08 September Sunday

ബഷീർ: അനുഭവങ്ങളുടെ വൻകര

സി എം സുജിത്ത്കുമാർUpdated: Monday Jul 15, 2024

ചില മനുഷ്യർ എത്ര കാലം കഴിഞ്ഞാലും 
ജീവിതത്തിൽനിന്ന് ഇറങ്ങിപ്പോവില്ല, 
അതായിരുന്നു ബഷീർ. അതുകൊണ്ടാണല്ലോ 
ഓർമയിലേക്ക്‌ മറഞ്ഞിട്ട്‌ 30 വർഷം പിന്നിടുമ്പോഴും 
ആ അക്ഷരമാന്ത്രികൻ ഈ ലോകത്തില്ലെന്ന്‌ 
നമുക്ക് തോന്നാത്തത്. ബഷീറിനെക്കുറിച്ച്‌ വിവിധ 
ക്ലാസുകളിൽ പഠിക്കാനുണ്ടല്ലോ..

കോട്ടയത്ത്‌ വൈക്കം തലയോലപ്പറമ്പിൽ ജനിച്ച്, കോഴിക്കോട് താമസിച്ച്, 'ബേപ്പൂർ സുൽത്താ’നായ സാഹിത്യകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. അനുഭവങ്ങൾകൊണ്ട് അത്രമേൽ സമ്പന്നമായ ജീവിതത്തെ കഥകളായും നോവലുകളായും എഴുതിക്കൂട്ടിയ ബഷീറിനെ അനുഭവങ്ങളുടെ വൻകരയെന്നാണ് നിരൂപകർ വിശേഷിപ്പിച്ചത്. 

1908 ജനുവരിയിലാണ്‌ ജനനം.  കായി അബ്ദുറഹിമാന്റെയും കുഞ്ഞാച്ചുമ്മയുടെയും മൂത്ത മകൻ. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിൽ നാട് തിളച്ചുമറിയുമ്പോൾ കുഞ്ഞു ബഷീറിന് ചുമ്മാ അടങ്ങിയൊതുങ്ങിയിരിക്കാൻ കഴിഞ്ഞില്ല. വൈക്കം സത്യഗ്രഹ സമരത്തിന്‌ ഗാന്ധിജി വരുന്നുണ്ടെന്നറിഞ്ഞ് സ്കൂളിൽ നിന്നിറങ്ങി ഒറ്റപ്പോക്കങ്ങ് പോയി. അത്‌ സ്വാതന്ത്ര്യപ്പോരാട്ടത്തിലേക്കുള്ള ഇറങ്ങിപ്പോക്കായി ! സ്കൂളിൽനിന്ന് പുറത്തായെങ്കിലും ഗാന്ധിയെക്കണ്ടു; തൊട്ടു!  ‘‘ഉമ്മാ..... ഞാൻ ഗാന്ധിയെ തൊട്ടു!’’ - പിന്നീടതിൽ അഭിമാനംകൊണ്ടു.  

1930ൽ കോഴിക്കോട്ട്‌ ഉപ്പുസത്യഗ്രഹത്തിനെത്തി അറസ്റ്റിലായതോടെ സബ് ജയിലിൽ റിമാൻഡ്‌ തടവ്‌. പിന്നീട്‌ കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്നുമാസം കഠിന തടവ്‌. ജയിൽ മോചിതനായപ്പോൾ തീവ്രവാദസംഘമുണ്ടാക്കി അതിന്റെ മുഖപത്രമായി ‘ഉജ്ജീവനം' വാരിക തുടങ്ങി, ‘പ്രഭ'യെന്ന തൂലികാനാമത്തിൽ അതിരൂക്ഷ ഭാഷയിൽ ലേഖനങ്ങളെഴുതി. വൈകാതെ വാരിക സർക്കാർ നിരോധിച്ചു. നാട്ടിൽ തുടരാൻ പറ്റാത്ത സാഹചര്യത്തിൽ ബഷീർ നാടുവിട്ടു.

