത്യത്തെപ്പോലെ മറഞ്ഞിരിക്കും. നമുക്ക് പക്ഷം ചേർന്ന് എതിർക്കാനേ സമയം കാണൂ. കാരുണ്യം ഒരു വികാരമല്ലാതാക്കിയതും ഈ സാമൂഹ്യമാധ്യമങ്ങൾ തന്നെയാണ്.

നിങ്ങൾ ഒരു പേരല്ല; വ്യക്തിയുമല്ല; വെറുമൊരു അക്കം മാത്രം. ഡിജിറ്റൽ ലോകത്തെ അൽഗോരിതം ആ അക്കത്തെ വല്ലാതെ സ്നേഹിക്കുന്നുണ്ട്. അതിന്റെ ഭവിഷ്യത്തുകളെപ്പറ്റിയാണ് ഈ പുസ്തകം. ഇതിലെ ആശയങ്ങൾ ഏതൊരു വായനക്കാരനേയും അലോസരപ്പെടുത്തും.

സമൂഹം ഇടത്തേയ്ക്കോ, വലത്തേയ്ക്കോ അല്ല പോവുന്നത്, താഴേയ്ക്കാണ് എന്നാണ്‌ ലനിയർ പറഞ്ഞു വെക്കുന്നത്. കാരണം മറ്റൊന്നുമല്ല; വിഷലിപ്തമായ ഈ ബമ്മർ മെഷിനുകളാണ്.

ടെക്നോഫ്യൂഡലിസം എന്ന യാഥാർഥ്യം

മുതലാളിത്തത്തിന് ബദലായി ടെക്നോഫ്യൂഡലിസം വന്നു കഴിഞ്ഞു എന്നാണ് ഗ്രീക്ക് സാമ്പത്തിക ശാസ്ത്രജ്ഞനായ യാനിസ് വാറുഫാകിസ് അടുത്തകാലത്തായി പറഞ്ഞുകൊണ്ടിരിക്കുന്നത്. മനുഷ്യമനസ്സിൽ അടിമ മനോഭാവം

യാനിസ്‌ വാറുഫാകിസ്

യാനിസ്‌ വാറുഫാകിസ്

ബലപ്പെടുത്തിക്കൊണ്ട് ഇന്റർനെറ്റ് ലോകത്തെ നിയന്ത്രിച്ചു തുടങ്ങി.

ഇന്റർനെറ്റ് ഉല്പാദിപ്പിക്കുന്ന പുതിയ തരം കാപ്പിറ്റൽ  ക്ലൗഡ് (Cloud Capital) സാമ്പ്രദായിക മുതലാളിത്തത്തെ കൊന്നുകളയുകയും അതിനു ബദലായി നിലകൊള്ളുകയും ചെയ്തു. അത് തീർച്ചയായും കൂടുതൽ വിനാശകരമായിരിക്കും എന്നാണ് അദ്ദേഹം  'ടെക്നോഫ്യൂഡലിസം - വാട്ട് കിൽഡ് ക്യാപിറ്റലിസം' എന്ന പുതിയ പുസ്തകത്തിൽ (Techno Feudalism - What Killed Capitalism, Yanis Varoufakis, Penguin Books) വിശദീകരിക്കുന്നത്.

ഉദാഹരണത്തിന് ജെഫ് ബെസോസ് ഒരു മൂലധനവും ഉല്പാദിപ്പിക്കുന്നില്ല. എന്നിട്ടും അയാൾ ഡിജിറ്റൽ ലോകത്തു നിന്ന് ഭീമമായ വാടക നേടിയെടുക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനവാനാകുന്നു. ഇതു ക്യാപ്പിറ്റലിസമല്ല; തികഞ്ഞ ഫ്യൂഡലിസമാണ്.

മനുഷ്യർ ഇപ്പോൾ വെറും പാവകളായി മാറിക്കഴിഞ്ഞു. യന്ത്രസാമ്രാജ്യത്തിന്റെ  ഇന്ധനമായി മനുഷ്യർ മാറിക്കഴിഞ്ഞു. ഇതു വഴി പുതിയ ടെക് കമ്പനികളാണ് സമ്പാദ്യമുണ്ടാക്കുന്നത്. അൽഗോരിതമാണ് ഇപ്പോൾ മൂലധനത്തെ നിർമിക്കുന്നത്. അതിനെയാണ് ‘ക്ലൗഡ് കാപ്പിറ്റൽ' എന്ന് വാറുഫാക്കിസ് വിശേഷിപ്പിക്കുന്നത്. ലോകത്തിന്റെ  അധികാരം ഈ മൂലധന സ്രഷ്ടാക്കളിൽ വന്നു ചേർന്നിരിക്കുന്നു.

ഇവർ ‘ക്ലൗഡലിസ്റ്റ്സ് ' എന്നാണ് അറിയപ്പെടുന്നത്. ഇവരുടെ വളർച്ച അസാധാരണ വേഗത്തിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.  ഈ പുതിയ അധികാരശക്തികൾ  നമ്മുടെയൊക്കെ ജീവിതത്തെ മാറ്റിപ്പണിയുകയാണെന്നും ഇത് സോഷ്യൽ ഡെമോക്രസിക്ക് വലിയ ഭീഷണിയാണെന്നും വാറുഫാകിസ് ഭയപ്പെടുന്നു.

