22 December Sunday

എന്തിന് ഇങ്ങനെയൊക്കെ എഴുതുന്നു?

ബിനീഷ് പുതുപ്പണംUpdated: Friday Aug 9, 2024

പെയിന്റിങ്‌: യൂസഫ്‌ അപ്‌ഡാച്ച

 

വർഷങ്ങൾക്കു മുൻപേ കേൾക്കുന്ന നിലവിളിയാണ് വായന മരിച്ചു എന്നത്. ആ നിലവിളിക്ക് അൽപമെങ്കിലും ശമനമുണ്ടായത് പുതിയ കാലത്താണെന്നത് ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയക്കാലം വന്നപ്പോൾ അച്ചടി മാധ്യമങ്ങളുടെയും പുസ്തകങ്ങളുടെയും വാരികകളുടെയും കാലം അവസാനിച്ചെന്നും ഇ-വായനകളുടെ ലോകമാണ് വരാനിരിക്കുന്നതെന്നും നമ്മൾ ഉറക്കെ പ്രഖ്യാപിച്ചു, പത്ര-വാരികകളിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടു. പക്ഷെ സംഭവിച്ചതോ? ഇ‐വായനകൾ സജീവമായപ്പോൾ അച്ചടി മാധ്യമങ്ങളും കൂടുതൽ തെളിഞ്ഞു.


എന്തിന് എഴുതുന്നു? എന്നത് എഴുത്തുകാർ നിരന്തരമായി അഭിമുഖീകരിക്കുന്ന ചോദ്യമാണ്. സാമൂഹികവും രാഷ്ട്രീയവുമായ ഒരു ചരിത്ര സന്ദർഭമായി ആ ചോദ്യത്തേയും അതിന്റെ  ഉത്തരങ്ങളെയും ദർശിക്കാവുന്നതുമാണ്. എന്നാൽ "ഇങ്ങനെ എന്തിന് എഴുതുന്നു?" എന്ന ചോദ്യം എഴുത്തുകാർക്ക് നേരെ ഉണ്ടായാലോ? പുതിയ കാലത്തെ എഴുത്തുകാർ ഏറ്റവും കൂടുതൽ കേൾക്കുന്ന ചോദ്യം ഇതാണ്.

‘ഇങ്ങനെ’ എന്ന വാക്കിനുളളിൽത്തന്നെ ധാരാളം ചോദ്യങ്ങൾ നിലനിൽക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. വായനാരംഗത്തു വന്ന മാറ്റവും സോഷ്യൽ മീഡിയയുടെ  വ്യാപനവും പുതുതലമുറയുടെ ശീലങ്ങളുമെല്ലാം ആ ചോദ്യത്തിനുള്ളിൽ നിലനിൽക്കുന്നുണ്ട്. അവയെയെല്ലാം ചേർത്തുവെച്ചാലേ ഉത്തരവും പൂർത്തിയാവൂ. അതിനാൽ എഴുത്തിന്റെ വഴികൾപോലെ പ്രധാനമാണ് വായനയുടെ വഴികളും.

 നിർണയിക്കാനാവാത്ത വായനയുടെ പരിസരം

വർഷങ്ങൾക്കു മുൻപേ കേൾക്കുന്ന നിലവിളിയാണ് വായന മരിച്ചു എന്നത്. ആ നിലവിളിക്ക് അൽപമെങ്കിലും ശമനമുണ്ടായത് പുതിയ കാലത്താണെന്നത് ശ്രദ്ധേയമാണ്. സോഷ്യൽ മീഡിയക്കാലം വന്നപ്പോൾ അച്ചടി മാധ്യമങ്ങളുടെയും

അഖിൽ പി  ധർമ്മജൻ

അഖിൽ പി ധർമ്മജൻ

പുസ്തകങ്ങളുടെയും വാരികകളുടെയും കാലം അവസാനിച്ചെന്നും ഇ‐വായനകളുടെ ലോകമാണ് വരാനിരിക്കുന്നതെന്നും നമ്മൾ ഉറക്കെ പ്രഖ്യാപിച്ചു, പത്ര വാരികകളിലുള്ളവർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടു. പക്ഷെ സംഭവിച്ചതോ? ഇ‐വായനകൾ സജീവമായപ്പോൾ അച്ചടി മാധ്യമങ്ങളും കൂടുതൽ തെളിഞ്ഞു.

