24 November Sunday

ആടിത്തിമിർത്ത് ആട്ടം

വെബ് ഡെസ്‌ക്‌Updated: Friday Aug 16, 2024

തിരുവനന്തപുരം> ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കുമ്പോൾ മലയാളികൾക്ക് അഭിമാനമാവുകയാണ് ആട്ടം. ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം. മികച്ച ചിത്രം, മികച്ച എഡിറ്റിംഗ്, മികച്ച തിരക്കഥ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡ‍് നേടിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറക്കാർക്കുപോലും അപ്രതീക്ഷിതമായിരുന്നു ഈ പുരസ്കാരനേട്ടം.

ഒരു നാടകസംഘത്തിനുള്ളിൽ അരങ്ങേറുന്ന മറ്റൊരു നാടകമാണ് ആട്ടം. നാടകത്തിന്റെ വിജയത്തിൽ ആഘോഷിക്കാൻ ഒത്തുകൂടുമ്പോൾ സംഘത്തിലെ അം​ഗമായ പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ദുരനുഭവവും ആ പ്രശ്നത്തെ പരിഹരിക്കുമ്പോൾ ഉണ്ടാവുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നാടകസംഘത്തിലെ ഓരോ വ്യക്തികളും, സ്ത്രീകളോടും സ്ത്രീ പ്രശ്നങ്ങളോടുമുള്ള സമൂഹത്തിന്റെ വ്യത്യസ്ത നിലപാടുകളെ പ്രതിനിധീകരിക്കുന്നവരാണ്. ഒരു ചെറിയ സ്പെയ്സിനുള്ളിൽ കഥാപാത്രങ്ങളെ അണിനിരത്തി ചലനാത്മകമായി അവതരിപ്പിക്കുന്ന ചിത്രം ത്രില്ലർ സ്വഭാവത്തിലേക്കും വഴിമാറുന്നുണ്ട്.

തിരക്കഥയെ പൂർണമായും ആശ്രയിച്ചിരിക്കുന്ന സിനിമ സംഭാഷണങ്ങളിലൂടെ മാത്രമല്ല, വ്യക്തികളുടെ മനോഭാവങ്ങളിലൂടെയുള്ള സഞ്ചാരവും സാധ്യമാക്കുന്നു. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്ക് കുറ്റം ചെയ്യുന്ന വ്യക്തി മാത്രമല്ല, സമൂഹവും ഉത്തരവാദികളാവുന്നത് എങ്ങനെയാണെന്ന് ചിത്രം വിശ​ദീകരിക്കുന്നു.

സ്ത്രീ കേന്ദ്രീകൃതമായ നിരവധി സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും നാടകപശ്ചാത്തലവും, വ്യക്തികളുടെ ചിന്തകളിലൂടെ സഞ്ചരിക്കുന്ന ആവിഷ്കാരമികവും വ്യത്യസ്തത പുലർത്തി. നിലപാടിൽ വെള്ളം ചേർക്കാത്ത പൂർണ്ണമായ സ്ത്രീപക്ഷസിനിമയെന്ന് ആട്ടത്തെ അടയാളപ്പെടുത്താം. വിനയ് ഫോർട്ടും കലാഭവൻ ഷാജോണും ഒഴികെ പൂർണമായും പുതുമുഖങ്ങളെ അണിനിരത്തി ചിത്രീകരിച്ച സിനിമ അഭിനയമികവുകൊണ്ട് ശ്രദ്ധേയമായി.  

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും ഇന്ത്യൻ ചലച്ചിത്രോത്സവത്തിലും മികച്ച പ്രതികരണം നേടിയ ചിത്രം ഓടിടിയിൽ എത്തിയതോടെ അന്താരാഷ്ട്രശ്രദ്ധ ആകർഷിച്ചു.  ചിത്രത്തിന്‍റെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷി തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. മഹേഷ് ഭൂവാനന്ദൻ ആണ് എഡിറ്റർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top