നമ്മൾ നടത്തുന്ന ഓരോ ക്ലിക്കിലും സ്ക്രോളിലും ഈ അധികാരം കൂടുതൽ കൂടുതൽ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ഈ പുത്തൻ സാമ്പത്തികാധികാരത്തെ ആരാണ് നിയന്ത്രിക്കുക എന്ന ചോദ്യവും ഈ പുസ്തകം മുന്നോട്ടു വെക്കുന്നുണ്ട്.
അതിസങ്കീർണമായ ഒരു കാലത്ത് പുതിയ സമസ്യകൾ ഉരിത്തിരിഞ്ഞു വരുമ്പോൾ പുതിയ ചിന്തകൾ ഉണ്ടാവുന്നു എന്നത് വലിയ കാര്യമാണ്.

രാഷ്ട്രീയ ചിന്തയിലും സാമ്പത്തിക ദർശനത്തിലും പുതിയ ആലോചനകൾക്ക്  ഈ പുസ്തകത്തിന്റെ പ്രമേയം വഴിയൊരുക്കുന്നു. വർത്തമാനകാലത്തെ ആഴത്തിൽ മനസ്സിലാക്കാൻ ഈ രചന വഴിയൊരുക്കുന്നു. പുതിയ ചില വിവാദങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു.

മുതലാളിത്തം കാലഹരണപ്പെട്ടിട്ടില്ല എന്ന വാദക്കാർ വാറുഫാകിസിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഏതായാലും പുതിയ കാലത്തെപ്പറ്റി ഗൗരവമായ ആശങ്കകൾ ചിന്താലോകത്ത് സംഭവിക്കുന്നുണ്ട്.

മുതലാളിത്തം കാലഹരണപ്പെട്ടിട്ടില്ല എന്ന വാദക്കാർ വാറുഫാകിസിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഏതായാലും പുതിയ കാലത്തെപ്പറ്റി ഗൗരവമായ ആശങ്കകൾ ചിന്താലോകത്ത് സംഭവിക്കുന്നുണ്ട്.


സ്വാതന്ത്ര്യം എന്ന മിഥ്യ


സത്യത്തിൽ നമുക്കു മുന്നിൽ സംഭവിക്കുന്നത് എന്താണെന്ന് മനസ്സിലാക്കാൻ നമുക്കിപ്പോൾ കഴിയുന്നുണ്ടോ? ഈ പുതിയ കാലത്ത് നമ്മളൊക്കെ എത്രമാത്രം സ്വതന്ത്രരാണ്? ആ ചോദ്യമേ തെറ്റാണ്. നമ്മളെത്ര മാത്രം അടിമകളാണ് എന്ന ചോദ്യത്തിനാണ് ഇപ്പോൾ  പ്രസക്തി. ഏറെ പോരാടി നേടിയ സ്വാതന്ത്ര്യങ്ങൾ ഒന്നൊന്നായി നമ്മളിൽ നിന്നു കൈമോശം വന്നുകൊണ്ടിരിക്കുന്നു.

മനുഷ്യരിൽ ബഹുഭൂരിപക്ഷവും ഡിജിറ്റൽ ലോകത്തിന്റെ കുരുക്കിലാണ്. നിർമിതബുദ്ധിക്കാലത്തെ (Age of AI) നമ്മുടെ ജീവിതത്തിനുമേൽ നമുക്കെന്ത് നിയന്ത്രണമാണുണ്ടാവുക? യഥാർഥത്തിൽ അത് ഭാവിയുമായി ബന്ധപ്പെട്ട ഒരു ചോദ്യമേയല്ല; കാരണം ഭാവി എന്നത്  ഇതാ ഇവിടെയിപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു സംഭവമാണ്.

ഭാവി എന്ന സംജ്ഞയെ തന്നെ അപ്രസക്തമാക്കുന്ന തലത്തിലാണ് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെയൊക്കെ ഫലമായുണ്ടാകുന്ന  പ്രത്യാഘാതങ്ങൾ എന്തൊക്കെ എന്നത് മാത്രമാണ് ഇനിയിപ്പോൾ അറിയാനുള്ളത്. ആലോചിക്കുന്തോറും പുതിയ പുതിയ ചോദ്യങ്ങൾ കടന്നുവരുന്നുണ്ട്.