എത്രയെത്ര പുതിയ വാരികകൾ. മുഖ്യധാരാ വാരികകൾക്കൊപ്പം തന്നെ സഞ്ചരിക്കുന്ന സമാന്തര വാരികകളും ഉദയം കൊണ്ടതും സജീവമായതും  ഇ‐വായനക്കാലത്തു തന്നെ. പുസ്തകങ്ങളുടെ കാര്യത്തിലാണെങ്കിൽ വൻ മുന്നേറ്റം നടന്നു. പതിപ്പുകളിൽ നിന്ന് പതിപ്പുകളിലേക്ക് അതു സഞ്ചരിച്ചു. പുതു തലമുറയിലെ എഴുത്തുകാരുടേതു മാത്രമല്ല, മൺമറഞ്ഞു പോയവരുടെ പുസ്തകങ്ങൾക്കും ജീവൻ വെച്ചു തുടങ്ങുകയായിരുന്നു.

അഖിൽ പി ധർമ്മജന്റെ  റാം c/o  ആനന്ദി എന്ന നോവൽ രണ്ടരലക്ഷം കോപ്പികളാണ് മൂന്നുവർഷത്തിനുള്ളിൽ വിറ്റഴിഞ്ഞത്. ഇ ‐ ബുക്കുകളല്ല, അച്ചടിച്ചവ തന്നെ. നൂറുകണക്കിന് വായനക്കാർ പുസ്തക ലഹരിയിൽ ചെന്നൈയിലേക്ക് വണ്ടികയറുകയും കഥാപാത്രങ്ങളായി മാറുകയും ചെയ്തു.

എം മുകുന്ദൻ

എം മുകുന്ദൻ

നിമ്ന വിജയ്

നിമ്ന വിജയ്

എം മുകുന്ദന്റെ 'ഹരിദ്വാറിൽ മണികൾ മുഴങ്ങുമ്പോൾ' പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് യുവാക്കൾക്കിടയിലുണ്ടായ നോവൽ യാത്രാ വെമ്പലിന് ഈ കാലത്തും മാറ്റമൊന്നുമുണ്ടായിട്ടില്ല എന്ന് വായനാലോകം തെളിയിച്ചു.

കാലമേ മാറുന്നുള്ളൂ, അസ്തിത്വം തേടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് മാറ്റമൊന്നുമില്ല. വായനയെ ജീവിതത്തിന്റെ / ആത്മാവിന്റെ  അർഥപൂർണതയായി കൊണ്ടാടുകയാണ് പുതുതലമുറ. നിമ്ന വിജയ് എന്ന എഴുത്തുകാരിയുടെ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്' എന്ന നോവലും ഏറെ പതിപ്പുകൾ പിന്നിട്ടു. മുഖ്യധാരാ പ്രസാധകർ അല്ലാഞ്ഞിട്ടും പുസ്തകത്തെ വായനക്കാർ ഏറ്റെടുത്തു. പ്രസാധകരോ വിതരണക്കാരോ ആരായാലും ശരി വായനക്കാർ പുസ്തകത്തെ കൂടെക്കൂട്ടുന്നു.

1999ൽ ലോകം വിട്ടുപോയ എഴുത്തുകാരനാണ് എൻ മോഹനൻ. ഏറെ കഥകളും നോവലുകളും അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്. എന്നാൽ ‘ഒരിക്കൽ' എന്ന ആത്മകഥാംശമുള്ള അദ്ദേഹത്തിന്റെ നോവൽ കൂടുതൽ

