18 December Wednesday

‘മലയാള സിനിമ വീണ്ടും ഞെട്ടിക്കുന്നു’; ജോജു ജോർജ്ജിന്റെ ‘പണി’യെ പ്രശംസിച്ച്‌ അനുരാഗ് കശ്യപ്

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

കൊച്ചി > ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത 'പണി’യെ പ്രശംസിച്ച് ബോളിവുഡിലെ സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ‘മലയാള സിനിമ വീണ്ടും ഞെട്ടിക്കുന്നു, അത്ഭുതപ്പെടുത്തുന്നു' എന്നാണ് പണി കണ്ട ശേഷം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കൊറിയൻ നവ തരംഗ സിനിമകൾക്കൊപ്പം നിൽക്കുന്ന ചിത്രം എന്നും അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്‌.

‘മലയാള സിനിമ വീണ്ടും ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും മനസ്സിനെ കീഴ്‍പ്പെടുത്തുകയും ചെയ്യുകയാണ്. ജോജു ജോര്‍ജ്ജിന്റെ പവർഫുൾ ത്രില്ലർ ഡ്രാമയായ ‘പണി’ കണ്ടു. സംവിധായകനായുള്ള അരങ്ങേറ്റം ജോജു അങ്ങേയറ്റം ആത്മവിശ്വാസത്തോടെയാണ് ചെയ്തിരിക്കുന്നത്. ചില കൊറിയൻ നവതരംഗ ചിത്രങ്ങളുടെ തലത്തിൽ നിൽക്കുന്ന ചിത്രമാണിത്‌. ഒരിക്കലും 'പണി' മിസ് ചെയ്യരുത്, ഒക്ടോബർ 24നാണ് തിയേറ്റർ റിലീസ്’- അനുരാഗ് കശ്യപ്‌ ഇൻസ്റ്റഗ്രാമിൽ എഴുതി.

ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയിലെത്തിയ ശേഷം സഹനടനില്‍ നിന്നും നായക നിരയിലേക്കുയർന്ന് മലയാളികളുടെയും അന്യഭാഷാ പ്രേക്ഷകരുടെയുമെല്ലാം പ്രിയപ്പെട്ട നടനായി മാറിയ ജോജു ജോർജ്‌ ആദ്യമായി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന 'പണി'യുടെ ട്രെയിലർ ഇതിനോടകം ചർച്ചയായിട്ടുണ്ട്‌. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

ജോജു ജോർജ്‌ തന്നെയാണ്‌ സിനിമയിലെ പ്രധാന കഥാപാത്രത്തേയും അവതരിപ്പിക്കുന്നത്‌. അഭിനയയാണ് സിനിമയിലെ നായികയുടെ വേഷം കൈകാര്യം ചെയ്യുന്നത്‌. പത്ത്‌ വർഷങ്ങൾക്ക്‌ ശേഷമാണ്‌ അഭിനയ വീണ്ടും മലയാള സിനിമയുടെ ഭാഗമാവുന്നത്‌. സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയവരാണ്‌ സിനിമയിലെ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

110 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടിങ്ങായിരുന്നു ‘പണി’ വൻ മുതൽ മുടക്കിലാണ്‌ നിർമിച്ചിരിക്കുന്നത്‌. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സിനിമയുടെ സംഗീതം. ക്യാമറ: വേണു ഐഎസ്‌സി, ജിന്‍റോ ജോർജ്. എഡിറ്റർ: മനു ആന്റണി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top