ജാതിബോധം പൊട്ടിയൊലിക്കുന്ന പ്രേക്ഷകരെ പുഴു എന്ന ചിത്രം അസ്വസ്ഥമാക്കിയിട്ടുണ്ടെങ്കിൽ അതിലൊരു പങ്ക് കുട്ടപ്പൻ എന്ന നാടകപ്രവർത്തകനെ അവതരിപ്പിച്ച ശശിക്കുമുണ്ട്. അപ്പുണ്ണി ശശി എന്നറിയപ്പെടുന്ന ശശി കോഴിക്കോടൻ അരങ്ങിൽനിന്നാണ് സിനിമയിൽ എത്തിയത്.
പുഴു എന്ന സിനിമയുടെ കലാപരവും സാങ്കേതികവുമായ മേന്മകളെയും കുറവുകളെയുംകുറിച്ച് ചർച്ച തുടരുകയാണ്. അതിലെല്ലാം ഉപരിയാണ് ഈ സിനിമ സാമാന്യ മലയാളി ആസ്വാദകരിൽ ഉണ്ടാക്കിയ സംഘർഷം. പലരെയും അസ്വസ്ഥമാക്കിയ പുഴു അതിലേറെ മനുഷ്യരെ പ്രകോപിതരുമാക്കി.
‘‘അതൊക്കെ തന്നെയല്ലേ സിനിമയുടെ ധർമവും. അല്ലാതെ വെള്ളിത്തിരയിൽ വിടർന്ന് അവിടെത്തന്നെ ഒടുങ്ങലല്ലല്ലോ’’–- -അപ്പുണ്ണി ശശിയുടെ ഈ വാക്കിലുണ്ട് പുഴു എന്ന സിനിമയുടെ ഉൾക്കാമ്പ്. മലയാളി കളിൽ ഇന്നും പൊട്ടിയൊലിക്കുന്ന ജാതിവെറി ശക്തമായി അവതരിപ്പിച്ച പുഴുവിൽ ശശിയുടെ ബി ആർ കുട്ടപ്പനും അതുയർത്തുന്ന രാഷ്‌ട്രീയ ചിന്തകളും വിപുലമായ ചർച്ചകൾക്ക് വഴിവയ്‌ക്കേണ്ടിയിരിക്കുന്നു. (പ്രതി)നായകനായ മമ്മൂട്ടിയുടെ കുട്ടനൊപ്പമോ അതുക്കുംമേലെയോ കുട്ടപ്പൻ ഇടംപിടിച്ചെന്നും സമൂഹമാധ്യമങ്ങളിൽ വിലയിരുത്തലുണ്ട്.
മമ്മൂട്ടിയുടെ കുട്ടനിൽനിന്ന് ശശിയുടെ കുട്ടപ്പനിലേക്ക് അക്ഷരങ്ങളിൽ മാത്രമല്ല, അകലവും ദൂരവുമെന്ന് വ്യക്തമാക്കുന്നുണ്ട് റത്തീനയെന്ന യുവസംവിധായികയുടെ ഈ സിനിമ.
കോഴിക്കോട് എരഞ്ഞിക്കലിലെ ശശിക്ക് പേരിനൊപ്പം അപ്പുണ്ണി എന്ന ഇരട്ടപ്പേര് സമ്മാനിച്ചത് നാടകമായിരുന്നു. നാടകത്തിൽനിന്നു പതിറ്റാണ്ടിനിപ്പുറം സിനിമ പുതിയൊരു പേര് ചാർത്തിക്കൊടുക്കുന്നുണ്ട് ശശിക്ക്; കുട്ടപ്പൻ ശശി. അഭിനയമികവിനു കിട്ടുന്ന അംഗീകാരം. കുട്ടപ്പനെന്ന കഥാപാത്രവും പേരും വിടാതെ പിന്തുടരുമ്പോൾ താൻ എവിടെയൊക്കെയോ അംഗീകരിക്കപ്പെടുന്നുവെന്ന സന്തോഷത്തിലാണ് ശശി. കോഴിക്കോടൻ അരങ്ങിൽനിന്ന് സിനിമയിൽ ആവിഷ്‌കാര ചാരുത ചൊരിഞ്ഞ ബാലൻ കെ നായർ, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, മാമുക്കോയ തുടങ്ങിയ കലാകാരന്മാരുടെ നിരയിലേക്ക് വീണ്ടുമൊരു നാടകക്കരുത്ത് വിളംബരം ചെയ്‌തിരിക്കയാണ് അപ്പുണ്ണി ശശി.
ബി ആർ കുട്ടപ്പനും പുഴുവും
പുഴുവിലേക്ക് അപ്പുണ്ണി ശശി എത്തിയതിനു പിന്നിൽ പതിറ്റാണ്ട് പഴക്കമുള്ള നാടകീയതയുണ്ട്. ജയപ്രകാശ് കുളൂരിന്റെ നാടകം ‘തെരഞ്ഞെടുപ്പി’ൽ അഭിനയിക്കുന്ന കാലം. കോഴിക്കോട്ടും പുറത്തുമെല്ലാം തെരഞ്ഞെടുപ്പ് കാണികളെ ആകർഷിച്ചു മുന്നേറി. ടൗൺഹാളിൽ നാടകംകണ്ട ഹർഷദ് മൂഴിക്കൽ നടനെ കെട്ടിപ്പിടിച്ച് പറഞ്ഞു. എന്നെങ്കിലും നാടകം കളിച്ച് ജീവിച്ചൊരാളുടെ കഥ സിനിമയാക്കുമ്പോൾ നിങ്ങളെ വിളിക്കും’’. അത് വെറുംവാക്കല്ലെന്ന് ശശിക്ക് മനസ്സിലായത് കോവിഡ്‌കാലത്ത് സിനിമയിലേക്കുള്ള വിളി വന്നപ്പോഴായിരുന്നു. ഹർഷദിന്റെ പേനയിൽ പിറന്ന നാടകക്കാരനായ കുട്ടപ്പനും അയാൾ നേരിടുന്ന ജാതി വിവേചനങ്ങളും പറയുന്ന സിനിമയിൽ ശരിക്കും ഇരട്ടക്കഥാപാത്രമാണ് ശശി.