എൻ മോഹനൻ

എൻ മോഹനൻ

കരുത്തോടെ ജീവിച്ചു തുടങ്ങിയത് 2024 ലാണ് എന്ന സത്യം നമ്മെ അത്ഭുതപ്പെടുത്തും. 25 വർഷങ്ങൾക്കു ശേഷം ചുരുങ്ങിയ മാസം കൊണ്ട് നോവൽ ഇരുപത്തിയഞ്ചു പതിപ്പുകൾ പിന്നിട്ടു. അതിലും രസകരമായ കാര്യം എഴുത്തുകാരന്റെ കയ്യൊപ്പോടു കൂടിയ കോപ്പികൾ അന്വേഷിച്ച് നിരന്തരം ആളുകളെത്തി എന്നതാണ്. മരിച്ച വിവരമറിയാതെ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്ന ‘യുവ രചയിതാവായി അദ്ദേഹം ജീവിക്കുന്നു എന്നതാണ് സത്യം. കാലവും എഴുത്തും  വായനയും തമ്മിലുളള ഈ പാരസ്പര്യത്തെ നമുക്ക് ഒരിക്കലും നിർണയിക്കാൻ കഴിയില്ല.

മറ്റൊന്ന് വായനയിൽ വന്ന മാറ്റമാണ്. യാന്ത്രികതയുടെ വേഗങ്ങളിൽ ദിവസങ്ങൾ പെട്ടെന്ന് കടന്നു പോകുന്നു. വേഗതയാണ് ജീവിതത്തിന്റെ ഗതി എന്നു തോന്നുന്ന ഘട്ടം. ജോലി സ്ഥലത്ത്, വാഹനങ്ങളിൽ, വീടിനകത്ത്... അങ്ങനെ എല്ലാത്തിലും നമ്മൾ വേഗതയെ ആശ്ലേഷിക്കുന്നു. സ്വാഭാവികമായും ഇത് വായനാപരിസരത്തേയും സ്വാധീനിക്കുന്നു. എളുപ്പം വായിച്ചു തീർക്കാവുന്ന, കഥ പെട്ടെന്ന് മനസിലാവുന്ന പുസ്തകങ്ങളോടാണ് പലർക്കും ഇന്ന് പ്രിയം.

മൂന്നു മൂന്നര മണിക്കൂറുണ്ടായിരുന്ന സിനിമകൾ ചുരുങ്ങിച്ചുരുങ്ങി ഇന്ന് ഒന്നര മണിക്കൂറോ, കൂടിപ്പോയാൽ രണ്ടുമണിക്കൂറിനുള്ളിലോ പരിണമിച്ചതുപോലെ സാഹിത്യവും ഒരു വായനയിൽ തീർക്കാവുന്നതിലേക്ക് എത്തിനിൽക്കുന്നു. അതിനർഥം വായനക്കാരുടെ താത്പര്യത്തിനനുസരിച്ചു മാത്രം എഴുതിപ്പോകുന്നു എന്നല്ല. മറിച്ച് കാലം ആവശ്യപ്പെടുന്ന താത്പര്യങ്ങൾ/മാറ്റങ്ങൾ സാഹിത്യത്തിലും പ്രതിബിംബിക്കുന്നു എന്നതാണ്.

 കവിതയുടെ കാര്യം നോക്കൂ,  മഹാകാവ്യത്തിൽ നിന്ന് ഖണ്ഡകാവ്യത്തിലേക്കും  നാലുവരി ശ്ലോകങ്ങളിലേക്കും ഹൈക്കുവിലേക്കും ഈരടികളിലേക്കും മാറിമാറി സഞ്ചരിച്ച് ഇന്ന് അത് ഒറ്റവരിയിൽ എത്തി നിൽക്കുന്നു. ‘ഒറ്റവരിക്കവിതയോ?’ എന്ന ശങ്കയെ/അവിശ്വാസത്തെ പാടേ കാറ്റിൽ പറത്തി ഒറ്റവരിക്കവിതകൾ സജീവമാകുന്നു. അതാകട്ടെ വിശാലമായ ലോകബോധവും ഉൾക്കൊള്ളുന്നു.

‘ഒരാൾക്കുള്ളിൽ എത്ര കർട്ടനുകളുണ്ട്’ (ശ്രീകുമാർ കരിയാട്) എന്ന ഒറ്റവരിക്കവിത വായിക്കുമ്പോൾ സാമൂഹിക ദർശനത്തിന്റെയും ചരിത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയുമെല്ലാം വിശാല ചർച്ചാലോകമായി അതു മാറുന്നു. ഒറ്റവരിയിൽ നിന്ന് മുന്നോട്ട് സഞ്ചരിച്ച് ചിഹ്നങ്ങൾ കൊണ്ട് കവിത എഴുതുന്നവരും ധാരാളം.