കുറേവർഷം ബഷീർ ഇന്ത്യയൊട്ടാകെ അലഞ്ഞുനടന്നു. അക്കാലത്ത് കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിയായും സൂഫി സന്ന്യാസിയായും മാറി മാറി ജീവിച്ചു. പണിയെടുക്കാതെ തിന്നുന്ന പണിയാണ് സന്ന്യാസമെന്ന്‌ തോന്നിയപ്പോൾ അതുപേക്ഷിച്ചു. ജാലവിദ്യക്കാരൻ, പാചകക്കാരൻ, ഗൂർഖ, പത്രവിൽപ്പനക്കാരൻ, ഗുമസ്തൻ, രാഷ്ട്രീയ നേതാവ്, പത്രാധിപർ തുടങ്ങിയ ജോലികൾ. ആഫ്രിക്കയിലും അറബി നാടുകളിലും സഞ്ചരിച്ചു. ഏതാണ്ട് ഒമ്പതുവർഷത്തെ  യാത്രയിൽ, പല ഭാഷകളും പഠിച്ചു. ദേശാന്തരങ്ങളിൽ മനുഷ്യർ അനുഭവിക്കുന്ന തീവ്രദാരിദ്ര്യവും ദുരിതങ്ങളും ക്രൂരതയും വഞ്ചനയും നേരിട്ടറിഞ്ഞു. വീടുവിട്ടുപോയതുതൊട്ട് എല്ലാ രാത്രിയിലും മകൻ വരുമെന്ന പ്രതീക്ഷയിൽ ചോറുവിളമ്പി കാത്തിരുന്ന ഉമ്മയ്ക്ക് ആശ്വാസമായി ബഷീർ ഒടുവിൽ നാട്ടിലേക്ക് തിരിച്ചു വന്നു.  "അനുഭവങ്ങളുടെ വൻകര’യല്ലാതെ, മറ്റൊന്നും സമ്പാദിക്കാനാകാതെയായിരുന്നു ആ മടങ്ങിവരവ്‌.

സ്വന്തംകാര്യം ചിന്തിക്കാത്ത ആ മനുഷ്യൻ എറണാകുളത്ത് സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മുഴുകി. പൗരനാദം,ദീപം, രാജ്യാഭിമാനി,ജയകേസരി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുമായി സഹകരിച്ച് ജീവിതം മുന്നോട്ടു നീക്കി. നേരനുഭവങ്ങളുടെ ആ വമ്പൻ ശേഖരത്തിൽനിന്ന് ഓർത്തെടുത്ത് ഓരോന്നോരോന്നായി ബഷീർ എഴുതിത്തുടങ്ങി. വരുമാനമാർഗമെന്ന നിലയിലായിരുന്നു  എഴുത്ത്. ജയകേസരിയിലെ ‘എന്റെ തങ്ക’മായിരുന്നു ആദ്യ കഥ. പൊള്ളുന്ന അനുഭവങ്ങൾ നർമം കലർത്തി കഥകളായും നോവലുകളായും കാവ്യാത്മകമായ ഓർമക്കുറിപ്പുകളായും തുടർച്ചയായി വെളിച്ചം കണ്ടു. അനുഭവങ്ങളുടെ ചൂടും ചോരപ്പാടുമുള്ള രചനകൾ മലയാളികൾ ഹൃദയത്തിലേറ്റുവാങ്ങി.

ജീവിതം വായിക്കാം

ബഷീറിനെ വായിക്കുകയെന്നാൽ നാനാതരം ജീവിതത്തെ വായിക്കുക എന്നുകൂടി അർഥമുണ്ട്. മനുഷ്യാവസ്ഥകളുടെ വൈവിധ്യം ബഷീർ കൃതികളിൽ കാണാം. മനുഷ്യരും എലിയും വവ്വാലും പാമ്പും ആടും കാക്കയും കുറുക്കനും കീരിയും ഉറുമ്പും അടങ്ങിയ വലിയൊരു ജീവിലോകം ആ കഥാപ്രപഞ്ചത്തിലുണ്ട്. ഈ ഭൂമിയുടെ അവകാശികൾ അവരുകൂടിയാണെന്ന്, അവർ നമ്മുടെ സഹജീവികളാണെന്ന്, അവരുടെ ജീവിതത്തിന് ഹാനികരമായ പ്രവർത്തനങ്ങൾ പാടില്ലെന്ന് ഓർമപ്പെടുത്തുന്നുണ്ട് ബഷീർ. നമ്മുടെയുള്ളിലെ കുഞ്ഞുലോകത്തെ കുറേക്കൂടി വിശാലമായി കാണാൻ പ്രേരിപ്പിക്കുന്ന അത്രമേൽ ജീവിതഗന്ധിയായ പ്രമേയങ്ങളാണ് അതിലളിത ഭാഷയിൽ ബഷീറെഴുതിയത്.


