26 December Thursday

69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2023

ന്യൂഡൽഹി> ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചു. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ ‘ഹോം’ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ഇന്ദ്രൻസ് പ്രത്യേക ജൂറി പുരസ്കാരം സ്വീകരിച്ചു. മികച്ച സിനിമക്കുള്ള പുരസ്കാരം ഹോം സിനിമയുടെ നിർമാതാവ് വിജയ് ബാബു ഏറ്റുവാങ്ങി. നായാട്ടിന് തിരക്കഥയൊരുക്കിയ ഷാഹി കബീർ മികച്ച തിരക്കഥാകൃത്തിനും മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ‘മേപ്പടിയാൻ’ സംവിധായകൻ വിഷ്ണു മോഹനും സ്വീകരിച്ചു. എട്ട് വിഭാഗങ്ങളിലാണ് മലയാള സിനിമ ദേശീയ പുരസ്‌കാരങ്ങൾ നേടിയത്.

മികച്ച നടനുളള പുരസ്കാരം അല്ലു അർജുനും നടിക്കുള്ള പുരസ്കാരം ആലിയ ഭട്ടും കൃതി സനോണും സ്വീകരിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 'റോക്കട്രി- ദ നമ്പി ഇഫക്ടി'നുവേണ്ടി നിർമാതാവ് വർഗീസ് മൂലനും മികച്ച സംവിധായകനുള്ള പുരസ്‌കാരം 'ഗോദാവരി' എന്ന മറാത്തി ചിത്രത്തിന്റെ സംവിധായകൻ നിഖിൽ മഹാജൻ ഏറ്റുവാങ്ങി. നടി വഹീദ റഹ്‌മാന് ദാദാ സാഹേബ് പുരസ്‌കാരം നൽകി ആദരിച്ചു.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തിന് രണ്ട് പുരസ്‌കാരങ്ങള്‍ ആണ് ലഭിച്ചത്. മികച്ച പരിസ്ഥിതി ചിത്രമായി മൂന്നാം വളവ് തെരഞ്ഞെടുക്കപ്പെട്ടു. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് മൂന്നാം വളവ് നിര്‍മ്മിച്ചത്. ജൂറിയുടെ മുക്തകണ്ഠമായ പ്രശംസ നേടിയാണ് മൂന്നാം വളവ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് ഗോകുലം ഗോപാലന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിനാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top