‘ജീവിതം 0  ഇതുപോലെ’ എന്ന് പൂജ്യത്തെ മുൻനിർത്തി എഴുതുമ്പോൾ ശൂന്യതയായും പൂർണതയായും ആദിമധ്യാന്തമില്ലാത്തതായും ജീവിതം വായിക്കപ്പെടുന്നു (വ്യാഖ്യാനിക്കപ്പെടുന്നു).

പെയിന്റിങ്‌: പീറ്റർ ജാൻസാൻസ്‌ എലിംഗ

പെയിന്റിങ്‌: പീറ്റർ ജാൻസാൻസ്‌ എലിംഗ

ഇത്തരം മാറ്റങ്ങളെല്ലാം വായനക്കാർക്കുവേണ്ടി എഴുത്തുകാരൻ മനഃപൂർവം സൃഷ്ടിക്കുന്നതല്ല; പകരം കാലം ആവശ്യപ്പെടുന്ന വസ്തുതയാണ്. കാലത്തിന്റെ ഈ ആവശ്യകത കഥകളിലേക്കും നോവലുകളിലേക്കുമെല്ലാം പടർന്നുകയറിയിട്ടുമുണ്ട്. മിനിക്കഥകൾ, ടിഷ്യു പേപ്പർ കഥകൾ തുടങ്ങി എത്രയെത്ര ഭേദങ്ങൾ.

ഫി‌ക്ഷ‌ന്റെ കാര്യം നോക്കൂ. ലിറ്റററി ഫിക്ഷൻ എന്ന ആശയത്തിൽ നിന്ന് ഇന്ന്  പല ഭേദങ്ങളായി അത് പിരിയുന്നു. ഗൗരവ വായനയ്ക്കും പൈങ്കിളി വായനയ്ക്കും ഇടയിൽ ഒരു പാലമിട്ട് ‘മധ്യഭാവന’ പണിത അപ് മാർക്കറ്റ് ഫിക്ഷൻ, സിനിമ കാണുന്നതുപോലെ വായിച്ചു പോകാവുന്ന സിനിമാറ്റിക് നോവൽ, എളുപ്പം വായിച്ചു തീർക്കാവുന്ന ഒറ്റവായനാ നോവൽ തുടങ്ങി എത്രയോ എഴുത്തുകൾ.

അതെല്ലാം വായനാലോകത്തെ പിടിച്ചുലയ്ക്കുകയും ചെയ്യുന്നു. കാലത്തിനനുസരിച്ച് വായനാ പരിസരവും എഴുത്തുവഴിയും പരിണമിക്കുന്നുണ്ട് എന്നർഥം. അതാകട്ടെ ഭൂരിപക്ഷം എഴുത്തുകാരും മനഃപൂർവം സൃഷ്ടിക്കുന്നതുമല്ല.

നിരൂപണ രംഗവും ഏറെ മാറിയ കാലമാണ്. മുൻപ് ഒരു പുസ്തകമിറങ്ങി അതിനെക്കുറിച്ചുള്ള അഭിപ്രായം പുറത്തുവരണമെങ്കിൽ മാസങ്ങൾ കാത്തിരിക്കണം. എന്നാൽ ഇന്ന് നിരൂപണ മേഖലയ്ക്കും പല വഴികളുണ്ട്. റീഡേഴ്സ് സ്‌ക്വയർ, റീഡേഴ്സ് റിവ്യു, റീഡേഴ്സ് കഫേ, പുസ്തകലോകം തുടങ്ങിയ നിരവധി ഓൺലൈൻ പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും വായനക്കാർതന്നെ നിരൂപകരാവുന്ന കാഴ്ച മനോഹരമാണ്.