പ്രേമലേഖനം

മതാതീത പ്രണയത്തിന്റെയും ഒപ്പം വിരഹത്തിന്റെയും കഥയാണ്  1943ൽ പ്രസിദ്ധീകരിച്ച ‘പ്രേമലേഖനം’.  വിവാഹപ്രായം കഴിഞ്ഞ സാറാമ്മയും അവളുടെ വീട്ടിൽ വാടകക്കാരനായ കേശവൻ നായരുമാണ് പ്രധാന കഥാപാത്രങ്ങൾ. അവർ പ്രണയത്തിലാവുന്നു. ശമ്പളമുള്ള ജോലിയില്ലാത്ത സാറാമ്മയ്ക്ക്, പ്രേമിക്കുന്നതിന് ശമ്പളം തരാം എന്ന കാമുകവാഗ്ദാനവും കുഞ്ഞിന്‌  എന്ത് പേരിടും എന്ന ആലോചനയും മറ്റും വായിക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും വലിയൊരു സാമൂഹ്യ പ്രശ്നമാണെന്ന് ചിന്തിച്ചാൽ മനസ്സിലാവും. ജാതി- മത വ്യവസ്ഥയ്ക്കെതിരായ രചനയായതുകൊണ്ട് അക്കാലത്ത് പ്രേമലേഖനം സർക്കാർ നിരോധിച്ചിരുന്നു. ബഷീറിന്റെ രചനകൾ അധികാരികളെ പൊള്ളിച്ചു. അത് കേവല നർമരചനകളല്ലെന്നും  ദുഷിച്ച സാമൂഹ്യ, രാഷ്ട്രീയ, നിയമ വ്യവസ്ഥയോടുള്ള പ്രതിഷേധമാണെന്നും ആഴത്തിലുള്ള വായനയിൽ ബോധ്യമാവും.

പാത്തുമ്മയുടെ ആട്

സ്വന്തം ഉമ്മയും സഹോദരങ്ങളും അവരുടെ മക്കളും പിന്നെ ബഷീറും ആടുമാണ്‌  ‘പാത്തുമ്മയുടെ ആടി’ലെ  കഥാപാത്രങ്ങൾ. ഉന്മാദ ചികിത്സയ്ക്കിടയിലെഴുതിയ അതിസുന്ദര നോവൽ. സാഹിത്യ രചനാ ഭാഷ എങ്ങനെയാവണമെന്ന് എഴുതി വിസ്മയിപ്പിക്കുക മാത്രമല്ല, അനുജൻ അബ്ദുൾ ഖാദറിനോട് പച്ചയ്ക്ക് അത് പറയുന്നുമുണ്ട് ബഷീർ. എഴുത്തിൽ ആഖ്യയും ആഖ്യാതവും അന്വേഷിക്കുന്നവരോട്, പളുങ്കുസൻ വ്യാകരണത്തിലല്ല കാര്യമെന്നും വർത്തമാനം പറയുന്ന ഭാഷയിലാണ് തന്റെ എഴുത്തെന്നും അതിലാണ് ജീവിതം മിടിയ്ക്കുന്നതെന്നും ബഷീർ തുറന്നടിക്കുന്നു. ഡുങ്കുടു, ചപ്ലാച്ചി, കുൾട്ടാപ്പൻ, ഗഡാഗഡിയൻ, പളുങ്കൂസ്, ബഡ്ക്കൂസ് തുടങ്ങിയ പ്രിയപ്പെട്ട പ്രയോഗങ്ങളുൾപ്പെടെ ഒട്ടേറെ പദങ്ങളും പ്രയോഗങ്ങളും ബഷീർ ഇതിലൂടെ ഭാഷയ്‌ക്ക്‌ നൽകി.  ബഷീർ കൃതികളുടെ ഏറ്റവും വലിയ പ്രത്യേകതയും ഇതാണ്. വലുപ്പച്ചെറുപ്പമില്ലാതെ ആർക്കും ആസ്വദിക്കാവുന്ന എഴുത്തുകളാണവ. ബഷീറിനെ അറിയാത്ത മലയാളികളില്ലാത്തതും അതുകൊണ്ടാണ്.