ബി ആർ കുട്ടപ്പനെന്ന വേഷത്തിനൊപ്പം അരങ്ങിലെ കഥാപാത്രങ്ങളായും നിറഞ്ഞാടുന്നു. ഒരേസമയം സിനിമയിലും നാടകത്തിലും അഭിനയിക്കുകയെന്ന വെല്ലുവിളി. എന്നാൽ, അത് ഗംഭീരമാക്കിയെന്ന് എല്ലാതലത്തിൽനിന്നുമുള്ള പ്രതികരണം തെളിയിക്കുന്നു. നാടകക്കാരൻ ശിവദാസ് പൊയിൽക്കാവായിരുന്നു പുഴുവിലെ സിനിമയ്‌ക്കുള്ളിലെ നാടകസൃഷ്ടി ഒരുക്കിയത്. നാടകീയതയിലേക്ക് വീഴാതെ നിസ്സംഗമായും നിഷ്‌കളങ്കമായും ഭാവങ്ങൾ അവതരിപ്പിച്ചു ഇതിൽ ശശി. പരീക്ഷണങ്ങൾക്കും പകർന്നാട്ടങ്ങൾക്കും പാകമായൊരു നടൻ ഇവിടെയുണ്ടെന്നുകൂടി ഉപനായകവേഷത്തിലൂടെ തെളിയിച്ചു.
പാലേരി മാണിക്യത്തിൽ തുടക്കം
സംവിധായകൻ രഞ്ജിത്തിന് കടപ്പെട്ടതാണ് അപ്പുണ്ണി ശശിയുടെ സിനിമാജീവിതം. പാലേരി മാണിക്യത്തിൽ മാണിക്കത്തിന്റെ സഹോദരൻ ആണ്ടിയായുള്ള തുടക്കം ശ്രദ്ധിക്കപ്പെട്ടു. ടി എ റസാഖ്–-സബി മലയിൽ കൂട്ട് അവതരിപ്പിച്ച ആയിരത്തിൽ ഒരുവനാണ് ആദ്യപടം ഇന്ത്യൻ റുപ്പിയിലെ ഗണേശനിലൂടെ സ്ഥാനം ഉറപ്പിച്ചു. ഷട്ടർ അടക്കം എൺപത്തിരണ്ടോളം സിനിമയിൽ അഭിനയിച്ചു.
കുളൂർ സ്‌കൂളിന്റെ സൃഷ്‌ടി
നാടായ എരഞ്ഞിക്കലിലെ എബക്‌സ് നാടകക്കൂട്ടായ്‌മയാണ് ശശിയെന്ന നടനെ കണ്ടെത്തിയത്. നേര് പൂക്കുന്ന കാലവുമായി അരങ്ങിലെത്തി. ജയപ്രകാശ് കുളൂരും എ ശാന്തകുമാറുമാണ് ഈ രംഗത്ത് ഉറപ്പിച്ച് നിർത്തിയത്. കുളൂരിന്റെ നാടകങ്ങൾ ശശിയെന്ന നടനെ തേച്ചുമിനുക്കിയെടുത്തു. ‘അപ്പുണ്ണികളുടെ റേഡിയോ’, ‘അപ്പുണ്ണികളുടെ നാളെ’ എന്നീ നാടകങ്ങളാണ് അരങ്ങിൽ തളച്ചിട്ടത്. കുളൂരിന്റെ ഈ നാടകങ്ങളുമായി ശശിയും ഹരീഷും ദേശ–-വിദേശങ്ങളിൽ നിറഞ്ഞാടി.
തെരഞ്ഞെടുപ്പിൽ രണ്ട് പാത്രങ്ങളായി അഭിനയച്ചു. ശിവദാസ് പൊയിൽക്കാവുമായി ചേർന്ന് അരങ്ങിലെത്തിച്ച ഏകാംഗ നാടകം ചക്കരപ്പന്തൽ ശശിയുടെ അഭിനയത്തികവിന്റെ പ്രകാശനമായിരുന്നു. ഒറ്റക്കണ്ണനായ ആങ്ങള, വെട്ടുകാരൻ കരുണൻ, 90 വയസ്സുള്ള മാളുഅമ്മ, ചക്കര എന്ന യുവതി എന്നീ വേഷത്തിൽ ഒറ്റയാൾ പ്രകടനം. രഞ്ജിത്തിന്റെ ഞാൻ എന്ന സിനിമയിലെ പ്രകടനത്തിന് കേരള സാമൂഹ്യക്ഷേമ വകുപ്പിന്റെ യൂത്ത് ഐക്കൺ അവാർഡും ശാന്താദേവി പുരസ്‌കാരവും ലഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..