പുസ്തക ട്രോളുകളാകട്ടെ സജീവവും. പുസ്തകപ്പുഴു, ട്രോൾ മലയാളം തുടങ്ങി പുസ്തകങ്ങൾക്കു മാത്രമായുള്ള ട്രോൾ ഗ്രൂപ്പുകളും അനവധിയുണ്ട്. ഇതെല്ലാം വായനയുടെ/ എഴുത്തിന്റെ പരിസരത്തെ നിർണയിക്കുന്നുണ്ട്.

പുസ്തകലോകത്തേക്കു കടന്നുവന്ന റീലുകളാണ് മറ്റൊരു സാന്നിധ്യം. ഒന്നോ രണ്ടോ സെക്കന്റുള്ള ഒരു റീലുപോലും നിരൂപണമായി മാറുന്നു. പുസ്തകത്തിന്റെ ആശയം, സംഗീതം, സംഭാഷണം, പശ്ചാത്തലം എന്നിങ്ങനെ വിവിധ പ്രക്രിയകൾ ഇഴചേരുന്ന മനോഹരമായ പുസ്തകലോകത്തെ റീലുകൾ നിർമിച്ചെടുക്കുന്നു.

ആത്മാനുരാഗത്തിന്റെ ഇടത്തുനിന്ന് വായനാനുരാഗത്തിന്റെ തലത്തിലേക്ക് മനുഷ്യരെ കൈപിടിച്ചുയർത്താൻ ഇത്തരം റീലുകൾക്കു കഴിയുന്നു എന്നതാണ് സന്തോഷം. റീൽസ് വഴി  സോഷ്യൽ മീഡിയയിൽ തരംഗമായ പുസ്തകങ്ങളും ധാരാളമുണ്ട്. അവയെല്ലാം വായനയെ ആഘോഷമാക്കുന്നു.

പ്രണയ ദിനത്തിലെ പുസ്തക ചുംബനം

പ്രണയിതാക്കൾക്കായി ഒരു ദിനം എന്ന രൂപത്തിലാണ് ഫെബ്രുവരി 14 പ്രണയ ദിനമായി ആചരിക്കുന്നത്. പൂവുകളും ചുംബനങ്ങളും കൊണ്ട് അനുരാഗ ചഷകം നുകർന്ന നാളുകളിൽ നിന്ന് പരസ്പരം പുസ്തകം കൈമാറുന്ന ദിനത്തിലേക്ക് പുതുതലമുറ വളർന്നു എന്നത് പ്രധാനമാണ്.

ഈ വർഷം ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വിറ്റഴിഞ്ഞ ദിനം വാലന്റൈൻസ്‌ ഡേ ആയിരുന്നു. ‘പൂവിനു പകരം പുസ്തകം' എന്ന സൗന്ദര്യദർശനം പ്രണയം പോലെ പ്രിയപ്പെട്ടതാണ് വായനയുമെന്ന ദൗത്യത്തിലേക്കുള്ള ചവിട്ടുപടിയായിരുന്നു.

വാലന്റൈൻസ്‌ ഡേയോട് അനുബന്ധിച്ച് ഡി സി ബുക്‌സ്‌ പുറത്തിറക്കിയ ‘ഏറ്റവും വലിയ മോഹത്തേക്കാൾ വലിയ ഇഷ്ടം' എന്ന പുസ്തകം ഒരാഴ്ചയ്ക്കുള്ളിൽ നാല്പതിനായിരം പേരാണ് സ്വന്തമാക്കിയത്. ഇതുപോലെ പല പുസ്തകങ്ങളും ആ ആഴ്ച നിറയെ വിറ്റഴിഞ്ഞു. പ്രണയം ചുണ്ടുകൾ തമ്മിൽ ചുംബിക്കുന്നതു മാത്രമല്ല, പുസ്തകങ്ങൾ തമ്മിൽ സംസാരിക്കുന്നതും കൂടിയാണ് എന്ന ബോധ്യം പുതുകാലത്ത് ഉടലെടുത്തതിൽ സന്തോഷിക്കാം.

അതുകൊണ്ടുതന്നെ പ്രസാധകർക്കൊന്നും വലിയ നഷ്ടങ്ങൾ ഈ കാലയളവിൽ ഉണ്ടായിട്ടില്ല. വിഷുക്കാലത്താകട്ടെ ‘പുസ്തകക്കൈനീട്ടം' എന്ന പരിപാടി പുസ്തകശാലകളിൽ സംഘടിപ്പിക്കപ്പെട്ടു.