അൽഗോരിതങ്ങളുടെ രാഷ്ട്രീയത്തെ ആരാണ് നിയന്ത്രിക്കുക? ഡിജിറ്റൽ റിപ്പബ്ലിക്കിൽ മനുഷ്യാവകാശങ്ങൾ എങ്ങനെയാണ് സംരക്ഷിക്കപ്പെടുക?
ഡിജിറ്റൽ സ്വേച്ഛാധിപത്യത്തെ എങ്ങനെയാണ് പ്രതിരോധിക്കുക? ജനാധിപത്യത്തിന്റെ ഭാവി എന്തായിരിക്കും? സമൂഹത്തിലെ മൂല്യവ്യവസ്ഥിതിയുടെ ഭാവിയെന്ത്? സ്വന്തം വിവരങ്ങളുടെ ഉടമസ്ഥാവകാശം നമ്മളാർക്കാണ് അടിയറവെച്ചത്? നിർമിതബുദ്ധിയുടെ അടിമയാവുമ്പോൾ നമ്മുടെ ജീവിത കാഴ്ചപ്പാടിന് എന്തു സംഭവിക്കും?

മനുഷ്യവംശം  ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥാ വ്യതിയാനമായിരിക്കുമെന്നാണ് പലരും കുറേക്കാലമായി  പ്രവചിച്ചുകൊണ്ടിരുന്നത്. എന്നാൽ അതിലും ഭീമമായ വെല്ലുവിളിയാണ് എഐ നിയന്ത്രിത സാങ്കേതികവിദ്യ മുന്നോട്ടുവെക്കുന്നത് എന്ന് ഇന്നിപ്പോൾ പലരും ഭയപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആ വഴിക്കുള്ള നിരവധി പഠനങ്ങൾ വന്നുകഴിഞ്ഞു. എഐ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

തിമാൻഡ്ര ഹാർക്നെസ്സ്

തിമാൻഡ്ര ഹാർക്നെസ്സ്

നമ്മുടെയൊക്കെ വീട്ടിൽ നിറയെ നമ്മളെ സേവിക്കുന്ന ഡിജിറ്റൽ ഭൃത്യന്മാരാണുള്ളത്. എന്നാൽ തിമാൻഡ്ര ഹാർക്നെസ്സ് ചോദിച്ച ചോദ്യം എന്നെ അലട്ടുന്നു Technology is Not the Problem എന്ന പുസ്തകത്തിൽ അവർ മുന്നോട്ടുവെച്ച ചോദ്യം ഈ ഭൃത്യന്മാർ യഥാർഥത്തിൽ ആരെയാണ് സേവിക്കുന്നത് എന്നതാണ്.

"Your house is full of Servants, but who are they really working for? They fetch what you command, but their true loyalty is to other masters''. നിർമിതബുദ്ധി ആർക്കുവേണ്ടി പ്രവർത്തിക്കുന്നു എന്ന വലിയ ചോദ്യം കാണാതെ പോവരുത്. അവിടെയാണ് വാറുഫാകിസിന്റെ വിലയിരുത്തൽ പ്രസക്തമാകുന്നത്. ടെക്നോഫ്യൂഡലിസം ഒരു യാഥാർഥ്യമാണ്.

സ്വതന്ത്രചിന്ത അസാധ്യമാകും വിധം ലോകത്തെ അവർ അതിവേഗം മാറ്റിപ്പണിതു കൊണ്ടിരിക്കുന്നു. മനുഷ്യബുദ്ധിയെ അലസമാക്കുക എന്നത് പുതിയകാല രാഷ്ട്രീയത്തിന്റെ ലക്ഷ്യം തന്നെയാണ്. ജനാധിപത്യത്തെ ഇല്ലാതാക്കാൻ ഏറ്റവും നല്ല വഴിയും അതാണെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

നിർമിതബുദ്ധി അപകടമാണെന്നും അത് മനുഷ്യരാശിയുടെ അന്ത്യം കുറിക്കലിന് വഴിയൊരുക്കിയേക്കാമെന്നും മരണത്തിനോടടുത്ത ദിവസങ്ങളിൽ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് താക്കീതു നൽകിയിരുന്നു.

നിർമിതബുദ്ധി അപകടമാണെന്നും അത് മനുഷ്യരാശിയുടെ അന്ത്യം കുറിക്കലിന് വഴിയൊരുക്കിയേക്കാമെന്നും മരണത്തിനോടടുത്ത ദിവസങ്ങളിൽ വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് താക്കീതു നൽകിയിരുന്നു.

അരുന്ധതി റോയി

അരുന്ധതി റോയി

അൽഗോരിതങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന ഇന്നത്തെ ലോകത്ത്  മത്സരം നടക്കുന്നത്  വ്യാജവിവരങ്ങൾ തമ്മിലാണെന്നും അതിനാൽ ഗൗരവമായ സംവാദങ്ങൾ അസാധ്യമാണെന്നും ഈയിടെ എഴുത്തുകാരി അരുന്ധതി റോയിയും അഭിപ്രായപ്പെട്ടിരുന്നു.

ഇതൊക്കെ സൂചിപ്പിക്കുന്നത് നമ്മുടെ ലോകം അപകടത്തിലും അങ്കലാപ്പിലുമാണ് എന്നു തന്നെയാണ്. ജറൺ ലനിയറിന്റെ വാക്കുകൾ സത്യമാവുന്നു. നിർഭാഗ്യവശാൽ നമ്മൾക്കു സാധിക്കാത്ത ചിലതാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top