 
ഒരു സാധാരണ മനുഷ്യന്റെ പച്ച ജീവിതം മണക്കുന്ന നോവലുകൾ. അതിലേറെ കഥകൾ. കഥാബീജം നാടകം. ഓർമയുടെ അറകൾ, അനർഘനിമിഷം പോലുള്ള കവിതകൾ ......  അങ്ങനെ എത്രയെത്ര എഴുത്തുകൾ.! ‘കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീർ സാഹിത്യം' എന്ന് എം എൻ വിജയൻ എഴുതിയത് വെറുതെയല്ല. ആ മരത്തണലിലിരുന്നാണ് മലയാളികൾ ഇപ്പോഴും ജീവിതം വായിക്കുന്നത്. അതുകൊണ്ടാണല്ലോ ഓർമയിലേക്ക്‌ മറഞ്ഞിട്ട്‌ 30 വർഷം പിന്നിടുമ്പോഴും  ആ അക്ഷരമാന്ത്രികൻ ഈ ലോകത്തില്ലെന്ന്‌ നമുക്ക് തോന്നാത്തത്. ചില മനുഷ്യർ എത്ര കാലം കഴിഞ്ഞാലും ജീവിതത്തിൽനിന്ന് ഇറങ്ങിപ്പോവില്ല, അതായിരുന്നല്ലോ ബഷീർ.

എൺപതിലും കുട്ടിക്കളി മാറാതെ സുഹ്റയും മജീദും

അയൽക്കാരും കടുത്ത ശത്രുക്കളുമായ ഏഴുവയസ്സുകാരി സുഹ്റയും ഒമ്പതുവയസ്സുകാരൻ മജീദും ഒടുവിൽ ഒത്തുതീർപ്പിലെത്തുന്നത്‌ പ്രണയത്തിന്റെ താഴ്‌വരയിലാണ്‌. മലയാളി നെഞ്ചേറ്റിയ ഈ അനശ്വര പ്രണയത്തിന്‌ എട്ടുപതിറ്റാണ്ടിന്റെ ചെറുപ്പം.. ഇന്ത്യ സ്വതന്ത്രയാവുന്നതിനും മുന്നേ, കൽക്കത്തയിൽ ഹോട്ടൽപ്പണിക്കാരനായിക്കഴിയുമ്പോഴാണ്, 1936 ൽ ബഷീർ ‘ബാല്യകാലസഖി’ എഴുതിയത്.  ഇംഗ്ലീഷിലായിരുന്നു തുടക്കം, 1944ൽ മലയാളത്തിലാക്കി.  കഴിഞ്ഞ എട്ടുപതിറ്റാണ്ടുകൾക്കിടയിൽ എത്രയോ പ്രണയകഥകൾ വന്നു. എന്നിട്ടും ഒരു മങ്ങലുമേൽക്കാതെ മജീദും സുഹ്‌റയും മലയാളികളുടെ ഹൃദയത്തിലുണ്ട്‌.

ഒന്നും ഒന്നും കൂട്ടിയാലെത്ര എന്ന ചോദ്യവും ഉമ്മ്ണി ബല്യ ഒന്ന് എന്ന ഏറ്റവും ശരിയായ ഉത്തരവും അതിന്റെ ഗുട്ടൻസും ഈ കൃതിയിലൂടെയാണ് മലയാളികൾക്ക് പിടികിട്ടിയത്. ഒന്നും ഒന്നും എന്നത് കണ്ടു ശീലിച്ച രണ്ട് പുഴകളാണെന്നും അത് കൂടിച്ചേർന്നാൽ ഉമ്മ്ണി വല്യ പുഴയാണുണ്ടാവുക എന്നുമുള്ള ശരിയായ ഉത്തരം മജീദ് പഠിച്ചത് പ്രകൃതിയിൽനിന്നാണ്. തലമുറകൾ മാറി മാറി വായിച്ചിട്ടും അതിന്റെ പുതുമ നഷ്ടപ്പെടാതെ ഇന്നും കൗതുകത്തോടെ വായിക്കപ്പെടുന്നതു നിസ്സാരമല്ല.  

"ബാല്യകാലസഖി ജീവിതത്തിൽനിന്നു വലിച്ചു ചീന്തിയ ഒരേടാണ്. വക്കിൽ രക്തം പൊടിഞ്ഞിരിക്കുന്നു’വെന്ന് നിരൂപകനായ എം പി പോൾ വിശേഷിപ്പിച്ചത് അത്രമേൽ  ജീവിതഗന്ധിയായതുകൊണ്ടാണ്. അതാണല്ലോ രണ്ടുതവണയായി സുഹ്‌റയും മജീദും (1967,2014) വെള്ളിത്തിരയിലുമെത്തിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top