 &lsquo ഓരോ പുസ്തകം കൈനീട്ടമായി പ്രിയപ്പെട്ടവർക്കു സമ്മാനിക്കുന്ന കാഴ്ച എത്ര മനോഹരമാണ്! പിറന്നാളിന്, വിവാഹത്തിന്, വീടുമാറലിന്… ഇങ്ങനെ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സകലതിനേയും പുസ്തകവുമായി ചേർത്തുകെട്ടാൻ നമ്മൾ മറന്നില്ല. പുസ്തകങ്ങളുടെ സ്വാദ് വായനാരസത്തെ നിരന്തരം ഉണർത്തുന്നു. അതിനാൽ ഒരു എഴുത്തുകാരന് എഴുതാതിരിക്കാനാവില്ല.

പ്രേമനഗരം എന്ന നോവൽ പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷം എനിക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രധാന ചോദ്യം "ഇങ്ങനെയൊക്കെ എന്തിനാണ് എഴുതുന്നത്?" എന്നതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ‘ഇങ്ങിനെയൊക്കെ' എന്നതിൽ അനേകം ചോദ്യങ്ങളും സംശയങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.

പ്രണയവും രതിയുമാണ് പ്രമേയമെന്നതിനാലും വിവാഹിതയായ സ്ത്രീയും അവിവാഹിതനായ ചെറുപ്പക്കാരനുമാണ് കഥാപാത്രങ്ങൾ എന്നതിനാലും സദാചാര ഘടനയെ അത് ലംഘിക്കുന്നുണ്ട് എന്നതാണ് ആ ചോദ്യത്തിന് ആധാരം.

പ്രണയത്തെപ്പോലും നിർമിത ഘടനാ മതിൽക്കെട്ടിനകത്ത് തളച്ചിടുന്നതിലാണ് നമുക്ക് താല്പര്യം.

‘നീലു കല്യാണം കഴിക്കാത്ത സ്ത്രീയായിരുന്നെങ്കിൽ നോവൽ ഉഷാറായേനെ’ എന്ന അഭിപ്രായങ്ങളും ധാരാളം ഉയർന്നുവന്നിരുന്നു. എന്നാൽ അത്തരം ഘടനയ്ക്കകത്തു നിന്നുകൊണ്ടു മാത്രം എഴുതുക എന്നത് എല്ലാത്തിനോടും പ്രത്യേകിച്ച് കപടസദാചാരത്തിനോട് സമ്പൂർണമായും സന്ധി ചെയ്യുന്നതിന് തുല്യമാണ്.

‘നീലു കല്യാണം കഴിക്കാത്ത സ്ത്രീയായിരുന്നെങ്കിൽ നോവൽ ഉഷാറായേനെ’ എന്ന അഭിപ്രായങ്ങളും ധാരാളം ഉയർന്നുവന്നിരുന്നു. എന്നാൽ അത്തരം ഘടനയ്ക്കകത്തു നിന്നുകൊണ്ടു മാത്രം എഴുതുക എന്നത് എല്ലാത്തിനോടും പ്രത്യേകിച്ച് കപടസദാചാരത്തിനോട് സമ്പൂർണമായും സന്ധി ചെയ്യുന്നതിന് തുല്യമാണ്.

അങ്ങനെ എഴുതാതിരുന്നാൽ മനുഷ്യർ പ്രണയിക്കാതിരിക്കുമോ? രതിയിലേർപ്പെടാതിരിക്കുമോ? ഇതു രണ്ടും മനുഷ്യന്റെ  ജൈവിക ചോദനകളാണ്; പ്രത്യേകിച്ച് പ്രണയം.

ആർക്ക് ആരോടു തോന്നുമെന്ന് പറയാനാകാത്ത, എപ്പോൾ മുളപൊട്ടുമെന്ന് പ്രവചിക്കാനാവാത്ത, എപ്പോൾ നിലയ്ക്കുമെന്ന് അറിയാനാകാത്ത പ്രതിഭാസം. ഇതെല്ലാം സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിനെ എഴുത്തിൽ കൊണ്ടുവരാൻ ശ്രമിച്ചു എന്നുമാത്രം.

ഇവിടെ നടക്കാത്തതോ ഇനിയൊരിക്കലും സാധ്യതയില്ലാത്തതോ ആയ കാര്യത്തെയല്ല നോവലിൽ ഉൾച്ചേർത്തത്. ‘നീലുവും മാധവും' പോലെ ജീവിക്കുന്ന മനുഷ്യരെ നേരിൽ കണ്ടിട്ടുണ്ട്. ഒന്നും പൊട്ടിച്ചെറിഞ്ഞ് ഒരുമിക്കാൻ കഴിയാത്തതിന്റെ ദുഃഖം ഉള്ളിലൊതുക്കുന്നവരുമുണ്ട്.

ഉള്ളിൽ ആവോളം പ്രണയമുണ്ട്, സ്നേഹമുണ്ട്, രതിയുണ്ട്; പക്ഷെ ആരേയും സങ്കടപ്പെടുത്താനോ കുടുംബത്തെ തകർക്കാനോ ഒരുങ്ങാതെ നിത്യപ്രണയമായി അവർ അവസാനിക്കുന്നു. അത്തരം ചിത്രമാണ് ‘പ്രേമനഗര’വും. അതിനാൽ എന്തിന് ഇങ്ങനെയൊക്കെ എഴുതുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ, ‘ഇങ്ങനെയൊക്കെ മനുഷ്യർ ജീവിക്കുന്നുണ്ട്' എന്നതു തന്നെ.

ഒരു സിനിമയിൽ ചേർക്കാവുന്നതുപോലെ കുറച്ചു കോമഡി, കുറച്ച് തല്ല്, കുറച്ചു മസാല എന്നിങ്ങനെയുള്ള കൂട്ടുകൾ ഒരിക്കലും എഴുത്തുകാർ നോവലുകളിലോ മറ്റ് എഴുത്തുകളിലോ ബോധപൂർവം ചെയ്യുന്നില്ല എന്നാണ് മനസിലാക്കുന്നത്.

മാറുന്ന കാലത്തിനനുസരിച്ച് എഴുത്തുകാരൻ/രി പോലുമറിയാതെ ഉൾച്ചേർന്നു വരുന്നതാണ് പലതും. അപ്പോൾ ബോധപൂർവമായ ഇടപെടൽ എഴുത്തിൽ ഉണ്ടാകുന്നില്ലേ എന്നാണെങ്കിൽ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലോ, കഥയുടെ

പത്മരാജൻ

പത്മരാജൻ

ശീർഷകത്തിലോ ഒക്കെ അങ്ങനെ സംഭവിച്ചേക്കാം. എന്നിരുന്നാലും കാലം ഏൽപിക്കുന്ന തൂലികയിലാണ് എഴുത്തുകാരുടെ ശക്തി.

സോഷ്യൽ മീഡിയയും സാങ്കേതികവിദ്യയുമെല്ലാം വളർന്ന ഈ കാലത്ത് പത്മരാജന്റെ ‘ലോല’ പോലെയുളള ഒരു കൃതി എഴുതാനാവില്ല... ‘വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല' എന്ന് കഥാപാത്രങ്ങളെക്കൊണ്ട് പറയിക്കാനുമാവില്ല. എത്ര മറഞ്ഞിരുന്നാലും പിടിക്കപ്പെടാവുന്ന/കാണാവുന്ന ദൂരമേ നാടുകൾ തമ്മിലുള്ളൂ.

അതിനാൽ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ മനുഷ്യരിൽ സംഭവിക്കുന്നതുപോലെ എഴുത്തിലും സംഭവിക്കും. അതു തിരിച്ചറിഞ്ഞാൽ  ചോദ്യകർത്താക്കൾക്കു തന്നെ 'എന്തിന് ഇങ്ങനെയൊക്കെ എഴുതുന്നു?' എന്നതിന് സ്വയം  ഉത്തരം ലഭിക്കും.

 

ദേശാഭിമാനി വാരികയിൽ നിന്ന്


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top